Photo: Safari

അലസഗുരുവിന്റെ സ്വച്ഛന്ദമൃത്യു

മാഷിൻറെ മരണം എന്നെ ദുഖിപ്പിക്കുന്നില്ല. അദ്ദേഹം നന്നായൊന്ന് മുറുക്കിത്തുപ്പിയത് മുഴുവൻ ചുവന്ന അപ്പൂപ്പൻ താടികളായ് പറക്കുകയാണ്. അധികവേദനകളില്ലാത്ത ആ സ്വച്ഛന്ദമൃത്യുവിന്റെ അനായാസതയ്ക്ക് എൻറെ ശിഷ്യചുംബനം

പ്രസന്നവും പ്രദീപ്തവുമായൊരു മുഖപ്രകാശം നിറഞ്ഞ പൊട്ടിച്ചിരിയുടെ അകമ്പടിയോടെ ഓമനക്കുട്ടൻമാഷ് ഓമനത്തത്തോടെ അടുത്തുതന്നെ നമ്മെ വിട്ടുപിരിയുമെന്ന് എനിക്കറിയാമായിരുന്നു. പേരിലെ പ്രാസമൊപ്പിച്ചല്ല ആ ഓമനത്തത്തെ ഇവിടെ ചേർത്തുവയ്ക്കുന്നത്. സരസതയും ചങ്ങാത്തഭാവവും നിറഞ്ഞ ഒരധ്യാപകനിൽ നിന്ന് ഏത് വിദ്യാർത്ഥിക്കും ലഭിക്കാവുന്ന ഓമനത്തം നിറഞ്ഞ, സാഹിത്യ- രാഷ്ട്രീയ- സമകാലിക സംഭവങ്ങളെയെല്ലാം കുറിച്ചുള്ള ധിഷണാധിഷ്ഠിതമായ തമാശപ്പൊരുളുകൾ ചുരുളുകൾ ചുരുളുകളായി എനിക്കദ്ദേഹം പകർന്നുതന്നിട്ടുണ്ട്, എറണാകുളം മഹാരാജാസ് കോളേജിൽ അദ്ദേഹത്തിന്റെ കൂടി ശിക്ഷ(രക്ഷ)ണത്തിൽ എംഎ മലയാളം വിദ്യാർത്ഥിയായി 1995ൽ രംഗപ്രവേശിതനായ നാൾ മുതൽ ഇക്കാലമത്രയും വലിയ വലിയ ഇടവേളകൾക്കിടയിലും ഇന്നലെയും കൂടി കണ്ടുപിരിഞ്ഞതേയുള്ളുവല്ലോ എന്ന ചിരപരിചിതത്വത്തിൽ.

ബ്ലാക് ലിറ്ററേച്ചർ, ഇക്കോ ഫെമിനിസം, കടൽസാഹിത്യം തുടങ്ങിയ വിഷയങ്ങളുമായി കെ.ജി.എസ് മഹാരാജാസ് കോളേജ് മലയാളം വകുപ്പധ്യക്ഷനായി അതിഗൗരവത്തിന്റെ രസമുള്ള പിരിമുറുക്കങ്ങൾ സൃഷ്ടിക്കെ, ജോൺ എബ്രഹാം, സുരാസു, സമസ്ത കേരള സാഹിത്യ പരിഷത്, കാരൂർ, അടൂർ ഭാസി, കോട്ടയം പുഷ്പനാഥ്, മിസ് കുമാരി, ഷീല, എം.എൻ ഗോവിന്ദൻനായർ, ജയഭാരതി, എംടി, ബഷീർ, സിപി ശ്രീധരൻ, ടാഗോർ, സത്യജിത് റായ്, ജീബനാനന്ദ ദാസ്, എന്നിങ്ങനെ വിചിത്ര പരസ്പര വിരുദ്ധ വ്യക്തിലീലാവിലാസിതങ്ങളായ പലതരം വ്യക്തികളെയും സംഭവങ്ങളെയും ക്ലാസ് മുറികളിൽ കഥാകഥനമോ പാഠകമോ ആക്കി ഓമനക്കുട്ടൻമാഷ്. അതൊരു ക്ലാസ് മുറിയായോ, ചിട്ടവട്ടങ്ങളുടെ ചതുരതയായോ തോന്നിയില്ല. 'ഞാനും ജോൺ എബ്രഹാമും കൂടി കോട്ടയം നാഗമ്പടത്തെ ലാസറിന്റെ ചായക്കടയിൽ നിന്ന് ഓരോ കട്ടനുമടിച്ച് മഴയത്ത് കുടയില്ലാതെ നിൽക്കുമ്പോൾ, നമ്മുടെ പൊൻകുന്നം വർക്കിയും സിപി ശ്രീധരനും കൂടി ഒരു ഓട്ടോയിൽ വന്നിറങ്ങിയിട്ട്'...എന്നിങ്ങനെയായിരിക്കും മിക്കവാറും ക്ലാസുകളുടെ തുടക്കം.

