ക്രിക്കറ്റിൽ ഇന്ത്യ എന്ന് കേൾക്കുമ്പോൾ ഓർമിയിലെത്തുന്ന ആദ്യ ചരിത്രസന്ദർഭം 1983- ലെ വിശ്വപോരാട്ടമായിരിക്കും. കപിൽ, അദ്ദേഹത്തിന്റെ ‘ചെകുത്താന്മാർ’, ആ പോരാട്ടത്തിന്റെ അലയൊലികളിലുണ്ടായ സച്ചിൻ, ഗാംഗുലി, ദ്രാവിഡ്, സഹീർ ഖാൻ എന്നിവരടങ്ങുന്ന പഴയ വമ്പൻ നിര. 2011 വേൾഡ് കപ്പിലെ ധോണി-യുവരാജ്, ശേഷം രോഹിതും കോഹ്‍ലിയും ബുമ്രയടക്കമുള്ളവർ…ഗില്ലും ഋഷഭ് പന്തുമടക്കമുള്ള ഏറ്റവും പുതിയ വർത്തമാനവും അതിനുണ്ടാവും.
എന്നാൽ സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിന്റെ പതിമൂന്നാം പതിപ്പിൽ അപരാജിതരായി ടോപ് വണ്ണിൽ ഇന്ത്യ മുന്നേറുമ്പോൾ അത്രയൊന്നും മേൽവിലാസമില്ലാതിരുന്ന ഒരു ക്രിക്കറ്റ് കാലം ഇന്ത്യയുടെതായി ഓർക്കാനുണ്ട്. ലോക ക്രിക്കറ്റിലെ സാമ്പത്തികവും കായികവുമായ വൻ ശക്തിയായി ഇന്ത്യ മാറിയതിന് തുടക്കമിട്ട, അത്രയൊന്നും എഴുതുകയോ പറയപ്പെടുകയോ ചെയ്യാത്ത കാലത്തേയും ആ കാലത്തിന്റെ കളിക്കാരെ കുറിച്ചും.
1970-80 കാലഘട്ടം.
ഇംഗ്ലണ്ടാണ് ക്രിക്കറ്റ് കണ്ടുപിടിച്ചെങ്കിലും വെസ്റ്റിൻഡീസുകാർ എറിഞ്ഞും പറത്തിയും ആ കളി തങ്ങളുടെതാക്കിയ കാലം. ക്ലൈവ് ലോയ്ഡ് എതിർടീമിനെ എറിഞ്ഞ് ചോരയൊലിപ്പിക്കാൻ ആൻഡി റോബർട്ട്സ്, ഗാർണർ, ഹോൽഡിങ്ങ് തുടങ്ങിയ വന്യസംഘത്തെ ഒരുക്കി കാത്തിരുന്ന കാലം. തീ തുപ്പുന്ന പേസും എതിരാളികളെ ശരീരികമായി വേദനിപ്പിക്കുന്ന ബൗൺസറുമൊക്കെയായിരുന്നു ക്രിക്കറ്റിൽ എതിരാളികൾക്കെതിരെയുള്ള പ്രധാന ആയുധം. ഓവറുകളിൽ ബൗൺസറുകൾക്ക് എണ്ണത്തിലോ വണ്ണത്തിലൂടെ പരിധി നിശ്ചയിക്കാത്ത ക്രിക്കറ്റിന്റെ ആദ്യ വളർച്ചാ കാലഘട്ടം. വെസ്റ്റ് ഇൻഡീസിന് പുറമെ ആസ്ത്രേലിയയും ഇഗ്ലണ്ടുമൊക്കെ ഗ്രൗണ്ടിൽ നന്നായി പയറ്റി തെളിയിച്ച ടെക്ക്നിക്കായിരുന്നുവത്.
എരപ്പള്ളി പ്രസന്ന, ബി.എസ്. ചന്ദ്രശേഖർ, എസ്. വെങ്കിട്ട രാഘവൻ, ബിഷൻ സിങ്ങ് ബേദി തുടങ്ങി സ്പിൻ നിരയെ കൊണ്ട് ആ ടീമുകളെയെല്ലാം അവരുടെ നാട്ടിൽ പോയി കറക്കിയെടുത്ത ചരിത്രമുണ്ട്, അന്നത്തെ ഇന്ത്യക്ക്. കൂട്ടത്തിലെ അവസാന പേരായ ബിഷൻ സിങ്ങ് ബേദിയായിരുന്നു അതിലെ പ്രധാനി. ക്രിക്കറ്റിൽ എപ്പോഴും കലഹിച്ചുകൊണ്ടിരുന്ന സർദാർ, വിമതനായ ക്രിക്കറ്റർ. ഇന്നലെ അന്തരിച്ച ഇന്ത്യയുടെ മുൻ ക്യാപ്റ്റനും എക്കാലത്തെയും മികച്ച ഇടം കയ്യൻ ഓഫ് സ്പിന്നറുമായ ബിഷു.
എല്ലാ ടീമുകളും നാലും അഞ്ചും പേസർമാരെ ഉപയോഗിക്കുമ്പോൾ ഇന്ത്യക്ക് അന്നുണ്ടായിരുന്നത് ഒരൊറ്റ പേസ് ബോളറായിരുന്നു. തുടക്കകാലത്തെ അറുപത് ഓവർ ക്രിക്കറ്റിൽ അതിലും വളരെ തുടക്കമായിരുന്ന ഇന്ത്യയുടെ ബൗളിങ്ങ് ആക്രമണത്തെ അന്ന് നയിച്ചിരുന്നത് ബിഷൻ സിങ്ങിന്റെ നേത്രത്തതിലുള്ള സ്പിൻ നിരയായിരുന്നു.
1976- ൽ തീർത്തും അപകടകാരികളായ വെസ്റ്റ് ഇൻഡീസിനെ സ്പെയിനിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ തോൽപ്പിച്ചിട്ടുണ്ട് ബേദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം. ക്രിക്കറ്റ് പ്രഫഷണലി രാജ്യങ്ങൾക്കിടയിൽ അവതരിച്ചതുമുതൽ ടെസ്റ്റ് മത്സരങ്ങൾ തോൽക്കാത്ത ടീമായിരുന്നു വെസ്റ്റ ഇൻഡീസ്. പിന്നീട് 1983- ൽ കപിലിന്റെ ചെകുത്താന്മാർ വെസ്റ്റിൻഡീസിനെ അട്ടിമറിച്ച് ലോക കിരീടം ചൂടുമ്പോൾ ഒരുപക്ഷേ അതിന് ഒരു പക്ഷേ ഊർജമായത് ഏഴ് വർഷങ്ങൾക്ക് മുമ്പ് ബേദിയുടെ നായകത്വത്തിൽ നേടിയ ആ ടെസ്റ്റ് വിജയമായിരിക്കും.
മൻസൂർ അലിഖാനുശേഷം ദേശീയ ടീമിന്റെ നായകനായ ബേദി അന്നത്തെ മറ്റൊരു പ്രധാന ശക്തിയായിരുന്ന ആസ്ത്രേലിയയെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ മെൽബണിലും സിഡ്നിയിലും തോൽപ്പിച്ച് ക്രിക്കറ്റ് ലോകത്തെ വീണ്ടും ഞെട്ടിച്ചു. 1975- ൽ ഈസ്റ്റ് ആഫ്രിക്കക്കെതിരെ നേടിയ ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സര വിജയത്തിൽ ബേദിയായിരുന്നു താരം. 60 ഓവർ ഫോർമാറ്റായിരുന്ന അന്ന് ബേദി എറിഞ്ഞ 12 ഓവറുകളിൽ 8 വും മെയ്ഡൻ ഓവറുകളായിരുന്നു. ആറ് റൺസ് മാത്രം വിട്ട് കൊടുത്ത് ഒരു വിക്കറ്റും അന്ന് നേടി. വെസ്റ്റ്ഇൻഡീസിന്റെ ലാൻസ് ഗിബ്സ് കഴിഞ്ഞാൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മെയ്ഡൻ ഓവറുകളെറിഞ്ഞ താരം.
