പരീക്ഷ ​വേണ്ട, അത് വിദ്യാർഥികളിലും അധ്യാപകരിലും ഭയമുണ്ടാക്കുന്നു;
എം. കുഞ്ഞാമൻ പറഞ്ഞത്…

കോഴിക്കോട് ഡോ. ബി. ആർ. അംബേദ്‌കർ സ്മാരക ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2019, 2020 വർഷങ്ങളിൽ നടന്ന സെമിനാറുകളുമായി ബന്ധപ്പെട്ട് എം. കുഞ്ഞാമനുമായി നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിൽ, ഉന്നത വിദ്യാകേന്ദ്രങ്ങളുടെ ഉള്ളടക്കത്തെയും പ്രവർത്തനത്തെയും കുറിച്ച് ഒരു വിചാരം.

സാമ്പത്തികശാസ്ത്ര വിദഗ്ധനും സാമൂഹ്യ വിമർശകനും ദലിത്- ആദിവാസി ചിന്തകനുമായ പ്രൊഫ. എം കുഞ്ഞാമനുമായി 2006-ൽ കാര്യവട്ടം കാമ്പസിൽ എന്റെ എം. ഫിൽ ഗൈഡായ കാലം മുതൽ 2023 നവംബർ അവസാനം വരെ നേരിട്ടും അല്ലാതെയും ആശയവിനിമയം നടത്താനായിട്ടുണ്ട്.

കോഴിക്കോട് ബാലുശ്ശേരി ഡോ. ബി. ആർ. അംബേദ്‌കർ സ്മാരക ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ അധ്യാപകനായിരുന്ന കാലത്ത്, പ്രശസ്ത സോഷ്യോളജിസ്റ്റായ വെർജിനിയസ് കാക്ക ഉൾപ്പെടെയുള്ള പ്രശസ്തർ പങ്കെടുത്ത അക്കാദമിക പരിപാടികളിൽ എം. കുഞ്ഞാമനുമായി നടത്തിയ സംഭാഷണങ്ങളിൽനിന്ന്, ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെക്കുറിച്ചും പുതുതലമുറയിലെ വിദ്യാർത്ഥികളെക്കുറിച്ചും ഒരു കലാലയം എങ്ങനെയാണ് ഒരു സർവകലാശാലയുടെ ധൈഷണിക നിലവാരത്തിലേക്ക് വളരുന്നത് എന്നതിനെക്കുറിച്ചെല്ലാം, അദ്ദേഹം പങ്കുവച്ച ആശങ്കകളും സാധ്യതകളും സന്നിവേശിപ്പിച്ചുകൊണ്ടുള്ള ചില ആലോചനകളാണ് പങ്കുവെക്കുന്നത്.

മാറ്റിനിർത്തപ്പെടുന്നവർ

ഇന്ത്യ ഒരു ക്ഷേമരാഷ്ട്രമാണ്. സാമ്പത്തിക സമത്വം, തുല്യമായ ജീവിതനിലവാരം, എല്ലാവർക്കും വിദ്യാഭ്യാസം, പാർപ്പിടം, ഭക്ഷണം, ആരോഗ്യ സംരക്ഷണം, പെൻഷനുകൾ, തൊഴിലില്ലായ്മാ ഇൻഷുറൻസ്, വാർദ്ധക്യസഹജമായ പരിചരണം എന്നിവയുടെ ബാധ്യത നിർവഹിക്കുകയാണ് ക്ഷേമരാഷ്ട്ര സങ്കല്പത്തിലൂടെ. എന്നാൽ ഇത്തരം സങ്കല്പങ്ങൾ വർത്തമാനകാലത്ത് യാഥാർഥ്യമാകുന്നുണ്ടോ എന്ന് വിശകലനം ചെയ്യേണ്ടതായിട്ടുണ്ട്. രാഷ്ട്രത്തിന്റെ വളർച്ച, മൊത്ത ആഭ്യന്തര ഉത്പന്നത്തിൽ മാത്രം കണക്കാക്കുമ്പോൾ ക്ഷേമ രാഷ്ട്ര സങ്കൽപ്പങ്ങൾ പലപ്പോഴും നിർവഹിക്കപ്പെടാതെ പോകുന്നുണ്ട്. അത്തരം വളർച്ചകൾ സമത്വമെന്ന ആശയത്തെ എത്രമാത്രം ഉൾക്കൊള്ളുന്നുവെന്നും സാമൂഹ്യമായ ഉൾപ്പെടുത്തൽ എത്രമാത്രം നിർവഹിക്കപ്പെട്ടിട്ടുണ്ടെന്നും അത്തരം വളർച്ചയിൽനിന്ന് ആരൊക്കെയാണ് മാറ്റിനിർത്തപ്പെട്ടിരിക്കുന്നത് എന്നും ആരാണ് വളർച്ചയുടെ സിംഹഭാഗവും കയ്യാളുന്നത് എന്നുമുള്ള ഒരുപാടു ചോദ്യങ്ങൾ ഒരു രാഷ്ട്രത്തിന്റെ വളർച്ചയിലും പുരോഗതിയിലും ഇപ്പോഴും ബാക്കിനിൽക്കുന്നു. ഇത്തരം ഓരോ ചോദ്യങ്ങളും പഠനവിധേയമാക്കി അധികാരികൾക്ക് സമർപ്പിക്കാനും അത്തരം പ്രശ്നങ്ങൾ പരിഹരിക്കാനും സർക്കാർ തലത്തിൽ നിയോഗിക്കപ്പെടുന്ന ഏജൻസികളുണ്ട്. എന്നാൽ അത്തരം കാര്യങ്ങളിലൊന്നും വലിയ മാറ്റങ്ങളുണ്ടായില്ല എന്നാണ് വർത്തമാനകാല സാഹചര്യങ്ങൾ നമ്മെ പഠിപ്പിക്കുന്നത്.

കോഴിക്കോട് ഡോ. ബി. ആർ. അംബേദ്‌കർ സ്മാരക ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2020 ഫെബ്രുവരി 28,29 തീയതികളിൽ ‘ജൻഡർ ആന്റ് ഡൊമസ്റ്റിക് വയലൻസ്: പ്രോബ്ലംസ് ആന്റ് പ്രോസ്​പെക്ട്സ് ഓഫ് എംപവറിങ് ട്രൈബൽ വിമൺ ഇൻ സൗത്ത് ഇന്ത്യ’ എന്ന വിഷയത്തിൽ നടന്ന സെമിനാർ.
കോഴിക്കോട് ഡോ. ബി. ആർ. അംബേദ്‌കർ സ്മാരക ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2020 ഫെബ്രുവരി 28,29 തീയതികളിൽ ‘ജൻഡർ ആന്റ് ഡൊമസ്റ്റിക് വയലൻസ്: പ്രോബ്ലംസ് ആന്റ് പ്രോസ്​പെക്ട്സ് ഓഫ് എംപവറിങ് ട്രൈബൽ വിമൺ ഇൻ സൗത്ത് ഇന്ത്യ’ എന്ന വിഷയത്തിൽ നടന്ന സെമിനാർ.

സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും വികസനം സുസ്ഥിരമാകേണ്ടതുണ്ടെന്നാണ് നമ്മെ വർത്തമാനകാല ലോകസാഹചര്യം ഓർമപ്പെടുത്തുന്നത്. സുസ്ഥിരമാകുമ്പോൾ അത് സാമൂഹ്യ ഉൾപ്പെടുത്തലോടു കൂടിയതും സർവരെയും പരിഗണിക്കുന്നതുമായിരിക്കും. അതിനുതകും വിധത്തിലുള്ള വികസന ചിന്തകൾ കൂടുതൽ ശക്തിപ്രാപിക്കേണ്ടതുണ്ട്. അത്തരം ധൈഷണികമായ ചിന്തകൾ നിരന്തരം ഭരണസിരാകേന്ദ്രങ്ങളെയും ഭരിക്കുന്നവരെയും ഭരിക്കപ്പെടുന്നവരെയും നയരൂപീകരണ സംഘങ്ങളെയും നിരന്തരം ഓർമപ്പെടുത്തി, സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും വളർച്ചക്കും വികസനത്തിനും കരുതലോടെയും ജാഗ്രതയോടും കൂടി നിരീക്ഷിക്കുകയും റിപ്പോർട്ട് ചെയ്യപ്പെടേണ്ടതുമുണ്ട്.

ക്ഷേമരാഷ്ട്രം:
വിദ്യാഭ്യാസത്തിന്റെ ധർമം

സ്വകാര്യവൽക്കരണ ദർശനങ്ങളും ഉല്പന്നാധിഷ്ഠിത ബോധനരീതികളും വിദ്യാഭ്യാസത്തിന്റെ വിവരസാങ്കേതികവൽക്കരണവും ക്ഷേമരാഷ്ട്ര സങ്കൽപ്പങ്ങളിൽ വിദ്യാഭ്യാസത്തിന്റെ സ്വാധീനത്തിനേൽപ്പിച്ച പരിവർത്തനങ്ങൾ ചെറുതൊന്നുമല്ല. അത്തരമൊരു ആഗോളസങ്കല്പം വിദ്യാഭ്യാസ വിചക്ഷണരുടെയും അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചിന്തയിലും പ്രവർത്തനത്തിലും കാര്യമായ മാറ്റം സൃഷ്ടിച്ചിരിക്കുന്നു. അത്തരമൊരു വിദ്യാഭ്യാസ വ്യവസ്ഥയിൽ വിദ്യാഭ്യാസ പ്രവർത്തകരും വിദ്യാർത്ഥികളും രക്ഷാകർത്താക്കളും വ്യക്തിയിലധിഷ്ഠിതമായ കേവല വൃത്തത്തിലേക്ക് ചുരുങ്ങുന്നതായും കാണാം.

വിദ്യാഭ്യാസം ഓരോ വ്യക്തിയിലും സമൂഹത്തിലും രാഷ്ട്രനിർമാണത്തിലും വളരെ വലിയ പങ്കുവഹിക്കുന്ന പ്രക്രിയയാണ്. എന്നാൽ വർത്തമാനലോകത്ത് പലപ്പോഴും വിദ്യാഭ്യാസം നേടുന്നവർ- ഉന്നത വിദ്യാഭ്യാസമായാലും സ്കൂൾ വിദ്യാഭ്യാസമായാലും - സാമൂഹ്യ ഉത്തരവാദിത്തങ്ങളിൽനിന്ന് പിന്നാക്കം പോകുന്നതായി കാണാം. വിദ്യാഭ്യാസ കേന്ദ്രങ്ങൾ - പ്രത്യേകിച്ച്, ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങൾ- വ്യക്തികളുടെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും സർവ്വതോൻമുഖമായ സുസ്ഥിര മാറ്റത്തിനുള്ള ക്രിയാത്മകമായ ചർച്ചകൾ നടക്കേണ്ട സിരാകേന്ദ്രങ്ങളായി മാറേണ്ടതുണ്ട്. യുവാക്കളാണ് നാളെയുടെ പൗരർ. അവരുടെ മനസ്സിൽ വളരുന്ന വികസന രാഷ്ട്ര സങ്കൽപ്പങ്ങൾക്ക് വലിയ പരിവർത്തനങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. വികസനത്തെക്കുറിച്ച് യുവാക്കളുടെ മനസ്സിൽ രൂപീകരിക്കപ്പെടുന്ന ചിന്തകൾ ബാഹ്യശക്തികളുടെ സ്വാധീനത്തിൽനിന്ന് സ്വാതന്ത്രമായിരിക്കും.

എം. കുഞ്ഞാമനും ഡോ. എം. സുകുമാരനും
എം. കുഞ്ഞാമനും ഡോ. എം. സുകുമാരനും

ഒരു കലാലയം സർവ്വകലാശാലയാകുന്നു

സർവകലാശാലാതലത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും നേതൃത്വം നല്കേണ്ട തരത്തിലുള്ളതും സാമൂഹ്യ പ്രതിബദ്ധവുമായ അക്കാദമിക പ്രവർത്തനങ്ങളാണ് കോഴിക്കോട് കിനാലൂരിലെ സർക്കാർ കലാലയമായ ഡോ. ബി.ആർ. അംബേദ്‌കർ മെമ്മോറിയൽ ഗവ. കോളേജിൽ ഓരോ വർഷവും സംഘടിപ്പിക്കുന്നത്. 2019-20ൽ നടന്ന രണ്ടു ദേശീയ സെമിനാറുകളും ഒരു മെമ്മോറിയൽ ലക്ച്ചർ സീരീസും, എങ്ങനെയാണ് ഈ കലാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ഒരു സർവകലാശാലയുടെ അക്കാദമിക തലത്തിലേക്ക് ധൈഷണികമായി ഉയരുന്നത് എന്നതിനെക്കുറിച്ചും അതിനുവേണ്ടിയുള്ള മാതൃകാപരമായ പ്രവർത്തനങ്ങളെക്കുറിച്ചും വിലപ്പെട്ട ബോധ്യങ്ങൾ പകർന്നു.

12 വർഷത്തെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്ക് കൂടുതൽ ഉന്നതമായ അറിവ് നേടാനും ഇത് അംഗീകരിക്കാനുള്ള ബിരുദം നേടാനും കഴിയുന്ന ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്ഥലമാണ് കലാലയം എന്നാണ് കേംബ്രിഡ്ജ് ലേണേഴ്‌സ് ഡിക്ഷണറി ‘കലാലയം’ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ ജീവിതത്തിനും തൊഴിലിനും വിദ്യാഭ്യാസം നേടുന്നതിനും ബിരുദം നൽകുന്നതിനും വേണ്ടി സൃഷ്ടിച്ച വലിയതും വൈവിധ്യമാർന്നതുമായ ഉന്നത പഠന സ്ഥാപനമാണ് സർവ്വകലാശാലകൾ.
പഠനകേന്ദ്രങ്ങളെ കലാലയങ്ങളെന്നും സർവകലാശാലകൾ എന്നുമൊക്കെ വിളിക്കുന്നത് കേവലം ഒരു സംജ്ഞയായല്ല. മറിച്ച്, അവിടുത്തെ ഡിപ്പാർട്ടുമെന്റുകളുടെയോ പഠനവിഷയങ്ങളുടെയോ വൈവിധ്യം കൊണ്ടോ ഉന്നതമായ പഠനനിലവാരം പുലർത്തുന്ന വിദ്യാത്ഥികൾ പഠിക്കുന്നതുകൊണ്ടോ ഉയർന്ന ധൈഷണിക ചിന്തകൾ രൂപപ്പെടുന്ന കേന്ദ്രമാകയാലോ, സാമൂഹ്യപ്രശ്നങ്ങളെ ആഴത്തിലുള്ള വിശകലനങ്ങൾക്ക് വിധേയമാക്കി ഗവേഷകരുടെ സാമൂഹികമായ ഉത്തരവാദിത്തം നിറവേറ്റുന്നതിലൂടെയോ ആണ്.

കോഴിക്കോട് ഡോ. ബി. ആർ. അംബേദ്‌കർ സ്മാരക ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും ഒപ്പം എം. കുഞ്ഞാമൻ
കോഴിക്കോട് ഡോ. ബി. ആർ. അംബേദ്‌കർ സ്മാരക ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും ഒപ്പം എം. കുഞ്ഞാമൻ

ഇന്ത്യയിലെ പ്രീമിയർ സർവ്വകലാശാലകളിലെല്ലാം ഇത്യാദി പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെയും അക്കാദമിക മേഖലയുടെയും പ്രഥമ കരുതലുകളിൽപ്പെടുന്നതായി കാണാം. അക്കാദമികമായ ഇത്തരം മികവുകൾക്കും അതിനുള്ള ചിന്തകൾക്കും അവയുടെ പങ്കുവെക്കലുകൾക്കും സാമൂഹ്യചിന്തയുടെ ഒരു വലിയ മാനമുണ്ടാക്കാൻ കഴിയുന്നുണ്ട്. അതിന്റെ ഫലമായാണ് ഇത്തരം പഠനകേന്ദ്രങ്ങളിൽ സാമൂഹ്യ അസമത്വങ്ങൾക്കെതിരെയും രാഷ്ട്രീയ ഏകാധിപത്യ സ്വരങ്ങൾക്കെതിരെയും രാഷ്ട്ര അപനിർമാണത്തിനെതിരെയുമൊക്കെ പ്രതിഷേധസ്വരങ്ങൾ സമരങ്ങളിലൂടെയും അക്കാദമിക രചനയിലൂടെയും ഉയർന്നുവരുന്നത്.

‘‘എം. കുഞ്ഞാമന്റെ ക്ലാസുകൾ വളരെ പ്രയാസമാണ്, വളരെ കഠിനമായ ഭാഷയാണ്, അത്യന്തം സൈദ്ധാന്തികവുമാണ്’’ എന്നു പറഞ്ഞ് തുൽജാപുർ കാമ്പസ് ഡയറക്ടർക്ക് ഒരു വിദ്യാർഥി കത്തയച്ചു. ഞാൻ ഇവിടെ ജോലി ചെയ്യുന്നത്, വിദ്യാർത്ഥികൾക്കറിയുന്നത് പഠിപ്പിക്കാനല്ല, മറിച്ച് എനിക്കറിയുന്ന കാര്യങ്ങൾ പഠിപ്പിക്കാനാണ് എന്നായിരുന്നു കാമ്പസ് ഡയറക്ടർക്ക് കുഞ്ഞാമൻ നൽകിയ മറുപടി.

സർവ്വകലാശാലകളിലെ ഓരോ ഇടങ്ങളും നാളെയുടെ ആലോചനകൾക്കുള്ള ഇരിപ്പിടമായാണ് അനുഭവഭേദ്യമാകുന്നത്. സർവകലാശാലയിലെ പഠന- ഗവേഷണ കേന്ദ്രങ്ങളിൽ ചർച്ചകൾക്ക് വിഷയമാകുന്നത് സുസ്ഥിര മാറ്റങ്ങൾക്കുള്ള അജണ്ടകളാണ്. രാഷ്ട്രീയവും പ്രണയവും സമരങ്ങളുമൊക്കെ പലപ്പോഴും അത്തരം വലിയ ചിന്തകളെ സാർത്ഥകമാക്കിയിട്ടുണ്ട്. ഈ പഠനകേന്ദ്രങ്ങളിൽ, ഉയർന്ന മാർക്ക് നേടുകയെന്ന ലക്ഷ്യം, വിദ്യാർഥികളുടെ നിരവധിയായ സാമൂഹ്യ- രാഷ്ട്രീയ- വിദ്യാഭ്യാസ ചിന്തകളിൽ ഒന്നുമാത്രമാണ്. അധ്യാപകർ ഒരു വിഷയം പഠിപ്പിച്ച്, കൃത്യമായ നോട്ടുകൾ കൊടുത്ത് വിദ്യാർത്ഥിയെ തന്റെ അറിവുകൾ അടിച്ചേൽപ്പിക്കാനുള്ള ഒരു മർദിത സമൂഹമായി കാണുന്നതിനുപകരം അവരെ അക്കാദമിക വായനയിലേക്കും നിരീക്ഷണങ്ങളിലേക്കും ആലോചനകളിലേക്കും വഴിതെളിക്കുകയാണ് ചെയ്യുന്നത്. അവിടെ അധ്യാപകർ വിദ്യാർത്ഥികളെ അധ്യാപകരുടെ നിലവാരത്തിലേക്ക് ചിന്തിപ്പിക്കാനും പ്രവർത്തിപ്പിക്കാനും പ്രേരിപ്പിക്കുന്നു. അതുകൊണ്ടുതന്നെ സർവ്വകലാശാലയിലെത്തുന്ന വിദ്യാർത്ഥികൾ അധ്യാപകർ, പഠിപ്പിക്കാത്ത അധ്യാപകരാണെന്ന വിമർശനം ഉന്നയിക്കാറില്ല. അവിടെ വിദ്യാർത്ഥികൾ അധ്യാപകരുടെ അക്കാദമിക പ്രവർത്തനങ്ങളെ നിരീക്ഷിക്കുകയാണ് ചെയ്യുന്നത്.

മഹാരാഷ്ട്രയിലെ തുൽജാപുർ കാമ്പസിൽ പ്രൊഫസറും അക്കാദമിക് കൗൺസിൽ അംഗവുമൊക്കെയായിരുന്ന പ്രൊഫ. എം. കുഞ്ഞാമൻ ഞങ്ങളുടെ കാമ്പസിൽ നടത്തിയ രണ്ടാമത്തെ ദേശീയ സെമിനാറിൽ പങ്കെടുത്ത് പങ്കുവെച്ച ഒരനുഭവം ഇതായിരുന്നു: കാമ്പസ് ഡയറക്ടർക്ക് ഒരു ഊമക്കത്ത് വന്നു. കുഞ്ഞാമന്റെ ക്ലാസുകൾ വളരെ പ്രയാസമാണ്, വളരെ കഠിനമായ ഭാഷയാണ്, അത്യന്തം സൈദ്ധാന്തികവുമാണ് എന്നാണ് അതിലുണ്ടായിരുന്നത്. ഉടനെ ഡയറക്ടർ എന്നെ വിളിപ്പിക്കുകയും വിശദീകരണം തേടുകയും ചെയ്തു. ഞാൻ കൊടുത്ത മറുപടിയിതാണ്: നിങ്ങൾക്ക് എനിക്കെതിരെ നടപടി സ്വീകരിക്കാം. പക്ഷെ ഞാൻ ഇവിടെ ജോലി ചെയ്യുന്നത്, വിദ്യാർത്ഥികൾക്കറിയുന്നത് പഠിപ്പിക്കാനല്ല, മറിച്ച് എനിക്കറിയുന്ന കാര്യങ്ങൾ പഠിപ്പിക്കാനാണ്. അവർക്കറിയുന്ന കാര്യങ്ങൾ പഠിപ്പിക്കണമെങ്കിൽ ഇത്ര വലിയ സ്ഥാപനത്തിൽ അവർ വരേണ്ടതില്ലല്ലോ? മാത്രമല്ല ഇത്തരം സ്ഥാപനങ്ങൾ അവരുടെ അറിവുകൾ അവരിലൊതുക്കാനല്ല ശ്രമിക്കേണ്ടത്, അവർ അദ്ധ്യാപകരുടെ നിലവാരത്തിലേക്ക് അവരുടെ അക്കാദമിക പ്രവർത്തനങ്ങളും ധൈഷണിക ചിന്തകളും ഉയർത്തുകയാണ് വേണ്ടത്.
ആ കത്തെഴുതിയ വിദ്യാർഥിയെ എനിക്ക് മനസ്സിലായി. പിന്നീടൊരിക്കൽ ഞാൻ അയാളെ കാബിനിൽ വിളിച്ചുവരുത്തി സംസാരിച്ചു. ‘സർ, ആ മെസ്സേജ് എനിക്ക് മനസ്സിലായി’ എന്ന് ആ വിദ്യാർഥി പറഞ്ഞു. അപ്പോഴേക്കും, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള പഠനകേന്ദ്രങ്ങളുടെ വിജ്ഞാനസാധ്യതകളും അവിടെനിന്ന് പ്രതീക്ഷിക്കേണ്ട വൈജ്ഞാനികവിഭവങ്ങളും അവിടത്തെ അധ്യാപകർ എന്താണ് നോട്ടമിടുന്നതെന്നുമൊക്കെ ആ വിദ്യാർഥി മനസ്സിലാക്കിയിരുന്നു.

കോഴിക്കോട് ഡോ. ബി. ആർ. അംബേദ്‌കർ സ്മാരക ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2019 ഡിസംബർ 13,14,15 തിയതികളിൽ ‘ഹയർ എഡ്യുക്കേഷൻ ഇൻ ഇന്ത്യ ഇൻ ദ നിയോ ലിബറൽ പോളിസി റജിം: കൺസേൺസ് ആന്റ് ഓപ്പോർച്ചുണിറ്റീസ്’ എന്ന വിഷയത്തിൽ നടന്ന സെമിനാർ.
കോഴിക്കോട് ഡോ. ബി. ആർ. അംബേദ്‌കർ സ്മാരക ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2019 ഡിസംബർ 13,14,15 തിയതികളിൽ ‘ഹയർ എഡ്യുക്കേഷൻ ഇൻ ഇന്ത്യ ഇൻ ദ നിയോ ലിബറൽ പോളിസി റജിം: കൺസേൺസ് ആന്റ് ഓപ്പോർച്ചുണിറ്റീസ്’ എന്ന വിഷയത്തിൽ നടന്ന സെമിനാർ.

പൊതുവെ വിദ്യാർത്ഥികളും രക്ഷകർത്താക്കളും പരീക്ഷയിൽ മാർക്ക് നേടുക, തൊഴിൽ നേടുക എന്നതിനപ്പുറം വിദ്യാഭ്യാസത്തിന്റെ ധാർമികവും സാമൂഹ്യവുമായ ഉത്തരവാദിത്തത്തെക്കുറിച്ച് ഉത്കണ്ഠയുള്ളവരാകുന്നില്ല എന്നതാണ് യാഥാർഥ്യം. ജീവിതസാഹചര്യങ്ങളോ സാമൂഹ്യ ചുറ്റുപാടുകളോ ഒക്കെ ഇത്തരത്തിൽ വിദ്യാഭ്യാസത്തെ വ്യക്തികേന്ദ്രീകൃതമാക്കുന്നുണ്ട്. ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങൾ, പ്രത്യേകിച്ച് സർവകലാശാലാ വിദ്യാഭ്യാസമാണ്, ഉയർന്ന ചിന്തകളുടെയും അക്കാദമിക പ്രവർത്തങ്ങളുടേയുമൊക്കെ സിരാകേന്ദ്രമാകുന്നത്. അതിന്റെ സാധ്യതകളെ പരമാവധി ചൂഷണം ചെയ്തും ആരോഗ്യകരമായ വ്യക്തിബന്ധം അധ്യാപകരോടും അക്കാദമിഷ്യരോടും സർവോപരി സമൂഹത്തോടും പുലർത്തിക്കൊണ്ടും മാത്രമേ ഒരു വിദ്യാർഥിക്ക് സുസ്ഥിരമായ സാമൂഹ്യവികസനത്തിലും രാഷ്ട്രനിർമാണ പ്രക്രിയകളിലും പങ്കാളികളാകാനാകൂ.

ഉന്നത വിദ്യാകേന്ദ്രങ്ങൾ എന്താവണം എന്നതിനെക്കുറിച്ച് സെമിനാറുകളിലും അതുമായി ബന്ധപ്പെട്ട് നടത്തിയ ആശയവിനിമയങ്ങളിലും എം. കുഞ്ഞാമൻ പങ്കുവച്ച നിരീക്ഷണങ്ങളെ ഇങ്ങനെ ക്രോഡീകരിക്കാം (എം. കുഞ്ഞാമൻ പ​ങ്കെടുത്ത രണ്ട് സെമിനാറുകളാണ് കോഴിക്കോട് ഡോ. ബി. ആർ. അംബേദ്‌കർ സ്മാരക ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്നത്. 2019 ഡിസംബർ 13,14,15 തിയതികളിൽ ‘ഹയർ എഡ്യുക്കേഷൻ ഇൻ ഇന്ത്യ ഇൻ ദ നിയോ ലിബറൽ പോളിസി റജിം: കൺസേൺസ് ആന്റ് ഓപ്പോർച്ചുണിറ്റീസ്’ എന്ന വിഷയത്തിലായിരുന്നു ഒരു സെമിനാർ. 2020 ഫെബ്രുവരി 28,29 തീയതികളിൽ ‘ജൻഡർ ആന്റ് ഡൊമസ്റ്റിക് വയലൻസ്: പ്രോബ്ലംസ് ആന്റ് പ്രോസ്​പെക്ട്സ് ഓഫ് എംപവറിങ് ട്രൈബൽ വിമൺ ഇൻ സൗത്ത് ഇന്ത്യ’ എന്ന വിഷയത്തിലായിരുന്നു സെമിനാർ.):

‘‘അധികാരികളൊക്കെ സ്ഥാപനത്തെ വിലയിരുത്തുന്നത് പരീക്ഷ കൃത്യമായി നടത്തുന്നുണ്ടോ എന്നു നോക്കിയാണ്. പരീക്ഷ നടത്തും, ഫലം പ്രസിദ്ധീകരിക്കും. പക്ഷെ, പരീക്ഷയെ വിദ്യാഭ്യാസവുമായി ബന്ധപ്പെടുത്തി കാണരുത്.’’

വിദ്യാർഥികളും അധ്യാപകരും:
രണ്ടു ദിവസങ്ങളിലായി ഈ കലാലയത്തിൽനിന്ന് ലഭിച്ച അനുഭവങ്ങൾ വളരെ പ്രതീക്ഷ നൽകുന്നതാണ്. നമ്മുടെ മക്കൾ സമൂഹത്തെ ശരിയായ രീതിയിൽ നോക്കിക്കാണുന്നു, സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുന്നു എന്നാണ് കുട്ടികൾ അവതരിപ്പിച്ച പ്രബന്ധങ്ങളിൽ നിന്നും ചർച്ചകളിൽനിന്നും പ്രതികരണങ്ങളിൽനിന്നും മനസ്സിലാകുന്നത്. അവരെ നല്ല രീതിയിൽ മുൻപോട്ടു കൊണ്ടുപോകണം. പതിനെട്ടും പത്തൊൻപതും വയസ്സുള്ള കുട്ടികളാണിവർ. നമ്മളൊക്കെ പേപ്പർ അവതരിപ്പിക്കും, പുസ്തകം വായിക്കും, വലിയ സെമിനാറുകളിലൊക്കെ പങ്കെടുക്കും- ഇതെല്ലാം പലയിടത്തും എഴുതിയ അനുഭവങ്ങളുടെ വെളിച്ചത്തിലാണ്. ഇവിടെ കുട്ടികൾ രണ്ടു ദിവസങ്ങളിലായി സംസാരിക്കുന്നത് വളരെ നൈസർഗികമായ (organic) രീതിയിലാണ്. പല കുട്ടികളോടും അവരുടെ പേപ്പർ അവതരണത്തിനുശേഷം ഞാൻ സംസാരിച്ചു. ചിലരൊക്കെ വളരെ പിന്നാക്കാവസ്ഥയിൽ നിന്നു വന്നവരാണ്. അവരൊക്കെ വിദ്യാഭ്യാസത്തെ ജീവിതവുമായി ബന്ധപ്പെടുത്തിയാണ് കാണുന്നത്. വിദ്യാഭ്യാസത്തെ അതിന്റെ യാഥാർത്ഥ അർത്ഥത്തിൽ തന്നെ അവർ സ്വാംശീകരിച്ചിട്ടുണ്ട്. ഇതിൽ രണ്ടു കാര്യങ്ങളുണ്ട്: നല്ല വിദ്യാർത്ഥികൾ നല്ല അധ്യാപകരുള്ള സ്ഥാപനത്തിലേ പോകുകയുള്ളൂ. കഷ്ടപ്പെട്ട് പഠിപ്പിക്കുന്ന അധ്യാപകർ എല്ലായിടത്തും കാണും, പക്ഷെ ഒരു മോട്ടിവേഷനായി പ്രവർത്തിക്കാൻ കഴിയുന്നവരാകണം അദ്ധ്യാപകർ. അതാണവിടെ ആവശ്യം. ചിന്തിക്കുന്നവർക്കേ ചിന്തിപ്പിക്കാനാകൂ.

പരീക്ഷ ആവശ്യമില്ല:
സാധാരണ കുട്ടികൾ പരീക്ഷക്കുവേണ്ടിയാണ് പഠിക്കുക. പരീക്ഷയെ വിദ്യാഭ്യാസവുമായി ബന്ധപ്പെടുത്തി കാണരുത്. ശരിക്കും പരീക്ഷ ആവശ്യമില്ല. കാരണം, പരീക്ഷ അധ്യാപകരിലും വിദ്യാർഥികളിലും ഭയം സൃഷ്ടിക്കുന്നുണ്ട്. കാരണം, അധികാരികളൊക്കെ സ്ഥാപനത്തെ വിലയിരുത്തുന്നത് പരീക്ഷ കൃത്യമായി നടത്തുന്നുണ്ടോ എന്നു നോക്കിയാണ്. പരീക്ഷ നടത്തും, ഫലം പ്രസിദ്ധീകരിക്കും. പക്ഷെ, പരീക്ഷയെ വിദ്യാഭ്യാസവുമായി ബന്ധപ്പെടുത്തി കാണരുത്. കാരണം, ജോലിക്കുപോകുമ്പോൾ ഉദ്യോഗാർത്ഥികൾ അതാത് ഏജൻസികളുടെ ടെസ്റ്റ് എഴുതണം, ഇന്റർവ്യൂ അറ്റൻഡ് ചെയ്യണം. അവരുടെ വിലയിരുത്തലിൽ വിജയിച്ചാൽ മാത്രമേ ജോലി കിട്ടൂ. യു.പി.എസ്.സിയാണെങ്കിലും പി.എസ്.സിയാണെങ്കിലും കമ്പനികളാണെങ്കിലും അദ്ധ്യാപകർ നടത്തിയ വിലയിരുത്തലല്ല പ്രധാനമായും നോക്കുന്നത്. ചില കമ്പനികൾക്കങ്ങനെ ചില പ്രാക്റ്റീസുണ്ട്. ആ രീതിയൊക്കെ മാറി. ഒരു വിദ്യാർത്ഥി വിദ്യാഭ്യാസത്തിനുള്ള കോഴ്സ് പൂർത്തിയാക്കണം. അതുകഴിഞ്ഞ് പുറത്തു പോയാൽ ഒരു ജോലി കണ്ടെത്തുകയെന്നത് അയാളുടെ ഉത്തരവാദിത്തമാണ്. വിദ്യാർത്ഥികളുടെ കഴിവുകളെ സപ്പോർട്ട് ചെയ്യാൻ അവരെ മോട്ടിവേറ്റ് ചെയ്യുകയാണ് വേണ്ടത്.

വായിക്കുക, ചിന്തിക്കുക, എഴുതാനുള്ള കഴിവുണ്ടാക്കുക- ഇതൊക്കെയാണ് വേണ്ടത്. പരീക്ഷയ്ക്കുവേണ്ടി മാത്രം പഠിക്കുന്ന കുട്ടികളല്ല വിജ്ഞാനത്തിനുവേണ്ടി പഠിക്കുന്ന കുട്ടികളാണ് ഉണ്ടാവേണ്ടത്.
ഇവിടെ കുട്ടികൾ പറഞ്ഞ അഭിപ്രായങ്ങൾ കേട്ട് വലിയ സന്തോഷം തോന്നി. ഇവിടുത്തെ കുട്ടികൾ വളരെ പ്രോമിസിങ്ങാണ്, അവർ ചിന്തിക്കുന്നു. ഇതിന് വലിയ പ്രാധാന്യമുണ്ട്. സാമൂഹ്യപ്രശ്നങ്ങളെ ഒരു ഇന്റർ ഡിസ്‌സിപ്ലിനറി തലത്തിലേക്ക് കൊണ്ടുവരാൻ സയൻസ്- ഹ്യൂമാനിറ്റീസ് വിഷയങ്ങളിലെ അധ്യാപക- വിദ്യാർത്ഥി പ്രാതിനിധ്യത്തിലൂടെ സാധിച്ചു എന്നതാണ് വലിയ വൈവിധ്യമായി തോന്നുന്നത്.

വിദ്യാഭ്യാസവും സ്വാതന്ത്ര്യവും:
നമ്മുടെ കുട്ടികൾ സ്വാതന്ത്ര്യത്തെക്കുറിച്ച് പറഞ്ഞു. ചിന്തകൾക്ക് വ്യക്തിസ്വാതന്ത്ര്യം വേണം, വ്യക്തിസ്വാതന്ത്ര്യത്തിൽ നിന്നാണ് സ്വതന്ത്ര ചിന്ത ഉണ്ടാകുന്നത്. സ്വതന്ത്രമായി ചിന്തിക്കുന്നവർക്കേ സക്രിയമായി എന്തെങ്കിലും സംഭാവന ചെയ്യാനാകൂ. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വ്യത്യസ്തമായിരിക്കണം. സമൂഹത്തിലും മറ്റും പ്രശ്നമുണ്ടാകുമ്പോൾ ജനം കാമ്പസിലേക്ക് നോക്കണം. അങ്ങനെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വ്യത്യസ്തമാകുന്നത്. വിദ്യാഭ്യാസരംഗത്തുള്ളവർക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റില്ല. എന്നാൽ അവർക്ക്, അതിനുള്ള നിർദേശങ്ങൾ മുന്നോട്ടുവെക്കാം. സ്വതന്ത്ര ചിന്തക്ക് വളക്കൂറുള്ള അന്തരീക്ഷമാണ് കാമ്പസുകളിൽ ഉണ്ടാക്കിയെടുക്കേണ്ടത്. കുട്ടികൾക്ക് ഇവിടെ വന്ന് ചർച്ചകളിലേർപ്പെടാം, സംവാദം നടത്താം, വായനകളിലേർപ്പെടാം ഇതൊക്കെ കാമ്പസുകളിൽ നടക്കേണ്ടതാണ്.

വേണം, കാമ്പസ് രാഷ്ട്രീയം:
കലാലയ രാഷ്ട്രീയ ചിന്തകൾ ഒരുപരിധിവരെ മുഖ്യധാരാ രാഷ്ട്രീയ ദർശനങ്ങളിൽനിന്ന് സ്വാതന്ത്ര ചിന്ത ഉല്പാദിപ്പിക്കേണ്ടതുണ്ട്. ഓരോ വിദ്യാർത്ഥിക്കുമുള്ള സ്വതന്ത്ര രാഷ്ട്രീയ ചിന്തകൾ ഉൾക്കൊള്ളുന്ന മുഖ്യധാരാ രാഷ്ട്രീയ ആശയങ്ങളെ സന്നിവേശിപ്പിച്ച ഒരു പൊതുചിന്ത വളർത്തിയെടുക്കാൻ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ ഉപയോക്താക്കൾ പൊതുവിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അത്തരത്തിൽ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും രാഷ്ട്രം ക്ഷേമരാഷ്ട്രമെന്ന നിലയിൽ നേരിടുന്ന വെല്ലുവിളികളും അക്കാദമികമായ വിഭിന്ന പരിപാടികളിലൂടെയും ധൈഷണിക ചർച്ചയിലൂടെയും ഫീൽഡ് സ്റ്റഡികളിലൂടെയും വ്യക്തമായ രീതിശാസ്ത്രങ്ങൾ അവലംബിച്ചും ഗൗരവത്തോടെ അന്വേഷണം നടത്തിയും പൊതുസമൂഹത്തിനു മുന്നിലും അധികാരപ്പെട്ടവരുടെ ശ്രദ്ധയിലും കൊണ്ടുവരേണ്ടതുണ്ട്.

കാമ്പസുകളിൽ വിദ്യാർത്ഥി രാഷ്ട്രീയം വേണം. പക്ഷെ, രക്തച്ചൊരിച്ചിലാവരുത്. വൈജ്ഞാനിക രാഷ്ട്രീയമായിരിക്കണം. ധൈഷണിക ചിന്ത വേണം. മുഖ്യധാരാ രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന തരത്തിൽ, ദിശാബോധം നല്കാൻ കഴിവുള്ള രാഷ്ട്രീയ പ്രവർത്തനം കാമ്പസിൽ നടക്കണം. ചെറുപ്പത്തിൽ ചെയ്യുന്ന കാര്യങ്ങൾക്ക് ആർജ്ജവവും ഊർജവുമുണ്ടാകും. ഇത്തരം ലക്ഷ്യങ്ങൾ ഫലവത്തായി കൈവരിക്കുന്നതിന് വിദ്യാർത്ഥി രാഷ്ട്രീയത്തിന് സാധിക്കണം. കുട്ടികളിൽ ഇത്തരം കാര്യങ്ങളിൽ ആവേശമുണ്ടാക്കണം. അത് ശ്രദ്ധിക്കുന്നതിലും നില നിർത്തുന്നതിലും കലാലയങ്ങളും അധ്യാപകരും ജാഗ്രതയോടെ നിൽക്കണം.

ഇനിയെങ്ങനെ മുന്നോട്ടുപോകണം?

ഇനിയിപ്പോൾ എങ്ങനെ മുന്നോട്ടുപോകും? അതാണിവിടെ ചർച്ച ചെയ്യുന്നത്. ഇതൊരു ചെറിയ കാമ്പസാണ്; എന്നാൽ കാമ്പസിന്റെ വലിപ്പ- ചെറുപ്പത്തിലല്ല ആശയങ്ങൾ വരുന്നത്. അവർക്ക് വായിക്കാനും എഴുതാനും ആശയസംവാദം നടത്താനും പറ്റണം. അതിൽ രക്ഷകർത്താക്കളും കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. സാമൂഹ്യ പുരോഗതിക്കുള്ള ഉത്പ്രേരകമായി (catalyst) കാമ്പസുകൾ പ്രവർത്തിക്കേണ്ടതുണ്ട്. കോളേജ് കാമ്പസ് ആകുമ്പോൾ, അതൊരു seat of learning ആകണം. not study, study is terminal, learning is lifelong. വിദ്യാർത്ഥികൾ അദ്ധ്യാപകരെയും മറ്റു വിദ്യാർത്ഥികളെയും നോക്കിക്കാണണം. അവർ എന്ത് ആശയങ്ങളാണ് ഉൽപ്പാദിപ്പിക്കുന്നത്, അവരുടെ പ്രവത്തനങ്ങൾ എന്തൊക്കെ എന്നിവ നിരീക്ഷിക്കണം.

അധികാരം മനുഷ്യനെ തളച്ചിടാനുള്ളതാണ്. ഭരണഘടനയുടെ 14-ാം വകുപ്പ് അവസര സമത്വം വിഭാവനം ചെയ്യുന്നു. rule of law എന്നത് ആളുകളെ കൺട്രോൾ ചെയ്യാനുള്ളതല്ല. സ്വതന്ത്ര ചിന്തയെ എളുപ്പമാക്കാനുള്ള അവസരം കൊടുക്കലാണ്. അല്ലാതെ ഭയപ്പടുത്തി ആളുകളെ നിയന്ത്രിക്കലല്ല. എന്റെ കാഴ്ചപ്പാടിൽ കാമ്പസിന്റെ വലിപ്പം നോക്കിയല്ല ഇത് തീരുമാനിക്കുന്നത്, കാമ്പസിന്റെ ധൈഷണിക കാഴ്ച്ചപ്പാട്, ചിന്ത എന്നിവയുടെ വ്യാപ്തിയിലാണ്.

ആശയപരമായി ഈ കലാലയത്തെ സർവകലാശാലയുടെ നിലവാരത്തിലേക്ക് ഉയർത്താൻ പറ്റും. അതിന് വലിയ സാമ്പത്തിക സ്ഥിതിയൊന്നും ആവശ്യമില്ല. ആ തരത്തിലേക്കുയർന്നു പ്രവർത്തിക്കുന്നതിന് അധ്യാപകരും വിദ്യാർത്ഥികളും സമൂഹത്തിലേക്കിറങ്ങണം, സമൂഹത്തിൽനിന്ന് പഠിക്കണം, സമൂഹം തിരിച്ചും.

ക്യാമ്പസിൽ സമാധാനപരമായ അന്തരീക്ഷമാണ് വേണ്ടത്. അക്രമം ഒന്നിനും പരിഹാരമല്ല. അക്രമ രാഷ്ട്രീയങ്ങളിൽനിന്ന് കുട്ടികളെ പിന്തിരിപ്പിക്കേണ്ടതുണ്ട്. സമാധാനപരമായ അന്തരീക്ഷത്തിലേ ക്രിയാത്മക ചിന്തയും ആശയ രൂപീകരണങ്ങളും നടക്കുകയുള്ളൂ. അതുകൊണ്ടുതന്നെ രക്ഷകർത്താക്കളും കാമ്പസിലെ സമാധാനാന്തരീക്ഷത്തെക്കുറിച്ച് ജാഗ്രതയുള്ളവരാകണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഓട്ടോണോമി ഇന്ന് പ്രധാന ചർച്ചാവിഷയമാണ്. എന്നാൽ, അറിയപ്പെടുന്ന സ്ഥാപനങ്ങളിലൊക്കെ അധ്യാപർക്കാണ് ഓട്ടോണോമി, സ്ഥാപനത്തിനല്ല. ഒരധ്യാപകരെ അവിടെ ശിക്ഷിക്കാൻ സാധ്യമല്ല. അവിടെ അദ്ധ്യാപകർ സിലബസുണ്ടാക്കുന്നു, പഠിപ്പിക്കുന്നു, മൂല്യനിർണയം നടത്തുന്നു. അദ്ധ്യാപകരുടെ തീരുമാനത്തെ അവിടെ അധികാരികൾ ചോദ്യം ചെയ്യുന്നില്ല.

സി. രാധാകൃഷ്ണനും ജവഹർലാൽ നെഹ്രുവുമൊക്കെ പറഞ്ഞിട്ടുണ്ട്, there is nobody above the teachers. വിശ്വാസത്തിലൂടെ അധ്യാപകരുമായി ബന്ധമുണ്ടാക്കണം. അധ്യാപകരിൽ ചിലരൊക്കെ സങ്കുചിത മനോഭാവമുള്ളവരാണ്, ജാതിയമായും മതപരമായുമൊക്കെ. അത്തരം മനോഭാവങ്ങൾ നല്ലതല്ല. അധ്യാപകരും മാനസികമായി ഉയരേണ്ടതുണ്ട്. നിത്യം പഠിച്ചുകൊണ്ടിരിക്കുന്നവരായിരിക്കണം അധ്യാപകർ. Process of learning rather than studying that is the way by which credibility is build. പരസ്പര വിശ്വാസ്യത വിദ്യാഭ്യാസത്തിലും വളരെ പ്രധാനപ്പെട്ടതാണ്.

ഈ കാമ്പസിൽ അതിനുള്ള സാധ്യതകളുണ്ട്. നല്ല സ്കോളർസിനെ പുറത്തേക്കയക്കാൻ പറ്റുന്നത്ര റിസോഴ്സ് ഈ കാമ്പസിലുണ്ട്. ഈ സെമിനാറിൽ വിദ്യാർഥികളും അധ്യാപകരും പരസ്പരം നടത്തിയ ഇടപെടലുകൾ അത്തരമൊരു അനുകൂലാന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. അവർ സമൂഹത്തെ മനസ്സിലാക്കാൻ ശ്രമിക്കുന്നു. അധ്യാപകർക്കും വിദ്യാർത്ഥിക്കും സമൂഹത്തെ മനസ്സിലാക്കേണ്ട ഉത്തരവാദിത്തമുണ്ട്. കാരണം നമ്മുടെ രാജ്യത്തെ പൗരരുടെ നികുതിപ്പണമുപയോഗിച്ചാണ് വിദ്യാർത്ഥികളുടെ പഠനചെലവ് കണ്ടെത്തുന്നത്, അധ്യാപകർക്ക് ശമ്പളം നൽകുന്നത്. അതുകൊണ്ടുതന്നെ നമ്മൾ സമൂഹത്തിന് ഉപയോഗമുള്ളവരായിരിക്കണം. അത് സമൂഹത്തിനുവേണ്ടി എഴുതാനും, ചോദിക്കാനും പ്രവർത്തിക്കാനുള്ള അവകാശത്തിലൂടെയായിരിക്കണം.

സമൂഹത്തെ ഒബ്ജക്റ്റീവായി കാണാൻ പറ്റണം. അത്തരത്തിലുള്ള മൂല്യബോധങ്ങൾ കുട്ടികളിൽ വളർത്തുന്നതിൽ ഈ കാമ്പസ് വിജയിച്ചിട്ടുണ്ട്. ഈ കാമ്പസ് വളരെ പ്രോമിസ്സിങ്ങാണ്. നല്ലൊരു seat of power, seat of knowledge, knowledge is power. വിജ്ഞാനം പവർ എന്ന രീതിയിൽ സക്രിയമായി ഉപയോഗിക്കാനുള്ള അന്തരീക്ഷം ഇവിടെയുണ്ട്. സ്വപ്നം കാണുന്നവരെയാണ് അധ്യാപകൻ ശ്രദ്ധിക്കേണ്ടത്, അവരിൽ വളർത്തേണ്ടത് romance for knowledge ആണ്. അതിനുള്ള അവസരങ്ങൾ തീർച്ചയായും ഈ കാമ്പസിലുണ്ട്.

Comments