ആലീസ് മൺറോ;
ജീവിതത്തിന്റെ തീ പിടിച്ച നൃത്തം തീർന്നു

2013- ലെ സാഹിത്യ നൊബേൽ കാനഡയിലേക്ക് കൊണ്ടു വന്ന ആലീസ് മൺറോയെ ‘കാനഡക്കാരുടെ ആന്റൺ ചെക്കോവ്’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ധ്യാനനിർഭരമായ ഒരനുഭവമാണ് ആലീസ് മൺറോയുടെ കഥകളിലൂടെയുള്ള സഞ്ചാരമെന്ന് ന്യൂയോർക്ക് ടൈംസിന്റെ ലിറ്റററി എഡിറ്ററുടെ സാക്ഷ്യം. 12 വർഷമായി മറവിയുടെ ലോകത്തായിരുന്ന അവർ മെയ് 13-ന് അന്തരിച്ചു.

‘കാനഡക്കാരുടെ ആന്റൺ ചെക്കോവ്’ എന്നാണ് ഇന്നലെ ഈ ലോകം വിട്ടുപോയ ആലീസ് മൺറോ എന്ന മാന്ത്രികശക്തിയുള്ള കഥയെഴുത്തുകാരിയെ കനേഡിയൻ വായനാസമൂഹം സാഭിമാനം വിശേഷിപ്പിച്ചിരുന്നത്. ചെക്കോവിൽ നിന്നും ജെയിംസ് ജോയ്‌സിൽ നിന്നും ആവേശമുൾക്കൊണ്ടാണ് ഈ കഥാകാരി എഴുതിത്തുടങ്ങിയത്. ധ്യാനനിർഭരമായ ഒരനുഭവമാണ് ആലീസ് മൺറോയുടെ കഥകളിലൂടെയുള്ള സഞ്ചാരമെന്ന് ന്യൂയോർക്ക് ടൈംസിന്റെ ലിറ്റററി എഡിറ്ററുടെ സാക്ഷ്യം.

കഴിഞ്ഞ പന്ത്രണ്ടു വർഷമായി മറവിയുടെ ലോകത്തെ ഏകാന്ത നർത്തനമായിരുന്നു മൺറോയുടെ ജീവിതം. തൊണ്ണൂറ്റിമൂന്നിന്റെ പടിവാതിലിലെത്തി നിൽക്കെ മരണത്തിലേക്ക് യാത്ര പോയതും അവർ അറിഞ്ഞിട്ടുണ്ടാവില്ല. ഒരു വ്യാഴവട്ടത്തിനിപ്പുറം സ്മൃതിയുടെ വിഹായസ്സ് അവർക്ക് മുമ്പിൽ ഇരുളടഞ്ഞു കിടന്നു. അപ്പോഴും പക്ഷേ കലാതിശായിയായ അവരുടെ രചനകളെക്കുറിച്ച് കാനഡയ്ക്കകത്തും പുറത്തും ചർച്ച ചെയ്യപ്പെട്ടു.

ആലീസ് മൺറോ നൊബേൽ പ്രൈസുമായി / Photo: Sheila Munro
ആലീസ് മൺറോ നൊബേൽ പ്രൈസുമായി / Photo: Sheila Munro

അതിഭാവുകത്വവും അതിവൈകാരികതയും സ്പർശിക്കാത്ത ശൈലിയിലെഴുതിയവയായിരുന്നു കഥകളേറെയും. 13 ഭാഷകളിലായി ആ കഥാസാഗരം കാലത്തിന്റെ സന്നിഗ്ധതകളെയത്രയും ഇഴപാകിയൊഴുകി.
2013- ലെ സാഹിത്യ നൊബേൽ കാനഡയിലേക്ക് കൊണ്ടു വന്ന ഈ എഴുത്തുകാരി, നയാഗ്ര വെള്ളച്ചാട്ടത്തിന്റെ വിദൂരശബ്ദം മുഴങ്ങിക്കേൾക്കുന്ന തെക്ക് പടിഞ്ഞാറെ ഒന്റാറിയോയിലെ കെയർഹോമിലാണ് അന്ത്യശ്വാസം വലിച്ചത്. ഡൈമൻഷൻസ് ഓഫ് ഷാഡോ എന്ന ആലീസ് മൺറോയുടെ കഥാപാരായണം, പ്രസിദ്ധമായൊരു വെസ്‌റ്റേൺ ക്ലാസിക്കൽ സംഗീതം ഇയർഫോണുപയോഗിച്ച് കേൾക്കുന്നതിനെക്കാൾ ഏറെ ആസ്വാദ്യകരമാണെന്നാണ് ബെൻ ഡോൾനിക് എന്ന ഗ്രന്ഥകാരൻ കഥാകാരിയെക്കുറിച്ചുള്ള ചരമലേഖനത്തിലെഴുതിയത്.

1931 ജൂലൈ പത്തിന് ഒന്റാറിയോയുടെ സമീപം ഹുറോൺ എന്ന കാർഷിക ഗ്രാമത്തിൽ ജനിച്ച ആലീസിന്റെ പിതാവ് കൃഷിക്കാരനും മാതാവ് സ്‌കൂളധ്യാപികയുമായിരുന്നു. ഐറിഷ്- സ്‌കോട്ടിഷ് ബന്ധമുള്ള അവർ നല്ല വായനക്കാരിയുമായിരുന്നു.

കൃഷിയിലും ഒപ്പം വായനയിലും താൽപര്യമുണ്ടായിരുന്ന ആലീസ് ബാല്യ കൗമാരകുതൂഹലങ്ങൾ വരികളിലാക്കി. അന്നും ചെറുകഥയായിരുന്നു മീഡിയം. കവിതകളിലേക്കോ നോവലിലേക്കോ എഴുത്ത് മുന്നേറിയില്ല. കഥകളിൽ ഉറപ്പിച്ച എഴുത്ത് രീതി. അത് പക്ഷേ ഏറ്റവും ആധുനികമായ രചനാസങ്കേതമുപയോഗിച്ചായിരുന്നുവെന്ന് പിൽക്കാല കഥകൾ തെളിയിച്ചു. പെട്ടെന്നുതന്നെ കനേഡിയൻ നിരൂപകരുടെ ശ്രദ്ധ ആലീസിൽ പതിഞ്ഞു.

അന്നോളമുള്ള കഥയെഴുത്തിനെ വിപ്ലവകരമായി ആലീസ് പുതുക്കിപ്പണിതുവെന്നാണ് പ്രമുഖ പ്രസിദ്ധീകരണങ്ങളെല്ലാം അവരെക്കുറിച്ച് വാഴ്ത്തിയത്.
യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേൺ ഒന്റാറിയോയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യവും ജേണലിസവും പഠിച്ചിറങ്ങിയ ആലീസ്, ഫിക് ഷൻ എഴുത്തിനുള്ള കനേഡിയൻ ഗവർണർ ജനറലുടെ പുരസ്‌കാരം തുടർച്ചയായി മൂന്നു വർഷം കരസ്ഥമാക്കി. 2009- ലെ മാൻബുക്കർ പ്രൈസും അവരെത്തേടിയെത്തി.

പത്രപ്രവർത്തനം പഠിച്ചുവെങ്കിലും കൃഷികാര്യങ്ങളിൽ പിതാവിനെ സഹായിച്ച ആലീസ് ഹോട്ടൽ പരിചാരകയായും ലൈബ്രറി ക്ലാർക്കായുമൊക്കെ ജോലി ചെയ്തു. സഹപാഠിയായ ജെയിംസ് മൺറോയെ വിവാഹം ചെയ്തതോടെ ആലീസ് മൺറോ എന്ന പേര് സ്വീകരിച്ചു.

വാങ്കോവറിനടുത്ത ഡുൺഡറാവെയിലേക്ക് ഇരുവരും താമസം മാറ്റി. ജെയിംസ് അവിടെ ഒരു ഡിപ്പാർട്ടുമെന്റ് സ്റ്റോറിൽ ജോലിയെടുത്തു. 1963- ൽ അവർ വിക്ടോറിയയിലേക്ക് നീങ്ങി. അവിടെ മൺറോ ബുക്‌സ് എന്ന ഗ്രന്ഥാലയം തുറന്നു. ഈ ബുക്‌സ്‌റ്റോർ ഇപ്പോഴും വിക്ടോറിയയിലുണ്ട്. നിരവധി സന്ദർശകർ അവിടെയെത്തുന്നു.

വിക്ടോറിയയിലെ മണ്‍റോ ബുക്ക്സ് / Photo: Wikimedia Commons
വിക്ടോറിയയിലെ മണ്‍റോ ബുക്ക്സ് / Photo: Wikimedia Commons

പെൺകുട്ടികളുടേയും സ്ത്രീകളുടേയും ജീവിതത്തിന്റെ ആകുലതകൾ ചമൽക്കാരപൂർവം വരച്ചുകാട്ടിയ 'ഡാൻസ് ഓഫ് ദ ഹാപ്പി ഷേയ്ഡ്‌സ്', ബെഗ്ഗർ മെയ്ഡ് എന്നീ കഥകൾ ആലീസ് മൺറോയെ ആഗോളശ്രദ്ധയിലേക്ക് കൊണ്ടു വന്നു.

പ്രശസ്ത സാഹിത്യപ്രസിദ്ധീകരണങ്ങളായ അറ്റ്‌ലാന്റിന് മന്ത്‌ലി, ഗ്രാന്റ് സ്ട്രീറ്റ്, ഹാർപേഴ്‌സ് മാഗസിൻ, ദ ന്യൂയോർക്കർ, നറേറ്റീവ് മാഗസിൻ, ദ പാരീസ് റിവ്യൂ എന്നിവയിലെല്ലാം ആലീസ് മൺറോ കഥകളെഴുതി. മാർത്ത, റൂത്ത് ആന്റ് എഡി, എഡ്ജ് ഓഫ് മാഡ്‌നെസ്, എവേ ഫ്രം ഹെർ, ഹേറ്റ്ഷിപ്, ലൗഷിപ്, ജൂലിയെറ്റ തുടങ്ങിയ ആലീസ് മൺറോ കഥകൾ സിനിമകളായി.
ലൈവ്‌സ് ഓഫ് മദേഴ്‌സ് ആന്റ് ഡോട്ടേഴ്‌സ് എന്ന പേരിൽ ആലീസ് മൺറോയുടെ മകൾ ഷൈലാ മൺറോ എഴുതിയ ഓർമക്കുറിപ്പിൽ അമ്മയെ അർബുദം പിടികൂടുന്നതും ഹൃദയശസ്ത്രക്രിയക്ക് വിധേയയാക്കുന്നതുമെല്ലാം എഴുതിയിട്ടുണ്ട്.

2012 മുതൽ അവർ സ്മൃതിനാശം സംഭവിച്ചവരുടെ ലോകത്തേക്ക് ഒതുങ്ങി. അർബുദം ആക്രമിച്ച സമയത്തും പക്ഷേ എഴുത്തിനോടുള്ള ആലീസിന്റെ ആസക്തി അൽഭുതാവഹമായിരുന്നുവെന്ന് മകൾ അനുസ്മരിക്കുന്നുണ്ട്. പക്ഷേ 2012 ഏറ്റവും ദുരിതപൂർണമായ വർഷമായി. ആ ദുരിതജീവിതം മേയ് 13 എന്ന കനേഡിയൻ കലണ്ടറിലെ ശീതപ്പകൽമയങ്ങുവോളം മുനിഞ്ഞുകത്തി. പിന്നെ ആലീസ് മൺറോ എന്ന നൊബേൽ ജേതാവിന്റെ മുന്നിൽ കാലത്തിന്റെ ചില്ലുവാതിൽ ദാക്ഷിണ്യപൂർവം അടഞ്ഞു.

ബ്ലന്റ് ആന്റ് സ്റ്റുപ്പിഡ് എന്ന അവരുടെ കഥാശീർഷകം പറയുംപോലെ, സ്മരണകൾ കെട്ടുപിണഞ്ഞ് പൊടുന്നനവെ വിസ്മൃതിയിലേക്കെറിയുകയും പന്ത്രണ്ട് കൊല്ലം മസ്തിഷ്‌കത്തെ തടവിലിടുകയും ചെയ്ത ആ കുൽസിതത്വം - സ്റ്റുപ്പിഡിറ്റി - കലർന്ന ജീവിതത്തിന്റെ തീ പിടിച്ച നൃത്തത്തിന് അസ്തമയം.

Comments