ഫരീദ പർവീൺ, ഏക‍്താരയുടെ മാറ്റൊലിക്കൊപ്പം പാടിയ വംഗദേശത്തിന്റെ പാട്ടുകാരി

“മരണത്തിലും അമരത്വം നേടുന്നു, സ്വരസുഭഗമാർന്ന ഫരീദയുടെ ലാലോൺഗീതങ്ങൾ. എം.ടിയുടെ നായിക വിമല (മഞ്ഞ്) തടാകക്കരയിൽ നിന്നു കേട്ട ഏക്താരയുടെ അവരോഹണത്തിന്റെ സ്മരണ ഉണർത്തുന്നത് കണക്കെ, കശ്മീരും കടന്ന് ധാക്കയിലെത്തുന്നു. ഒറ്റക്കമ്പി നാദമുയർത്തുന്ന ഫരീദയുടെ ഏക്താരയിൽ നിന്നുയരുന്ന നാദവീചികൾ,” അന്തരിച്ച ഗായിക ഫരീദാ പർവീണിനെ ഓർക്കുകയാണ് മുസാഫിർ.

ബംഗ്ലാദേശുകാരുടെ ഏറ്റവും പ്രിയപ്പെട്ട നാടൻ പാട്ടുകാരി ഫരീദാ പർവീണിന്റെ ജീവിതത്തിന് ശനിയാഴ്ച രാത്രി യവനിക വീണു. എഴുപതാം വയസ്സിൽ വൃക്കരോഗം ബാധിക്കുന്നത് വരെ 'ലാലോൺ' എന്ന പാട്ട്ശാഖയെ ബംഗ്ലാദേശിലും പശ്ചിമബംഗാളിലും സാധാരണജനങ്ങൾക്കിടയിൽ ഏറ്റവും പ്രിയങ്കരമായ കലാരൂപമാക്കിയ ഗായികയുടെ മൃതദേഹം ഷഹീദ് മിനാറിൽ പൊതുദർശനത്തിനു വെച്ചപ്പോൾ ലാലോൺപാട്ടിന് പക്കമേളമൊരുക്കുന്ന 'ഏക്താര' യുടെ മാറ്റൊലികൾ അലയടിച്ചു. ആയിരക്കണക്കിനാളുകൾ ഷഹീദ് മിനാറിലേക്കൊഴുകി.

റുണാ ലൈലയുടെ ഗസലുകളും സിനിമാഗാനങ്ങളും കേട്ടുവളർന്ന ബംഗ്ലാദേശിലെ ആസ്വാദകർക്ക് നാടൻപാട്ടിന്റെ മധുരം പകർന്ന ഫരീദാ പർവീൺ, ജപ്പാനിലും സ്വീഡനിലും ഡെൻമാർക്കിലുമെല്ലാം പ്രശസ്തയാണ്. ഏറ്റവും മികച്ച പിന്നണിഗായികയ്ക്കുള്ള ബംഗ്ലാദേശ് സർക്കാരിന്റെ പുരസ്‌കാരം 1993-ൽ ഫരീദയ്ക്കായിരുന്നു. 'ഓൻതോ പ്രേം' എന്ന സിനിമയിലെ ‘നിന്ദാർകട്ടാ’ എന്ന പാട്ടിനായിരുന്നു ദേശീയ അംഗീകാരം. 2008-ൽ ജപ്പാനിലെ പ്രശസ്തമായ ഫുക്കുവോക്കാ പുരസ്‌കാരവും ഫരീദയെ തേടിയെത്തി. നാടൻപാട്ടുകളുടെ മേൽവിലാസത്തിൽ രാജ്യമാകെ അറിയപ്പെടുമ്പോഴും അവർ നിരവധി ചലച്ചിത്രഗാനങ്ങളും ദേശഭക്തിഗാനങ്ങളും ആലപിച്ചു. അവയിൽ പ്രസിദ്ധമാണ് ‘തൊംരാഭുലെ ഗെച്ചോ മല്ലികാദിർ’, ‘എ പദ്മാ എ മേഘ്‌നാ’ എന്നീ പാട്ടുകൾ.

വംഗദേശത്തിന്റെ വിദൂരദിക്കുകളിൽ വിളഞ്ഞുകിടക്കുന്ന ഗോതമ്പുവയലുകളിൽ അലയുന്ന അനാഥബാലന്മാരുടെ മുളംതണ്ടുകളിൽ നിന്നുയരുന്ന നനുത്ത ശോകശ്രുതി നിറഞ്ഞേന്തുന്ന അനുഭൂതിയാണ്, ഏക്താരയുടെ ഒറ്റതന്ത്രിയിൽ നിന്നുയരുന്ന സിംഫണിയ്‌ക്കൊപ്പം ഫരീദയുടെ ഗ്രാമീണരാഗങ്ങൾ. നന്മ പൂത്ത മണ്ണിന്റെ പാട്ടുകാരി കൂടിയാണ് ഫരീദാ പർവീൺ. ഭൂമിഗീതങ്ങളുടെ നാടോടി.

