ബാംഗളൂരിലെ സെന്റർ ഫോർ സ്റ്റഡീസ് ഓഫ് കൾച്ചർ ആൻഡ് സൊസൈറ്റിയിലെ ഇന്റേൺഷിപ്പ് കാലത്താണ്, പിന്നീട് എനിക്കേറ്റവും പ്രിയപ്പെട്ടതായിത്തീർന്ന The Calligraphic State Textual Domination and History in a Muslim Society' എന്ന പുസ്തകം ആദ്യമായി കണ്ടത്; 2005-06 ൽ. കൊളംബിയ സർവകലാശാലയിലെ നരവംശശാസ്ത്രജ്ഞനായ ബ്രിങ്ക്‌ലി മെസ്സിക് ആണ് രചയിതാവ്. ഗ്രന്ഥകാരനെ കുറിച്ച് മുൻപ് കേട്ടിരുന്നില്ല. മാധ്യമ പഠന വിദ്യാർഥി എന്ന നിലയിലും ഇന്ത്യയിലെ മാധ്യമ പഠനമേഖലയിലെ സാമ്പ്രദായിക രീതികൾ കാരണവും നരവംശ ശാസ്ത്രപഠനമേഖലയുമായി അടുത്തിടപഴകേണ്ട മുന്നനുഭവങ്ങളൊന്നും ഉണ്ടായിട്ടുമില്ല.
തലക്കെട്ടിലെ ‘കാലിഗ്രഫിക് സ്റ്റേറ്റ്’ എന്ന പ്രയോഗമാണ് പുസ്തകത്തിലേക്ക് ആകർഷിച്ച പ്രധാന ഘടകം. യമനിലെ മുസ്‌ലിം സമുദായത്തിനിടയിൽ നിലനിന്നുപോന്ന എഴുത്തുരീതികൾ, അവയുടെ പരിണാമങ്ങൾ, കയ്യെഴുത്തുരീതികളിൽ നിന്ന് അച്ചടിയിലേക്കുള്ള മാറ്റം, ആ മാറ്റത്തിനിടയിലെ തുടർച്ചകളുടെയും ഇടർച്ചകളുടെയും പശ്ചാത്തലത്തിൽ എഴുത്തും അധികാരവും തമ്മിലുള്ള ബന്ധത്തെയും അതിലൂടെ യമൻ എന്ന രാഷ്ട്രത്തിന്റെ രൂപീകരണത്തിന്റെയും നിലനില്പിന്റെയും ചരിത്രവർത്തമാനങ്ങൾ പറയുന്ന പുസ്തകമാണ് കാലിഗ്രഫിക് സ്റ്റേറ്റ്.
മുസ്‌ലിം സമൂഹങ്ങളിൽ നിയമതത്വസംഹിതയെ കുറിച്ചുള്ള അറിവും സാക്ഷരതയും എഴുത്തുവിദ്യകളും അവ ചേർന്നു രൂപം കൊണ്ട പ്രാദേശികാചാരങ്ങളും സങ്കീർണ്ണമായ ഒരു രാഷ്ട്രസംവിധാനത്തെ നിലനിർത്തുന്നത് എങ്ങനെയാണ് എന്നതായിരുന്നു മെസിക്കിന്റെ പ്രധാന അന്വേഷണ വിഷയം. ഏതൊരു മുസ്‌ലിം സമൂഹത്തെയും മനസ്സിലാക്കുന്നതിൽ ഇത്തരം ഘടകങ്ങൾ പ്രധാനമാണെന്ന് ഊന്നിപ്പറഞ്ഞ പ്രൊഫ. മെസികിന്റെ പുസ്തകം നരവംശശാസ്ത്രത്തിലും ഇസ്‌ലാമിക് സ്റ്റഡീസിലും ചരിത്രത്തിലും വെസ്റ്റ് ഏഷ്യൻ സ്റ്റഡീസിലും രീതിശാസ്ത്രപരമായ വലിയ വഴിത്തിരിവുകൾ കൊണ്ടുവന്ന പഠനമായാണ് വിലയിരുത്തപ്പെടുന്നത്. മുസ്‌ലിം സമൂഹങ്ങളെ ടെക്സ്ചുവൽ പോളിറ്റികളായി (textual polity) മനസ്സിലാക്കുന്നതിന്റെ സാദ്ധ്യതകളാണ് മെസിക്കിന്റെ പഠനത്തിന്റെ മർമ്മം.
ഈ ടെക്സ്ചുവൽ പോളിറ്റികളെ സാമ്പ്രദായിക മാധ്യമപഠന മേഖലയുമായി ഏതെങ്കിലും തരത്തിൽ എളുപ്പത്തിൽ ബന്ധപ്പെടുത്താവുന്ന സൂചനകളൊന്നും മെസിക്കിന്റെ മേൽപുസ്തകത്തിൽ ഇല്ല. പക്ഷേ, മെസിക്കിന്റെ പുസ്തകത്തിൽ നിന്ന് അത്തരമൊരു സൂചന വായിച്ചെടുക്കാനും അതുവഴി മുസ്‌ലിംകളുടെ വിശാലമായ അർഥത്തിലുള്ള മാധ്യമ സ്വഭാവത്തെയും മാധ്യസ്ഥതയെയും ചരിത്രവത്കരിക്കാനും എന്നെ പ്രേരിപ്പിച്ച പ്രധാനപ്പെട്ട ഘടകം, കഴിഞ്ഞ ദിവസം മരിച്ച, ലക്ഷ്വദീപ് സ്വദേശിയും ചരിത്രകാരനായ അബൂബക്കർ കാമിൽ സഖാഫി എന്ന അഗത്തി ഉസ്താദിന്റെ ധൈഷണിക ജീവിതമായിരുന്നു.
ഗവേഷണത്തിനിടെ ചില പുസ്തകങ്ങൾ തേടിയാണ് അദ്ദേഹത്തിന്റെ ജോലിസ്ഥലമായ മലപ്പുറത്തെ മഅദിൻ അക്കാദമിയിൽ പോയത്. വയലോരത്തെ ചെറിയൊരു പള്ളിയുടെ രണ്ടാം നിലയിൽ നിറയെ പുസ്തകങ്ങളുള്ള ഒരു മുറിയിലിരിക്കുകയായിരുന്നു അബൂബക്കർ കാമിൽ സഖാഫിയപ്പോൾ. മുമ്പ് വായിച്ച മെസിക്കിന്റെ യമനെ കുറിച്ചുള്ള നരവംശശാസ്ത്ര വിവരണങ്ങളിലും പുസ്തക ചരിത്രകാരനും എന്റെ അധ്യാപകനുമായ പ്രൊഫ. കോർണാർഡ് ഹിഷ്‌ലറുടെ പുസ്തകങ്ങളിലെ മധ്യകാല ഡമാസ്കസിനെ കുറിച്ചുള്ള ചരിത്രപരമായ വിവരണങ്ങളിലും വായിച്ചു പരിചിതമായ കാഴ്ചയായിരുന്നു ആ മുറിയിലപ്പോൾ കണ്ടത്.
വിശാലമായ ആ മുറിയുടെ ഒരു ഭാഗത്ത് വട്ടംകൂടിയിരുന്നു നാലഞ്ചു വിദ്യാർഥികൾ പുസ്തകങ്ങൾ വായിക്കുന്നു. ചിലപ്പോൾ അവർ പരസ്പരം വായിക്കാൻ സഹായിക്കുകയും ചെയ്യുന്നു. വേറൊരു ഭാഗത്തിരിക്കുന്ന മറ്റൊരു കൂട്ടം വിദ്യാർഥികൾ മുറിയിലാകെ പഴക്കം പരത്തുന്ന കയ്യെഴുത്തു പ്രതികളുടെ വലിയൊരു കെട്ടെടുത്ത് പരതിക്കൊണ്ടിരിക്കുകയാണ്. തൊട്ടടുത്തിരുന്നൊരാൾ ഒരു കയ്യെഴുത്തു പ്രതി മേശപ്പുറത്ത് അല്പം ഉയർത്തിവെച്ച് അതിന്റെ ഉള്ളടക്കം കമ്പ്യൂട്ടറിലേക്ക് ടൈപ്പ് ചെയ്യുന്നു. മുറിയുടെ മറ്റൊരു മൂലയിലെ വലിയൊരു മെഷിനിന്റെ മുന്നിൽ നിന്ന് ഒരാൾ സ്കാനിങ് പൂർത്തിയാകുന്ന മുറക്ക് പുസ്തകത്തിന്റെ താളുകൾ താളത്തിൽ മറിച്ചിട്ടുകൊണ്ടിരിക്കുന്നു. ഫോട്ടോസ്റ്റാറ്റ് എടുക്കാനും പ്രിന്റിങ് പൂർത്തിയായ എ ഫോർ ഷീറ്റുകൾ ചേർത്തുവെച്ചൊരുക്കാനും കാത്തു നിൽക്കുന്നു മറ്റു രണ്ടുപേർ. ഏകാഗ്രനായിരുന്ന് ജിൽദ് (പള്ളികൾ കേന്ദ്രീകരിച്ചു നടന്ന ബുക് ബൈൻഡിങ്) കെട്ടുകയാണ് മറ്റൊരു വിദ്യാർഥി. ഇതിനിടയിൽ മുന്നിലെ കമ്പ്യൂട്ടറിന്റെ വിശാലമായ ഡെക്സ്റ്റോപ്പിലെ ഫോൾഡറുകൾ തുറന്നും അടച്ചും കൊണ്ടിരിക്കുകയാണ് അബൂബക്കർ സഖാഫി എന്ന അഗത്തി ഉസ്താദ്. മുറിയിലെ അലമാരകളിൽ നിറഞ്ഞുതൂങ്ങുന്ന പുസ്തകങ്ങൾക്കിടയിൽ പരാതിക്കൊണ്ടിരിക്കുന്നവർ വേറെ.
ഇത്രയേറെ ആളുകളും പ്രവർത്തികളും നടക്കുന്ന ആ മുറി പക്ഷേ പ്രിന്ററിൽ നിന്നും സ്കാനിങ് മെഷിനിൽ നിന്നും വരുന്ന നേർത്ത ശബ്ദവും ഇടക്കിടെയുള്ള മൗസിന്റെ ക്ലിക് ശബ്ദവും കഴിച്ചാൽ നിശബ്ദമാണ്. കേരളത്തിൽ നിന്ന് പ്രചുര പ്രചാരം നേടിയ ആദ്യത്തെ പുസ്തകം എന്നു വിശേഷിപ്പിക്കാവുന്ന ശൈഖ് സൈനുദ്ധീൻ മഖ്ദൂമിന്റെ ഫത്ഹുൽ മുഈൻ എന്ന പുസ്തകത്തിന്റെ പഴക്കം ചെന്ന പ്രതികൾ അന്വേഷിച്ചായിരുന്നു ഞാനവിടെയെത്തിയത്.
തന്റെ ഡെസ്ക്ടോപ്പിലെ ഫോൾഡർ തുറന്ന് ഫത്ഹുൽ മുഈന്റെ ലഭ്യമായ പഴക്കം ചെന്ന കയ്യെഴുത്തുപ്രതികൾ ഉൾപ്പടെ 25 ഓളം വകഭേദങ്ങൾ യാതൊരു വൈമനസ്യവും കൂടാതെ അദ്ദേഹമെനിക്ക് ഒരു പെൻഡ്രൈവിലേക്ക് കോപ്പി ചെയ്തുതന്നു. അവയിൽ ഈജിപ്തിൽ നിന്നുതുടങ്ങി ഇന്തോനേഷ്യവരെയുള്ള ദേശങ്ങളിൽ നിന്നും പല കാലത്തായി വന്ന പ്രിന്റുകളും കയ്യെഴുത്തുപ്രതികളും ഉണ്ട്.
വർഷങ്ങളോളമുള്ള അന്വേഷണത്തിലൂടെ മാത്രം ഒരാൾക്ക് കണ്ടെത്താൻ കഴിയുന്ന വലിയ ശേഖരമാണ് ഒരൊറ്റ ക്ലിക്കിലൂടെ അദ്ദേഹമെനിക്ക് കോപ്പി ചെയ്തു തന്നത്. ആവശ്യം നിർവഹിച്ചു കിട്ടിയതിന്റെ ആശ്വാസത്തെക്കാൾ ആ മുറിയിൽ നടക്കുന്ന വൈവിധ്യമാർന്ന പ്രവർത്തികളുടെ ആശ്ചര്യത്തിൽ ലയിച്ചിരിക്കുകയായിരുന്നു ഞാനപ്പോൾ.
പക്ഷെ അവിടെയുള്ളവർക്കാർക്കും അതൊരു പുതുമയുള്ള കാഴ്ച്ചയേയല്ല. ഏതാണ്ട് ദിവസത്തിന്റെ മൂന്നിലൊന്നു നേരവും വർഷം മുഴുവനും തുടർന്നുകൊണ്ടിരിക്കുന്ന ദൈനംദിന പ്രവർത്തികളാണത്. കഴിഞ്ഞ പത്തുപതിനഞ്ചു വർഷത്തിനിടെ അബൂബക്കർ സഖാഫിയെ കാണാൻ, ചരിത്രത്തിൽ, പ്രത്യേകിച്ച് ഇന്ത്യൻ മഹാസമുദ്രത്തോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളുടെ ചരിത്രത്തിൽ അദ്ദേഹത്തിനുള്ള വൈദഗ്ദ്യത്തെ തങ്ങളുടെ ഗവേഷണപ്രവർത്തികൾക്ക് വേണ്ടി ഉപയോഗപ്പെടുത്താൻ മലപ്പുറത്തെ മേൽമുറി എന്ന കുഗ്രാമത്തിലേക്ക് പോയ ഏതൊരു ഗവേഷകർക്കും വിദ്യാർഥിക്കും സമാന അനുഭവങ്ങൾ തന്നെയാണ് ഉണ്ടാവുക.
മധ്യകാല മുസ്‌ലിം സമൂഹങ്ങളെ വിശേഷിപ്പിക്കാൻ പ്രൊഫ. ഹിഷ്‌ലർ ഉപയോഗിക്കുന്നത് "most bookish society" എന്നാണ്. ആ പ്രയോഗത്തിന്റെ ആൾരൂപമായിരുന്നു അഗത്തി അബൂബക്കർ സഖാഫി. ചരിത്രത്തിലും വർത്തമാനത്തിലും പുസ്തകങ്ങൾ അന്വേഷിച്ചു കണ്ടെത്തുകയും അവ മറ്റുള്ളവർക്കു കൂടി ലഭ്യമാക്കാൻ വേണ്ടി കഠിന പരിശ്രമം നടത്തുകയും ചെയ്തൊരാൾ.
പുതുതായൊരു പുസ്തകമോ, കയ്യെഴുത്തുപ്രതിയോ കിട്ടിയാലോ ഒരു പുസ്തകം കിട്ടാനുണ്ടെന്നറിഞ്ഞാലോ ആ മനുഷ്യൻ അനുഭവിക്കുന്ന ആനന്ദം അദ്ദേഹത്തോടൊപ്പമുള്ളവരെയും വിളിച്ചറിയിക്കും. എപ്പോഴോ വന്നുപോയ ഗവേഷകരെ പോലും വിളിച്ചുണർത്തും. പലപ്പോഴും അവരാവശ്യപ്പെടാതെ തന്നെ അതൊക്കെ സ്കാൻ ചെയ്തു അയച്ചുകൊടുക്കും. അറിവിനെയോ അറിവിന്റെ സ്രോതസ്സുകളെയോ മറ്റുള്ളവരിൽ നിന്നും മറച്ചുവെക്കാൻ അദ്ദേഹത്തിനു പേടിയായിരുന്നു.
അപൂർവമായ സ്രോതസ്സുകൾ തേടിയെത്തുന്നവർ കാണിക്കുന്ന ഭവ്യതയെ തന്റെ ഉദാരതയും സ്നേഹവും കൊണ്ട് അഗതി അബൂബക്കർ സഖാഫി നിഷ്പ്രഭമാക്കിക്കളയും.
പഠിക്കാനും പകർത്താനും ഏതു കുട്ടിയുടെ മുന്നിലും പോയിരിക്കും. മധ്യകാലത്ത് മലബാർ തീരത്തെത്തിയിരുന്ന അപൂർവ പുസ്തകങ്ങളെ വരവേൽക്കാൻ കോഴിക്കോട് കടപ്പുറത്ത് ഉത്സവസമാനമായ പരിപാടികൾ സംഘടിപ്പിച്ചതിനെ കുറിച്ചു കുറ്റിച്ചിറയിൽ നടന്ന ഒരു പരിപാടിയിൽ സൂചിപ്പിച്ചിരുന്നു. അതിന്റെ വിശദാമാശങ്ങളറിയാൻ വേണ്ടിയായിരുന്നു അവസാനമായി എന്നെ വിളിച്ചത്. അപൂർവമായ സ്രോതസ്സുകൾ തേടിയെത്തുന്നവർ കാണിക്കുന്ന ഭവ്യതയെ തന്റെ ഉദാരതയും സ്നേഹവും കൊണ്ട് അഗതി അബൂബക്കർ സഖാഫി നിഷ്പ്രഭമാക്കിക്കളയും. പഠന-ഗവേഷണങ്ങളുടെ ഔദ്യോഗിക വ്യവഹാരങ്ങൾക്കപ്പുറത്തേക്ക് ആ ബന്ധം വികസിക്കുകയും ചെയ്യും.
കേരളത്തിന്റെയും കേരളത്തെയും കുറിച്ചുമുള്ള വൈജ്ഞാനിക ഇടപെടലുകളിൽ ജ്ഞാനശാസ്ത്രപരമായ വലിയ ഇടർച്ചകൾ സംഭവിച്ച രണ്ടു പതിറ്റാണ്ടുകളാണ് കടന്നുപോയത്. കേരളത്തിൽ നിന്നും ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ സർവകലാശാലകളിലേക്കും ഗവേഷണ കേന്ദ്രങ്ങളിലേക്കും ഗവേഷകരായെത്തിയ വിദ്യാർഥികളുടെ പഠനഗവേഷണങ്ങളാണ് ഈ ഇടർച്ച സാധ്യമായത്.
ഈ ഇടർച്ചയുടെ രീതിശാസ്ത്രപരവും ആധാരപരവും ദത്തപരവുമായ സ്വഭാവത്തെ രൂപപ്പെടുത്തുന്നതിൽ അബൂബക്കർ സഖാഫിയുടെ ചരിത്രശേഖരങ്ങളും അവയെ വായിച്ചെടുക്കാനുള്ള അദ്ദേഹത്തിന്റെ വൈദഗ്ധ്യവും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ആ അർഥത്തിൽ കഴിഞ്ഞ ഒന്നരപതിറ്റാണ്ടിനിടെ വികസിച്ചുവന്ന മലബാർ പഠനങ്ങൾ എന്ന സവിശേഷമായ വൈജ്ഞാനികശാഖയുടെ തന്നെ പ്രധാനപ്പെട്ട ആധാരങ്ങളിലൊന്ന് അബൂബക്കർ സഖാഫിയും അദ്ദേഹത്തിന്റെ വൈജ്ഞാനിക തൃഷ്ണകളുമാണ്. ഇക്കാലയളവിൽ മലബാറിനെ കുറിച്ച് ഇന്ത്യക്കകത്തും പുറത്തും വന്ന വന്ന ഗവേഷണ പ്രബന്ധങ്ങളുടെയും പുസ്തകങ്ങളുടെയും അക്നൗൾഡ്ജ്മെന്റ് പേജിലൂടെ കടന്നുപോകുന്നവർക്ക് ഇക്കാര്യം മനസ്സിലാകും.
ലക്ഷദ്വീപിൽ ജനിച്ചു വളർന്നൊരാൾ എന്ന നിലയിൽ സ്വാഭാവികമായ ചില സിദ്ധികൾ അഗത്തി അബൂബക്കർ സഖാഫിക്കുണ്ട്. അലി മണിക്ഫാനെ പോലെ ഭൂമിശാസ്ത്രത്തിലും ഗോളശാസ്ത്രത്തിലുമുള്ള വ്യുല്പത്തിയാണത്. ഈ മേഖലയിൽ ഒരുമിച്ചുള്ള ധാരാളം ആലോചനകളും അന്വേഷണങ്ങളും അവർ കൂട്ടമായി നടത്തിയിട്ടുമുണ്ട്. അത്തരം കഴിവുകളുടെ പേരിലാണ് അദ്ദേഹം പൊതുസമൂഹത്തിനിടയിൽ ഏറെയും അറിയപ്പെട്ടതും.
ദിശ നിർണയിക്കുന്നതിലും മുസ്‌ലിംകളുടെ അഞ്ചുനേരത്തെ പ്രാർഥന, ചാന്ദ്രദർശനം തുടങ്ങിയവയുടെ സമയം നിശ്ചയിക്കുന്നതിലും സവിശേഷമായ വൈദഗ്ദ്യം അദ്ദേഹത്തിനുണ്ടായിരുന്നു. കേരളത്തിലെ പ്രമുഖ കലണ്ടറുകളും പത്രങ്ങളുമെല്ലാം ഈ രംഗത്ത് ആശ്രയിച്ചിരുന്നത് അദ്ദേഹത്തിന്റെ കണക്കുകളെയാണ്. പക്ഷേ അതിനേക്കാൾ വിപുലമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനരംഗം.
കേരളത്തിന്റെയും കേരളത്തെയും കുറിച്ചുമുള്ള വൈജ്ഞാനിക ഇടപെടലുകളിൽ ജ്ഞാനശാസ്ത്രപരമായ വലിയ ഇടർച്ചകൾ സംഭവിച്ച രണ്ടു പതിറ്റാണ്ടുകളാണ് കടന്നുപോയത്. ഈ ഇടർച്ചയുടെ രീതിശാസ്ത്രപരവും ആധാരപരവും ദത്തപരവുമായ സ്വഭാവത്തെ രൂപപ്പെടുത്തുന്നതിൽ അബൂബക്കർ സഖാഫിയുടെ ചരിത്രശേഖരങ്ങളും അവയെ വായിച്ചെടുക്കാനുള്ള അദ്ദേഹത്തിന്റെ വൈദഗ്ധ്യവും വലിയ പങ്കുവഹിച്ചിട്ടുണ്ട്.
ഒരേ പുസ്തകത്തിന്റെ പലകാലങ്ങളിൽ നിന്നും ദേശങ്ങളിൽ നിന്നുമുള്ള കയ്യെഴുത്തുപ്രതികൾ കയ്യെഴുത്തുപ്രതികൾ കണ്ടെത്തുക, അവയെ അടിസ്ഥാനമാക്കി പുസ്തകങ്ങളുടെ പുതിയ ക്രിട്ടിക്കൽ എഡിഷനുകൾ തയ്യാറാക്കുക, പഴയകാല പുസ്തകങ്ങൾക്ക് ടിപ്പണികൾ ചെയ്തു നവീകരിക്കുക തുടങ്ങിയ പ്രവർത്തികളിൽ ഏർപ്പെട്ടുകൊണ്ടിരുന്ന അദ്ദേഹം ഏതു സമയവും പുസ്തകങ്ങളുമായി സഹവസിക്കുന്നതിൽ അളവറ്റ ആനന്ദം കണ്ടെത്തിയിരുന്ന പണ്ഡിതനാണ്.
വിദ്യാർഥികളെ ഈ മേഖലയിലേക്ക് വളർത്തിക്കൊണ്ടുവരാനാവശ്യമായ കൈപുസ്തകങ്ങളും അദ്ദേഹം എഴുതിപ്രസിദ്ധീകരിച്ചിരുന്നു. ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ടതാണ് ഇംഗ്ലീഷ്- അറബി- മലയാളം ടൈപ്പിംഗ് പഠിക്കുന്നവർക്ക് വേണ്ടി തയ്യാറാക്കിയ കൈപുസ്തകം. കമ്പ്യൂട്ടർ ടൈപ്പിംഗ് വ്യാപകമായി തുടങ്ങുന്ന കാലത്ത് ടൈപ്പിംഗ് പഠിക്കാൻ ഒട്ടേറെ വിദ്യാർഥികൾ ഉപയോഗിച്ച പുസ്തകങ്ങളിലൊന്നിതാണ്. പുസ്തകങ്ങളുടെ ഉള്ളടക്കം പോലെ, അതിന്റെ ഡിസൈനിങ്ങിലും അങ്ങേയറ്റം ശ്രദ്ധാലുവായിരുന്നു. ഡിജിറ്റൈസേഷനുമായി ബന്ധപ്പെട്ട നൂതന സാങ്കേതിക വിദ്യകൾ കണ്ടെത്തുന്നതിലും ആർക്കൈവിങ്ങിനു വേണ്ടി അവ ഉപയോഗപ്പെടുത്തുന്നതിലും അദ്ദേഹം മുൻപന്തിയിലായിരുന്നു.
പഴയകാല പുസ്തകങ്ങളുടെ ഹാശിയ (വിശദീകരണം) ഉൾപ്പടെ വിവിധ വിഷയങ്ങളിലായി നൂറിലധികം പുസ്തകങ്ങൾ അബൂബക്കർ സഖാഫിയുടേതായുണ്ട്. നൂറോളം പുസ്തകങ്ങൾ തയ്യാറാക്കിവെച്ചാണ് അദ്ദേഹം വിടവാങ്ങിയതും. പല പുസ്തകങ്ങളും പ്രിന്റ് ചെയ്യുന്നതിനു പകരം ഓപ്പൺ സോഴ്സായി ഓൺലൈനിൽ പ്രസിദ്ധപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി.
അറബി മലയാളത്തിലെ ആദ്യ കാല രചനകളിലൊന്നായ മുഹ്‌യുദ്ധീൻ മാലയുടെ ഇതിവൃത്തമായ ശെയ്ഖ് മുഹ്‌യുദ്ധീൻ അബ്ദുൽ ഖാദിർ ജീലാനിയുടെ ജീവിതത്തെ കുറിച്ച് അലക്‌സാൻഡ്രിയക്കാരനായ ഇബ്നു ഹജറുൽ അസ്ഖലാനി പതിനാലാം നൂറ്റാണ്ടിൽ എഴുതിയ 'ജിബിതത്തുനാളിർ ഫീ തർജുമതി ശൈഖ് അബ്ദുൽ ഖാദിർ' എന്ന ഗ്രന്ഥത്തിന്റെ ടിപ്പണി പൂർത്തീകരിച്ചു ലൈബ്രറിയിൽ നിന്നിറങ്ങുന്നതിനിടെയാണ് അദ്ദേഹം മരിക്കുന്നത്. അച്ചടിക്കു മുമ്പുള്ള മലബാറിന്റെ സാഹിത്യ പാരമ്പര്യത്തെ കുറിച്ച് അഗാധമായ ഉൾക്കാഴ്ചകളുള്ള അപൂർവം ഗവേഷകരിൽ ഒരാൾ കൂടിയായിരുന്നു അദ്ദേഹം. മലബാർ തീരത്തെ മക്തബുകളെ (പള്ളികളോട് ചേർന്നുള്ള ലൈബ്രറികളെ) കേന്ദ്രീകരിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് വേണ്ടി നടന്നുകൊണ്ടിരിക്കുന്ന Writing cultures in the Malabar Coast എന്ന ഗവേഷണ പ്രോജക്ടിന്റെ പ്രധാനപ്പെട്ട മാർഗനിർദേശിയും അദ്ദേഹമായിരുന്നു.
ഭൂമിശാസ്ത്രപരമായി ദ്വീപിനു സ്വതസിദ്ധമായ ചുറ്റുപാടുകളിലേക്കുള്ള തുറവിയായിരുന്നു ദീർഘകാലം കേരളത്തിൽ ജീവിച്ച ഈ ചരിത്ര പണ്ഡിതന്റെ കാഴ്ചപ്പാടുകളെ നിർണ്ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്തത്.
മലബാറിലെ മുസ്‌ലിംകളുടെ മാധ്യമ സ്വഭാവങ്ങൾ എന്ന വിഷയത്തിൽ തുടങ്ങിയ എന്റെ ഗവേഷണം 2018- ൽ പൂർത്തിയാകുമ്പോഴേക്ക് അതിന്റെ ഊന്നൽ തന്നെ മാറി മറ്റൊന്നായി പരിണമിച്ചിരുന്നു. മാധ്യമ സ്വഭാവങ്ങൾ എന്നതിൽനിന്ന് അത് സാങ്കേതികവിദ്യയും ദൈവശാസ്ത്രവും എന്നതിലേക്ക് വികസിച്ചു. മുസ്‌ലിംകളുടെ ആശയവിനിമയരീതികളെ ചരിത്രവത്കരിക്കാനുള്ള അഗത്തി അബൂബക്കർ സഖാഫിയെ പോലുള്ളവരുടെ പ്രചോദനവും അതിനാവശ്യമായ വിഭവങ്ങൾ ലഭ്യമാക്കാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധതയും മാധ്യമ ചരിത്രകാരനും ഹൈദരാബാദ് സർവ്വകലാശാലയിലെ മാധ്യമ പഠന വിഭാഗം അധ്യാപകനുമായ പ്രൊഫ. പി. തിരുമാൾ, സാമൂഹിക ശാസ്ത്രജ്ഞനായ പ്രൊഫ. സഷീജ് ഹെഗ്‌ഡെ തുടങ്ങിയവരുടെ മാർഗനിർദേശങ്ങളുമായിരുന്നു ആ പരിണാമത്തിന്റെ പ്രധാന ഹേതു.
ഈ ഗവേഷണപ്രബന്ധം സമർപ്പിക്കുന്നതിന്റെ തൊട്ടുമുമ്പായിരുന്നു 'ശരീഅഃ സ്ക്രിപ്റ്റ് - എ ഹിസ്റ്റോറിക്കൽ അന്ത്രപ്പോളജി' എന്ന രണ്ടാമത്തെ പുസ്തകം മെസ്സിക് പ്രസിദ്ധീകരിക്കുന്നത്. യമനീ മുസ്‌ലിംകൾക്കിടയിൽ ഇസ്‌ലാമിക നിയമവ്യവസ്ഥ (ശരീഅഃ) എങ്ങനെയാണ് ഒരു പ്രാദേശിക ജീവിത സംസ്കാരമായി നിലനിൽക്കുന്നത് എന്നതായിരുന്നു ഈ പുസ്തകത്തിലെ പ്രധാന അന്വേഷണം. കൊളോണിയൽ, ഓട്ടോമൻ, ദേശീയതാ ഘട്ടങ്ങളെയെല്ലാം അതിജയിച്ചുകൊണ്ട് ഈ പ്രാദേശിക സംസ്കാരം നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും നിലനിൽക്കാനുള്ള പ്രധാന ഹേതുവായി മെസിക് അവതരിപ്പിക്കുന്നത് യമനീ മുസ്‌ലിംകളുടെ എഴുത്തു സംസ്കാരവും പുസ്തകങ്ങളുമായും പുസ്തകങ്ങളിലൂടെയും നിലനിൽക്കുന്ന സവിശേഷ ബന്ധങ്ങളുമാണ്.
ഇസ്‌ലാമിക നിയമ വ്യവസ്ഥയെ തന്നെ മെസിക് വിശദീകരിക്കുന്നത് പാഠങ്ങളെ (ഇവയിൽ മതപണ്ഡിതന്മാരുടെ ഫത്‌വകൾ, കോടതി വിധികൾ, വ്യക്തികൾ തമ്മിലുള്ള കരാറുകൾ തുടങ്ങി പാഠപുസ്തകങ്ങൾ വരെ ഉൾപ്പെടും) കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രാദേശിക സമ്പ്രദായം എന്നാണ്. ഈ പാഠങ്ങളുടെ വായനക്കാരൻ എന്ന നിലയിൽ ഒരു നരവംശശാസ്ത്രജ്ഞൻ ഗവേഷണത്തിലേർപ്പെടുമ്പോൾ സാധ്യമാകുന്ന ഉൾക്കാഴ്ചകളാണ് മെസികിന്റെ പുതിയ പഠനത്തെ രീതിശാസ്ത്രാപരമായി ശ്രദ്ധേയമാക്കുന്നു ഘടകം.
ലൈബ്രറികൾ, ആർക്കെയ്‌വുകൾ എന്നിങ്ങനെയുള്ള വിഭജനം കൊണ്ടുവന്നാണ് പ്രസ്തുത പുസ്തകത്തിലെ പല വാദങ്ങളും മെസിക് ഉയർത്തിയത്. പ്രബന്ധാവതരണത്തിനു ശേഷം സദസ്സിൽ നിന്നുള്ള ഒരു ചോദ്യം മെസിക്കിന്റെ ഈ വിഭജനത്തെ കേന്ദ്രീകരിച്ചായിരുന്നു. ഞാനപ്പോൾ അഗത്തി അബൂബക്കർ സഖാഫിയുടെ ലൈബ്രറിയെ ഓർത്തു. അവിടെയങ്ങിനെയൊരു വിഭജനം ഇല്ലല്ലോ. കയ്യെഴുത്തുപ്രതികളെ ഭൂതകാലത്തേക്ക് തള്ളിവിടാതെ, അവയെ ലൈബ്രറികളിലും അതുവഴി വർത്തമാനത്തിലും പിടിച്ചുനിർത്തുകയായിരുന്നല്ലോ അദ്ദേഹം ചെയ്തത്.
ഭൂമിശാസ്ത്രപരമായി ദ്വീപിനു സ്വതസിദ്ധമായ ചുറ്റുപാടുകളിലേക്കുള്ള തുറവിയായിരുന്നു ദീർഘകാലം കേരളത്തിൽ ജീവിച്ച ഈ ചരിത്ര പണ്ഡിതന്റെ കാഴ്ചപ്പാടുകളെ നിർണ്ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്തത്. ആ തുറവിയുടെ കാറ്റും വെളിച്ചവുമായിരുന്നു അദ്ദേഹത്തിന്റെ പഠന-ഗവേഷണ രീതിശാസ്ത്രത്തിന്റെ കരുത്തും.