ഫ്ലൈറ്റ് ലാൻഡിങ്ങ് ബോളുകളായിരുന്നു ബേദിയെ വ്യത്യസ്തമാക്കിയത്. ബൗളിങ്ങിൽ ഏറ്റവും ഉയരത്തിലേക്ക് പന്ത് കറക്കിയിട്ടത് ബേദിയായിരുന്നു. എന്നാൽ കൃത്യമായി ആ പന്തിനെ എവിടെ ലാൻഡ് ചെയ്യിപ്പിക്കണമെന്നും അയാൾക്കറിയാമായിരുന്നു. വളരെ സാവധാനത്തിൽ നടന്നുവന്ന് പന്തിന്റെ ഭാരം മനസ്സിലാക്കി വിരലിൽ താളം വെച്ച് പന്തിനെ ഉയർത്തിയിടുന്നു. പന്ത് പിച്ച് ചെയ്ത ശേഷം ബാറ്റർ പ്രതീക്ഷിക്കാത്ത രീതിയിൽ തിരിഞ്ഞ് ഉള്ളിലോക്കോ പുറത്തേക്കോ അത് കയറുന്നു. അവസാന നിമിഷത്തെ ലേറ്റ് കട്ടിങ്ങിനും ബാറ്റർക്ക് അവസരം കൊടുക്കാത്ത മുകളിൽ നിന്ന് തൂങ്ങിയാടുന്ന ഒരു പന്തായിരുന്നു അതെല്ലാം.
മുകളിൽനിന്ന് ഉയർന്ന് പിച്ചിൽ പതിക്കുന്നതിന് തൊട്ടു മുമ്പുള്ള നിമിഷം വരെ പന്തിന്റെ ദിശയറിയാൻ കഴിയാതെ ബാറ്റ്സ്മാന്മാർ കബളിക്കപ്പെട്ടു. പന്തിന്റെ ഭാരവും പിച്ച് ചെയ്യുമ്പോൾ അതുണ്ടാക്കുന്ന ഗ്രാവിറ്റിയും വെച്ചുള്ള ഒരു പദ്ധതിയായിരുന്നുവത്. അത് വെച്ച് പേസർമാരെരിയുന്ന ബൗൺസറിനെക്കാൾ മികച്ച ബൗൺസറുകളും സ്ലോ ഓർത്തോഡക്സ് ശൈലിയിൽ അയാൾ എറിഞ്ഞു. തന്റെ ബൗളിങ്ങ് പദ്ധതിക്കുവേണ്ടി ബാറ്റർമാരെ മനപ്പൂർവം അവരറിയാതെ പൊസിഷൻ ചെയ്യിപ്പിച്ചു. ഇന്ത്യൻ ഓർത്തോഡക്സ് സ്പിന്നിന്റെ ഉസ്താദായി അദ്ദേഹം.
അങ്ങനെ വെറും 67 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ബേദി നേടിയത് 266 വിക്കറ്റുകളാണ്. അതിൽ 14 അഞ്ചു വിക്കറ്റ് നേട്ടവും ഒരു പത്ത് വിക്കറ്റ് നേട്ടവും. 1969- ൽ 98 റൺസ് വിട്ട് കൊടുത്ത് 7 വിക്കറ്റ് നേടിയ പ്രകടനവും 1977- ൽ കരിയറിന്റെ അവസാന സമയത്ത് പെർത്തിൽ 194 റൺസ് വിട്ട് കൊടുത്ത് 10 വിക്കറ്റ് നേടിയതും കരിയർ കീ പെർഫോമൻസുകളാണ്.
ഇന്ത്യൻ വിക്കറ്റ് കീപ്പറായിരുന്ന സയ്യിദ് കിർമാണി പറഞ്ഞത്, ബേദിക്ക് ഒരു ഓവറിൽ ആറ് വ്യത്യസ്തമായ ബൗളുകളെറിയാൻ സാധിക്കുമായിരുന്നുവെന്നായിരുന്നു. ബേദിയെറിയുന്ന സമയത്ത് വിക്കറ്റിന് പിറകിൽ നിൽക്കുമ്പോൾ ഒരല്പം കൂടി ജാഗ്രത കാണിക്കേണ്ടതായി വരും. പന്ത് എവിടേക്ക് തിരിയുമെന്നത് ബേദിയുടെ മനസ്സിനപ്പുറം മൈതാനത്തെ എല്ലാവർക്കും പ്രവചനാതീതമായിരിക്കും. സ്പിൻ ബൗളിങ്ങിന്റെ സൗന്ദര്യമെന്നാണ് ഇംഗ്ലീഷ് ഇതിഹാസ ക്യാപ്റ്റനായിരുന്ന മൈക്ക് ബ്രഹ് ലീ പറഞ്ഞത്. പന്തിന്റെ ഭാരം ഏറ്റവും ഭംഗിയായി മനസ്സിലാക്കിയ ക്രിക്കറ്റർ എന്ന വിശേഷണം വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ഇതിഹാസം ഗാരി സോബേർസിന്റേതാണ്.