ഏറ്റവും മികച്ച പിന്നണിഗായികയ്ക്കുള്ള ബംഗ്ലാദേശ് സർക്കാരിന്റെ പുരസ്‌കാരം 1993-ൽ ഫരീദയ്ക്കായിരുന്നു. 'ഓൻതോ പ്രേം' എന്ന സിനിമയിലെ ‘നിന്ദാർകട്ടാ’ എന്ന പാട്ടിനായിരുന്നു ദേശീയ അംഗീകാരം.
ഏറ്റവും മികച്ച പിന്നണിഗായികയ്ക്കുള്ള ബംഗ്ലാദേശ് സർക്കാരിന്റെ പുരസ്‌കാരം 1993-ൽ ഫരീദയ്ക്കായിരുന്നു. 'ഓൻതോ പ്രേം' എന്ന സിനിമയിലെ ‘നിന്ദാർകട്ടാ’ എന്ന പാട്ടിനായിരുന്നു ദേശീയ അംഗീകാരം.

ഫോക് ഇനത്തിൽപ്പെട്ട ബാവുൾ ഗാനത്തിന്റെ കൂടി ഉപജ്ഞാതാവായ, 1774-ൽ ജനിച്ച ബംഗാളി കവിയും സൂഫി മിസ്റ്റിക്കുമായ ലാലോൺ ഫക്കീറിൽ നിന്ന് ഉദയം കൊണ്ട സംഗീതസങ്കേതമാണ് ‘ലാലോൺ’. ഇന്നിപ്പോൾ ഫരീദാ പർവീണിന്റെ മൃതദേഹം മറവ് ചെയ്ത ഖുശിത നഗരസഭാ ശ്മശാനം സ്ഥിതി ചെയ്യുന്ന അതേ സ്ഥലത്താണ് ലാലോൺ ജനിച്ചത്. യഥാർഥ പേര്: ലളിത് നാരായൺകർ. ഈ പേരിൽ നിന്നാവണം, ലാലോൺ എന്ന ഗാനസങ്കേതത്തിന്റെ പിറവി. ആധ്യാത്മികതയുടെ മിത്തുകളെയാണ് ലാലോണിൽ ഈണങ്ങളാക്കി മാറ്റിയത്. എല്ലാം മറന്ന് ലാലോൺ ആലപിക്കുമ്പോൾ ദേഹേച്ഛകളെല്ലാം അസ്തമിക്കുന്നത് പോലെയാണ് താൻ പരിവർത്തനം ചെയ്യപ്പെടുകയെന്ന് പർവീൺ പറയാറുണ്ടായിരുന്നുവെന്നാണ് ‘ദ ഡെയ്‌ലി സ്റ്റാർ’ പത്രം റിപ്പോർട്ട് ചെയ്യുന്നത്.

പതിറ്റാണ്ടുകളോളം ലാലോൺ പാട്ടുകൾ ബംഗ്ലാദേശുകാരുടെ ഹൃദയവീചികളിൽ സ്‌നേഹത്തിന്റെ അനുപല്ലവിയുണർത്തുന്നു. ശാന്തിയുടേയും സമഭാവനയുടേയും രാഗസദിരുകളാണ് ലാലോൺ കച്ചേരിയുടെ ആത്മാവ്. മാനവികതയാണ് അവയുടെ മുഖമുദ്ര. ബാവുൾ ഗായകർ പലരും ലാലോൺ പാടി. ലാലോൺ ഫക്കീർ തന്നെ ചില ബാവുൾ ഗാനങ്ങൾ എഴുതുകയും ചിട്ടപ്പെടുത്തുകയും ചെയ്തു. ആ പാട്ടുകളാണ് ഏക്താരയുടെ അകമ്പടിയോടെ ഫരീദാ പർവീൺ പാടിയത്. ആധുനിക ബംഗാളി സംഗീതത്തിന്റെ പിതാവ് എന്ന് നമ്മുടെ സലിൽ ചൗധരി വിശേഷിപ്പിച്ച ഹിമാംശു ദത്ത ലാലോൺ സംഗീതത്തേയും ഫരീദാ പർവീണിനേയും അളവറ്റ് പ്രോൽസാഹിപ്പിച്ചു. ബാവുൾ ഗാനങ്ങളെയെന്ന പോലെ ലാലോൺഗീതങ്ങളേയും ഹൃദയത്തിൽ ഏറ്റുവാങ്ങിയവരായിരുന്നു എസ്.ഡി ബർമൻ, ഹേമന്ത മുഖോപാധ്യായ, പങ്കജ് മല്ലിക് എന്നിവർ.

