'“അപ്പോൾ കൊച്ചിയുടെ പിത്തം പിടിച്ച മണ്ണ്
നീരുകെട്ടിയ കാലുകൾ കവച്ചു നിന്ന്
അമറിക്കൊണ്ട്
ലോറൻസുചേട്ടനെ പെറ്റു.
പൊക്കിളിൽ നിന്ന് ചെങ്കൊടി
വലിച്ചൂരിയെടുത്തുയർത്തിപ്പിടിച്ച്
ഭൂമിയുടെ പടവുകളിറങ്ങിച്ചെന്ന്
കുപ്പയാണ്ടിയുടെ തോളിൽ കൈവെച്ച്
ലോറൻസുചേട്ടൻ വിളിച്ചു;
സഖാവേ.”
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘തോട്ടി’യെന്ന കവിത, എം.എം. ലോറൻസെന്ന തൊഴിലാളി വർഗ പ്രസ്ഥാനത്തിൻെറ അമരക്കാരനായ സഖാവിനെക്കുറിച്ചാണ്. “കൊച്ചിയുടെ അടിപ്പടവിൽ മലം നിറച്ച പാട്ടയുമായി അയാൾ നിന്നു” - വെന്ന് പറഞ്ഞുകൊണ്ടാണ് കവിത തുടങ്ങുന്നത്. കേരളത്തിലെ തോട്ടിപ്പണിക്കാരെ സംഘടിപ്പിച്ച് അവർക്കായി തൊഴിലാളി സംഘടനയുണ്ടാക്കിയ നേതാവാണ് ലോറൻസ്. കുപ്പയാണ്ടിയുടെ തോളിൽ കൈവെച്ച് സഖാവേ എന്ന് വിളിച്ചയാൾ... എറണാകുളത്തെ തോട്ടി തൊഴിലാളികളെയും തുറമുഖ തൊഴിലാളികളെയും ആദ്യമായി സംഘടിപ്പിച്ച ട്രേഡ് യൂണിയൻ നേതാവ് ലോറൻസായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ തലമുറ നേതാക്കളിൽ ഒരാളായ ലോറൻസ് 1964-ൽ പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിനൊപ്പം നിൽക്കുകയായിരുന്നു.
എറണാകുളം മുളവുകാട് മാടമാക്കൽ അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 ജൂൺ 15-നാണ് ലോറൻസിൻെറ ജനനം. സെന്റ് ആൽബർട്ട്സ് സ്കൂൾ, മുനവുറൽ ഇസ്ലാം സ്കൂൾ എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. 1946-ൽ തന്റെ പതിനേഴാം വയസിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1950-ലെ ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണം ലോറൻസിൻെറ ജീവിതത്തിലെയും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെയും നിർണായകമായ ഏടായിരുന്നു. ദേശീയ തലത്തിൽ പ്രഖ്യാപിച്ച റെയിൽവേ പണിമുടക്ക് വിജയിപ്പിക്കാനായിരുന്നു ലോറൻസടക്കമുള്ള സഖാക്കൾ ഇടപ്പള്ളിയിലെത്തിയത്. സമരത്തിനെത്തിയ രണ്ട് പേരെ പോലീസ് പിടികൂടി ക്രൂരമായി മർദ്ദിച്ചു. എന്ത് വിലകൊടുത്തും അവരെ മോചിപ്പിക്കണമെന്ന് സമരത്തിന് നേതൃത്വം നൽകിയ കെ.സി മാത്യൂ പ്രഖ്യാപിച്ചു. രണ്ടുവാക്കത്തി, കുറച്ച് വടികൾ, ഒരു കൈ ബോംബ് എന്നിവയായിരുന്നു സ്റ്റേഷൻ ആക്രമണത്തിനുള്ള ആയുധങ്ങൾ. വെളുപ്പിന് രണ്ട് മണിക്ക് ലോറൻസ് ഉൾപ്പെടെയുള്ള സംഘം സ്റ്റേഷനടുത്തെത്തി. “അറ്റാക്ക്” എന്ന് കെ.സി. മാത്യു അലറി വിളിച്ചു, സംഘം സ്റ്റേഷനകത്തേക്ക് ഇരച്ചു കയറി, എറിഞ്ഞ കൈ ബോംബ് പൊട്ടിയില്ല. തടയാൻ ശ്രമിച്ച രണ്ട് പൊലീസുകാർ പ്രവർത്തകരുടെ അടിയേറ്റു മരിച്ചു. അങ്ങനെ അറസ്റ്റിലായവരെ മോചിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. പോലീസ് സ്റ്റേഷൻ ആക്രമണം വലിയ കേസായി മാറി.
17 പേർ പങ്കെടുത്ത പോലീസ് സ്റ്റേഷൻ ആക്രമണ കേസിൽ അറസ്റ്റിലായ കെ.സി. മാത്യുവും ലോറൻസും മറ്റ് പ്രവർത്തകരും ക്രൂര മർദ്ദനമാണ് നേരിടേണ്ടി വന്നത്. എറണാകുളം, ഇടപ്പള്ളി, ആലുവ പ്രദേശങ്ങളിൽ വ്യാപകമായി കമ്മ്യൂണിസ്റ്റ് പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെട്ടു. അറസ്റ്റിലായ കെ.യു.ദാസിനെ പൊലീസ് ലോക്കപ്പിലിട്ടു മർദ്ദിച്ച് കൊലപ്പെടുത്തി. മർദ്ദനത്തിൽ മരിച്ച ദാസിന്റെ മൃതദേഹം വീട്ടുകാർക്ക് പോലും വിട്ടുകൊടുക്കാതെ പൊലീസ് തന്നെ മറവു ചെയ്തു. സംഭവവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പിടികൂടിയ കെ.എസ്. പി. പ്രവർത്തകൻ ജോസഫും പോലീസിന്റെ ക്രൂര മർദ്ദനത്തിൽ കൊല്ലപ്പെട്ടു. 1950-ൽ അറസ്റ്റ് ചെയ്യപ്പെട്ട ലോറൻസ് 22 മാസം ജയിലിൽ കഴിഞ്ഞു. പിന്നീടും പല ഘട്ടങ്ങളിലായി കരുതൽ തടങ്കലിലും മിസ തടവുകാരനായും മറ്റും ആറു വർഷത്തോളം ജയിൽവാസം അനുഭവിച്ചു.
തൊഴിലാളികളെ സംഘടിപ്പിച്ച്, എറണാകുളം ജില്ലയിലെ സി.പി.എമ്മിൻെറ മുൻനിര നേതാവായി വളർന്ന ലോറൻസ് 1964 മുതൽ 1988 വരെ പാർട്ടി സംസ്ഥാന സമിതി അംഗവും 1967 മുതൽ 1978 വരെ എറണാകുളം ജില്ലാ സെക്രട്ടറിയും ആയിരുന്നു. 1980 മുതൽ 1984 വരെ ഇടുക്കിയിൽ നിന്നുള്ള ലോക്സഭാംഗവുമായിരുന്നു. തെരഞ്ഞെടുപ്പ് രാഷട്രീയത്തിൽ ലോറൻസിനോളം മത്സരിച്ച് പരാജയപ്പെട്ട നേതാക്കൾ കേരളത്തിൽ കുറവായിരിക്കും. 1969-ൽ പ്രഥമ കൊച്ചി മേയർ തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെ സ്ഥാനം നഷ്ടമായി. 1970-ലെയും 2006-ലെയും നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ടു. 1977-ൽ പള്ളുരുത്തിയിൽ നിന്നും 1991-ൽ തൃപ്പൂണിത്തുറയിൽ നിന്നും പരാജയപ്പെട്ടു. 1984-ൽ മുകുന്ദപുരത്തും പരാജയപ്പെട്ടു. ഇടുക്കിയിൽ 1980-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മാത്രമാണ് ലോറൻസ് വിജയിച്ചത്.
പാർട്ടിയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ലോറൻസ് ഭാഗമായിരുന്നു. സേവ് സി.പി.എം ഫോറവുമായി ബന്ധപ്പെട്ട വിഭാഗീയ നീക്കങ്ങളിൽ പാർട്ടി കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം അച്ചടക്ക നടപടി നേരിട്ടിരുന്നു. കേന്ദ്ര കമ്മിറ്റിയിൽ നിന്ന് എറണാകുളം ഏരിയാകമ്മിറ്റിയിലേക്ക് തരം താഴ്ത്തിയാണ് പാർട്ടി നടപടിയെടുത്തത്. “ഓർമെച്ചെപ്പ് തുറക്കുമ്പോൾ” എന്ന എം.എം ലോറൻസിൻെറ ആത്മകഥ പാർട്ടിക്കുള്ളിലെ വിഭാഗീയതയുടെയും ചേരിതിരിവിന്റെയും വെളിപ്പെടുത്തൽ കൂടിയായിരുന്നു. 1978 മുതൽ 1988 വരെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും 1986 മുതൽ 1998 വരെ കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു അദ്ദേഹം. 1986 മുതൽ 1998 വരെ ഇടതു മുന്നണി കൺവീനറായും ലോറൻസ് പ്രവർത്തിച്ചിട്ടുണ്ട്. 2015-ൽ പ്രായാധിക്യത്തെ തുടർന്ന് പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുകയും സമിതിയിലെ ക്ഷണിതാവായി തെരഞ്ഞെടുക്കുകയും ചെയ്തു. 2015 മുതൽ പാർട്ടി സംസ്ഥാന സമിതിയിൽ ക്ഷണിതാവായി തുടരുകയായിരുന്നു അദ്ദേഹം.