അടിയന്തരാവസ്ഥാ കാലത്ത്
കേരളം മുഴുവൻ ഒപ്പം സഞ്ചരിച്ച
എന്റെ സഖാവ് ജയചന്ദ്രൻ...

ഇടതുപക്ഷ പ്രവർത്തകനും കവിയും എഴുത്തുകാരനുമായിരുന്ന അന്തരിച്ച യു. ജയചന്ദ്രനെ ഓർക്കുകയാണ് സി.പി.എം ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി. എസ്.എഫ്.ഐ കാലത്ത് ഇരുവരും സഹപ്രവർത്തകരായിരുന്ന കാലത്തെ അനുഭവങ്ങളും ദക്ഷിണാഫ്രിക്കൻ സന്ദർശനത്തിലെ ഓർമ്മകളും പങ്കുവെക്കുന്നു.

‘സഖാവ് യു. ജയചന്ദ്രൻ’ എന്നു മാത്രമേ എനിക്ക് എൻെറ പ്രിയ സുഹൃത്തിനെ ഓർക്കാൻ സാധിക്കുകയുള്ളൂ. ഒരുമിച്ച് എസ്.എഫ്.ഐയിൽ പ്രവർത്തിച്ചവർ. അടിയന്തരാവസ്ഥ അറബിക്കടലിൽ എന്ന മുദ്രാവാക്യമുയർത്തി ക്യാമ്പസുകളിൽ ഒരുമിച്ച് പ്രവർത്തിച്ച നാളുകളും ഓർമയുണ്ട്.

അടിയന്തരാവസ്ഥ ഇന്ത്യൻ ജനതയുടെ ധീരവും ചരിത്രപ്രസിദ്ധവുമായ ഇടപെടലിലൂടെ അവസാനിപ്പിക്കപ്പെട്ട നാളുകളിൽ കേരളത്തിൽ വിദ്യാർത്ഥി യുവജനരംഗത്ത് അക്കാലത്ത് നടന്ന അതിക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ഒരു കേരളപര്യടനം നടക്കുകയുണ്ടായി. ആ നാളുകളിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സഖാവ് കോടിയേരി ബാലകൃഷ്ണനും പ്രസിഡൻറ് ഞാനുമായിരുന്നു. സംസ്ഥാന പ്രസിഡൻറിൻെറ നേതൃത്വത്തിൽ കേരളപര്യടനം നടത്താനാണ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. കോടിയേരി സംഘടനാപരമായി ആ യാത്ര വിജയിപ്പിക്കുവാനുള്ള ചുമതല ഏറ്റെടുക്കുകയും ചെയ്തു.

അങ്ങനെ എസ്.എഫ്.ഐയുടെ ആഭിമുഖ്യത്തിൽ കാസർഗോഡ് നിന്നാരംഭിച്ച് എല്ലാ ജില്ലകളിലെയും പ്രധാന വിദ്യാഭ്യാസകേന്ദ്രങ്ങളിലും എത്തി യുവാക്കൾക്ക് അടിയന്തരാവസ്ഥാ കാലത്തെ അനുഭവങ്ങൾ പറയാൻ അവസരം കൊടുത്തുകൊണ്ട് നടന്ന ആ പര്യടനത്തിൽ ആദ്യാവസാനം എന്നോടൊപ്പമുണ്ടായിരുന്നത് ജയചന്ദ്രനായിരുന്നു. അദ്ദേഹം വളരെ മനോഹരമായി കവിത ചൊല്ലുകയും പാട്ട് പാടുകയും ചെയ്യുമായിരുന്നു. എല്ലാ സംഗമസ്ഥലങ്ങളിലും ഞങ്ങൾ ഒരുമിച്ച് പാടിയ ഒരു പാട്ടുണ്ട്: ‘We shall overcome’ എന്ന പ്രശസ്തമായ മനുഷ്യാവകാശ ഗാനം. അടിയന്തരാവസ്ഥയുടെ ഇരുൾ നീങ്ങിക്കഴിഞ്ഞേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ‘നാം അതിജീവിക്കും’ എന്ന ആ ഗാനം വിദ്യാർത്ഥി സംഗമങ്ങളിൽ പാടുന്നതിന് വലിയ പ്രാധാന്യമുണ്ടായിരുന്നു.

