ഉമ ദാസ്ഗുപ്ത;
കാലാതീതയായ ദുർഗ

പഥേർ പാഞ്ചലിക്കു ശേഷം മുഖ്യധാരാ സിനിമയിലേക്ക് കടന്നുവന്നിട്ടില്ലെങ്കിലും ഉമ ദാസ് ഗുപ്തയെ ലോകം മറന്നില്ല. മരണം വരെ ദുർഗയായി അവർ ജീവിച്ചു.

News Desk

14-ാം വയസ്സിൽ ഒരു ക്ലാസിക് സിനിമയിൽ മറക്കാനാകാത്ത വേഷം ചെയ്ത വ്യക്തിയാണ് ഉമ ദാസ്ഗുപ്ത. ചിത്രം പഥേർ പാഞ്ചലി. 1955 -ൽ, വിശ്രുത സംവിധായകൻ സത്യജിത് റേയുടെ സംവിധാനത്തിലാണ്, ഈ സിനിമയിലെ ദുർഗയായി, എക്കാലത്തെയും ഓർമിക്കപ്പെടുന്ന കഥാപാത്രമായി ഉമ ദാസ് ഗുപ്ത വെള്ളിത്തിരയിലെത്തിയത്. പഥേർ പാഞ്ചലിക്കു ശേഷം മുഖ്യധാരാ സിനിമയിലേക്ക് കടന്നുവന്നിട്ടില്ലെങ്കിലും ഉമ ദാസ് ഗുപ്തയെ ലോകം മറന്നില്ല. മരണം വരെ ദുർഗയായി അവർ ജീവിച്ചു. പഥേർ പാഞ്ചലിക്കുപുറമെ 2015- ൽ പുറത്തിറങ്ങിയ കൗശിക് ഗാംഗുലിയുടെ അപുർ പാഞ്ചലി, 2022- ൽ പുറത്തിറങ്ങിയ ലോക്കി ചേലേ എന്നീ ചിത്രങ്ങളിലും അവർ അഭിനയിച്ചു.

ചെറുപ്പം മുതൽ നാടകവുമായി വലിയ ബന്ധമുണ്ടായിരുന്ന നടിയായിരുന്നു ഉമ ദാസ് ഗുപ്ത. സ്‌കൂൾ പഠനകാലത്ത് ഹെഡ്മാസ്റ്ററും സംവിധായകൻ സത്യജിത് റേയും തമ്മിലുള്ള ബന്ധമാണ് ഉമ ദാസ് ഗുപ്തയെ പഥേർ പാഞ്ചലിയിലെ ദുർഗ്ഗയിലേക്ക് എത്തിച്ചത്. തുടക്കത്തിൽ പിതാവ് ഉമയുടെ സിനിമാ അഭിനയത്തോട് പ്രതിപത്തി കാണിച്ചില്ല. എന്നാൽ, പിന്നീട് സമ്മതിക്കുകയായിരുന്നു.

ഒരു ഗ്രാമീണ ബംഗാളി കുടുംബത്തിൽ ജനിച്ച ദുർഗയും ഇളയ സഹോദരൻ അപ്പുവും തമ്മിലുള്ള ബന്ധത്തിലൂന്നിയാണ് സിനിമയുടെ പ്രമേയം വികസിക്കുന്നത്. സിനിമയിലെ ഏറ്റവും ഹൃദയസ്പർശിയായ കഥാപാത്ര ചിത്രീകരണമായിരുന്നു ദുർഗയുടേത്. അപുവിന്റെ കണ്ണുകളിലൂടെയാണ് പ്രമേയം വികസിക്കുന്നതെങ്കിലും അത് ഏറിയും കുറഞ്ഞും ദുർഗയിലൂന്നിയുള്ളതാണ്. ഹരിഹറിന്റെയും സർബജയയയുടെയും മിടുക്കിയായ മകൾ. ജീവിതത്തിലെ സകലതിലും ആഹ്ലാദം കണ്ടെത്തുന്ന, അവയെ സ്‌നേഹിക്കുന്ന പെൺകുട്ടി. സഹോദരൻ അപുവുമൊത്തുള്ള സ്‌നേഹഭരിതമായ ജീവിതം, അവരുടെ കുസൃതികൾ എല്ലാം ഗ്രാമീണജീവിതത്തിന്റെ തീക്ഷ്ണയാഥാർഥ്യങ്ങളുടെ മറ്റൊരു തലം തുറന്നിടുന്ന ഒന്നായിരുന്നു. സിനിമയുടെ അവസാനത്തിൽ ദുർഗ്ഗ മരിക്കുകയാണ്. അലച്ചിലിനൊടുവില്‍ വീട്ടിലെത്തിയ ഹരിഹര്‍ റോയിയെ മകളുടെ മരണവാര്‍ത്ത എങ്ങനെ അറിയിക്കും എന്ന ഉല്‍ക്കണ്ഠയില്‍നില്‍ക്കുന്ന സര്‍ബജയയുടെ സീന്‍ ഏറ്റവും ഹൃദയസ്പര്‍ശിയായ ഒന്നാണ്. ഷഹനായിയുടെ ശബ്ദത്തിലാണ് റേ ഈ രംഗം ആവിഷ്‌കരിച്ചിരിക്കുന്നത്. ദുർഗ എന്ന ഒരൊറ്റ കഥാപാത്രം കൊണ്ടുമാത്രം ഉമ ദാസ്ഗുപ്ത ബംഗാളി സിനിമയിലെ അഭിമാനതാരമായി മാറി.

ലോക ക്ലാസിക്കുകളിൽ ഒന്നായി ഇന്നും പരിഗണിക്കപ്പെടുന്ന പഥേർ പാഞ്ചലി, ഏറ്റവും മികച്ച പത്തു സിനിമകളിൽ ഒന്നായി India chapter of the International Federation of Film Critics (FIPRESCI) തെരഞ്ഞെടുത്തിരുന്നു. ടൈം മാഗസിൻ തെരഞ്ഞെടുത്ത കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും മികച്ച 100 സിനിമകളിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ സിനിമയും പഥേർ പാഞ്ചലിയായിരുന്നു. ഇന്ത്യയിലെ എക്കാലത്തെയും മികച്ച ചിത്രമായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് തിരഞ്ഞെടുത്ത സിനിമയാണ് പഥേർ പാഞ്ചലി. 1986- ലെ കാൻ ഫിലിം ഫെസ്റ്റിവൽ അവാർഡ് ഉൾപ്പെടെയുള്ള ഒട്ടേറെ അന്താരാഷ്ട്ര ദേശീയ അവാർഡുകളും സിനിമ നേടി. ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ നോവലാണ് റേ സിനിമയാക്കിയത്.

'അപു ത്രയ'ത്തിലെ ആദ്യ സിനിമയായിരുന്നു പഥേർ പാഞ്ചലി. ഗ്രാമീണ പാശ്ചാത്തലത്തിൽ അപുവിന്റെയും സഹോദരി ദുർഗയുടെയും തീക്ഷ്ണജീവിതമാണ് റേ പകർത്തിയത്. അപരാജിതോ, അപുർ സൻസാർ എന്നീ സിനിമകൾഇതിന്റെ തുടർച്ചയായി വന്നു.

Comments