നിലയ്ക്കുന്നതെങ്ങനെ,
നടനം നിറഞ്ഞ ആ ശ്വാസവും ജീവനും?

കേരളനടനത്തിലൂടെയും ബാലേയിലൂടെയും ആസ്വാദകഹൃദയങ്ങളെ കവർന്ന ഭവാനി ​ചെല്ലപ്പൻ, കഴിഞ്ഞദിവസം, 98-ാം വയസ്സിൽ മരിച്ചു. ഭാരതീയ നൃത്തകലാലയത്തിലൂടെ, പങ്കാളിയായ ചെല്ലപ്പനോടൊപ്പം അവർ കലാകേരളത്തിന് നൽകിയ അതുല്യ സംഭാവനകളെ ഓർക്കുന്നു.

കേരളം ഉത്സവാരവങ്ങളുടെ തിരക്കുകൂട്ടലിലാണ്. എവിടെയും തെയ്യവും തിറയും ഉത്സവമേളവും. ഡി.ജെ പാർട്ടിയും ഫ്യൂഷനും മെഗാ തിരുവാതിരയുമൊക്കെ ഉത്സവപ്പറമ്പിന്റെ ആകർഷണമായിരിക്കുന്നു. പണ്ട്, പതിറ്റാണ്ടുകൾക്കുമുമ്പ് കവുങ്ങുകൾ വെട്ടി തൂണുകളാക്കി, ഓല മെടഞ്ഞ് മേൽക്കൂരയാക്കി പണിത താൽക്കാലിക വേദിയുള്ള അമ്പലപ്പറമ്പ്. ബാലേ സ്റ്റാർ ഐറ്റമായിരുന്ന കാലം.

ഉച്ചതിരിയുമ്പോൾ മുതൽ കണ്ണുംനട്ടിരിക്കുന്ന നാട്ടുകാർക്കുമുന്നിലേക്ക് സന്ധ്യയിൽ പൊടിപറപ്പിച്ച് ഭാരതീയ നൃത്തകലാലയം എന്ന ബോർഡിന്റെ തലയെടുപ്പുമായി ബസ് വന്നെത്തുമ്പോഴാണ് ശരിക്കും കൊടിയേറ്റിന്റെ ലഹരി ആരവമായിത്തീർന്നിരുന്നത്. ‘വന്നേ’ എന്ന ആർപ്പുവിളികൾ, ഭവാനിദേവി എന്ന അത്ഭുതത്തെ കാണാനുള്ള തിക്കിത്തിരക്കുകൾ. ആദ്യം പുറത്തിറങ്ങുക ഡാൻസർ ചെല്ലപ്പനെന്ന ജുബ്ബാധാരിയാണ്. കഷണ്ടി വീതിയേറ്റിയ നെറ്റിയിൽനിന്നു വളർന്നുനീണ്ട ചുരുൾമുടി തോളറ്റം കവിഞ്ഞുകിടക്കുന്നുണ്ടാവും. കാത്തുനിൽക്കുന്ന ഭാരവാഹികൾക്കുനേരെ വിരിയുന്ന അതേ വിനയം കലർന്ന ചിരി തന്നെ ആരവവുമായി പൊടിയിൽ കുളിച്ചുനിൽക്കുന്ന ബാലകർക്കും കിട്ടും. പിന്നെയാണ് ഭവാനീദേവിയുടെ മുഖം വാതിൽക്കൽ തെളിയുക. ഒരു ചെറുചിരിയെങ്ങാനും മുഖത്തുദിച്ചാൽ ഭാഗ്യം. മേക്കപ്പ് സാധനങ്ങൾ ചുമക്കുന്നവരുൾപ്പെടെ ഒരു ചെറു സുരക്ഷാസന്നാഹത്തിനു നടുവിലൂടെ അവർ പെട്ടെന്നങ്ങ് നടന്നുപോവും.

