ഉറക്കവ്യാധി

ണ്ടാം തവണ ആശുപത്രിയിൽനിന്നു മടങ്ങിയെത്തിയ രാത്രിയിൽ ഞാൻ അസ്വസ്ഥയായിരുന്നു. അന്ന് എന്നെ ഒറ്റയ്ക്കാക്കാൻ കൂട്ടുകാർ തയ്യാറായിരുന്നില്ല. ഞാൻ പക്ഷേ, വല്ലാത്തൊരു അവസ്ഥയിലായിരുന്നു. അവരൊന്നു പോയിത്തന്നാൽ മതിയെന്നായിരുന്നു എനിക്ക്. അവർ ഭക്ഷണം ഉണ്ടാക്കി എന്നെ കഴിപ്പിച്ചു കുറച്ചു നേരം സംസാരിച്ചിരുന്ന ശേഷം യാത്ര പറഞ്ഞു. ഞാൻ ഗേറ്റു വരെ അവരെ അനുഗമിച്ചു. അവർ മറഞ്ഞിട്ടും ഞാൻ അവിടെ നിന്നു. വേപ്പു മരങ്ങളിൽനിന്ന് മൈനകളുടെ ബഹളം മാത്രമേ അന്തരീക്ഷത്തിൽ ഉണ്ടായിരുന്നുള്ളൂ. ഞാൻ അവയ്ക്കു കാതോർക്കാൻ ശ്രമിച്ചു. തീർച്ചയായും അവ തമ്മിൽ സംസാരിക്കുകയായിരുന്നു. എന്തായിരുന്നു അവ സംസാരിച്ചിരുന്നത് എന്നു മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചു. മുതിർന്നവർ കുട്ടികൾക്കു ക്ലാസെടുക്കുകയായിരുന്നോ? ഇണകൾ പരസ്പരം പരിഭവിക്കുകയോ ശകാരിക്കുകയോ ആയിരുന്നോ? തട്ടു തട്ടായ ചില്ലകളുള്ള ആ മരങ്ങൾ ഓരോന്നും ഓരോ സ്വതന്ത്ര രാഷ്ട്രം ആയിരുന്നോ? അവിടെ അതിർത്തികളും നുഴഞ്ഞു കയറ്റവും അഭയാർത്ഥികളും ഉണ്ടായിരുന്നോ? അവിടെ ജനാധിപത്യവും മതമൗലികവാദവും പോലീസ് മർദ്ദനവും ഉണ്ടായിരുന്നോ? ദിവസവും കുറച്ചു നേരം കാതോർത്താൽ അവയുടെ ഭാഷ പഠിക്കാവുന്നതേയുള്ളൂ എന്നു ഞാൻ വിചാരിച്ചു.

അങ്ങനെയൊക്കെ വിചാരിക്കുമ്പോഴും എല്ലാം ഞാൻ ഉറക്കത്തിൽ ചിന്തിക്കുന്നതാണോ അതോ സത്യമായും സംഭവിക്കുന്നതാണോ എന്ന ആശയക്കുഴപ്പം നിലനിൽക്കുകയും ചെയ്തു. പക്ഷേ, ആ രണ്ടാമത്തെ അനുഭവത്തോടെ, ഉറക്കമായാലും ഉണർവ്വായാലും ഒരുപോലെയേ ഉള്ളൂ എന്ന അവസ്ഥയിൽ ഞാൻ എത്തി എന്നതു വേറെ കാര്യം.

ഞാൻ അകത്തു കയറി വാതിൽ അടച്ചു. മേൽ കഴുകി വസ്ത്രം മാറി കട്ടിലിൽ ചെന്നു കിടന്നു. അഖ്‌സയും എലീസയും എന്റെ ചുമലുകളിലൂടെ കയ്യിട്ടിരിക്കുന്ന ചിത്രം എടുത്തു രണ്ടു പേർക്കും ഓരോ ഉമ്മ കൊടുത്തു. അവരുടെ കണ്ണുകളിൽ നോക്കിക്കിടക്കെ, എന്റെ കണ്ണുകൾ നിറഞ്ഞു. സോഷ്യൽ സയൻസ് പരീക്ഷയുടെ തലേന്നു പഠിപ്പിക്കാൻ ചെല്ലാമെന്ന് അഖ്‌സയ്ക്കു കൊടുത്ത വാക്കു പാലിക്കാൻ കഴിഞ്ഞിരുന്നില്ല. എലീസയ്ക്കും എന്റെ സഹായം ഇല്ലാതെ പരീക്ഷ എഴുതേണ്ടി വന്നു. ആദ്യത്തെ തവണ അഡ്മിറ്റ് ആയപ്പോൾ കുട്ടികളെയും കൂട്ടി അലീമ കാണാൻ വന്നിരുന്നു.

രണ്ടാമത്തെ തവണ കുട്ടികളെ കൊണ്ടുവരണ്ട എന്നു ഞാനാണു നിർദ്ദേശിച്ചത്. സമരത്തിന്റെയും കലാപത്തിന്റെയും ഇടയിലൂടെ പർദ്ദയും ഹിജാബും ധരിച്ച് അലീമയും കുട്ടികളും നഗരത്തിലൂടെ യാത്ര ചെയ്യുന്നത് എന്നെ അസ്വസ്ഥയാക്കി. ആലിയയുടെ ഹിജാബിന്റെ കീറ് സ്വപ്നത്തിൽ ഞാൻ അത്ര വ്യക്തമായാണു കണ്ടത്.
രസോയി വലിച്ചു പുതച്ചു ഞാൻ ലൈറ്റ് അണച്ചു. എന്റെ ഇരുപത്തിയഞ്ചാം ജൻമദിനത്തിന് ഇജാസിന്റെ ഒറ്റ മുറി ഫ്‌ലാറ്റിൽ മെഴുതിരികളും സീരീസ് ബൾബുകളും കൊണ്ട് അയാൾ വെളിച്ചത്തിന്റെ ഒരു യക്ഷിക്കൊട്ടാരം ഒരുക്കിയത് ഓർമ്മയിൽ തെളിഞ്ഞു. അതിനു നടുവിൽ റെഡ് വെൽവെറ്റിന്റെ ഒരു ഭംഗിയുള്ള കേക്ക് പ്രതിഷ്ഠിച്ചിരുന്നു. ആ കേക്ക് അയാൾ സ്വയം ബേക്ക് ചെയ്തതായിരുന്നു. അത്രയും രുചിയുള്ള കേക്ക് അതിനു മുമ്പൊരിക്കലും ഞാൻ കഴിച്ചിട്ടുണ്ടായിരുന്നില്ല. അയാൾ ഗിറ്റാർ വായിച്ച് ഹാപ്പി ബർത്ത് ഡേ പാടിയപ്പോൾ ഞാൻ വിതുമ്പി കരയുകയും ഫെയറിയുടെ തലയിലെ ഇരുപത്തിയഞ്ച് മെഴുതിരികളിൽ ചിലത് എന്റെ കണ്ണീർ വീണ് അണയുകയും ചെയ്തു.

കേക്ക് മുറിച്ച് ഒരു കഷ്ണം അയാളുടെ വായിൽ വച്ചു കൊടുക്കുമ്പോൾ എന്റെ കൈ വിറച്ചു. കേക്കിന്റെ ഐസിങ് അയാളുടെ മീശരോമങ്ങളിൽ പറ്റിപ്പിടിച്ച് അയാളെ വയസ്സനാക്കി. ഞാൻ ചൂണ്ടുവിരൽ കൊണ്ട് അതു തുടയ്ക്കാൻ ശ്രമിച്ചു. അയാൾ എന്റെ വിരൽ തുമ്പു പിടിച്ചു സ്വന്തം ചുണ്ടുകളിൽ ഉരച്ചു. എന്റെ വിരലിലൂടെ വൈദ്യുതി പാഞ്ഞു. അയാൾ എന്റെ താടി പിടിച്ചുയർത്തി 'ഫിദ, ഞാൻ ചുംബിച്ചോട്ടെ?' എന്നു ചോദിച്ചു. അയാളുടെ ശബ്ദം ആർദ്രവും നിസ്സഹായവുമായിരുന്നു.

അയാളുടെ കണ്ണുകളിൽ എന്നോടുള്ള സ്‌നേഹം തിളങ്ങിയിരുന്നു. പതിനാലു വയസ്സു മുതൽ പ്രേമിച്ചു വിവാഹം കഴിച്ച നിസാമിനെ ഓർത്തു ഞാൻ പതറി. അന്നു ഞങ്ങളുടെ കുട്ടികൾക്കു നാലും രണ്ടും വയസ്സു വീതമേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും ഞാൻ അയാൾക്കു ചുണ്ടുകൾ നീട്ടിക്കൊടുത്തു. സ്ലീപ്പിങ് ബ്യൂട്ടി എന്ന യക്ഷിക്കഥയിലെ നായികയായ ബ്രയർ റോസിനെ എന്നതുപോലെ അയാൾ എന്നെ ചുംബിച്ചു. എന്റെ നൂറു കൊല്ലം നീണ്ട നിദ്ര വിട്ടു ഞാൻ എന്നെന്നേക്കുമായി ഉണർന്നു.

ആ ഓർമ്മയിൽ എന്റെ ശരീരം എരിഞ്ഞു. ഇജാസിനെ പിരിഞ്ഞതിനു ശേഷം എനിക്കു സെക്‌സിലോ പ്രേമത്തിലോ താൽപര്യം തോന്നിയിരുന്നില്ല. എന്റെ രതിയുടെ ടമാതി ബാകോ ഞാൻ അന്നേ തുറന്നു വലിച്ചെറിഞ്ഞിരുന്നു. അതിൽനിന്നുള്ള വെളുത്ത പുകയിൽ ഞാൻ പടുവൃദ്ധയായി മാറിയിരുന്നു. പക്ഷേ, ആ രാത്രിയിൽ ഓർക്കാപ്പുറത്ത് എന്റെ യൗവ്വനം അനിയന്ത്രിതമായി തിരികെ വന്നു. പതിനാലാം വയസ്സിൽ നിസാമിനെ പ്രേമിച്ചപ്പോഴത്തെപ്പോലെ എന്റെ ശരീരം ഒരു പുരുഷനെ ചുംബിക്കാനും ചുറ്റിപ്പിണയാനും ആഗ്രഹിച്ചു. ഞാൻ എന്റെ ശരീരത്തെ പിടിച്ചു ഞെരിച്ചു. തുടകൾ കൂട്ടിയുരച്ചു. തിരിഞ്ഞും മറിഞ്ഞും കിടന്നു. പെട്ടെന്നാണ് ഒരു കാര്യം ഓർമ്മ വന്നത്. രണ്ടു തവണ ഉറക്കത്തിന്റെ തുരങ്കത്തിലേക്കു വീണപ്പോഴും എനിക്ക് അതുവരെയില്ലാത്ത കാമാവേശം അനുഭവപ്പെട്ടിരുന്നു. ഉറക്കവും ശരീരത്തിന്റെ എരിപൊരിയുമായി ബന്ധമുണ്ടോ എന്ന് എനിക്കു സംശയം തോന്നി. സ്ലീപ്പിങ് ബ്യൂട്ടി സിൻഡ്രോം എന്നു ഞാൻ സ്വയം മന്ത്രിച്ചു. സ്ലീപ്പിങ് ബ്യൂട്ടി കഥയിലെ നായികയായ ബ്രയർ റോസിന്റെ ചുണ്ടുകളിൽ രാജകുമാരൻ ചുണ്ടമർത്തിയതു പോലെ ആയിരുന്നു അത്. ഇജാസിന്റെ ശബ്ദത്തിൽ സ്ലീപ് ഹോളോ എന്നു മുഴങ്ങി. പൊള്ളയായ ഒരു തുരങ്കത്തിൽനിന്ന് എന്നതുപോലെ ആ വാക്ക് എന്റെ തലയ്ക്കുള്ളിൽ അലയടിച്ചു.