ബാല്യത്തിലേ ഹാർമോണിയം വായിച്ചുപഠിച്ച ഫരീദ, ഉസ്താദ് ഇബ്രാഹിംഖാൻ, ഉസ്താദ് രബീന്ദ്രനാഥ് റേ എന്നിവരിൽ നിന്നാണ് ശാസ്ത്രീയ സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്. ബംഗാളിന്റെ അഗ്നിവീണയായ കാസി നസ്രുൽ ഇസ്ലാമിന്റെ കവിതകളും ഗാനങ്ങളും ഫരീദയെ പഠിപ്പിച്ചത് മീർ മുസഫർ അലിയും ഉസ്താദ് അബ്ദുൽഖാദറും. ബംഗ്ലാദേശിന്റെ ദേശീയ കവിയായ കാസി നസ്രുൽ ഇസ്ലാമിന്റെ കവിതകൾക്ക് ആലാപനശ്രുതിയുടെ മധുരം പകർന്ന ഗായകരിൽ പ്രമുഖയാണ് ഫരീദാ പർവീൺ. ആരോഗ്യവകുപ്പിൽ ജോലിക്കാരനായ പിതാവിൽ നിന്ന് ഫരീദയ്ക്ക് നല്ല പ്രോൽസാഹനമാണ് ലഭിച്ചത്. പഠനത്തോടൊപ്പം സംഗീതാഭ്യസനത്തിനും ഫരീദ സമയം കണ്ടെത്തി. നസ്രുൽ സംഗീതത്തോടെയാണ് ഈ കലാകാരി അരങ്ങേറ്റം കുറിച്ചത്. ബെൽജിയത്തിലെ ബംഗ്ലാദേശ് എംബസി സംഘടിപ്പിച്ച സൂഫി ഫെസ്റ്റിവലിലും ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണറേറ്റിൽ നടന്ന വൈശാഖോൽസവത്തിലും ഫരീദയുടെ സംഗീതക്കച്ചേരി അരങ്ങ് തകർത്തു. നിരവധി ചലച്ചിത്രങ്ങളിൽ പാടിയ ഫരീദ, ഒട്ടേറെ ആൽബങ്ങളുമിറക്കി. നാടൻപാട്ടുകളെ ജനകീയവൽക്കരിക്കുന്നതിൽ അവർ വഹിച്ച പങ്ക് ബംഗ്ലാദേശിലെ കലാലോകം ആദരവുകളോടെയാണ് ഓർക്കുക. അതുപോലെ കാസി നസ്രുൽ ഇസ്ലാമിന്റെ കവിതകൾക്കും ഗാനങ്ങൾക്കും വൻസ്വീകാര്യത നൽകിയെന്നതിൽ ഫരീദ ബംഗ്ലാദേശിന്റെ സാംസ്‌കാരിക ലോകത്ത് മാത്രമല്ല, ഇന്ത്യയും പാകിസ്ഥാനും അഫ്ഗാനിസ്ഥാനുമുൾപ്പെടുന്ന ദക്ഷിണേഷ്യൻ രാജ്യങ്ങളിലെല്ലാം എക്കാലവും അവരുടെ പ്രിയഗായികയായി ചരിത്രം അടയാളപ്പെടുത്തുന്ന പ്രതിഭയായി നിറഞ്ഞുനിൽക്കും.

ബാല്യത്തിലേ ഹാർമോണിയം വായിച്ചുപഠിച്ച ഫരീദ, ഉസ്താദ് ഇബ്രാഹിംഖാൻ, ഉസ്താദ് രബീന്ദ്രനാഥ് റേ എന്നിവരിൽ നിന്നാണ് ശാസ്ത്രീയ സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്.
ബാല്യത്തിലേ ഹാർമോണിയം വായിച്ചുപഠിച്ച ഫരീദ, ഉസ്താദ് ഇബ്രാഹിംഖാൻ, ഉസ്താദ് രബീന്ദ്രനാഥ് റേ എന്നിവരിൽ നിന്നാണ് ശാസ്ത്രീയ സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്.

മരണത്തിലും അമരത്വം നേടുന്നു, സ്വരസുഭഗമാർന്ന ഫരീദയുടെ ലാലോൺഗീതങ്ങൾ. എം.ടിയുടെ നായിക വിമല (മഞ്ഞ്) തടാകക്കരയിൽ നിന്നു കേട്ട ഏക്താരയുടെ അവരോഹണത്തിന്റെ സ്മരണ ഉണർത്തുന്നത് കണക്കെ, കശ്മീരും കടന്ന് ധാക്കയിലെത്തുന്നു. ഒറ്റക്കമ്പി നാദമുയർത്തുന്ന ഫരീദയുടെ ഏക്താരയിൽ നിന്നുയരുന്ന നാദവീചികൾ. ഗായികയുടെ മരണമറിഞ്ഞ് ഏക്താരയിൽ നിന്ന് പക്ഷേ, ഇന്ന് പറന്നുപൊങ്ങുന്നതത്രയും ശോകരാഗങ്ങളുടെ കിളിക്കൂട്ടമായിരിക്കും.


Summary: Renowned Bangladeshi folk singer Farida Parveen, who is famous for Lalon songs passes away. Musafir writes a memoir.


മുസാഫിർ

‘മലയാളം ന്യൂസി’ൽ ന്യൂസ്​ എഡിറ്ററായിരുന്നു

Comments