1987 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ നിന്ന് ജയിച്ച് നിയമസഭയിലെത്തിയ സഖാവ് സി.പി. കുഞ്ഞുവിനെക്കണ്ടപ്പോൾ മുസ്ലിംലീഗ് നേതാവ് സീതി ഹാജി ചോദിച്ചത്, ‘കാലിച്ചാക്ക് അസംബ്ലിയിലുമെത്തിയോ’ എന്നായിരുന്നു. സി.പി. കുഞ്ഞുവിന്റെ സാന്നിധ്യം ലീഗ് നേതാവിനെ പ്രകോപിതനാക്കാൻ കാരണം, ശരിഅത്ത് വിവാദ കാലത്തെ അദ്ദേഹത്തിന്റെ പ്രസംഗങ്ങളായിരുന്നു.
കോഴിക്കോട് ജില്ലയിൽ മാത്രമല്ല മലബാറിലുടനീളം അദ്ദേഹം ഷാബാനു കേസിലെ സ്ത്രീവിരുദ്ധതയെയും അതിനെ മറികടക്കാൻ രാജീവ് ഗാന്ധി സർക്കാർ സ്വീകരിച്ച വർഗീയ പ്രീണന സമീപനത്തെയും തുറന്നുകാട്ടി പ്രസംഗിച്ചു. വേദികളിൽനിന്ന് വേദികളിലേക്ക് ചെന്ന് അദ്ദേഹം സമ്പന്ന പുരുഷാധിപത്യത്തെ മതത്തിന്റെയും ശരീഅത്തിന്റെ പേരിൽ സംരക്ഷിക്കുന്ന മുസ്ലിം ലീഗ് നിലപാടിനെ ശക്തമായി വിമർശിച്ചു.
മതവർഗീയ വികാരം ഇളക്കിവിട്ട്, ഷബാനുകേസിൽ സി.പി.ഐ- എം എടുത്ത നിലപാടിനെ പറ്റി തെറ്റിധാരണ പരത്താനും മുസ്ലിം മതവിശ്വാസികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുമുള്ള ലീഗിന്റെ നീക്കങ്ങളെ പ്രതിരോധിച്ച കുഞ്ഞിനോടുള്ള എതിർപ്പും പരിഹാസവുമായിരുന്നു കാലിച്ചാക്ക് ഇവിടെയുമെത്തിയോ എന്ന പ്രതികരണത്തിലൂടെ പുറത്തുവന്നത്. അക്കാലത്ത് ലീഗിന് തലവേദന സൃഷ്ടിച്ച സി.പി. കുഞ്ഞുവിനെ ലീഗ് നേതാക്കാൾ കാലിച്ചാക്ക് എന്നുവിളിച്ച് പരിഹസിക്കുന്നത് പതിവായിരുന്നു. അതിനുപിറകിൽ തീർത്തും അസംഘടിതരും ഒരവകാശങ്ങളും ഇല്ലാത്ത ഒരു തൊഴിലാളി വിഭാഗത്തിന്റെ സംഘാടനത്തിന്റെയും അവകാശപോരാട്ടത്തിന്റെയും ചരിത്രമാണ് ഒളിഞ്ഞു കിടന്നിരുന്നത്.
കോഴിക്കോട് വലിയങ്ങാടിയിൽ നിന്ന് പഴയ ചാക്കുകൾ ശേഖരിച്ച് തുന്നി ശരിയാക്കി മാർക്കറ്റിലെത്തിച്ചു കൊടുക്കുന്ന നിരവധി ഏജൻസികൾ വലിയങ്ങാടിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. വളരെ ദയനീയമായിരുന്നു ഇവിടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ അവസ്ഥ. ഒരു സേവന വേതന വ്യവസ്ഥയുമില്ലാതിരുന്ന ഇത്തരം സ്ഥാപനങ്ങളിൽ പണിയെടുക്കുന്നവർക്ക് ഭക്ഷണത്തിനുള്ള പണം പോലും കൂലിയായി കിട്ടിയിരുന്നില്ല. അവരെ സംഘടിപ്പിക്കുകയും അവകാശബോധമുള്ളവരാക്കുകയും ചെയ്ത സി.പി. കുഞ്ഞുവിനെ വലിയങ്ങാടിയിലെ കച്ചവട മുതലാളിമാരും പ്രമാണികളായ ലീഗ് നേതാക്കളും കാലിച്ചാക്ക് എന്നും വിളിച്ചു പരിഹസിക്കാറുണ്ടായിരുന്നു.
ഏറ്റവും ദുർബലരായ ചാക്ക് തൊഴിലാളികൾക്കിടയിലും മത്സ്യത്തൊഴിലാളികൾക്കിടയിലും പ്രവർത്തിച്ചാണ് സി.പി. കുഞ്ഞ് കമ്യൂണിസ്റ്റ് പാർട്ടി ലീഡറായി വളർന്നത്. കോഴിക്കോട് സെന്റർ മാർക്കറ്റിലെ തൊഴിലാളി പ്രവർത്തനങ്ങളിലൂടെയാണ് അദ്ദേഹം പാർട്ടി അംഗത്വത്തിലേക്ക് വരുന്നത്. പിന്നീട് മത്സ്യത്തൊഴിലാളി യൂണിയൻ താലൂക്ക്- ജില്ല പ്രസിഡന്റായി പ്രവർത്തിച്ചു. സി.പി.ഐ- എമ്മിന്റെ സൗത്ത് ലോക്കൽ സെക്രട്ടറിയായും അവിഭക്ത ടൗൺ എ.സി അംഗമായും ജില്ലാ സെക്രട്ടറിയേറ്റംഗമായും പ്രവർത്തിച്ചിട്ടുണ്ട്. വഖഫ് ബോർഡ് അംഗമായും കോർപറേഷൻ കൗൺസിലറായും അദ്ദേഹം ചുമതലകൾ നിർവഹിച്ചു.
പാർട്ടി വേദികളിൽ നിറഞ്ഞുനിന്ന പ്രചാരകനും പ്രസംഗകനമെന്ന നിലയിലാണ് സി. പി. കുഞ്ഞു ശ്രദ്ധേയനായത്. ദൈനംദിന രാഷ്ടീയപ്രശ്‌നങ്ങൾ മലബാറിശൈലിയിൽ അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ സി.പി. ഐ- എം അണികളിലും മുസ്ലിം ജനവിഭാഗങ്ങൾക്കിടയിലും വലിയ താല്പര്യവും സ്വാധീനവും ചെലുത്തിയിരുന്നു. എം.വി. രാഘവന്റെ ബദൽരേഖ, ശരീഅത്ത് വിവാദം തുടങ്ങിയ കാലങ്ങളിൽ പാർട്ടി നിലപാടുകൾ സാധാരണ ജനങ്ങളിലേക്ക് ലളിതമായ ഭാഷയിലും ശൈലിയിലും പകർന്നുനൽകാൻ സി.പി. കുഞ്ഞുവിന്റെ പ്രസംഗങ്ങൾ പ്രധാന പങ്ക് വഹിച്ചിരുന്നു.