ശ്രീനിവാസൻ മലയാളിയിലെ നായകൻ

തങ്ങളോളമോ തങ്ങളേക്കാൾ കുറവോ നിറവും ഉയരവും 'സൗന്ദര്യവു'മുള്ള ഒരു നായകൻ. ദുർബലമായ ശരീരമുള്ള, പറയത്തക്ക ഭംഗിയൊന്നും കാര്യമായി ഇല്ലാത്ത, പ്രിയപ്പെട്ടവർക്ക് വേണ്ടി അധ്വാനിക്കുന്ന അസംഖ്യം മലയാളി പുരുഷൻമാരിൽ ഒരാൾ. ഗോതമ്പിന്റെ നിറം വേണം , നായികയേക്കാൾ ഉയരം വേണം , കനത്ത പേശികളുടെ പടച്ചട്ട വേണം ഇത്യാദി പൗരാണിക നായകനട സങ്കൽപ്പങ്ങൾക്ക് തീരെ യോജിക്കാത്ത ഒരു നായകൻ ആയിരുന്നു ശ്രീനിവാസൻ. കരോൾ ത്രേസ്യാമ്മ അബ്രഹാം എഴുതുന്നു.

ശ്രീനിവാസൻ എന്ന നായകനെപ്പറ്റി എപ്പോഴെങ്കിലും ഓർത്തു നോക്കിയിട്ടുണ്ടോ? ആക്ഷേപഹാസ്യത്തിന്റെ ടെക്സ്റ്റ് ബുക്ക് മാതൃകകളായി, കലാതിവർത്തികളായി നിലകൊള്ളുന്ന മഹാമേരുക്കളായ അയാളുടെ സ്ക്രിപ്റ്റുകൾ കണ്ടു അത്ഭുതം കൂറുന്നതിനിടെ ശ്രീനിയെന്ന നായകനെ മലയാളി എത്ര കണ്ട് പരിഗണിച്ചിട്ടുണ്ട്?
മലയാള നായക സങ്കൽപ്പങ്ങളിൽ അയാളോളം പൊളിച്ചെഴുത്തുകൾ നടത്തിയ മറ്റൊരാളുണ്ടോ.? അന്നോളം മലയാളി കണ്ടിട്ടുള്ള നായകൻമാരെ ഒന്നോർത്തു നോക്കൂ..

പുരുഷസൗന്ദര്യത്തിന്റെ ഉത്തങ്ക ശൃംഗത്തിൽ വാണിരുന്ന പ്രേംനസീർ, കനത്ത ശബ്ദവും ഉറച്ച പേശികളുമായി സ്ക്രീൻ കീഴടക്കിയ ജയൻ, പ്രതിനായക കഥാപാത്രങ്ങളിൽ തുടങ്ങി സൂപ്പർ താരമായി വളർന്ന മോഹൻലാൽ, പിരീഡ് ഡ്രാമകളിലെ നായകൻ ആകാൻ താൻ കണ്ടതിൽ വച്ച് ഏറ്റവും യോഗ്യൻ എന്ന് സാക്ഷാൽ എംടി തന്നെ വിശേഷിപ്പിച്ച മമ്മൂട്ടി, കാക്കിയുടുത്ത് തീ തുപ്പുന്ന സംഭാഷണങ്ങൾ കൊണ്ട് സ്ക്രീനിന് തീ പിടിപ്പിച്ച സുരേഷ്‌ഗോപി എന്നിങ്ങനെ ഒരു സാധാരണ മലയാളിയുടെ ജീവിത പരിസരങ്ങൾ കൊണ്ടോ രൂപലാവണ്യം കൊണ്ടോ ഒരു ചെറിയ താരതമ്യം പോലും സാധ്യമല്ലാത്ത നായകരൂപങ്ങൾ.! എന്നാൽ ശ്രീനിവാസന്റെ നായക കഥാപാത്രങ്ങൾ ഓർത്തു നോക്കൂ..

നാട്ടുമ്പുറങ്ങളിൽ സാധാരണയായി നാം കാണാറുള്ള തട്ടാനായും, മടിയനായ സ്‌കൂൾ മാഷായും,സംശയരോഗിയായ പ്രസ് ഉടമയായും പാരലൽ കോളേജ് അധ്യാപകനായും ശ്രീനിവാസനെ നാം സ്‌ക്രീനിൽ കണ്ടു. അതിൽ നമുക്കൊട്ടും അസ്വാഭാവികതയും തോന്നിയില്ല. മാസാദ്യം കിട്ടുന്ന തുച്ഛമായ തുക കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെട്ടിരുന്ന തൊണ്ണൂറുകളിലെ മലയാളിയ്ക്ക് അതൊരു പുതിയ കാഴ്ചയായിരുന്നു.

നാട്ടുമ്പുറങ്ങളിൽ സാധാരണയായി നാം കാണാറുള്ള തട്ടാനായും, മടിയനായ സ്‌കൂൾ മാഷായും,സംശയരോഗിയായ പ്രസ്  ഉടമയായും പാരലൽ കോളേജ് അധ്യാപകനായും ശ്രീനിവാസനെ നാം സ്‌ക്രീനിൽ കണ്ടു.
നാട്ടുമ്പുറങ്ങളിൽ സാധാരണയായി നാം കാണാറുള്ള തട്ടാനായും, മടിയനായ സ്‌കൂൾ മാഷായും,സംശയരോഗിയായ പ്രസ് ഉടമയായും പാരലൽ കോളേജ് അധ്യാപകനായും ശ്രീനിവാസനെ നാം സ്‌ക്രീനിൽ കണ്ടു.

തങ്ങളോളമോ തങ്ങളേക്കാൾ കുറവോ നിറവും ഉയരവും 'സൗന്ദര്യവു'മുള്ള ഒരു നായകൻ. ദുർബലമായ ശരീരമുള്ള, പറയത്തക്ക ഭംഗിയൊന്നും കാര്യമായി ഇല്ലാത്ത ,പ്രിയപ്പെട്ടവർക്ക് വേണ്ടി അധ്വാനിക്കുന്ന അസംഖ്യം മലയാളി പുരുഷൻമാരിൽ ഒരാൾ. ഗോതമ്പിന്റെ നിറം വേണം , നായികയേക്കാൾ ഉയരം വേണം ,കനത്ത പേശികളുടെ പടച്ചട്ട വേണം ഇത്യാദി പൗരാണിക നായകനട സങ്കൽപ്പങ്ങൾക്ക് തീരെ യോജിക്കാത്ത ഒരു നായകൻ ആയിരുന്നു ശ്രീനിവാസൻ.

പൊന്മുട്ടയിടുന്ന താറാവിലെ (1988) തട്ടാൻ ഭാസ്കരൻ ആയിരുന്നു ശ്രീനിവാസനെ ഒരു ബാങ്കബിൾ മെറ്റിരിയൽ ആക്കി മാറ്റിയത്. തട്ടാനായി മോഹൻലാലിനെ ആണ് തിരക്കഥാകൃത്ത് രഘുനാഥ്‌ പലേരിയടക്കം മനസ്സിൽ കരുതിയത് എങ്കിലും, മോഹൻലാലിൻറെ തലപ്പൊക്കം തട്ടാനുവേണ്ട എന്ന ഇന്നസെന്റിന്റെ നിർദേശത്തോടെയാണ് താൻ ആ സിനിമയിലെ നായകൻ ആയി മാറിയതെന്ന് ശ്രീനിവാസൻ പണ്ടൊരു അഭിമുഖത്തിൽ പറഞ്ഞതോർക്കുന്നു. ഇന്നോർത്ത് നോക്കുമ്പോൾ കാമുകിയാൽ പറ്റിക്കപ്പെട്ട തട്ടാന്റെ സംഘർഷങ്ങളും നിസ്സഹായതയും നമുക്ക് വിശ്വസനീയമായി തോന്നിയത്, അയാൾക്കൊപ്പം പ്രേക്ഷകരും ദുഃഖിച്ചത്, അന്ത്യത്തിൽ ആർത്തു ചിരിച്ചത് ഒക്കെ അത് ശ്രീനിവാസൻ ആയത് കൊണ്ടല്ലേ?

തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ 'വടക്കു നോക്കിയന്ത്ര'ത്തിലെ തളത്തിൽ ദിനേശനോളം, മലയാളി പുരുഷന്മാരുടെ അപകർഷ ബോധത്തെ വരച്ചുകാട്ടിയ മറ്റൊരു നായകൻ ഉണ്ടോ.?

നിറം, ഉയരം തുടങ്ങി ഒരു മധ്യവർഗ മലയാളി പുരുഷൻ അനുഭവിക്കുന്ന എല്ലാ സംഘർഷങ്ങളും നാം ദിനേശൻ എന്ന നായകനിൽ കണ്ടു. നർമ്മത്തിൽ പൊതിഞ്ഞ അവതരണം മൂലം ഇന്നും ഒരു ഹാസ്യ ചിത്രമായി ഈ സിനിമയെ കാണാറുണ്ടെങ്കിലും,പാർവതിയുടെ ശോഭയുടെ ആംഗിളിൽ കഥ ഒന്നുകൂടി ആലോചിക്കുകയാണെങ്കിൽ ദിനേശൻ, മനസിന്റെ നിയന്ത്രണം അടിമുടി നഷ്ടപ്പെട്ട ഒരു സൈക്കോപാത്ത് ആണെന്ന സത്യം നമുക്ക് തിരിഞ്ഞു തുടങ്ങും. സിനിമയുടെ അവസാനം ജനലിലൂടെ പുറത്തേയ്ക്ക് ടോർച്ചു പായിച്ച ശേഷം കിടപ്പു മുറിയിലേക്ക് തിരിഞ്ഞു നടക്കുന്ന ദിനേശനെ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. അവിടെ കിടക്കയിൽ ഭർത്താവിനെ കാത്തിരിക്കുന്ന ശോഭയേയും.. ഭയം ഉള്ളിൽ അരിച്ചിറങ്ങുന്നില്ലേ.?

സിനിമയുടെ അവസാനം ജനലിലൂടെ പുറത്തേയ്ക്ക് ടോർച്ചു പായിച്ച ശേഷം കിടപ്പു മുറിയിലേക്ക് തിരിഞ്ഞു നടക്കുന്ന ദിനേശനെ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. അവിടെ കിടക്കയിൽ ഭർത്താവിനെ കാത്തിരിക്കുന്ന ശോഭയേയും.. ഭയം ഉള്ളിൽ അരിച്ചിറങ്ങുന്നില്ലേ.?
സിനിമയുടെ അവസാനം ജനലിലൂടെ പുറത്തേയ്ക്ക് ടോർച്ചു പായിച്ച ശേഷം കിടപ്പു മുറിയിലേക്ക് തിരിഞ്ഞു നടക്കുന്ന ദിനേശനെ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. അവിടെ കിടക്കയിൽ ഭർത്താവിനെ കാത്തിരിക്കുന്ന ശോഭയേയും.. ഭയം ഉള്ളിൽ അരിച്ചിറങ്ങുന്നില്ലേ.?

കമലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'പാവം പാവം രാജകുമാരനി'ലെ ഗോപാലകൃഷ്ണനും കടന്നുപോകുന്ന വഴി ദിനേശനോട് സമാനമല്ലേ? അവന്റെ അപകർഷ ബോധമാണ് അയാളുടെ കൂട്ടുകാർ മുതലെടുക്കുന്നത്.

'തലയണമന്ത്ര'ത്തിലെ സുകുമാരൻ ആകട്ടെ, ഭാര്യയ്ക്കും അമ്മയ്ക്കുമിടയിൽ ശ്വാസം മുട്ടുന്ന ടിപ്പിക്കൽ മലയാളി ആണാണ്. കാഞ്ചനയുടെ ആഡംബരത്തിന്റെ ആഴം തന്റെ കീശയ്ക്കില്ലെന്ന് മനസിലാക്കാൻ മറന്നുപോയ, കടക്കെണിയിൽ അകപ്പെട്ട് നട്ടം തിരിയുന്ന മറ്റൊരു മലയാളി.

'സന്ദേശ'ത്തിലെ സഖാവ് കോട്ടപ്പള്ളി ആകട്ടെ, ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടാൻ ഏതെങ്കിലുമൊരു കൊടിയുടെ തണൽ തേടി നടന്ന ,ഇന്നും നടക്കുന്ന നൂറുകണക്കിന് മലയാളി പുരുഷന്മാരുടെ തനിപ്പകർപ്പാണ്.

'ചിന്താവിഷ്ടയായ ശ്യാമളയിലെ' വിജയൻ, പ്രത്യേകിച്ചൊരു ലക്ഷ്യബോധവുമില്ലാതെ പെൺതണലിൽ കാര്യങ്ങളൊക്കെ നടന്നു പോകുന്നതിന്റെ ആലസ്യത്തിൽ മദ്യത്തിലും മടിയിലും ചുരുണ്ടുകൂടി കിടക്കുന്ന അസംഖ്യം മലയാളി പുരുഷന്മാരുടെ കൂട്ടാളിയല്ലേ?

'അങ്ങനെ ഒരു അവധിക്കാല'ത്തെ ബാലൻ മാഷ്, ആകട്ടെ നിർമ്മല ടീച്ചറോട് തന്റെ പ്രണയം പറയാൻ വഴി കാണാതെ ആകെ നട്ടം തിരിയുന്ന നായകനാണ്.

പെണ്ണിന്റെ മുന്നിൽ എല്ലാ അധികാരത്തോടും ചെന്ന് നിന്ന് ''എനിക്ക് നിന്നെ ഇഷ്ടമാണ്'' എന്ന് പ്രസ്താവിച്ചിരുന്ന, ബലപ്രയോഗത്തിലൂടെ, മരം ചുറ്റി പ്രണയങ്ങളിലൂടെ കാര്യം സാധിച്ചിരുന്ന നായകന്മാരെ കണ്ടു ശീലിച്ചിട്ടുള്ള നമുക്ക് മുമ്പിലേക്കാണ് പ്രണയം പറയാൻ പരുങ്ങുന്ന ബാലന്മാഷ് ഇറങ്ങിവന്നതെന്നു ഓർക്കണം.

കോടതി വ്യവഹാരങ്ങളുമായി ഒരിക്കലെങ്കിലും നടന്നിട്ടുള്ളവർ കണ്ടിട്ടുണ്ടാകും'യെസ് യുവർ ഓണറി'ലെ രവിശങ്കർ വക്കീലിനെപ്പോലുള്ള അനേകം അഭിഭാഷകരെ. സീനിയറിന്റെ ചൂഷണം സഹിച്ചു, സ്വന്തമായി ഒരു മേൽവിലാസം ഉണ്ടാക്കുന്നതിനായി തത്രപ്പെടുന്നവർ.

അടിമുടി കമ്മ്യൂണിസ്റ്റായ ക്യൂബ മുകുന്ദന്മാരെ നിങ്ങൾ കണ്ടിട്ടില്ലേ.? അഴിമതിയുടെ കറ ഒരു തുള്ളി പോലും പുരളാത്ത,കുതികാൽ വെട്ടും,മുഖസ്തുതികളും തീരെ അറിഞ്ഞുകൂടാത്ത, പാവപ്പെട്ടവന്റെ കണ്ണീരിന് മുൻപിൽ കരളലിയുന്ന ആയിരക്കണക്കിന് സഖാക്കൾ. ക്യൂബ മുകുന്ദൻ അവരുടെ പ്രതിനിധിയാണ്.

രണ്ടായിരത്തിന്റെ ആദ്യ പകുതിയ്ക്ക് ശേഷം സഹനായക കഥാപാത്രങ്ങളിലേക്ക് അയാൾ കൂടു മാറിയെങ്കിലും ഒരിക്കൽപോലും തന്റെ കഥാപാത്രങ്ങൾക്കുള്ള വിശ്വസനീയത ശ്രീനിവാസൻ കളഞ്ഞു കുളിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

അഴിമതിയുടെ കറ ഒരു തുള്ളി പോലും പുരളാത്ത,കുതികാൽ വെട്ടും,മുഖസ്തുതികളും തീരെ അറിഞ്ഞുകൂടാത്ത,പാവപ്പെട്ടവന്റെ കണ്ണീരിനു മുൻപിൽ കരളലിയുന്ന ആയിരക്കണക്കിന് സഖാക്കൾ. ക്യൂബ മുകുന്ദൻ അവരുടെ പ്രതിനിധിയാണ്.
അഴിമതിയുടെ കറ ഒരു തുള്ളി പോലും പുരളാത്ത,കുതികാൽ വെട്ടും,മുഖസ്തുതികളും തീരെ അറിഞ്ഞുകൂടാത്ത,പാവപ്പെട്ടവന്റെ കണ്ണീരിനു മുൻപിൽ കരളലിയുന്ന ആയിരക്കണക്കിന് സഖാക്കൾ. ക്യൂബ മുകുന്ദൻ അവരുടെ പ്രതിനിധിയാണ്.

തമിഴിൽ ത്യാഗരാജാണ് മധ്യവർഗ നായകന്മാർക്ക് സ്‌ക്രീനിൽ പ്രമുഖമായ ഒരിടം നൽകിയത് എങ്കിൽ ഇങ്ങ് മലയാളത്തിൽ അത് ശ്രീനിവാസനാണ്. നമ്മിൽ ഒരാൾ എന്നൊരു ആത്മബന്ധം ശ്രീനിയുടെ നായകന്മാരുമായി സ്ഥാപിക്കാൻ ബഹുഭൂരിപക്ഷം വരുന്ന മലയാളികൾക്കും സാധിച്ചു. തങ്ങളുടെ പിതാവിനോ, മകനോ,ഭർത്താവിനോ സമനായ നായകൻ.

അയാൾക്കു ശേഷമോ അതിനു മുൻപോ അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല എന്നത് ആലോചിക്കുമ്പോഴാണ് തിരക്കഥകൾ പോലെ തന്നെ ശ്രീനിവാസന്റെ നായകന്മാരും കലാതിവർത്തികളാണ് എന്നത് നമുക്ക് തെളിഞ്ഞു തുടങ്ങുക.!

മധ്യവർഗ മലയാളി പുരുഷന്മാരുടെ മിശിഹായേ,
അവരുടെ നായകനേ ,
വിട.!

Comments