“ഉയരത്തിലേക്ക് കറക്കിയിട്ട പന്ത് ബേദിയുടെ കമാൻഡ് കിട്ടിയതിനുശേഷം മാത്രമാണ് താഴെക്കിറങ്ങുന്നത്. ബാറ്റർമാർക്ക് ഫുൾടോസിലടിക്കാൻ പോലും കഴിയാത്ത രീതിയിൽ അത് എയറിലെ കാന്തിക വലയത്തിൽ തങ്ങി നിൽക്കും’’- ചരിത്രകാരനായ രാമചന്ദ്ര ഗുഹ A corner of a foreign field എന്ന ഇന്ത്യൻ ക്രിക്കറ്റിനെ കുറിച്ചുള്ള പുസ്തകത്തിൽ എഴുതി.
കളിയിലെ മികവിനപ്പുറത്ത് ക്രിക്കറ്റിനെ ക്രിക്കറ്റ് കൊണ്ട് കലഹിച്ച, നോക്കിലും വാക്കിലും വേഷത്തിലും നിലപാടിലും സർദാറിസം പുലർത്തിയിരുന്ന താരം. 1976- ലെ വെസ്റ്റ്ഇൻഡീസിനെതിരെയുള്ള മൂന്നാം ടെസ്റ്റിലെ വിജയശേഷമുള്ള നാലാം ടെസ്റ്റിൽ ലോയ്ഡ് തന്റെ പേസ് പ്രഹരശേഷിയുള്ള ബൗളർമാരോട് ഇന്ത്യൻ ബാറ്റിസ്മാന്മാർക്ക് നേരെ കനപ്പിച്ച് ബൗൺസറുകൾ എറിയാൻ പറഞ്ഞു. ചോര പൊടിയുന്ന ബൗൺസർ ആണെങ്കിലും ബാറ്റ്സ്മാന്മാർ തങ്ങൾക്കെതിരെ വരുന്ന ഏറുകൾ കൊള്ളാൻ ബാധ്യസ്ഥരാണ് എന്നായിരുന്നു ലോയ്ഡ് വാദം. അത്ര മേൽവിലാസമില്ലാത്ത ഇന്ത്യൻ ടീം സ്പിൻ സമം ചേർത്ത് മൂന്നാം ടെസ്റ്റിൽ അവരെ എറിഞ്ഞിടുകയും നാന്നൂറിലധികം റൺസ് മൂന്നാം ഇന്നിങ്സിൽ ചേസ് ചെയ്യുകയും ചെയ്തതിലുള്ള അരിശം. നായകനായിരുന്ന ബേദി ഓപ്പണിങ്ങ് ബാറ്റിങ്ങ് നിരയിൽ രണ്ട് പേർ പരിക്ക് പറ്റി റിട്ടയർ ഹർട്ട് ചെയ്തതിന് പിന്നാലെ വെസ്റ്റ്ഇൻഡീസ് ചെയ്തിയിൽ പ്രതിഷേധിച്ച് കളി ബഹിഷ്കരിച്ചു. ധൈര്യമുണ്ടെങ്കിൽ തന്റെ താരങ്ങളോട് മാന്യമായി ബൗളറെറിയാൻ പറയാൻ ലോയിഡിനോട് ആക്രോശിച്ചു.
സമാനമായ സംഭവം പാകിസ്ഥാനെതിരെയുമുണ്ടായി. 8 വിക്കറ്റ് ശേഷിക്കെ 14 പന്തിൽ 23 റൺസ് എന്ന വിജയിക്കാവുന്ന ടാർഗറ്റിൽ സർഫ്രാസ് നവാസ് ഒരു ഓവറിൽ നാല് ബൗൺസർ ചെയ്തിട്ടും അമ്പയർ നോ ബോൾ വിളിക്കാത്തതിൽ ചൊല്ലി കളി പാകിസ്താന് കൈമാറി ഗ്രൗണ്ടിൽ നിന്ന് ബേദിയും സംഘവും തിരിച്ചു നടന്നു. വിജയമെന്ന ലക്ഷ്യത്തിനപ്പുറം ബേദിയുടെ ക്രിക്കറ്റ് ബ്രെയിൻ ആരെയും കൂസാതെയുള്ള നിലപാടുകൾക്കൊപ്പമായിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ അന്ന് ഇംഗ്ലണ്ട് നിരയിലിലുണ്ടായിരുന്ന മാരക പ്രഹരശേഷിയുള്ള ഇടം കയ്യൻ ഫാസ്റ്റ് ബൗളർ ജോൺ ലെവർ സ്വിങ് ചെയ്യിപ്പിക്കാൻ വാസ്ലിൻ ഉപയോഗിച്ചെന്ന് പറഞ്ഞ് ബേദി കളി അവസാനിപ്പിച്ചു. ജോൺ ലെവറിന്റെ കയ്യിൽ നിന്നും അത് പിടിച്ചു വാങ്ങി. നിരന്തരം ക്രിക്കറ്റിൽ കലഹിച്ചുകൊണ്ടിരുന്ന ബേദിയെ മാറ്റി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് സുനിൽ ഗവാസ്ക്കറെ നായകനാക്കി.
വിരമിച്ചശേഷവും അയാൾ വിമതനായിരുന്നു. ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനും സെലെക്ക്ടറും മാനേജറുമൊക്കെയായി ക്രിക്കറ്റ് അയാളുടെ ലൈഫ് ഇന്നിങ്ങ്സ് തന്നെയാക്കി അയാൾ മാറ്റി പണിതു. 1990- ൽ ആസ്ത്രേലിയയുമായി മോശം കളി കളിച്ച ടീമിനെ മൊത്തം അറബി കടലിൽ തള്ളുമെന്ന് ഭീഷണിപ്പെടുത്തിയതും ഇതേ ബേദി തന്നെയാണ്. അതിന് ശേഷം ഇന്ത്യൻ കോച്ചിങ്ങ് സ്ഥാനം രാജി വെച്ചു. അൺ ഓർതോഡക്സ് ബൗളിങ്ങിനെതിരെയും അതിലെ കൈ ചലനത്തിനെതിരെയും ആഞ്ഞടിച്ചു. മുത്തയ്യ മുരളീധരൻ ജാവലിനാണ് എറിയുന്നതെന്ന് ആരോപണമുയർത്തി.സ്വന്തം നാട്ടുകാരനായ ഹർഭജൻ സിങ്ങിനെതിരെയും പരാമർശമുന്നയിച്ചു.
ബേദിയെ സംബന്ധിച്ച് ക്രിക്കറ്റിന് ചില രീതികളും നിയമസംഹിതയുമുണ്ടായിരുന്നു. എല്ലാ കാലത്തും അയാൾ അതിനുവേണ്ടി നിലകൊണ്ടു. ട്വന്റി ട്വന്റി ക്രിക്കറ്റിന്റെ വരവ് ക്രിക്കറ്റിനെ നശിപ്പിക്കുമെന്ന് വാദിച്ചു. ഏറ്റവുമൊടുവിൽ ദൽഹിയിലെ ഫിറോഷ് കോട്ട്ലെ മൈതാനത്തിൽ സ്ഥാപിച്ച തന്റെ ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് ദൽഹി ക്രിക്കറ്റ് ബോർഡിന് കത്തെഴുതി. തന്റെ ചിത്രത്തിന് സമീപം ഫിറോഷ് കോട്ട്ലെയിൽ അരുൺ ജയ്റ്റ്ലിയുടെ ചിത്രം കൂടി പ്രതിഷ്ഠിച്ചതാണ് കടുത്ത ബി ജെ പി വിരുദ്ധനായിരുന്ന ബേദിയെ അന്ന് ചൊടിപ്പിച്ചത്. ക്രിക്കറ്റ് മൈതാനങ്ങളിൽ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങൾ മാത്രമേ വെക്കാവൂ എന്ന് ബി സി സി എക്ക് അദ്ദേഹം കത്തെഴുതി. മരണം വരെയും ക്രിക്കറ്റിൽ നിന്നുകൊണ്ടുതന്നെ അതിനോട് കലഹിച്ചു കൊണ്ടിരുന്നു.
പതിനഞ്ചാം വയസ്സിൽ നോർത്തേൺ പഞ്ചാബിന് വേണ്ടി കളിച്ചാണ് ക്രിക്കറ്റിലേക്ക് കടക്കുന്നത്. പിന്നീട് രഞ്ജി ട്രോഫിയിൽ ദൽഹി ടീമിലേക്ക് കടന്നു. 1974-75 സീസണിൽ 64 വിക്കറ്റു നേടി വിക്കറ്റ് നേട്ടത്തിൽ ടൂർണമെന്റ് ടോപ്പ് സ്കോററായി. രണ്ട് തവണ കിരീടം നേടി കൊടുത്തു. രണ്ട് തവണ റണ്ണേഴ്സായി. അഞ്ചു വർഷ കാലയാളവിലായിരുന്നു ഈ നാല് ഫൈനലുകളിലേക്കും ദൽഹിയെ നയിച്ചത് എന്നതും അയാളുടെ ക്യാപ്റ്റൻസി മികവ് ചൂണ്ടിക്കാണിച്ചു. 1992-93 വർഷത്തിൽ പഞ്ചാബ് ചരിത്രത്തിൽ തങ്ങളുടെ ആകെയുള്ള ഒരൊറ്റ രഞ്ജി ട്രോഫി നേടിയപ്പോൾ ബേദി അതിന്റെ പരിശീലകനായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 1560 വിക്കറ്റെടുത്ത് വിക്കറ്റ് വേട്ടയിൽ ഏതൊരു ഇന്ത്യൻ ബൗളറേക്കാൾ മുകളിൽ നിന്നു.
“എന്റെ വസ്ത്രങ്ങൾ അലക്കിയിരുന്നത് ഞാൻ തന്നെയായിരുന്നു. തോളിനും കൈവിരലുകൾക്കും ആയാസകരമായ എക്സൈസ് ആണത്. പന്തുമായി ശരീരത്തിന് മികച്ച പിന്തുണ കിട്ടാൻ അതന്നെ സഹായിക്കും’’- സ്പിൻ മയാജാലത്തിന് പിന്നിലെ രഹസ്യമെന്താണെന്നുള്ള ചോദ്യത്തിന് ഒരിക്കൽ ബേദി പറഞ്ഞതാണിത്.
അൺ ഓർത്തോഡക്സ് രീതിയിൽ പന്തെറിയുമ്പോൾ ലഭിക്കുന്ന അധിക അഡ്വാന്റേജ് ഓർത്തോഡക്സ് ശൈലിയിൽ തന്നെ നടപ്പിലാക്കിയ ബൗളറാണ് ബേദി. അതിനുശേഷമാണ് മൻവീന്ദർ സിങ്ങ് വരുന്നത്. ഷെയ്ൻ വോണിലേക്കും ഇന്ത്യൻ നിരയിൽ അനിൽ കുബ്ലെയിലേക്കും മാത്രം സ്പിൻ ചരിത്രത്തിന്റെ അറ്റം ഓർക്കപ്പെടുമ്പോൾ താരമായും ക്യാപ്റ്റനായും കോച്ചയായും സെലക്ടറായും മാനേജറായും ക്രിക്കറ്റുകൊണ്ട് ഒരു ലൈഫ് ഇന്നിങ്ങ്സ് തന്നെ കളിച്ച ബേദിയുടെ ജീവിതം ഒരർത്ഥത്തിൽ സമ്പൂർണ കലഹമാണ്. ക്രിക്കറ്റിൽ നിന്ന് കൊണ്ട് ക്രിക്കറ്റിനോട് കലഹിച്ച ഇന്ത്യയുടെ സ്പിൻ സർദാറിന്, ബിഷുവിന് വിട.