ആ യാത്രക്കിടയിൽ ജയചന്ദ്രൻെറ പാലക്കാടിനടുത്തുള്ള കുടുംബവീട്ടിൽ ഞങ്ങൾ കുറേ മണിക്കൂറുകൾ ചെലവഴിക്കുകയുണ്ടായി. ആ കുടുംബവീടിനോട് ചേർന്ന് ഒരു വലിയ കുളമുണ്ട്. കണ്ടാൽ ആ തെളിനീരിൽ ഒന്നിറങ്ങി കുളിക്കാൻ തോന്നും. ഞങ്ങൾ രണ്ടുപേരും ആ കുളത്തിൽ കുളിച്ചതും മറ്റും ഈ വേർപാടിൻെറ നിമിഷത്തിലും എൻെറ മനസ്സിലേക്ക് കടന്നുവരുന്നു.

വളരെ ശാന്തശീലനായിരുന്നു യു. ജയചന്ദ്രൻ. എന്നാൽ, വളരെ ശക്തമായ രീതിയിൽ, കുറച്ചൊക്കെ പരുഷമായ ശാസിക്കുന്ന ഭാഷയിൽ ഒരു കൃതജ്ഞതാ പ്രകടനം നടത്തിയത് ഓർക്കുകയാണ്. യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ ഉദ്ഘാടന ചടങ്ങ് തിരുവനന്തപുരം സെനറ്റ് ഹാളിൽ നടക്കുകയാണ്. അവിടെ ആശംസാ പ്രാസംഗികനായി ഞാനുമുണ്ടായിരുന്നു. ഉദ്ഘാടനപ്രസംഗവും മറ്റും നടക്കുന്നതിനിടയ്ക്ക് കുറച്ച് കുട്ടികൾ ചില മൂലയ്ക്ക് മാറിനിന്ന് സംസാരിക്കുകയും ഉച്ചത്തിൽ യോഗത്തിൻെറ സുഗമമായ നടത്തിപ്പിന് അസൗകര്യമുണ്ടാക്കുന്ന തരത്തിൽ പെരുമാറുകയും ചെയ്തു. ആ അച്ചടക്കരാഹിത്യത്തെ രൂക്ഷമായി വിമർശിച്ച്, ‘‘നമ്മുടെ കോളേജിൻെറ പാരമ്പര്യം മറന്നുകൊണ്ട്, ഇവിടെ നമ്മൾ ക്ഷണിച്ചുകൊണ്ടുവന്നവർ പ്രസംഗിക്കുകയും മറ്റും ചെയ്യുമ്പോൾ, മാറിനിന്ന് സംസാരിക്കുകയും പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നത് അനുവദിച്ചുകൊടുക്കാൻ പറ്റില്ല,” എന്നു പറഞ്ഞ് പൊട്ടിത്തെറിച്ച് യു. ജയചന്ദ്രൻ സംസാരിക്കുന്ന രംഗം ഓർക്കുന്നു. സാധാരണ പൊട്ടിച്ചിരിക്കുകയും തമാശ പറയുകയും സ്നേഹിതരെ മാന്യമായ രൂപത്തിൽ പരിഹസിച്ചുമൊക്കെ ഇടപെടാറുള്ള അദ്ദേഹം പൊട്ടിത്തെറിക്കുന്ന ജയചന്ദ്രനായി മാറി.

എസ്.എഫ്.ഐയുടെ ആഭിമുഖ്യത്തിൽ കാസർഗോഡ് നിന്നാരംഭിച്ച് എല്ലാ ജില്ലകളിലെയും പ്രധാന വിദ്യാഭ്യാസകേന്ദ്രങ്ങളിലും എത്തി യുവാക്കൾക്ക് അടിയന്തരാവസ്ഥാ കാലത്തെ അനുഭവങ്ങൾ പറയാൻ അവസരം കൊടുത്തുകൊണ്ട് നടന്ന ആ പര്യടനത്തിൽ ആദ്യാവസാനം എന്നോടൊപ്പമുണ്ടായിരുന്നത് ജയചന്ദ്രനായിരുന്നു.

ജയചന്ദ്രനുമായി ബന്ധപ്പെട്ട ഓർമ്മകളെല്ലാം ഈ വേർപാടിൻെറ നിമിഷത്തിൽ പങ്കുവെക്കുന്നത് ഉചിതമല്ല എന്നറിയാം. പക്ഷേ, ദക്ഷിണാഫ്രിക്കയിൽ ഞാൻ ആദ്യമായി പോവുന്നത് ജയചന്ദ്രൻ അവിടെ അധ്യാപകനായി ജോലി ചെയ്യുന്ന നാളുകളിലാണ്. ദക്ഷിണാഫ്രിക്കയോടുള്ള സൗഹൃദമുണ്ട്. കുറേക്കാലത്തെ ഇടവേളയ്ക്ക് ശേഷം ജയചന്ദ്രനെ കാണാമല്ലോ എന്ന പ്രതീക്ഷയുമുണ്ട്. അതിനെല്ലാമപ്പുറം ആ യാത്രയിൽ എനിക്ക് മറ്റൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു. മഹാത്മാഗാന്ധിയുടെ, മഹാത്മാവ് എന്ന നിലയിലുള്ള രൂപീകരണത്തിൽ വലിയ പങ്കുവഹിച്ച ഒരു വലിയ സംഭവമാണല്ലോ, പീറ്റർമാരിസ്ബെർഗ് റെയിൽവേ സ്റ്റേഷനിൽ മഹാത്മജിയെ അപ്പാർത്തീഡിൻെറ കളങ്കപങ്കിലമായ കരങ്ങൾ ട്രെയിനിൽ നിന്ന് പിടിച്ചുതള്ളി പുറത്തേക്കിട്ട സംഭവം. ആ റെയിൽവേ സ്റ്റേഷൻ ഇന്ന് അറിയപ്പെടുന്നത് മഹാത്മാഗാന്ധിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സ്ഥലം എന്ന നിലയിലാണ്. എല്ലാതരം വിവേചനങ്ങൾക്കും അടിച്ചമർത്തലിനും എതിരായ ഒരു പോരാളിക്ക്, മഹാത്മജിയെന്ന പോരാളിക്ക് ജൻമം നൽകിയ സ്ഥലം എന്ന നിലയിലാണ്. ആ പീറ്റർമാരിസ്ബർഗ് സ്റ്റേഷൻ കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരായിരിക്കുമ്പോൾ ഗാന്ധിയുടെ മഹത്വം അംഗീകരിക്കാനാണല്ലോ ഇ.എം.എസിനെയും സുന്ദരയ്യയെയും പോലുള്ളവർ പുതിയ തലമുറയെ പഠിപ്പിച്ചിട്ടുള്ളത്.

 യു. ജയചന്ദ്രനും ജീവിതപങ്കാളി ബീന അലക്സും ദക്ഷിണാഫ്രിക്കൻ കാലത്തെ സുഹൃത്തുക്കൾക്കൊപ്പം
യു. ജയചന്ദ്രനും ജീവിതപങ്കാളി ബീന അലക്സും ദക്ഷിണാഫ്രിക്കൻ കാലത്തെ സുഹൃത്തുക്കൾക്കൊപ്പം

പീറ്റർമാരിസ്ബെർഗിൽ ഇന്ന് മഹാത്മാഗാന്ധിയുടെ പ്രതിമയൊക്കെയുണ്ട്. ജയചന്ദ്രൻെറ ആഫ്രിക്കൻ വാസകാലത്ത് അവിടം സന്ദർശിക്കാൻ ഒരു അവസരം കിട്ടി. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ പങ്കെടുത്ത് സംസാരിക്കാനുള്ള ഇന്ത്യൻ പ്രതിനിധിസംഘത്തിൻെറ ഭാഗമായി യാത്ര ചെയ്ത സന്ദർഭത്തിലാണ് മടക്കം ഡർബൻ വഴി ആവുകയും പീറ്റർമാരിസ്ബെർഗ് റെയിൽവേ സ്റ്റേഷൻ സന്ദർശിക്കാൻ സാഹചര്യമുണ്ടാവുകയും ചെയ്തത്. ഊഷ്മളമായ സ്വീകരണമായിരുന്നു ലഭിച്ചതെന്ന് പറയേണ്ടതില്ലല്ലോ. പക്ഷേ, ഒന്നരദിവസമേ ആ യാത്രയിൽ ജയചന്ദ്രനൊപ്പം ദക്ഷിണാഫ്രിക്കയിൽ ഞാനുണ്ടായിരുന്നുള്ളൂ. നാട്ടിലെ രാഷ്ട്രീയ പ്രവർത്തനത്തിൻെറ തിരക്ക് കൊണ്ട് കൂടുതൽ സമയം അവിടെ നിൽക്കണമെന്ന ജയചന്ദ്രൻെറ നിർബന്ധത്തിന് വഴങ്ങാൻ കഴിഞ്ഞില്ല.

READ: മണ്ടേല മുതൽ മൂന്ന് രാഷ്ട്രത്തലവന്മാരുടെ ഉദയാസ്തമനങ്ങൾക്കു സാക്ഷിയായ ഒരു മലയാളിയുടെ ആഫ്രിക്കൻ പ്രവാസ ജീവിതം.

ഒരു കവിയെന്ന നിലയിൽ ജയചന്ദ്രൻ എത്രമാത്രം വലിയ വാഗ്ദാനമായിരുന്നു എന്നത് അദ്ദേഹത്തിൻെറ കവിതകൾ വായിക്കാനും മനസ്സിലാക്കാനും ശ്രമിച്ചിട്ടുള്ളവർക്കെല്ലാം അറിയാവുന്ന കാര്യമാണ്. ‘സൂര്യൻെറ മാംസം’ എന്ന അദ്ദേഹത്തിൻെറ കവിത ആഫ്രിക്കയുമായി കൂടി ബന്ധപ്പെട്ടതാണ്. ആഫ്രിക്കൻ ജനതയ്ക്കിടയിൽ വർഷങ്ങളായി നിലനിൽക്കുന്ന ഒരു സങ്കൽപവും വിശ്വാസവുമാണ് ആഫ്രിക്ക സൂര്യൻെറ മാംസമാണെന്നത്. ആ സങ്കൽപം അവതരിപ്പിച്ചുകൊണ്ട് തുടങ്ങുന്ന ആ കവിത മലയാളത്തിലെ എക്കാലത്തേയും ശ്രദ്ധിക്കപ്പെടേണ്ട, ഓർമ്മിക്കപ്പെടേണ്ട കവിതയാണെന്നാണ് ഞാൻ കരുതുന്നത്.

സുരേഷ് കുറുപ്പ്, എം.എസ്. കുമാർ, രാമചന്ദ്രൻ (പിന്നിൽ), സുധീഷ്, യു. ജയചന്ദ്രൻ, എം.എ. ബേബി, പി. രവികുമാർ എന്നിവർ 'സൂര്യന്റെ മാംസം' എന്ന പുസ്​തകത്തിന്റെ പ്രകാശനവേളയിൽ
സുരേഷ് കുറുപ്പ്, എം.എസ്. കുമാർ, രാമചന്ദ്രൻ (പിന്നിൽ), സുധീഷ്, യു. ജയചന്ദ്രൻ, എം.എ. ബേബി, പി. രവികുമാർ എന്നിവർ 'സൂര്യന്റെ മാംസം' എന്ന പുസ്​തകത്തിന്റെ പ്രകാശനവേളയിൽ

എഴുപതുകളിലെ പുതിയ തലമുറ കവികളിൽ വളരെയേറെ ശ്രദ്ധിക്കപ്പെട്ട കവിയായിരുന്നു ജയചന്ദ്രൻ. എന്നാൽ, കവിതയുടെ വഴിയിലൂടെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോവാൻ അദ്ദേഹം തയ്യാറാകാതെ പോയത് മലയാളകവിതയുടെ നഷ്ടമാണ്. എഴുപതുകളിലെ മലയാളകവികളിൽ പ്രതിഭയുടെ പുതിയ മുളകൾ വളരെ ശക്തമായി തന്നെ വളർന്ന് വന്നുവെന്ന് നമുക്കറിയാം. എന്നാൽ, അന്ന് വലിയ പ്രതീക്ഷ നൽകി കാവ്യരംഗത്തേക്ക് കടന്നുവന്ന യുവകവികളിൽ ശ്രദ്ധേയനായ ജയചന്ദ്രൻ, അന്ന് തന്നോടൊപ്പം വളർന്നുവന്ന മറ്റ് യുവകവികളിൽ നിന്ന് വ്യത്യസ്തനായിരുന്ന ഒരു മേഖലയുണ്ട്. അന്നത്തെ കവികളിൽ അരാജകത്വത്തിൻെറ കുറേ അംശങ്ങൾ പ്രകടമായിരുന്നു. ജയചന്ദ്രൻ അക്കാര്യത്തിൽ അവരിൽ നിന്ന് വഴിമാറി നടക്കുകയാണ് ചെയ്തത് എന്നുള്ളത് ഓർക്കേണ്ടതാണ്. അതൊടൊപ്പം അടിയുറച്ച ഇടതുപക്ഷ വീക്ഷണം അദ്ദേഹം വാക്കിലും പ്രവൃത്തിയിലും വിടാതെ മുറുകെ പിടിച്ച് പോന്നിരുന്നു. അന്നത്തെ ഞങ്ങളുടെ സൗഹൃദവലയത്തിൽ സുരേഷ് കുറുപ്പ്, സി.പി. ജോൺ, ശിവൻകുട്ടി, തോമസ് എബ്രഹാം, തോമസ് ഐസക്ക്, നടൻ മുരളി… എന്നിങ്ങനെ ഒരുകൂട്ടം ആളുകളുണ്ടായിരുന്നു.

ജയചന്ദ്രനെ ഞാൻ അവസാനമായി കാണുന്നത് അദ്ദേഹത്തിൻെറ തിരുവനന്തപുരത്തെ വീട്ടിൽ ബെറ്റിയുമൊന്നിച്ച് കാണാൻ ചെന്നപ്പോഴാണ്. ഡയാലിസിസ് നടത്തേണ്ട തരത്തിൽ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. എന്നിട്ടും ഞങ്ങൾ കാണാൻ ചെന്നപ്പോൾ പങ്കുവെച്ച സന്തോഷം ജയചന്ദ്രൻെറ കണ്ണുകളിലെ പ്രകാശത്തിലൂടെ ഞങ്ങൾക്ക് അനുഭവപ്പെട്ടു. ഇത് പറയുമ്പോൾ എൻെറ മനസ്സിൽ, ചിരിക്കുന്ന, ആ ചിരി കണ്ണിലെ തിളക്കമായി പ്രകാശിക്കുന്ന ജയചന്ദ്രൻെറ മുഖം ഞാനോർക്കുകയാണ്. ബീനയും ജയചന്ദ്രനും അവിടെ ഒരുക്കിയ ഭക്ഷണം ഞങ്ങളെ നിർബന്ധിച്ച് കഴിപ്പിച്ചുകൊണ്ട്, പഴയകാല ഓർമ്മകൾ പങ്കിട്ട്, സന്തോഷത്തിൻെറയും കൂട്ടുകാർക്ക് പൊട്ടിച്ചിരിക്കാൻ കഴിയുന്ന അനുഭവങ്ങളുടേയും ഒക്കെ നിമിഷങ്ങളിലൂടെ ഞങ്ങൾ കടന്നുപോയി.

യു. ജയചന്ദ്രനും ജീവിതപങ്കാളി ബീന അലക്സും
യു. ജയചന്ദ്രനും ജീവിതപങ്കാളി ബീന അലക്സും

അന്ന് യു. ജയചന്ദ്രൻെറ ആത്മകഥാംശമുള്ള ഓർമ്മകൾ ട്രൂകോപ്പി തിങ്കിൽ പരമ്പരയായി വന്നുകൊണ്ടിരിക്കുകയായിരുന്നു. ട്രൂകോപ്പി തിങ്കിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ നല്ല വാക്കുകളും എനിക്ക് ഓർമ്മയുണ്ട്. ട്രൂകോപ്പി ചെയ്യുന്ന ശ്രദ്ധേയമായ ചില കാര്യങ്ങൾ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. എനിക്ക് അജ്ഞാതമായിരുന്ന ചില കാര്യങ്ങളും യു. ജയചന്ദ്രൻെറ ആത്മകഥാപരമായ ഓർമ്മക്കുറിപ്പിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥി സംഘടനാ പ്രവർത്തനകാലത്താണ് തൻെറ ജീവിതസഖിയായ സഖാവ് ബീനയെ ജയചന്ദ്രൻ കണ്ടെത്തുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും. അവർ ദക്ഷിണാഫ്രിക്കയിൽ കഴിയുമ്പോഴാണ് അപർണയെന്ന, ചിക്കുവെന്ന് വിളിക്കുന്ന മകൾ പിറക്കുന്നത്. ദക്ഷിണാഫ്രിക്ക നൽകിയ സമ്മാനമെന്നാണ് ജയചന്ദ്രൻ സ്വന്തം മകളെയോർത്ത് ഞങ്ങളോട് പറഞ്ഞത്.

ബീനയ്ക്കും ചിക്കുവിനും ജയചന്ദ്രൻെറ വേർപാട് എങ്ങനെ താങ്ങാൻ സാധിക്കുമെന്ന് എനിക്കറിയില്ല. അദ്ദേഹത്തിൻെറ സുഹൃത്തുക്കളായ ഞങ്ങൾക്ക് ഓരോരുത്തർക്കും സ്വന്തം സഹോദരനെ, സഖാവിനെ നഷ്ടപ്പെട്ട വേദനയാണുള്ളത്. ബീനയും ചിക്കുവും ഈ വേദനയെ അതിജീവിക്കാൻ കരുത്ത് നേടുമെന്ന് വിചാരിക്കുന്നു.

യു. ജയചന്ദ്രൻ എഴുതിയ ആത്മകഥാപരമായ കുറിപ്പുകൾ വീണ്ടും വായിക്കാം,കേൾക്കാം.


Summary: CPIM General Secretary M.A. Baby remembers poet and left thinker U. Jayachandran, who passed away.


എം.എ. ബേബി

സി.പി.ഐ (എം) ജനറൽ സെക്രട്ടറി. എന്റെ എസ്.എഫ്.കെ കാലം, നോം ചോംസ്കി: നൂറ്റാണ്ടിന്റെ മനസ്സാക്ഷി (എഡിറ്റർ) തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments