" ജാതിയുടെ അതിർവരമ്പുകൾ മായ്ച്ച് കളഞ്ഞ് മനുഷ്യർ ഏകോദര സഹോദരങ്ങളായി ജീവിക്കുന്ന കാലം നമ്മുടെ മുന്നിൽ ഒരാശയം മാത്രമാണിപ്പോഴും. പുറമെ ജനാധിപത്യമെന്ന മുഖംമൂടിയും അകമെ ജാത്യാധിപത്യമെന്ന റിയാലിറ്റിയും " കെ. എം. സലിം കുമാറെന്ന ധൈഷണിക മനുഷ്യൻ ഒരിക്കൽ പറഞ്ഞതാണിത്. കേരളത്തിലെ ദലിത് വൈജ്ഞാനിക മേഖല മുഖ്യധാരയോട് സംവദിക്കുന്നതും അവരുടെ ധാരണാ വൈരുദ്ധ്യങ്ങളെ ചോദ്യം ചെയ്യുന്നതും എഴുപതുകളോടെയാണ്. കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങൾ മുഖ്യധാര ഇടതുപക്ഷത്തോട് ഉൾച്ചേർന്ന് നിൽക്കുന്ന കാലത്താണ് അംബേദ്കറെ മുൻനിർത്തിയും ജാതിയെ പ്രശ്നവത്ക്കരിച്ചും ഒരു തലമുറ ഇവിടെ ഉയർന്നുവരുന്നത്. ആ രീതിയിൽ സംവാദങ്ങളുടെ സൈദ്ധാന്തിക മേഖല വെട്ടിത്തുറക്കുന്നതിൽ വലിയ പങ്കുവഹിച്ചവരാണ് കെ കെ കൊച്ചും കെ എം സലിംകുമാറും.
ഇടുക്കിയിലെ മൂലമറ്റത്ത് കരുപ്പിലങ്ങാടെന്ന കുഗ്രാമത്തിലെ പ്രാക്തന സ്വഭാവത്തിലുള്ള ആദിവാസി ഗോത്രവിഭാഗത്തിൽ നിന്നും കെ എം സലിം കുമാറെന്ന ഒരു മനുഷ്യൻ ഉയർന്നുവന്നുവെന്നത് സ്വാഭാവികതക്ക് വിട്ടുകൊടുക്കേണ്ടതല്ല. അതുതന്നെയാണ് കെ. എം. സലിം കുമാർ എന്ന മനുഷ്യൻ്റെ ഏറ്റവും വലിയ മികവും.
ആദിവാസി ജീവിതങ്ങളെക്കുറിച്ച് സമഗ്രവും ആഴത്തിലുള്ളതുമായ അവധാനതയോടൊപ്പം പൊതുവിഷയങ്ങളെ പ്രശ്നവല്ക്കരിക്കുന്നതിലും സലിം കുമാർ ശ്രദ്ധേയനായിരുന്നു.

1969 ൽ മഹാരാജാസിലെ കലാലയ ജീവിതത്തിനിടയിലാണ് അദ്ദേഹം നക്സലൈറ്റ് ആശയങ്ങളിൽ ആകൃഷ്ടനാകുന്നത്. ഫിലിപ്പ് എം. പ്രസാദും വെള്ളത്തൂവൽ സ്റ്റീഫനുമൊക്കെ നക്സലൈറ്റ് മാതൃകകളായി തീവ്ര ഇടതുപക്ഷ രാഷ്ട്രീയം കളംനിറഞ്ഞുനിൽക്കുന്ന കാലം. സാമൂഹ്യമായി കീഴാളത്വം അനുഭവിക്കുന്ന ജനവിഭാഗങ്ങളിലെ വിദ്യാഭ്യാസവും ചിന്താശേഷിയും നീതിബോധവും പേറുന്ന മനുഷ്യർ വിമോചന പാതയിൽ നക്സലൈറ്റ് പ്രസ്ഥാനങ്ങളെ കണ്ടിരുന്നതിൽ തെറ്റൊന്നുമില്ല. അടിയന്തരാവസ്ഥയുടെ വരവും ജയിൽ ജീവിതങ്ങളും ഇന്ത്യൻ സാമൂഹ്യ - രാഷ്ടീയ രംഗത്തുണ്ടാക്കിയിട്ടുള്ള വലിയ വ്യതിയാനങ്ങളുണ്ട്. പതിനേഴ് മാസത്തെ ജയിൽ ജീവിതം കെ. എം. സലിം കുമാറിലും സമൂഹ്യമായ പ്രശ്നങ്ങളുടെ തരം തിരവിൽ ഒരു വികസിത വ്യവഹാരം സൃഷ്ടിച്ചിരിക്കാം. ജയിൽ മോചിതനായ അദ്ദേഹം വർഗ്ഗരാഷട്രീയത്തിൻ്റെ മുഖ്യധാരയിൽ നിന്നും ദലിത് - ആദിവാസി സാമൂഹ്യ രാഷ്ട്രീയത്തിൻ്റെ ചിന്താധാരയിലേക്ക് വഴിമാറുകയാണുണ്ടായത്. നിരവധി വിഷയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ധാരാളം ലേഖനങ്ങൾ കീഴാള പ്രശ്നങ്ങളെ പൊതുമണ്ഡലത്തിൽ എത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