ഗുരുശ്രേഷ്ഠ പുരസ്കാരം ഏറ്റുവാങ്ങുന്ന ഭവാനി ചെല്ലപ്പൻ

പെൺവേഷത്തിലെ അഴക്, നൃത്തഭംഗി, അഭിനയത്തിലെ മികവ്… മറ്റു ബാലേ നർത്തകരിൽ നിന്ന് ചെല്ലപ്പൻ- ഭവാനി ടീമിനെ വ്യത്യസ്തമാക്കുന്ന ഒരുപാടു ഘടകങ്ങളുണ്ടായിരുന്നു. സ്റ്റേജിലെ സെറ്റിന്റെ കാര്യത്തിൽ ഒരു കോംപ്രമൈസുമുണ്ടാവില്ല. ഒരു ദേവകിരീടത്തിലേയും കല്ലുകൾ ഇളകിപ്പോയിട്ടുണ്ടാവില്ല. വസ്ത്രങ്ങളുടെ കാര്യത്തിലും യാതൊരു ഒപ്പിക്കൽ പരിപാടിയുമില്ല. ദേവനർത്തകി വന്നാൽ ചിലങ്കയിൽ മുതൽ കനത്ത വാർമുടിയിൽ മുല്ലപ്പൂക്കൾ വരെ അവൾ സ്വർഗ്ഗത്തിൽനിന്ന് ഇവ ഓരോന്നും തെരഞ്ഞെടുത്തതുപോലെ സമൃദ്ധി പ്രദർശിപ്പിക്കും.

രാവണൻ, ദുര്യോധനൻ തുടങ്ങി കഥകളിയിലായാൽകത്തിവേഷത്തിലെത്തുന്ന കഥാപാത്രങ്ങളായിരുന്നു ഡാൻസർ ചെല്ലപ്പൻ പൊതുവേ തെരഞ്ഞെടുത്തിരുന്നത്. നൃത്തങ്ങൾക്കിടയിൽ കഥകളിയും കർണ്ണാടിക് നൃത്തശൈലിയുമെല്ലാം ഭംഗിയായി വിന്യസിപ്പിച്ചിട്ടുണ്ടാവാം. ചെല്ലപ്പൻമാസ്റ്ററുടെ ദുര്യോധനനോടു ദൂതുപറയാനെത്തുന്ന കൃഷ്ണൻ... ഹൊ! അത് ഭവാനീദേവിയുടെ വേഷമായിരുന്നു. മയിൽപ്പീലിക്കിരീടവും ഗോപിക്കുറിയും മഞ്ഞപ്പട്ടും കൈയ്യിൽ ഓടക്കുഴലുമായി ഭവാനീദേവിയുടെ കൃഷ്ണൻ അരങ്ങിലെത്തുമ്പോൾ കുട്ടികളെല്ലാം കള്ളക്കൃഷ്ണനെ നേരിൽകണ്ട അനുഭവത്തിലായി. മുത്തശ്ശിമാർ മൺപൊടി പുരണ്ട വിരലുകളാൽ ചേർത്തുവെച്ച്, തലയുയർത്തി ഉറ്റുനോക്കി 'കൃഷ്ണാ.... ഭഗവാനേ...' എന്നുറക്കെപ്പറഞ്ഞ് പിന്നണിയിലെ പാട്ടിനേക്കാളും ശ്രുതിയിൽ താളം മീട്ടും.

കമ്മിറ്റി ഓഫീസിലിരുന്ന് പ്രമുഖർ സംതൃപ്തിയോടെ കൈകൊണ്ട് മേശയിൽ താളംപിടിച്ച് ഗർവ്വോടെ ചുറ്റുംനോക്കി. പിന്നെ പരസ്പരം അഭിമാനത്തോടെ പറഞ്ഞു, ''നമ്മ്‌ടെ ഉത്സവമാ ഇക്കുറി ഗംഭീരം. മറ്റോര്ടവ്‌ടെ ഈ ബാലേയില്ലല്ലോ.''
അതൊരു അഭിമാനമായിരുന്നു. നാലു ഗ്രാമങ്ങൾ തൊട്ടുതൊട്ടുണ്ടെങ്കിൽ ഒരിടത്തേ, 'ചെല്ലപ്പംപവാനീടെ' ബാലേ വരൂ.

വൃശ്ചികത്തുടക്കത്തിൽ ചായക്കടകളിലെത്തുന്ന ചെറു പോസ്റ്ററുകളാണ് അന്നൊക്കെ ഓരോ ടീമിന്റെയും കഥ എന്താണെന്നറിയിക്കാനുള്ള വിളംബരം. പക്ഷേ, കഥ പറയും മുമ്പുതന്നെ, റിഹേഴ്‌സൽ ക്യാമ്പിനു തുടക്കം കുറിക്കുന്നതിനും മുമ്പുതന്നെ, ഭാരതീയ നൃത്തകലാലയത്തിൽ ബുക്കിംഗിന് ആളെത്തിത്തുടങ്ങും. ഇക്കുറി, 'ചെല്ലപ്പം ഭവാനിയാ' എന്ന അറിയിപ്പെത്തുമ്പോൾ 'വടക്കേടത്തുകാവു'കാരുടെ മുഖം കോടും. കിടപിടിക്കാൻ പിന്നെ രണ്ടു വഴിയേയുള്ളു, പെരുന്നയിലെ അരവിന്ദാക്ഷമേനോന്റെ ട്രൂപ്പ് അല്ലെങ്കിൽ ഇടപ്പള്ളിയിലെ അശോക്‌രാജ്. ചെല്ലപ്പനും ഭവാനിയും ചേരുന്നതിനുതന്നെയാണ് ഡിമാന്റ് കൂടുതൽ.

ഭവാനി ​ചെല്ലപ്പൻ

മഹാഭാരതം തെളിയുന്ന ടെലിവിഷനുകളുടെ വരവിനും മുമ്പത്തെ കാലമായിരുന്നു അത്. ഉത്സവപ്പറമ്പുകളിലെ അരങ്ങുകളിലൂടെ ഒരു തലമുറ മഹാഭാരതത്തെയും രാമായണത്തെയും ഭാഗവതകഥകളെയും ഒക്കെ അടുത്തറിഞ്ഞത് ഇവരിലൂടെയായിരുന്നു. കഥകളിയുടെ സംസ്‌കൃത ക്ലാസിക് തലത്തിലേക്ക് എത്തിപ്പിടിക്കാനുള്ള ജ്ഞാനവൈദഗ്ധ്യമൊന്നും ബാലേയെ സ്‌നേഹിക്കാൻ ആവശ്യമുണ്ടായിരുന്നില്ല. കഥയും പാട്ടും നൃത്തവും ലൈറ്റിംഗിലെ വിസ്മയവും ഒക്കെയായി കേരളക്കരയിലെ ഉത്സവപ്പറമ്പുകളിലേക്ക് മറ്റൊരു കഥാപ്രപഞ്ചത്തെ അവർ കൂട്ടിക്കൊണ്ടുവന്നു.

ബാലേ കണ്ട അമ്മമാർ സ്വന്തം പെൺകുട്ടികളെ 'രണ്ടു ചോടെങ്കിലും' പഠിപ്പിക്കാൻ കൊതിച്ചു. ഭവാനീദേവിയുടെ അടുത്ത് പഠിക്കാൻ പറ്റാത്തവർ 'ചെല്ലപ്പം പവാനീടെ അടുത്ത് പഠിച്ചോരാ' എന്ന വൻ ബിരുദവുമായി എത്തിയവരുടെ ഡാൻസ് ക്ലാസുകളിലേക്ക് കുട്ടികളെ അയച്ചു. മധ്യതിരുവിതാംകൂറിൽ അക്കാലത്ത് ഒരുപാടു പെൺകുട്ടികൾ ഭവാനീദേവിയെ മാനസഗുരുവായി ആരാധിച്ചിരുന്നു.

വർഷങ്ങൾ പിന്നെയും ഒരുപാട് പിന്നിലേക്ക് സഞ്ചരിച്ചാൽ, നാൽപതുകളിൽ, ഉത്സവപ്പറമ്പുകളിൽ പുരുഷന്മാർ സ്ത്രീവേഷം കെട്ടി അഭിനയിക്കുന്ന കാലം. ഭവാനി അന്ന് 12 വയസുള്ള പെൺകുട്ടിയായിരുന്നു. തങ്കമ്മ എന്നായിരുന്നു അന്നത്തെ പേര്. നാടകത്തിലും നൃത്തത്തിലുമൊക്കെ താൽപര്യമുള്ള അച്ഛൻ മകളുടെ നൃത്തത്തോടുള്ള അഭിനിവേശം മനസ്സിലാക്കി സ്‌കൂൾ പഠനം അവസാനിപ്പിച്ചു. എന്നിട്ട് തിരുവിതാംകൂർ മഹാരാജാവിന്റെ മേൽനോട്ടത്തിലുള്ള ശ്രീ ചിത്രോദയം നൃത്തവിദ്യാലയത്തിലേക്ക് തങ്കമ്മയെ ചേർക്കുന്നതിനായി ഒരു അപേക്ഷ അയച്ചു. അപേക്ഷയോടൊപ്പം ഫോട്ടോ വയ്ക്കണമായിരുന്നു. കോട്ടയത്തെത്തി ഫോട്ടോയെടുത്ത് അതും ഉൾപ്പെടുത്തി. ഫോട്ടോയിൽ തല ചെരിഞ്ഞാണ് നിൽക്കുന്നതെന്ന കാരണത്താൽ ഒഴിവാക്കിയതായി മറുപടി കത്ത് വന്നു. തല ചെരിഞ്ഞിട്ടല്ല യഥാർത്ഥത്തിലെന്ന് കത്തെഴുതി അനുവാദം ചോദിച്ചു. അത് അംഗീകാരമായി. ഉടനെതന്നെ തങ്കമ്മയെയും കൂട്ടി കുമരകത്തുനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.

ജാതിയേത്, മതമേത് എന്നൊക്കെ നോക്കി മാത്രമാണ് പ്രവേശനം നൽകിയിരുന്നത്. കലയ്ക്ക് എന്ത് ജാതി, മതം? എന്ന് അച്ഛൻ ചിത്രോദയത്തിലെത്തി അധ്യാപകരോട് ചോദിച്ചപ്പോൾ ഒരുവേള തങ്കമ്മയെ മാറ്റിനിർത്തിയേക്കുമെന്ന് കരുതിയിരുന്നു. കർശനമായ പരിശോധനയ്‌ക്കൊടുവിൽ തങ്കമ്മയുടെ അഭിനയശേഷി പരീക്ഷിച്ചു.
''എന്തെങ്കിലും ഒന്ന് അഭിനയിച്ചു കാണിക്കണം.''
നൃത്തം രക്തത്തിൽ അലിയിച്ച അച്ഛന്റെ മകൾക്ക് ഒട്ടും മടിയുണ്ടായില്ല.
''കൊച്ചുപൂച്ചയെ കണ്ടീടുമ്പോൾ
ഉണ്ടാം കൗതുകം....'' എന്നു തുടങ്ങുന്ന വരികൾ ചൊല്ലിക്കൊണ്ട് തങ്കമ്മ അഭിനയിച്ചുകാണിച്ചു. ഗുരുക്കന്മാർ സംതൃപ്തരായി. അതോടെ തങ്കമ്മയ്ക്ക് സെലക്ഷൻ കിട്ടി. ഗുരു ഗോപിനാഥിനു മുന്നിൽ ഇരുപത്തെട്ടരച്ചക്രം വെറ്റില, അടക്കയോടൊപ്പം ദക്ഷിണയായി വെച്ച് ശിഷ്യയായി തങ്കമ്മയും ചേർന്നു. ഗുരുവിന്റെ പത്‌നി തങ്കമണിയും അധ്യാപികയായി അവിടെയുണ്ടായിരുന്നു. ഗുരു ഗോപിനാഥ് തങ്കമണിയാണ് കേരളനടനവും ബാലെയുമൊക്കെ ചിട്ടപ്പെടുത്തിയവർ. പ്രശസ്തരായ ഗുരുക്കന്മാർ. നാല് ആൺകുട്ടികളും നാല് പെൺകുട്ടികളുമായിരുന്നു അന്ന് പഠിക്കാനുണ്ടായിരുന്നത്. പെൺകുട്ടികളിൽ മൂന്നുപേരും തങ്കമ്മമാരായിരുന്നു. അപ്പോഴാണ് ഗുരു ഗോപിനാഥ് ചോദിച്ചത്, ''വീട്ടിൽ വല്ല രണ്ടാം പേര് വിളിക്കാറുണ്ടോ?''
''ഭവാനി എന്നൊരെണ്ണമുണ്ട്.''
''എന്നാപ്പിന്നെ, ഇനിത്തൊട്ട് ഭവാനീന്നായിക്കോട്ടെ നിന്റെ പേര്.''
അങ്ങനെ തങ്കമ്മ ഭവാനിയായി. കടുത്ത ശിക്ഷകളോടെയായിരുന്നു ഗുരുജി ശിഷ്യഗണങ്ങളെ പഠിപ്പിച്ചിരുന്നത്. കൊട്ടാരത്തിൽനിന്ന് 25 രൂപ സ്റ്റൈപന്റ് ലഭിച്ചിരുന്നു. മൂന്നുമാസം കൂടുമ്പോൾ രാജാവും അമ്മത്തമ്പുരാട്ടിയും നൃത്തവിദ്യാലയത്തിൽ നേരിട്ടെത്തും. അവർക്കുമുന്നിൽ നൃത്തം അവതരിപ്പിക്കണം. കൊട്ടാരത്തിലുമുണ്ടാകും അവതരണം. മോഹിനിയാട്ടത്തിൽ കല്യാണിക്കുട്ടിയമ്മടീച്ചറും കഥകളിയിലെ മുദ്രകളിൽ കൃഷ്ണൻ നായരാശാനും പാഠങ്ങൾ പഠിപ്പിച്ചിരുന്നു. നാലുവർഷത്തെ പഠനം കഴിഞ്ഞു.