രണ്ടായിരത്തിപ്പതിനാലു ഫെബ്രുവരി പതിനാലാം തീയതി എന്റെയും ഇജാസിന്റെയും നിക്കാഹ് നടക്കേണ്ടതായിരുന്നു. റഷ്യൻ യക്ഷിക്കഥകൾ തേടി പഴയ സോവിയറ്റ് യൂണിയനിലെ പര്യടനം കഴിഞ്ഞ് അയാൾ ഫെബ്രുവരി അഞ്ചിനു മടങ്ങിയെത്തേണ്ടതായിരുന്നു. ജനുവരി ഇരുപത്തിയാറിനു കസഖ്സ്ഥാനിലെ ഓമാട്ടിയിൽ നിന്നാണ് ഒടുവിൽ വിളിച്ചത്. അന്നു രാത്രി മുഴുവൻ ഞങ്ങൾ സംസാരിച്ചു. പിന്നീടു ഫോൺ വിളിയൊന്നും ഉണ്ടായില്ല. എനിക്ക് അതിൽ അസ്വസ്ഥതയും തോന്നിയില്ല. കവറേജ് ഇല്ലാത്ത മലയടിവാരങ്ങളിലോ കായൽത്തീരങ്ങളോ അലഞ്ഞു തിരിയുന്ന പ്രിയപ്പെട്ടവനെ ഞാൻ പ്രേമത്തോടെ സങ്കൽപ്പിച്ചു. ഏതു നിമിഷവും അയാളുടെ വിളി ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു.
പഴയ ഡൽഹിയിൽ താമസിക്കുന്ന ഒരു റിസർച്ച് സ്‌കോളറെ കല്യാണത്തിനു ക്ഷണിച്ചിട്ടു ഫ്‌ലാറ്റിൽ മടങ്ങിയെത്തി പർദ്ദയും ഹിജാബും ഊരാൻ തുടങ്ങുമ്പോഴാണ് +7ൽ തുടങ്ങുന്ന ഒരു നമ്പരിൽനിന്നു കോൾ വന്നത്.

അപാരമായ ആശ്വാസത്തോടെയും ആർത്തിയോടെയും ഞാൻ അത് അറ്റൻഡ് ചെയ്തു. പക്ഷേ, അപ്പുറത്ത് ഒരു അപരിചിതനായിരുന്നു. കസഖ്സ്ഥാൻ പോലീസ് ഇജാസിനെ അറസ്റ്റ് ചെയ്തതായി അയാൾ അറിയിച്ചു. അന്ധാളിച്ചു പോയെങ്കിലും, ഞാൻ ധൈര്യം കൈവിട്ടില്ല. എന്താണ് ഇജാസ് ചെയ്ത കുറ്റം എന്നു ഞാൻ ചോദ്യം ചെയ്തു.
'' ബലാൽസംഗം.''
അപരിചിതൻ പറഞ്ഞു.
'' ചുമ്മാ!''
'' ഞാൻ ഇജാസിന്റെ ലോയറാണ്. ഞങ്ങളുടെ രാജ്യത്തു ബലാൽസംഗം അത്ര തമാശയല്ല. ''
ഞാൻ ഒന്നു ഞെട്ടിയെന്നതു സത്യമാണ്. എങ്കിലും ഞാൻ സമചിത്തത വീണ്ടെടുത്തു. ലോകത്തെ മുഴുവൻ പുരുഷൻമാരും ബലാൽസംഗം ചെയ്യാൻ തീരുമാനിച്ചാൽപ്പോലും ഇജാസിന് അതു സാധ്യമല്ലെന്ന ഉറപ്പിൽ ഞാൻ ഉറക്കെച്ചിരിച്ചു. അതുകൊണ്ട്, വക്കീൽ ഫോൺ ഇജാസിനു കൈമാറിയപ്പോൾ ഞാൻ പ്രേമലോലയായി.
''ഇജാസ്, നിങ്ങൾ ധൈര്യമായിരിക്ക്. ഞാൻ കൂടെയുണ്ട്. മറ്റെന്തു കുറ്റം ചെയ്താലും നിങ്ങൾ ഒരാൾക്കു മേലും ബലം പ്രയോഗിക്കില്ലെന്ന് എനിക്കുറപ്പുണ്ട്. ''
ഒരു നിശ്ശബ്ദതയായിരുന്നു മറുപടി. കുറച്ചു കഴിഞ്ഞ്, ഇടിഞ്ഞതും വിങ്ങുന്നതുമായ ശബ്ദത്തിൽ ഇജാസിന്റെ ശബ്ദം കേട്ടു :
'' സംഭവിച്ചു പോയി, ഫിദ. ''
ഞാൻ നൂറായിരമായി നുറുങ്ങിയ നിമിഷം അതായിരുന്നു. ഞാൻ ഫോൺ വലിച്ചെറിഞ്ഞു. അതു തുരുതുരാ നിലവിളിച്ചു കൊണ്ടിരുന്നു. അതൊരു പേടി സ്വപ്നമല്ലെന്ന് ഉറപ്പുവരുത്താൻ ഞാൻ എന്നെത്തന്നെ നുള്ളി. മാന്തിപ്പറിച്ചു. കടിച്ചു മുറിച്ചു. വേദന അനുഭവപ്പെട്ടില്ല. അതുകൊണ്ട് ഞാൻ ഉറങ്ങുകയാണെന്നു ഞാൻ തീരുമാനിച്ചു. ഗാഢമായി ഉറങ്ങാനും ഒരിക്കലും ഉണരാതിരിക്കാനും ആഗ്രഹിച്ചു. പിന്നീടെപ്പോഴോ ഞാൻ ഫോൺ വീണ്ടും കയ്യിലെടുത്തു. അതിൽ ഇജാസിന്റെ വോയ്‌സ് മെസേജ് വന്നു കിടപ്പുണ്ടായിരുന്നു. കേൾക്കണ്ട എന്നാണ് ആദ്യം തീരുമാനിച്ചത്. ഞാൻ കട്ടിലിൽ കമഴ്ന്നു കിടന്നു. ഏറെ നേരം എന്റെ നെഞ്ചിടിപ്പുകൾ എണ്ണി. പിന്നീട് ഫോൺ എടുത്ത് ആ വോയ്‌സ് ക്ലിപ്പ് കേട്ടു.
'' ഫിദ, ഞാൻ കുറ്റം ചെയ്തു. സമ്മതിക്കുന്നു. പക്ഷേ, അതു ഞാനൊരു റേപ്പിസ്റ്റ് ആയതുകൊണ്ടല്ല. എനിക്കു സ്ലീപ് ഹോളോ എന്ന രോഗം ബാധിച്ചതുകൊണ്ടാണ്. ''
എനിക്കു കലിയിളകി. ഞാൻ വീണ്ടും ഫോൺ വലിച്ചെറിഞ്ഞു. എഴുന്നേറ്റിരുന്നു ഹിജാബ് വലിച്ചൂരി. അതു കീറിപ്പോയി. എന്റെ മുടി ഞാൻ പിടിച്ചഴിച്ചു. വലിച്ചു പറിച്ചു. വിരൽത്തുമ്പുകളിൽ കടിച്ചു രക്തം വരുത്താൻ ശ്രമിച്ചു. പിന്നെ വീണ്ടും ഫോൺ എടുത്ത് ആ മെസേജിന്റെ ബാക്കി കൂടി കേട്ടു.
'' ഇതൊരു വല്ലാത്ത പകർച്ചവ്യാധിയാണ്. ചിലരിൽ ശരീരത്തെയും ചിലരിൽ മനസ്സിനെയുമാണ് ഇതു ബാധിക്കുക. ഇതു ബാധിച്ചാൽ ദിവസങ്ങളോളം ബോധംകെട്ട് ഉറങ്ങും. എന്നാൽ ഉറങ്ങുകയാണെന്നു തിരിച്ചറിയുകയില്ല. വൈകാതെ ഇതു ലോകം മുഴുവൻ പടരുമെന്ന് എനിക്ക് ഉറപ്പാണ്. ഞാൻ തിരികെ വരുമ്പോഴേക്ക് ഈ വ്യാധി മനസ്സിനെയോ ശരീരത്തിനെയോ ബാധിക്കാത്തവർ ഒരു ഭൂഖണ്ഡത്തിലും ബാക്കിയുണ്ടാവില്ല എന്നു ഞാൻ ആണയിട്ടു പറയുന്നു. ഇന്നു നിലനിൽക്കുന്ന എല്ലാത്തിനെയും എല്ലാവരെയും ഇതു മാറ്റി മറിക്കും. പുതിയ പുതിയ മഹാമാരികൾ ഇതിൽനിന്നുണ്ടാകും. നീ വിശ്വസിച്ചാലും ഇല്ലെങ്കിലും നമ്മളൊക്കെ ഒരു ഫെയറി ടെയിൽ യഥാർഥത്തിൽ അനുഭവിക്കാൻ പോകുകയാണ്. ഉറക്കമേത് ഉണർവേത് എന്നു തിരിച്ചറിയാതെ മസ്തിഷ്‌കത്തിലെ കോശങ്ങൾ ദ്രവിച്ചു നമ്മൾ ഭയാനകമായ യാതന അനുഭവിക്കാൻ പോകുകയാണ്. ഈ പരീക്ഷണഘട്ടത്തിൽ നീ എന്നെ കൈവിടരുത്, ഫിദ, പ്ലീസ്, ഞാൻ കാലു പിടിക്കുന്നു. ''
എന്റെ നിയന്ത്രണം വിട്ടു. വൃത്തികെട്ട പന്നി. കൊടും ക്രിമിനൽ! കുറ്റകൃത്യം ചെയ്തതും പോരാ ഒരുളുപ്പുമില്ലാതെ അതു ന്യായീകരിക്കുകയും ചെയ്യുന്നു. അതും എന്തു തരം ന്യായീകരണം? ഭീകരപ്രവർത്തനവും അയാൾ ചെയ്തിട്ടുണ്ടാകുമെന്നു ഞാൻ ആ നിമിഷം ഉറപ്പിച്ചു. ബാക്കി മെസേജ് കേൾക്കാൻ നിന്നില്ല. ഫക് യൂ റേപ്പിസ്റ്റ്, ടെററിസ്റ്റ്, മർഡറർ എന്നൊക്കെ ഞാൻ മറുപടി മെസേജ് ആയി അലറി.
'' മേലിൽ എന്റെ കൺമുമ്പിൽ നിന്നെ കണ്ടുപോകരുത് മേലിൽ നീയെന്നെ വിളിക്കരുത് ഫിദ മുഹമ്മദിന്റെ ജീവിതത്തിൽ ഇജാസ് അലി എന്നൊരാൾ ഇല്ല...''
ഹൃദയം പൊട്ടി നിലവിളിച്ചു കൊണ്ടു ഞാൻ ആക്രോശിച്ചു. ആ നിമിഷം കടന്നതിൽപ്പിന്നെ, അവൻ പറഞ്ഞതും പറയാനിരുന്നതും എന്നെ സംബന്ധിച്ച്, കെട്ടുകഥകൾ മാത്രമായി. ഞങ്ങളുടെ പ്രേമം വിഡ്ഢിത്തത്തിന്റെ പാരമ്യത്തിൽ ഞാൻ ഭാവന ചെയ്ത യക്ഷിക്കഥ മാത്രമായി. എന്റെ കയ്യിൽനിന്നു ഫോൺ താഴെപ്പോയി. ഡൽഹിയിലെ മൂടൽ മഞ്ഞു മുഴുവൻ എന്റെ കണ്ണുകളെ മൂടി. ഞാൻ വലിയൊരാൽമരമായി. എന്റെ ഇലകളായ ഇലകളെല്ലാം വിറവിറച്ചു. ആ നമ്പരിൽനിന്നു പിന്നെയും കോളുകൾ വന്നു. ഗുവാഹത്തിയിൽനിന്ന് അയാളുടെ പെങ്ങൾ ഇഷയും പലകുറി വിളിച്ചു. ഏറെക്കഴിഞ്ഞ് അജ്ഞാതമായൊരു +7 നമ്പരിൽനിന്ന് എനിക്ക് ഇജാസിന്റെ വോയ്‌സ് മെസേജ് വീണ്ടും വന്നു.
'' ഫിദ, സ്വീറ്റ്ഹാർട്ട്, പറയാൻ ശ്രമിച്ചതു കേൾക്കാൻ പോലും നീ തയ്യാറായില്ലല്ലോ. അതിനർത്ഥം നീ എന്നെ വിശ്വസിക്കുന്നില്ല എന്നാണല്ലോ. ? എങ്കിലും എന്റെയുള്ളിൽ ചെറിയൊരു പ്രതീക്ഷ ബാക്കി നിൽക്കുന്നു - നീ എന്നെ മനസ്സിലാക്കുമെന്ന്. എനിക്കു മാപ്പു തരുമെന്ന്. ഫിദ, നിന്നെ വഞ്ചിക്കാനാണെങ്കിൽ ആ കുറ്റം ചെയ്തില്ല, എന്നെ കുടുക്കിയതാണ് എന്നു കള്ളം പറഞ്ഞാൽ മതിയായിരുന്നില്ലേ? പക്ഷേ, എനിക്കു നിന്നെ ചതിക്കാൻ കഴിയില്ല. ഞാൻ പറയുന്നത് ദയവു ചെയ്തു വിശ്വസിക്കണം. ഞാൻ റേപ്പു ചെയ്തത് സ്വബോധത്തോടെയല്ല. സ്ലീപ് ഹോളോയുടെ സൈഡ് ഇഫെക്ട് ആയി സംഭവിച്ചതാണ്. സ്ലീപ് ഹോളോ എന്താണെന്ന് പറഞ്ഞു മനസ്സിലാക്കിത്തരാൻ കഴിയില്ല. അത് അനുഭവിച്ചു തന്നെ അറിയണം. ''
ഞാ/ൻ ശ്വാസംമുട്ടലോടെ എഴുന്നേറ്റിരുന്നു. എന്റെ നഗ്‌നമായ ശരീരത്തിലേക്കു ഞാൻ നോക്കി. അനിയന്ത്രിതമായ പശ്ചാത്താപവും പാപബോധവും എന്നെ ചൂഴ്ന്നു. ഞാൻ ഫോൺ എടുത്തു ഗൂഗിളിൽ സ്ലീപ് ഹോളോ തിരഞ്ഞു. അതിനെ കുറിച്ച് ഇങ്ങനെ വായിച്ചു :
Sleep hollow is a possible medical disease in humans causing them to sleep for days or weeks at a time.. It was first reported in March 2013 and to date it has affected 152 people. The disease is probably non-communicable. The disease disappeared for some time but has re-emerged in mid-2015. The disease affects all age groups. Other than excessive sleep, the disease causes vomiting, hallucination, nausea and disorientation.
കസഖ്സ്ഥാനിലെ കളാച്ചി എന്ന ഗ്രാമത്തിലാണ് ആ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്.
രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന അസ്താനയിൽ നിന്ന് അഞ്ഞൂറോളം കിലോമീറ്റർ ദൂരെയാണു കളാച്ചി.
ഇജാസ് റിട്ടേൺ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത് അസ്താനയിൽനിന്നായിരുന്നു.
ചുണ്ടുകളിൽ ഇജാസിന്റെ ചുണ്ടുകൾ അപ്പോഴും ഉരുമ്മുന്നതായി എനിക്കു തോന്നി. ഏഴു വർഷത്തെ ഗാഢനിദ്രയിൽനിന്നു ഞാൻ സാവധാനം ഉണർന്നു. ഇജാസിനു പറയാനുള്ളതു കേൾക്കാതിരുന്നതിൽ ഞാൻ പശ്ചാത്തപിച്ചു. ഉറക്കമേത് ഉണർവ്വേത് എന്നു തിരിച്ചറിയാതെ മസ്തിഷ്‌കത്തിലെ കോശങ്ങൾ ദ്രവിക്കുന്ന യാതന എന്താണെന്ന് എനിക്കു ബോധ്യപ്പെട്ടു. ആ നിമിഷമാണു ഞാൻ അയാളെ തേടി കസഖ്സ്ഥാനിലേക്കു പോകാൻ തീരുമാനിച്ചത്. ഞാൻ ഒരു യക്ഷിക്കഥ ജീവിക്കാൻ തയ്യാറെടുക്കുകയായിരുന്നു. കാരണം, ഞാനും ഇജാസും ജീവിക്കുന്ന കാലം ഒരു പുതിയ യക്ഷിക്കഥ ആവശ്യപ്പെടുന്നെന്ന് എനിക്കു ബോധ്യമുണ്ടായിരുന്നു.


കെ. ആർ. മീര

കഥാകൃത്ത്, നോവലിസ്റ്റ്.ആവേ മരിയ, മോഹമഞ്ഞ, ഓർമയുടെ ഞരമ്പ്, ആരാച്ചാർ, ഘാതകൻ, ഖബർ തുടങ്ങിയവ പ്രധാന കൃതികൾ

Comments