കെ. ആർ. മീര

കലാച്ചി

ഭീകരപ്രവർത്തന കേസിൽ പതിനഞ്ചു കൊല്ലം ജയിലിൽ കിടന്ന ശേഷം നാട്ടിൽ തിരിച്ചെത്തിയപ്പോൾ എന്തു തോന്നി എന്ന ചോദ്യത്തിന്, ഉരശിമ തരോയെപ്പോലെ തോന്നി എന്നായിരുന്നു ഇജാസ് അലിയുടെ ഉത്തരം.

ഉരശിമ തരോ യെ കുറിച്ച് അന്നു ഞാൻ കേട്ടിരുന്നില്ല.

ജാപ്പനീസ് യക്ഷിക്കഥയിലെ മൂന്നു ദിവസത്തേക്കു കടലിൽപ്പോയ മീൻ പിടിത്തക്കാരനായിരുന്നു അയാൾ.

ആ മൂന്നു ദിവസവും അയാൾ ഓതോഹൈം രാജകുമാരിയുടെ മാന്ത്രിക കൊട്ടാരത്തിലായിരുന്നു.

തിരിച്ചെത്തിയപ്പോൾ അയാളുടെ നാടും നാട്ടുകാരും പാടേ മാറിയിരുന്നു.

ജനിച്ചു വളർന്ന വീടു പോലും അയാൾക്കു കണ്ടെത്താൻ സാധിച്ചില്ല.

സ്വന്തം നാട്ടിൽ അന്യനും അപരിചിതനുമായിത്തീർന്ന അവസ്ഥയിൽ അയാൾ അന്ധാളിച്ചുപോയി.

ഉരശിമ തരോയെ അറിയുന്നവരാരെങ്കിലും ഉണ്ടോ എന്നു നിലവിളിച്ച് അയാൾ കടൽത്തീരത്ത് അലഞ്ഞു.

കസഖ്സ്ഥാനിലേക്കു പുറപ്പെടുമ്പോൾ ആ കഥ എന്നെ അലട്ടി.

അത്തരം ഒരവസ്ഥ എന്റെ ജീവിതത്തിലും ഉണ്ടാകുമെന്നു ഞാൻ ഭയന്നു.

ഡൽഹിയിലെ മൂടൽമഞ്ഞിനൊപ്പം ആസന്നമായ ഒരു ദുർവിധിയും എന്നെ ചൂഴ്ന്നു നിൽക്കുന്നതായി മനസ്സു മന്ത്രിച്ചു. മറ്റു പല രാജ്യങ്ങളിലും മഹാമാരി വ്യാപിച്ചു കഴിഞ്ഞിരുന്നു. ഇന്ത്യയിലും കസഖ്സ്ഥാനിലും ലോക്ക്​ഡൗൺ ആരംഭിച്ചിരുന്നില്ല. പക്ഷേ, ഏതു സമയത്തും വിമാനസർവീസുകൾ നിലയ്ക്കും എന്ന ഭീഷണി നിലനിന്നു. ടിക്കറ്റിനും വീസയ്ക്കുമായി വിളിച്ചപ്പോൾ ട്രാവൽ ഏജന്റ് ഗോകുൽനാഥ് അതു പറഞ്ഞ് എന്നെ നിരുൽസാഹപ്പെടുത്തുകയും ചെയ്തു:

""ഡോ. ഫിദ മുഹമ്മദ്, ഈ സമയത്തു പോകണോ? പുറത്തെ സിറ്റ്വേഷൻ കുറച്ചു മോശമാണ്. പറഞ്ഞില്ലെന്നു വേണ്ട.''

""എവിടെയാണു സിറ്റ്വേഷൻ മോശമല്ലാത്തത്, ഗോകുൽ? ''

""ഇതു കൂടുതൽ സീരിയസ് ആണ്. ഫ്ലൈറ്റ്​ സർവീസ് നിർത്താൻ ഇടയുണ്ട്. ''

""എപ്പോഴെങ്കിലും അവർക്കതു വീണ്ടും തുടങ്ങാതെ പറ്റില്ലല്ലോ? ''

""മുപ്പതു ദിവസത്തേക്കാണു വീസ. അതിനുള്ളിൽ തിരിച്ചുവരണം. ''

""വന്നില്ലെങ്കിൽ? ''

ഞാൻ ആത്മാർത്ഥമായാണു ചോദിച്ചത്. പക്ഷേ, അയാൾക്ക് എന്റെ ആധി മനസ്സിലാകുമായിരുന്നില്ല. അയാൾ തമാശ കേട്ടതുപോലെ ചിരിച്ചു.

