വെറുമൊരു
ചിരി ചിരിച്ച്
തീർന്നുപോകില്ല,
ശ്രീനിവാസൻ…

'ഞാൻ ചെയ്യാതെ പോയ സിനിമകളാണ് മലയാള സിനിമയ്ക്കുള്ള എന്റെ സംഭാവന' എന്ന് തന്നെത്തന്നെ സ്വയം തിരസ്‌കരിക്കാനുള്ള സർഗാത്മകതയുടെ ആത്മബലം മലയാള സിനിമയിൽ അവശേഷിപ്പിച്ചാണ് ശ്രീനിവാസൻ കഥാവശേഷനാകുന്നത്.

Think

വെറുമൊരു സാധാരണ ചിരി ചിരിച്ച് തീർന്നുപോകുന്ന ഒരാളല്ല മലയാള സിനിമയ്ക്ക് ശ്രീനിവാസൻ.

ആ ചിരിയിൽ അവശേഷിക്കുന്നത് ഇടത്തരം മലയാളിയുടെ സകല ആടയാഭരണങ്ങളുമാണ്. നാടോടിക്കാറ്റിലെയും തലയണമന്ത്രത്തിലെയും വടക്കുനോക്കിയന്ത്രത്തിലെയും ചിന്താവിഷ്ടമായ ശ്യാമളയിലെയും ശ്രീനിവാസനിൽ ഏതാണ്ടൊക്കെ ഒരു സമ്പൂർണ ഇടത്തരം മലയാളിയുണ്ട്.

ആക്ഷേപഹാസ്യവും പരിഹാസവും സ്വയം വിമർശനവും ആടിത്തിമർക്കുന്ന ഒരു തുള്ളൽക്കുഞ്ചൻ ശ്രീനിവാസന്റെ കൂടപ്പിറപ്പായി എന്നുമുണ്ടായിരുന്നു. ആ അതിസാധാരണത്വത്തെ നായകനായി പോലും ആവിഷ്‌കരിക്കാൻ കെൽപ്പുണ്ടായിരുന്നു ശ്രീനിവാസനിലെ തിരക്കഥാൃത്തിനും സംവിധായകനും.

മലയാളിയുടെ വൈയക്തികവും സാമൂഹികവും രാഷ്ട്രീയവുമായ അഭിരുചികളെ പ്രതിനിധീകരിക്കുന്ന ഒരു നടനശരീരം സ്വന്തമായി സ്വന്തം കഥാപാത്രങ്ങളിലൂടെ തന്നെ ശ്രീനിവാസൻ രൂപപ്പെടുത്തിയെടുത്തു. അത് പിന്നീടുവന്ന ആസ്വാദക തലമുറകളുടെ ടെക്‌സ്റ്റ് ബുക്കായി മാറി; വിമർശിക്കപ്പെടുമ്പോഴും അവഗണിക്കാനാകാത്ത ആവിഷ്‌കാരമായി ആ പ്രകടനങ്ങൾ നിലനിന്നു.

കെ.ജി. ജോർജ്ജിന്റെ മേള എന്ന സിനിമയുടെ തിരക്കഥാ ചർച്ചയിൽ പങ്കാളിയായാണ് ശ്രീനിവാസൻ, എഴുത്തിന്റെ സൗന്ദര്യശാസ്ത്രത്തിലേക്ക് സഞ്ചരിക്കുന്നത്.

പിന്നീട് നിരവധി സിനിമകളുടെ അണിയറയിൽ പേരില്ലാതെ പ്രവർത്തിച്ചു. സ്വന്തം പാഷനായ അഭിനയത്തിനുവേണ്ടിയായിരുന്നു അക്കാലത്തെ അലച്ചിൽ.

1976-ൽ പി.എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കമായിരുന്നു ശ്രീനിവാസൻ അഭിനയിച്ച ആദ്യ സിനിമ. പിന്നീട് നിരവധി സിനിമകളിൽ ചെറിയതെങ്കിലും ശ്രദ്ധേയമായ വേഷങ്ങളിൽ ശ്രീനിവാസൻ തിളങ്ങി.

1984-ൽ ഇറങ്ങിയ കെ.ജി. ജോർജ്ജിന്റെ പഞ്ചവടിപ്പാലം എന്ന സിനിമയിൽ ചക്രവണ്ടിയിൽ സഞ്ചരിക്കുന്ന കാത്തവരായൻ എന്ന കഥാപാത്രം ശ്രീനിവാസനുവേണ്ടി സൃഷ്ടിക്കപ്പെട്ടതായിരുന്നു.

ജി. അരവിന്ദന്റെ ചിദംബരത്തിലെ മുനിയാണ്ടി മറ്റൊരു വ്യത്യസ്ത കഥാപാത്രമായിരുന്നു.

1984-ൽ പ്രിയദർശൻ സംവിധാനം ചെയ്ത ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയിലൂടെ തിരക്കഥാകൃത്തായി. പിന്നീട് ബോയിങ് ബോയിങ് അടക്കം അദ്ദേഹം എഴുതിയ സിനിമകൾ വൻ ഹിറ്റുകളായി.

പിന്നീടാണ്, ശ്രീനിവാസൻ, സത്യൻ അന്തിക്കാട് എന്ന തന്റെ ഏറ്റവും മികച്ച കൂട്ടുകെട്ടിലേക്ക് എത്തുന്നത്. മലയാളി യൗവനത്തിന്റെ സകല നിസ്സഹായതകളെയും വേദനയൂറുന്ന ചിരിയായി ശ്രീനിവാസൻ എഴുതി. സാധാരണ മനുഷ്യരെ വേട്ടയാടുന്ന സംവിധാനങ്ങളെയെല്ലാം വിമർശിച്ചു. നടനും എഴുത്തുകാരനുമെന്ന നിലയ്ക്ക് ശ്രീനിവാസന് മലയാളത്തിലെ മുഖ്യധാരാസിനിമയുടെ ചിന്താപദ്ധതിയെ സവിശേഷമായി സ്വാധീനിക്കാനായി. മുൻ മാതൃകകളില്ലാത്ത സാമൂഹിക വിമർശനത്തിന്റെ തിരക്കഥയായിരുന്നു ശ്രീനിവാസന്റെ എഴുത്തുലോകം.

രണ്ടു സിനിമകളേ ശ്രീനിവാസൻ സംവിധാനം ചെയ്തിട്ടുള്ളൂ. 1989-ൽ ഇറങ്ങിയ വടക്കുനോക്കിയന്ത്രം മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്തു.

1998-ൽ ഇറങ്ങിയ ചിന്താവിഷ്ടയായ ശ്യാമളയും ദേശീയ- സംസ്ഥാന പുരസ്‌കാരങ്ങൾ നേടി.

സത്യൻ അന്തിക്കാടിനുവേണ്ടിയായിരുന്നു അവസാന തിരക്കഥയും. 2018-ൽ ഇറങ്ങിയ ഞാൻ പ്രകാശൻ.

'ഞാൻ ചെയ്യാതെ പോയ സിനിമകളാണ് മലയാള സിനിമയ്ക്കുള്ള എന്റെ സംഭാവന' എന്ന് തന്നെത്തന്നെ സ്വയം തിരസ്‌കരിക്കാനുള്ള സർഗാത്മകതയുടെ ആത്മബലം മലയാള സിനിമയിൽ അവശേഷിപ്പിച്ചാണ് ശ്രീനിവാസൻ കഥാവശേഷനാകുന്നത്.

Comments