എന്താണ് വി.എസ്?
വിലമതിക്കാനാവാത്ത സമരവീര്യം.
പോരാട്ടങ്ങൾക്ക് ഇടവേളകളില്ല എന്നാണ് വി.എസിന്റെ സമരോൽസകമായ ഇടപെടലുകളുടെ രേഖയായ പുസ്തകത്തിന്റെ പേര്. നവോത്ഥാനത്തിന്റെ സൃഷ്ടിയാണ് വി.എസ്. അതുപോലെ കേരളത്തിന്റെ നവയുഗത്തിന്റെ സൃഷ്ടാക്കളിൽ ഒരാൾ.
ശ്രീനാരായണീയ ആശയങ്ങളും ചോര ചീന്താത്ത വിപ്ലവ പ്രയോഗങ്ങളും ഫ്യൂഡൽ വ്യവസ്ഥയെ ഉഴുതുമറിക്കുകയും നവയുഗസൃഷ്ടിക്കായി പുതു മണ്ണൊരുക്കുകയും ചെയ്തു. ഇങ്ങനെ ഒരുക്കപ്പെട്ട പുതുമണ്ണില്ലായിരുന്നെങ്കിൽ വി.എസിനെ പോലൊരു നേതാവ് ഉയർന്നുവരുമായിരുന്നില്ല. നവോത്ഥാനത്തിന്റെ സൃഷ്ടിയാണ് വി.എസ്. അച്ചുതാനന്ദൻ എന്നെടുത്തു പറയേണ്ടതുണ്ട്. അടിത്തട്ടിലൂടെ പടർന്ന് സമൂഹത്തെ മാറ്റിമറിച്ച ജാതിവിരുദ്ധ വിപ്ലവത്തിന്റെ സംഭാവനയാണ് കേരളത്തിന് വി.എസ് എന്ന നേതാവ്. പുരോഗനാത്മത്മകവും പരിവർത്തനാത്മകവുമായ ശ്രീനാരായണീയ ആശയങ്ങൾ സൃഷിച്ച ആത്മീയവും ഭൗതികവുമായ സമരഭൂമികയിലാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും പിറവി കൊണ്ടത്. ഗുരുവിന്റെ ആശീർവാദത്തോടെ വടപ്പുറം ബാവ ആലപ്പുഴയിലെ കയർ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിനു തുടക്കമിടുന്നത്. അങ്ങനെ ആലപ്പുഴ സമരഭൂമിയായി മാറുകയായിരുന്നു.

ശ്രീനാരായണീയ ആശയങ്ങളുടെയും വിപ്ലവപ്രയോഗങ്ങളുടെയും ഈറ്റില്ലം കൂടിയായിരുന്നു ആലപ്പുഴ. സഖാവ് കുമാരപ്പണിക്കർ അടക്കമുള്ള വീരസമരനായകർ ശ്രീനാരായണീയ സാമൂഹിക പ്രയോഗങ്ങളുടെ അനുഭവദർശനമുൾക്കൊണ്ടവരായിരുന്നു. കേരളത്തിലെ എക്കാലത്തെയും റാഡിക്കൽ രാഷ്ട്രീയത്തിന്റെ പൗരുഷമാതൃകയായ പി. കൃഷ്ണപ്പിള്ള ആലപ്പുഴയിൽ തൊഴിലാളികളെ സംഘടിപ്പിക്കാനും കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് പ്രവർത്തകരെ കണ്ടെത്താനും വരുമ്പോഴേക്കും ആലപ്പുഴയിൽ അവകാശബോധത്തിന്റെ പ്രബുദ്ധത തൊഴിലാളികളുടെ മനസ്സിൽ തെളിച്ചം സൃഷ്ടിച്ചിരുന്നു.
വി.എസ് തൊഴിലാളികളെ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളിലേക്ക് അപ്പോഴേക്കും ആകൃഷ്ടനായിരുന്നു. പതിനെട്ടു വയസ്സാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുക്കാനുള്ള പ്രായം നിശ്ചയിച്ചിരുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മുതൽക്കൂട്ടാവുന്ന ഊർജ്വസലരായ പ്രവർത്തകരെ കണ്ടെത്താനുള്ള സഖാവ് പി. കൃഷ്‍ണപിള്ളയുടെ പ്രത്യേക സിദ്ധി വി.എസ് എന്ന പതിനാറുകാരന്റെ സമരവീര്യവും പ്രതിജ്ഞാബദ്ധതയും തിരിച്ചറിഞ്ഞു. പതിനെട്ടു തികയും മുമ്പേ സഖാവ് പി. കൃഷ്ണപ്പിള്ള അംഗത്വം നൽകി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് കൊണ്ടുവന്ന വ്യക്തിയാണ് വി.എസ്. അച്യുതാനന്ദൻ.

പോരാട്ടം നിറഞ്ഞ കമ്മ്യൂണിസ്റ്റ് ജീവിതം നേരെ വിപ്ലവ തീച്ചൂളയിലേക്ക് എടുത്തറിയപ്പെടുകയായിരുന്നു. പുന്നപ്രയിലും വയലാറിലും സി.പി രാമസ്വാമി അയ്യർക്ക് എതിരെ ഉയർന്ന കമ്മ്യൂണിസ്റ്റ് കലാപത്തിന്റെ മുൻനിര പോരാലാളികളിലൊരാളാണ് വി.എസ്. അദ്ദേഹം അനുഭവിക്കേണ്ടി വന്ന കൊടും പീഡനങ്ങൾ ജീവചരിത്രകാരന്മാർ വിവരിച്ചിട്ടുണ്ട്. സഖാവ് കൃഷ്ണപ്പിള്ള വി.എസിൽ കൊളുത്തിയ പ്രക്ഷോഭജ്വാല പിന്നെ കെട്ടടങ്ങിയിട്ടില്ല.
വി.എസ് പരുക്കനായ നേതാവ് എന്നറിയപ്പെടുന്നതിനു പ്രധാന കാരണം അനുരന്ജനമില്ലായ്മയാണ്. പ്രയോഗിക രാഷ്ട്രീയത്തിന്റെ ഒത്തുതീർപ്പു ഫോർമുലകളെ ഒരിക്കലും അംഗീകരിക്കില്ലെന്ന് മാത്രമല്ല അതിനെ ഓരോ ഘട്ടത്തിലും അതിവർത്തിക്കാനായി പോരാടുകയും ചെയ്തു. വി.എസിന് ഇത് കനത്ത നഷ്ടത്തിനും കാരണമായി തീർന്നിട്ടുണ്ട്. വി.എസിന്റെ രാഷ്ട്രീയ പുസ്തകത്തിൽ നഷ്ടം / വിജയം എന്ന ലാഭക്കണക്കുകളില്ല എന്നതാണ് പ്രധാന കാര്യം. ഒരു പരാജയവും വി.എസിനെ തളർത്തിയില്ല, ഒരു വിജയവും വി.എസിനെ പോരാട്ടത്തിൽ നിന്ന് പിന്മാറ്റിയുമില്ല. അധികാരത്തിനോട് വിമുഖനായ രാഷ്ട്രീയ പരിവ്രാജകനൊന്നുമായിരുന്നില്ല വി.എസ്. അധികാര രാഷ്ട്രീയത്തെ എങ്ങനെ നിസ്വർക്ക് ഉപകാരപ്പെടുത്താമെന്നത്തിൽ ഊന്നിയായിരുന്നു അദ്ദേഹത്തിന്റെ പ്രായോഗിക രാഷ്ട്രീയ പ്രവർത്തനം.
അധികാരത്തിനോട് വിമുഖനായ രാഷ്ട്രീയ പരിവ്രാജകനൊന്നുമായിരുന്നില്ല വി.എസ്. അധികാര രാഷ്ട്രീയത്തെ എങ്ങനെ നിസ്വർക്ക് ഉപകാരപ്പെടുത്താമെന്നത്തിൽ ഊന്നിയായിരുന്നു അദ്ദേഹത്തിന്റെ പ്രായോഗിക രാഷ്ട്രീയ പ്രവർത്തനം.
ജനകീയമായ പ്രായോഗിക രാഷ്ട്രീയത്തിന്റെ കമ്മ്യൂണിസ്റ്റ് പാഠശാലയാണ് വി.എസ്. അച്യുതാനന്ദൻ. ഉദാരവാദരാഷ്ട്രീയത്തിന്റെ ജനപ്രിയതയിൽ നിന്ന് ഭിന്നമായിരുന്നു അദ്ദേഹത്തിന്റെ ജനകീയ രാഷ്ട്രീയം. ഉദാരവാദ ജനപ്രിയ രാഷ്ട്രീയം അതിന്റെ പൂർണ മിഴിവിൽ കേരളത്തിനു അനുഭവപ്പെടുത്തിയത് ഉമ്മൻചാണ്ടിയാണ്. വി.എസിന്റെ ദിശ വേറെയായിരുന്നു. അതിൽ കോംപ്രമൈസ് എന്നൊന്നില്ല. അതിനാൽ വി.എസിന് ശത്രുക്കൾ ധാരാളമുണ്ടായി. സ്വന്തം പാർട്ടിയിൽ തന്നെയായിരുന്നു അദ്ദേഹത്തോട് ഏറ്റവും വൈര്യത്തോടെ പെരുമാറിയിരുന്ന സഖാക്കൾ. അവർ മിക്കവാറും വി.എസ് തന്നെ ഉയർത്തിക്കൊണ്ടുവന്നവർ.

രാഷ്ട്രീയ ശത്രുക്കളെ എളുപ്പം സൃഷ്ടിക്കുന്ന പ്രായോഗിക രാഷ്ട്രീയ ശൈലി പക്ഷെ അദ്ദേഹത്തിന് തനതായ ഒരു കമ്മ്യൂണിസ്റ്റ് അതികായന്റെ പരിവേഷം നൽകി. രാഷ്ട്രീയ കേരളത്തിലെ അവസാന പോപ്പുലർ ഹീറോ വി.എസ് ആയിരിക്കും. സൂപ്പർ സ്റ്റാർ പരിവേഷം വി എസിനുണ്ടായിരുന്നു. പ്രായം കൂടുന്തോറും വി.എസിന്റെ പോപ്പുലർ പരിവേഷത്തിന്റെ ആരാധകർ കൂടി വന്നു. ആബാലവൃദ്ധം ജനങ്ങൾ വി.എസിന്റെ ആരാധക നിയോജകമണ്ഡലത്തിൽ സന്നിഹിതമായിരുന്നു. വി.എസിനെ തൊണ്ണൂറു കഴിഞ്ഞ അമ്മയും വോട്ടുചെയ്യാൻ പ്രായമാകാത്ത പതിനാറുകാരനും ആരാധിച്ചു.
വി.എസിന്റെ പോപ്പുലർ ഹീറോ പരിവേഷം പ്രത്യേകം പഠനമർഹിക്കുന്നതാണ്. സ്‌ക്രീനിൽ നായകന്മാർക്കുണ്ടാകുമെന്നു അനുമാനിക്കുന്ന ശക്തിസവിശേഷത എൺപത്തിലും തൊണ്ണൂറുലുമെത്തിയ വി.എസിനുണ്ടെന്നു കരുതുന്നതരം വിശ്വാസ്യതയാണ് ഈ ആരാധന. മതികെട്ടാൻ മലകയറ്റം മുതൽ തൊണ്ണൂറാം വയസ്സിൽ മൂന്നാറിൽ പൊമ്പിളൈ ഒരുമൈ സമരത്തിന്റെ കൂടെ നിന്ന്, കോച്ചും തണുപ്പത്ത് സ്വറ്ററും മഫ്ലറും ധരിച്ച് ഉറങ്ങാതിരിക്കുന്ന വി.എസ്, രാഷ്ട്രീയ നേതാവിന്റെ നായകത്വ പരിവേഷത്തിനു പുതിയ മാനങ്ങൾ നൽകി. വി.എസ് പോപ്പുലർ രാഷ്ട്രീയ സംസ്കാരത്തിൽ ഹീറോ ആയി. സൂപ്പർ സ്റ്റാറായി മാറിക്കൊണ്ടിരിക്കേ വിശ്വാസവഞ്ചകനായി (traitor) ചിത്രീകരിക്കുകയായിരുന്നു സി.പി.എമ്മിന്റെ അന്നത്തെ നേതൃത്വം.
വലിയ അധികാര പരിവേഷവുമായി നടക്കുന്ന സാമുദായിക സംഘടനകളുടെ അമരത്തിലിരിക്കുന്നവരെ നോക്കി പച്ചയ്ക്ക് ‘ജാതി സംഘടനക്കാർ’ എന്നു വിളിക്കാൻ ആർക്കു ധൈര്യം വരും, വി. എസിനല്ലാതെ?
പക്ഷെ പാർട്ടിയോടുള്ള "വിശ്വാസവഞ്ചന" എന്ന ആഖ്യാനം വി.എസിന്റെ താരപരിവേഷത്തെ ഒന്നുകൂടി ജ്വലിപ്പിച്ചു. വി.എസിന്റെ പോരാട്ടം, ഏതൊരു ഇടതുപക്ഷക്കാരും ആത്മാവാലെ വെറുക്കുന്ന സാമൂഹിക തിന്മകളോടായിരുന്നു. വി.എസിന്റെ വൈര്യം പതിച്ചത് ആർക്കൊക്കെ നേരെയായിരുന്നു- സ്ത്രീപീഡകർക്കുനേരെ, ഭൂ മാഫിയക്കുനേരെ, തൊഴിൽ ചൂഷകർക്കുനേരെ, പരിസ്ഥിതി ദ്രോഹികൾക്കുനേരെ, ജാതിരാഷ്ട്രീയ പിശാചുകൾക്കുനേരെ, പാവപ്പെട്ടവരുടെ സ്വത്ത് അപഹരിക്കുന്നവർക്കെതിരെ... വി.എസിന് യാഥാസ്ഥിതികൻ എന്ന പരിവേഷം നല്കാൻ കൊണ്ടുപിടിച്ച ശ്രമമുണ്ടായി. ‘വികസന വിരുദ്ധൻ’ എന്ന അടയാളം ആദ്യം അടിച്ചു കൊടുത്തത് വി.എസിനായിരുന്നു.

മുതലാളിത്ത വികസന പാതയോട് മുഖം തിരിച്ചിരുന്ന വ്യക്തിയായിരുന്നില്ല വി.എസ്. വിപണിയുടെ മെച്ചങ്ങളെയും നിഷേധിച്ചില്ല. പക്ഷെ ചുളുവുവിലയ്ക്ക് ഭൂമി കൈമാറ്റം ചെയ്തു കിട്ടി അവിടെ കെട്ടിടം ഉയർത്തിയും ഉയർത്താതെയും കൊള്ളലാഭത്തിനു വിൽക്കുന്ന മാഫിയകളെയാണ് വി.എസ് വെറുക്കപ്പെട്ടവരായി കണ്ടത്. ഇതെല്ലാം അദ്ദേഹം വളരെ ബോധപൂർവം തന്നെ നടത്തിയ ഇടപെടലുകളാണ്. തന്റെ താരമൂല്യത്തിന് പോരാട്ട നായകത്വ പരിവേഷം സുപ്രധാന ഘടകമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. തന്റെ പരുക്കൻ മുഖഭാവവും ഇടപെടലും ഏറെ മൂല്യവത്തായ സംഗതിയാണെന്നു മറ്റാരെക്കാളും വി.എസ് തന്നെയാണ് മനസ്സിലാക്കിയിട്ടുള്ളത്. ഇതിനൊരു ബ്രാൻഡ് വാല്യൂ ഉണ്ടെന്നു തിരിച്ചറിഞ്ഞ്, അധികാരരാഷ്‌ടീയത്തിൽ വിദഗ്ദ്ധമായി വിപണനം ചെയ്യാമെന്ന് മനസ്സിലാക്കിയ ബുദ്ധിമാനായ പ്രായോഗിക രാഷ്ട്രീയക്കാരൻ കൂടിയാണദ്ദേഹം.
വി. എസിന്റെ സെക്യുലറിസം ഒരേപോലെ ഭൂരിപക്ഷ വർഗീയതയും ന്യുനപക്ഷ വർഗീയതയും സമാസമം തുലനം ചെയ്യുന്ന ഇ.എം.എസിന്റെ രീതിയായിരുന്നു.
പാർട്ടിക്കകത്തും പുറത്തുമുള്ള ഏതൊരു പ്രതിയോഗിയേക്കാളും ബുദ്ധിവൈഭവം വി.എസിനുണ്ടായിരുന്നു. തന്നെ പിന്തുണച്ചിരുന്ന ബുദ്ധിജീവികളേക്കാൾ സഹജമായ ധൈഷണികത വി. എസിനുണ്ടായിരുന്നു. മാവോയ്ക്കും കാസ്‌ട്രോയ്ക്കും ലഭിച്ചിരുന്ന ആരാധന, ഇവരുടെയൊന്നും ജീവചരിത്രം വായിക്കാതെ തന്നെ വി.എസ് മനസ്സിലാക്കിയിട്ടുണ്ടാകണം. താൻ ഏറ്റെടുത്ത പ്രശ്നങ്ങൾ അദ്ദേഹത്തിലേക്ക് എത്തിച്ചതും അതിന്റെ പ്രാധാന്യം വിവരിച്ചുകൊടുത്തതും കൂടെ പ്രവർത്തിച്ചവരാകും. പക്ഷെ പ്രസ്തുത വിഷയത്തെ അധികാര രാഷ്ട്രീയവുമായി ബന്ധപ്പെടുത്തിയതും അതേസമയം ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ നൈതിക വിശുദ്ധിയുടെ ഭാഗമാക്കിയതും വി.എസിന്റെ തന്മയത്വമാർന്ന രാഷ്ട്രീയപാടവം തന്നെ.

വി.എസിന് പിഴച്ചിട്ടുണ്ട്. അതും അറിഞ്ഞുകൊണ്ട് പിഴച്ചതാണ്. വി. എസിന്റെ സെക്യുലറിസം ഒരേപോലെ ഭൂരിപക്ഷ വർഗീയതയും ന്യുനപക്ഷ വർഗീയതയും സമാസമം തുലനം ചെയ്യുന്ന ഇ.എം.എസിന്റെ രീതിയായിരുന്നു. ‘ഇ.എം.എസ്യൻ മാർക്സിസ്റ്റു’കാരനല്ലാത്തിരുന്നിട്ടും ഈ നിലപാട് സൈദ്ധാന്തികമായി സ്വായത്തമാക്കിയ നേതാവായിരുന്നു വി.എസ്. പാർട്ടിക്കകത്തെ പ്രതിയോഗികളെ തളയ്ക്കാനാണ് വി.എസ് ഇതാദ്യം ഉപയോഗിച്ചതെങ്കിൽ പിന്നീട് ഇതൊരു ദൂഷിത പ്രവണതയായി മാറി. മലപ്പുറം ജില്ലയെ അവഹേളിക്കുന്ന വിധവും മുസ്ലിം ജനസംഖ്യാ വർധനവും വി.എസ് അവതരിപ്പിച്ചത്, അദ്ദേഹത്തിന് തീർത്തും വിശ്വാസമുള്ള സഹപ്രവർത്തകരോ പോലീസ് ഉദ്യോഗസ്ഥരോ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. എങ്കിൽ തന്നെയും തന്റെ പരമ്പരാഗത സെക്യുലർ പരിവേഷത്തെ തേച്ചുമിനുക്കിയെടുക്കാൻ വേണ്ടി ഉപയോഗിച്ച ആ നീരിക്ഷണങ്ങൾ ഇന്ന് ഉപയോഗിക്കുന്നത് വി. എസ് നികൃഷ്ടരെന്നു മനസ്സിലാക്കി മാറ്റിനിർത്തിയവരാണ്. അവർ ജാതിജന്മിമാരാണ്.
വലിയ അധികാര പരിവേഷവുമായി നടക്കുന്ന സാമുദായിക സംഘടനകളുടെ അമരത്തിലിരിക്കുന്നവരെ നോക്കി പച്ചയ്ക്ക് ‘ജാതി സംഘടനക്കാർ’ എന്നു വിളിക്കാൻ ആർക്കു ധൈര്യം വരും, വി. എസിനല്ലാതെ?. ഈ ജാതിസംഘടനകളുടെ തിണ്ണനിരങ്ങി വോട്ടുകച്ചവടം നടത്തി പരിശീലിച്ച നേതാവായിരുന്നില്ല വി.എസ്. നവോത്ഥാനത്തിന്റെ സൃഷ്ടിയാണ് വി.എസ്. ശ്രീനാരായണീയ ഉണർവിന്റെ ഗന്ധമുള്ള നേതാവ്. അതിൻെറ പ്രസരിപ്പ് വി.എസിനെ നിർഭയനാക്കി. അതാണ് വി.എസിനെ വിലമതിക്കാനാവാത്ത സമരനായകനാക്കുന്നത്.
