ആറ് പതിറ്റാണ്ട്, 300-ലേറെ സിനിമകൾ, മിക്കതും കാലാതീതമായ ഹിറ്റുകൾ; ഇന്ത്യൻ സിനിമയിലെ 'HE MAN' ആയി വിളങ്ങിയ എക്കാലത്തെയും നായകനും സൂപ്പർസ്റ്റാറുമായിരുന്നു ധർമേന്ദ്ര. അറുപതുകൾ മുതൽ എൺപതുകൾ വരെ ഹിന്ദി സിനിമ അടക്കിഭരിച്ച 'വീരു' എന്ന നിത്യഹരിത നായകൻ. പ്രണയവും പ്രതികാരവും സൗകുമാര്യവും ആക്ഷനുമെല്ലാം ഒത്തുചേർന്ന ആ നടനശരീരത്തിന് ഇന്ത്യയിൽ മാത്രമല്ല, ആഗോളതലത്തിൽ തന്നെ ഫാൻ ബേസ് സൃഷ്ടിക്കാനായി.
ഒക്ടോബർ 31-ന് മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന 89കാരനായ ധർമേന്ദ്രയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെതുടർന്ന് രണ്ടാഴ്ച മുമ്പ് ഡിസ്ചാർജ് ചെയ്തിരുന്നു.
മരണവിവരം അറിയിച്ച് കരൺ ജോഹർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു: ''ഒരു കാലഘട്ടം അസ്തമിച്ചു. വലിയ സ്വാധീനമുണ്ടാക്കിയ ഒരു മെഗാ സ്റ്റാർ. മുഖ്യധാരാ സിനിമയിലെ അസാധ്യ നായകൻ. അവിശ്വസനീയമാംവിധം ആകർഷകത്വമുള്ളയാൾ, അസാമാന്യ സ്‌ക്രീൻ പ്രസൻസ്. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും ലജന്റ്. എല്ലാത്തിലുമുപരി നല്ലൊരു മനുഷ്യൻ. സിനിമയിലെ എല്ലാവരാലും സ്‌നേഹിക്കപ്പെട്ടു അദ്ദേഹം, എല്ലാവർക്കും തിരിച്ചും സ്‌നേഹം മാത്രം നൽകി...''
ഫിലിം ഫെയർ മാഗസിൻ നടത്തിയ ടാലന്റ് മത്സരത്തിൽ വിജയിയായ ധർമേന്ദ്ര 1960-ൽ ‘ദിൽ ഭി തേരാ ഹം ഭി തേരെ' എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചെങ്കിലും 61-ൽ ഇറങ്ങിയ ഷോല ഔർ ഷബ്‌നം, 63-ലിറങ്ങിയ ബന്ധിനി എന്നിവയിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടിയത്. 1966-ൽ മീനാ കുമാരിയോടൊപ്പം നായകനായ ഫൂൽ ഔർ പത്തർ അദ്ദേഹത്തിന്റെ നായകസ്ഥാനം ഉറപ്പിച്ചു. ആ വർഷം ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഈ സിനിമയിലൂടെയാണ് ധർമേന്ദ്ര ബോളിവുഡിന്റെ 'HE MAN' ആയി മാറിയത്.

അവസാനമായി ഇറങ്ങിയ സിനിമ തേരി ബാത്തോം മേ ഐസാ ഉൽഝാ ജിയാ ആയിരുന്നു. അമിതാഭ് ബച്ചൻെ ചെറുമകൻ അഗസ്ത്യ നന്ദ നായകനായ 'ഇക്കിസ്' എന്ന സിനിമയിലാണ് ധർമേന്ദ്ര അവസാനമായി അഭിനയിച്ചത്. ഡിസംബർ 25-നാണ് ഈ സിനിമ റിലീസാകുന്നത്.
അറുപതുകളിൽ സാധാരണ നടനായി തുടങ്ങിയ ധർമേന്ദ്ര ഹഖീഖത്ത്, ഫൂൽ ഔർ പത്തർ, സീത ഔർ ഗീത, ഷോലെ, ധരംവീർ, ചുപ്‌കെ ചുപ്‌കെ, മേരാ ഗാവ് മേരാ ദേശ്, ഡ്രീം ഗേൾ, അനുപമ, രാജാ റാണി തുടങ്ങിയ സിനിമകളിലൂടെ ബോളിവുഡിന്റെ നായകനായി മാറി.
1973-ൽ മാത്രം ധർമേന്ദ്രയുടെ പേരിൽ എട്ട് ഹിറ്റ് സിനിമകളാണിറങ്ങിയത്. 1987-ൽ തുടർച്ചയായി ഏഴ് ഹിറ്റുകളും. തൊണ്ണൂറുകളായതോടെ അദ്ദേഹം കാരക്റ്റർ റോളുകളിലേക്ക് മാറിത്തുടങ്ങി. പിന്നീട് വിജയ്ത ഫിലിംസ് എന്ന പ്രൊഡക്ഷൻ ഹൗസ് തുടങ്ങി.
1980-ൽ നടി ഹേമാ മാലിനിയെ അദ്ദേഹം വിവാഹം കഴിച്ചു. ഇന്ത്യൻ സിനിമയിലെ സ്വപ്‌നനായികയായി അറിയപ്പെട്ട ഹേമാ മാലിനിയുമായുള്ള ധർമേന്ദ്രയുടെ പ്രണയജീവിതം ബോളിവുഡിലെ ഏറ്റവും ആഘോഷിക്കപ്പെട്ട കാൽപ്പനിക പ്രമേയം കൂടിയായിരുന്നു. 1970-ൽ തും ഹസീൻ മെയിൻ ജവാൻ എന്ന സിനിമയിലൂടെ തുടങ്ങിയ ആ ബന്ധം സീത ഔർ ഗീത, ഷോലെ തുടങ്ങിയ സിനിമകളിലൂടെ പുഷ്പിച്ചു.
പ്രകാശ് കൗർ എന്ന സ്ത്രീയെ വിവാഹം ചെയ്തിരുന്ന, അവരിൽ നാലു മക്കളുണ്ടായിരുന്ന ധർമേന്ദ്രയുടെ പ്രണയവും ഹേമാ മാലിനിയുമായുള്ള വിവാഹവും വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചു. 'ഞാൻ എന്റെ ഹൃദയത്തെ പിന്തുടരുന്നു, പ്രണയം എന്നാൽ എന്താണ് എന്ന് നിങ്ങൾക്ക് ലോകത്തെ ബോധ്യപ്പെടുത്തിക്കൊടുക്കാനാകില്ല, അത് രണ്ടു ഹൃദയങ്ങൾ തമ്മിലുള്ള നിശ്ശബ്ദമായ ധാരണയാണ്' എന്നായിരുന്നു അതിനുള്ള അദ്ദേഹത്തിന്റെ മറുപടി. 'അദ്ദേഹം എനിക്കുവേണ്ടി ഒരു പാറപോലെ ഉറച്ചുനിന്നു' എന്ന് ഹേമാ മാലിനി, 'Hema Malini: Beyond the Dream Girl' എന്ന ഓർമപുസ്തകത്തിൽ എഴുതിയിട്ടുണ്ട്. ആദ്യ ഭാര്യയുള്ളപ്പോൾ തന്നെ ഹേമാ മാലിനിയെ വിവാഹം കഴിക്കാനായി ധർമേന്ദ്ര ഇസ്‌ലാം മതം സ്വീകരിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, 2004-ൽ ഔട്ട്‌ലുക്ക് മാഗസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഇത് നിഷേധിച്ചു.
തന്റെ സിനിമാജീവിതം തുടങ്ങുന്നതിന് വളരെ മുമ്പ്, 1954-ലാണ് ധർമേന്ദ്ര പ്രകാശ് കൗറിനെ വിവാഹം കഴിച്ചത്. സണ്ണി ഡിയോൾ, ബോബി ഡിയോൾ, വിജേത ഡിയോൾ, അജീത ഡിയോൾ എന്നിവരാണ് ഇവരുടെ മക്കൾ. ഹേമാ മാലിനിയുമായുള്ള ബന്ധത്തിലുള്ള മക്കളാണ് ഇഷ ഡിയോളും അഹാന ഡിയോളും.

2004 മുതൽ 2009 വരെ ബി.ജെ.പി ടിക്കറ്റിൽ രാജസ്ഥാനിലെ ബിക്കാനീറിൽനിന്നുള്ള എം.പിയായിരുന്നു. ബി.ജെ.പിയുടെ 'ഇന്ത്യ തിളങ്ങുന്ന' എന്ന കാമ്പയിൻ കാലത്താണ്, 2004-ൽ ധർമേന്ദ്ര ബി.ജെ.പിയിൽ ചേർന്നത്. ബിക്കാനീറിലെ ആദ്യ മത്സരത്തിൽ കോൺഗ്രസിലെ രാമേശ്വർ ലാൽ ദുബിയെ 60,000-ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ധർമേന്ദ്ര തോൽപ്പിച്ചത്. എങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതം, സിനിമാജീവിതത്തിൽനിന്ന് ഭിന്നമായി തീർത്തും നിരാശാജനകമായിരുന്നു. തന്റെ അച്ഛന് രാഷ്ട്രീയം ഇഷ്ടമല്ലായിരുന്നു എന്ന് പിന്നീട് മകനും നടനുമായ സണ്ണി ഡിയോൾ പറഞ്ഞിട്ടുണ്ട്. എങ്കിലും രാഷ്ട്രീയത്തിൽനിന്ന് പൂർണമായും ധർമേന്ദ്ര വിട്ടുനിന്നില്ല. 2019-ൽ സണ്ണി ഡിയോൾ ഗുർദാസ്പുരിൽനിന്ന് ബി.ജെ.പി സ്ഥാനാർഥിയായി ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോൾ ധർമേന്ദ്ര പ്രചാരണത്തിനെത്തിയിരുന്നു.
അതിസാധാരണമായ ജീവിതപാശ്ചാത്തലത്തിൽനിന്നാണ് ധർമേന്ദ്ര എന്ന സൂപ്പർതാരത്തിലേക്കുള്ള യാത്ര. 1935 ഡിസംബർ എട്ടിന് പഞ്ചാബിലെ നസ്‌രാലിയിൽ കർഷക കുടുംബത്തിലായിരുന്നു ധർമേന്ദ്ര സിങ് ഡിയോളിന്റെ ജനനം. കോളേജ് പഠനശേഷം അദ്ദേഹം ബോംബെയിലേക്ക് വന്നതോടെയാണ് ആ സ്വപ്‌നതുല്യമായ ജീവിതത്തിന് തുടക്കമായത്. ആദ്യ സിനിമയിലെ അഭിനയത്തിനുശേഷം സപ്പോർട്ടിംഗ് വേഷങ്ങളിൽ തുടരേണ്ടിവന്നു. ഏതാനും സിനിമകൾക്കുശേഷമാണ് അദ്ദേഹത്തിന് പ്രേക്ഷകശ്രദ്ധ നേടിയെടുക്കാനായത്.
1997-ൽ ഫിലിം ഫെയർ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് നേടി. 2012-ൽ പദ്മഭൂഷൻ നൽകി രാജ്യം ആദരിച്ചു.
