‘ദ കോയ’:
നോവൽ ഭാഗം

ഗഫൂർ അറയ്​ക്കൽ എഴുതിയ പുതിയ നോവലിൽനിന്ന്​ ഒരു ഭാഗം

ഒന്ന്​

… ഇതേസമയം ഇലകള്‍ കൊഴിയുന്ന വസന്തമായ മഞ്ഞുകാലത്ത് ഓഡറ്റ് തെന്റ കാര്‍ ലിസ്ബണ്‍ യൂണിവേഴ്‌സിറ്റിയുടെ തലതൊട്ടപ്പനായ റെക്ടറുടെ പൗരാണികമായ ഓഫീസിലേക്ക് തിരിച്ചു. അസ്ഥികൂടം പോലെ നഗ്‌നമായി നില്‍ക്കുന്ന ഒരു ഒലീവിന്റെ ചുവട്ടില്‍ പാര്‍ക്ക് ചെയ്തശേഷം ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ്ഡിന്റെയും സഹപ്രവര്‍ത്തകനായ മിഗ്വേലിന്റെയും കാറുകള്‍ നോക്കി പുഞ്ചിരിച്ചു. അവര്‍ അവളെ ഭയന്നിട്ടാവണം സമയനിഷ്ഠ കണിശമായി പാലിച്ചിട്ടുണ്ട്. മഞ്ഞില്‍ കുളിച്ച പുല്‍മൈതാനം കണ്ടപ്പോള്‍ ഒരേപോലെ പെയ്യുന്ന മഞ്ഞിലും ഒരു ലഹരി പതയുന്നുണ്ടെന്നു തോന്നി. അവര്‍ മൂവരും ഒരുമിച്ച് ശരീരത്തിനും മനസ്സിനും ഉന്മേഷം വിതറുന്ന വൈദ്യുതനെരിപ്പോട് ജ്വലിച്ചുനില്‍ക്കുന്ന ഓഫീസിലേക്ക് ഗുഡ് ഈവനിങ് പറഞ്ഞു തള്ളിക്കയറി. അന്ന് തിരക്ക് കൂടുതലായതിനാല്‍ റെക്ടര്‍ അഞ്ചുമണിയാണ് കൂടിക്കാഴ്ചയ്ക്കു നല്‍കിയിരുന്ന സമയം.

ഓഡറ്റ് തണുപ്പിനെ ചെറുക്കുവാന്‍ വേണ്ടി ധരിച്ചിരുന്ന കമ്പിളിയുടെ കൈയുറകള്‍ ഊരിമാറ്റി. എന്നിട്ട് തന്റെ നഗ്‌നമായ കറുത്ത കൈകള്‍കൊണ്ട് ഫയല്‍ സമര്‍പ്പിച്ചുകൊണ്ട് ആത്മവിശ്വാസത്തോടെ ഒരു തുടക്കമിട്ടു: 'ഒരു ഇന്റര്‍നാഷണല്‍ സെമിനാറാണ് നമ്മള്‍ ഉദ്ദേശിക്കുന്നത്. അതിന്റെ വിശദാംശങ്ങള്‍ ഇതിലുണ്ട്.'

ഓഡറ്റ് ഹെഡ്ഡിനെ ആരും കാണാതെ ഒന്നു തോണ്ടി. പേര്‍ഷ്യന്‍ പരവതാനിയിലേക്ക് തല താഴ്ത്തിയിരുന്ന അയാള്‍ സെമിനാറിന്റെ ഹ്രസ്വവും വിശാലവുമായ ലക്ഷ്യങ്ങളെക്കുറിച്ചു ബോധിപ്പിക്കാന്‍വേണ്ടി വായ തുറന്നു. പക്ഷേ, അതിനു മുമ്പ് ധാരാളം ഫയലുകള്‍ കണ്ടുകണ്ടു തഴമ്പിച്ച കണ്ണുകള്‍ റെക്ടര്‍ കഷ്ടപ്പെട്ടു തുറന്ന്, പുരോഹിതന്റെ ശാന്തതയോടെയാണെങ്കിലും ഒരു പട്ടാളമേധാവിയുടെ കാര്‍ക്കശ്യത്തോടെ പറഞ്ഞു: 'ശരി, ഞാനിത് പഠിക്കട്ടെ. സംഗതി ഇന്ററസ്റ്റിങ് ആണ്. പക്ഷേ, ഫണ്ട് ഒരു വലിയ പ്രശ്‌നമാണ്.'

ചെസ്റ്റര്‍ഫീല്‍ഡ് ചെയറില്‍ ചാരിക്കിടന്നുള്ള ആ ഉദാസീനമായ മറുപടി കേട്ട് ഓഡറ്റിന്റെ ഇരുണ്ട മുഖത്ത് സൂര്യന്‍ ഒളിവില്‍പോയപോലുള്ള കാളിമ പടര്‍ന്നു. പുറത്തിറങ്ങിയപ്പോള്‍ മിഗ്വേല്‍, ഒരു നിരൂപകനും വ്യാഖ്യാനിക്കാനാവാത്ത ചിത്രംപോലെ നനഞ്ഞുകുതിര്‍ന്ന തെന്റ കാറിന്റെ ബോണറ്റു നോക്കി വെറുപ്പോടെ പറഞ്ഞു: 'ഇത്തവണ മഞ്ഞു കൂടുതലാണെന്നു തോന്നുന്നു.'

ഓഡറ്റ് എല്ലാ ഫ്രസ്​ട്രേഷനും അയാളോടു തീര്‍ത്തു: 'മഞ്ഞിനെ ശപിക്കുന്നവര്‍ വസന്തത്തെ കൊതിക്കരുത് എന്നാണ് കവിവചനം.'
മിഗ്വേല്‍ അമര്‍ഷം കടിച്ചമര്‍ത്തുമ്പോള്‍ ഹെഡ് ആ വചനമാസ്വദിച്ചുകൊണ്ട് തെന്റ കാറിലേക്കു നടന്നു.

2

തേസമയം അറബിക്കടല്‍ താണ്ടിവന്ന കടല്‍ക്കാറ്റ് എത്ര ശ്രമിച്ചിട്ടും കെട്ടിക്കിടക്കുന്ന കറുത്ത വെള്ളത്തില്‍ ഒരു മാറ്റവുമുണ്ടാക്കിയില്ല. മണലാര്‍ന്ന നീര്‍ച്ചാലുകളിലെ കണ്ടല്‍ച്ചെടികളില്‍നിന്നും നിശാശലഭങ്ങള്‍ ചിറകടിച്ചുയര്‍ന്നില്ല. അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന ദുര്‍ഗ്ഗന്ധം കോയാക്ക ആവോളം വലിച്ചുകയറ്റിയശേഷം പുഴയോരത്തെ ഒരു മരക്കഷണത്തിന്റെ അറ്റത്ത് കുന്തിച്ചിരുന്ന്, ഒരുകാലത്ത് മണവാട്ടിയായിരുന്ന കല്ലായിപ്പുഴയിലേക്ക് വെറുതേ നോക്കി, എന്നും കുറച്ചുനേരം മനുഷ്യജീവിതത്തെ തണുപ്പിച്ചൊഴുകുന്ന ജീവനുള്ള സംഗീതം കേട്ട്, തെന്റ സ്വന്തം ചരിത്രത്തെ ചികയുന്ന ശീലം പണ്ട് വാള്‍ രാകി മൂര്‍ച്ചകൂട്ടാന്‍ നടക്കുന്ന കാലത്തേ തുടങ്ങിയതാണ്.

മഝ്യത്തൊഴിലാളികളുടെ സ്രാങ്കായിരുന്ന കാലത്ത്, ബര്‍മ്മയില്‍നിന്നു വന്ന മൊഹ്‌സിന്‍ സായ്വാണ് കോയാക്കയെ ആ പണി പഠിപ്പിച്ചത്. കുറച്ചുകൂടി മാന്യതയുള്ള ജോലിയാണെന്ന് ഒരു പൊതുബോധമുള്ളതിനാല്‍ വേഗം പെണ്ണ് കിട്ടുമെന്നു കരുതിയാണ് കോയാക്ക കല്ലായിയിലെ മില്ലായ മില്ലുകളിലൊക്കെയുള്ള ഈര്‍ച്ചവാളും ചക്രവാളും രാകി മൂര്‍ച്ചകൂട്ടിക്കൊടുത്തത്. അക്കാലത്ത് ചിലര്‍ അയാളെ വാള്‍രാവണന്‍ എന്നു കളിയാക്കി വിളിക്കുകയും ചെയ്തിരുന്നു. പക്ഷേ, മില്ലുകള്‍ ഓരോന്നായി പൂട്ടിയപ്പോള്‍ ഇരുമ്പിന്റെ ചീങ്കണ്ണിപ്പല്ലുകള്‍ക്ക് തിളക്കംകൊടുത്ത അരങ്ങളെയൊക്കെ തുരുമ്പിക്കാന്‍ വിട്ട കോയാക്കയ്ക്ക് വീണ്ടും വിശാലമായ അറബിക്കടലിന്റെ വിരിമാറിലേക്ക് വലയും വീശി പോവേണ്ടിവന്നു.

പെട്ടെന്നാണ് കല്ലായിപ്പാലം കുലുങ്ങിയത്. ഒരു താളവുമില്ലാതെ യാത്ര തുടരുന്ന കണ്ണൂര്‍ എക്‌സ്പ്രസ്സിന്റെ ശബ്​ദം കേട്ട മുറിച്ചിട്ട പച്ചമരങ്ങളുടെ ഓര്‍മ്മകളില്‍ നിറയുന്ന പൂക്കാലങ്ങളില്‍നിന്നും വിവിധ മൃഗങ്ങളുടെ വിലാപമുയരാന്‍ തുടങ്ങി. കോയാക്കയ്ക്ക് പരിസരബോധമുണര്‍ന്നു. സമയം ഒമ്പതു കഴിഞ്ഞു. ഇനിയും അവിടെയിരുന്നാല്‍ സ്വവര്‍ഗ്ഗരതിക്കാരുടെയും മദ്യപാനികളുടെയും അതിജീവനശ്രമങ്ങള്‍ക്ക് സാക്ഷ്യംവഹിക്കേണ്ടിവരുമെന്നതിനാല്‍ വേഗംതന്നെ വട്ടാംപൊയിലിലെ റെയില്‍വേ ഗേറ്റിലൂടെ വീട്ടിലേക്കു മടങ്ങി.

കോണ്‍ക്രീറ്റിട്ട കട്ട്‌റോഡിലൂടെ നടന്ന് ബൈത്തുല്‍ നൂറിലേക്ക് കയറിയപ്പോള്‍ കോയാക്ക കണ്ടത് വീട്ടിലെ സ്ത്രീകളെല്ലാവരും ചേര്‍ന്ന് ഇരുണ്ട മുഖത്തോടെ കൂലങ്കഷമായ ചര്‍ച്ച നടത്തുന്നതാണ്. അനിയത്തി റംല കോയാക്കയുടെ ഭാര്യ റാബിയയെ നാറിപ്പുളിച്ച ഭാഷയില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

'ജ്വല്ലറി കുത്തിപ്പൊളിക്കാന്‍വേണ്ടി കള്ളനെ അയച്ചൂന്നാ കേസ്. ഇന്‍ക്കി വയ്യ. ഇങ്ങളെ കെട്ട്യയ്‌ന് ശേഷാ ഇെന്റ ഇക്കാക്ക ഇങ്ങനെത്തെ ഈരാക്കുടുക്കിലൊക്കെ ചെന്ന് ചാടാന്‍ തൊടങ്ങ്യത്.'

റാബിയയ്ക്ക് ദേഷ്യം വന്നു.

'ഇജ്ജ് കാര്യറ്യാതെ ചെലക്കരുത്. ഞാനയാളെ കെട്ടീട്ട് കൊല്ലം മുപ്പതായി. ഇപ്പളാ കക്കാന്‍ തോന്ന്യയ്ന്ന് വെച്ചാ കണക്കായിപ്പോയി.'

പുതിയാപ്പയില്‍ സെവന്‍സ് കളിക്കാന്‍ പോയപ്പോള്‍ കോയാക്കയ്ക്ക് ബോക്‌സിനകത്ത്വച്ച് നല്ലൊരു ഫൗള്‍ കിട്ടി. കാലിലെ പേശികള്‍ പരസ്പരം പിണഞ്ഞതിനാല്‍ എതിര്‍ടീമിലെ ക്യാപ്​റ്റന്റെ വീട്ടില്‍ കുറച്ചുനേരം വിശ്രമിക്കേണ്ടിവന്നു. മരമില്ലിലാണ് ജോലി എന്നറിഞ്ഞപ്പോള്‍ ചൂടാക്കിയ മുട്ടിക്കുളങ്ങര തൈലം കൊണ്ടുവെച്ച റാബിയ സുറുമയിട്ട കണ്ണുകളില്‍നിന്നും ഒരു ചാട്ടുളിയെറിഞ്ഞു. പെണ്‍കുട്ടികള്‍ സാധാരണ അയാളുടെ വെള്ളക്കണ്ണുകള്‍ കണ്ടാല്‍ പേടിയോടെ മുഖം തിരിക്കാറാണ് പതിവ്. ലോകത്തില്‍നിന്നും ഒരു മധുരപ്പുഞ്ചിരി നേടിയെടുക്കാനുള്ള വെമ്പലോടെ ഒരിക്കല്‍ പെണ്ണുകാണാന്‍ പോയപ്പോള്‍ ഒരു തൊട്ടാവാടി തളര്‍ന്നുവീണിട്ടുമുണ്ട്. അതിനാല്‍ ആ സുറുമയിട്ട ചാട്ടുളി നെഞ്ചില്‍ തറച്ച അയാള്‍ പുതിയാപ്പഭാഗത്ത് ബെര്‍ക്കിലി സിഗററ്റും പുകച്ചുകൊണ്ട് സൈക്കിളെടുത്ത് ചുറ്റിക്കറങ്ങി. ഇടയ്ക്കിടെ വിറകും ഈര്‍ച്ചപ്പൊടിയും എത്തിച്ചുകൊടുത്തു. ഒരുപാട് എരിയും വെയില് കൊണ്ടതിന്റെ ഫലമായി ചെറിയ മുസാക്കാെന്റകത്ത് റാബിയ കോയാക്കെന്റ കെട്ട്യോളായി. പക്ഷേ, ഇപ്പോഴും വഴക്കുണ്ടാക്കുമ്പോഴൊക്കെ പൂയിസ് ലാനാണെന്ന കാര്യം മറച്ചുവെച്ചുവെന്നു പറഞ്ഞ് അവള്‍ ചീറും.

'എന്തായാലും ഇപ്പോ ഈ പൊരേല് കള്ളനും പോലീസും ആയി,' റംല വീണ്ടും മുറിവില്‍ മുളകു തേച്ചു.

റംലയുടെ ഭര്‍ത്താവ് അഷ്‌റഫ് പോലീസുകാരനാണ്. അതിന്റെ അധികാരം അവള്‍ എപ്പോഴും പ്രയോഗിക്കാന്‍ ശ്രമിക്കും. അത് റാബിയ അംഗീകരിച്ചു കൊടുക്കില്ല. അതാണ് അവര്‍ തമ്മിലുള്ള സൗഹൃദത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന പ്രബലമായ അന്തര്‍ധാര. ഒരിക്കല്‍ റംല പൈപ്പിന്റെ ചുവട്ടിലെ കുടങ്ങളുടെ ജനാധിപത്യപരമായ ക്രമം തെറ്റിച്ച് തന്റെ കുടം ഏറ്റവും മുമ്പില്‍ വെച്ച് അധികാരം പ്രകടിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ പള്ളിക്കണ്ടീലെ പെണ്ണുങ്ങള്‍ അവള്‍ക്കൊരു വിലയും കൊടുത്തില്ല. ഭര്‍ത്താവ് വിട്ടിട്ടു പോയശേഷം സ്വതന്ത്രജീവിതം നയിച്ച് അന്തസ്സായി കുടുംബം പുലര്‍ത്തുന്ന സല്‍മ അവളുടെ കുടമെടുത്ത് ഏറ്റവും പിറകില്‍ വെച്ച് ഭരണഘടന വിഭാവനം ചെയ്യുന്ന അവസരസമത്വം ഉറപ്പുവരുത്തി. എന്നിട്ടു കഴുത്തിലെ തട്ടംകൊണ്ട് തലയില്‍ ഒരു വട്ടക്കെട്ടു കെട്ടി ചിരവനാക്കെടുത്ത് പുറത്തിട്ടു.

'അന്റെ പോലീസ് മാപ്ലനെ സല്യൂട്ടടിക്കാന്‍ ഇന്നെ കിട്ടൂലാ. പിന്നല്ലേ അന്നേ... മോളേ ബെള്ളം വേണങ്കില്‍ പോയി മര്യാദിക്ക് ബരി നിക്ക്. ബെറുതെ ജഗളയ്ക്ക് നിക്കണ്ട.'

അതോടെ മറ്റു സത്രീകളുടെ മുമ്പില്‍ ഭര്‍ത്താവിന്റെ പോലീസ് തൊപ്പി ധരിക്കുന്ന പരിപാടി റംല മതിയാക്കി.

എന്നാല്‍ റാബിയയുടെ മുമ്പില്‍ ആ തൊപ്പി അണിഞ്ഞ് വടിമ്മലെ പാമ്പിനെപ്പോലെ പത്തിയുയര്‍ത്തി നില്‍ക്കുന്നതു കണ്ട അദ്ഭുതത്തോടെയാണ് കോയാക്ക ഉമ്മറത്തേക്കു കയറിയത്. കോയാക്കയെ കണ്ട ഉടനെ റാബിയ അലറി:

'ഇങ്ങള്‍ എവ്‌ടെ തെണ്ടിത്തിരിഞ്ഞ് നടക്കാണ് മന്ശ്യാ. പോലീസ്സാര്‍ വന്നിരുന്നു. ഇങ്ങള്‍ സ്വര്‍ണ്ണപ്പീട്യ കുത്തിത്തൊറക്കാന്‍ പോയോ?'

റംല ബാങ്ക് കേട്ടിട്ടെന്നപോലെ തട്ടം തലയിലേക്ക് വലിച്ചിട്ടെങ്കിലും മുഹറമാസം മറഞ്ഞുകണ്ടപോലെ വെറുപ്പു പ്രകടിപ്പിച്ചു.

'ഏതോ ജ്വല്ലറി കുത്തിത്തൊറക്കാന്‍ പോയ ബംഗ്ലാദേശ് കോളനീലെ കണ്ണനെ പോലീസ് പിടിച്ചു. ഇങ്ങള്‍ പറഞ്ഞിട്ടാ ഓന്‍ പോയത്ന്നാ പോലീസില്‍ പറഞ്ഞത്​.’

റംലയുടെ കുട്ടിയെയും ഒക്കത്തെടുത്ത് വന്ന ശബ്‌ന കോയാക്കയെ പിടിച്ചുകുലുക്കി.

'എളാപ്പാ, വേഗം ചെല്ലി. നാട്ടാര്‍ അറിഞ്ഞ് നാറ്‌ണെയ്‌ന മുമ്പ് പോയി കാര്യംന്താന്ന് മനസ്സിലാക്കി.'

കോയാക്കയുടെ അടിവയറ്റിലൊന്ന് കത്തിക്കാളി. വരാനിരിക്കുന്ന കാറ്റിനും കോളിനുമെതിരെ കടല്‍ഭിത്തിപോലെ ഉറച്ചുനിന്ന് പ്രതിരോധിക്കാനുള്ള കരുത്തു കിട്ടാന്‍വേണ്ടി അല്ലാഹുവിലേക്കു തിരിഞ്ഞു. അയാളുടെ വീടിനു മുമ്പില്‍ കട്ടറോഡാണ്. തെക്കുഭാഗത്ത് മയ്യത്തുകള്‍ കണ്ടുകണ്ട് മൂകമായിപ്പോയ കണ്ണംപറമ്പ് ഖബര്‍സ്ഥാന്‍. മോഹന്‍ജൊദാരോ മരിച്ചവരുടെ കുന്നാണെങ്കില്‍ കണ്ണംപറമ്പ് മരിച്ചവരുടെ തീരമാണ് എന്നാണ് കോയാക്ക പറയാറ്. അതിനാല്‍നിഗൂഢമായ കാറ്റിലൂടെ, വേലിയേറ്റങ്ങളില്‍ അഹങ്കാരത്തോടെ തുമ്പിക്കൈയുയര്‍ത്തുകയും വേലിയിറക്കങ്ങളില്‍ ഖേദിച്ചു മടങ്ങുകയും ചെയ്യുന്ന സാഗരസംഗീതം കേള്‍ക്കാം. വടക്ക് ഫെഡറല്‍ ബാങ്കിലെ ക്ലാര്‍ക്കും അയാളുടെ ടീച്ചറായ ഭാര്യയുമാണ്. അവരൊരിക്കലും മാന്യത കൈവെടിഞ്ഞ് രണ്ടാംനിലയില്‍ ഒളിച്ചിരുന്ന് ഒരു പുയിസ് ലാന്റെ ജീവിതത്തിലേക്ക് ജനല്‍ തുറക്കാറില്ല. പക്ഷേ പോലീസ് പിടിച്ച് ലോക്കപ്പിലിട്ടാല്‍ ആ പുക്കാറ് കാസര്‍ട്ട് ചിന്തിയപോലെ പള്ളിക്കണ്ടി മുഴുവന്‍ പരക്കാന്‍ ഒരു കാറ്റും വേണ്ട എന്ന് എല്ലാവര്‍ക്കുമറിയാം.

അന്തവും കുന്തവുമില്ലാതെ തര്‍ക്കിച്ചിട്ട് ഒരു പ്രയോജനവുമില്ലെന്ന് ബോദ്ധ്യപ്പെട്ട കോയാക്ക വേഗംതന്നെ റോഡിലേക്കു കയറി. സ്വന്തം ദുര്‍വിധിയെ നിരന്തരം പിന്തുടരാന്‍ വിധിക്കപ്പെട്ട ഒരു പരാജിതനെപ്പോലെ ഓട്ടോ വിളിച്ച് സ്റ്റേഷനിലേക്ക് വെച്ചുപിടിച്ചു.

ഒരു പൗരന്റെ ജീവിതത്തിലേക്ക് നേരിട്ട്​ അധികാരം ചെലുത്തുന്ന സ്ഥാപനമാണ് പോലീസ് എന്നതിനാല്‍ കോയാക്കയുടെ ചങ്കിടിപ്പു കൂടി. തെളിയാത്ത ഏത് കേസും തെന്റ തലയിലേക്കു കയറ്റിവെക്കാവുന്ന വിധത്തിലുള്ള ഒരു കുറ്റമറ്റ അന്വേഷണസംവിധാനം അതിനുണ്ടെന്ന്, മത്സ്യത്തൊഴിലാളികളോട് പോലീസ് കാണിക്കുന്ന മുന്‍വിധി നിറഞ്ഞ നടപടികളില്‍നിന്നും അയാള്‍ മനസ്സിലാക്കിയിരുന്നു. തിളച്ച എണ്ണയില്‍ കൈമുക്കുന്ന പരീക്ഷണം പോലെ പോലീസ് അപരാധിയാണ് എന്നു തെളിയിക്കാതിരിക്കുന്നതിലാണ് തന്റെ ഭാവി എന്നതിനാല്‍ അയാള്‍ തണുത്ത കാറ്റിലും കിനിഞ്ഞിറങ്ങിയ വിയര്‍പ്പുതുള്ളികള്‍ അമര്‍ത്തിത്തുടച്ചു:

എത്ര മനഃശാസ്ത്രപരമായി ചോദ്യം ചെയ്താലും കുറ്റം തെളിയില്ലെന്ന് പോലീസ് അക്കാഡമിയില്‍വെച്ച് അനൗദ്യോഗികമായി പഠിച്ച എസ്.ഐ. കണ്ണനെ പരമ്പരാഗതരീതിയില്‍ കുനിച്ചുനിര്‍ത്തി കത്രികപ്പൂട്ടിട്ട് ചോദ്യം ചെയ്യല്‍ തുടര്‍ന്നു. പക്ഷേ ഹോളോബ്രിക്‌സ് കമ്പനിയില്‍ സിമന്റും കട്ടയും ചുമന്ന് ദൃഢീകരിച്ച മസിലുകള്‍ വെള്ളംപോലെയാക്കിയിട്ടും അവന്‍ കുറ്റം സമ്മതിക്കുന്നില്ല. തന്റെ ഉള്ളിലുള്ള മധുരരഹസ്യം പുറത്തുവിടില്ലെന്ന് ദൃഢനിശ്ചയമെടുത്തിട്ടും വേദന കത്തിക്കയറിയപ്പോള്‍ അവന്‍ വീണ്ടും പറഞ്ഞുപോയി, 'കോയാക്ക പറഞ്ഞിട്ടാ.'

ഡിഗ്രിപഠനകാലത്ത് ഷെര്‍ലക് ഹോംസിന്റെ, ദ ഹൗണ്ട് ഓഫ് ദ ബാസ്കര്‍വില്‍സ് മനഃപാഠമാക്കേണ്ടി വന്നിട്ടുള്ള ഒരു പോലീസുകാരന്‍ വളരെ ബുദ്ധിപരമായി ഇടപെട്ടു.

'സാര്‍, അടുത്ത് ജ്വല്ലറിയുള്ളത് പാളയത്താണ്. അതിനാല്‍ ജ്വല്ലറി കൊള്ളയടിക്കാനാണ് തുരങ്കം നിര്‍മ്മിച്ചത് എന്നു തോന്നുന്നില്ല. മാത്രമല്ല, അതിന്റെ ദിശ റോഡിനപ്പുറത്തെ ആശുപ്രതിയിലേക്കാണ്.'

എസ്.ഐ തന്റെ കൈകള്‍ പിന്നില്‍ കെട്ടി സി.ബി.ഐ. സേതുരാമയ്യരെപ്പോലെ തന്റെ ബ്രാഹ്മണിക് തലച്ചോറിനെ ഇളക്കിമറിക്കാന്‍ തുടങ്ങി. അവസാനം മറ്റൊരു സാധുതയുടെ മറ്റൊരു മാര്‍ഗ്ഗം വളവുതീര്‍ത്ത് വരുന്നതു കണ്ട് ഒരു പുഞ്ചിരിയോടെ പറഞ്ഞു:

'ശരിയാണ്. ഞാന്‍ അതുവഴി ചിന്തിച്ചില്ല. ഇവന്‍ ഒരു ദളിതനാണ്. കോയ ഒരു മുസ്ലീമും. ഹോസ്പിറ്റലിലേക്ക് ഒരു തുരങ്കമുണ്ടാക്കിയത് ബോംബ് വെക്കാനുമാവാം. ഒരു നീല കലര്‍ന്ന പച്ച ഭീകരത! ജയ് ഭീം അൽ ​ഖെയ്​ദ! കോയയെ ചോദ്യം ചെയ്ത ശേഷം ബാക്കി തീരുമാനിക്കാം. ചിലപ്പോ യു.എ.പി.എ. വേണ്ടിവരും. കേസ് നമ്മുടെ പരിധിക്ക് പുറത്തേക്കു പോയി എന്‍.ഐ.എ. ഏറ്റെടുത്തേക്കും.'

സാമൂതിരിയുടെ നായര്‍പടയാളികള്‍ പണ്ട് ഗുരുതി തര്‍പ്പിച്ചിരുന്ന, മുതലക്കുളം പോലീസ് ക്ഷേത്രത്തിലെ യുദ്ധദേവതയായ ശകതിസ്വരൂപിണിക്ക് എല്ലാ മാസവും കടുംപായസം വഴിപാട് നേരാറുള്ള അയാള്‍ മീശ പിരിച്ച് കണ്ണന്റെ മുതുകത്ത് ഒന്നുകൂടി കുത്തി.

അപ്പോഴാണ് ലാത്തി കൈയില്‍ പിടിച്ചില്ലെങ്കില്‍ അധ്യാപകനാണെന്ന് തെറ്റിദ്ധരിക്കാന്‍ സാധ്യതയുള്ള കുലീനനായ ഒരു പോലീസുകാരന്‍ മുഹമ്മദ് കോയ വന്നിട്ടുണ്ടെന്ന് വിവരമറിയിച്ചത്. എസ്.ഐ. വേഗംതന്നെ വിയര്‍പ്പു തുടച്ച്, ഷര്‍ട്ടിട്ട് തന്റെ മുറിയിലേക്കു നടന്നു.

ബ്രിട്ടീഷുകാരുടെ കാലംമുതലുള്ള ലോക്കപ്പ് മരണങ്ങളുടെ ഓര്‍മ്മകള്‍ പിടയുന്ന നഗരം പോലീസ് സ്റ്റേഷനിലെ ഏമാന്റെ മുമ്പില്‍ നിറഞ്ഞ ചിരിയോടെ ഹാജരായി കോയാക്ക പറഞ്ഞു: 'അസ്സലാമു അലൈക്കും'

മഫത്​ ലാലിന്റെ കരയില്ലാത്ത വെള്ളമുണ്ടും കോളറുള്ള വെള്ളജുബ്ബയും ചുവന്ന പുള്ളിയുള്ള ഒരു തലേക്കെട്ടും കെട്ടി ഒരു വെള്ളരിപ്രാവിനെപ്പോലെ അകത്തേക്ക് വന്ന കോയാക്കയെ കണ്ട് എസ്. ഐ. തകര്‍ന്നുപോയി. കോയാക്കയുടെ തിളങ്ങുന്ന പൂച്ചക്കണ്ണുകളിലേക്ക് നോക്കി ചോദിച്ചു: 'ആരാ?'
'ഞമ്മള്‍ കോയ. ഇന്നെ കാണണംന്ന് പറഞ്ഞ് പോലീസ്? വന്നൂന്ന് പെണ്ണുങ്ങള് പറഞ്ഞു. ന്താ കാര്യം സാറേ?'
സങ്കല്‍പ്പഭീകരന്റെ ഒരു അല്‍ഖൈയ്​ദാഭാവവും കാണാത്തതിനാല്‍ എസ്. ഐ. അമ്പരന്നു. ഹൃദയം കീറിമുറിക്കാനും അസ്ഥികളിലെ മജ്ജ തൂക്കിനോക്കാനും തയ്യാറെടുത്തിരുന്ന അയാള്‍ നിരാശയോടെ കണ്ണനെ വിളിപ്പിച്ചു.

'ഇവനെയറിയുമോ?'
കോയാക്ക ചിരിച്ചുകൊണ്ട്
അവന്റെ പുറത്തൊന്നു തട്ടി, 'പിന്നെ! ഇത് ഞമ്മളെ കണ്ണനല്ലേ.'
കണ്ണന്‍ നിവര്‍ന്നുനില്‍ക്കാനാവാതെ ദയനീയമായി പറഞ്ഞൊപ്പിച്ചു.
'സാറേ, ഈ കോയാക്കാണ് കോട്ടപ്പറമ്പ് ആശുപത്രീന്റെ അടീല്‍ നിധിണ്ടെന്ന് പറഞ്ഞത്.'
മരണസഞ്ചാരത്തോടെ പറഞ്ഞ ആ വാക്യത്തിന്റെ അര്‍ത്ഥം കഷ്ടപ്പെട്ട് ഗ്രഹിച്ചെടുത്ത എസ്.ഐ. പുച്ഛത്തോടെ ചിരിച്ചു.
'അപ്പോ, നീ തുരങ്കമുണ്ടാക്കിയത് നിധിയെടുക്കാന്‍വേണ്ടിയാ അല്ലേ. എന്നാ അത് ആദ്യേ പറയണ്ടേ?'
ചവിട്ടുന്ന കാലിനെ മാത്രമേ ജനങ്ങള്‍ വന്ദിക്കൂ എന്ന് ഉറച്ചുവിശ്വസിച്ചിരുന്ന എസ്.ഐ. കോയാക്കയുടെ നേരെ തിരിഞ്ഞു.
'നിങ്ങളിങ്ങനെ കളവുപറഞ്ഞ് ആളുകളെ പറ്റിക്കണോ? പാവത്തിനു നന്നായി കിട്ടി.'
കോയാക്ക ചിരിച്ചു.
'ഓ, അതാണോ കാര്യം. ഇവന്‍ തിരുവന്തോരത്തെ പത്മനാഭക്ഷേത്രത്തിലെ നെധിയെപ്പറ്റി ചോയിച്ചപ്പോ ഞാന്‍ പറഞ്ഞതാ, ഞമ്മളെ കോട്ടപ്പറമ്പ് ആശുപത്രീന്റെ അടീലും നെധിണ്ടാകുംന്ന്.'
പോലീസുകാരെല്ലാം അതു കേട്ട് ചിരിച്ചെങ്കിലും എസ്.ഐ. ഗൗരവത്തോടെ ചോദിച്ചു.
'എന്നിട്ട് ഞാനിതുവരെ അങ്ങനെയൊരു കാര്യം കേട്ടിട്ടില്ലല്ലോ?'
ചരിത്രം കേള്‍ക്കാന്‍ എസ്.ഐ. തയ്യാറാണെന്ന് കണ്ടപ്പോള്‍ കോയാക്ക തലേക്കെട്ട് അഴിച്ച് കസേരയിലെ പൊടി തട്ടി അതിലിരുന്നു.
'അയിനാണ് സാറേ, ചരിത്രം പടിക്കണംന്ന് പറയണത്. സാമൂരീന്റെ കൊട്ടാരം നിന്ന സ്ഥലത്താ കോട്ടപ്പറമ്പ് ആസ്പ്രതി. അടുക്കളഭാഗത്തെ കൊളാ മൊതലക്കൊളം. ആസ്പത്രീന്റെ അടീല്‍ നെധി കാണും. ഒറപ്പാ.'
എം.എ. ഹിസ്റ്ററിയും പിന്നെ ബി.എഡ്ഡുമെടുത്തിട്ടും ജീവിക്കാന്‍വേണ്ടി പോലീസില്‍ ചേരേണ്ടിവന്ന എസ്.ഐ. അദ്ഭുതത്തോടെ പ്രതികരിച്ചു: 'ഞാനും ചരിത്രം പഠിച്ചതാ. പക്ഷേ ഇത് ആദ്യമായിട്ടാ കേള്‍ക്കുന്നത്.'
'അയിന് ഏത് ചരിത്രപുസ്തകത്തിലാ സാറേ ഇന്ന സ്ഥലത്ത് കുയിച്ചാ നെധി കിട്ടുംന്ന് എയ്തിവെച്ചത്! അങ്ങനാണെങ്കി എം.ജി.എസും ആ വാര്യരുക്കെ ബഡാ പൈസക്കാരാകൂലേ. ഞാന്‍ പറഞ്ഞത് സത്യാ. പണ്ട് ഒരു അറബി അച്ചാറാണെന്നും പറഞ്ഞ് ഒരു സ്വര്‍ണ്ണബരണി സാമൂരിക്ക് കൊടുത്തേല്‍പ്പിച്ച കത സാറിനറീലേ?'

കഥയിലേക്ക് കാലിടറി വീണ എസ്.ഐ. താത്പര്യത്തോടെ തലകുലുക്കി.

'അള്ളാണേ, ആ ബരണീലെ സ്വർണം സാമൂരി തൊട്ടിട്ടില്ല. കാരണം ആരാെന്റ മൊതലേല്ല? സത്യത്തിന്റെ തൊറമുഖായതോണ്ട് അറബ്യത് നാട്ടില്ക്ക് കൊണ്ടോയ്ട്ടുല്ലാ. പിന്നത് എവ്‌ടെപ്പോയി?'

എസ്.ഐ. ആകെ ആശയക്കുഴപ്പത്തിലായി. ഒരു സീരിയല്‍ കില്ലറെ കണ്ടെത്താനുള്ള സൂചകങ്ങള്‍ അപഗ്രഥിക്കുംപോലെ കണ്ണും മൂക്കും വികസിച്ചു.

'ശരി, ഇനി കുഴിച്ചിട്ട് കിട്ടിയില്ലെങ്കിലോ?'

നിധി കാക്കുന്ന ഭൂതത്താനെപ്പോലെ കോയാക്ക ഒന്നു നോക്കി.

'അതോടെ അവ്‌ടെ നെധില്ലാന്ന് ഞമ്മക്ക് മനസ്സിലാകും. ചരിത്രത്തില്‍ തെളിവിന് വല്യ പ്രാധാന്യാ സാറേ. വെറുതെ തൊള്ളേ തോന്നിയത് പറഞ്ഞ് പറ്റിക്ക്ണ ഹമ്ക്ക്‌ളാ മിക്ക ചരിത്രകാരന്‍മാരും.'

കോളേജില്‍ പഠിച്ചിരുന്ന സമയത്ത് താജ്മഹല്‍ ശിവക്ഷേത്രമായ തേജോമഹലാണെന്ന് പറഞ്ഞ് ആരോ സുപ്രീംകോടതിയില്‍ കേസ് കൊടുത്ത കാര്യം പറഞ്ഞ് കുട്ടികള്‍ ചിരിച്ചപ്പോള്‍, ആദ്യം അവര്‍ ഒരു ഈഹം പറയും. പിന്നെ അതിനെ വ്യാജചരിത്രമാക്കും. അതു കേട്ട് ജനങ്ങള്‍ പരിഹസിക്കും. പിന്നെ അവിശ്വസിക്കും. പിന്നെ എതിര്‍ക്കും. പിന്നെ സംശയിക്കും. അവസാനം അംഗീകരിക്കും. പിന്നെ അതിനുവേണ്ടി അക്രമത്തിലേര്‍പ്പെടും എന്ന് വിശദീകരിച്ച തെന്റ െപ്രാഫസറെ ഓര്‍മ്മിച്ചുകൊണ്ട് എസ്.ഐ. കോയാക്കയെ തുറിച്ചുനോക്കി. അപ്പോഴാണ് എസ്.ഐ. ചത്ത് കട്ടിലൊഴിയാന്‍ കാത്തിരിക്കുന്ന എ.എസ്.ഐ., നഗരത്തിലെ എല്ലാ മുക്കിലും മൂലയിലുമുള്ള ക്രമസമാധാനം കഴിയാവുന്നത്ര ഭദ്രമാക്കി തിരിച്ചെത്തിയത്. അയാള്‍ കാര്യങ്ങളറിഞ്ഞപ്പോള്‍ എസ്.ഐയെ തന്റെ മുറിയിലേക്ക് വിളിപ്പിച്ചു.

'സാറേ, അതാണ് പറങ്കിക്കോയ. നടക്കാവ് സ്റ്റേഷനിലെ പി.സി. അഷ്‌റഫിന്റെ അളിയനാണ്. ചരിത്രം പറഞ്ഞ് കറങ്ങിനടക്കലാണ് കക്ഷിയുടെ പ്രധാന പരിപാടി. ലേശം വട്ടുണ്ടെന്നും സംസാരമുണ്ട്. വല്യങ്ങാടീലുള്ളോരെ മുഴുവന്‍ ചരിത്രം പറഞ്ഞ് വെറുപ്പിക്കും. ഒന്ന് വാണിങ് കൊടുത്ത് വിട്ടാ മതി.'

എസ്.ഐ. തന്റെ ഗാംഭീര്യം വീണ്ടെടുത്ത് ആക്ഷന്‍ ഹീറോയായി. കഷണ്ടികയറിയ നെറ്റിയിലെ നിസ്കകള്‍ ഒപ്പിയെടുത്ത് സ്റ്റേഷനുകള്‍ തോറും കയറിയിറങ്ങുന്ന വയര്‍ലെസ്​ സന്ദേശങ്ങള്‍ താത്പര്യത്തോടെ കേള്‍ക്കുന്ന കോയാക്കയെ ഒന്നു നോക്കി. പിന്നെ കുറ്റവാളികള്‍ക്കു മാത്രമായുള്ള വാര്‍ത്താവേളയില്‍ പ്രത്യക്ഷപ്പെടാന്‍വേണ്ടി മുഖത്ത് പൗഡറിട്ടിട്ടില്ലല്ലോ എന്നോര്‍ത്ത് ആശ്വസിച്ചു. അയാള്‍ വേദന വെന്തിറങ്ങി ഞരങ്ങുന്ന കണ്ണനെ തന്റെ അടുത്തേക്കു വിളിച്ച് അന്ത ഹന്തയ്ക്കിന്തപ്പട്ട് എന്നപോലെ ഒരു അഞ്ഞൂറിന്റെ നോട്ടു കൊടുത്തു.

'ഇന്നാ പോകുന്ന വഴിക്ക് വല്ലതും വാങ്ങിക്കഴിച്ചോ. പിന്നെ ഇയാളെപ്പോലുള്ള വിദ്യാഭ്യാസമില്ലാത്ത പൂച്ചക്കണ്ണന്‍മാരെ വാക്കും കേട്ട് വെറുതെ തടി കേടാക്കാന്‍ നിക്കണ്ട.'

പൗരന്മാരെ നേര്‍ക്കുനേരേ ഭരിക്കുന്ന സര്‍ക്കാര്‍ പ്രതിനിധിയില്‍നിന്നും വന്ന ആ പരസ്യമായ അപമാനം കേട്ടിട്ടും കോയാക്ക ഒന്നും മിണ്ടിയില്ല. ഇബ്രാഹിംനബിക്ക് വലിച്ചെറിയപ്പെട്ട അഗ്‌നികുണ്ഠം ശീതളാനുഭവമായതുപോലെ പോലീസ് പീഡനത്തില്‍നിന്നും രക്ഷപ്പെട്ടെങ്കിലും ഉള്ളില്‍ കത്തിക്കയറുന്ന ഹൃദയവേദനയോടെ അയാള്‍ പടികളിറങ്ങി. പെട്ടെന്നാണ് വൈദ്യുതി നിലച്ചത്. വെളിച്ചം അപ്രത്യക്ഷമായാല്‍ ഇരുട്ടു ഭരിക്കുമെന്ന സത്യം ബോദ്ധ്യപ്പെടുത്തിക്കൊണ്ട് നഗരം പേടിയോടെ കണ്ണുചിമ്മി. നിലാവൊഴുകുന്ന പുഴപോലെ വളഞ്ഞുപുളഞ്ഞ റോഡിലൂടെ ഏതോ പിടികിട്ടാപ്പുള്ളിയെ തേടി ചീറിപ്പാഞ്ഞുപോയ ജീപ്പിന്റെ സൈറണ്‍ കേട്ടപ്പോള്‍ കോയാക്കയെ അകാരണമായ മരണഭയം പിടികൂടി. എല്ലാ മനുഷ്യരും മരിക്കുകയും അന്ത്യനാളില്‍ ഇസ്?റാഫീലിന്റെ കാഹളം കേട്ട് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുമെന്നോര്‍ത്ത് ആകാശത്തിലെ അധിപനെ നോക്കി. ധീരനാവുക എന്നാല്‍ മരണത്തെ ആഗ്രഹിക്കുകയും ഭീരുവാകുക എന്നാല്‍ജീവിതത്തെ തേടുകയും ചെയ്യലാണ് എന്ന ബോധത്തോടെ അയാള്‍ അവശനായ കണ്ണന് ഒരു താങ്ങായി. ഭൂമിയുടെ സങ്കടങ്ങള്‍ മുഴുവന്‍ നെഞ്ചില്‍ കെട്ടിക്കിടന്നുണ്ടായ കടലിന്റെ മൂലയില്‍നിന്നും കാലം തെറ്റിവന്ന ഒരു തമോവിഹായസ്സ് അവരെ നിസ്സംഗതയോടെ പൊതിഞ്ഞു.

(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഗഫൂര്‍ അറയ്ക്കലിന്റെ 'ദ കോയ' എന്ന നോവലില്‍നിന്ന്)


ഗഫൂർ അറയ്ക്കൽ

കവി, എഴുത്തുകാരൻ. നിദ്ര നഷ്ടപ്പെട്ട സൂര്യൻ, അമീബ ഇരപിടിക്കുന്നതെങ്ങനെ എന്നിവ കവിതാ സമാഹാരങ്ങൾ. നക്ഷത്ര ജന്മം, ഹോർത്തൂസുകളുടെ ചോമി, മത്സ്യഗന്ധികളുടെ ദ്വീപ് എന്നിവ ബാലസാഹിത്യങ്ങൾ. ഒരു ഭൂതത്തിന്റെ ഭാവി ജീവിതം, അരപ്പിരി ലൂസായ കാറ്റാടിയന്ത്രം, രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി എന്നിവ നോവലുകൾ. ലുക്കാ ചുപ്പി എന്ന സിനിമയുടെ തിരക്കഥാകൃത്താണ്.

Comments