‘മാധവിക്കുട്ടിയുടെ പരാതിയിൽ നിന്ന് എന്നെ രക്ഷിച്ച മണർകാട് മാത്യു’

തന്റെ രണ്ട് പ്രധാന പുസ്തകങ്ങൾക്ക് എഡിറ്റർ എന്ന നിലയ്ക്ക് എങ്ങനെയാണ് മണർകാട് മാത്യു നിമിത്തമായത് എന്ന് ഓർക്കുകയാണ്, സി.വി. ബാലകൃഷ്ണൻ. മലയാളത്തിലെ, പോപ്പുലർ എന്റർടെയ്ൻമെന്റ് മാഗസിൻ രംഗത്തെ ശ്രദ്ധേയനായ എഡിറ്ററായിരുന്ന, അന്തരിച്ച മണർകാട് മാത്യുവുമായുള്ള ആത്മബന്ധത്തിൽനിന്ന് ചില ഏടുകൾ.

ഗസ്റ്റ് 25ന് ഞായറാഴ്ച കർത്താവിൽ നിദ്രപ്രാപിക്കുകയും തന്റെ ജനത്തോട് ചേരുകയും ചെയ്ത മുതിർന്ന മാധ്യമപ്രവർത്തകനും പത്രാധിപരും എഴുത്തുകാരനും ചലച്ചിത്ര പണ്ഡിതനുമായ മണർകാട് മാത്യു ചൈതന്യമുറ്റ ഒരു സ്മരണയായി മനസ്സിൽ അവശേഷിക്കുന്നു. അറുതിയായത് നാലുപതിറ്റാണ്ടിലേറെ നീണ്ട ഗാഢമായ സൗഹൃദത്തിനാണ്. വെറും സൗഹൃദം എന്ന് പറഞ്ഞുകൂടാ. പല സന്ദർഭങ്ങളിലും മാത്യു സാറിൽനിന്നുണ്ടായ അനുഭവം പിതൃനിർവ്വിശേഷമായ വാത്സല്യമാണ്. ‘ബാലാ’ എന്നേ വിളിക്കുമായിരുന്നുള്ളൂ. അങ്ങനെ വിളിച്ചിരുന്ന മറ്റൊരാൾ അരവിന്ദനാണ്. അതിലടങ്ങിയ സ്നേഹവായ്പ് ഓരോ തവണ കേൾക്കുമ്പോഴും എന്റെ ഹൃദയത്തെ തൊട്ടുണർത്തിയിരുന്നു.

ഏറെയുണ്ട് ഓർമ്മിക്കാൻ.
‘ആയുസ്സിന്റെ പുസ്തകം’ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശഃയായി വന്നുകൊണ്ടിരിക്കെയായിരുന്നു ആദ്യത്തെ കത്ത്: നോവലിനെ ഏറെ പ്രശംസിച്ചുകൊണ്ട്. ഒപ്പം മലയാള മനോരമയുടെ വാർഷികപ്പതിപ്പിൽ എഴുതാനുള്ള ക്ഷണവും. അതൊരു തുടക്കമായിരുന്നു. പിന്നീട്, മാത്യു സാർ ചുതമല കൈയൊഴിയുവോളം വാർഷികപ്പതിപ്പുകളിലെ സ്ഥിരം എഴുത്തുകാരിൽ ഒരാളായി. എഡിറ്റർ ഇൻ ചാർജ്ജായ വനിതയിലും നിരവധി തവണ എഴുതി.

തിരുവനന്തപുരത്ത് ശാസ്തമംഗലത്തുള്ള പ്രൗഢമായ സ്ഥാണുവിലാസം ബംഗ്ലാവിലേയ്ക്ക് കയറിച്ചെന്നപ്പോഴേ മാധവിക്കുട്ടി ഒരു നിബന്ധന ഉന്നയിച്ചു: “യാതൊരു കാരണവശാലും അറുപത് വയസ്സായെന്ന് വെളിപ്പെടുത്തരുത്.”
തിരുവനന്തപുരത്ത് ശാസ്തമംഗലത്തുള്ള പ്രൗഢമായ സ്ഥാണുവിലാസം ബംഗ്ലാവിലേയ്ക്ക് കയറിച്ചെന്നപ്പോഴേ മാധവിക്കുട്ടി ഒരു നിബന്ധന ഉന്നയിച്ചു: “യാതൊരു കാരണവശാലും അറുപത് വയസ്സായെന്ന് വെളിപ്പെടുത്തരുത്.”

ഒരിക്കൽ, ഒരു ഫോൺവിളി അറുപത് വയസ്സുതികയുന്ന മാധവിക്കുട്ടിയെ അഭിമുഖം നടത്തണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു. തിരുവനന്തപുരത്ത് ശാസ്തമംഗലത്തുള്ള പ്രൗഢമായ സ്ഥാണുവിലാസം ബംഗ്ലാവിലേയ്ക്ക് കയറിച്ചെന്നപ്പോഴേ മാധവിക്കുട്ടി ഒരു നിബന്ധന ഉന്നയിച്ചു: “യാതൊരു കാരണവശാലും അറുപത് വയസ്സായെന്ന് വെളിപ്പെടുത്തരുത്.”
ഞങ്ങളതിനു വഴങ്ങി. അന്ന് പകൽ മുഴുവനും മാധവിക്കുട്ടി ഇമ്പമുള്ള മൃദുസ്വരത്തിൽ എന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകിക്കൊണ്ടിരുന്നു. ഉച്ചനേരത്ത് ഒറ്റയ്ക്കുകണ്ടപ്പോൾ ബാലാമണിയമ്മയും ദാസേട്ടനും ഒരു മുന്നറിയിപ്പുതന്നു: “ആമി എന്തെങ്കിലുമൊക്കെ പറയും. മുഴുവനും എഴ്തര്ത്. നല്ലോണം നോക്കീട്ട് മതി.”
ഞാനത് ഏറ്റു. ഇന്റർവ്യൂ തീർന്ന് മടങ്ങുന്നതിനുമുമ്പ് മാത്യു സാർ മാധവിക്കുട്ടിയോട് ഒരുകാര്യം ചോദിച്ചു, വനിതയ്ക്കുവേണ്ടി മാസത്തിൽ ഒരു കോളം ചെയ്യാമോന്ന്. അടുത്ത നിമിഷത്തിൽ മാധവക്കുട്ടിയുടെ നിഷ്കളങ്കമായ ചോദ്യം: “ആർത്തവം പോലെ, അല്ലേ മാത്യൂ?” നേരുപറയമണമല്ലോ. ഞങ്ങളൊന്ന് പകച്ചുപോയി. അപ്പോഴേക്കും ബാലാമണിയമ്മയുടെ ക്ഷോഭമില്ലാത്ത ശകാരമുയർന്നു: “ആമി എന്താ ഈ പറയണ്. വകതിരിവ് വേണ്ടേ?”

കെ.എം. മാത്യു
കെ.എം. മാത്യു

അറുപത് വയസ്സായെന്ന അപ്രിയസത്യം മറച്ചുപിടിച്ചുള്ള അഭിമുഖം കവർസ്റ്റോറിയായി (ശീർഷകം: കഥകളുടെ രാജകുമാരി). വനിത പുറത്തിറങ്ങിയപ്പോൾ മാധവിക്കുട്ടി സാക്ഷാൽ മാത്തുക്കുട്ടിച്ചായനെ വിളിച്ച് പരാതിപ്പെട്ടു, താൻ പറയാത്ത പലതുമാണ് അതിലുള്ളതെന്ന്. യഥാർത്ഥത്തിൽ പറഞ്ഞുകേൾക്കാത്ത ഒരു വാക്കുപോലും അച്ചടിക്കപ്പെട്ടിരുന്നില്ല. പറഞ്ഞതു പലതും അതിൽ ഉൾപ്പെടുത്തിയിരുന്നില്ല. അഭിമുഖം പൂർണ്ണമായും റെക്കോഡ് ചെയ്ത ടേപ്പുകൾ തന്റെ മേശപ്പുറത്തുണ്ടെന്നും വേണമെങ്കിൽ അച്ചായനെ (കെ.എം. മാത്യു) കേൾപ്പിക്കാമെന്നുമായിരുന്നു മാത്യു സാറിന്റെ മറുപടി. അതെനിക്ക് രക്ഷയായി.

വായനക്കാരിൽനിന്ന് വലിയ സ്വീകാര്യത നേടുകയും കെ. ജി. ജോർജ്ജും ഭരതനുമൊക്കെ ചലച്ചിത്രാവിഷ്കാരത്തിന് ആഗ്രഹിക്കുകയും ചെയ്ത ‘കാമമോഹിതം’ പ്രസിദ്ധീകരിച്ചത് മലയാള മനോരമയുടെ 1993-ലെ വാർഷികപ്പതിപ്പിലാണ്. നോവലിനായി മാത്യു സാർ വിളിക്കുമ്പോൾ ഞാൻ തിരുവനന്തപുരത്തായിരുന്നു. തിരികെ നാട്ടിലേയ്ക്ക് പോകുന്നത് കോട്ടയത്തിറങ്ങി ഒരുനാൾ തങ്ങിയിട്ടുപോരേയെന്ന് സാറിന്റെ സ്നേഹപൂർവ്വമായ കുശലംപറച്ചിൽ. നോവലെഴുതണമെന്നും അത് വ്യത്യസ്തമായ ഒന്നാകണമെന്നും പറഞ്ഞു. മടക്കയാത്രയിൽ തീവണ്ടിയിലിരുന്നു രൂപപ്പെടുത്തിയ കഥയാണ് ‘കാമമോഹിതം.’ പെട്ടെന്ന് എഴുതിത്തീർത്തു. തപാലിൽ അയച്ചുകിട്ടിയപ്പോൾ സാറിന്റെയൊരു സന്തോഷം; “ബാലൻ എത്രയും പെട്ടെന്ന് ഇങ്ങോട്ട് വരൂ. ഇതിന്റെ മറ്റു കാര്യങ്ങള് സംസാരിക്കണം,” ഫോണിലൂടെ പറഞ്ഞു.

ഒരിക്കൽക്കൂടി ഈരയിൽകടവിലെ ഓഫീസിൽ ഞങ്ങളുടെ സമാഗമം. അപ്പോഴാണ് വായനയിലെ സാറിന്റെ സൂക്ഷ്മതയിൽ ഞാൻ അദ്ഭുതപ്പെടാനിടയായത്. നോവലിലൊരിടത്ത് നായികയായ മായാവതി തന്നെ കാമിച്ച സാഗരദത്തനുമായുള്ള രതിലീലകളിലൊന്നായി വദനസുരതത്തിലേർപ്പെടുന്നതായി കുറിച്ചിരുന്നു. ഒറ്റവാക്യം മാത്രം. അതാകട്ടെ മുകൾനിലയിലെ മുറിയുടെ ജന്നലിന്റെ കുത്തഴിയിലൂടെ ദാസിയായ മദിനി നിലാവിൽ കാണുന്ന ഒരു ദൂരദൃശ്യമായാണ് സങ്കല്പിച്ചത്. പക്ഷേ, സാർ ആ ദൃശ്യത്തിന്റെ ഭംഗി ഒറ്റവായനയിൽതന്നെ ഉൾക്കൊണ്ടിരുന്നു. ഞങ്ങൾ ചർച്ചചെയ്തത് നോവിലന്റെ ചിത്രീകരണം ആര് നിർവ്വഹിക്കണമെന്നാണ്. ഒടുവിൽ ആർട്ടിസ്റ്റ് നമ്പൂതിരിയിൽ എത്തിച്ചേർന്നു. പക്ഷേ അതത്ര എളുപ്പമായിരുന്നില്ല. നമ്പൂതിരി മാതൃഭൂമി വിട്ട് വേറൊരു പ്രസിദ്ധീകരണത്തിൽ വരയ്ക്കുകയാണ്. പുറമേ വരയ്ക്കാറില്ല. എന്നാലും ചോദിച്ചുനോക്കാമല്ലോ. പിറ്റേന്നുകാലത്ത് ഞങ്ങൾ വണ്ടികയറി കോഴിക്കോട്ടേയ്ക്ക്.

ആർട്ടിസ്റ്റ് നമ്പൂതിരി ഒന്നാന്തരം രേഖാചിത്രങ്ങൾകൊണ്ട് ‘കാമമോഹിത’ത്തെ സമാകർഷകമാക്കി.
ആർട്ടിസ്റ്റ് നമ്പൂതിരി ഒന്നാന്തരം രേഖാചിത്രങ്ങൾകൊണ്ട് ‘കാമമോഹിത’ത്തെ സമാകർഷകമാക്കി.

ബിലാത്തികുളത്തെ ജേർണലിസ്റ്റ് കോളനിയിലായിരുന്നു അക്കാലത്ത് നമ്പൂതിരിയുടെ പാർപ്പ്. വി.കെ.എൻ ഒരു കത്തിൽ മേൽവിലാസം കുറിച്ചതുപോലെ കോഴിക്കോട് ഒന്ന്; ഏറിയാൽ രണ്ട്.
നമ്പൂതിരി ഞങ്ങളെ സസന്തോഷം സ്വീകരിച്ചു. എന്നെ വ്യക്തിപരമായി അറിയാം. പല രചനകൾക്കും വരച്ചിട്ടുണ്ട്. ഞാൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതാൻ തുടങ്ങിയ കാലം മുതൽക്കേയുള്ള പരിചയമാണ്. കൈമാറിക്കിട്ടിയ കൈയെഴുത്തുപ്രതി ഒന്നോടിച്ചുനോക്കിയപ്പോൾ നമ്പൂതിരി തന്റെ വൈഷ്യമ്യം വെളിവാക്കി. എസ്. ജയചന്ദ്രൻ നായരോട് ചോദിച്ച് സമ്മതം വാങ്ങണം. എന്നാലേ വരയ്ക്കാൻ പറ്റൂ. ഞങ്ങളുടെ മുന്നിലിരുന്നുതന്നെ നമ്പൂതിരി ലാൻഡ്ഫോണിൽ ജയചന്ദ്രൻ നായരെ വിളിച്ച് സംഗതി അവതരിപ്പിച്ചു. “തിരുമേനി ധൈര്യമായിട്ട് വരച്ചോളൂ,” എന്നായിരുന്നു ജയചന്ദ്രൻ നായരുടെ പ്രതികരണം. അതോടെ എനിയ്ക്കും മാത്യു സാറിനും ശ്വാസം നേരെവീണു. തിരുമേനി ഒന്നാന്തരം രേഖാചിത്രങ്ങൾകൊണ്ട് ‘കാമമോഹിത’ത്തെ സമാകർഷകമാക്കി. പിന്നെ പുസ്തകരൂപത്തില്‍ ചേര്‍ക്കാനുള്ള അനുവാദവും തന്നു. നോവല്‍, മിതമായ വാക്കുകളില്‍ പറഞ്ഞാല്‍, ഒരു ഹിറ്റായി. 'വളരെ പൊട്ടന്‍ഷ്യലാണ്' എന്നൊരു പ്രശംസ കേട്ടു. മറ്റാരുമല്ല പറഞ്ഞത്; പ്രിയപ്പെട്ട എം.ടി. വാസുദേവൻ നായർ.

‘കാമമോഹിതം’, മിതമായ വാക്കുകളില്‍ പറഞ്ഞാല്‍, ഒരു ഹിറ്റായി. 'വളരെ പൊട്ടന്‍ഷ്യലാണ്' എന്നൊരു പ്രശംസ കേട്ടു. മറ്റാരുമല്ല പറഞ്ഞത്; പ്രിയപ്പെട്ട എം.ടി. വാസുദേവൻ നായർ.
‘കാമമോഹിതം’, മിതമായ വാക്കുകളില്‍ പറഞ്ഞാല്‍, ഒരു ഹിറ്റായി. 'വളരെ പൊട്ടന്‍ഷ്യലാണ്' എന്നൊരു പ്രശംസ കേട്ടു. മറ്റാരുമല്ല പറഞ്ഞത്; പ്രിയപ്പെട്ട എം.ടി. വാസുദേവൻ നായർ.

ഇതേപോലെ ‘മരണം എന്നു പേരുള്ളവൻ’ എഴുതാൻ നിമിത്തമായതും മാത്യുസാറാണ്. കെ.ജി. ജോർജ്ജ് അവസാനമായി പ്രഖ്യാപിച്ച ചലച്ചിത്രപദ്ധതി ഇതായിരുന്നു. നിർഭാഗ്യവശാൽ അതു നിറവേറിയില്ല. മൺമറഞ്ഞുപോയ ആദരണീയനായ കെ.എസ്.സേതുമാധവൻ എന്നെ ആദ്യം കണ്ടപ്പോൾ പറഞ്ഞത് ഈ കഥ സിനിമ ചെയ്യാൻ തനിയ്ക്ക് താല്പര്യമുണ്ടെന്നാണ്. അതൊക്കെ പിൽക്കാല സംഭവങ്ങൾ. അതിനുമുമ്പേ മാത്യുസാറും ഞാനും ഈരയിൽകടവിലെ ഓഫീസ് മുറിയിലിരുന്ന് ചർച്ചചെയ്യുന്നു. ഇത്തവണ ഒരു ക്രൈം നോവലായാലോ? ബാല്യം മുതൽ കുറ്റാന്വേഷണ കൃതികളിൽ അഭരമിക്കാറുണ്ടെങ്കിലും ആ വിഭാഗത്തിൽപ്പെടുത്താവുന്ന ഒരു രചന അന്നേവരെ ഉദ്യമിച്ചിരുന്നില്ല. അങ്ങിനെയൊരു വെല്ലുവിളി ഏറ്റെടുക്കാമെന്നു തോന്നി.
മാത്യുസാർ പറഞ്ഞു: “നമുക്ക് ഡി.ജി.പി സിബി മാത്യുവിനെ കണ്ട് സംസാരിക്കാം. അത് ഗുണംചെയ്യും.”
പോലീസ് സേനയുടെ തലപ്പുത്തുള്ള സിബി മാത്യു തന്റെ ഔദ്യോഗിക വസതിയിൽ ഞങ്ങളെ സ്വീകരിച്ചത് അങ്ങേയറ്റം ആതിഥേയമര്യാദയോടെയാണ്. രാത്രി, പല കുറ്റകൃത്യങ്ങളുടെയും നിഗൂഢരഹസ്യങ്ങൾ ഞങ്ങൾക്കുമുമ്പാകെ ചുരുളഴിഞ്ഞു. പിരിയും നേരത്ത് സിബി മാത്യു പറഞ്ഞു: “ഇതൊന്നും എഴുതരുത്. എല്ലാം കോടതിയിലുള്ള കേസുകളാ.” അവ പാടെ ഒഴിവാക്കി ഞാൻ കഥ ചമച്ചു. അതാണ് ‘മരണം എന്നു പേരുള്ളവൻ’. പുസ്തകമായപ്പോൾ എഴുതിയ ആമുഖക്കുറിപ്പിൽ മണർകാട് മാത്യുവിനോടും തിരക്കിനിടയിൽ കുറേസമയം എനിക്കായി വിനിയോഗിച്ച സിബി മാത്യുവിനോടുമുള്ള ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്.

‘മരണം എന്നു പേരുള്ളവൻ’ എഴുതാൻ നിമിത്തമായതും മാത്യുസാറാണ്. കെ.ജി. ജോർജ്ജ് അവസാനമായി പ്രഖ്യാപിച്ച ചലച്ചിത്രപദ്ധതി ഇതായിരുന്നു.
‘മരണം എന്നു പേരുള്ളവൻ’ എഴുതാൻ നിമിത്തമായതും മാത്യുസാറാണ്. കെ.ജി. ജോർജ്ജ് അവസാനമായി പ്രഖ്യാപിച്ച ചലച്ചിത്രപദ്ധതി ഇതായിരുന്നു.

ജോലിയിൽ നിന്ന് വിരമിച്ചശേഷും ഞങ്ങൾ തമ്മിലുള്ള ബന്ധം തുടർന്നിരുന്നു. ഇടയ്ക്ക് ഫോണിൽ സംസാരിക്കും. എഴുതാനിരിക്കുന്ന ചില പുസ്തകങ്ങളെക്കുറിച്ച് പറയും. അവയിലൊന്ന് തയ്യാറാക്കിയപ്പോൾ അതിന്റെ പ്രകാശനച്ചടങ്ങ് കോഴിക്കോട് പ്രസ്ക്ലബ്ബിൽ വെച്ചായിരുന്നു. പ്രകാശനകർമം നടത്തിയത് മാത്യുസാറിന് വളരെ അടുപ്പമുണ്ടായിരുന്ന എം. മുകുന്ദനാണ്. ഞാൻ ഏറ്റുവാങ്ങി. അയ്മനം ജോണും ഡോ.എം.കെ. മുനീറും വേദിയിലുണ്ടായിരുന്നു.

വാർദ്ധക്യകാലത്തും മാത്യുസാർ കർമ്മനിരതനായിരുന്നു. വാർദ്ധക്യത്തെ അദ്ദേഹം തന്നെ തീണ്ടാതെ അകറ്റിനിർത്തിയിരുന്നു. മണർകാട് മാർത്തമറിയം യാക്കോബായ സുറിയാനി ഭദ്രാസനപ്പള്ളിയിൽ അന്ത്യശുശ്രൂഷകൾ കൈക്കൊണ്ട് സെമിത്തേരി മണ്ണിൽ ഉറങ്ങാൻ പോകുന്ന പ്രിയപ്പെട്ട മാത്യൂസാറിന്, വളരെ സ്നേഹത്തോടെ, ആർദ്രതയോടെ, ഞാനും അർപ്പിക്കട്ടെ ഒരു അന്ത്യചുംബനം.


Summary: Malayalam novelist CV Balakrishnan writes about Malayala Manorama Senior Journalist and former Kottayam press club president Manarcad Mathew


സി.വി. ബാലകൃഷ്ണൻ

കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്. പരൽമീൻ നീന്തുന്ന പാടം (ആത്മകഥ), ആത്മാവിന് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ, കാമമോഹിതം, ആയുസ്സിന്റെ പുസ്തകം, ഭൂമിയെപ്പറ്റി അധികം പറയേണ്ട തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments