എന്റെ അമ്മയുടെ അച്ഛന്റെ പേര് കാളൻ എന്നും അമ്മയുടെ പേര് വെളിച്ചി എന്നും ആണ്. അമ്മക്ക് നാലു സഹോദരങ്ങളാണ് - പൊന്തൻ, ദേവി, നെല്ലി, മാര. പൊന്തൻമാമനും ദേവി കുഞ്ഞമ്മയും മരിച്ചു. ഇവർ തിരുനെല്ലിയിലായിരുന്നു താമസം. നെല്ലിമാമൻതൃശ്ശിലേരിയും മാരകുഞ്ഞമ്മ തിരുനെല്ലിയിലും താമസിക്കുന്നുണ്ട്. ഞങ്ങൾ, മക്കളെല്ലാം കുഞ്ഞായിരുന്ന സമയത്താണ് എന്റെ അച്ഛൻ അമ്മയെ ഉപേക്ഷിച്ചുപോയത്. ആ സമയത്ത് അമ്മ ഗർഭിണിയായിരുന്നു. അമ്മ ഒറ്റക്ക് പണിയെടുത്താണ് ഞങ്ങൾ അഞ്ചു മക്കളെ നോക്കിയത്. ഞങ്ങളുടെ വിശപ്പുമാറ്റാൻ അമ്മ, വയറിൽ തേർത്ത് ചുറ്റിക്കെട്ടി, കാട്ടിൽ കിഴങ്ങ് ശേഖരിക്കാൻ പോകും. കിഴങ്ങ് കിളക്കൽ ഒരു പണിയാണ്. മണ്ണ് വീതിയിൽ കിളച്ചുമാറ്റി കുഴിച്ചെടുക്കണം. കാട്ടുകിഴങ്ങ് കിളച്ചെടുക്കാനും നല്ല ഉഷാറു വേണം. ക്ഷീണം മാറാൻ കുറച്ച് ഇരുന്ന ശേഷമാണ് വീണ്ടും കിളക്കാൻ തുടങ്ങുന്നത്. രാത്രി എട്ടുമണി വരെയൊക്കെ കിഴങ്ങ് കിളച്ച്, വിറകുമെടുത്ത് അമ്മ വരും. കിഴങ്ങ് പുഴുങ്ങി കഴിക്കും. ബാക്കി വരുന്നത് രാവിലെയും കഴിക്കും. അമ്മ എന്നോട് സ്നേഹം പ്രകടിപ്പിച്ചതൊന്നും ഓർമ്മയില്ല. താഴെ അനിയൻമാരും അനിയത്തിയുമുണ്ടായിരുന്നു. അമ്മക്ക് എല്ലാവരെയും നോക്കണം. അമ്മയുടെ ആറാമത്തെ പ്രസവത്തിൽ ഇരട്ടക്കുട്ടികൾ ജനിച്ചിരുന്നു, കാളിയും കാളനും. അസുഖം വന്ന് ചെറുപ്പത്തിലേ രണ്ടാളും മരിച്ചു.
ചെറിയ പ്രായത്തിലേ ഞാൻ പറഞ്ഞാൽ അനുസരിക്കില്ലായിരുന്നു. അമ്മ എന്തെങ്കിലും പറഞ്ഞാൽ ഞാൻ തിരിച്ച് നല്ലോണം പറയുന്നതുകൊണ്ട് എന്നോട് അമ്മ വലിയ ലോഹ്യത്തിനൊന്നും നിൽക്കില്ല. നമ്മുടെ കുള്ളിന്റെയടുത്ത് കൃഷിയൊന്നും ചെയ്യാതെ വലിയൊരു കുന്നുണ്ടായിരുന്നു. അവിടെ പോത്തുകളെ മേയ്ക്കാൻ കൊണ്ടുവരും. ഒരു ദിവസം പോത്തിന്റെ മുകളിൽ കയറി വീണ് എന്റെ പല്ല് പോയി. പറഞ്ഞാൽ കേൾക്കാതാവുമ്പോൾ അമ്മ നല്ല അടി വെച്ചുതരും. ഒരു ദിവസം എന്റെ കണ്ണിൽ കാന്താരിമുളക് തേച്ചു.
എത്ര വലിയ മരമായാലും ഞാൻ വലിഞ്ഞു കേറും. ഇപ്പോഴും കുരുമുളക് പറിക്കാൻ ആളെ കിട്ടിയില്ലെങ്കിൽ ഞാൻ കേറി പറിക്കും. ചെറുപ്പത്തിൽ, ഞാൻ മുടിയൊന്നും കെട്ടാറില്ലായിരുന്നു. മുഖത്തേക്ക് വീണുകിടക്കുന്ന മുടി വകഞ്ഞുപോലും മാറ്റാതെ അതിനിടയിൽ കൂടിയാണ് ഞാൻ എല്ലാവരെയും നോക്കുക. ചെറിയ അറിവായപ്പോൾ തൊട്ട് ഞാൻ അമ്മയെ സഹായിച്ചുതുടങ്ങി. ഞങ്ങൾ മക്കളെല്ലാം കൂലിപ്പണിക്കിറങ്ങിയപ്പോൾ അമ്മയെ പണിക്കുവിട്ടില്ല. അമ്മയെ ആശ്രയിച്ചു ജീവിച്ചവരാണ് ഞങ്ങൾ. അതോണ്ട് അമ്മക്ക് എന്തെങ്കിലും ചെറിയ അസുഖം വരുന്നത് ഞങ്ങൾക്ക് വിഷമമായിരുന്നു.
അമ്മ വലിയ അന്ധവിശ്വാസിയാണ്. പ്രായത്തിനനുസരിച്ച് എന്തെങ്കിലും അസുഖം വന്നാൽവേറെ എന്തോ കുഴപ്പം കൊണ്ടാണെന്ന് പറയും. നമ്മുടെ കൂട്ടത്തിൽ കർമം ചെയ്യുന്നവരുടെ അടുത്തെല്ലാം പോയി നോക്കിക്കും. ആദ്യമെല്ലാം, പെൻഷൻ പൈസയും എന്റെ കൈയിൽനിന്ന് വാങ്ങുന്ന തുകയുമെല്ലാം ഇതിനായി ചെലവഴിക്കും. അമ്മക്ക് പൈസ കൊടുത്തില്ലെങ്കിൽ എന്നെ ചീത്ത പറയും. പണ്ട് അമ്മ വേറെ ജാതിക്കാരെ വീട്ടിൽകേറ്റില്ല. അമ്മയുടെ ഈ സ്വഭാവം എനിക്കറിയുന്നതുകൊണ്ട് എന്റെ കൂടെ വീട്ടിലേക്കുവരുന്ന സഹപ്രവർത്തകരോട് എന്റെ അടിയ സമുദായത്തിലെ ഏതെങ്കിലും ചെമ്മത്തിന്റെ പേര് മുൻകൂറായി പറഞ്ഞുകൊടുക്കും. വന്നപാടെ അമ്മ ചോദിക്കും; ആരാ വന്നത്, റാവുളർ ആണോ?
അപ്പോൾ അവർ, അതേ എന്നു പറയും. ഇതുകേട്ടയുടൻ അമ്മ ചെമ്മപ്പേര് ചോദിക്കും. അപ്പോൾ ഞാൻ പറഞ്ഞുകൊടുത്ത ചെമ്മത്തിന്റെ പേര് അവർ പറയും. പണിയ സമുദായത്തിൽപെട്ട പ്രഭാകരനാണ് ആദ്യമായി എന്റെ വീട്ടിൽ വന്നത്. കൊടകിലാണ് അദ്ദേഹത്തിന്റെ വീട്. വീട്ടിലേക്ക് വരുന്ന വഴി എന്റെ ചെമ്മപ്പേര് ഞാൻ പറഞ്ഞുകൊടുത്തിരുന്നു.
ഇപ്പോൾ ആരു വന്നാലും പോയാലും അമ്മക്ക് ഒരു കുഴപ്പവുമില്ല. ആരും വരാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. എന്താ അവര് വരാത്തേ, ഇവര് വരാത്തേ എന്ന് ചോദിച്ചോണ്ടിരിക്കും. രാഷ്ട്രീയപാർട്ടിക്കാർ എന്നെപ്പറ്റി മോശമായി ഓരോ കാര്യങ്ങൾ പറഞ്ഞുകൊടുത്തിരുന്നു. അതുകൊണ്ട് എന്റെ പ്രവർത്തനങ്ങളോട് ആദ്യമെല്ലാം അമ്മക്ക് എതിർപ്പായിരുന്നു. വഴക്കു പറഞ്ഞും വിലക്കിയും അമ്മ എന്നെ എതിർത്തുകൊണ്ടിരുന്നു. പക്ഷെ അമ്മ പറയുന്നതുപോലെ ഞാൻ നിൽക്കില്ല. പറഞ്ഞുപറഞ്ഞ് അമ്മ മടുത്തു. അവസാനം എന്റെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്ന മനോഭാവത്തിലേക്ക് അമ്മയെ മാറ്റി. ഇപ്പോൾ കുഴപ്പമില്ല.
മുത്തങ്ങ സമരം കഴിഞ്ഞപ്പോൾ ഇന്റർവ്യൂ എടുക്കാനെത്തിയവരോട് അമ്മ പറഞ്ഞു: 'എന്റെ മകളെ പോലീസ് കൊല്ലുമോ എന്നെനിക്കറിയില്ല. ഞാൻ ചാവും മുൻപേ എനിക്കവളെ ഒന്നു കാണണം. ജാനുവിനെ ഞങ്ങള് സ്നേഹിക്കുന്നതുപോലെ സ്നേഹിക്കുന്ന ആൾക്കാരുമുണ്ട്. പാവങ്ങൾക്കുവേണ്ടി എന്റെ മകൾ മരിച്ചാലും എനിക്ക് സന്തോഷം തന്നെയാണ്.'
നെല്ലും ഇഞ്ചിയും കാപ്പിയും കുരുമുളകും വിറ്റുകിട്ടുന്ന വരുമാനം മുഴുവൻ ഞാൻ പൊതുപ്രവർത്തനത്തിനാണ് ചെലവഴിച്ചത്. മറ്റുള്ളവർക്കായി ചെലവാക്കുന്ന കണക്കും കാര്യവും അമ്മയോട് ഇതുവരെ പറഞ്ഞിട്ടില്ല. പറഞ്ഞിരുന്നുവെങ്കിൽ എന്നെ വീട്ടിൽ നിന്ന് പണ്ടേ ഇറക്കിവിട്ടേനേ. ഞാൻ സമരത്തിനും മീറ്റിംഗിനും പോയതിന്റെ ഫോട്ടോകളെല്ലാം സൂക്ഷിച്ചുവെച്ചിരുന്നു. ഞാൻ വീട്ടിലില്ലാത്ത സമയത്ത്, വരുന്ന ആളുകൾ ഫോട്ടോകളെല്ലാം നോക്കും. വരുന്നവർക്ക് അമ്മ ഈ ഫോട്ടോകൾ കൊടുത്തുകളയും. എനിക്ക് സമ്മാനം കിട്ടുന്ന പാത്രവും ഗ്ലാസുകളും വരുന്നവർക്കു കൊടുക്കും. ഇപ്പോഴും അമ്മ ഇങ്ങനെത്തന്നെയാണ്. ആര് വന്ന് എന്തു ചോദിച്ചാലും വീട്ടിലുള്ള സാധനമാണെങ്കിൽ അവർക്ക് കൊടുക്കും. കറിവെക്കാനുള്ള സാധനമായാലും വസ്ത്രമായാലും നമ്മുടെ ആവശ്യത്തിന് വേണ്ടതാണെന്ന ചിന്തയില്ല. വീട്ടിൽ വരുന്നവർക്ക് ഒന്നും കൊടുക്കാതെ വിടുന്നത് അമ്മക്ക് വിഷമമാണ്.
ഞാൻ വിവാഹം കഴിക്കാത്തതിൽ അമ്മക്ക് സങ്കടമായിരുന്നു. അമ്മയുടെ കാലശേഷം എനിക്ക് ആരുമുണ്ടാവില്ല, എന്നെ ആരുനോക്കും എന്നെല്ലാമാണ് ചിന്ത. ഞങ്ങളുടെ സമുദായചടങ്ങുകൾക്ക് പോകുമ്പോൾ പലരും എന്നെ കല്ല്യാണമാലോചിച്ചിരുന്നു. അപ്പോഴെല്ലാം അമ്മ എന്നെ നിർബന്ധിക്കും. പക്ഷെ അമ്മ പറയുന്നത് ഞാൻ അനുസരിക്കില്ല. ബന്ധുക്കളോടും അടുത്ത വീട്ടിലെ ലക്ഷ്മിയോടും അമ്മാളുവേച്ചീനോടും അമ്മ പറയും, ഏതു ജാതിക്കാരനായാലും കുഴപ്പമില്ല, എന്നോട് കല്യാണം കഴിക്കാൻ പറയാൻ. ഞാനൊരു കുഞ്ഞിനെ ദത്തെടുത്തപ്പോഴാണ് അമ്മയുടെ പരാതി തീർന്നത്. കുടുംബത്തിലെ ഞങ്ങളുടെ ആചാരപരിപാടിക്ക് എല്ലാത്തിനും മുടങ്ങാതെ ഇപ്പോഴും അമ്മ പോകും. കുറെ കൂട്ടുകാരുണ്ട് അമ്മക്ക്. അവരെല്ലാം കൂട്ടുകൂടി അടക്ക പെറുക്കാനും ചപ്പിനുമായിട്ടൊക്കെ നടക്കും.
അമ്മക്ക് ഇപ്പോൾ കറിയിലൊന്നും എരിവ് പാടില്ല. ഇച്ചിരി എരിവായാൽ ബഹളം വെക്കും. മുറുക്കാൻ ചവയ്ക്കുന്നത് കുറച്ചാൽ എരിവ് കൂട്ടാൻ പറ്റൂന്ന് ഞാൻ പറയും. ആദ്യമൊക്കെ ഞാൻ അമ്മക്ക് മുറുക്കാൻ വാങ്ങിക്കൊണ്ടുകൊടുക്കുമായിരുന്നു. ഇപ്പോൾ അതെല്ലാം കുറച്ചു. വല്ലപ്പോഴും മാത്രം വാങ്ങിക്കൊടുക്കും. പെൻഷൻ കിട്ടുന്ന പൈസക്ക് അതൊക്കെ അമ്മ നോക്കികൊള്ളും. മരണത്തെ ഭയങ്കര പേടിയാണ് അമ്മക്ക്. എന്റെ വീട് കുറച്ചുദൂരെയായതിനാൽ ഇവിടെ ബന്ധുക്കൾക്ക് വേഗമെത്താൻ പറ്റില്ല. അതുകൊണ്ട് അനിയത്തിയുടെ മകൻ താമസിക്കുന്ന നിട്ടമാനിയിലെ തറവാട്ടുവീട്ടിൽ പോയി താമസിക്കണം. അവിടെയാകുമ്പോൾ എല്ലാവർക്കും വേഗമെത്താൻ പറ്റുമെന്ന് അമ്മ ഇടക്കിടക്ക് പറയും. ഇപ്പോൾ അമ്മ നിട്ടമാനിയിലെ തറവാട്ടുവീട്ടിലാണ് അധികവും താമസിക്കുന്നത്. ഇടക്കുമാത്രം എന്റെ വീട്ടിലേക്കുവരും.
അടിമമക്ക ആത്മകഥയിൽ നിന്ന്