നവതരംഗത്തിലെ അവസാന തിരയും മടങ്ങുന്നു

റിയലിസത്തിൽനിന്ന് ഫോർമലിസത്തിലേക്കുള്ള ഒരു ജംപ് കട്ട് സംഭവിച്ചത് കുമാർ സാഹ്‌നിയുടെയും മണി കൗളിന്റെയും ആദ്യ സിനിമകളോടെയാണ്. കേരളവുമായും കേരളത്തിലെ ചലച്ചിത്രപ്രവർത്തകരുമായും ആഴത്തിലുള്ള ബന്ധം സൂക്ഷിച്ചിരുന്ന കുമാർ സാഹ്‌നിയുടെ മരണത്തോടെ ഇന്ത്യൻ സിനിമയിലെ നവതരംഗവും പിൻവാങ്ങുകയാണ്.

എഴുപതുകളിൽ ഇന്ത്യൻ സിനിമയിൽ അലയടിച്ച നവതരംഗത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖനായ കുമാർ സാഹ്‌നിയുടെ ( 1940-2024) നിര്യാണത്തോടെ നഷ്ടമായത് ഇരുപതാം നൂറ്റാണ്ടിൽ ചലച്ചിത്രകലയെ പുനർനിർവ്വചിക്കുകയും ഭാരതീയമായ ഒരു സിനിമാദർശനം മുന്നോട്ടുവെക്കുവൻ ഉദ്യമിക്കുകയുംചെയ്ത അതുല്യനായ ഒരു ചലച്ചിത്രകാരനെയും ചലച്ചിത്ര സൈദ്ധാന്തികനെയുമാണ്. അമ്പതുകളിൽ ലോകസിനിമയുടെ വികാസഗതിക്ക് സമാന്തരമായി ഇന്ത്യൻ സിനിമയിലുണ്ടായ ആദ്യത്തെ നവീകരണോദ്യമങ്ങൾക്ക് നേതൃത്വം നൽകിയ സത്യജിത് റായിയും ഋത്വിക് ഘട്ടക്കും മൃണാൾസെന്നും അവരുടെ ഏറ്റവും മികച്ച രചനകളിലൂടെ പരിചയപ്പെടുത്തിയ നിയോറിയിലിസ്റ്റ് സിനിമാസങ്കൽപ്പങ്ങളിൽനിന്നുള്ള ഒരു സ്വാഭാവിക വികാസമെന്നതിനേക്കാൾ ബോധപൂർവ്വമായൊരു വിച്ഛേദമായിരുന്നു കുമാർ സാഹ്‌നിയും സഹയാത്രികരും കൊണ്ടുവന്ന നവസിനിമാസങ്കൽപ്പം.

ശ്യാം ബെനഗലും സയിദ് മിർസയും എം.എസ്. സത്യുവും ജി. അരവിന്ദനും ജോൺ എബ്രഹാമും ഉൾപ്പടെയുള്ള ഒരു കൂട്ടം ചലച്ചിത്രകാരന്മാരിലൂടെ വിവിധ ഭാഷാസിനിമകളിൽ സജീവമായ ഇന്ത്യൻ നവതരംഗം ഇന്ത്യൻ സിനിമയെ ലോക സിനിമയ്‌ക്കൊപ്പം സമകാലികമാക്കുവാനുള്ള സാർത്ഥകമായൊരു സൗന്ദര്യകലാപമായിരുന്നു. പൂനയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഋത്വിക് ഘട്ടക്കിന്റെ പ്രിയപ്പെട്ട ശിഷ്യന്മാരായിരുന്ന കുമാർ സാഹ്‌നിയും മണി കൗളുമാണ് ഇന്ത്യൻ സിനിമയിലെ ഈ നവതരംഗ പ്രസ്ഥാനത്തിന്റെ പതാകാവാഹകർ. ഒരുപക്ഷെ, ആധുനിക ഇന്ത്യൻ സിനിമയിലെ ആദ്യത്തെ ചലച്ചിത്ര സൈദ്ധാന്തികരും ഇവരിരുവരുമാണ്.

കുമാർ സാഹ്നി

ചലച്ചിത്രകാരനെന്ന നിലയിലും ചലച്ചിത്ര അധ്യാപകനെന്ന നിലയിലും സൈദ്ധാന്തികനെന്ന നിലയിലുമുള്ള അരനൂറ്റാണ്ടുകാലം ദീർഘിച്ച സിനിമാസപര്യക്കിടയിൽ ഒന്നിനൊന്ന് വ്യത്യസ്തമായ അഞ്ച് ഫീച്ചർ സിനിമകൾ മാത്രമാണ് കുമാർ സാഹ്‌നി സംവിധാനംചെയ്തത്. പ്രഖ്യാത ഒഡിസ്സി നർത്തകൻ ഗുരു കേളൂചരൺ മഹോപത്രയെക്കുറിച്ചുള്ള ഡോക്യുമെന്ററി ( 1991) ഉൾപ്പടെ ഒമ്പതോളം ഹൃസ്വകഥാചിത്രങ്ങളും കുമാർ സാഹ്‌നിയുടേതായുണ്ട്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനം കഴിഞ്ഞ് സ്‌കോളർഷിപ്പോടെ ഫ്രാൻസിൽ ഉപരിപഠനത്തിനെത്തിയ അദ്ദേഹത്തിന് പ്രശസ്ത സംവിധായകൻ റോബർട്ട് ബ്രെസ്സോണിനോടൊപ്പം 'എ ജന്റിൽ വുമൺ'( 1969) എന്ന സിനിമയിൽ സഹസംവിധായകനായി പ്രവർത്തിക്കുവാനും അവസരം ലഭിച്ചു. എപ്പിക് സിനിമയെന്ന ഘട്ടക്കിയൻ സിനിമാസങ്കൽപ്പത്തെയും ഐസൻസ്റ്റീനിയൻ സിനിമാദർശനത്തെയും, പിൽക്കാലത്ത് സ്വാംശീകരിച്ച മാർക്‌സിസ്റ്റ് കലാ സങ്കൽപ്പവുമായി സമന്വയിക്കുവാൻ ആഗ്രഹിച്ച കുമാർ സാഹ്‌നി ചലച്ചിത്ര അധ്യാപകനെന്ന നിലയിലും ചലച്ചിത്രകാരനെന്ന നിലയിലും സാക്ഷാത്കരിച്ചത് നവീനമായൊരു സിനിമാദർശനമായിരുന്നു. സിനിമയെക്കുറിച്ച് അദ്ദേഹം ആവിഷ്‌കരിക്കുവാനാഗ്രഹിച്ച സിദ്ധാന്തങ്ങളും സൗന്ദര്യ ദർശനവുമാണ് പിൽക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട ( ദ ഷോക് ഓഫ് ഡിസയർ ആന്റ് അദർ സ്റ്റോറീസ്, 2015) എന്ന പ്രബന്ധസമാഹാരത്തിലുള്ളത്. തന്റെ വ്യത്യസ്തങ്ങളായ സിനിമകൾപോലെ ഇന്ത്യൻ സിനിമയ്ക്ക് ഒരു തനതായ സൈദ്ധാന്തികാടിത്തറ സൃഷ്ടിക്കുവാൻ പര്യാപ്തമായ നിരീക്ഷണങ്ങളാണ് ഈ പ്രബന്ധ സമാഹാരത്തിലുള്ളത്.

ഋത്വിക് ഘട്ടക്കിനോടെന്നപോലെ ഫ്രഞ്ച് നവതരംഗത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖനായ റോബർട്ട് ബ്രെസ്സോണിനോടും കടുത്ത മമത പുലർത്തിയിരുന്ന മണികൗളും കുമാർ സാഹ്‌നിയും വ്യത്യസ്തമായ രീതികളിലാണ് തങ്ങളുടെ ആചാര്യന്മാരായ ആ രണ്ടു ചലച്ചിത്രകാരന്മാരെയും വ്യാഖ്യാനിച്ചതും സ്വാംശീകരിച്ചതുമെന്നതും ശ്രദ്ധേയമാണ്. സിനിമയിലെ പരമ്പരാഗതമായ ആഖ്യാനാത്മകതയെ പാടെ വർജ്ജിക്കുന്ന, തീർത്തും മൗലികമായ ഒരു ചലച്ചിത്ര സൗന്ദര്യശാസ്ത്രം തന്നെ അനിവാര്യമാണെന്ന ബോധ്യത്തോടെയാണ് കുമാർ സാഹ്‌നി ചലച്ചിത്ര രചനയിലേർപ്പെട്ടത്. റിയലിസത്തിൽനിന്ന് ഫോർമലിസത്തിലേക്കുള്ള ഒരു ജംപ് കട്ട് സംഭവിച്ചത് കുമാർ സാഹ്‌നിയുടെയും മണി കൗളിന്റെയും ആദ്യ സിനിമകളോടെയാണ്. റിയലിസമാണ് നല്ല സിനിമയുടെ ഏക ആവിഷ്‌കാര മാതൃകയെന്ന് കരുതിയിരുന്ന സമാന്തര സിനിമയുടെതന്നെ ആസ്വാദകർക്കും ആ ഭാവപ്പകർച്ച തുടക്കത്തിൽ അമ്പരപ്പിക്കുന്നതായിരുന്നു. പിൽക്കാലത്ത് യൂറോപ്യൻ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയെങ്കിലും 'മായാ ദർപ്പൺ' എന്ന കുമാർ സാഹ്നിയുടെ ആദ്യരചനയും അക്കാലത്ത് ശരിയായി മനസ്സിലാക്കപ്പെട്ടില്ല. അതുകൊണ്ടാണ് സത്യജിത് റായിയുടെപോലും വിമർശനം ആ സിനിമയ്ക്ക് ഏറ്റുവാങ്ങേണ്ടിവന്നത്.

സിനിമയിൽ ഘട്ടക്കും , സാമൂഹിക-ചരിത്രവ്യാഖ്യാനത്തിൽ ഡി.ഡി. കൊസാംബിയുമായിരുന്നു ബൗദ്ധികസ്വാധീനം എന്നതിനാൽ കുമാർ സാഹ്‌നിയുടെ ഫോർമലിസ്റ്റ് രചനാശൈലി കൊസാംബിയുടെ മാർക്‌സിയൻ വിശകലനരീതിയെയും ബ്രെസ്സോണിയൻ ഫോർമലിസത്തെയും എസൻസ്റ്റീനിന്റെ സിദ്ധാന്തങ്ങളെയും സമന്വയിപ്പിക്കുവാനുള്ള ഉദ്യമങ്ങളായിരുന്നു. ഘട്ടക്കിയൻ-ബ്രെസ്സോണിയൻ സിനിമദർശനങ്ങളുടെയും മാർക്‌സിയൻ സൗന്ദര്യശാസ്ത്രചിന്തയുടെയും പല അളവിലുള്ള സമ്മിശ്രസ്വാധീനമാണ് അതിനാൽ കുമാർ സാഹ്‌നിയുടെ ചിത്രങ്ങളിലെല്ലാം പ്രകടമാവുന്നത്. ഈ സ്വാധീനധാരകളുടെ സവിശേഷതകൾ പ്രകടിപ്പിക്കുമ്പോഴും മായാ ദർപ്പൺ മുതലുള്ള കുമാർ സാഹ്‌നിയുടെ പ്രധാനരചനകളെല്ലാം തീർത്തും മൗലികങ്ങളായിരുന്നുവെന്നതാണ് ശ്രദ്ധേയം. കേരളവുമായും കേരളത്തിലെ ചലച്ചിത്രപ്രവർത്തകരുമായും ആഴത്തിലുള്ള ബന്ധം സൂക്ഷിച്ചിരുന്ന കുമാർ സാഹ്‌നിയുടെ മരണത്തോടെ ഇന്ത്യൻ സിനിമയിലെ നവതരംഗവും പിൻവാങ്ങുകയാണ്.


ഒ.കെ. ജോണി

ജേണലിസ്റ്റ്, ഫിലിം ക്രിട്ടിക്, ഡോക്യുമെൻററി സംവിധായകൻ, എഴുത്തുകാരൻ. മാതൃഭൂമി ബുക്‌സിന്റെ ആധുനികവൽക്കരണകാലത്ത് എഡിറ്റോറിയൽ ചുമതലകൾ വഹിച്ചു.

Comments