അസമത്വങ്ങളില്ലാത്ത ഒരു സാമൂഹ്യ നിർമ്മിതിയും ലോകത്തെവിടെയും കാണാൻ കഴിയില്ല. ലോകത്തെല്ലായിടത്തേയും അസമത്വങ്ങൾ ഒരു പോലുള്ളവയുമല്ല. യാതൊരുവിധ വർഗ്ഗ വിശകലനങ്ങൾക്കും വഴങ്ങുന്നതോ പരിഹരിക്കാൻ കഴിയുന്നതോ അല്ല ജാതിയും ജാതി വ്യവസ്ഥയുമെന്നത് മാർക്സിറ്റുകൾക്കും ലെനിനിസ്റ്റുകൾക്കും ബോധ്യപ്പെടില്ല എന്നത് അടിയന്തരാവസ്ഥ കാലഘട്ടത്തിൽ സലിം കുമാറിനുണ്ടായ ബൗദ്ധിക വ്യതിയാനമാകാം. എന്തായാലും പിന്നീടദ്ദേഹത്തിൻ്റെ ജീവിതവും വൈജ്ഞാനിക വ്യാഖ്യാനങ്ങളും ദലിത് - ആദിവാസി വിഭാഗങ്ങളുടെ സാമൂഹ്യ ജീവിതങ്ങളുടെ അപഗ്രഥനം തന്നെയായിരുന്നു. ആ നിലയിൽ തികഞ്ഞൊരു സൈദ്ധാന്തികൻ തന്നെയായിരുന്നു കെ. എം. സലിം കുമാർ. 1989 ൽ വിദ്വേഷ ഹിന്ദുവിൻ്റെ സാംസ്ക്കാരിക ഉല്പന്നമായ മനുസ്മൃതിയെ വൈക്കത്തെ പൊതുയിടത്തിൽ ചുട്ടെരിക്കുന്ന തരത്തിലേക്ക് അതുയർന്നുവന്നു.

ആധിപത്യ ബോധങ്ങൾക്കും വിഭജനങ്ങൾക്കും ബദലായി ഉൾക്കൊള്ളലിൻ്റെയും സാഹോര്യത്തിൻ്റെയും ഒരാശയ മണ്ഡലം സ്ഥാപിക്കുന്നതിൽ അറുപതിൻ്റെ പകുതിയ്ക്ക് ശേഷമുണ്ടായ ദലിത് - ബഹുജൻ - അംബേദ്കറൈറ്റ് ചിന്താധാരകൾക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് നിസ്തർക്കമാണ്. രാഷ്ട്രീയശക്തിയായി രൂപാന്തരപ്പെടുന്നതിൽ പരിമിതപ്പെട്ടുപോയെങ്കിലും ഇന്നത് കേരളത്തിൽ റദ്ദുചെയ്യാൻ കഴിയാത്ത, മാറ്റി നിർത്താൻ കഴിയാത്ത ബൗദ്ധിക - വൈജ്ഞാനിക മേഖലയാണ്. 1980 കളിൽ ജാതി കേന്ദ്രീകൃതമായ അനീതിയെ പ്രശ്നവത്ക്കരിച്ച് സംവാദങ്ങളിലേർപ്പെട്ട സീഡിയനും, കല്ലറ സുകുമാരനും പോൾ ചിറക്കരോടും ടി എച്ച് പി ചെന്താരശ്ശേരിയും കെ കെ എസ് ദാസും കവിയൂർ മുരളിയും തുടങ്ങി സണ്ണി എം കപിക്കാടും കെ കെ ബാബുരാജുമടക്കം ( ലിസ്റ്റ് അപൂർണ്ണം ), വർത്തമാനകാലത്ത് അനേകം യുവതകളിലൂടെ സുശക്തമായ അംബേദ്കറൈറ്റ് വ്യവഹാര ലോകം നിലനിൽക്കുന്നുവെങ്കിൽ അതിനടിത്തറയിട്ടവരുടെ പേരുകളിൽ ഒന്നാണ് കെ. എം. സലിം കുമാർ എന്നത്.
ആറ് വർഷത്തോളമായി കാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. അപ്പോഴും അധ:സ്ഥിത നവോത്ഥാന മുന്നണി, ദലിത് ഐക്യ സമിതി, കേരള ദലിത് മഹാസഭ എന്നിങ്ങനെ പല പേരുകളിൽ നീതിക്ക് വേണ്ടിയുള്ള സമരമുഖങ്ങളിലെ മുന്നണി പോരാളിതന്നെയായിരുന്നു കെ. എം. സലിം കുമാർ മരണംവരേയും.
