ചിത്രീകരണം: ഇ. മീര

ഓർമകളുടെ ജീവചരിത്രം

ഇരട്ടകൾ

സ്റ്റേറ്റ് കോൺഗ്രസ് നടത്തുന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ കാര്യക്ഷമമായ ഒരു പോലീസ് സംവിധാനം ആവശ്യമാണന്നുള്ള സർ സിപി യുടെ നിർദ്ദേശത്തോട് രാജാവിന് പൂർണ സമ്മതമായിരുന്നു. രഹസ്യപ്പോലീസ്, അഞ്ചുരൂപപ്പോലീസ് എന്ന് കളിയാക്കി വിളിക്കപ്പെട്ട സിംസൺ പോലീസ് എന്ന തസ്തികയിലേക്ക് എൻ എസ് എസിന്റെ നിർലോഭമായ സഹകരണമുണ്ടാവുമെന്ന അറിയിപ്പ് ഏറെ സന്തോഷത്തോടെയാണ് ദിവാൻ കൊട്ടാരത്തിൽ അറിയിച്ചത്. അങ്ങനെ രഹസ്യപ്പോലീസിലും അഞ്ച് രൂപപ്പോലീസിലും കയറിപ്പറ്റിയ ഒട്ടവനവധി നായന്മാരിൽ രണ്ട് നായന്മാരായിരുന്നു, മാധവൻ നായരും ശ്രീധരൻ നായരും.

മാധവൻ നായരും ശ്രീധരൻ നായരും ഇരട്ടകളായിരുന്നു.ഒരേ ഛായയായിരുന്നതിന്റെ സാദ്ധ്യതകൾ രണ്ടു പേരും ചെറുപ്പം മുതൽക്കേ യാതൊരു ലോഭവുമില്ലാതെ ഉപയോഗപ്പെടുത്തിയിരുന്നു. ഇരട്ടകൾ തിരുമ്മിയാൽ ഉളുക്കും ചെറിയ വേദനകളും മാറുമെന്നുള്ള വിശ്വാസം കൊണ്ട് ചന്ത്രത്തിലെ വീടിന് മുന്നിൽ കാലു മടങ്ങിയോ, കൈ ഉളുക്കിയോ ആരെങ്കിലുമൊക്കെ ഉണ്ടായിരിക്കും. കുട്ടിക്കാലത്ത് മാധവനും ശ്രീധരനും ഈ തടവൽ ഒട്ടും സുഖകരമായ ഒരു ജോലി ആയിരുന്നില്ല. കൗമാരക്കാലമായപ്പോൾ സ്ത്രീകൾ കൈയ്‌ക്കോ പിടലിക്കോ വേദനയുമായി വരുമ്പോൾ രണ്ടു പേരുടേയും ഉത്സാഹം കൂടും. തെക്കു പുറത്തുള്ള ചാവിടിയിലാണ് തിരുമ്മൽ.ശ്രീധരൻ തിരുമ്മുമ്പോൾ മാധവൻ വാതിൽക്കൽ കുത്തിയിരിക്കും. മാധവൻ തിരുമ്മുമ്പോൾ വാതിൽക്കൽ ശ്രീധരനും.

നാൾക്കുനാൾ ചെല്ലുംതോറും നാട്ടിലെ സ്ത്രീകളുടെ ശരീരത്തിന്റെ വേദനകൾ കൂടി വരാൻ തുടങ്ങിയതോടെ ശ്രീധരനും മാധവനും തമ്മിൽ വരുന്നവരിൽ ആരെ പങ്കിടണമെന്ന കാര്യത്തിൽ ഒരു ഉടമ്പടി ഉണ്ടായി. എന്നാൽ, രണ്ട് പേർക്കും ഒരുപോലെ താത്പര്യമുണ്ടായിരുന്നത്, വെല്യാശാന്റെ ഭാര്യ പാറുവമ്മയിലായിരുന്നു. പാറുവമ്മ വരുമ്പോൾത്തന്നെ പായയിൽ നിവർന്നങ്ങ് കിടക്കും. മാറത്ത് ഇട്ടിരിക്കുന്ന നോർത്ത് ഞാനെന്നാൽ കുറച്ച് വിശ്രമിക്കട്ടെ എന്ന മട്ടിൽ മുലകൾക്കു മേലെ നിന്നും കൊഴിഞ്ഞ് പോകും. എന്റെ നാരായണാന്ന് നാമം ജപിച്ചു കൊണ്ട് മുണ്ടൊന്ന് പാറുവമ്മ താഴ്ത്തും. അപ്പോൾ ചെറിയൊരു ഉരുളിയുടെ ഛായയിൽ പൊക്കിൾ ഉദിച്ചു വരും. മക്കളേ ഇനി തടവിക്കോളൂ എന്ന് പറയും. എവിടേയും തടവാം. അങ്ങനെ പ്രത്യേകിച്ച് ഒരു സ്ഥലത്ത് പരിമിതപ്പെട്ടതായിരുന്നില്ല പാറുവമ്മയുടെ വേദനകൾ. ശ്രീധരന്റെയും മാധവന്റെയും കൈകൾ യാത്ര തുടങ്ങിക്കഴിയുമ്പോൾ അവർ തറ്റങ്ങ് അഴിക്കും. ഇരട്ടകൾ ആദ്യമായി തുടകൾക്കിടയിൽ പതിഞ്ഞു കിടക്കുന്ന സർപ്പ മുഖം കാണുന്നത് അങ്ങനെയാണ്. വരുന്ന പെണ്ണുങ്ങളുടെയെല്ലാം മുലയിലും ചന്തിയിലും പിടിക്കാൻ തുടങ്ങിയതോടെ തിരുമ്മാൻ വരുന്നവരുടെ എണ്ണം കുറഞ്ഞു. ശ്രീധരനും മാധവനും പെണ്ണുങ്ങളുള്ള വീടുകൾക്ക് മുന്നിലൂടെ കവാത്ത് തുടങ്ങിയതോടെ ചന്ത്രത്തിൽ വീട്ടിൽ പരാതികൾ കൂടാൻ തുടങ്ങി. നാട്ടിൽ നിന്ന് എങ്ങനെയെങ്കിലും ഒന്ന് പോയിക്കിട്ടുവാൻ എന്ത് വഴിയാണുള്ളതെന്ന് വീട്ടുകാർ ആലോചിച്ചിരുന്ന സമയത്താണ് പോലീസിലേക്കുള്ള റിക്രൂട്ട്‌മെന്റിന് നായർ യുവാക്കളുടെ സഹായം സി പി ക്ക് കിട്ടുമെന്ന ഉറപ്പ് ലഭിക്കുന്നത്.അങ്ങനെ മാധവൻ നായരും ശ്രീധരൻ നായരും പോലീസുകാരായി.

ശ്രീധരന്റെയോ മാധവന്റെയോ കൈയ്യിൽ കിട്ടുന്ന കള്ളന്മാർക്ക് ദേഹോപദ്രവം ഏൽക്കേണ്ടി വന്നിട്ടില്ല. അവർക്ക് വേണ്ടിയിരുന്നത് വദനസുരതമായിരുന്നു. പല കള്ളന്മാരും എത്ര വേണമെങ്കിലും ഉപദ്രവിച്ചോ ഇതു മാത്രം പറയരുതെന്ന് അപേക്ഷിച്ചിട്ടുണ്ട്. അവർക്ക് പക്ഷേ, ശാരീരികാക്രമണങ്ങളിൽ തീർത്തും വിശ്വാസം പോരായിരുന്നു. നെടുമങ്ങാടുള്ള ഒരു കള്ളനെ ചന്ദനത്തടിയുമായി പിടിച്ചപ്പോൾ വ്യത്യസ്തവും നൂതനവുമായ ഈ ശിക്ഷാ നടപടിയിൽ ആകൃഷ്ടനായിപ്പോയി. മാധവൻ നായരായിരുന്നു ,പ്രതിയെ പിടിച്ചതും ഇത്തരമൊരു ദണ്ഡനത്തിന് വിധേയനാക്കിയതും.

ദിവാനദ്ദേഹം ദണ്ഡനമുറകൾ പരിഷ്‌ക്കരിച്ച് പുതിയൊരു ശൈലിയിൽ ശിക്ഷ നിർവ്വഹിക്കുന്ന കാര്യം ഈ കള്ളൻ വഴിയാണ് പുറംലോകമറിയുന്നത്. അതോടെ പലരും ഈ തൊഴിലിൽ നിന്നും പിന്മാറി. കള്ളന്മാരുടെയും പിടിച്ചുപറിക്കാരുടേയും എണ്ണത്തിലുണ്ടായ കുറവ് പുതിയ പോലീസ് സേനയ്ക്ക് അഭിമാനിക്കാൻ വകയുണ്ടാക്കി.

എന്നാൽ, ഈ കുറവ് ഇരട്ടകളുടെ ജീവിതത്തിലുണ്ടാക്കിയ പ്രതിസന്ധി ചെറുതൊന്നുമല്ലായിരുന്നു. എല്ലാ ദിവസവും എന്തെങ്കിലും കാരണത്തിൽ ലഭിക്കുന്ന ചെറിയ കുറ്റവാളികളെക്കൊണ്ടുണ്ടായ ആനന്ദം താത്ക്കാലികമായി മുടങ്ങിയത് എങ്ങനെ പുനസ്ഥാപിക്കാം എന്ന ആലോചനയിൽ ഇരിക്കുമ്പോഴാണ് ഒരു സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകന് ചാലയിൽ ഒറ്റയ്ക്ക് നിന്ന് മുദ്രാവാക്യം വിളിക്കുന്നത് ശ്രീധരൻ നായർ കണ്ടത്. ശ്രീധരൻ നായരുടെ ഉലക്ക പോലുള്ള കൈകൾ ആ സാധുവിന്റെ കഴുത്തിൽ മുറുകിയതു മാത്രമേ അയാൾക്ക് ഓർമയുള്ളൂ. പിന്നെ ബോധം വരുമ്പോൾ അർദ്ധനഗ്‌നനായി ലിംഗമെടുത്ത് കൈയ്യിൽ താലോലിച്ചുകൊണ്ടിരിക്കുന്ന ശ്രീധരനെയാണ്.

ഖാദി വസ്ത്രവും നടന്നു വിണ്ടു കീറിയ കാലുകളും ചൂടേറ്റ് കരിവാളിച്ച ശരീരവുമുള്ള ആ പാവം പ്രതി ചോദിച്ചു, ""ഏമാനെ, വേറൊരു ശിക്ഷയും ഇല്ലേ?''

ഇല്ലന്ന് ശ്രീധരൻ തലയാട്ടി

"ഞാനെന്ത് തെറ്റാണ് ചെയ്തത്?'

"നീ തിരുവിതാംകൂറിനെതിരെ ആളുകളെ കൂട്ടുന്നു, രാജ്യദ്രോഹമാണതെന്ന് അറിയില്ലേ?'

അയാൾ ഒന്നും പറയാതെ തല കുമ്പിട്ടിരുന്നു.

"നിനക്കുള്ള ശിക്ഷ ഇതാണ്. വെറുതെ വദനസുരതം ചെയ്താൽപ്പോരാ, ശുക്ലവും പാനം ചെയ്യണം.'

സംസ്‌ക്കാര ചിത്തമെന്ന് തോന്നിക്കുന്ന ഈ വാചകം ഇരട്ടകൾ രണ്ടു പേരും അവരുടെ പരസ്യവാചകമെന്ന പോലെ തുടക്കത്തിലേ തന്നെ പറയുന്നതാണ്.

സ്റ്റേറ്റ് കോൺഗ്രസ്സ് പ്രതിക്ക് കഞ്ഞിവെള്ളം പോലുള്ള കൊഴുപ്പ് ഇറക്കുന്നതിലെ അശ്ലീലമോർത്തപ്പോൾ ഓക്കാനം വന്നു.

"സമയം കളയരുത്' ശ്രീധരൻ പറഞ്ഞു.

"അങ്ങയെ കണ്ടിട്ട് നായരാണന്നു തോന്നുന്നു, ' പ്രതി വിനീതമായി പറഞ്ഞു

അതേയെന്ന് അൽപ്പം ഗംഭീരമാർന്ന ശബ്ദത്തിൽ ശ്രീധരൻ പറഞ്ഞു

"ഞാൻ ഈഴവനാണ് ,അശുദ്ധമാകില്ലേ?'

"സൺലൈറ്റ് സോപ്പിട്ട് കുളിച്ചാൽ മാറുന്ന അശുദ്ധിയേ ഉള്ളൂ'

സൺലൈറ്റ് സോപ്പ് ഉപയോഗിക്കാൻ മാത്രം ഉന്നതനായ ഒരാളുടെ ശരീരാവയവമാണ് ഇപ്പോൾ നിനക്കു മുന്നിൽ വെറുതെ തുറന്നു വെച്ചിരിക്കുന്നതെന്നും, ആ സോപ്പിന്റെ ഗന്ധത്തോടുള്ള കൊതി ഇങ്ങനെ വേണമെങ്കിൽ അടക്കാമെന്നും ആ സോപ്പ് ഉപയോഗത്തിന് ഒരു വ്യംഗമുണ്ടായിരുന്നു.