""ഇങ്ങോട്ടു കയറ്റി അയയ്ക്കും. അത്രതന്നെ. പക്ഷേ, ഫ്ലൈറ്റ്​ സർവീസ് ഇല്ലെങ്കിലാണു പ്രശ്‌നം.''

""പിടിച്ച് അകത്തിടുമോ? ''

""പേടിക്കാതെ. അവർ തിരികെ വിടാതിരിക്കില്ല. ''

""എന്റെ പേടി ഇവിടെ കയറ്റാതിരിക്കുമോ എന്നാണ്. ''

""അതെങ്ങനെ, ഇതു നിങ്ങളുടെ രാജ്യമല്ലേ? ''

""ഇത് എനിക്കാകെയുള്ള രാജ്യമാണ്. ''

ഞാൻ നെടുവീർപ്പിട്ടു.

കാരണം, ഉരശിമ തരോ എന്റെ മനസ്സിൽ ഉണ്ടായിരുന്നു.

അത് ഒറ്റപ്പെട്ട കഥയായിരുന്നില്ല. ഒന്നുറങ്ങി ഉണരുമ്പോൾ സ്വന്തം രാജ്യത്ത് അന്യരായി തീർന്നവരുടെ കഥകൾ എല്ലാക്കാലത്തും എല്ലാ ഭാഷകളിലും ഉണ്ടായിട്ടുണ്ട്.

സ്ലീപ്പ് ആസ് എ പൊളിറ്റിക്കൽ മെറ്റഫർ ഇൻ ഫെയറി ടെയിൽസ് എന്ന തന്റെ ഗവേഷണപ്രബന്ധത്തിൽ, വ്യത്യസ്ത കാലഘട്ടങ്ങളിലും വ്യത്യസ്ത ഭാഷകളിലും പ്രചരിച്ച എത്രയോ കഥകൾ ഇജാസ് പഠനവിധേയമാക്കിയിരുന്നു. അയാൾ എഴുതിയതൊക്കെ എനിക്കു ഹൃദിസ്ഥമായിരുന്നു. അതുകൊണ്ടാണ്, ഉറക്കവ്യാധിയെ കുറിച്ച് അയാൾ ആദ്യം പറഞ്ഞപ്പോൾ അതൊരു യക്ഷിക്കഥയായി ഞാൻ എഴുതിത്തള്ളിയത്.

ഞാൻ കാണുന്ന കാലം മുതൽ ഇജാസ് യക്ഷിക്കഥകളിൽ ജീവിച്ചവനായിരുന്നു. മുൻ സോവിയറ്റ് യൂണിയന്റെ ഹാങ്ങോവറി ൽ അഭിരമിച്ചവനും. അങ്ങനെ ഒരാൾ, സ്ലീപ് ഹോളോ എന്നൊരു വ്യാധി ഉണ്ടെന്നും അതു ബാധിച്ചാൽ ദിവസങ്ങളോളം മനുഷ്യർ ഉറക്കത്തിൽ ആഴുമെന്നും അതു ഗ്രാമങ്ങളിൽനിന്നു നഗരങ്ങളിലേക്കു പടരുകയാണെന്നും അതു മറ്റു പല മഹാമാരികൾക്കും മുന്നോടിയാകുമെന്നും പറഞ്ഞാൽ, എങ്ങനെ വിശ്വസിക്കും? അതും അയാൾ മറ്റൊരു രാജ്യത്ത്, ക്രൂരമായ ഒരു കുറ്റകൃത്യത്തിന്, അറസ്റ്റ് ചെയ്യപ്പെട്ട അവസ്ഥയിൽ?

ഉറക്കവ്യാധിയെ കുറിച്ച് ഇജാസ് പറഞ്ഞത്​ രണ്ടായിരത്തിപ്പതിനാലിൽ ആയിരുന്നു. അയാൾ അറസ്റ്റിലായ ഉടനെ. ആറു കൊല്ലത്തിനുശേഷമാണ്​ വീണ്ടുവിചാരത്തിന് അവസരമുണ്ടായത്. ഇജാസ് പറഞ്ഞതു സത്യമാകാൻ ഇടയുണ്ട് എന്ന് എനിക്കു ബോധ്യപ്പെട്ടു. അതിനു തക്കതായ കാരണങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായി.

രണ്ടു മാസങ്ങളുടെ ഇടവേളയിൽ രണ്ട് അനുഭവങ്ങൾ. അവ എന്റെ കണ്ണു തുറന്നു.

ഉറക്കവ്യാധി ഒരു യക്ഷിക്കഥ മാത്രമാണോ എന്നു ഞാൻ ബേജാറായി.

ആ നിമിഷം എന്റെ ഭൂമി ഇളകി.

വിശദീകരിക്കാനാകാത്തതും മാരകവുമായ ഒരു പ്രാണവെപ്രാളമായിരുന്നു പിന്നീട്. കസഖ്സ്ഥാനിലേക്കു പുറപ്പെടാൻ തന്നെ ഞാൻ തീരുമാനിച്ചു.

എനിക്ക് ഇജാസ് അലിയെ കാണാതെ നിവൃത്തിയില്ലായിരുന്നു. ഉറക്കവ്യാധിയെ കുറിച്ച് അയാൾ പറഞ്ഞതിൽ സത്യമുണ്ടോ എന്നു തീർച്ചപ്പെടുത്താതെ ഗത്യന്തരമില്ലായിരുന്നു.

എങ്കിലും, യാത്ര സംബന്ധിച്ചു വ്യക്തമായ ധാരണയൊന്നും ഉണ്ടായിരുന്നില്ല.

ഇജാസ് ഏതു ജയിലിൽ ആണ്, ശിക്ഷ എത്ര കാലത്തേക്കാണ് തുടങ്ങിയ കാര്യങ്ങൾ അജ്ഞാതമായിരുന്നു.

ആറു കൊല്ലത്തിനിടയിൽ രണ്ടു തവണ ഫോൺ ഞാൻ മാറ്റി വാങ്ങിയിരുന്നു. അതിനു മുമ്പു തന്നെ അയാളുടെ നമ്പർ മായ്ക്കുകയും ചെയ്തു.

ഗുവാഹത്തിയിൽനിന്ന് അയാളുടെ സഹോദരി ഇഷ ഒന്നു രണ്ടു തവണ വിളിച്ചിരുന്നെങ്കിലും ഇജാസിനെ സംബന്ധിച്ചതൊന്നും ഓർക്കാനോ സൂക്ഷിക്കാനോ ഇഷ്ടപ്പെടാത്തതിനാൽ അവളുടെ നമ്പർ ഞാൻ സേവ് ചെയ്തില്ല.
അതുകൊണ്ട്, എന്റെ ആ യാത്ര ശരിക്കും ഒരു ഫെയറി ടെയിൽ അഥവാ യക്ഷിക്കഥ ആകാൻ സാധ്യതയുണ്ടായിരുന്നു.

ഒന്നോർത്താൽ, ഇജാസ് മുമ്പു ചോദിച്ചിട്ടുള്ളതുപോലെ, ഏതു യാത്രയിലാണ് ഒരു യക്ഷിക്കഥയുടെ സാധ്യതയില്ലാത്തത്? യക്ഷിക്കഥകളെപ്പറ്റി ആഴത്തിൽ പഠിച്ചവർക്കറിയാം- നായകനോ നായികയോ പിറന്ന നാടും വീടും പലപ്പോഴും സ്വന്തം രാജ്യം തന്നെയും വിട്ടിറങ്ങാതെ ഒരു കഥയും യക്ഷിക്കഥ ആയിട്ടില്ല. യക്ഷിക്കഥകളുടെ ജീവൻ അവയിലെ മാന്ത്രികതയാണ്. വീട്ടിൽനിന്നു പുറപ്പെട്ടു പോകുകയും തേടി നടക്കുകയും അലഞ്ഞു തിരിയുകയും പക്ഷി മൃഗാദികളോടും സസ്യലതാദികളോടും സംസാരിക്കുകയും ചെയ്യാൻ മെനക്കെടുന്ന മനുഷ്യർക്കുമാത്രമേ കഥയിലായാലും ജീവിതത്തിലായാലും മാന്ത്രികത കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളൂ.

വീടിന്റെയും കുടുംബത്തിന്റെയും സുരക്ഷിതത്വത്തിൽ ഇരുന്നു മാന്ത്രികത ഉണ്ടാക്കിയ കഥകൾക്കൊക്കെ ദൈവത്തെയോ ചെകുത്താനെയോ കൂട്ടുപിടിക്കേണ്ടി വന്നിട്ടുണ്ട്. ദൈവമോ ചെകുത്താനോ പ്രവേശിച്ചിട്ടുള്ളപ്പോൾ, രാഷ്ട്രീയ പാർട്ടികൾക്ക് എന്നതു പോലെ, യക്ഷിക്കഥകൾക്കും അവയുടെ മാനവികത നഷ്ടമായിട്ടുമുണ്ട്. പിൽക്കാലത്ത് ഏതെങ്കിലും മതത്തിന്റെ പ്രീണനമോ മഹത്വവൽക്കരണമോ നടത്താതെ അത്തരം കഥകൾക്കു നിലനിൽക്കാൻ കഴിഞ്ഞിട്ടില്ല. പല മിത്തുകളും ഇതിഹാസങ്ങളും അപ്രകാരം മതംമാറ്റപ്പെട്ട യക്ഷിക്കഥകൾ ആണെന്ന് ഇജാസ് ഉദാഹരണ സഹിതം സമർത്ഥിച്ചിരുന്നു.

ലോകത്തെ ഏറ്റവും പഴക്കം ചെന്ന യക്ഷിക്കഥയായി കരുതപ്പെടുന്ന ഇരുമ്പുപണിക്കാരനും ചെകുത്താനും അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് എന്ന് അയാൾ വാദിച്ചു.

ആറായിരം വർഷം മുമ്പ് - അതായതു വെങ്കല യുഗത്തിൽ- ജീവിച്ചിരുന്ന ആരോ മെനഞ്ഞെടുത്ത കഥയാണ് എന്ന്​ പല ഗവേഷകരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

എന്തും ഒട്ടിക്കാനുള്ള വിദ്യയ്ക്കു പകരമായി സ്വന്തം ആത്മാവ് ചെകുത്താനു വിറ്റ ഇരുമ്പു പണിക്കാരനാണ്​ കഥാനായകൻ. ഒട്ടിക്കൽ വിദ്യ പഠിച്ചപ്പോൾ അയാൾ ചെകുത്താനെത്തന്നെ ഒട്ടിച്ചു. അവസാനം ആത്മാവിന്റെ വിൽപന കരാർ റദ്ദാക്കി ചെകുത്താനു തടിതപ്പേണ്ടി വന്നു. അന്നത്തെ ഭരണകൂടത്തെ എങ്ങനെ വരുതിയിൽ നിർത്താമെന്നതിന്റെ രഹസ്യോപദേശമായിരുന്നു ആ കഥ എന്നായിരുന്നു ഇജാസിന്റെ വാദം. ചെകുത്താൻ എന്ന ഒറ്റ വാക്കു കാരണം അതിന്റെ വ്യാഖ്യാനം മതപരമായിപ്പോയെന്നും അതിന്റെ രാഷ്ട്രീയ വിവക്ഷ അപ്രസക്തമായെന്നും എനിക്കും സമ്മതിക്കേണ്ടിവന്നു.

ഇജാസിന്റെ അഭിപ്രായ പ്രകാരം, ബ്യൂട്ടി ആൻഡ് ദ് ബീസ്റ്റി ലെ ബീസ്റ്റിനും സിൻഡ്രല യിലെ രണ്ടാനമ്മയ്ക്കും ഒന്നും പ്രാർത്ഥിക്കുന്ന ശീലം ഇല്ലാത്തതുകൊണ്ടു മാത്രമാണ്​ മതങ്ങൾക്ക് അതീതമായ മനുഷ്യാവസ്ഥകളെ സൂചിപ്പിക്കാൻ കുറച്ചു യക്ഷിക്കഥകൾ ലോകത്തു ബാക്കി ഉണ്ടായത്.

അയാളെ സംബന്ധിച്ച്​ മതനിരപേക്ഷമായ രാഷ്ട്രീയ കഥകളായിരുന്നു ലക്ഷണമൊത്ത യക്ഷിക്കഥകൾ. അയാളെ വെറുത്തിട്ടും മരം വെട്ടുന്ന മഴുവിനെ നിർവീര്യമാക്കേണ്ടതെങ്ങനെ എന്നു ചില്ലകളെ പഠിപ്പിക്കാനുള്ള വേരുകളുടെ ശ്രമങ്ങളാണു യക്ഷിക്കഥകൾ എന്ന അയാളുടെ പ്രബന്ധത്തിലെ വാക്യം ഇടയ്‌ക്കൊക്കെ ഉരുവിടാതിരിക്കാൻ എനിക്കു കഴിഞ്ഞില്ല.

യക്ഷിക്കഥകളെല്ലാം ഓരോ കാലത്തും ദേശത്തും ജീവിച്ചിരുന്ന മനുഷ്യരുടെ അസംതൃപ്തികളുടെയും ഉൽക്കണ്ഠകളുടെയും അനുഭവങ്ങളുടെയും രഹസ്യഭാഷയിലുള്ള രേഖപ്പെടുത്തലാണ് എന്ന് അയാൾ ഓർമ്മിപ്പിച്ചിരുന്നു. പക്ഷേ, ആറു കൊല്ലത്തിനുശേഷം, അയാൾ പറഞ്ഞ ഉറക്കവ്യാധി സ്വയം അനുഭവിച്ചതിൽപ്പിന്നെ ഒരു ചോദ്യം എന്നെ അലട്ടി - ഉറക്കം ഒരു രൂപകമായി വരുന്നതും ഉറങ്ങിയെഴുന്നേറ്റു മടങ്ങിയെത്തുമ്പോൾ കാലവും ദേശവും മാറിപ്പോകുന്നതുമായ കഥകൾ മാത്രം ഇജാസ് തന്റെ ഗവേഷണത്തിനായി സ്വീകരിച്ചത് എന്തുകൊണ്ട്? ഏതു മാന്ത്രികക്കണ്ണാടിയിലാണ് ഭാവിയിൽ താൻ ഉറങ്ങാൻ പോകുന്ന ഉറക്കം പത്തു കൊല്ലം മുമ്പേ അയാൾ മുൻകൂട്ടി കണ്ടത്?

ഉറക്കം രൂപകമായ കഥകളിൽ ഇജാസിന് ഏറ്റവും ഇഷ്ടം ഉരശിമ തരോ ആയിരുന്നു. ലോകത്ത് ആകെയുള്ള യക്ഷിക്കഥ അതാണ് എന്നും മറ്റെല്ലാ കഥകളും അതിന്റെ കാലദേശഭാഷാ-വകഭേദങ്ങൾ മാത്രമാണ് എന്നും അയാൾ ഉറച്ചു വിശ്വസിച്ചു. ഉറക്കക്കഥകളിൽ ഏറ്റവും പഴക്കമേറിയ കഥയായിരുന്നു ഉരശിമ തരോ. രണ്ടായിരത്തിയഞ്ഞൂറു വർഷം മുമ്പേ അതു വാമൊഴിയായി പ്രചാരത്തിൽ ഉണ്ടായിരുന്നു എന്നാണു കരുതപ്പെടുന്നത്.

ചെറുപ്പക്കാരനായ ഒരു മീൻപിടിത്തക്കാരൻ ആയിരുന്നു ഉരശിമ തരോ.

ഒരു ദിവസം കടൽത്തീരത്തു ചില കുട്ടികൾ ഒരു കടലാമക്കുഞ്ഞിനെ ഉപദ്രവിക്കുന്നത് അയാൾ കാണാനിടയായി. അയാൾ ആ കടലാമക്കുഞ്ഞിനെ രക്ഷിച്ചു കടലിൽ വിട്ടു. പിറ്റേന്ന് ഒരു ഭീമൻ കടലാമ അയാളെ സമീപിച്ച് തലേന്ന് അയാൾ രക്ഷിച്ചത് സമുദ്രങ്ങളുടെ ചക്രവർത്തി റീയജന്റെ മകളെ ആയിരുന്നെന്നും അയാളോടു നന്ദി പറയാൻ ചക്രവർത്തി ആഗ്രഹിക്കുന്നുണ്ടെന്നും അറിയിച്ചു. വെള്ളത്തിനടിയിൽ ശ്വസിക്കാൻ മാന്ത്രിക ചെകിളകൾ ആ കടലാമ അയാൾക്കു സമ്മാനിച്ചു. അതിന്റെ പുറത്തു കയറി അയാവ് കടലിനടിയിലെ വ്യാളി ദേവന്റെ കൊട്ടാരത്തിൽ എത്തി. അവിടെ അയാൾ റീയജൻ ചക്രവർത്തിയെയും ആ കടലാമക്കുഞ്ഞിനെയും കണ്ടു.

കടലാമക്കുഞ്ഞ് അതീവസുന്ദരിയായ ഓതോഹൈം രാജകുമാരിയായി മാറി. മൂന്നു ദിവസം ഉരശിമ തരോ രാജകുമാരിയുടെ അതിഥിയായി താമസിച്ചു. വീട്ടിൽ പ്രായമായ അമ്മ തനിച്ചായതിനാൽ നാട്ടിലേക്കു മടങ്ങാൻ അയാൾ ധൃതികൂട്ടി. രാജകുമാരി മനസ്സില്ലാമനസ്സോടെ അയാളെ പോകാൻ അനുവദിച്ചു. യാത്ര പറഞ്ഞപ്പോൾ അവൾ അയാൾക്കു ടമാതിബാകോ എന്നു പേരുള്ള ഒരു പേടകവും സമ്മാനിച്ചു. ഒരിക്കലും അതു തുറന്നു നോക്കരുത് എന്നൊരു നിബന്ധനയും വച്ചു. പേടകവുമായി കടലാമപ്പുറത്ത് ഉരശിമ തരോ തീരത്തു മടങ്ങിയെത്തി. പക്ഷേ, തീരവും ഗ്രാമവും അയാൾക്കു കണ്ടിട്ടു മനസ്സിലായില്ല.

തന്റെ വീട് ഇരുന്ന സ്ഥലം പോലും തിരിച്ചറിയാൻ കഴിയാതെ അയാൾ ഉഴറി.

കണ്ടവരോടൊക്കെ അയാൾ ഉരശിമ തരോയെ അറിയുമോ എന്നു ചോദിച്ചു.

പത്തുമുന്നൂറു കൊല്ലം മുമ്പ് അങ്ങനെയൊരാളെ കടലിൽ കാണാതായതായി കേട്ടിട്ടുണ്ട് എന്നു ചിലർ പറഞ്ഞു. താൻ കടലിൽ പോയതിനു ശേഷം മുന്നൂറു വർഷം കഴിഞ്ഞെന്ന സത്യം അയാളെ തകർത്തു.

അയാളുടെ അപ്പനപ്പൂപ്പൻമാർ ജീവിച്ചു മരിച്ച ആ നാട്ടിൽ അയാൾക്ക് ഇടമില്ലാതായി കഴിഞ്ഞിരുന്നു. എങ്ങോട്ടു പോകണമെന്നും എന്തു ചെയ്യണമെന്നും അറിയാതെ അയാൾ കടൽത്തീരത്തിരുന്നു കരഞ്ഞു. പിന്നീട് ഏതോ ഒരു നിമിഷം, കയ്യിലിരുന്ന ടമാതി ബാകോ വലിച്ചു തുറന്നു. അതിൽനിന്ന് ഒരു വെളുത്ത പുക പടലം പുറത്തുചാടി. നൊടിയിടയിൽ ഉരശിമ തരോ പടുവൃദ്ധനായി. ആ സമയത്ത്, ഒരു വലിയ തിര തീരത്ത് ആഞ്ഞടിച്ചു. ആ തിരയിൽ ഓതോഹൈം രാജകുമാരിയുടെ ദു:ഖം നിറഞ്ഞ ശബ്ദം അയാൾ കേട്ടു:

""ആ പെട്ടി തുറക്കരുതെന്നു ഞാൻ പറഞ്ഞതല്ലേ? അതിനുള്ളിലായിരുന്നു നിന്റെ വാർധക്യം.''

ഇജാസിനെ തേടി കസഖ്സ്ഥാനിലേക്കു പുറപ്പെടുമ്പോൾ എന്നെ ഉരശിമ തരോ അലട്ടിയത് ആ കഥ എന്റെയും അയാളുടെയും ജീവിതങ്ങളിൽ ചെലുത്തിയ ദുർമാന്ത്രികത കാരണമായിരുന്നു.

കസഖ്സ്ഥാനിലെ ജയിലിൽനിന്നു പുറത്തിറങ്ങുമ്പോഴും പുറം ലോകം ആദ്യം കണ്ടപ്പോൾ എന്തു തോന്നി എന്ന ചോദ്യത്തിന് അയാളുടെ ഉത്തരം പഴയതു തന്നെ ആയിരിക്കുമോ എന്നു ഞാൻ സംശയിച്ചു. ആണെങ്കിലും അല്ലെങ്കിലും അയാളെ കാത്തിരുന്നത് ഉരശിമ തരോയുടെ വിധി തന്നെയായിരുന്നു.

ജനിച്ചു വളർന്ന അസമിലെ പൗരത്വപ്പട്ടികയിൽ ഇജാസിന്റെ പേര് ഉൾപ്പെട്ടിരുന്നില്ല.

അതു പറയാനാണ് അയാളുടെ സഹോദരി ഇഷ എന്നെ അവസാനം വിളിച്ചത്. അതായത്, ഇജാസ് അലി എന്നൊരാളുടെ വീട് അറിയാമോ എന്നു ചോദിച്ച് ജനിച്ചു വളർന്ന നാട്ടിലൂടെ അയാൾ അലഞ്ഞു നടക്കുന്നതു തീർത്തും അസംഭവ്യമായിരുന്നില്ല.

അങ്ങനെയൊരാൾ ഒരിക്കൽ ഉണ്ടായിരുന്നു, അയാൾ മറ്റൊരു രാജ്യത്ത് ഉറങ്ങിപ്പോയി എന്ന മറുപടി കേട്ട് അയാൾ നിരാശനാകുന്നതും ഇജാസ് അലിയെക്കുറിച്ച് ഒരു യക്ഷിക്കഥ അയാളുടെ മരണശേഷം പ്രചരിക്കുന്നതും അസംഭവ്യമായിരുന്നില്ല.

അല്ലെങ്കിലും, സ്വന്തം അനുഭവം വച്ച് ആരു പരിശോധിച്ചാലും സത്യമാകുന്ന കഥകളാണ്​ യഥാർഥ യക്ഷിക്കഥകൾ. ഉരശിമ തരോയുടെ അവസ്ഥ ഞാൻ അനുഭവിച്ച് അറിഞ്ഞതായിരുന്നു. എന്റെ കാര്യത്തിൽ, കടലിനടിയിലെ വ്യാളി ദേവന്റെ മാന്ത്രിക കൊട്ടാരം, ഇജാസിനോടുള്ള പ്രേമമായിരുന്നു.

എന്റെ ടമാതി ബാകോ അയാളിലുള്ള ആനന്ദമായിരുന്നു.

ഞാൻ തീരത്തു തിരിച്ചെത്തിയപ്പോൾ കാണാതായ വീട്, പഴയ ദില്ലിയിലെ, പതിനാലു വയസ്സു മുതൽ ഞാൻ പ്രേമിക്കുകയും പത്തൊമ്പതാം വയസ്സിൽ വിവാഹം ചെയ്യുകയും ചെയ്ത നിസാം അബൂബക്കറും ഞങ്ങളുടെ രണ്ടു പെൺകുഞ്ഞുങ്ങളും താമസിച്ചിരുന്ന കമാനങ്ങൾ നിരന്ന വരാന്തയും മട്ടുപ്പാവുമുള്ള പുരാതന ബംഗ്ലാവ് ആയിരുന്നു.

ആരാലും തിരിച്ചറിയപ്പെടാതെയും സ്വീകരിക്കപ്പെടാതെയും തീരത്ത് ഉഴറി നടന്നിട്ടും ഞാൻ ഒരിക്കലും എന്റെ കഥയിലെ ഓതോഹൈമിന്റെ നിർദ്ദേശം ലംഘിച്ചില്ലെന്നു മാത്രം. പ്രത്യേകിച്ചൊരു കാരണവും ഉണ്ടായിട്ടല്ല. അതു ലംഘിക്കുന്നതും ലംഘിക്കാത്തതും തമ്മിൽ വ്യത്യാസമൊന്നും എനിക്ക് അനുഭവപ്പെട്ടില്ല.

കാരണം, കസഖ്സ്ഥാനിൽ വച്ച് ഇജാസ് അറസ്റ്റ് ചെയ്യപ്പെട്ടതു ബലാൽസംഗക്കുറ്റത്തിന് ആയിരുന്നു.

(തുടരും)


കെ. ആർ. മീര

കഥാകൃത്ത്, നോവലിസ്റ്റ്.ആവേ മരിയ, മോഹമഞ്ഞ, ഓർമയുടെ ഞരമ്പ്, ആരാച്ചാർ, ഘാതകൻ, ഖബർ തുടങ്ങിയവ പ്രധാന കൃതികൾ

Comments