അക്കരയച്ഛന്റെ വീടും പറമ്പും ഇനിയെന്തു ചെയ്യുമെന്ന് കുറച്ചുപേരെങ്കിലും ആലോചിക്കാതിരുന്നില്ല. അവർക്കാർക്കും തന്നെ നല്ല ഉദ്ദേശ്യമായിരുന്നില്ല. തൊട്ടടുത്തു കിടക്കുന്ന പറമ്പ് നാണുക്കണിയാരുടേതായിരുന്നു. അക്കരയച്ഛൻ പറമ്പിന്റെ അതിര് വിട്ടപ്പോൾത്തന്നെ കണിയാർ അതിരുകല്ല് സ്ഥാനം മാറ്റി. പല സമയങ്ങളിലായി കല്ല് സ്വയം ചലിക്കുന്നതു പോലെ അതിരുവിട്ട് നടന്ന് നടന്ന് കയറുന്നുണ്ടായിരുന്നെങ്കിൽ ആ നടത്തത്തിൽ ഒരൽപ്പം പേടിയുണ്ടായിരുന്നു.ഇന്നത് ധൈര്യത്തോടെ ചോദിക്കാനും പറയാനും ആരുമില്ലാത്ത കെടപ്പാടത്തിലേക്കായപ്പോൾ കല്ലിന്റെ ചാട്ടം കംഗാരുവിനെത്തോൽപ്പിക്കും പോലെയായിരുന്നു.
‘നാളെ ഏതെങ്കിലും ഒരുത്തൻ ഒടയോനായിട്ട് വന്നാൽ കല്ലും പിഴുത് തിരിച്ച് വരേണ്ടി വരും', കണിയാത്തി ഓർമിപ്പിച്ചു.
‘ഒരു മൂരീം വരത്തില്ല ', കണിയാർക്ക് ഉറപ്പായിരുന്നു.
‘അതെന്നാ?', കണിയാത്തി ചോദിച്ചു.
‘അതങ്ങനാ’, കണിയാൻ പറഞ്ഞു.
ഒരേക്കറിനടുത്ത് തെങ്ങിൻ പറമ്പുണ്ട്.
തെങ്ങൊക്കെ തടം വലിക്കാതെ തോന്നിയ മട്ടിലാണ് നിൽപ്പ്.
അതിരു നിറയെ തേക്കും മഹാഗണിയും. പത്താൾ പിടിച്ചാൽ കൂടാത്തത്ര ചുറ്റുവട്ടമുള്ള പ്ലാവ്. എത്രയോ വർഷങ്ങളായി ഓരോ വളർച്ചയിലും കണ്ണ് കൊതിച്ച് കയറിയ മരങ്ങളാണ്! കണിയാർക്ക് ആർത്തിക്കൊപ്പം ഇരിപ്പുറച്ചില്ല.
മരം വെട്ടി വിൽക്കുക എളുപ്പമല്ല.
കമ്പ് കോതിക്കാനെന്ന മട്ടിൽ ആളെ നിർത്തി ചെറുമരങ്ങൾ കടത്താം.
എന്നാലും ഏതെങ്കിലും നാശം പിടിച്ചതുങ്ങള് ചോദ്യവുമായിട്ട് വരും. കണിയാർക്ക് കവടിയിൽ നിരത്തുന്ന കണക്കും ഫലവും പറമ്പിലെ മരങ്ങളുടെ ചോടിളക്കുന്നതിൽ ഗണിക്കാൻ കഴിഞ്ഞില്ല.
കാത്തിരിക്കുക, കണിയാൻ സ്വയം പറഞ്ഞു. കൂടെ ഇത്ര കൂടി ആലോചിച്ചു, പുറമല്ലേ ആളു കാണൂ ആരുമറിയാതെ അകം കാണാമല്ലോ.
കള്ളൻ കുട്ടനെ പരസ്യമായി തിരയുന്നതിലെ അപകടം നന്നായി അറിയുന്നതു കൊണ്ട് കണിയാർ തയ്യൽക്കാരൻ വാസുവിനോട് പറഞ്ഞു, ‘കഴിഞ്ഞ തവണ അവനൊരു ജാതകം കുറിച്ചിട്ട് കാശ് തരാതെ പോയി. കണ്ടാൽ അത് തരാനൊന്ന് പറഞ്ഞേക്കണം'
‘കള്ളനും ജാതകമോ?' വാസുവിന് അത്ഭുതമായി.
‘നല്ല മുട്ടത്തിന്റെ ബന്ധുക്കളിൽ ആരുടേയോ ആണന്നും പറഞ്ഞാ കൊണ്ടുപോയത്.’
പോലീസ് ഏമാനായിരുന്നു നല്ല മുട്ടം. കോട്ടയം ഭാസിയെ തല്ലിയതിന്റെ ചുണ നാട്ടുകാർക്ക് മുന്നിൽ നട്ടെല്ലു നിവർത്തിക്കാണിച്ച് അഹങ്കരിച്ചിരുന്നത് പി. ടി. പുന്നൂസിന്റെ ചീത്തവിളിക്കുമുമ്പിൽ ഓച്ഛാനിച്ച് പോയതിന്റെ പിറ്റേന്നാണ് നല്ലമുട്ടം സമയം നോക്കാൻ കുറിച്ചു വിട്ടത്.
‘അല്ല കണിയാരേ, അത് എത്രയോ വർഷങ്ങൾക്ക് മുൻപാ, നിങ്ങൾക്ക് കാലോം സമയോം തെറ്റിയോ? വാസു അത്ഭുതത്തോടെ ചോദിച്ചു'
‘മറവി, മറവി, എത്ര വേഗമാണ് സമയം പോകുന്നത്!’, കണിയാര് തയ്യൽപ്പീടികയിലെ സ്റ്റൂളിൽ ഇരുന്ന് സ്വയം പറഞ്ഞു.
‘പക്ഷേ, കുട്ടൻ കാശ് തന്നില്ലന്ന് ഉറപ്പാ'
‘കാര്യം കണ്ടു കഴിഞ്ഞാൽ കള്ളനും പോലീസും കാശ് തരുമോ കണിയാരേ?'
‘അത് നേരാ. പക്ഷേ,ആ കാശ് കിട്ടാനുള്ള നേരമായി വാസൂ, ഇല്ലെങ്കിൽ ഇപ്പോഴത് ഓർമ വരുമോ?'
കാലനെ വരെ കണക്ക് പഠിപ്പിക്കാൻ വിരുതുണ്ടായിരുന്ന ഗോവിന്ദക്കണിയാന്റെ മകനാണ്. പറഞ്ഞാൽ തെറ്റില്ല.
വാസു കുട്ടന്റെ കാര്യത്തിൽ നാട്ടിൽ കേട്ട ഒരു സംശയം പറഞ്ഞു ,ശാന്തൻപാറയിലാണന്നൊരു ശ്രുതിയൊണ്ട്, അതോ വടക്കേ ഇന്ത്യയിലാണോ?'
‘അതെന്താണ് അവിടൊരു പണി? ', കണിയാർക്കത് മനഗണിതത്തിൽ പിടിക്കാൻ കഴിഞ്ഞില്ല.
‘പീടികേലെ നാരായണൻ നായരുടെ കൂടെ പോയതാണന്നൊരു സംസാരമുണ്ട്'
നാരായണൻ നായർക്ക് പല സംബന്ധങ്ങൾ ഉണ്ടായിരുന്നെങ്കിലും മൃഗഭോഗത്തിൽ കമ്പം ഇത്തിരി കൂടുതലായിരുന്നു. ഒരിക്കൽ ചന്ത്രത്തിൽ നായരുടെ തൊഴുത്തിൽ നിന്ന് നാരായണൻ നായരെ ഉടുതുണിയില്ലാതെ പിടിച്ചു. അന്നുരാത്രി തന്നെ പീടികക്കാർ നാരായണനെ കരയിൽ നിന്നു കടത്തി.
ചന്ത്രത്തിൽ നായര് പിന്നീട് നാരായണന് പോക്കുവരവുണ്ടായിരുന്ന പെണ്ണുങ്ങളുടെ വീട്ടിലേക്ക് അവർക്ക് താനാണിനി തുണയെന്ന മട്ടിൽ കേറിക്കൂടി. അവിടെ നിന്നു കേട്ട വർത്തമാനത്തിൽ ചന്ത്രത്തിൽ നായർക്ക് നാരായണനൊരു അമ്പരപ്പായി മുഴച്ചു.
അരയിൽ ചുറ്റിയ ചക്കരക്കയറുമായാണ് നാരായണൻ രാത്രി വരിക. പെണ്ണിന്റെ കഴുത്തിൽ കയറ് കെട്ടിയിട്ട് നാലു കാലിൽ നിർത്തും.പല സ്ത്രീകളുടേയും കഴുത്തിൽ കയറിന്റെ രോമങ്ങൾ രാകി മുറിഞ്ഞ പാടുകളുണ്ടായിരുന്നു.
‘ദൈവമേ എന്നിട്ട്? 'ചന്ത്രത്തിൽ നായർ പറയുന്ന ഈ രഹസ്യം കേട്ട് വാ തുറന്നിരിക്കുന്നവർ ചോദിക്കും.
‘എന്നിട്ടെന്നാ നാല് നിർത്തി. രണ്ടാക്കി'
നാൽക്കാലായിൽ നിന്ന് ഇരുകാലിയിലേക്ക് മോചിപ്പിച്ചതിന്റെ വെടലച്ചിരിയോടെ നായര് ഇത്ര കൂടിപ്പറയും പീടികക്കാരുടെ തൊഴുത്തിലെ പശു അമറുന്നത് കേട്ടാൽ മനുഷ്യക്കൊച്ചുങ്ങളുടെ കരച്ചിൽ പോലല്ലേ?
അന്നു മുതലാണ് പീടികക്കാർ പശുവിനെ വളർത്തുന്നത് നിർത്തിയത്. നീളൻ തൊഴുത്ത് ഇടിച്ചു നിരത്തിയിട്ട് അവിടെ തുളസിയും ചെത്തിയും നട്ടു.
തെക്കേടത്തെ അമ്മിണിക്കുട്ടിയുടെ ആദ്യത്തെ പ്രസവം പിഴച്ചു. ചാപിള്ളയായിരുന്നു. ആസ്തമയുടെ കവണയിൽ നിന്നുള്ള എറ്റ് കുറഞ്ഞപ്പോൾ ഇനി വീട്ടിൽ പോകാമെന്ന് ഡോക്ടർ പറഞ്ഞു. നാണിയമ്മയ്ക്ക് സമാധാനിപ്പിക്കണമെന്നുണ്ടായിരുന്നെങ്കിലും എന്ത് പറഞ്ഞ് വിഷമം മാറ്റുമെന്ന് അറിയില്ലായിരുന്നു. മാത്രവുമല്ല, വാക്കുകൾ പുറത്തേക്ക് വരില്ല.
അമ്മിണിക്കുട്ടിയുടെ ഭർത്താവ് പ്രഭാകരൻ ആലപ്പുഴക്കാരനായിരുന്നു. ഡേറാസ്മയിൽ കമ്പനിയിലെ പത്തു വയസ്സ് മാത്രം പ്രായമുള്ള തൊഴിലാളിയായിരുന്നു. ദിവസം പതിനാല് മണിക്കൂർ വരെ പണിയെടുപ്പിക്കും.നാലണയായിരുന്നു ദിവസക്കൂലി.
ഒരു ദിവസം രാത്രിയിൽ പ്രഭാകരനെ ഒരാൾ രാത്രിയിൽ വന്ന് വിളിച്ച് കൊണ്ടുപോയി. പിന്നെ പ്രഭാകരനെ കണ്ടിട്ടില്ല. പ്രഭാകരൻ വേറെ പെണ്ണുകെട്ടി മാമ്പുഴക്കരിയിൽ താമസമാണന്നും മറ്റുമുള്ള വർത്തമാനങ്ങൾ അമ്മിണിക്കുട്ടിയുടെ അടുത്തും എത്തിയെങ്കിലും വിശ്വസിച്ചില്ല.
പ്രഭാകരനെ കാണാതായ ശേഷമാണ് അമ്മിണിയുടെ വലിവ് കൂടിയത്. ശ്വാസമെടുക്കാനായി വാ പിളർന്നാൽ ആകാശവും ഭൂമിയും വിഴുങ്ങിയേ അടയ്ക്കൂ എന്ന മട്ടിൽ തുറന്നു തന്നെ ഇരിക്കും. കണ്ണുകൾ ഇപ്പോൾ നിലത്തേക്ക് അടർന്നു പോകും പോലെ തുറിച്ചു വരും. നടുവു വില്ലുപോലെ വളയും.
അമ്മിണിയുടെ ശ്വാസം പഴേ ഗതിയിലെത്തിയപ്പോൾ ആദ്യം ചോദിച്ചത് അക്കരയച്ഛനെക്കുറിച്ചായിരുന്നു.
നാണിയമ്മ കണ്ണടച്ച് തലയാട്ടി.
ചരിത്രമെഴുതുന്നതിലെ മിടുക്ക് മറ്റാരേക്കാളും നന്നായി അറിയുന്ന തക്കലക്കാരൻനായരെയാണ് പീടികേലമ്മയുടെ മകൻ ഏർപ്പാടാക്കിയത്. അമ്മച്ചി വീടുകളുടെ കിടപ്പറ രഹസ്യങ്ങൾ മുതൽ കൊട്ടാരത്തിലെ തൂണും മച്ചും ഒളിപ്പിക്കുന്നതു വരെ ചൂണ്ടാൻ മിടുക്കുള്ള ഒരു ശാസ്ത്രി .സചിവോത്തമന്റെ കാലത്ത് ഭക്തി വിലാസത്തിന്റെ നിഴലിരുട്ടിൽ ശാസ്ത്രികളുണ്ടാവും. നാല് കണ്ണും നാലു മൂക്കും നാല് ചെവികളുമുള്ള ഈ സത്വത്തെ കടന്ന് അപ്പുറം പോകാൻ അധികമാർക്കും കഴിഞ്ഞിട്ടില്ല. വെളുത്ത വാവിനെ കറുത്തവാവാക്കാൻ പോന്ന തഴക്കം ശാസ്ത്രിയുടെ നാരായത്തുമ്പിനുണ്ടായിരുന്നു. എഴുത്തുകൊണ്ടായാലും മൊഴി കൊണ്ടായാലും അയാൾ ഏടുകൾ ആർക്ക് ഹിതമാകണോ അതേപടി മാറ്റി എഴുതും. ദമ്പിടി മടി നിറയെ വേണം. രാത്രിയിൽ മടിയിലൊരു പെണ്ണും. അതിൽ ശാസ്ത്രിക്ക് ജാതിയോ നിറമോ ഭേദമില്ലായിരുന്നു.
ജാതിയിൽ താഴ്ന്ന പെണ്ണാണങ്കിൽ കുളിച്ച്, വായൊന്ന് കുലുക്കു കുഴിഞ്ഞ് തുപ്പി മുണ്ടും മേൽമുണ്ടും എടുത്ത് പുറപ്പെടും.കോണകം കളയേണ്ടത് കൂടെക്കിടന്ന പെണ്ണിന്റെ ചുമതലയാണ്. അവരയാളുടെ നീളൻ കൗപീനം ചുരുട്ടിയെടുത്ത് മടിയിലൊളിപ്പിക്കുന്നതും കണ്ടിട്ടേ മുറി വിട്ടിറങ്ങൂ.
‘‘ഇവിടെ ഇതെല്ലാം എങ്ങനെ തരപ്പെടുത്തും? പഴയ കാലമല്ല '', അപ്പു നായരോട് അനിയൻ കൃഷ്ണൻ നായർ പറഞ്ഞു .
‘‘പെണ്ണിനുള്ളതുകൂടി കാശായിത്തരാമെന്ന് ഏറ്റിട്ടുണ്ട്.''
‘‘സമ്മതിച്ചോ?''
‘‘ഒന്നു മൂളി അത്ര തന്നെ. ഇനിയഥവാ അത്ര നിൽക്കപ്പൊറുതിയില്ലങ്കിൽ ബീവാത്തുമ്മയുടെ വീട്ടില് ഒരു രാത്രി പറഞ്ഞു വിടാം.''
‘‘മമ്മതല്ലാതെ വേറെ ഒരാൾ?'', അനിയൻ നായർ സംശയിച്ചു
‘‘മമ്മത് ബുദ്ധനായില്ലേ? ഇത് മേത്തനേക്കാൾ മൂപ്പുകൂടിയ ഇനമാണന്ന് പറയണം.''
‘‘മമ്മത് തരുന്നതിലും നാല് കാശ് കൂടുതലും തരുമെന്ന്.’’
ആര് പറയുമെന്ന് അനിയൻ നായര് സംശയിച്ചപ്പോൾ അപ്പു നായർ പറഞ്ഞു, ‘‘ശശിപ്പിള്ള''.
പീടികേലമ്മ ഒന്നു മാത്രമേ നിർബന്ധമായി പറഞ്ഞുള്ളൂ, തീണ്ടാരിത്തുണി കളയും പോലെ പുടവ കൊടുത്തവരെ കളയുന്ന ഏന്ത്യാനികളാണ് നായര് സ്ത്രീകളെന്നുള്ള വർത്തമാനം ഇതോടെ തീരണം.
രണ്ട് മക്കൾ നായന്മാരും തലയാട്ടി.
അമ്മയ്ക്കും രണ്ട് മക്കൾക്കും മാത്രമറിയാവുന്ന ശാസ്ത്രിയുടെ വരവ് രഹസ്യം ചന്ത്രത്തിൽ നായരും കളപ്പുര പണിക്കരും അറിഞ്ഞു.
മമ്മത് തിരിച്ചെത്തി. വേഷത്തിൽ യാതൊരു മാറ്റവുമില്ലായിരുന്നു.മഹല്ല് കമ്മറ്റിക്കാർ വന്ന് ചോദിച്ചു, ‘‘കേട്ടത് ശരിയാണോ?''
‘‘അതെ'', മമ്മത് പറഞ്ഞു.
‘‘കബറടക്കില്ല.''
‘‘വേണ്ട .''
‘‘പടച്ചോന് നെരക്കാത്തതാണ് ചെയ്തത്''
‘‘എനിക്കിനി പടച്ചോൻ ബുദ്ധനാണ്.''
‘‘അതെന്ത് വർത്തമാനമാണ് മമ്മതേ പറയുന്നത്?' '
‘‘അതങ്ങനാണ് മാമൂ...'
മക്കളാരും മമ്മതിനോട് ഒന്നും പറഞ്ഞില്ല. കെട്ടിയവളും ഒന്നും ചോദിച്ചില്ല. ചോദിച്ചാൽ മമ്മത് കഷ്ടപ്പെട്ട കഥകൾ കേൾക്കേണ്ടി വരും. ഇപ്പോൾ നടുവ് കൂനാതെ നിവർന്ന് നിന്ന കാലം അത്ര ദൂരത്തല്ലാത്തതുകൊണ്ട് അതിന്റെ കെട്ട മണം അവർക്ക് ഒന്നുകൂടി മൂക്കിനോട് ചേർക്കാൻ താത്പര്യമില്ലായിരുന്നു.
പടിഞ്ഞാറുള്ള ഈഴവരുടേയും പുലയരുടേയും വീടുകൾ രാത്രിയിൽ ആരോ തീയിട്ടു. വെണ്ണീറാകാൻ കൊട്ടാരമൊന്നുമല്ലല്ലോ എന്നായിരുന്നു ആദ്യമീ വാർത്ത കേട്ടപ്പോൾ പണിക്കരുടെ പ്രതികരണം. രണ്ട് കൂമ്പാളയും കൂടി വന്നാൽ കുമാരന്റെ ഒണക്ക ക്കവിതയുമല്ലേ പോകൂ!
കുടി കത്തിയതിനെക്കുറിച്ചുള്ള പരിഹാസം വായുവിൽ വെന്ത മനുഷ്യമാംസത്തേക്കാൾ നീറി നിന്നു. അത് ശ്വസിച്ചവരാകട്ടെ പതിന്മടക്കാക്കി പടർത്തി.
ആലപ്പുഴയിലും സ്ഥിതി മോശമായിരുന്നില്ലന്ന് അവിടെ നിന്നും വന്ന കമലാക്ഷൻ വേലുവിനോട് പറഞ്ഞു. പലരും തല്ലു കൊണ്ടു.ശ്രീധരൻ പിള്ളയുടെ ചായക്കട അടിച്ച് തകർത്തു.
പട്ടണക്കാട് വെട്ടക്കൽ മാളികയിൽ കോച്ചായുടെ കുടി കെടപ്പുകാരനായിരുന്നു വേലുവിന്റെ കുടുംബം. പാട്ടത്തിനും വാരത്തിനും കൃഷി ചെയ്തിരുന്ന കൃഷിക്കാരുടെ കൈയ്യിൽ നിന്നും കോച്ചയ്ക്ക് പുണ്യാളൻ പങ്ക് ,നേർച്ചപ്പങ്ക് ,കാവൽ ചുരുട്ട് ,ചിറ ചുരുട്ട് ,പടിക്കപ്പതം ,ധർമ്മാവ് ,കിളളിപ്പതം തുടങ്ങിയ ജന്മിഭോഗങ്ങൾ കൊടുക്കണമായിരുന്നു. മാത്രവുമല്ല ,പെണ്ണുകെട്ടിയാൽ പടി കാണിക്കണമെന്ന ചടങ്ങുമുണ്ടായിരുന്നു. പെണ്ണിനെ ഇഷ്ടമായാൽ കോച്ചയുടെ വീട്ടിൽ മൂന്നു മാസം അടിമപ്പണിയാണ്.
കോച്ചയുടെ നിലം വാരത്തിനെടുത്ത ചങ്കരന്റെ മകന്റെ ഭാര്യയെ പടി കാണിച്ചപ്പോൾത്തന്നെ കോച്ചയുടെ ചുണ്ടില് ഉമിനീരു കുറുകി.മൂന്നു മാസം കഴിഞ്ഞ് പച്ച കിടുകും കളിത്തേങ്ങയും പൂവൻകോഴിയും പടിക്കൽ വെച്ച് പെണ്ണിനെ കൂട്ടിക്കൊണ്ട് പോകാൻ വന്നപ്പോൾ ഒറ്റമുണ്ടും കൊടുത്ത് കോച്ചാ പെണ്ണിനെ പടിയിറക്കി വിട്ടു. നടക്കാൻ ആവതില്ലാതെ ,കുഴഞ്ഞ് ,പെണ്ണ് വീണു. തുടക്കിടയിൽ നിന്നുള്ള ചോര നിന്നില്ല. മൂന്നാംപക്കം മരിച്ചു.
വേലു പെണ്ണുകെട്ടിയപ്പോൾ ചായക്കടക്കാരൻ മാങ്കുടി ശ്രീധരൻ പിള്ളയുടെ അച്ഛൻ സുകുമാരനാണ് ചോദിച്ചത്, ‘‘വേലുവേ, മണ്ണോ നിനക്കില്ല.. പെണ്ണെങ്കിലും?''
വേലുവിന് എന്ത് ചെയ്യണമെന്ന് നിശ്ചയമില്ലായിരുന്നു.
സുകുമാരൻ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിക്കാരനായ തടുക്കു തയ്യൽക്കാരൻ കുഞ്ഞനോട് കാര്യം പറഞ്ഞു. തത്ക്കാലത്തേക്ക് ഇവിടുന്ന് പോകുന്നതാണ് നല്ലതെന്ന് കുഞ്ഞനും വേലുവിനോട് പറഞ്ഞു.
പെണ്ണുമായി ആ രാത്രി തന്നെ വേലു വരമ്പ് മുറിച്ചു.
കള്ളൻ കുട്ടൻ
നിർമാല്യം തൊഴാൻ പോയ പരമുനായരാണ് ആൽച്ചോട്ടിൽ ഒരു രൂപം വളഞ്ഞ് കിടക്കുന്നത് കണ്ടത്.
ശ്രീകോവിലിനുള്ളിലിരുന്ന് ഹനുമാൻ തിരുമേനി നാരായണിയുടെ വർത്തമാനം ശ്രദ്ധിച്ചു.വാരസ്യാരോടാണ് വർത്തമാനം, ‘‘അല്ല, തങ്കമേ നിങ്ങള് കണ്ടില്ലേ?''
‘‘ഇല്ല.''
ആലു ചുറ്റി വളഞ്ഞുകിടക്കുന്നു. കറുത്ത ഒരു രൂപം.ആദ്യം ഞാനൊന്ന് പേടിച്ചു. പിന്നെ ഭഗവതിയെ വിളിച്ച് ഒറ്റ നടത്തം.
വാരസ്യാരും അതുവഴിയാണ് വന്നത്. ചൂട്ടിന്റെ വെളിച്ചത്തിൽ മുന്നിലെ വഴിയല്ലാതെ വേറൊന്നും തെളിഞ്ഞിരുന്നില്ല.
‘‘കാലക്കേടു വരും മുമ്പ് ആലുചുറ്റി കാലൻ കെടക്കു’’ മെന്ന് പരമുനായര് പറഞ്ഞു. ഹനുമാൻ തിരുമേനി ആദ്യമായിട്ടായിരുന്നു അങ്ങനെയൊരു ചൊല്ല് കേൾക്കുന്നത്.
‘‘അതിപ്പോ എവിടുന്ന് കിട്ടിയതാ നായരേ?'
ഹനുമാൻ തിരുമേനിയുടെ പച്ചോല കീറും പോലുള്ള ഒച്ച ശ്രീകോവിലിന്റെ വാതിലുകൾ ഞെരിഞ്ഞു കടന്നു വന്നു.
‘‘കാരണവന്മാർ പറഞ്ഞത് കേട്ടതാണ്''
‘‘ഇനിയെന്ത് കാലക്കേട്? കാലക്കേടൊക്കെ തീർന്നില്ലേ?'' ഹനുമാൻ തിരുമേനി ഉള്ളിലിരുന്ന് ചിരിച്ചു.
‘‘അതേ അതേ, തിരുമേനിക്ക് അഞ്ച് കൊല്ലം ശ്രീകോവിലിൽ ഇരിക്കാമെന്ന പൂതി തീർന്നില്ലേ? ഒറ്റ വലിക്ക് താഴെ വീണില്ലേ?''
ഹനുമാൻ തിരുമേനി ശ്രീകോവിലിന്റെ വാതില് തുറന്നിട്ട് പറഞ്ഞു, ‘‘പൂണൂലു കത്തിച്ചതിന്റെ ചാരം ചെറുമുക്ക് വൈദികന് അയച്ചതിന്റെ ശിക്ഷ!''
ഹനുമാൻ തിരുമേനി വാതിലടച്ചു.
‘‘ബ്രാഹ്മണ ശാപം! '', നായര് പേടിച്ച് പറഞ്ഞു.
ഹനുമാൻ തിരുമേനി കുറച്ചു നേരം കൂടി ശ്രീകോവിലിനുള്ളിലിരുന്നു. കൊടുക്കാനുള്ള കടത്തിന്റെ കണക്കുകൾ കൂട്ടി. പൂജയും തേവാരവുമായി പോയതു കൊണ്ട് ഒരു കാര്യവുമില്ല. കച്ചവടമാണ് ഇനിയുള്ള കാലത്ത് രക്ഷപ്പെടാനുള്ള ഏക വഴി.മേത്തന്മാരേപ്പോലെ ,മാപ്പിളമാരേപ്പോലെ അതിലൊട്ട് വിരുതുമില്ല. എന്ത് ചെയ്യും? ആലോചിച്ച് നേരം കുറേ കഴിഞ്ഞു.
‘‘തിരുമേനിയിന്ന് പ്രത്യേക പൂജയാ'', പരമു നായര് നിർമാല്യം തൊഴാനെത്തിയ മറ്റുള്ളവരോട് പറഞ്ഞു.
കുറച്ചു കഴിഞ്ഞ് നട തുറന്നു.
ഭഗവതീന്ന് വിളിച്ച് കൈകൾ കൂപ്പി എല്ലാവരും നിന്നു. ഹനുമാൻ തിരുമേനി നടയ്ക്ക് നേരെ കൈകൂപ്പി പുറത്ത് നിൽക്കുന്ന ആളിനെ ശ്രദ്ധിച്ച് നോക്കി.നായർ കണ്ട കലികാലരൂപം ഇതു തന്നെ.
പ്രസാദം വാങ്ങി പുറത്തേക്കിറങ്ങിയവർ അതിരു കെട്ടാത്ത അമ്പലക്കുളത്തിന്റെ പടിയിലിരിക്കുന്ന ആളെ സൂക്ഷിച്ചുനോക്കി.
ചിറയ്ക്കലെ വസുമതി സംശയിച്ച് ചോദിച്ചു, ‘‘താഴത്തെ കുട്ടനല്ലേ?''
‘‘അതേ ചേച്ചീ'' , കുട്ടൻ പറഞ്ഞു.
നീ ഇപ്പോൾ എവിടാ? എന്നാ പണി? ഇങ്ങനെ ചോദ്യങ്ങൾ കൊണ്ട് നിർമാല്യം തൊഴാനെത്തിയവർ കുട്ടനു ചുറ്റും കൂടി.
തിരുമേനി എത്തിയപ്പോൾ അവരെല്ലാം ഒറ്റയ്ക്കും തെറ്റയ്ക്കുമായി അഴിഞ്ഞുപോയി.
തിരുമേനീ, കുട്ടൻ പറഞ്ഞു, ‘‘രാവിലെ വരുന്ന വഴിക്ക് കാണാൻ ഇരുന്നതാ. ഉറങ്ങിപ്പോയി.''
‘‘കാര്യം പറയ്’’
‘‘ചെറിയൊരു ശത്രുസംഹാരം''
‘‘ആരാണ് ശത്രു ?''
‘‘ഒന്നല്ല, കുറച്ച് കൂടുതലുണ്ട്'', കുട്ടൻ പറഞ്ഞു.
‘‘ഇവിടെ വെച്ച് വേണ്ട, ഇല്ലത്ത് വന്ന് പറഞ്ഞാൽ മതി''
കള്ളൻ കുട്ടൻ നാട്ടിലെത്തിയത് വെട്ടം വീഴും മുമ്പുതന്നെ കണിയാരുടെ ചെവിയിലെത്തി. വെറും ചായ മാത്രം കുടിച്ചിട്ട് കുട്ടനെ അന്വേഷിച്ച് കണിയാർ ഇറങ്ങി.
വടക്കേ ഇല്ലത്തേക്ക് പോയിട്ടുണ്ടന്ന് നാട്ടുകാരിലൊരാൾ പറഞ്ഞപ്പോൾ കണിയാരുടെ കാല് കൂട്ടിക്കെട്ടിയതുപോലെ അവിടെ നിന്നു. കുറച്ചു നേരം കൂടി അങ്ങോട്ടോ ഇങ്ങോട്ടോ എന്ന ആലോചനയിൽ നിന്നിട്ട് തിരിച്ച് നടന്നു.
നടന്നു വരും വഴിക്ക് ചെത്തുകാരൻ ദാമോദരൻ ഉച്ചത്തിലെന്തോ പറഞ്ഞു കൊണ്ട് വേലായുധൻ നായരുടെ തെങ്ങിലേക്ക് കയറുന്നത് കണ്ടു.ത്‌ളാപ്പിന്റെ വായ്ക്കുള്ളിൽ രണ്ടു കാലുകളും ഉടക്കി മണ്ടയിലേക്ക് ചാടിച്ചാടി കേറുന്നതിനൊപ്പം അത്രയും വേഗത്തിൽ താഴേക്ക് ദാമോദരന്റെ ഉശിരും പതിക്കുന്നുണ്ടായിരുന്നു ,അങ്ങനെ വീഴ്ത്താൻ നോക്കിയാൽ വീഴത്തില്ല.
പണിക്കര് മാട്ടയിലൂടെ ഏന്തി പറമ്പിലേക്ക് നോക്കി. അവിടെ ആരുമില്ല. പിന്നെ ആരോടാണ് ഈ വർത്തമാനമെന്ന് മനസ്സിലായില്ല. തെങ്ങിന്റെ കുടുന്തയിൽ എത്തിയിട്ടും ദാമോദരന്റെ ഒച്ച താഴേക്ക് വീണുകൊണ്ടിരുന്നു: ‘‘ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നവരെ കാലം ശിക്ഷിക്കുക തന്നെ ചെയ്യും. അതാണ് ചരിത്രം.''
പണിക്കർക്ക് കാര്യം തെളിഞ്ഞു. തിരിച്ച് മണ്ട നോക്കി നാല് വർത്തമാനം പറയണമെന്നുണ്ടങ്കിലും ദാമോദരന്റെ രക്തത്തിന്റെ ചൂട് അവന്റെ അപ്പന്റെ തന്നെയായതുകൊണ്ട് പണിക്കരൊന്നും പറഞ്ഞില്ല.
ദാമോദരന്റെ അപ്പൻ കേശവന്റെ കുടുംബത്തിലെ ഉദയ പൂജയ്ക്ക് ആചാര്യയായി വന്നത് കുമരകംകാരൻ ഒരു മുത്ത ചോവനാണ്. ഒരു വെള്ളിയാഴ്ച സൂര്യൻ കെടുംമുമ്പ് കേശവനും വ്രതമെടുത്ത വീട്ടിലെ മറ്റാൾക്കാരും ആർപ്പുവിളിച്ചും കുരവയിട്ടും പാടത്തെ വിരിപ്പന്തലിൽ വന്ന് വിളക്ക് കത്തിച്ചു. മൂന്ന് ദിവസത്തേക്ക് മഴ വീണോ കാറ്റു വീണോ കൈ വീശിയോ ഒന്നും വിളക്ക് അണയാൻ പാടില്ല.
പിറ്റേന്ന് അമ്മിക്കല്ല് അഭിഷേകം നടത്തി, സർപ്പങ്ങൾക്ക് തളിച്ച ശേഷം വിത്ത് കൂറിടും. പതിനാറര ഇടങ്ങഴി വിത്ത് പുണ്യാഹം തളിച്ച് തുല്യമായി പകുത്ത് വീണ്ടുമൊന്നിച്ചെടുത്ത് അരികുത്തി, പതിനാറ് നാളികേരമുടച്ച് പ്രാർത്ഥിക്കുമ്പോൾ ആചാര്യയ്ക്ക് നിമിത്തത്താൽ തോന്നുന്നത് അപ്പോൾ പറയും.. ചെറിയ ദോഷങ്ങൾ, വ്രതം തെറ്റിച്ചതിനുള്ള പ്രായശ്ചിത്തങ്ങൾ അങ്ങനെ.
‘‘ദാമോദരാ, ദുർലക്ഷണമാണല്ലോ കാണുന്നത് '', ആചാര്യ പറഞ്ഞു.
കുടുംബക്കാർക്ക് ആധിയായി.ദാമോദരന് കൂസലില്ലായിരുന്നു.
‘‘ശിവകോപം ഉണ്ട്.'', ആചാര്യ പറഞ്ഞു.
‘‘ഉണ്ടാവും’’, ദാമോദരനും പറഞ്ഞു.
‘‘വെറും കോപമല്ല, വീടുമുടിയും''
‘‘മുടിയട്ടെ''
ദാമോദരന്റെ ശബ്ദത്തിലെ കനത്തിൽ മൂത്ത ചോവനൊന്ന് അറച്ചു പോയി.
കുഞ്ഞാപ്പിയെന്ന പുലയ യുവാവിനും ഗോവിന്ദപ്പണിക്കരെന്ന നായർ യുവാവിനുമൊപ്പം വൈക്കത്ത് നിയമം ലംഘിച്ച ബാഹുലേയൻ എന്ന ഈഴവൻ ദാമോദരന്റെ അടുത്ത സുഹൃത്തായിരുന്നു. ചെത്തുതൊഴിലാളി ഊരുറപ്പിച്ച് ഇറങ്ങിയാൽ നാളെ ഷാപ്പിലും സത്യാഗ്രഹമുണ്ടാകുമെന്ന പേടി കൃസ്ത്യാനികളും ഈഴവരുമായ മുതലാളിമാർക്ക് പേടിയുണ്ടായിരുന്നു. കള്ളിന്റെ അളവ് കുറഞ്ഞാലും തെങ്ങിൽ നിന്ന് വീണാലും രോഗം വന്നാലും ഒരു ചെത്തുകാരൻ മറ്റേ ചെത്തുകാരനെയാണ് സംശയിച്ചിരുന്നത്. കൂടോത്രമാണന്ന് മുതലാളിമാർ ചെവിയിൽ നിർത്താതെ മൂളി മൂളി വിശ്വസിപ്പിക്കും.
ദാമോദരന്റെ ദുർലക്ഷണത്തെ തളയ്ക്കാൻ കഴിയാതെ മൂത്ത ചോവൻ പാടം വിട്ടു.
ദാമോദരന്റെ വിയർപ്പിന്റെ ഉപ്പുള്ള സന്തതിയിൽ വെറും വാക്ക് ഏശില്ലന്ന് പണിക്കർക്ക് നന്നായി അറിയാമായിരുന്നു.
ഞാൻ സവർക്കറിനെ കണ്ടു എന്ന് കുട്ടൻ ഹിന്ദിയിലാണ് തിരുമേനിയോട് പറഞ്ഞത്. പറഞ്ഞത് തിരുമേനിക്ക് മനസ്സിലായില്ല.
അതാരാ?
ഹിന്ദുക്കളുടെ ജിന്ന എന്ന് പറഞ്ഞാലോ എന്ന് കുട്ടൻ ആലോചിച്ചു.
തിരുമേനി ആരാ ജിന്നയെന്ന് ചോദിക്കും. അതുകൊണ്ട് നമ്മുടെ ആളാ എന്ന് മാത്രം പറഞ്ഞു. എന്നിട്ട് ഇത്ര കൂടി ചേർത്തു, ‘‘ഇനിയുള്ള കാലം അങ്ങേര് പറയുന്നതു കേട്ടാൽ പൂജയും തേവാരവും നടക്കും. ഇല്ലങ്കിൽ പൂണൂലുമിട്ട് പിച്ച തെണ്ടേണ്ടി വരും.''
തിരുമേനി കുട്ടന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കിയിരുന്നു.
ഇടക്കിടയ്ക്ക് ചില ഹിന്ദി വാക്കുകൾ വെള്ളത്തിൽപ്പുളവനെപ്പോലെ തലപൊക്കിയിട്ട് മുങ്ങാം കുഴിയിട്ട് മറയും.
കാര്യങ്ങളുടെ ഗൗരവമെന്തന്ന് തിരുമേനിക്ക് മനസ്സിലാവുന്നുണ്ടോന്ന് ഇടക്കിടക്ക് കുട്ടൻ ചോദിച്ചു കൊണ്ടിരുന്നു; തിരുമേനി തലയാട്ടിക്കൊണ്ടും.
‘‘മലബാറും നമ്മുടെ കൈയ്യിൽ നിന്നു പോകും'', കുട്ടൻ ഭാവി ഗണിക്കും പോലെ പറഞ്ഞു.
വീടും അമ്പലവും കരയും നാട്ടുവർത്തമാനവും മൂന്നു നേരം ചോറൂണും കോണകമുണക്കിയിടീലുമല്ലാതെ അതിര് വിട്ടുള്ളതൊന്നും തിരുമേനിക്ക് അത്ര പിടിയില്ലായിരുന്നു.
‘‘കുടിയേറ്റം'', കുട്ടൻ പറഞ്ഞു, ‘‘മലബാറിലെ മണ്ണ് മുഴുവൻ നസ്രാണികളെക്കൊണ്ട് വിളയുകയാണ്. കപ്പയ്ക്കും റബ്ബറിനുമൊപ്പം കുരിശും കൂടി വേരുപിടിക്കും.പിന്നെ പറിച്ചാലും പറിച്ചാലും പോരില്ല.''
അയ്മനംകാരൻ ഔസേപ്പ് കുറ്റ്യാടി മൂന്നാം കൈയ്യിലേക്ക് പണ്ട് കുടിയേറിയിട്ട് കാട്ടാനയും മലമ്പനിയും ചേർന്ന് മക്കളെ മുഴുവൻ കൊന്നത് തിരുമേനി കേട്ടിട്ടുണ്ട്. തിരിച്ച് അയ്മനത്തേക്ക് വന്ന ഔസേപ്പ് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നത് അന്ന് കരയിൽ ജാതിയോ മതമോ ഇല്ലാതെ ആളുകൾ പറഞ്ഞിട്ടുണ്ട്: പഞ്ഞം പട വസന്തയിൽ നിന്ന് ഞങ്ങളേയും സകലരേയും രക്ഷിക്കണേ...
മുട്ടിപ്പായി പ്രാർത്ഥിച്ചവന്റെ മുട്ടു കാലിന്റെ തഴമ്പിന് ദൈവം താങ്ങു കൊടുത്തതിന്റെ ഫലമാണ് പിന്നീടുണ്ടായ കൃസ്ത്യാനി വളർച്ചയെന്നു കൂടി കുട്ടൻ പറഞ്ഞപ്പോൾ മുപ്പത്തിമുക്കോടി ദൈവങ്ങളൊണ്ടായിട്ടെന്നാ കാര്യം, ഭൂപരിഷ്‌ക്കരണ നിയമമുണ്ടായില്ലേ എന്ന് തിരുമേനി പുച്ഛത്തോടെ ഓർത്തു.
‘‘കോവൂർ ശങ്കപ്പിള്ളയും മേക്കാട്ട് ബാലകൃഷ്ണൻ നായരും ചേർന്ന് കണ്ണൂര് വയത്തൂര് സ്ഥലം വാങ്ങി ഹിന്ദുക്കോളനി ഉണ്ടാക്കിയിട്ട് കാര്യമില്ല '', കുട്ടൻ പറഞ്ഞു. ‘‘പുറത്തേക്ക് പോയിട്ടല്ല അകത്താണ് കാര്യങ്ങൾ നടക്കേണ്ടത്.''
തിരുമേനിക്ക് അത്രയും വേഗത്തിൽ കുട്ടനൊപ്പം ഓടിയെത്താൻ കഴിഞ്ഞില്ലങ്കിലും പറയുന്നതിൽ കാര്യമില്ലാതില്ലന്ന് മനസ്സിലായി.
‘‘എത്ര ദിവസം ഇവിടെ ഉണ്ടാവും?'' തിരുമേനി ചോദിച്ചു.
‘‘തീരുമാനിച്ചിട്ടില്ല' കുട്ടൻ പറഞ്ഞു.
പോകും മുമ്പ് രഹസ്യമായി ചോദിച്ചു, ‘‘നമ്മുടെ പീടികേലെ നാരായണൻ?''
‘‘നാഗ്പൂരിലുണ്ട്'' കുട്ടൻ പറഞ്ഞു, ‘‘പിന്നെ മറ്റൊരു കാര്യം കൂടി, അമ്പലപ്പറമ്പ് മാപ്പിളപ്പിള്ളേർക്കും മേത്തപ്പിള്ളേർക്കും പന്ത് കളിക്കാനുള്ള സ്ഥലമാണോ?''
സ്‌കൂളിന്റെ മൈതാനവും അമ്പല മൈതാനവും ഒന്നായിരുന്നു. അതു വഴിയായിരുന്നു ബോർമക്കവലയിലേക്ക് ആളുകൾ നടന്നു പോയിരുന്നത്. അവിടെയായിരുന്നു കുട്ടികൾ വൈകുന്നേരങ്ങളിൽ കളിച്ചിരുന്നത്.
‘അല്ല... ', തിരുമേനിക്ക് എന്തു പറയണമെന്നറിയില്ലായിരുന്നു.
കുട്ടൻ പോകും മുമ്പ് ഹിന്ദിയിൽ എന്തോ പറഞ്ഞു. അത് പോകും മുമ്പുള്ള യാത്രാമൊഴിയോ ,വിടവാങ്ങൽ വന്ദനമോ ആയിരിക്കാം എന്ന് തിരുമേനി സങ്കൽപ്പിച്ചു .
അന്ന് രാത്രി ചെത്തുകാരൻ ദാമോദരനെ വീടിനു പിന്നിലെ തോടിനടുത്തിട്ട് ആരോ വെട്ടി.
കസേര
വീടിന്റെ പൂമുഖത്തിട്ടിരുന്ന തേക്കിൽക്കടഞ്ഞ കസേരകാട്ടി മന്നത്ത് പത്മനാഭൻ ഇരുന്ന കസേരയെന്ന് വരുന്നവരോടും പോകുന്നവരോടും മേനി പറയുന്നത് പീടികേലമ്മയുടെ സ്ഥിരം ശീലങ്ങളിലൊന്നായിരുന്നു. മകളുടെ കല്യാണം ക്ഷണിക്കാൻ വന്ന കോൺഗ്രസ്സ് നേതാവ് ശിവരാമൻ നായർ നടത്തത്തിന്റെ തളർച്ചയിൽ വന്ന പടി ഒന്നിരുന്നു പോയി. ഒറ്റയാട്ടിന് പീടികേലമ്മ ശിവരാമൻ നായരെ മുറ്റത്തെത്തിച്ചു. മന്നമിരുന്ന കസേരയിൽ കോൺഗ്രസ് പൃഷ്ഠം തൊട്ട് അശുദ്ധമാക്കിയതാണ് അവരെ കലി പിടിപ്പിച്ചത്.
സർ സി.പി യുടെ ഷഷ്ട്യബ്ദപൂർത്തിക്ക് മന്ത്രത്തോടൊപ്പം മംഗളപത്രസമർപ്പണത്തിന് തിരുവനന്തപുരത്ത് പോയതാണ് ചന്ത്രത്തിൽക്കാരുടെ വിശേഷം.
ചന്ത്രത്തിൽക്കാരണവർ അന്ന് പറയുന്നത്, പത്മനാഭന്റെ മണ്ണിൽ നമ്മുടെ പത്മനാഭൻ കാലു കുത്തിയപ്പോൾ കൊടും കൈയ്യും കുത്തിക്കിടന്നയാൾ ചാടി എണീറ്റു!
ഈ ആലങ്കാരികതയിൽ ദൈവദോഷമൊന്നും ആരും കണ്ടില്ല. സമുദായ നേതാവിനോളം മച്ചിനുള്ളിൽ കുടിയിരിക്കുന്ന ഒരു പരദേവതയ്ക്കും ഒന്നും ചെയ്യാൻ കഴിയില്ലന്ന യുക്തിയൊക്കെ അപ്പോഴേക്കും അവർക്കിടയിൽ കനം വെച്ചിരുന്നു.
പടവും കസേരയുമുണ്ടായിട്ട് കാര്യമില്ല, നായർ സ്ത്രീകൾ കമ്മ്യൂണിസ്റ്റുകാരായ ഭർത്താക്കന്മാരെ ഉപേക്ഷിക്കണമെന്ന് മന്നം പറഞ്ഞയുടൻ ഇവിടുത്തെ കുഞ്ഞുലക്ഷ്മി ഒരു നിമിഷം പോലും ആലോചിക്കാതെയല്ലേ ആ കോന്തൻ കമ്യൂണിസ്റ്റ് നായരെ ഇറക്കിവിട്ടത്? കളപ്പുരക്കാരുടെ ഈ വീറിനു മുമ്പിൽ അന്നും ഇന്നും മറ്റ് രണ്ട് കുടുംബക്കാർക്കും മിണ്ടാട്ടം മുട്ടും. പക്ഷേ രണ്ടു പേർക്കും പൊതുവായ ന്യായമുണ്ടായിരുന്നു. കെട്ടുമ്പോൾ വർക്കത്തുള്ളവരെ കെട്ടണം. ചോവന്റേം പൊലയന്റേം ചോരയുണ്ടങ്കിൽ കമ്യൂണിസ്റ്റാവും.
ഇടപ്പള്ളിയിൽ നിന്ന് പണ്ട് എണ്ണ തൊട്ട് ശുദ്ധമാക്കാൻ കൊണ്ടുവന്ന മാപ്പിളമാരിൽപ്പെട്ട കൊച്ചുവാണ് ആലപ്പുഴയിൽ നിന്നും കിട്ടിയ രഹസ്യം ചന്ത്രത്തിൽ കാരണവരോട് പണ്ട് പറഞ്ഞത്, ഒരു കൃഷ്ണപിള്ള മുണ്ടും മാടി ഇറങ്ങീട്ടുണ്ട്. കാരണവർക്ക് മറ്റ് കുടുംബങ്ങളോട് ശത്രുതയുണ്ടങ്കിലും ഈ രഹസ്യം അവർ കൂടി അറിയുന്നതിലേക്കായി കൊച്ചുവിനെ ശട്ടം കെട്ടി.
കൃഷ്ണപിള്ളയെന്ന രഹസ്യം അവരുടെ ഉറക്കത്തെ ബാധിച്ചു. ഓരോ കുടുംബത്തിലും അന്തകവിത്തുകൾ മുളപൊട്ടുമോ എന്നവർ പേടിച്ചു.അതുകൊണ്ടുതന്നെ പാടത്തും പറമ്പിലും പണിക്കു വരുന്നവരോട് നാക്കിൽ വെഷം നീട്ടിയേ ഉരിയാടാവൂ എന്ന് കല്ലേൽപ്പിളർക്കുന്ന ശാസന ഉണ്ടായിരുന്നു.
കളരിക്കലെ കാരണവരാണ് ഒടുവിൽ സമാധാനം കണ്ടത്, കൃഷ്ണപിള്ളയെന്നാൽ, വെറും പിള്ള! വെള്ളാളപ്പിള്ള!
അതിൽ കാരണവന്മാരുടെ ശ്വാസം പൂർവ്വസ്ഥിതിയിലായി.
പാലായിൽ നിന്നും വന്നിരുന്ന കുഞ്ചെറിയ നാലക്ഷരം വായിക്കാനറിയാവുന്നവർക്കായി ചില ലഘുലേഖകൾ നാട്ടിലെ പ്രമുഖരെ ഏൽപ്പിക്കുമായിരുന്നു. കുഞ്ചെറിയയുടെ അപ്പനും അപ്പനപ്പന്മാരും കൃഷിക്കാരായിരുന്നു. മകനെ മണ്ണിലേക്ക് ഇറക്കി വളം കടിക്കാൻ വിടുന്നില്ലന്ന വാശിയിലാണ് പഠിക്കാൻ വിട്ടത്.തിരുവനന്തപുരത്ത് നിയമം പഠിച്ച കുഞ്ചെറിയ ഒരിക്കൽ വീട്ടിൽ വന്നപ്പോൾ അപ്പനോട് പറഞ്ഞു, മൂന്ന് ക്രിസ്ത്യാനികളാ അവിടെ കമ്മ്യൂണിസ്റ്റുകൾ: കെ. സി. ജോർജ്, പി. ടി. പുന്നൂസ്, സി. ജെ. തോമസ്.
കൂത്താട്ടുകുളങ്കാരൻ തോമസിന്റെ അപ്പനെ കുഞ്ചെറിയയുടെ അപ്പൻ ഫ്രഞ്ചു ദേവസ്യയ്ക്ക് അറിയാമായിരുന്നു.
കമ്മ്യൂണിസ്റ്റായിട്ട് മാർഗം കൂടിയാലും രണ്ട് കള്ളന്മാർ കുരിശിൽ തന്നെ തൂങ്ങും. നടുക്കുള്ള തോമാ ഉയിർത്തെഴുന്നേൽക്കും.അതാ രക്തം.അപ്പൻ പറഞ്ഞത് അന്ന് കുഞ്ചെറിയയ്ക്ക് മനസ്സിലായില്ല. പിന്നീട്, കൊട്ടുകാപ്പള്ളിക്കാരുടെ കൂടെ തോമാച്ചനെ കണ്ടപ്പോൾ അപ്പന്റെ പ്രവചനത്തിന്റെ തിരുവെളിച്ചമറിഞ്ഞ് കുരിശ് വരച്ചു.
കുഞ്ചെറിയ ഡമോക്രാറ്റിക് പബ്ലിക്കേഷൻസിന്റേയും വോയ്‌സ് ഓഫ് കേരളയുടേയും ലഘുലേഘകൾ നടന്ന് പ്രചരിപ്പിക്കുന്നതിനിടയിലാണ് വായിക്കാനറിയാവുന്നവർക്കായി എന്ന മട്ടിൽ ഇതെല്ലാം കൊടുത്തിരുന്നത്. അത് മാത്രമായിരുന്നില്ല, സിവിൽ കേസുകളെല്ലാം ഒറ്റയടിക്ക് കൊണ്ടു പോകുന്നതിലും കുഞ്ചെറിയ ശ്രദ്ധ കൂർപ്പിച്ചിരുന്നു.
അങ്ങനെ ചോവത്തീം നമ്പൂരാരും തമ്മിലുള്ള സംബന്ധം തീർന്നു!
ഇങ്ങനെയാണ് പടികേലമ്മ ആശ്വസിച്ചത്. അതേ ആശ്വാസം തന്നെയായിരുന്നു മറ്റുള്ളവർക്കും. മന്നത്തിനൊപ്പം ജീവശിഖാ ജാഥയ്ക്ക് പോയവരെ വിളിച്ച് കൂട്ടി മൂന്ന് കുടുംബക്കാരും സദ്യ കൊടുത്തു.
കാവിലെത്തിരുമേനി ജനസംഘമായന്ന് ഊണിനിടയിലിരുന്ന് ആരോ ഒരാൾ പറഞ്ഞു. വാജ്‌പേയ് വന്നു പ്രസംഗിച്ച് പോയതല്ലാതെ ജനസംഘക്കാരാരും തന്നെ കരയിൽ ഉണ്ടായിരുന്നില്ല.
അതെന്താണ് പെട്ടന്നൊരു മാറ്റം? ചോറുരുള വായിൽ നിറഞ്ഞ് നിന്നുള്ള ചോദ്യത്തിന് സ്ഫുടതയില്ലാത്തതുപോലെ തന്നെയായിരുന്നു അതിനുള്ള മറുപടിയും, ആർക്കറിയാം?
കണിയാർ കള്ളൻ കുട്ടനെ കാത്തിരുന്നെങ്കിലും മനക്കണക്കുകൾ തെറ്റിച്ച് കുട്ടൻ പോയി. അതിരുകല്ലുകൾ ദിവസവും മുയലു ചാടും പോലെ അക്കരയച്ഛന്റെ പറമ്പിനുള്ളിലേക്ക് കുതിച്ചു കൊണ്ടിരുന്നു.
ഇനിയെന്തു ചെയ്യുമെന്നുള്ള തോന്നലുകൾ തികട്ടിത്തികട്ടി കണിയാർക്ക് പരവേശം കൂടി. ഒടുവിൽ ആറ്റുമാലിക്കടുത്തുള്ള ഗോപാലനോടുതന്നെ സഹായം ചോദിക്കാമെന്ന് തീർച്ചയാക്കി. സപിണ്ഡിക്കാരനാണ് ഗോപാലൻ. അച്ഛനും അമ്മയും ഇല്ല. ഒരു പട്ടി മാത്രമാണ് ആകെയുള്ള ബന്ധു. ഒരു നായരും ഗോപാലനെ അകന്ന കൂട്ടത്തിൽപ്പോലുമുള്ളവനായി കണക്ക് എഴുതിയിട്ടില്ല. ചത്തു കഴിയുമ്പോൾ സപിണ്ഡിരിക്കാൻ ഗോപാലൻ വേണം. മരണമാണ് ഗോപാലന് വിലയുണ്ടാക്കുന്ന ഏക സമയം.ഗോപാലന് ചില കൂട്ടിക്കൊടുപ്പുകളും പോലീസ് ബന്ധങ്ങളും ഉണ്ടായിരുന്നുവെന്ന് അത്ര തീർച്ചയല്ലാത്ത സംസാരം നാട്ടിലുണ്ട്.
കണിയാര് ആറ്റുമാലിയിൽ നിന്ന് ഗോപാലനെ വിളിച്ചു.
ഗോപാലനേക്കാൾ മുമ്പ് പട്ടി ഇറങ്ങി വന്നു. അത് പണിക്കരുടെ കാലിൽ മണത്തും ചുറ്റും നടന്നും കഴിഞ്ഞപ്പോൾ ഗോപാലൻ വന്നു. കണിയാരെ കണ്ടപ്പോൾത്തന്നെ വിളിച്ചു ചോദിച്ചു, ‘‘ആരാ ചത്തത്?''
‘‘ആരും ചത്തില്ല'' കണിയാര് പതുക്കെപ്പറഞ്ഞു.
ചാരായത്തിന്റെ മണം ഗോപാലനു മുൻപേ നടന്ന് കണിയാരുടെ മൂക്കിൽ തൊട്ടു.
‘‘എന്നാ കാര്യം?''
‘‘ചെറിയൊരു സഹായം'', കണിയാർ ഭവ്യതയോടെ പറഞ്ഞു.
ഗോപാലൻ ഒന്ന് നോക്കി, കണിയാർക്ക് ഞാനെന്ത് സഹായമാണ് ചെയ്യേണ്ടതെന്ന മട്ടിൽ.
‘‘അക്കരയച്ഛന്റെ വീട്ടിലിപ്പോൾ ആരുമില്ലല്ലോ, അകത്ത് എന്തൊക്കയോ നീക്കിയിരിപ്പുണ്ട്. എടുത്തു തന്നാൽ പകുതി പകുതി. ആധാരമുണ്ടങ്കിൽ അതിങ്ങ് തരണം .അതിനുള്ളത് വേറെ തരാം.''
ഗോപാലൻ ഇതുവരെ മോഷ്ടിച്ചിട്ടില്ലാത്തതുകൊണ്ട് അതിന്റെയൊരു കൈക്കുറവ് ഉണ്ടായേക്കുമെന്നുള്ള പേടി പറഞ്ഞു, കൂടെക്കൂടാം. പക്ഷേ, മിടുക്കുള്ള ഒരാൾ അല്ലെങ്കിൽ നാട്ടുകാരറിയും.
‘‘മിടുക്കുള്ള ആരെ അറിയും?''
‘‘കുറുപ്പും തറയ്ക്കടുത്ത് ഒരു ഔതോനുണ്ട്. ഔതോന്റെ ചെല പിള്ളേര് ഇതിന് പറ്റിയതാണ്.''
‘‘വിശ്വസിക്കാമോ?''
‘‘വിശ്വസിക്കാം. പോലീസിന്റെ ഏജന്റാരുന്നു''
ദാമോദരന് ബോധം വരുമ്പോഴൊക്കെ മകനെ അടുത്ത് വിളിച്ചിരുത്തി പറഞ്ഞ് കൊടുത്തു, ‘‘പച്ചരിപ്പാകമെത്തിയ കൂമ്പു വേണം ചെത്താനെടുക്കേണ്ടത്. ചൊട്ടയുടെ ഇടത്തു നിന്ന് മേലുള്ള കരുവിക്ക് തല്ലി പരുവമാക്കണം. ഒന്നുകിൽ അന്ന്, അല്ലെങ്കിൽ പിറ്റേന്ന് കൂമ്പറ്റം മുറിച്ച് ഓല വിടർത്തിക്കെട്ടണം. എട്ട് ദിവസം കഴിയുമ്പോൾ കുല തുളിക്കും. തുളിക്കുന്ന ചൊട്ടയിൽ ചെത്ത് മണ്ണോ ,വെട്ടി മരത്തിന്റെ തളിരിലയോ അരച്ചിടണം. നല്ല കള്ള് തരുന്ന തെങ്ങാണങ്കില് അകിട് ചൊരത്തും പോലെ ചൊരത്തും.''
‘‘നീ ചെത്തുകാരനാവണ്ട ’’, ദാമോദരന്റെ ചുണ്ടിൽ ചെറിയൊരു ചിരി വന്നു.മെല്ലെ കണ്ണുകളടഞ്ഞു.
ജനറൽ ആശുപത്രിക്കുപുറത്ത് മന്നത്തിനും ആർ. ശങ്കറിനും ഒന്നിച്ചുള്ള മുദ്രാവാക്യം തീണ്ടലില്ലാതെ ഒന്നിച്ചുചേർന്നു. പീടികയിലേയും കളരിക്കലിലേലയും ചന്ത്രത്തിലേയും മുഴുവനാളുകളും ആൾക്കൂട്ടത്തിൽ ഉണ്ടായിരുന്നു.▮
(ഓർമകളുടെ ജീവചരിത്രം എന്ന എഴുതി വരുന്ന നോവലിൽ നിന്നുള്ള ഭാഗം)
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.