ഇന്ത്യൻ സിനിമാപിന്നണിസംഗീതത്തിൽ ഏറ്റവും കൂടുതൽ കാലം നിറഞ്ഞുനിന്ന ഹൃദയഹാരിയായ ശബ്ദമായിരുന്നു ആശാ ഭോസ്‌ലേ. എട്ട് പതിറ്റാണ്ടിനെ സ്വാധീനിച്ച 12,000ലേറെ പാട്ടുകൾ. ബോളിവുഡ് അടക്കം 20 ഭാഷകളുടെ ഈണമായി മാറിയ ഈ ശബ്ദം, ഇന്ത്യൻ സിനിമാസംഗീതത്തിന്റെ ഏറ്റവും ജനകീയമായ ബെഞ്ച് മാർക്ക് കൂടിയായിരുന്നു.
പകരം വെക്കാനില്ലാത്ത വൈവിധ്യമായിരുന്നു ആശ ഭോസ്ലേ. ബോളിവുഡിൽ ഒരേയൊരു മറുശബ്ദം മാത്രമേ ആശയ്ക്ക് മത്സരിക്കാനുണ്ടായിരുന്നുള്ളൂ; മൂത്ത സഹോദരി ലതാ മങ്കേഷ്‌കറുടെ. ചേച്ചിയുടെ ശബ്ദത്തിന്റെ ഏകാധിപത്യപരമായ സ്വാധീനശേഷിയെ തുടക്കം മുതൽ അവർക്ക് സർഗാത്മകമായി മറികടക്കാനായി.
പ്രമുഖ മറാത്തി നാടകനടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശുദ്ധമായിയുടെയും മകളായി ഇൻഡോറിലാണ് ആശയുടെ ജനനം. അച്ഛനാണ് പാട്ട് പഠിപ്പിച്ചത്. അദ്ദേഹം മരിച്ചതിനുശേഷമാണ് ആശ പിന്നണിഗാനരംഗത്ത് എത്തിയത്.
ഇന്ത്യൻ സിനിമാസംഗീതത്തിലെ ഏറ്റവും സർഗാത്മകമായ കാലം; മുകേഷിന്റെയും മുഹമ്മദ് റാഫിയുടെയും കിഷോർ കുമാറിന്റെയും ലത മങ്കേഷ്‌കറുടെയും കാലത്തുതന്നെയാണ് ആശയുടെ പാട്ടുകൾ വേറിട്ട ശബ്ദം കേൾപ്പിച്ചുതുടങ്ങിയത്.
1943-ൽ ഒമ്പതാം വയസ്സിൽ പാട്ടുകളുടെ ലോകത്തിലേക്ക് നാവെടുത്തുവെക്കുമ്പോൾ തന്നെ ആശയുടെ മൂത്ത ചേച്ചി, ലത, ബോളിവുഡിലെ കിരീടം വെക്കാത്ത ശബ്ദമായിരുന്നു. ഒപ്പം ഷംഷാദ് ബീഗവും ഗീത റോയിയും അരങ്ങുവാണ കാലം.

അമ്പതുകളിൽ ആശ, ലതയുടെ സഹോദരി എന്ന നിലയ്ക്കാണ് ബോളിവുഡിൽ അറിയപ്പെടാൻ തുടങ്ങിയത്. ലതാ മങ്കേഷ്‌കറുടെ അഭൗമമായ സ്വാധീനം മൂലം തുടക്കത്തിൽ ആശയ്ക്ക് ചില ഡാൻസ് നമ്പറുകളും മറ്റുമാണ് പാടാൻ കിട്ടിയത്.
1943-ൽ Majha Bal എന്ന മറാത്തി സിനിമയ്ക്കുവേണ്ടി പാടിയ 'ചലാ ചലാ നവ്ബാല' ആയിരുന്നു ആദ്യ ഗാനം. ഹിന്ദിയിൽ 1948-ൽ റിലീസായ 'ചുനാരിയ'യിലെ ‘സാവൻ ആയാ…’ ആണ് ആശയുടെ ആദ്യ ഹിന്ദി പാട്ടായി അറിയപ്പെടുന്നത്.
ലത മങ്കേഷ്‌കറുടെ മെലഡി ശൈലിയിൽനിന്ന് വേറിട്ട ആലാപനത്തിനുവേണ്ടിയുള്ള ശ്രമം ആശ തുടക്കം മുതൽ നടത്തി. ലതയുടെ നിഴലിൽനിന്ന് കുതറിമാറാനുള്ള വഴിയൊരുക്കിയത് ഒ.പി. നയ്യാറാണ്. അദ്ദേഹമാണ് ആശയുടെ ശബ്ദത്തിന്റെ സാധ്യതകൾ തുടക്കത്തിൽ കണ്ടെത്തിയത്. 1956-ൽ സി.ഐ.ഡി എന്ന സിനിമയിലൂടെ നയ്യാർ ആശയുടെ ശബ്ദം അവതരിപ്പിച്ചു. അറുപതുകളിലും എഴുപതുകളിലും ആശ- ഒ.പി നയ്യാർ ജോഡി 300-ഓളം ഹിറ്റുകൾ സമ്മാനിച്ചു.
പിന്നീട് ആശ- ആർ.ഡി. ബർമ്മൻ കൂട്ടുകെട്ട് ബോളിവുഡിനെ ഇളക്കിമറിക്കാൻ തുടങ്ങി. ആശ ഭോസ്‌ലേയുടെ ശബ്ദത്തെ ഏറ്റവും സർഗാത്മകമായി ഉപയോഗപ്പെടുത്തിയത് ആർ.ഡി. ബർമനാണ്. പോപ്പ്, കാബറെ, റോക്ക്, ഗസൽ, ക്ലാസിക്കൽ തുടങ്ങിയ വിവിധ ശ്രേണികളിലേക്ക് ആശയുടെ ശബ്ദം പടർന്നത് ബർമ്മന്റെ സംഗീതസംവിധാനത്തിലാണ്. ഇത്രയും വൈവിധ്യമാർന്ന ശൈലി പിന്തുടർന്ന മറ്റൊരു ഗായികയും ബോളിവുഡിലില്ല. ആർ.ഡി. ബർമ്മനുമായുള്ള പാട്ടുകൂട്ടുകെട്ട് 1980ൽ വിവാഹത്തിലെത്തി.
പിന്നണിഗാനരംഗത്തുനിന്ന് പിൻവാങ്ങാൻ തീരുമാനിച്ച കാലത്താണ്, 1995-ൽ എ.ആർ. റഹ്മാന്റെ പാട്ടുകൾ ആശയെ തേടിയെത്തിയത്. രംഗീല എന്ന സിനിമയിലെ എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റായി. ഇരുവർ, ലഗാൻ, താൽ തുടങ്ങിയ റഹ്മാൻ ചിത്രങ്ങളെ ആശയുടെ ശബ്ദം കാലാതീതമാക്കി.

ഏറ്റവും പുതിയ തലമുറയുടെ ശബ്ദാഭിരുചികളിലേക്കുവരെ പടർന്നുകയറിയ ശബ്ദവും ശൈലിയുമായിരുന്നു ആശയുടേത്. അറുപതാം വയസ്സിലും ഇരുപതു വയസ്സുള്ള തലമുറയുടെ ശബ്ദവും അഭിരുചിയുമായി മാറാൻ ആശയ്ക്കു കഴിഞ്ഞു. എ.ആർ. റഹ്മാനെപ്പോലെ, പുതുപുത്തൻ പരീക്ഷണങ്ങൾ നടത്തുന്ന സംഗീതസംവിധായകരുടെ പോലും പ്രിയ ഗായികയായി ആശ മാറി.
ഗ്രാമി പുരസ്‌കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ഗായികയാണ്. 1997-ൽ ഉസ്താദ് അലി അക്ബർ ഖാനുമൊത്തുള്ള ലെഗസി എന്ന ആൽബമാണ് ഈ നേട്ടത്തിലെത്തിച്ചത്. 2006-ലും യു ഹാവ് സ്‌റ്റോളൻ മൈ ഹാർട്ട് എന്ന ആൽബത്തിലുടെ വീണ്ടും ഗ്രാമി നാമനിർദേശം ലഭിച്ചു.
2000-ൽ ദാദാ സാഹേബ് ഫാൽക്കേ പുരസ്‌കാരം, 2008-ൽ പദ്മവിഭൂഷൺ പുരസ്‌കാരങ്ങൾ നൽകി രാജ്യം ആദരിച്ചു. 'ഉംറാവോ ജാൻ', ഇജാസത്ത്' എന്നീ സിനിമകളിലെ ആലാപനത്തിന് രണ്ടു തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡും നേടി.
പിന്നണി സംഗീതത്തിനുപുറമേ, സംഗീതത്തിൽ സ്വതന്ത്രമായ നിരവധി പരീക്ഷണങ്ങൾ ആശ നടത്തിയിരുന്നു. ഗുൽസാർ, ആർ.ഡി. ബർമ്മൻ, ലെസ്‌ലി ലൂയിസ്, അദ്‌നാൻ സാമി എന്നിവരുമൊത്തുള്ള ആൽബങ്ങൾ ശ്രദ്ധേയമാണ്.
ലോകത്ത് ഏറ്റവും കൂടുതൽ പാട്ടുകൾ റെക്കോർഡ് ചെയ്ത ഗായിക എന്ന നിലയിൽ ആശ ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്. മലയാളത്തിലും അവർ ഒരു പാട്ട് പാടിയിട്ടുണ്ട്; 'സുജാത' എന്ന സിനിമയ്ക്കുവേണ്ടി 'സ്വയംവരശുഭദിനമംഗളങ്ങൾ...'.
ആശ ഭോസ്ലേയുടെ കാലാതീതമായ ചില പാട്ടുകൾ:
1. Chura Liya Hai Tumne: Yaadon Ki Baaraat (1973).
2. Dil Cheez Kya Hai: Umrao Jaan (1981).
3. Raat Shabnami: Jaanam Samjha Karo (1996).
4. Dum Maro Dum: Hare Rama Hare Krishna (1971).
5. Piya Tu Ab To Aaja: Caravan (1971).
6. In Aankhon Ki Masti: Umrao Jaan (1981).
7. O Mere Sona Re: Teesri Manzil (1966).
8. Mera Kuchh Saaman: Ijazat (1987).
9. Aao Huzoor Tumko: Kismat (1968).
10. Parde Mein Rehne Do: Shikar (1968).
11. Do Lafzon Ki Kahani: The Great Gambler (1979).
12. Jaiye Aap Kahan Jayenge: Mere Sanam (1966).
13. Kahin Aag Lage: Taal (1999).
14. Janu Meri Jaan: Shaan (1980).
15. Rangeela Re: Rangeela (1995).
