യാ ആലി മദദ് വാലീ, സുബീൻ ഗാർഗ് ഇനി പാട്ടോർമ്മ…

“2006-ൽ പുറത്തിറങ്ങിയ ‘ഗാംങ്സ്റ്റർ: എ ലൗ സ്റ്റോറി’ എന്ന അനുരാഗ് ബസുവിന്റെ സിനിമയിലെ ‘യാ അലി, മദദ് വാലീ’ എന്ന സൂഫിടച്ചുള്ള ഗാനമാണ് സുബീന്റെ യശസ്സ് അസമിന്റെ അതിരുകളിൽനിന്ന് പുറത്തേക്കെത്തിച്ചത്.” അന്തരിച്ച പ്രസിദ്ധ ഗായകൻ സുബീൻ ഗാർഗിനെ ഓർമ്മിക്കുകയാണ് മുസാഫിർ.

സിംഗപ്പൂരിലെ ഇന്ത്യൻ ഹൈക്കമ്മീഷണറേറ്റിൽ ഞായറാഴ്ച (21/09/2025) നടക്കേണ്ടിയിരുന്ന നോർത്ത് ഈസ്റ്റ് ഇന്ത്യാ ഫെസ്റ്റിവലിലെ മുഖ്യഗായകനായിരുന്നു അസം സംസ്ഥാനത്തിന്റെ ആസ്ഥാനഗായകൻ സുബീൻ ഗാർഗ്. ‘യാ ആലി, മദദ് വാലീ’ എന്ന ജനപ്രിയസംഗീതത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന പാട്ടുകാരൻ.

ഹോട്ടലിൽ ഒപ്പമുണ്ടായിരുന്ന പക്കമേളക്കാർ പോലുമറിയാതെ സുബീൻ വെള്ളിയാഴ്ച സായാഹ്നത്തിൽ സിംഗപ്പൂർ സിറ്റിയിൽ നിന്നകലെ, സൗത്ത് ചൈനാ കടലിലൊരു സ്‌കൂബാ ഡൈവിംഗിനു പോയി അപകടത്തിൽ പെട്ടു. രക്ഷപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടു. ലൈഫ് ജാക്കറ്റിന് ആ ജീവൻ രക്ഷപ്പെടുത്താനായില്ല. ഇന്ത്യയ്ക്കകത്തും പുറത്തും അറിയപ്പെടുന്ന അമ്പത്തിരണ്ടുകാരനായ ആ കലാകാരന്റെ മൃതദേഹം അസമിലെ ജോർഹട്ട് വിമാനത്താവളത്തിലെത്തിയപ്പോൾ ആയിരക്കണക്കിനാളുകളാണ് അശ്രുപൂജയർപ്പിക്കാനായി എത്തിയത്. ജോർഹട്ടിലെ കൊച്ചു വിമാനത്താവളം ശോകസാഗരമായി.

അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയുടെ നേതൃത്വത്തിൽ പ്രിയഗായകന്റെ അന്ത്യകർമങ്ങൾ ഗുവാഹത്തിയിൽ നടക്കും. ഔദ്യോഗിക ബഹുമതികളോടെ ചൊവ്വാഴ്ച്ചയാണ് (23/09/2025) സംസ്‌കാരം. സംസ്ഥാനത്ത് മൂന്നു നാളത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. അയൽ സംസ്ഥാനമായ നാഗാലാന്റിലും മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സുബീൻ ഗാർഗിനോടുള്ള ആദരസൂചകമായി ദു:ഖാചരണമാണ്.

2006-ൽ പുറത്തിറങ്ങിയ ‘ഗാംങ്സ്റ്റർ: എ ലൗ സ്റ്റോറി’ എന്ന അനുരാഗ് ബസുവിന്റെ സിനിമയിലെ ‘യാ അലി, മദദ് വാലീ’ എന്ന സൂഫിടച്ചുള്ള ഗാനമാണ് സുബീന്റെ യശസ്സ് അസമിന്റെ അതിരുകളിൽനിന്ന് പുറത്തേക്കെത്തിച്ചത്. ഇമ്രാൻ ഹാഷ്മിയും കങ്കണാ റണാവത്തും വേഷമിട്ട ഈ ചിത്രത്തിലെ ‘യാ ആലി..’ എന്ന പാട്ടിന് മികച്ച പിന്നണി ഗാനത്തിനുള്ള ദേശീയ പുരസ്‌കാരം സുബീൻ ഗാർഗിന് ലഭിച്ചു. ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി നോർത്ത് ഈസ്റ്റിലെ നാൽപതോളം പ്രാദേശിക-ഗോത്രഭാഷകളിലും നൂറുക്കണക്കന് ഗാനങ്ങളാണ് സുബീൻ ആലപിച്ചത്. മേഘാലയയിലെ ടുറ എന്ന സ്ഥലത്ത് ജനിച്ച സുബീന്റെ പിതാവ് മജിസ്‌ട്രേറ്റായിരുന്നു. പാശ്ചാത്യസംഗീതത്തിൽ ഇന്ത്യയുടെ ഖ്യാതി ഉയർത്തിയ സുബിൻ മേത്തയോടുള്ള ആദരസൂചകമായാണ് അദ്ദേഹം മകന് സുബീൻ എന്ന പേരിട്ടത്.

2006-ൽ പുറത്തിറങ്ങിയ ‘ഗാംങ്സ്റ്റർ: എ ലൗ സ്റ്റോറി’ എന്ന അനുരാഗ് ബസുവിന്റെ സിനിമയിലെ ‘യാ അലി, മദദ് വാലീ’ എന്ന സൂഫിടച്ചുള്ള ഗാനമാണ് സുബീന്റെ യശസ്സ് അസമിന്റെ അതിരുകളിൽനിന്ന് പുറത്തേക്കെത്തിച്ചത്.
2006-ൽ പുറത്തിറങ്ങിയ ‘ഗാംങ്സ്റ്റർ: എ ലൗ സ്റ്റോറി’ എന്ന അനുരാഗ് ബസുവിന്റെ സിനിമയിലെ ‘യാ അലി, മദദ് വാലീ’ എന്ന സൂഫിടച്ചുള്ള ഗാനമാണ് സുബീന്റെ യശസ്സ് അസമിന്റെ അതിരുകളിൽനിന്ന് പുറത്തേക്കെത്തിച്ചത്.

കപിൽ താക്കൂർ എന്ന തൂലികാനാമത്തിൽ കവിതകളും ഗാനങ്ങളുമെഴുതിയിരുന്ന സുബിന്റെ അച്ഛന്റെ പ്രോത്സാഹനമാണ് ചെറുപ്പത്തിലേ ഈ സർഗവൈഭവം തിരിച്ചറിയാൻ നിമിത്തമായത്. ഗായികയായ അമ്മയും നല്ല പിന്തുണ നൽകി. ശാന്തിപ്പൂർ എന്ന സ്ഥലത്തേക്ക് ഒരു ഗാനമേളയ്ക്കുള്ള യാത്രക്കിടെ വാഹനാപകടത്തിൽപെട്ട് 2002-ൽ അമ്മ മരണപ്പെട്ടത് സുബീന് വലിയ ആഘാതമായി.

മൂന്നാം വയസ്സിൽ പാട്ട് പഠിച്ച കൊച്ചുസുബീൻ, പതിനൊന്നാം വയസ്സിൽ തബല അഭ്യസിച്ചു. പഠനകാലം തൊട്ടേ ഗായകൻ എന്ന നിലയിൽ മാത്രമല്ല, ഗാനരചയിതാവ്, കംപോസർ തുടങ്ങിയ നിലകളിലും പ്രശസ്തി നേടി. ഇന്ത്യൻ നാടോടി ഗാനങ്ങളുടെ വടക്കുകിഴക്കൻ സമ്പ്രദായത്തിന്റെ പ്രചാരകനുമായി അദ്ദേഹം. ഒപ്പം പോപ്, ഹിന്ദുസ്ഥാനി, സൂഫി സംഗീതപദ്ധതികളും സ്വായത്തമാക്കി. തബലയും ഹാർമോണിയവും കീബോർഡുമുൾപ്പെടെ ഒരു ഡസൻ സംഗീതോപകരണങ്ങൾ സുബീൻ അനായാസം കൈകാര്യം ചെയ്തത് പലർക്കും വിസ്മയമായി. അസമീസ് ഫോക് സംഗീതത്തിൽ ഗവേഷണം ചെയ്തിരുന്ന സുബീൻ, വിക്ടർ ബാനർജിയോടൊപ്പം ഒരു ഹിന്ദി സിനിമ സംവിധാനം ചെയ്യുന്നതിനും അതിൽ അഭിനയിക്കുന്നതിനുമുള്ള പ്രവർത്തനമാരംഭിച്ചിരുന്നു. 'ചക്ര' എന്നായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ. അതിനിടയ്ക്കാണ് ആ മഹാപ്രതിഭയെ മരണം തട്ടിയെടുത്തത്.

1992-ൽ സോളോ സംഗീതത്തിൽ സ്വർണമെഡൽ ലഭിച്ച സുബീൻ 'ചാന്ദ്‌നി രാത് ' എന്ന ആദ്യ സോളോ ആൽബം പുറത്തിറക്കി. അതിനും രണ്ടു വർഷം മുമ്പേ 1990-ലാണ് ബോളിവുഡിലേക്കെത്തുന്നത്. തുടർന്ന് ഹിന്ദി ഗാനങ്ങളുടെ മാസ്മര ലോകത്ത് വളരെ വേഗം ലബ്ധപ്രതിഷ്ഠ നേടി. ‘ഗദ്ദാർ’, ‘ദിൽ സെ’, ‘ഡോളി സജാ കെ രഖ്‌ന’, ‘ഫിസ’, ‘കാന്തെ’ എന്നീ സിനിമകളിലെ സുബീന്റെ ഗാനങ്ങൾ ജനകീയമായി. 2005-ൽ ബംഗാളി ഗാനങ്ങൾക്കുള്ള ഗ്ലോബൽ ഇന്ത്യൻ ഫിലിം പുരസ്‌കാരവും തൊട്ടടുത്ത വർഷം - 2006 ൽ ‘യാ ആലീ…’ എന്ന പാട്ടിന് ദേശീയ അവാർഡും ലഭിച്ചു. ഇന്ത്യയ്ക്കകത്തും പുറത്തും പ്രസിദ്ധനായി. ട്രിനിഡാഡ്- ടുബാഗോയിൽ, ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ ക്ഷണം സ്വീകരിച്ച് വർഷം തോറും സുബീൻ സംഗീതമേളകൾ നടത്തി. മലേഷ്യയിലേയും സിംഗപ്പൂരിലേയും ഇന്ത്യൻ ആസ്വാദകരുടെ പ്രിയപ്പെട്ട പാട്ടുകാരനായി മാറി. അസമീസ് ആസ്വാദകർക്ക് ഭൂപൻ ഹസാരികയോളം പ്രിയപ്പെട്ട പാട്ടുകാരനായിരുന്നു അദ്ദേഹം.

സുബീൻ ഗാർഗിന്റെ  മൃതദേഹം വഹിച്ചുള്ള വാഹനം ഗുവാഹത്തി നഗരത്തിലൂടെ നീങ്ങുമ്പോൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ ആരാധകർ
സുബീൻ ഗാർഗിന്റെ മൃതദേഹം വഹിച്ചുള്ള വാഹനം ഗുവാഹത്തി നഗരത്തിലൂടെ നീങ്ങുമ്പോൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ ആരാധകർ

പ്രമുഖ ഫാഷൻ ഡിസൈനർ ഗരിമ സൈകിയയാണ് സുബീൻ ഗാർഗിന്റെ ജീവിതപങ്കാളി. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാലിന്റെ വാക്കുകൾ: “ഞങ്ങൾ അസമുകാരുടെ ഹൃദയസ്പന്ദനമാണ് സുബീന്റെ പൊടുന്നനവെയുള്ള വിയോഗത്തോടെ നിലച്ചു പോയത്. വിശ്വസിക്കാനാവുന്നില്ല ഈ വേർപാട്. പ്രിയഗായകന് കണ്ണീരിൽ കുതിർന്ന സ്‌നേഹാഞ്ജലി.”

Comments