എൻ.ആർ.എസ്;
ഒരു കാലം, പല ഓർമകൾ

‘‘സൗവർണ പ്രതിപക്ഷമാകേണ്ട മാധ്യമപ്രവർത്തകർ വാഴ്ത്തുപാട്ടുകാരും ബ്ലേഡ് മാഫിയാമനസ്സുള്ളവരുമാകണമെന്ന് ആഗ്രഹിക്കുന്ന ഭരണകർത്താക്കൾ ചരിത്രത്തിൽ അവശേഷിപ്പിക്കുന്നത് ഒരു ദുരന്തചിത്രമായിരിക്കും. അത് ഒരു പരിധിവരെയെങ്കിലും തിരുത്താൻ മരണാനന്തരബഹുമതിയായി എസ്. ജയചന്ദ്രൻ നായർക്കും എൻ.ആർ.എസ്. ബാബുവിനും സ്വദേശാഭിമാനി പുരസ്ക്കാരം നൽകാവുന്നതാണ്. മുഖ്യമന്ത്രി വി.ഡി. സതീശൻ അങ്ങനെയൊരു തീരുമാനമെടുത്താൽ അത് ചരിത്രപരമായ ഒരു ശരിയായി ഭാവികാലം അടയാളപ്പെടുത്തുമെന്ന് തീർച്ചയാണ്’’- കഴിഞ്ഞ ദിവസം അന്തരിച്ച പത്രപ്രവർത്തകൻ എൻ.ആർ.എസ്. ബാബുവിനെ ഓർത്തുകൊണ്ട് സി. അനൂപ് എഴുതുന്നു.

2025 ഒക്ടോബറിലെ ഒരു വൈകുന്നേരം. ഞങ്ങൾ കുറച്ചുപേർ വഴുതക്കാടുള്ള നാരായണ ഭട്ടതിരിയുടെ വീട്ടിലെ 'കചടതപ' യിൽ ഒത്തുകൂടി. ഞങ്ങളെയൊക്കെയും ബന്ധിപ്പിച്ചത് ഒരാളെക്കുറിച്ചുള്ള ഹൃദ്യമായ ഓർമയായിരുന്നു. ആ ഓർമകളിലേക്ക് പല സന്ദർഭങ്ങൾ അണിയണിയായി കടന്നുവന്നു. പലതിലും സ്നേഹത്തിന്റെയും കരുതലിന്റെയും കാണാച്ചരട് അനുഭവിക്കാനുമായി. അതിന്റെ കേന്ദ്രസ്ഥാനത്ത് കാണാനായത് എസ്. ജയചന്ദ്രൻ നായർ എന്ന, എക്കാലത്തേയും മലയാളം കണ്ട മുൻനിര പത്രാധിപരെയാണ്. അദ്ദേഹം മരിച്ച് ഒരു വർഷമാകാൻ രണ്ടു മാസം ബാക്കിയുണ്ടായിരുന്നു അന്ന്.

ഒന്നാം സ്മരണദിനത്തിൽ എസ്. ജയചന്ദ്രൻ നായരെക്കുറിച്ചുള്ള ഓർമയെ എങ്ങനെ വീണ്ടെടുക്കണം എന്നാലോചിക്കാനുള്ള കൂടിച്ചേരലായിരുന്നു തുടർന്നുനടന്നത്. അന്നത്തെ ഞങ്ങളുടെ സംസാരത്തിൽ നിരന്തരം കടന്നുവന്ന ഒരു പേരായിരുന്നു എൻ.ആർ.എസ്. ബാബുവിന്റേത്. കാരണമുണ്ട്. അവർ ഒന്നിച്ചും വേറിട്ടും നടത്തിയ മാധ്യമപ്രവർത്തനം മലയാളിയുടെ സംസ്ക്കാരത്തെ രൂപപ്പെടുത്തുന്നതിൽ മികച്ച പങ്ക് വഹിച്ചു. അതനുഭവിച്ച തലമുറയുടെ ഭാഗ്യജാതകം.

കെ. ബാലകൃഷ്ണന്റെ നിഴൽ അവരുടെ (എസ്. ജയചന്ദ്രൻനായർ, എം.എസ്. മണി, എൻ.ആർ.എസ്. ബാബു) എന്നിവരുടെ സംഭാഷണത്തിൽ നിറഞ്ഞുനിന്നു. അറിഞ്ഞോ അറിയാതെയോ 'ഞങ്ങൾ കെ. ബാലകൃഷ്ണന്റെ അനന്തരഗാമിക'ളാണെന്ന് അവർ നിരന്തരം പറയുകയും എഴുതുകയും ചെയ്തു. അതൊരു വലിയ മാധ്യമപൈതൃകത്തിന്റെ തുടർച്ച തന്നെയായിരുന്നു.

എസ്. ജയചന്ദ്രൻനായരും എൻ.ആർ.എസ്. ബാബുവും നമ്മുടെ സാംസ്ക്കാരിക പത്ര പ്രവർത്തനത്തെ എങ്ങനെ ഉന്മേഷകരമാക്കി എന്നത് പുതുതലമുറ പഠനവിഷയമാക്കണ്ടതാണ്. അതിന്റെ വേരുകൾ ദീർഘമായൊരു ചരിത്രത്തിന്റെ തുടർച്ചയായിരുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിളളയും കേസരിയുമൊക്കെ ആരംഭിക്കുകയും തുടരുകയും ചെയ്ത ‘സൗവർണ്ണ പ്രതിപക്ഷം’ എന്ന സങ്കല്പത്തിന്റെ മൂർച്ചയുള്ള തുടർച്ച.

എസ്.ജെയുടെ പേരിലുള്ള പ്രഥമ മാധ്യമ പുരസ്ക്കാരം ആർക്കാണ് നൽകേണ്ടതെന്ന് നിശ്ചയിക്കുന്നതിനായി ഞങ്ങൾ വീണ്ടും ഒത്തുചേർന്നു. പല പേരുകൾ പലരും നിർദ്ദേശിച്ചു. മാധ്യമപ്രവർത്തകനായ എം.ബി. സന്തോഷ് എൻ.ആർ.എസിന്റെ പേര് നിർദ്ദേശിച്ചു. ഒപ്പം മലയാളത്തിലെ പ്രശസ്തരായ പലരുടേയും പേരുകൾ ഞങ്ങളുടെ മുന്നിലെത്തി. ഒടുവിൽ ആദ്യ എസ്. ജയചന്ദ്രൻ നായർ സ്മാരകപുരസ്ക്കാരം എൻ.ആർ.എസിന് നൽകാൻ ഞങ്ങൾ ഒറ്റ സ്വരത്തിൽ നിശ്ചയിച്ചു. അതിലൊരു കാവ്യനീതിയുണ്ടായിരുന്നു എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു.

അവർ ഇരുവരുടെയും ഒപ്പം ജോലി ചെയ്തിട്ടുള്ള ഞങ്ങളിൽ ചിലർക്ക് പറയാൻ പലതുമുണ്ടായിരുന്നു. പ്രതിഭാധനരായ രണ്ടുപേരും വ്യത്യസ്ത ധ്രുവങ്ങളിൽ ചിന്തിക്കുന്നവരും ജീവിതദർശനം പകർന്നുനൽകിയവരുമാണ്. അവരുടെ കഴിവിനെ ആലയിലെന്നപോലെ ഊതിയൊരുക്കാൻ കരുത്തും സർഗ്ഗാത്മകതയുമുള്ള എം.എസ്. മണി എന്ന മികച്ച മാധ്യമഉടമക്ക് സാധിക്കുകയും ചെയ്തു. ഒരു കപ്പിത്താൻ വേണ്ടിടത്ത് ഒരാളെയും രണ്ടു പേർ വേണ്ടിടത്ത് രണ്ടു പേരേയും അദ്ദേഹം നിയോഗിച്ചു. അതുകൊണ്ടാണ് മലയാള മാധ്യമചരിത്രത്തിൽ അവർ മൂവരേയും നമ്മൾ അതുല്യസ്ഥാനത്ത് പ്രതിഷ്ഠിച്ചത്. അല്ലെങ്കിൽ പ്രതിഷ്ഠിക്കേണ്ടത്.

എസ്. ജയചന്ദ്രൻനായർ.
എസ്. ജയചന്ദ്രൻനായർ.

കെ.പി. അപ്പൻ ഒരിക്കൽ അതെക്കുറിച്ച് പറഞ്ഞത് ഡോ. എസ്. നസീബും ഞാനും നേരിട്ട് കേട്ടിട്ടുണ്ട്. അതാണ് ധിഷണ നിറഞ്ഞ ഒരു മനസ്സിന്റെ വിലയിരുത്തൽ.

പുരസ്ക്കാര പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഞങ്ങൾ എൻ. ആർ. എസിന്റെ വീടുമായി ബന്ധപ്പെട്ടു. പുരസ്ക്കാര സമർപ്പണദിവസം രാത്രി പട്ടത്ത് വൃന്ദാവൻ കോളനിയിലുള്ള വീട്ടിലെത്തി, മുറിഞ്ഞു പോയ സഹശാഖയുടെ പേരിലുള്ള ആദരവ് സമർപ്പിച്ചു. എൻ.ആർ. എസിനും ഭാര്യക്കും നേരിട്ടുവന്ന് പുരസ്ക്കാരം വാങ്ങാൻ കഴിയുമായിരുന്നില്ല. തിരിച്ചിറങ്ങുമ്പോൾ ബി.ഡി. ദത്തൻ ഓർമയുടെ പല കാലങ്ങളെ തിരികെ വിളിച്ചു, കൃത്യം കൃത്യതയോടെ. മാധ്യമപ്രവർത്തനത്തിന്റെ വഴിയിൽ സഞ്ചരിച്ച എൻ.ആർ.എസിന് അപ്പോഴേക്കും ഓർമ പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തെ ഒറ്റയ്ക്കാക്കി പ്രസ് ക്ലബിലെത്താൻ ഭാര്യക്ക് കഴിയുമായിരുന്നില്ല.

തൊണ്ണൂറുകളുടെ അവസാനം. എൻ.ആർ.എസ് പത്രാധിപരായിരുന്ന കാലത്ത് ഏതാണ്ട് ഒരു വർഷത്തോളം ഒപ്പം ജോലി ചെയ്ത ദിവസങ്ങൾ ഓർമയിലുണ്ട്. എസ്.ജെയുടെ മാധ്യമപ്രവർത്തന വഴിയിൽനിന്ന് വ്യത്യസ്തമായി കലാകൗമുദിയെ നയിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിന് സമകാലിക വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി. കാലമാവശ്യപ്പെടുന്ന മാറ്റമാണെന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്തു. എന്നാൽ അച്ചടിമാധ്യമങ്ങളെ ബാധിച്ച പ്രതിസന്ധികളെ മറികടക്കാൻ അതൊന്നും പര്യാപ്തമായിരുന്നില്ല.

വായിച്ച പുസ്തകങ്ങളെക്കുറിച്ചും കടന്നുവന്ന വഴിയിലെ അവിസ്മരണീയതയെക്കുറിച്ചും ഇത്രമാത്രം ഭംഗിയായി സംസാരിക്കുന്നങ്ങനെയെന്ന് അത്ഭുതം തോന്നിയിട്ടുണ്ട്. അതേസമയം എസ്.ജെ ഇഷ്ടപ്പെട്ടിരുന്ന ചിലതിനോടുള്ള വിയോജിപ്പ് തുറന്നുപറയാനും മടിച്ചില്ല. സമകാലിക മലയാളം വാരിക തുടങ്ങിയ എസ്.ജെക്കാണ് എം.എസ്. മണി ഹൃദയത്തിൽ പ്രഥമ പരിഗണന നൽകിയിരുന്നതെന്ന പരിഭവം പറയാനും മടിച്ചില്ല. ആ സന്ദർഭത്തിൽ കലാകൗമുദി പത്രാധിപരായി തിരിച്ചെത്തിയ എൻ.ആർ.എസ്, അവർ മൂവരും ഒന്നിച്ചുണ്ടായിരുന്ന കാലത്തെക്കുറിച്ച് സംസാരിച്ച്, 'അതൊരു കാലം' എന്നു പറഞ്ഞ് നിശ്ശബ്ദനാക്കുന്നതും കണ്ടിട്ടുണ്ട്.

തിരുവനന്തപുരം പ്രസ് ക്ലബിലെ ജേണലിസം കോഴ്സ് മേധാവിയായിരുന്നു എൻ.ആർ.എസ്. അവിടെ പഠിച്ച എന്റെ സകാലികർ പലരും ക്ലാസുമുറിയിലെ എൻ.ആർ.എസിനെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുണ്ട്. മികച്ച അധ്യാപകനായിരുന്നു അദ്ദേഹം. അറിവിന്റെ അലകൾ അടരടരായി പറഞ്ഞ് ക്ലാസ്മുറിയെ ഉണർവ്വുള്ളതാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഒപ്പം അപ്രതീക്ഷിതമായ പരീക്ഷണച്ചോദ്യങ്ങൾ കൊണ്ട് പ്രതിസന്ധിയിലാക്കാനും.

‘കിന്നരി വെച്ച ഭാഷയിലെഴുതാൻ ആരാ പഠിപ്പിച്ചത്, ജയനാ?' ഒരിക്കൽ എൻ.ആർ.എസ് ചോദിച്ചു. സി.വി.രാമൻപിള്ള എന്ന് ഞാൻ മറുപടി പറഞ്ഞു.
‘ഞാൻ കരുതി ഒ.വി. വിജയനാണെന്ന്', അദ്ദേഹം പറഞ്ഞു.

ആ ലക്കം കലാകൗമുദിയിൽ ഞാനെഴുതിയ ഒരു കഥയിൽ വിജയന്റെ ഭാഷാസ്വാധീനം വന്നിട്ടുണ്ടെന്നും സ്വന്തം ഭാഷ സൃഷ്ടിക്കാനാണ് നിങ്ങളെപ്പോലുള്ള പുതുതലമുറക്കാർ ശ്രമിക്കേണ്ടതെന്നും പറഞ്ഞ് കണ്ണടക്ക് മുകളിലൂടെ നോക്കി.

ഒ.എൻ.വി, അയ്യപ്പപ്പണിക്കർ എന്നിവരെക്കുറിച്ച് പറയുമ്പോൾ എൻ.ആർ.എസിൽ ഏഴുനാവ് പ്രത്യക്ഷമാകും. എഴുത്തിന്റെ വഴിയിൽ ഇരുധ്രുവങ്ങളിൽ യാത്ര ചെയ്ത അവർ രണ്ടു പേരെയും ഗുരുക്കന്മാരായി അദ്ദേഹം വിശേഷിപ്പിച്ചു. കവിതകൾ പലതും കാണാതെ ചൊല്ലി. ചിലരോട് മുൻവിധിയില്ലാത്ത ഇഷ്ടം. ചിലരോട് തിരിച്ചും.

രാഷ്ട്രീയമായി ‘ലെഫ്റ്റ്' ആണെന്ന് സ്വയം വിലയിരുത്തുമ്പോഴും കോൺഗ്രസിലെ ചിലരോട് ഏറെ ആദരം സൂക്ഷിച്ചു. സി. അച്യുതമേനോനെക്കുറിച്ച് വാചാലനായി. ഒരിക്കൽ ജി. കാർത്തികേയൻ പേട്ടയിൽ കലാകൗമുദി ഓഫീസിൽ വന്നു. പുസ്തകങ്ങളെയും എഴുത്തുകാരേയും സ്നേഹിച്ച് വഷളായിപ്പോകാൻ സാധ്യതയുള്ള കോൺഗ്രസിന്റെ ഭാവിപ്രതിനിധി എന്നാണ് ജി.കെയെ പരിചയപ്പെടുത്തിയത്. അവർ പുറത്തേക്കിറങ്ങിവരുമ്പോൾ സിറ്റിയിലേക്കുള്ള ബസ് കാത്തുനിന്ന എന്നെ ജി. കാർത്തികേയന്റെ കാറിൽ കയറ്റിയിട്ട് എൻ.ആർ.എസ് പറഞ്ഞു;
‘കാമുകിയെ കാണാൻ പോകുന്നതാ. ചില ഉപദേശങ്ങൾ കൊടുത്തുവേണം ഇറക്കിവിടാൻ’.

ജി.കെ മരിച്ച ദിവസം എൻ.ആർ.എസിനെ കണ്ടു. അന്ന് പറഞ്ഞത് മറക്കാവില്ല; ‘കോൺഗ്രസിലെ തിരുത്തൽശക്തി പോയി’.

അങ്ങനെ എത്രയെത്ര നല്ല ഓർമകൾ. ചില നല്ലതല്ലാത്ത ഓർമകളെ നമ്മൾ കാലം നൽകുന്ന പാഠങ്ങളിലൂടെ നല്ലതായി കാണാൻ പഠിക്കും. അതാണ് പരിഷ്കൃത മനസ്സിലേക്കുള്ള യാത്രാവഴി.

എന്റെ ആദ്യത്തെ രണ്ട് പത്രാധിപന്മാർ എന്ന നിലയിൽ അവർ രണ്ടു പേരും ധിഷണാശാലികളായിരുന്നു. ഒരാൾ ഉള്ളിലേക്ക് നടക്കാൻ ഇഷ്ടപ്പെട്ടു. മറ്റൊരാൾ ഉള്ളിലേക്കും തുറസ്സിലേക്കും ഒരേപോലെ നടന്നു. ഒരാൾ നീരസം ഒരു ചിരിയില്ലായ്മയിലൊതുക്കി. ഒരാൾ വാക്കുകൾ കൊണ്ട് കൊമ്പുകോർത്തു.

ജയചന്ദ്രൻനായർ ഏറ്റവും ഇഷ്ടപ്പെട്ട കവി ബാലചന്ദ്രൻ ചുള്ളിക്കാടാണെന്ന് തോന്നിയിട്ടുണ്ട്. തന്റെ പത്രാധിപർ അദ്ദേഹമാണെന്ന് ചുള്ളിക്കാടും പറയാറുണ്ട്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ 'ചിദംബരസ്മരണ' മലയാളം വാരികയിൽ പ്രസിദ്ധീകരിച്ചുതുടങ്ങിയപ്പോൾ എൻ.ആർ.എസ് പറഞ്ഞതോർക്കുന്നു: ‘ജയൻ പറഞ്ഞാൽ ബാലൻ ഡിക്ടറ്റീവ് നോവലും എഴുതും’.

എൻ.ആർ.എസ്. ബാബു
എൻ.ആർ.എസ്. ബാബു

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മൂന്ന് തവണ അദ്ദേഹത്തെ വീട്ടിൽ ചെന്ന് കണ്ടിട്ടുണ്ട്. അപ്പോഴേക്കും ഓർമയെ അദ്ദേഹം തന്നിൽ നിന്നും പറിച്ചെറിഞ്ഞിരുന്നു. മകൾ പെട്ടെന്ന് മരിച്ച ദിവസം, അവൾ മരിച്ചു എന്നറിയാതെ ഇരുന്ന ആ ഇരിപ്പ് കണ്ണു നിറക്കുന്നതായിരുന്നു. കണ്ടപ്പോൾ ഒരു കസേര ചൂണ്ടിക്കാട്ടി, ‘അവിടെയിരുന്ന് എഴുതൂ, വൈകീട്ട് ഞാൻ വായിച്ചുനോക്കാം’ എന്നു പറഞ്ഞപ്പോൾ തിരിച്ചൊന്നും പറയാൻ കഴിഞ്ഞില്ല. സുഹൃത്ത് ഗോപകുമാറിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

ഏതാണ്ട് രണ്ടു വർഷം മുമ്പാകണം, ജയചന്ദ്രൻ നായർ ബാഗ്ലൂരിൽ മകളുടെ അടുത്തുനിന്ന് സുഹൃത്തിനെ കാണാൻ തിരുവനന്തപുരത്ത് വന്നു. വൃന്ദാവൻ കോളനിയിലെ എൻ.ആർ.എസിന്റെ വീടിനു മുന്നിലെത്തി. ഫോണിൽ കിട്ടിയില്ല. വീട് പുറത്തുനിന്ന് പൂട്ടി ഭാര്യ ഡോക്ടറെ കാണാൻ പോയ സമയമായിരുന്നു അത്. ഏറെനേരം നിന്ന ശേഷം എസ്.ജെ മടങ്ങി. പിന്നെ കേരളത്തിലേക്ക് ഒരു വരവുണ്ടായില്ല.

ഇപ്പോൾ എൻ.ആർ.എസും യാത്രയായി. മലയാള പത്രപ്രവർത്തനത്തിൽ നമ്മുടെ ഭാഷക്കുവേണ്ടിയും സംസ്ക്കാരത്തിനുവേണ്ടിയും നിലകൊണ്ട ഈ രണ്ട് പത്രാധിപന്മാർക്കും മാധ്യമപ്രവർത്തകർക്കുള്ള സ്വദേശാഭിമാനി പുരസ്ക്കാരം ലഭിച്ചില്ല. എന്നാൽ സ്തുതിപ്പാട്ടുകാരും ഇടവഴിപ്രയോഗ വിദഗ്ദ്ധന്മാരുമായ പലർക്കും ദേശനാഥന്മാരുടെ കാരുണ്യത്താൽ ഈ പുരസ്ക്കാരം ലഭിക്കുകയും ചെയ്തു.

ഉമ്മൻചാണ്ടി സർക്കാരിനെയും പിണറായി സർക്കാരിനെയും ഈ രണ്ട് പത്രാധിപന്മാരും കൃത്യമായി വിമർശിച്ചിട്ടുണ്ട്. വിലയിരുത്തിയിട്ടുണ്ട്. ചിലരുടെയൊക്കെ സ്ഥാനം ചരിത്രത്തിൽ എങ്ങനെ അടയാളപ്പെടുത്തുമെന്ന് ദീർഘദർശനം ചെയ്തിട്ടുമുണ്ട്. അതുകൊണ്ടുതന്നെ പുകഴ്ത്തുപാട്ടുകാർ അന്തിമപ്പട്ടികയിൽ ഇവരുടെ പേര് ഉൾപ്പെടുത്താൻ ഭയന്നു. ഭയം ഒരു ദേശീയ രോഗമായി വളർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്ന ഈ കാലത്ത് ഇതും ഇതിനപ്പുറവും സംഭവിക്കും. അത്ഭുതപ്പെടാനില്ല.

ഒന്നുണ്ട്. എസ്.ജെക്കും എൻ.ആർ.എസിനും ലഭിക്കാത്ത പുരസ്കാരം എന്ന നിലയിലാവും ജനങ്ങളുടെ നികുതിപ്പണംകൊണ്ട് സർക്കാർ നൽകുന്ന സ്വദേശാഭിമാനി പുരസ്ക്കാരം ഭാവിയിൽ അറിയപ്പെടുക. ആ രേഖപ്പെടുത്തൽ നമ്മെ ഭരിച്ചവരെക്കുറിച്ച് ചില സംശയങ്ങൾ അവശേഷിപ്പിക്കും. സൗവർണ പ്രതിപക്ഷമാകേണ്ട മാധ്യമപ്രവർത്തകർ വാഴ്ത്തുപാട്ടുകാരും ബ്ലേഡ് മാഫിയാമനസ്സുള്ളവരുമാകണമെന്ന് ആഗ്രഹിക്കുന്ന ഭരണകർത്താക്കൾ ചരിത്രത്തിൽ അവശേഷിപ്പിക്കുന്നത് ഒരു ദുരന്തചിത്രമായിരിക്കും. അത് ഒരു പരിധിവരെയെങ്കിലും തിരുത്താൻ മരണാനന്തരബഹുമതിയായി എസ്.ജെയ്ക്കും എൻ.ആർ.എസിനും സ്വദേശാഭിമാനി പുരസ്ക്കാരം നൽകാവുന്നതാണ്. മുഖ്യമന്ത്രി വി.ഡി. സതീശൻ അങ്ങനെയൊരു തീരുമാനമെടുത്താൽ അത് ചരിത്രപരമായ ഒരു ശരിയായി ഭാവികാലം അടയാളപ്പെടുത്തുമെന്ന് തീർച്ചയാണ്. അക്ഷരങ്ങളെ സ്നേഹിക്കുന്ന ഒരു കാലത്തിന്റെ ജനാധിപത്യമുദ്രയായി അത് ഓർക്കപ്പെടും.


Summary: Shajahan Madampat writes about late veteran journalist NRS Babu


സി. അനൂപ്​

നോവലിസ്​റ്റ്​, കഥാകൃത്ത്​. 30 വർഷമായി പത്ര- ദൃശ്യ മാധ്യമ പ്രവർത്തകൻ. പ്രണയത്തിന്റെ അപനിർമ്മാണം, പരകായപ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയന്റെ പുച്ച, ഇ.എം.എസും ദൈവവും, രാച്ചുക്ക് (കഥാ സമാഹാരങ്ങൾ), വിശുദ്ധ യുദ്ധം (നോവൽ) ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം ( പീറ്റർമാരിസ് ബർഗിലെ തീവണ്ടി ) - യാത്രാവിവരണം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments