മൊബൈലിൽ നിസാം റാവുത്തറിന്റെ പേര് തെളിയുമ്പോൾ ഞാൻ വേവലാതിയിലകപ്പെടും. എൻഡോസൾഫാനുമായി ബന്ധപ്പെട്ട പുതിയ ദുഃഖ കഥകൾ എപ്പോഴും പറയാനുണ്ടാകും നിസാമിന്. കൂടുതൽ രോഗബാധിതരുള്ള ബെള്ളൂരിലും ബദിയടുക്കയിലും ഹെൽത്ത് ഇൻസ്പെക്ടറായി ജോലിചെയ്യുമ്പോഴാണ് കൂടുതൽ വിളികൾ വന്നത്. നിസാം എപ്പോഴും പറയും, മാഷേ എൻമകജെക്കാൾ, ചീമേനിയേക്കാൾ, പെരിയയിലേതിനേക്കാൾ പ്രത്യേകിച്ച് തീരെ വയ്യാത്തവരുടെ കുഞ്ഞുങ്ങൾ കൂടുതൽ ബെള്ളൂരിലും ബദിയടുക്കയിലുമാണ്.
ഹെൽത്ത് ഇൻസ്പെക്ടറായി യാന്ത്രികമായി ജോലി ചെയ്യുകയായിരുന്നില്ല അദ്ദേഹം. ഒരു ഉദ്യോഗസ്ഥൻ കാസർകോട്ടെത്തിയാൽ എത്രയും പെട്ടെന്ന് സ്ഥലംമാറ്റിവാങ്ങി എങ്ങനെ തിരിച്ചുപോകാം എന്നാണ് ആലോചിക്കുക. എന്നാൽ നിസാം ഒന്നരപ്പതിറ്റാണ്ടുകാലം അങ്ങനെ ചിന്തിച്ചതേയില്ല. നിസ്വ ജനതയുടെ ഇല്ലായ്മകളും വല്ലായ്മകളും ആ മനസ്സിനെ വല്ലാതെ മഥിച്ചു. എൻഡോസൾഫാൻ വിഷമഴയിൽ ദുരിതമനുഭവിക്കുന്നവരുടെ തീരാവേദയുടെ കഥകൾ മാധ്യമങ്ങളേയും ഞങ്ങൾ സമരസമിതി നേതാക്കളേയും നിരന്തരം അറിയിച്ചുകൊണ്ടിരുന്നു. സർവീസ് ചട്ടവട്ടങ്ങൾക്കിടയിൽ അസ്വാതന്ത്ര്യത്തിന്റെ മേലങ്കി സ്വയം എടുത്തണിഞ്ഞില്ല. ധീരമായി എത്രയോവട്ടം ഞങ്ങൾ സമരമുഖത്ത് കൂടിക്കണ്ടിരുന്നു.
ആ വേദനയുടെ പാരമ്യത്തിൽ നിന്നാണ് ‘പെരുഴയ്ക്കുശേഷം’ എന്ന ഡോക്യുമെന്ററി നിസാം സംവിധാനം ചെയ്തത്. ആരേയും കണ്ണീരണിയിക്കുംവിധം എൻഡോസൾഫാൻ ദുരിതബാധിതരുടെ കദനങ്ങൾ ഇതിൽ ദൃശ്യപ്പെടുത്തിയിരുന്നു. സ്റ്റേറ്റ് ഹോം കൺവൻഷനിലടക്കം ഈ സിനിമ പ്രദർശിപ്പിച്ചു. ഡോ. ബിജു സംവിധാനം ചെയ്ത ‘വലിയ ചിറകുള്ള പക്ഷികൾ’ എന്ന സിനിമ സംഭവിച്ചതിനുപിന്നിലെ കാരണക്കാരൻ നിസ്സാമായിരുന്നു. ശീലാബതിയുടെ വീട്ടിലേക്ക് ബിജുവിനെ കൂട്ടിക്കൊണ്ടുപോയത് നിസാമായിരുന്നു.
ശീലാബതി മരണപ്പെട്ടതിന്റെ നാലാംനാൾ അവളുടെ വീട്ടുമുറ്റത്ത് ഒരു അനുശോചന സമ്മേളനം ചേർന്നു. അന്ന് പ്രസംഗിക്കുന്നതിനുപകരം വന്നുകൂടിയവരെല്ലാം വിങ്ങിപ്പൊട്ടുകയോ പൊട്ടിക്കരയുകയോ ആയിരുന്നു. അത്ര വികാരനിർഭരമായി ഒരു അനുശേചന സമ്മേളനം ഞാൻ വേറെ കണ്ടിട്ടില്ല, കാണാനുമിടയില്ല. ആ സമ്മേളനം സംഘടിപ്പിച്ചത് നിസാം ആയിരുന്നു. ശീലാബതിയുടെ ശവകുടീരത്തിൽ അന്ന് ബിജുവിനേയും എന്നേയും കൊണ്ട് ഞാവൽ മരത്തിന്റെ തൈ നടീപ്പിച്ചതും നിസാമായിരുന്നു. ആ ദിവസം തകർന്ന കപ്പലിലെ കപ്പിത്താനെപോലെ നിസാം വല്ലാതെ തളർന്നിരുന്നു.
ബെള്ളൂരിലെ പ്രജിത എന്ന കുട്ടിയുടെ നേരാംവണ്ണം ചികിത്സ കിട്ടാതെയുള്ള ദാരുണമരണം എന്നെ അറിയിച്ചതും നിസാമായിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ആംബുലൻസിന് പിന്നാലെ ബെള്ളൂരു വരെ ആ കുഞ്ഞുശരീരത്തിന് പിന്നാലെ ഞാനും പോയി. അവിടെയും തകർന്ന കപ്പലിന്റെ കപ്പിത്താനെപ്പോലെ ഓടിനടക്കുന്ന നിസാമിനെ കണ്ടു. ഇങ്ങനെ എത്രയെത്ര ദിവസങ്ങൾ. ലേഖനങ്ങൾ തയ്യാറാക്കുമ്പോൾ പലപ്പോഴും നിസാം പുതിയ വിവരങ്ങൾ തരുമായിരുന്നു. പുതിയ സ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുമായിരുന്നു.
36 ദിവസമായി അമ്മമാരുടെ നേതൃത്വത്തിൽ നടക്കുന്ന എൻഡോസൾഫാൻ വിരുദ്ധ സമരത്തിന്റെ പന്തലിൽ, ഇന്നലെ ആകസ്മികമായി വിടപറഞ്ഞ പ്രിയപ്പെട്ടവന് ആദരാഞ്ജലികൾ അർപ്പിക്കാൻ ഇന്ന് എല്ലാവരും ഒത്തുകൂടി. പങ്കെടുത്തവരെല്ലാം എൻഡോസൾഫാൻ രംഗത്ത് നിസാം ചെയ്ത സേവനങ്ങളെ അനുസ്മരിച്ചു. രണ്ടു മാസം മുമ്പ് ‘സ്നേഹവീടി‘ന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന വിവരം അറിയിച്ച് ക്ഷണിച്ചപ്പോൾ നിസാം സമരനേതാവ് മുനീസയോട് പറഞ്ഞുവത്രെ: ചെറിയ തിരക്കിലാണ്, രണ്ടുമാസം കഴിഞ്ഞാൽ ഞാൻ ഫ്രീയാകും.
ദുരിതബാധിതരോടു മാത്രമല്ല അശരണ വിഭാഗങ്ങളോടെല്ലാം നിസാം ഒപ്പം നിന്നു. അങ്ങനെയാണ് കൊറഗ ജാതിയെക്കുറിച്ചും മറ്റും ഡോക്യുമെന്ററികൾ ചെയ്തത്. ഏതാനും വർഷംമുമ്പ് ജന്മിത്തത്തിനെതിരെ പൊസളിഗെ എന്ന ഗ്രാമത്തിൽ വലിയ സമരം നടന്നു. പട്ടികജാതിക്കാരായ മനുഷ്യരുടെ കോളനിയിലേക്കുള്ള വഴികൾ ജന്മികൾ കൊട്ടിയടച്ചിരുന്നു. ദശകങ്ങളായി ആ സമ്പ്രദായം നിലനിൽക്കുകയായിരുന്നു. രോഗബാധിതരെ ചുമലിൽ കെട്ടിത്തൂക്കി നടക്കേണ്ടിവന്നു ആ മനുഷ്യർക്ക്. ഇക്കാര്യം മനസ്സിലാക്കിയ നിസാം ഫേസ്‌ബുക്കിൽ എഴുതിയ ഒരു കുറിപ്പിൽ നിന്നാണ് ‘പൊസളിഗെ’ സമരത്തീ ആരംഭിച്ചതും പിന്നെ വിജയിച്ചതും പാവപ്പെട്ട മനുഷ്യർക്ക് വഴി തുറന്നുകിട്ടയതും.
കഥകളും നോവലുകളും എഴുതുന്ന രണ്ടാളുകൾ തമ്മിലുള്ള അടുപ്പമായിരുന്നു, തുടക്കത്തിൽ ഞങ്ങൾ തമ്മിൽ. വൈകാതെ അത് എൻഡോസൾഫാൻ വിഷയമായി. അപ്പോഴും സിനിമയോടുള്ള അഭിനിവേശം വിടാതെ കൊണ്ടുനടന്നു. പല സിനിമകൾക്കും തിരക്കഥയെഴുതി. നാളെ റിലീസാവുന്ന സിനിമയുടെ തിരക്കഥ നിസാമിന്റേതാണ്. ‘ഒരു ഭാരത സർക്കാർ ഉല്പന്നം’ എന്ന ആ സിനിമ നിസാമിന്റെ വലിയ സ്വപ്നമായിരുന്നു. (‘ബന്തടുക്കയിലെ കൊലപാതകങ്ങൾ’ എന്നൊരു സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാനുള്ള ഒരുക്കത്തിലുമായിരുന്നു) കാഞ്ഞങ്ങാട് വന്ന് ആ സിനിമയുടെ ആദ്യ ഷോ കാണണെന്ന് ഗോകുലാനന്ദൻ എന്ന സുഹൃത്തിനോട് പറഞ്ഞുവത്രെ. ഇന്ന് സമരപ്പന്തലിൽ ഗോകുലാനന്ദൻ പറഞ്ഞതുകൊണ്ട് നാളെ ആ സിനിമ റിലാസാവും, പക്ഷെ നിസാം തിരശ്ശീലയുടെ പിന്നിലേക്ക് മറഞ്ഞ് പോയിരിക്കുന്നു.
ഹൃദയം വല്ലാതെ വേദനിക്കുന്നു.