ഇന്നസെന്റ്‌​: പാർലമെന്റിലെ ജനപ്രിയ നടൻ

എപ്പോഴും പറയുന്നതു പോലെ അപ്പൻ തെക്കേത്തല വറീത് ആയിരുന്നു ഇന്നസെന്റിന്റെ രാഷ്ട്രീയം കരുപ്പിടിപ്പിച്ചത്. ഇല്ലായ്മകളെ ധീരതയോടെ നേരിടാനാണ് ജീവിതാനുഭവങ്ങൾ അദ്ദേഹത്തെ പഠിപ്പിച്ചത്. ഏത് സാഹചര്യവും നേരിടാനുള്ള കരുത്തും ആത്മബലവും മനുഷ്യത്വവും തന്നെയാണ് എം.പിയായ ഇന്നസെന്റിനേയും വേറിട്ട് നിർത്തിയത്.

പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച പ്രഗൽഭനായ ഒരു സിനിമാനടൻ പാർലമെന്റംഗമായി വരുമ്പോൾ എന്ത് പ്രകടനം കാഴ്ചവെക്കും എന്ന കൗതുകമായിരുന്നു ഇന്നസെന്റിനെക്കുറിച്ച് പലർക്കും തുടക്കത്തിൽ ഉണ്ടായിരുന്നത്. ലബ്ധപ്രതിഷ്ഠരായ രാഷ്ട്രീയ നേതാക്കൾക്ക് മാത്രം കഴിയുന്ന കാര്യങ്ങൾ, അത്തരം മുൻപരിചയമില്ലാത്ത ഇന്നസെന്റിന് നിർവ്വഹിക്കാൻ കഴിയുമോ എന്ന് സംശയിച്ചവരുണ്ട്. എന്നാൽ അതിവേഗത്തിലാണ് എം.പി എന്ന നിലയിൽ ഇന്നസെൻറ്​ കളം പിടിച്ചത്.

15-ാം ലോകസഭയിൽ ജെ.പി.സി ചെയർമാൻ എന്ന നിലയിൽ ദേശീയ തലത്തിൽ തന്നെ വലിയ ശ്രദ്ധ നേടിയിരുന്ന പി.സി ചാക്കോക്കെതിരെ ഇന്നസെന്റിന്റെ സ്ഥാനാർത്ഥിത്വം അപ്രതീക്ഷിതമായിരുന്നു. ഇന്നസെൻറ്​ രംഗത്തിറങ്ങിയതോടെ ചാലക്കുടിയിലെ തെരഞ്ഞെടുപ്പ് ആവേശകരമായെങ്കിലും നെറ്റിചുളിച്ചവരും അപൂർവ്വമായി ഉണ്ടായിരുന്നു. ഒരു ചലച്ചിത്ര നടൻ ഇടതു സ്ഥാനാർത്ഥിയായി പൊടുന്നനെ അവതരിപ്പിക്കപ്പെടുന്നത് ഉൾക്കൊള്ളാനുള്ള പ്രയാസമായിരുന്നു അവർക്ക്. പ്രചരണം മുറുകിയതോടെ പക്ഷേ സ്ഥിതി മാറി. ഇന്നസെന്റിന്റെ സ്ഥാനാർത്ഥിത്വം സൃഷ്ടിച്ച ആവേശം കൂടുതൽ പ്രകടമായി കണ്ടു തുടങ്ങി. ഒരോ യോഗങ്ങളിലും വൻ ജനക്കൂട്ടം. തെരഞ്ഞെടുപ്പ് പരിപാടികളിലെ സ്ത്രീകളുടേയും കുട്ടികളുടേയും പങ്കാളിത്തമായിരുന്നു ശ്രദ്ധേയം. കുടം ആയിരുന്നു എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന ഇന്നസെന്റിന്റെ ചിഹ്നം. പലരും പ്രവചിച്ചതു പോലെ ഫലം വന്നപ്പോൾ ഇന്നസെൻറ്​ വിജയി. തെരഞ്ഞെടുപ്പിൽ മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെ പ്രധാന ചലച്ചിത്രതാരങ്ങൾ പ്രചരണത്തിന് വന്നുപോയി എങ്കിലും അവരെ അധികമായി പ്രചാരണരംഗത്ത് ഉപയോഗിക്കുന്നതിനോട് താൽപര്യമുണ്ടായിരുന്നില്ല ഇന്നസെന്റിന്. മെഗാസ്റ്റാറുകളും താരങ്ങളും വന്നുനിന്നാൽ സ്ഥാനാർത്ഥിയായ തന്നിൽ നിന്ന് അങ്ങോട്ട് വോട്ടർമാരുടെ ശ്രദ്ധമാറുമെന്നായിരുന്നു ഇതേക്കുറിച്ച് അദ്ദേഹത്തിന്റെ കമൻറ്​.