എന്നെ, അങ്ങ് ഈ പ്രവൃത്തിയിൽ നിന്ന് സ്വതന്ത്രനാക്കാമെങ്കിൽ ഒരു പരമരഹസ്യം പറയാമെന്ന്, അതും പുറത്തറിഞ്ഞാൽ തല പോകുന്ന രഹസ്യം പറയാമെന്ന് പ്രതി വാക്ക് കൊടുത്തു.

പോലീസിൽ നിന്നും മുകളിലേക്കുള്ള ഏതെങ്കിലും ഒരു കോണി വഴി നല്ലൊരു സ്ഥാനം പ്രതീക്ഷിച്ചിരുന്ന ശ്രീധരന് ആ രഹസ്യത്തിന്റെ ചൂണ്ടയിൽ തന്റെ ഇച്ഛയെ അടക്കേണ്ടി വന്നു.

"നുണയാണങ്കിൽ നീ ഇന്നു മുഴുവൻ ഇവിടിരുന്ന്....'

ശ്രീധരന്റെ വാചകം പൂർത്തിയാക്കുവാൻ പ്രതി സമ്മതിച്ചില്ല."പത്മനാഭ സ്വാമിയാണേ നൊണകള് പറയില്ല അങ്ങുന്നേ'

"നീ കാര്യം പറയ്, ' ശ്രീധരൻ ആകാംക്ഷകൊണ്ട് അടുത്തേക്ക് ഇരുന്നു.

"നമ്മടെ മഹാരാജാവു തിരുമനസ്സും ദിവാൻ തിരുമനസ്സും തമ്മിൽ അതാണ് അങ്ങുന്നേ .. '

"എന്നാ ?'

"ഇത്, തന്നെ .. അല്ലാതെ വേറേ എന്തര് !'

"ആരു പറഞ്ഞു?'

"അതല്ലേ, ആ പൈലുകള് പറയുന്നതിനനുസരിച്ച് തമ്പുരാൻ തിരുമനസ്സ് കെടന്ന് ചാടണത്'

"നിന്നോടിത് ആര് പറഞ്ഞു?'

"കൊട്ടാരത്തിലെ അടുക്കളയിൽ നിന്ന് കിട്ടിയ വിവരമാണ്. എന്റെ ശേഷക്കാരന് അവിടെയാണ് പണി.'

"തമ്പുരാനോ ദിവാനോ അവിടെ ജോലിയെടുക്കുക?'

"ദിവാൻ തന്നെ വേറെ ആര്? തിരുമനസ്സപ്പോൾ മടിയിൽ വെച്ചിരിക്കുന്ന കടലാസ്സുകളിലൊക്കെ ഒപ്പ് ചാർത്തും'

ശ്രീധരനത് സ്വകാര്യമായി മാധവനോട് പറഞ്ഞു. അന്ന് രാത്രിയിൽ ദിവാനെ ഓർത്ത് കിടന്ന് രണ്ടു പേർക്കും ഉറക്കം വന്നില്ല.

ഒരിക്കലെങ്കിലും തങ്ങൾക്ക് ആ ബ്രാഹ്മണ വദനത്തിന്റെ സ്പർശം ലഭിച്ചിരുന്നു എങ്കിലെന്ന് അവർ പരസ്പരം പറയുമ്പോൾ ആ ആഗ്രഹത്തിന്റെ കൊതി നാവിലും അതു ലഭിക്കുന്നതിലെ ദുർഘടം ഓർത്തുള്ള വിഷമങ്ങൾ കണ്ണിലും ഉമിനീരും കണ്ണുനീരുമായുള്ള ഇരട്ടകളായി പിറക്കും.

ഇവിടെ വെച്ച് വീണ്ടും നെടുമങ്ങാടുകാരൻ കള്ളനെ ശ്രീധരനെ പിടിച്ചു.ശ്രീധരൻ പിടിച്ചപ്പോൾ തന്നെ അയാൾ പരിചിതമായ ഒരനുഷ്ഠാനം നിർവഹിക്കാനെന്ന പോലെ അരക്കെട്ടിനു താഴേയ്ക്ക് കുമ്പിട്ടു.ശ്രീധരനപ്പോൾ ,ഒരിക്കലിവൻ മാധവന്റെ ശിക്ഷയേറ്റിട്ടുള്ളവനാണന്ന് മനസ്സിലായി. ശിക്ഷ പൂർത്തിയായപ്പോൾ ശ്രീധരൻ അവനോട് ചോദിച്ചു, "നിനക്ക് സൺലൈറ്റ് സോപ്പിട്ട് കുളിക്കണോ?'
അവൻ തലയാട്ടി.
വീട്ടിൽ പിന്നെ ആർക്കൊക്കെ ആഗ്രഹമുണ്ട്?
"എളേ ഒരു പെങ്ങളൊണ്ട്, മൂത്തതുങ്ങളെല്ലാം ചത്ത്'
"നീ ഏത് ജാതി?'
"വെളുത്തേടത്ത് നായര്'

ഒരേ പോലെയുള്ള രണ്ട് ഘടാഘടിയന്മാരെ കണ്ടപ്പോൾ കള്ളന്റെ പെങ്ങൾക്ക് പേടിയേക്കാൾ അതിശയമാണ് ഉണ്ടായത്. ആദ്യമായിട്ടായിരുന്നു അവർ ഇരട്ടകളെ കാണുന്നത്. ചേട്ടൻ എവിടെ നിന്നോ മോഷ്ടിച്ചു കൊണ്ടുവന്നതാണെന്നാണ് ആ പെണ്ണ് ആദ്യം കരുതിയത് പിന്നെയാണ് ഇവിടെ കൂടാൻ വന്നതാണന്ന് അറിഞ്ഞത്. അവളുടെ സമ്മതത്തിനൊന്നും കാത്തുനിൽക്കാതെ ശ്രീധരൻ മറയ്ക്കപ്പുറത്തേക്ക് പോയി.മാധവൻ പുതിയതായി കിട്ടിയ അളിയനേം കൊണ്ട് പറമ്പിലെ പുളിഞ്ചുവട്ടിലേക്കും.

കള്ളനായൊരു അളിയനെ ബന്ധുവായി കിട്ടിയതിന്റെ ചില സൗകര്യങ്ങൾ മാധവൻ നായരും ശ്രീധരൻ നായരും അതിസമർത്ഥമായി ഉപയോഗിച്ചു.

ഇത് പോലീസ് സേനയിൽ ഇരട്ടകൾക്ക് കൂടുതൽ ബന്ധങ്ങൾ ഉണ്ടാക്കാനും മിടുക്കന്മാരായ രണ്ട് നായർ യുവാക്കൾ എന്ന സദ്‌പേരിനും വഴി തെളിച്ചു.

ദിവാന്റെ കൺവെട്ടത്ത് ഒരു മിന്നായം പോലെയെങ്കിലും വെളിപ്പെടാൻ ഒരു സൗകര്യം കിട്ടിയിരുന്നെങ്കിൽ ആ സന്ദർഭം ഒന്നു മാത്രം കൊണ്ട് ആ തിരുമുഖത്ത് തങ്ങളുടെ കീർത്തി മുദ്ര ചാർത്താനാവുമെന്ന് വർഷങ്ങളുടെ പരിചയ സമ്പത്തിൽ നിന്ന് മാധവൻ നായർക്കും ശ്രീധരൻ നായർക്കും അറിയാമായിരുന്നു.എന്നാൽ ,അങ്ങനെയൊരു സാഹചര്യവും വിദൂരഭാവിയിൽപ്പോലും ഉണ്ടാവാനുള്ള സാധ്യത ഇല്ലന്ന് അറിയാവുന്ന അവർ അളിയൻ കള്ളനെ ദിവാന്റെ വേഷമണിയിച്ച് പല രാത്രികളിലും പുളിഞ്ചുവട്ടിലേക്ക് കൊണ്ടു പോയിരുന്നു.

ഇന്ന് രണ്ട് പേരും ചന്ത്രത്തിനടുത്തുള്ള രണ്ട് വീടുകളിലാണ് താമസം. രണ്ടു പേരുടേയും ചുമയ്ക്ക് ഒരവധിയും ഉണ്ടായിരുന്നില്ല. അത് അവർ ഉറങ്ങുമ്പോൾ പോലും മുഴങ്ങിക്കൊണ്ടിരിക്കും. ചുമ കാരണം സംസാരം കുറവായിരുന്നു. സംസാരിച്ചാൽ തന്നെ അന്നത്തെ ചുമ ഇരട്ടിയാവും.

കാര്യകാരണ ബന്ധങ്ങൾ അഴിഞ്ഞു പോയൊരു വർത്തമാനമായിരുന്നു രണ്ടു പേരുടേയും. അതു കൊണ്ടു തന്നെ ആർക്കും ഒന്നും മനസ്സിലാവില്ല.

ചന്ത്രത്തിൽ നായർ കഴിഞ്ഞ രണ്ട് ദിവസമായി രണ്ട് വലിയ അമ്മാവന്മാരുടേയും അടുത്തിരുന്ന് ആദ്യകാലമെന്തായിരുന്നുവെന്നും നമ്മുടെ കുടുംബത്തിന്റെ വേരുകൾ എത്ര വലിയ മഹിമകളിൽ നിന്നാണ് അതിന്റെ ജീവനും ഐശ്വര്യവും ശ്വസിച്ചതെന്നുമായിരുന്നു അറിയേണ്ടത്. എന്നാൽ, പരസ്പര ബന്ധമില്ലാത്ത ഓർമകളുടെ കാറ്റും ചുമയുടെ ഹുങ്കാരവും ചേർന്ന് ആ ചരിത്ര യാത്ര പൂർത്തിയാക്കാനാവാതെ നായർ എഴുന്നേറ്റു.

രണ്ടു പേരും പറഞ്ഞ ദിവാൻ, പൊന്നുതമ്പുരാൻ, മണി, സംഗീതക്കോളേജ്, എന്നിങ്ങനെയുള്ള ചില പേരുകൾ കൂട്ടിച്ചേർത്ത് നായർ തന്നെ ഒരു ചരിത്രം രചിച്ചു: പോലീസ് സേനയിലെ ഏറ്റവും ആദരിക്കപ്പെട്ട രണ്ട് ഉദ്യോഗസ്ഥരായിരുന്നു, തിരുവിതാംകൂർ ഇരട്ടകൾ എന്നറിയപ്പെട്ട ശ്രീധരൻ നായരും മാധവൻ നായരും. പൊന്നുതമ്പുരാന്റെ കൈയ്യിൽ നിന്ന് വിശേഷപ്പെട്ട സമ്മാനങ്ങളും ദിവാൻ തിരു മുന്നിൽ നിന്ന് സ്ഥാനക്കയറ്റവും ലഭിച്ചിരുന്നു. ദിവാന്റെ അംഗരക്ഷകരായിരുന്ന ഇവരെ കബളിപ്പിച്ചാണ് കെ സി എസ് മണി വെളിച്ചം കെടുത്തിയ സമയം നോക്കി ദിവാനെ വെട്ടിയത്.ഇരുട്ടിൽ പോലും സ്വന്തം ജീവനെ അവഗണിച്ച് സർ സിപി യെ രക്ഷിച്ച രണ്ട് സഹോദരങ്ങളും മണിയുടെ വെട്ടേറ്റ് വളരെക്കാലം ആശുപത്രിയിൽ കഴിയേണ്ടിവന്നു. അന്നുണ്ടായ ആ അക്രമണത്തിന്റെ തിക്തതയാണ് ഇന്നവർ ചുമയായി അനുഭവിക്കുന്നത്.ശ്രീധരനും മാധവനും ഇല്ലാതിരുന്നെങ്കിൽ താനിന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല എന്നും അതിനാൽ അവർക്ക് വേണ്ട പാരിതോഷികങ്ങൾ കൊടുത്ത് എത്രയും വേഗം സ്വദേശത്ത് മടക്കി അയക്കണമെന്നും ദിവാന്റെ കൽപ്പന ഉണ്ടായിരുന്നു. സർ സി പി ഈ സംഭവം കഴിഞ്ഞ ഉടനേ ബന്ധുക്കൾക്കൊപ്പം തിരിച്ച് പോയി.ദിവാനില്ലാത്ത നാട്ടിൽ ഇനി ഞങ്ങളും ഇല്ലന്ന് പറഞ്ഞ്, ഒരു പാരിതോഷികവും വാങ്ങാതെ ഇവരും വരികയാണുണ്ടായത്.ഈ അവസ്ഥയിൽ ഒറ്റയ്ക്ക് കഴിയണ്ട എന്നുള്ള ബന്ധുക്കളുടെ നിർബന്ധത്തിലാണ് രണ്ടു പേരും കല്ല്യാണം കഴിച്ചത്; ശ്രീധരൻ നായർ തിരുവാതിരക്കളിക്കാരിയായ ഗോമതിയമ്മേയും മാധവൻ നായർ ഭാഗവത വായനക്കാരിയായ സാവിത്രിയേയും.

ഇത്രയും ധീരത നിറഞ്ഞ രണ്ട് മനുഷ്യരാണ് ഇപ്പോഴും ഈ നാടിനു വേണ്ടി രാപ്പകലില്ലാതെ ഉണർന്നിരുന്ന് ചുമയ്ക്കുന്നതെന്ന് പലർക്കും പുതിയൊരു അറിവായിരുന്നു. ചന്ത്രത്തിൽക്കാർക്ക് മാത്രം അവകാശപ്പെട്ട ഈ ജാഗ്രതയിൽ കളരിക്കൽക്കാർക്കും പീടികേൽക്കാർക്കും അസൂയ ഉണ്ടായി.

അമ്മയ്‌ക്കൊരു അൽപ്പം ബോധമുണ്ടായിരുന്നെങ്കിൽ ഇതിനൊരു മറുപടി ഉണ്ടാകുമായിരുന്നുവെന്ന് പിടികേലമ്മയുടെ രണ്ടാമത്തെ മകൻ അപ്പു പറഞ്ഞു.

"എന്നായാലും ശർമ്മ വരട്ടെ, കൊട്ടാരത്തിന്റെ ചരിത്രമെഴുതിയ ആൾക്ക് നമ്മുടെ ചരിത്രമെഴുതാനാണോ വിഷമം?' അപ്പുവിനെ സമാധാനിപ്പിച്ചു കൊണ്ട് കുട്ടൻ പറഞ്ഞു.

പ്രേമം

ഓരോ മനുഷ്യർക്കും ഓരോ തരം സങ്കടങ്ങളാണന്ന് വീടുകൾ കയറിയിറങ്ങി വരുമ്പോൾ വെളുത്തേടത്തെ എത്തമ്മയ്ക്ക് തോന്നും. എത്ര അലക്കിയാലും വെളുക്കാത്ത ചില തുണികൾ പോലെ ഇതൊന്നും ഒരിക്കലും നിറം വരാതെ ഇങ്ങനെയങ്ങ് പഴകി തീരുമോ? അതോ വീണ്ടും വീണ്ടും കരഞ്ഞ് മുകളിലിരിക്കുന്നവനെ കേൾപ്പിച്ച് എല്ലാം ശരിയാക്കുമോ? എത്തമ്മയ്ക്ക് ദൈവത്തിലൊന്നും വിശ്വാസമില്ല. പണ്ട് അമ്പലത്തിൽ കയറാൻ പറ്റാതിരുന്ന കാലത്ത് ദൈവം ഇങ്ങോട്ട് വന്ന് കണ്ടാൽ കാണാം എന്നും പറഞ്ഞ് പുകയില ചവച്ചു കൊണ്ട് തുണിയലക്കി നടന്നവരാണ് എത്തമ്മയുടെ അച്ഛനും അമ്മയും. എത്തമ്മയുടെ താഴേക്ക് ജനിച്ചവരൊക്കെയും ഒരാഴ്ച പോലും ഭൂമിയിൽ നിൽക്കാതെ പോയി. എത്തമ്മയ്ക്ക് പത്തു വയസ്സുള്ളപ്പോൾ അമ്മ വീണ്ടും ഗർഭിണിയായി. തലയിലെ വിഴുപ്പുകെട്ടും തോർത്തിട്ടു മറച്ച വയറിനു പിന്നിലെ വയറിന്റെ കവിൾ വീക്കവും കണ്ട് ആളുകൾ ചോദിക്കും "തലയിൽ മാത്രമല്ലല്ലോ വയറ്റിലും വിഴുപ്പുണ്ടല്ലോ?' നമ്പൂരി ഫലിതത്തിന്റെ ചൂടാറാതെ തുപ്പിക്കൊണ്ടിരുന്ന ഒരു കൂട്ടമാളുകൾക്കിടയിൽ നിന്ന് ഇത്തരം ചോദ്യങ്ങളും അതിന് അകമ്പടി സേവിച്ചു വരുന്ന ചിരികളും കോട്ടേലെ കടവ് വരേയും തിരിച്ചുള്ള വരവിൽ വീടുവരേയും വരും. തലമുറകളായി കേട്ടു വരുന്ന അശ്ലീലങ്ങളും അതിലും അശ്ലീലം നിറഞ്ഞ നോട്ടങ്ങളും കൊണ്ട് പാകപ്പെട്ടു പോയതിന്റെ നിസ്സംഗതയിൽ എത്തമ്മയുടെ അമ്മ ഗൗരി ഉള്ളിലെ ജീവന്റെ മിടിപ്പ് മാത്രമപ്പോൾ കേൾക്കുവാനായി കാതും ഹൃദയവും താഴ്ത്തിവെക്കും.

ഇതിനെ എങ്കിലും തരണേ എന്ന് മാത്രമായിരുന്നു ഗൗരിയുടെ പ്രാർത്ഥന. നിന്റെ പ്രാർത്ഥന കേൾക്കും എന്ന് കുട്ടപ്പശ്ശാര് പറയും.ഗൗരി പ്രസവിച്ചു. ആൺകുട്ടി. പൊന്നിന്റെ നിറമാണന്ന് വയറ്റാട്ടി പറഞ്ഞപ്പോൾ കുട്ടപ്പശ്ശാർക്ക് കണ്ണു നിറഞ്ഞു. അഞ്ച് വയസ്സുവരെ ഒരു ദീനവുമില്ലാതെ വളർന്നു.അമ്മയുടെ മുലപ്പാൽ തീർന്നെങ്കിലും ഗൗരി മുലകൊടുക്കും. മുലഞെട്ടിൽ വെറുതെ ചപ്പിക്കിടന്നു കൊണ്ട് അമ്മ പറയുന്ന കഥകൾ കേൾക്കും. ഒരു ദിവസം മുലകൊടുത്തു കൊണ്ട് കഥകൾ പറഞ്ഞിരിക്കുമ്പോൾ മുലഞെട്ടിൽ നിന്ന് ചുണ്ടുകൾ പറഞ്ഞു പോയി.ഗൗരി കരഞ്ഞില്ല. അന്ന് ദൈവവുമായുള്ള എല്ലാ ബന്ധങ്ങളും രണ്ടു പേരും അവസാനിപ്പിച്ചു. പക്ഷേ, വെളുത്തേടത്ത് ഗൗരി ഓരോ തറവാട്ടിലേയും അലക്ക് തുണികൾ എത്തമ്മയുടെ മുന്നിൽ വിരിച്ചിട്ടു.

എത്തമ്മയ്ക്ക് അതൊരു പുതിയ അനുഭവമായിരുന്നു. വസ്ത്രങ്ങളിലെ കറകളിൽ, ഗന്ധങ്ങളിൽ പതിയിരിക്കുന്ന രഹസ്യങ്ങൾ അഴിക്കുവാനുള്ള പാഠങ്ങളായിരുന്നു ഗൗരി പഠിപ്പിച്ചത്. ഓരോ തുണികളും രഹസ്യങ്ങൾക്ക് മേൽ പിടിച്ച തിരശ്ശീലകളായിരുന്നു. ഉടഞ്ഞ്, നിറം മാറി, പല വിയർപ്പുകളുടെ ഉപ്പ് നിറഞ്ഞ് ക്ഷീണത്തോടെ കിടക്കുമ്പോൾ ഗൗരി ഓരോന്നുമെടുത്ത് അതിന്റെ പിന്നിലെ ആട്ടങ്ങൾ എത്തമ്മയ്ക്ക് കിട്ടിക്കൊടുക്കും.

അവിടെ അമ്മയും മകളും ഇല്ലായിരുന്നു. ഗൗരി അവരുടെ അമ്മയിൽ നിന്നും അവർ അവരുടെ അമ്മയിൽ നിന്നും പഠിച്ച അലക്കുകാരികൾക്ക് മാത്രം കണ്ടെത്താവുന്ന രഹസ്യങ്ങളായിരുന്നു. ആ തുണികളിൽ രതിയും സങ്കടവും രോഗങ്ങളും പറ്റിപ്പിടിച്ചിരുന്നു.

അച്ഛന്റെയും അമ്മയുടേയും മരണശേഷം എത്തമ്മ ഒറ്റയ്ക്കായി. കല്യാണം വേണ്ടന്ന് തീരുമാനിച്ചു. ഓരോ വീട്ടിലേയും വസ്ത്രങ്ങൾ നിവർത്തുമ്പോൾ തെളിയുന്ന രഹസ്യങ്ങളായിരുന്നു അവരുടെ ആനന്ദം. അതുകൊണ്ടു തന്നെ വിഴുപ്പുകൾ ചുമക്കുമ്പോൾ അവർക്ക് ഒരിക്കലും ഭാരം അനുഭവപ്പെട്ടില്ല. ഒരിക്കലും മടി പിടിച്ചിരുന്നില്ല.

തുണികൾ ആറ്റുമാലിക്കടുത്തുള്ള ചിറയിൽ വിരിച്ചിടുമ്പോൾ, വെയിൽ നനവൂറ്റിക്കുടിച്ച് മറയുമ്പോൾ, ശുഭ്രമായി, ഉടൽ നിവർന്ന് കാറ്റിലേക്ക് സ്വതന്ത്രമാകുന്നതു കാണുമ്പോൾ, അടുത്ത ദിവസങ്ങളിലേക്ക് ഇവരെ കാത്തിരിക്കുന്നതെന്താണന്നുള്ള ആകാംക്ഷ ആ കാറ്റിനൊപ്പം എത്തമ്മയിൽ നിറയും.

മക്കളില്ലാത്തതിന്റെ ദു:ഖം ,പുറത്തായതുകൊണ്ട് അമ്പലത്തിൽ പോകാൻ കഴിയാത്തതിന്റെ ദുഃഖം ,മകളുടെ ചൊവ്വാ ദോഷത്തിന്റെ ദുഃഖം ,അങ്ങനെ ഓരോ വീട്ടിലേയും സങ്കടങ്ങൾ കൂടി ചുമന്നു വരുമ്പോഴാണ് എത്തമ്മ ഇങ്ങനെ ആലോചിക്കുന്നത്, എന്നാണ് ഇതൊക്കെ ഒന്ന് തീരുന്നത്? ഒരിക്കലും ഇതിനൊരു ഉത്തരമില്ലന്ന് എത്തമ്മയ്ക്ക് അറിയാമായിരുന്നു.

പീടികേയിലെ ചാവടിയിൽ കുറച്ച് ദിവസത്തേക്ക് ഒരതിഥി താമസിക്കാൻ വരുന്നുണ്ടന്നും അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ കൂടി ഇനിയുണ്ടാവുമെന്നും പീടികേലമ്മയുടെ മൂത്ത മകന്റെ ഭാര്യ അംബുജമാണ് എത്തമ്മയോട് പറഞ്ഞത്. നനച്ചു വെച്ച വിരിപ്പുകളും തലയിണയുറകളും ഒന്നു കൂടി വെയിലത്തിട്ട് ഉണങ്ങുവാൻ കൊടുക്കുന്ന നേരം അംബുജത്തോട് എത്തമ്മചോദിച്ചു, "പീടികേ ലമ്മയ്ക്ക് എങ്ങനുണ്ട്? '

"ഓ ,അതങ്ങനെ തന്നെ ,വിഷമിപ്പിക്കാതെ അങ്ങ് വിളിച്ചാൽ മതിയായിരുന്നു'

അംബുജത്തെ അവർ വിഷമിപ്പിച്ചത് അത്രയൊന്നും ചെറുതല്ലാത്തതു കൊണ്ട് ആ ആഗ്രഹത്തിൽ ഒട്ടും കളവില്ലായിരുന്നു.

എത്തമ്മ , അതുകേട്ട് തലയാട്ടിയപ്പോൾ അംബുജത്തിന്റെ ഉള്ളിലെ മുഴുവൻ ആധിയും പുറത്തു വന്നു, "ഇപ്പോത്തന്നെ നമ്മടെ ഓർമയില്ലാതെ എവിടെയൊക്കെയാ എറങ്ങിപ്പോകുന്നെ? വല്ലോ കൊളത്തിലോ പൊട്ടക്കെണറ്റിലോ വീണു ചത്താൽ ...ഒന്നാലോചിച്ച് നോക്കിക്കേ...!'

എത്തമ്മ ആലോചിക്കാനൊന്നും നിൽക്കാതെ തുണിയെല്ലാം മേടിച്ച് ഭാണ്ഡത്തിലാക്കുമ്പോൾ അംബുജം പറഞ്ഞു, "തിരുവനന്തപുരത്ത് നിന്നൊരു ശർമയാണ് വരുന്നത്, കുടുംബത്തെക്കുറിച്ച് ഏതാണ്ടൊക്കെ എഴുതാൻ'

അംബുജവും മറ്റ് തറവാട്ടിലെ പെണ്ണുങ്ങളും എത്തമ്മയോടായിരുന്നു അവരുടെ ചെറിയ ചെറിയ കാര്യങ്ങൾ പറഞ്ഞിരുന്നത്.പറയുന്നതാവട്ടെ മറ്റൊരു ചെവിയിലേക്കും ചോർന്നു പോവില്ലന്ന് എല്ലാവർക്കും അത്ര വിശ്വാസവുമായിരുന്നു. എന്തിനും എത്തമ്മയുടെ കൈയ്യിൽ പരിഹാരമുണ്ടായിരുന്നു.

ബീവാത്തുവിന്റെ വീടിന്റെ അയൽപക്കത്താണ് എത്തമ്മയുടെ വീട്. ഇടയ്ക്ക് ചില പലഹാരങ്ങളുമായി ബീവാത്തു എത്തമ്മയെ കാണാൻ വരും. ബീവാത്തുവിന് ചില കാര്യങ്ങൾ പറയണം അതെല്ലാം കേട്ട് എത്തമ്മ തലയാട്ടണം. ഇടയ്ക്ക് കൊണ്ടുവന്ന പലഹാരങ്ങൾ കഴിച്ചിട്ട് എന്തൊരു സ്വാദാണന്ന് പറയണം. അല്ലാതെ കൂടുതൽ ആഗ്രഹങ്ങളൊന്നുമില്ല.എത്തമ്മയും ബീവാത്തുവും തമ്മിൽ ഒന്നോ രണ്ടോ വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ. ബീവാത്തു അമ്പത് വയസ്സിലേക്ക് ഇപ്പോൾ ചേരും. പക്ഷേ, കണ്ടാൽ മുപ്പതു വയസ്സേ തോന്നൂ. ആ തോന്നൽ ഉറപ്പിക്കാനായി ചോദിക്കും, "എന്നെ കണ്ടാൽ വയസ്സായി അല്ലേ? ഏയ് ബീവാത്തുവിന് ഒരു മുപ്പത് മുപ്പത്തി രണ്ട്. ' ഇതു കേട്ട് നാണിച്ചൊരു ചിരിയുണ്ട്, ചിരി തീരുംമുമ്പ് ബീവാത്തു ചോദിക്കും "ഇങ്ങനെ ഇരിക്കാൻ കാര്യമെന്നാ? ' ബീവാത്തുവിന്റെ ഈ ചോദ്യം ഇതേപടി എത്തമ്മ ആവർത്തിക്കണം, "ഇങ്ങനെ ഇരിക്കാൻ കാര്യമെന്നാ?' അങ്ങനെ ചോദിക്കെന്നും ചോദിച്ചിട്ട് പറയും "പ്രേമം അല്ലാതെന്നാ! ' അപ്പോഴും ചോദിക്കണം "ആരോടെന്ന്? ' അപ്പോൾ പറയും "എന്റെ കെട്ടിയോനോടും മമ്മതിക്കായോടും. ' ആരോടാ കൂടുതൽ പ്രേമമെന്ന് മാത്രം ചോദിച്ച് കുഴപ്പത്തിലാക്കരുത്. അങ്ങനെ ചോദിച്ചാൽ സങ്കടമായി, കരച്ചിലായി. ഇടയ്ക്ക് വെറുതെ ഒരു രസത്തിന് പക്ഷേ, എത്തമ്മ ഈ ചോദ്യം ചോദിച്ചൊന്ന് കരയിക്കും. കരച്ചില് തീർക്കാൻ പിന്നെ ഒറ്റ വഴിയേ ഉള്ളൂ, "നിങ്ങളീ മമ്മത്ക്കായെ എങ്ങനാ പ്രേമിച്ചേ? ' ഈ ഒറ്റച്ചോദ്യത്തിന് കരച്ചിലിനെ പിടിച്ച പിടിയിൽ നിർത്താനുള്ള ശക്തിയുണ്ട്. പിന്നെയൊരു കഥയാണ്.

നിങ്ങളുടെ കെട്ടിയവനപ്പോൾ വിഷമമൊന്നും തോന്നിയില്ലേ എന്നു ചോദിക്കുമ്പോൾ കണ്ണ് ഒന്നൂടെ നിറഞ്ഞ് ബീവാത്തു പറയും, "ഞാനിങ്ങനെ ഒരിഷ്ടത്തിന്റെ കാര്യം പറയുന്നത് വലിയ പെരുന്നാളിന്റെ തലേന്നാണ്. പുള്ളിക്കാരൻ കുറേ നേരം മിണ്ടാതിരുന്നു.പിന്നെ ഒറ്റക്കരച്ചിൽ ആയിരുന്നു. ആ കരച്ചിൽ കണ്ടിട്ട് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.' ഞാനും കരഞ്ഞെന്റെ എത്തമ്മേന്നും പറഞ്ഞ് ബീവാത്തുവിന്റെ തൊണ്ട ഇടറും. അന്ന് രാത്രി മുഴുവൻ ഞങ്ങള് ഒന്നും പറയാതെ കിടന്നു. പാതിരാത്രിയിലെപ്പഴോ, എന്നോട് ചോദിച്ചു "അത്രയ്ക്ക് ഇഷ്ടാണോ മമ്മതിനെ?, ഞാൻ ഒന്നും പറയാതെ വീണ്ടും കരഞ്ഞപ്പോൾ പുള്ളിക്കാരൻ എന്നെ കെട്ടിപ്പിടിച്ച് കുറേ ഉമ്മ തന്നു. പിറ്റേന്ന് പെരുന്നാൾച്ചോറുണ്ണാൻ കെട്ടിയവന്റെ കൂടെ മമ്മതിക്കായും കൂടി ഉണ്ടായിരുന്നു. '

നിങ്ങൾടെ കെട്ടിയവനൊരു ഭയങ്കരാനാണ് ബീവാത്തൂന്ന് ചങ്ക് പറിഞ്ഞ് എത്തമ്മ പറഞ്ഞപ്പോൾ ബീവാത്തു പറഞ്ഞത്, എന്റെ പടച്ചോനാണ് കൊച്ചേ അതെന്നാണ്.

വേലിക്കൽ നിന്നും "എത്തമ്മോ' എന്നുള്ള ബീവാത്തുവിന്റെ വിളിക്കൊപ്പം നെയ്യപ്പത്തിന്റെ മണം കൂടി വന്നു.

നീയിത് എവിടാരുന്നു ഇത്ര നേരം എന്ന പരിഭവത്തോടെയാണ് ബീവാത്തുവന്നത്.

"തുണി നനച്ച് തീർന്നപ്പോ നേരം കൊറേ ആയി. പിന്നെ, പീടികേൽക്കേറി അംബുജച്ചേച്ചിയുമായി വർത്താനം പറഞ്ഞിരുന്ന് അങ്ങനേം കൊറേ സമയം പോയി. '

"അതു പിന്നേ, വേറൊരു കാര്യം പറയാനുണ്ട്' ഒച്ച താഴ്ത്തി ബീവാത്തു പറഞ്ഞു.

മമ്മ്തക്ക ബുദ്ധമതത്തിൽ ചേർന്നതൊക്കെ നാട്ടിൽ വർത്തമാനമായതിന്റെ നിജസ്ഥിതി വിവരിക്കുന്നതിന്റെ ആമുഖമാണീ ഒച്ചതാഴ്ത്തലെന്ന് എത്തമ്മയ്ക്ക് അറിയാമായിരുന്നു.എത്തമ്മയുടെ മുഖത്തെ ആകാംക്ഷക്കുറവ് ബീവാത്തുവിന്റെ ഊർജ്ജത്തെ അൽപ്പമൊന്ന് പിന്നിലേക്ക് വലിച്ചു.

"നിനക്കപ്പം കേൾക്കണ്ടേ? ' ബീവാത്തു ചോദിച്ചു

"കേൾക്കാം' പാത്തുമ്മ പറഞ്ഞു.

"എന്നാൽ, എന്നാന്ന് ചോദിക്ക്'

ചില നേരങ്ങളിൽ, അപ്രതീക്ഷിതമായ ചില വാർത്തകളുമായി വന്ന് ബീവാത്തു എത്തമ്മയെ ഞെട്ടിക്കുന്ന ഒരു പതിവുണ്ട്. ഒരിക്കൽ പെട്ടന്ന് വന്നിട്ട് പറഞ്ഞു , "മമ്മത്ക്ക കെ .സി എസ് മണിയെ കണ്ടു'

"അതാരാ? '

"ദിവാനെ വെട്ടിയ പുള്ളിക്കാരൻ! '

എത്തമ്മ അന്ന് പേടിച്ചു. ചുറ്റിലും നോക്കി. ആരും കേട്ടിട്ടില്ല.

"എങ്ങനെ? എവിടെ വെച്ച്? ആര് പറഞ്ഞു?' ഇങ്ങനെ കുറേച്ചോദ്യങ്ങൾ നിരനിരയായി വന്ന് ബീവാത്തുവിന്റെ മുന്നിൽ നിന്നു.

"തങ്ങൾ കുഞ്ഞ് മുസലിയാരെ കാണാൻ കൊല്ലത്ത് പോയതാ, അവിടെ വെച്ച് എൻ ശ്രീകണ്ഠൻ നായരുടെ ശിഷ്യനാണന്നും പറഞ്ഞ് ഒരാൾ പരിയ്യപ്പെടുത്തിയതാ. ആളു പൊയ്ക്കഴിഞ്ഞപ്പഴാ പേരും ഇതാണ് സി പി യെ വെട്ടിയ വീരൻന്നും പറഞ്ഞു'

"അതേ, എങ്ങനാരുന്നു ആ സംഭവം? 'എത്തമ്മ ചോദിച്ചു

ഭർത്താവിൽ നിന്നും മമ്മത്ക്കായിൽ നിന്നും കിട്ടിയ വിവരങ്ങൾ കൂട്ടിവെച്ച്, കയ്യിലുള്ള ചില കോപ്പുകൾകൂടി കൂട്ടിക്കെട്ടി സംഗീതക്കോളേജിൽ ആ രാത്രിയിൽ നടന്ന സംഭവം ബീവാത്തു വിവരിച്ച് തീർന്നതോടെ ഒരിക്കൽപ്പോലും കാണാത്ത, ഒരിക്കലും കാണാത്ത മണിയെന്ന മനുഷ്യൻ എത്തമ്മയുടെ മുന്നിൽ നിവർന്ന് വന്നു.

കെട്ടിയവനും കാമുകനും ഒരു പോലെ നൽകുന്ന സ്‌നേഹത്തിൽ ചരിത്രവും രാഷ്ട്രീയവുമൊക്കെയായിരുന്നു ഇങ്ങനെയുള്ള ചെറിയ സ്‌ഫോടനങ്ങളായി എത്തമ്മയുടെ മുന്നിൽ വലിയ ശബ്ദമുണ്ടാക്കി, ഒരിളക്കം സൃഷ്ടിച്ച് പോയിരുന്നത്.

എത്തമ്മ ഭൂതകാലത്തിലാണന്നുള്ളതൊന്നും നോക്കാതെ ബീവാത്തു,
മമ്മത്ക്ക വരാനുള്ള സമയമായി എന്നും പറഞ്ഞ് എഴുന്നേറ്റു.

ബീവാത്തു എന്തൊക്കെ പുതിയ വാർത്തകൾ പറഞ്ഞ് അമ്പരപ്പുണ്ടാക്കിയാലും സർ സിപി യെ വെട്ടിയ മണിയായിരുന്നു എത്തമ്മയുടെ നായകൻ. ▮

(ഓർമകളുടെ ജീവചരിത്രം എന്ന എഴുതി വരുന്ന നോവലിൽ നിന്നുള്ള ഭാഗം)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഉണ്ണി ആർ.

കഥാകൃത്ത്​, തിരക്കഥാകൃത്ത്. ഒഴിവുദിവസത്തെ കളി, കാളിനാടകം, ഒരു ഭയങ്കര കാമുകൻ, വാങ്ക്​, കഥകൾ: ഉണ്ണി ആർ (കഥാ സമാഹാരങ്ങൾ), പ്രതി പൂവൻകോഴി (നോവൽ) എന്നിവ പ്രധാന പുസ്​തകങ്ങൾ. മുന്നറിയിപ്പ്​, ചാർലി, ലീല, നാരദൻ തുടങ്ങിയവ പ്രധാന തിരക്കഥകൾ.

Comments