തന്റെ പുസ്തക പ്രകാശന ചടങ്ങിനിടെ മഹാരാജാസ് പൂര്‍വ്വ വിദ്യാര്‍ത്ഥികളായ മമ്മൂട്ടിയ്ക്കും സലീം കുമാറിനുമൊപ്പം പ്രൊഫസര്‍ സി.ആര്‍ ഓമനക്കുട്ടന്‍

ഏത് സിലബസിലെ ഏതധ്യായത്തിലാണ് മാഷ് കാലുറപ്പിച്ചു നിൽക്കുന്നതെന്ന് ആലോചിക്കാൻ പറ്റാത്ത രീതിയിൽ അയാൾ ക്ലാസ്സുമുറിയെ ഒരു സാഹിത്യ സരസ സംഭാഷണ സംവേദന സ്ഥലമാക്കി. സിലബസിനു പുറത്തേക്കുള്ള ബസുകളിൽ ചാടിക്കയറാനും കമ്പികളിൽ തൂങ്ങിപ്പിടിച്ച് സാഹ(ര)സികമായി കയ്യും തലയും പുറത്തേക്കിടാനും മാഷ് പലരെയും സന്നദ്ധരാക്കി. ചിലരെങ്കിലും നെറ്റി ചുളിച്ചിട്ടുണ്ടാകണം. കൂടെപ്പറന്ന് തെറ്റിത്തെറിച്ച് വീണ്ടും ലയിച്ച് സ്വന്തം ഭ്രമണപഥങ്ങളുണ്ടാക്കിയിട്ടുണ്ടാവണം വികർഷിക്കലിൽ തല്പരതയുള്ള വിദ്യാർത്ഥികൾ.

മഹാത്മാഗാന്ധി സർവ്വകലാശാലാ കലോത്സവങ്ങളുടെ രസകര കലാ(പ) കാലങ്ങൾ. ഓരോ വർഷവും എറണാകുളം സെൻറ് തെരേസാസും മഹാരാജാസും ചാമ്പ്യൻ പട്ടത്തിനായി കച്ച മുറുക്കുമ്പോൾ, മഹാരാജാസിന്റെ അമരത്താരെന്ന ചോദ്യത്തിന് അവിതർക്കിത ഉത്തരമായി ഓമനക്കുട്ടൻ മാഷുണ്ടാവും. അതാത് കോളേജുകളിൽ മഹാരാജാസിന്റെ വാടകക്കെടുത്ത ദരിദ്രബസ്സിൽ കലാകാരികളെയും കലാകാരന്മാരെയും നയിച്ചുകൊണ്ട് മാഷ് മുണ്ടുമടക്കിക്കുത്തും. ബട്ടൺസിടാൻ മറന്ന ജുബ്ബയിലെ വിയർപ്പ് നാടകക്കളരിയുടെയും കഥകളിയുടെയും പരിശീലനമുറികളിലെ ഇടപെടലിന്റെ അധ്വാനമഹിമ വിളിച്ചുപറയും. കിരീടം നേടുമ്പോൾ ആർക്കലിന്റെ ഉല്ലാസപ്പറവയാകും. തോൽക്കുമ്പോൾ തോളിൽ കയ്യിട്ട് നിരാശയുടെ നിസ്സംഗതയാവും.

96ലെ കലോത്സവത്തിന് മഹാരാജാസിൽ നിന്ന് കവിതാരാചനാ മത്സരത്തിന് ആ ബസ്സിൽ കയറി ഞാനും മാഷിനും വിദ്യാർത്ഥികൾക്കുമൊപ്പം കോട്ടയത്തേക്ക് പോയി. കോളേജ് മൈതാനത്ത് നിലയുറപ്പിച്ച് ഓരോ സമ്മാനപ്രഖ്യാപനത്തിനുമൊപ്പം മഹാരാജാസ്-സെൻറ് തെരേസാസ് ഫലങ്ങൾ മാറിമറിഞ്ഞുകൊണ്ടിരുന്നു. കവിതാരചനാമത്സരത്തിന് ക്ലാസ് മുറിയിലിരുന്ന എന്റെ മുന്നിലേക്ക് വന്ന വിഷയം മനസ്സിലേക്ക് കയറിയില്ല. കവിത ഞെക്കിപ്പിഴിഞ്ഞുവരുത്താൻ അറിയാത്ത ഞാൻ തോറ്റുതുന്നംപാടി. എന്റെ കൂടി തോൽവി കൊണ്ട് മഹാരാജാസ് എന്ന വന്മരം വീണു. ആരോ വാറ്റിക്കൊണ്ടുവന്ന ചാരായത്തിന്റെ തെളിമയിൽ ആ പാതിരാത്രി പുൽത്തകിടിയിൽ ഞങ്ങൾ കിടന്നു. പുലർച്ചെ എപ്പോളോ കണ്ണുതുറന്നപ്പോൾ മുകളിലാകാശം, എന്റെയരികിൽ മാഷും കിടക്കുന്നുണ്ടായിരുന്നു. മാഷ് ചങ്ങമ്പുഴയെ പാടി.

പോടാ പുല്ലേ പുരസ്കാരമേ എന്നതായിരുന്നു തിരസ്കാരങ്ങളുടെ വേളയിലെല്ലാം ഓമനക്കുട്ടന്മാഷിന്റെ മന്ത്രോച്ചാരണം. അടുത്തവർഷത്തേക്കുള്ള ഉന്മേഷത്തിന് തിരനിറച്ചുകൊണ്ട് അയാൾ മുണ്ടുമുറുക്കിയുടുത്ത് ബസ്സിൽ കയറും. ഇത്രയും എഴുതുന്നതിനിടെ രണ്ടുതവണയാണ് അയാൾ എന്ന വാക്ക് അദ്ദേഹം, മാഷ്, എന്നിവയ്കുപകരം കയറി സീറ്റിലിരിക്കുന്നത്.

സ്നേഹബഹുമാനങ്ങളുടെ ആലങ്കാരികതയില്ലാത്ത ഒരു ചൂടും നിറവും ആ പദത്തിനുണ്ട്. അയാൾ എന്നത് അയാളുടെ തനിനടപ്പിന്റെ അംഗീകാര സംബോധനയാണ്. ആ നടത്തത്തിന് വംഗദേശത്തോളവും അതിനപ്പുറവും ദൂരമുണ്ട്. അയാളുടെ സാഹിത്യബോധവും രസവും വംഗദേശത്തിന്റെ വാമൊഴി വരമൊഴി വഴക്കങ്ങളിലും തഴക്കങ്ങളിലുമായിരുന്നു. ബംഗാളി സാഹിത്യവും സിനിമയും അയാളുടെ യൗവ്വനത്തെ കലാസുരഭിലവും ഭാവനാദീപ്തവുമാക്കി. മകന് അമൽനീരദ് എന്ന് പേരിട്ട് ആ ബംഗാളിപ്രിയത്തിന് ഒരു തുടർച്ച കൊടുക്കുക മാത്രമല്ല ചെയ്തത്. സാഹിത്യത്തിൽ ജീവിക്കാൻ കൊതിച്ച ഓരോ വിദ്യാർത്ഥിയെയും ബംഗാളി-മലയാളി സാഹിത്യത്തിന്റെ ഒരു വംഗ-കൈരളീ തോണീയാത്രയ്ക്ക് ഓമനക്കുട്ടൻമാഷ് സന്നദ്ധനാക്കി.

കുമാരുവെന്നും ഗുരുവെന്നും പേരുള്ളതടക്കം നോവലുകളും കഥകളും എഴുതിയ വേളകളിൽ ഓമനക്കുട്ടൻമാഷ് അവയിലോരോന്നിലും മാഷിന് മാത്രം സാധ്യമായ കയ്യൊതുക്കവും ദൃഢതയും പ്രകടിപ്പിച്ചു. ജനപ്രിയമാക്കാനുള്ള ചേരുവകളെ ഓരത്ത് നിർത്തി. ഭാഷയിൽ മാഷിന്റെ സ്വതസിദ്ധഹാസ്യത്തെ നേരേ അഴിച്ചുവിട്ടർമാദിച്ചില്ല. അത് പ്രതീക്ഷിച്ചുകൊണ്ടുകൂടി വായിച്ച് പ്രിയപ്പെടാതെ പോയതിന്റെ അസ്കിത ഒരിക്കൽ തിരുനക്കര വീട്ടിൽ വച്ച് ഞാൻ മെല്ലെപ്പറഞ്ഞു. മറ്റൊരു നോവലിൽ വിളയാടലാം എന്ന് പ്രത്യുത്തരം. അടിയന്തിരാവസ്ഥക്കാലത്ത് ഭരണകൂടം കൊന്ന രാജനെ കാണാതാകുമ്പോൾ രാജന്റെ അച്ഛൻ ഈച്ചരവാര്യർക്കൊപ്പം ഒരേമുറിയിൽ താമസിച്ചിരുന്നൊരാൾക്ക്, സ്വതസിദ്ധ ഹാസ്യം മരവിച്ചുതണുത്തുപോകുന്ന മറ്റൊരുമുഖവും സാധ്യമാണല്ലോ എന്ന് ഞാനോർത്തു.

അമല്‍നീരദ് / Photo: Mazhavil Manorama

ഓരോ മിണ്ടലിലും അനവരതം അനുസ്യൂതം നമ്മുടെ സാഹിത്യകാലങ്ങളെയും സിനിമാചരിത്രങ്ങളെയും ഈ നിമിഷങ്ങളുമായി ചേർത്തുവച്ച് പൂർണ്ണവിരാമങ്ങളില്ലാതെ സംസാരിച്ചിരുന്ന ഓമനക്കുട്ടൻമാഷിന് ഈയിടെ ആ ദ്രുതകഥനശേഷിയിയിൽ ഒരു മന്ദതാളം സംഭവിച്ചതായി എന്റെ ഗുരുതുല്യനും മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രൻ വിളിച്ചുപറഞ്ഞിരുന്നു. അടുത്തുചെന്നിരുന്നാൽ പോലും മൗനപ്രവണത. ആദ്യം ഞാനത് സ്മൃതിഭ്രംശമോയെന്ന് സംശയിച്ചു. സ്മൃതിഭ്രംശമെന്നാൽ മാഷിനത് മൃതി തന്നെയായിരിക്കും. വിസ്മൃതി മൃതിയേക്കാൾ ഭയാനകം എന്നാവും മാഷിന്റെ കാര്യത്തിൽ ശരി. പക്ഷേ, മാഷ് മാസങ്ങൾക്കുള്ളിൽ ഗിയർ ചേഞ്ച് ചെയ്ത് വീണ്ടും സ്മൃത്യാകാശങ്ങളുടെ ഭ്രമണപഥം ഉയർത്തി. അപാരമായ ഓർമ്മയാൽ, അതിൽ നിന്ന് പുറത്തുവന്നിരുന്ന ഫലിതങ്ങളാൽ ആ അലസഗുരു ഞങ്ങളെ എല്ലാത്തരം ബലംപിടിത്തങ്ങളിൽ നിന്നും അഴിച്ചുവിട്ടു.

സാർത്ര്, കമ്യു, കാഫ്ക, ആനന്ദ്, വി.പി ശിവകുമാർ, ടിആർ, അയ്യപ്പൻ എന്നിങ്ങനെ വിഷാദ വായനാകാലങ്ങളുടെ ഘനഭാരവുമായി മഹാരാജാസിൽ വന്ന ഞങ്ങളിൽ ചിലർക്ക് ഓമനക്കുട്ടൻമാഷ് നീ സത്യം, ജ്ഞാനം, ആനന്ദം എന്നിങ്ങനെ അദ്ദേഹത്തിന്റെ തന്നെ ഒരു പുസ്തകത്തിന്റെ ശീർഷകത്തിലെന്ന പോലെ വല്ലപ്പോഴും അപ്പൂപ്പൻതാടികളാകാനുള്ള അലസദർശനം പകർന്നുതന്നു. കഴിഞ്ഞ വർഷം ഞാനെഴുതിയ 'അനായാസേന' എന്ന കവിതയിലെ, പ്രഭാതനടത്തത്തിനിടയിൽ കാലുകളിലെ തയമ്പുകളെല്ലാം അഴിഞ്ഞ്, കുഞ്ഞിക്കാൽ തെളിഞ്ഞ്, ഒന്നുടക്കി വീണ് വിരൽ ചപ്പി മരിക്കുന്ന ആളാകണം ബനേഷേ എനിക്കും എന്ന് പതിവു കവിൾത്തടം ചുവന്ന് തുടുക്കുന്ന ചിരിയുമായി ഓമനക്കുട്ടൻമാഷ് പറഞ്ഞു. മാഷിന്റെ മരണം എന്നെ ദുഖിപ്പിക്കുന്നില്ല. അദ്ദേഹം നന്നായൊന്ന് മുറുക്കിത്തുപ്പിയത് മുഴുവൻ ചുവന്ന അപ്പൂപ്പൻ താടികളായ് പറക്കുകയാണ്. അധികവേദനകളില്ലാത്ത ആ സ്വച്ഛന്ദമൃത്യുവിന്റെ അനായാസതയ്ക്ക് എന്റെ ശിഷ്യചുംബനം.

Comments