‘സീസൺഡ് ലീഡർ' എന്ന് നിസംശയം വിശേഷിപ്പിക്കാം ഇന്നസെന്റിനെ. ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലറായും താരസംഘടനയായ എ.എം.എം.എ യുടെ പ്രസിഡന്റായും ഒന്നരപ്പതിറ്റാണ്ടിലേറെയും ഉള്ള പ്രവർത്തനാനുഭവം ഇന്നസെന്റിലെ നേതൃശേഷിയെ ഊതിക്കാച്ചിയിരുന്നു. വിവിധ പ്രശ്‌നങ്ങളെ, അവയെത്ര വലുതോ ചെറുതോ ആകട്ടെ, സമീപിക്കുന്നതിൽ അദ്ദേഹം പ്രകടിപ്പിച്ച ബുദ്ധികൂർമ്മതയും സൂക്ഷ്മതയും പലപ്പോഴും അത്ഭുതപ്പെടുത്തി.

പാർലമെന്റംഗമായ ശേഷം ചേർന്ന ആദ്യ സഭാ സമ്മേളനത്തിനിടെ തന്നെ ഇന്നസെൻറ് ആദ്യ ഗോളടിച്ചു. മണ്ഡലത്തിലേക്ക് ഒരു പ്രധാന പാലത്തിന് അനുമതി നേടി സഹ എം.പിമാരെപ്പോലും അദ്ദേഹം അമ്പരപ്പിച്ചു. പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം തിരുവാണിയൂർ പഞ്ചായത്തിലെ അടിയാക്കൽ താഴത്ത് പുതിയ പാലം നിർമ്മിക്കാനുള്ള അനുമതിയാണ് അദ്ദേഹം നേടിയത്. റോഡ് നിർമ്മാണം മാത്രമായിരുന്നു ഈ പദ്ധതി പ്രകാരം അതുവരെ അനുവദനീയമായിരുന്നത്. പാലവും ആകാം എന്ന് വന്നതോടെ പിന്നീട് രാജ്യത്തൊട്ടാകെ ഒരു പുതിയ കീഴ്വഴക്കമാണ് സൃഷ്ടിക്കപ്പെട്ടത്. ഉപേക്ഷിക്കപ്പെട്ടിരുന്ന പാലം പദ്ധതി യാഥാർത്ഥ്യമാക്കാൻ മലയാളിയായ പി.എം.ജി.എസ്.വൈ ഡയറക്ടർ മനോജ് കുമാറാണ് സഹായിച്ചത്.

സ്‌ക്രീനിൽ കാണുന്ന മാന്നാർ മത്തായിയോ കന്നാസോ കിട്ടുണ്ണിയോ അല്ല ജീവിതത്തിലെ ഇന്നസെൻറ്​. വർഷങ്ങളുടെ ജീവിതാനുഭവങ്ങളിലൂടെ ‘സീസൺഡ്' ആയി മാറുന്ന വളരെ ചുരുക്കം പേരുണ്ട്. ആ വിശേഷണം അതിശയോക്തിയില്ലാതെ ചേരും ഇന്നസെന്റിന്. മുന്നിലെത്തുന്ന ഏതു പ്രശ്‌നങ്ങളേയും സമീപിക്കുന്നതിൽ അദ്ദേഹം പ്രകടിപ്പിച്ച ബുദ്ധികൂർമ്മതയും സൂക്ഷ്മതയും പലപ്പോഴും അത്ഭുതപ്പെടുത്തി. ഒരാളുടെ അക്കാദമിക് ബിരുദങ്ങളും പൊതുപ്രശ്‌നങ്ങളെ നേരിടുന്നതിൽ അയാൾക്കുള്ള മികവും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നതിന് ഒന്നാന്തരം ഉദാഹരണമാണ് ഇന്നസെന്റിന്റെ പാർലമെന്ററി ജീവിതം.

വളരെപ്പെട്ടെന്ന് കാര്യങ്ങൾ നടത്തിയെടുക്കാൻ അദ്ദേഹത്തിന്റെ സിനിമാ പശ്ചാത്തലവും സഹായകമായി. ഡൽഹിയിലെ മലയാളികളായ ഉദ്യോഗസ്ഥ പ്രമുഖരിൽ പലരും ഇന്നസെന്റിന്റെ ആരാധകരായിരുന്നു. നടൻ എന്ന നിലയിൽ മാത്രമല്ല ഇത്. ആഴവും പരപ്പുമുള്ള അദ്ദേഹത്തിന്റെ പുസ്തകങ്ങളും ലേഖനങ്ങളും അവരെ സ്വാധീനിച്ചിരുന്നു. പാർലമെന്റംഗമായി മികച്ച പ്രകടനം കാഴ്ചവക്കുന്നതിന് ഈ അവസരം അദ്ദേഹം നല്ലപോലെ ഉപയോഗപ്പെടുത്തുകയും ചെയ്തു. കേന്ദ്ര സർക്കാരിന്റെ വിവിധ ഓഫീസുകളിലും മന്ത്രാലയങ്ങളിലും പോകുമ്പോഴെല്ലാം ആദരവോടെയുള്ള സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്.

കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ ഏറെപ്പേർക്ക് അദ്ദേഹം പരിചിതനായിരുന്നു. ഹിന്ദിയിൽ അനായാസം സംസാരിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അദ്ദേഹം ഉന്നയിച്ചപ്പോൾ അതിൽ ഉൾച്ചേർന്ന രാഷ്ട്രീയവും ശ്രദ്ധിക്കപ്പെട്ടു. സ്വതസിദ്ധമായ നർമ്മം കലർത്തി തന്റെ മണ്ഡലത്തിന്റെ ആവശ്യങ്ങളിലേക്ക് ഇന്നസെൻറ്​ അവരുടെ ശ്രദ്ധ ക്ഷണിച്ചു. പാർലമെൻറ്​ സമ്മേളനങ്ങൾ ചേരുന്നതിനിടെ വിവിധ മന്ത്രാലയങ്ങളും റെയിൽവേ, ഇ.എസ്.ഐ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ ഓഫീസുകളും അദ്ദേഹം നിരന്തരം കയറിയിറങ്ങി. അദ്ദേഹം രൂപപ്പെടുത്തിയ കുറേയേറെ പദ്ധതികൾ ‘ഇന്നസെന്റിന്റെ പ്രോജക്ട്' എന്ന നിലയിൽ മുൻഗണനയോടെ പരിഗണിക്കപ്പെട്ടു. ചാലക്കുടി മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി രണ്ട് സർക്യൂട്ട് പദ്ധതികൾ കേന്ദ്ര സർക്കാരിന് ഇന്നസെന്റ് സമർപ്പിച്ചു. കേന്ദ്ര പദ്ധതികൾക്കായി നിർദ്ദേശം സമർപ്പിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. കേരളം സമർപ്പിച്ച സർക്യൂട്ട് പദ്ധതികളിൽ ആദ്യ രണ്ടും ചാലക്കുടിയിലേതായിരുന്നെങ്കിലും, രാഷ്ട്രീയ കാരണങ്ങളാൽ കേന്ദ്ര സർക്കാർ മറ്റൊരു പദ്ധതിക്കാണ് അനുമതി നൽകിയത്. സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾ മൂലം അനുമതി നിഷേധിക്കപ്പെടാതിരുന്നതെങ്കിൽ മധ്യകേരളത്തിന്റെ ടൂറിസം വികസനത്തിന് വലിയ സംഭാവന നൽകാൻ കഴിയുമായിരുന്ന പദ്ധതിയായി അതിരപ്പിള്ളി - കോടനാട് സർക്ക്യൂട്ട് പദ്ധതികൾ മാറിയേനെ.

പാർലമെന്റിൽ ഇന്നസെൻറ്​ നടത്തിയ രണ്ട് പ്രസംഗങ്ങൾ സഭയുടേയും രാഷ്ട്രീയ കേന്ദ്രങ്ങളുടേയും ശ്രദ്ധ പിടിച്ചുപറ്റി. രണ്ടും മലയാളത്തിലായിരുന്നു. ദാദ്രിയിൽ പശുവിനെ കൊലപ്പെടുത്തിയെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാക്കിനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഒരു പ്രസംഗം. ‘വല്ലവരുടേയും അടുക്കളയിൽ വേവിക്കുന്നത് ഒളിഞ്ഞു നോക്കുന്നതെന്തിന്' എന്ന പ്രസംഗ ഭാഗം വൈറലായി. സ്വന്തം ജീവിതാനുഭവങ്ങളും രോഗത്തെ നേരിട്ട അനുഭവങ്ങളും മുൻ നിർത്തി, ആരോഗ്യ മേഖലയിൽ സർക്കാർ സ്വീകരിക്കേണ്ട നടപടികൾ വിശദീകരിച്ച് നടത്തിയ മറ്റൊരു പ്രസംഗം സർക്കാർ വലിയ ഗൗരവത്തിലാണ് എടുത്തത്. ഇതിൽ അദ്ദേഹം ആവശ്യപ്പെട്ട ഒരു പ്രധാന കാര്യം ഹൃദയ ചികിത്സക്കുള്ള സ്റ്റെന്റുകൾ രോഗികൾക്ക് എളുപ്പത്തിൽ ലഭ്യമാവണം എന്നതായിരുന്നു. പിന്നീട് സ്റ്റെന്റുകളുടെ വില കുറക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയും ചെയ്തു.

കല്യാണം, വീടു താമസം, മരണം തുടങ്ങിയ ആവശ്യങ്ങൾക്ക് ഓടിയെത്തുന്നത് മാത്രമല്ല എം.പിയുടേയും എം.എൽ.എയുടേയും ജോലി എന്ന് സന്ദേഹമില്ലാതെ ഇന്നസെൻറ്​ പറഞ്ഞു. ചലച്ചിത്ര നടൻ കൂടിയായതിനാൽ എം.പി എല്ലാ പരിപാടികൾക്കും വേണമെന്ന് പലരും ശഠിക്കാൻ തുടങ്ങി. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വിജയിക്കുന്നവർക്ക് മണ്ഡലത്തിൽ പലയിടത്തും സ്വീകരണങ്ങൾ ഒരുക്കാറുണ്ട്. ഇന്നസെന്റിനെ പങ്കെടുപ്പിക്കാനായി സ്വീകരണ സമ്മേളനങ്ങളുടെ പരമ്പരയായിരുന്നു കുറേക്കാലത്തേക്ക്. എം.പിയായി ഒന്നര വർഷം കഴിയുമ്പോഴേക്ക് ഇന്നസെൻറ്​ വീണ്ടും കാൻസർ രോഗബാധിതനായി. ദില്ലി എയിംസിലായിരുന്നു ചികിത്സ. രോഗങ്ങളെ പരാജയപ്പെടുത്തുക എന്നത് ഒരു ഹോബിയാക്കി മാറ്റിയ ആ മനുഷ്യൻ ആറു മാസം കൊണ്ട് രോഗവിമുക്തി നേടി.

പൊതുപരിപാടികളിൽ സദസിനെ കൈയ്യിലെടുക്കുന്ന പ്രാസംഗികനുമായിരുന്നു ഇന്നസെൻറ്​. സ്വന്തം ജീവിതസന്ദർഭങ്ങളിലൂടെ പൊതു പ്രശ്‌നങ്ങൾ സരസമായി അവതരിപ്പിക്കുന്നതായിരുന്നു ശൈലി. സിനിമാ പ്രേക്ഷകർക്ക് പരിചിതരായ ചക്കച്ചാം പറമ്പിൽ ജോയിയും മാപ്രാണവും ഉൾപ്പെടെ പ്രസംഗങ്ങളിൽ കടന്നുവരും. വളരെ ഗൗരവമുള്ള ഒരു ജീവിതവിചാരം ശ്രോതാക്കളിൽ അവശേഷിപ്പിച്ചു കൊണ്ടാവും പ്രസംഗങ്ങൾ അവസാനിക്കുക. അദ്ദേഹത്തിന്റെ പുസ്തകം ‘കാൻസർ വാർഡിലെ ചിരി'യുടെ ഒരു ഭാഗം അഞ്ചാം ക്ലാസ്​ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകളിലെ പരിപാടികളിൽ ഇതേക്കുറിച്ചു കൂടി കുട്ടികളുമായി സംവദിച്ചാണ് പ്രസംഗം അവസാനിപ്പിക്കുക.

രോഗചികിത്സക്കും വിവാഹാവശ്യങ്ങൾക്കും വീടു നിർമ്മാണത്തിനും ഉൾപ്പെടെ പല ആവശ്യങ്ങൾക്കും സഹായം തേടി അനേകരാണ് അദ്ദേഹത്തെ കണ്ടിരുന്നത്. അവരെയെല്ലാം കരുണാപൂർവ്വം അദ്ദേഹം കേട്ടു. ചലച്ചിത്രനടനായതു കൊണ്ടു തന്നെ കാര്യമായ സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് പലരും വന്നിരുന്നത്. സാധ്യമായ എല്ലാ വിധത്തിലും അവർക്കൊപ്പം നിൽക്കാൻ ഇന്നസെൻറ്​ ശ്രമിച്ചു. പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ചികിത്സാ സഹായ പദ്ധതികൾക്കൊപ്പം ആരോഗ്യ രംഗത്തെ തന്റെ വ്യക്തി ബന്ധങ്ങളും ഉപയോഗപ്പെടുത്തി കഴിയുന്നത്ര സഹായമെത്തിക്കാൻ ശ്രമിച്ചു.

ചാലക്കുടി ലോകസഭാ മണ്ഡലത്തിന്റെ വികസനത്തിൽ ഇന്നസെന്റ് വഹിച്ച പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്. ഒരു സിനിമാക്കരന്റേയോ, ആദ്യമായി എം.പിയാവുന്ന ഒരാളുടേയോ അപരിചിതത്വമല്ല ആ ടേമിന്റെ ബാക്കി പത്രം. 1750 കോടി രൂപയുടെ പദ്ധതികൾ ചാലക്കുടിയിൽ ആവിഷ്‌കരിക്കപ്പെട്ടു. എം.പി ഫണ്ട് 102 ശതമാനവും ചെലവഴിച്ചു. മണ്ഡലത്തിലെ അഞ്ച് താലൂക്ക് ആശുപത്രികളിലും മാമോഗ്രാം യൂണിറ്റ്, രണ്ട് ഡയാലിസിസ് സെന്ററുകൾ, ആശുപത്രി കെട്ടിടങ്ങൾ, 28 സ്‌കൂളുകൾക്ക് ബസ്, കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് 123 കോടി രൂപയുടെ 114 കി.മീ റോഡുകൾ, പി എം.ജി.എസ്.വൈ പദ്ധതിയിൽ 23 ഗ്രാമീണ റോഡുകൾ, 11 കുടിവെള്ള പദ്ധതികൾ എന്നിവയെല്ലാം ഇന്നസെന്റ് യാഥാർത്ഥ്യമാക്കി. കേന്ദ്ര - സംസ്ഥാന പദ്ധതികളും എം.പി ഫണ്ടും കൂടാതെ വിവിധ സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ടും സ്വന്തം മണ്ഡലത്തിനായി അദ്ദേഹം പ്രയോജനപ്പെടുത്തി. അക്കൂട്ടത്തിൽ എടുത്തു പറയേണ്ടതാണ് ശ്രദ്ധ ആരോഗ്യ സുരക്ഷാ പദ്ധതി. ആശാ പ്രവർത്തകർ ഓരോ വീട്ടിലുമെത്തി പ്രമേഹവും രക്തസമ്മർദ്ദവും ഉൾപ്പെടെ 12 ഓളം പരിശോധനകൾ സൗജന്യമായി നടത്തുകയും ആവശ്യമുള്ളവർക്ക് മരുന്നുകൾ ലഭ്യമാക്കുകയുമാണ് ആ പദ്ധതിയിലൂടെ ചെയ്തത്. കൊച്ചി ബി.പി.സി.എല്ലിൽ നിന്ന് സി.എസ്.ആർ ഫണ്ട് സമാഹരിച്ചാണ് പലരും പ്രശംസിച്ച ഈ പദ്ധതി ഇന്നസെന്റ് നടപ്പാക്കിയത്. ദീർഘകാലാടിസ്ഥാനത്തിൽ പ്രയോജനം ചെയ്യുന്ന പദ്ധതികളും അദ്ദേഹത്തിന്റേതായി രൂപപ്പെടുത്തിയിരുന്നു. ജാതിക്കാ കൃഷിക്കാർക്കായി മൂല്യവർധിത ഉൽപന്നങ്ങൾ സൃഷ്ടിക്കുന്ന നട്‌മെഗ് പാർക്ക് അത്തരമൊരു ആശയമായിരുന്നു. പല കാരണങ്ങളാൽ അത് നടന്നില്ല.

റെയിൽവേയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി പാസഞ്ചർ അസോസിയേഷൻ ഭാരവാഹികളുൾപ്പെടെ ധാരാളം പേർ എം.പിയെ കാണാനെത്തുമായിരുന്നു. ഇവരിൽ ചിലരുടെ ആവശ്യങ്ങൾ നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ തുറന്നു പറയാനും അദ്ദേഹം മടിച്ചില്ല. താൻ അത് ശരിയാക്കാം എന്ന് വെറുതെ വാക്കു നൽകുന്നതിൽ അർത്ഥമില്ലെന്ന് അവരോട് തന്നെ പറഞ്ഞു. മണ്ഡലത്തിലെ തീരെ ചെറിയ ഒരു ഹാൾട്ട് സ്റ്റേഷനിൽ ഒരു ദീർഘ ദൂര ട്രെയിന് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവുമായി തന്നെ നിരന്തരം കണ്ടു വന്നിരുന്ന ഏതാനും പേരോട് അതു സംബന്ധിച്ച സാങ്കേതിക പ്രയാസങ്ങൾ വിവരിച്ചെങ്കിലും ബോധ്യപ്പെടുന്ന മട്ട് കണ്ടില്ല. ഒടുവിൽ ഇന്നസെന്റ് പറഞ്ഞു - ‘ഒരു ട്രെയിന് സ്റ്റോപ്പ് നേടാൻ കഴിയാത്തവനൊന്നുമല്ല നിങ്ങളുടെ എം.പി. പക്ഷേ ഒരു പ്രശ്‌നമുണ്ട്' എന്താണാ പ്രശ്‌നം? -നിവേദകർ ആകാംക്ഷയിലായി. ‘ട്രെയിൻ വരും, ആ സ്റ്റോപ്പിൽ നിർത്തും. പക്ഷേ പിന്നീട് അവിടുന്ന് ഒരിഞ്ച് മുന്നോട്ട് പോവില്ല; സമ്മതമാണോ?' - ഇന്നസെന്റിന്റെ ചോദ്യത്തിന് മുന്നിൽ ഒരു നിമിഷം സ്തംഭിച്ചെങ്കിലും പിന്നീട് അതൊരു കൂട്ടച്ചിരിയായി. റെയിൽവേ ബോർഡിന്റെ ഓഫീസിലും താഴെ നിലവാരത്തിലുള്ള റെയിൽവേ ഓഫീസുകളിലും ഇന്നസെന്റ് ഒരു മടിയുമില്ലാതെ എത്രയോ തവണ കയറിയിറങ്ങി. ഒടുവിൽ തന്റെ ഡിമാൻറ്​ ചാർട്ടിനു വേണ്ടി സത്യഗ്രഹ സമരം നടത്താനും അദ്ദേഹം തയ്യാറായി.

എം.പി ഫണ്ടിന് ആദ്യമായി സോഷ്യൽ ഓഡിറ്റ് നടപ്പാക്കിയത് ഇന്നസെന്റാണ്. ജനങ്ങളിൽ നിന്ന് അഭിപ്രായം ശേഖരിച്ച് കൂടിയാണ് എം.പി ഫണ്ട് അദ്ദേഹം ചെലവഴിച്ചത്. നിർധനരായവർക്ക് വീട് നൽകാൻ, എ.എം.എം.എ പ്രസിഡൻറ്​ എന്ന നിലയിൽ അദ്ദേഹം ഒരു പരിപാടി തയ്യാറാക്കി. അതിൽ ഉൾപ്പെടുത്തി ചാലക്കുടി മണ്ഡലത്തിലെ രണ്ട് കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീടും ഇന്നസെന്റ് ഒരുക്കി.

സംശുദ്ധമായിരുന്നു ഇന്നസെന്റിന്റെ പൊതുജീവിതം. പ്രളയകാലത്ത് ആറു മാസത്തെ ശമ്പളവും അധികമായി ഒരു ലക്ഷം രൂപയും അദ്ദേഹം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. എം.പി സ്ഥാനം ഒഴിഞ്ഞ ശേഷം രണ്ടാം പ്രളയ ഘട്ടത്തിൽ ഒരു വർഷത്തെ എം.പി പെൻഷനും അദ്ദേഹം സംഭാവന നൽകി.

ഇന്നസെന്റിനെ പലരും പലപ്പോഴായി ‘കൊലപ്പെടുത്തിയിട്ടുണ്ട്'. ഒന്നാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്ന ദിവസം. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി അദ്ദേഹത്തിനൊപ്പം തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുമ്പോഴാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വാർത്ത കണ്ടത്. തൊടുപുഴയിൽ വച്ച് ഇന്നസെൻറ്​ മരിച്ചു എന്നായിരുന്നു വാർത്ത. ഇതെത്തുടർന്ന് ഉൽകണ്ഠാകുലരായി വിളിച്ചവരുടെ കോളുകൾക്ക് മറുപടി പറയുകയായിരുന്നു തിരുവനന്തപുരത്ത് എത്തും വരെ. വാർത്ത കണ്ട് ചിരിക്കുകയാണ് ഇന്നസെൻറ്​ ചെയ്തത്. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്ന ഇന്നസെന്റിന്റെ ദൃശ്യങ്ങൾ തത്സമയ സംപ്രേഷണത്തിനിടെ കണ്ടപ്പോഴാണ് കുപ്രചരണം അവസാനിച്ചത്. ഏതാനും മാസങ്ങൾക്ക് ശേഷവും ഇതേ പോലെ മറ്റൊരു സംഭവം ആവർത്തിച്ചതും ഓർക്കുന്നു.

എപ്പോഴും പറയുന്നതു പോലെ അപ്പൻ തെക്കേത്തല വറീത് ആയിരുന്നു ഇന്നസെന്റിന്റെ രാഷ്ട്രീയം കരുപ്പിടിപ്പിച്ചത്. ഇല്ലായ്മകളെ ധീരതയോടെ നേരിടാനാണ് ജീവിതാനുഭവങ്ങൾ അദ്ദേഹത്തെ പഠിപ്പിച്ചത്. ഏത് സാഹചര്യവും നേരിടാനുള്ള കരുത്തും ആത്മബലവും മനുഷ്യത്വവും തന്നെയാണ് എം.പിയായ ഇന്നസെന്റിനേയും വേറിട്ട് നിർത്തിയത്.


Summary: എപ്പോഴും പറയുന്നതു പോലെ അപ്പൻ തെക്കേത്തല വറീത് ആയിരുന്നു ഇന്നസെന്റിന്റെ രാഷ്ട്രീയം കരുപ്പിടിപ്പിച്ചത്. ഇല്ലായ്മകളെ ധീരതയോടെ നേരിടാനാണ് ജീവിതാനുഭവങ്ങൾ അദ്ദേഹത്തെ പഠിപ്പിച്ചത്. ഏത് സാഹചര്യവും നേരിടാനുള്ള കരുത്തും ആത്മബലവും മനുഷ്യത്വവും തന്നെയാണ് എം.പിയായ ഇന്നസെന്റിനേയും വേറിട്ട് നിർത്തിയത്.


Comments