ഭവാനി ചെല്ലപ്പൻ ബാലെ വേഷത്തിൽ

ഗുരു ഗോപിനാഥന് ഇടയ്ക്കിടെ മൂകാംബികയിലേക്ക് ഒരു പോക്കുണ്ട്. ആ സമയത്ത് ചിത്രോദയം നൃത്തവിദ്യാലയത്തിലെ കാര്യങ്ങൾ തകിടം മറിയുന്നുവെന്ന് രാജാവ് പരാതിപ്പെട്ടു. അങ്ങനെയെങ്കിൽ ഗുരു ചിത്രോദയത്തിൽ നിന്നും രാജിവയ്ക്കുന്നതാണ് നല്ലതെന്ന് നീട്ടെഴുത്തുവന്നു. പഠിച്ചും പഠിപ്പിച്ചും അവിടെ നിൽക്കേണ്ടവർക്ക് നിൽക്കാം, അല്ലാത്തവർക്ക് പോകാം എന്ന അവസ്ഥ വന്നപ്പോൾ ഭവാനി അച്ഛനെ വിളിച്ചുവരുത്തി.

''ഗുരുത്വദോഷം കാണിക്കേണ്ട. ഗുരു എങ്ങോട്ടാണോ പോകുന്നത് അങ്ങോട്ട് പോയാൽ മതി’’ എന്നായി അച്ഛൻ. ഗുരു രാജിവെച്ച് മദ്രാസിലേക്ക് പോകാനാണ് തീരുമാനിച്ചത്. അങ്ങനെ ഗുരുവിനൊപ്പം ഭവാനിയും മദ്രാസിലേക്ക് പുറപ്പെട്ടു. കൂട്ടത്തിൽ കൂടെ പഠിച്ചിരുന്ന ചെല്ലപ്പനുമുണ്ടായിരുന്നു. കൂടെ പഠിച്ചിരുന്നവരാണെങ്കിലും ഒന്നു മിണ്ടാനോ കാണാനോ പോലും അവസരങ്ങളുണ്ടായിരുന്നില്ല. ക്ലാസിൽ വച്ചുമാത്രമാണ് കാണാൻ പറ്റിയിരുന്നത്. അവിടെ വെച്ച് അധികമൊന്നും സംസാരിക്കാനും പറ്റില്ല. ഇതുതന്നെയായിരുന്നു മദ്രാസിലെ പഠനകാലത്തുമുള്ള സ്ഥിതി.

മദ്രാസിൽ പഠിപ്പിക്കലും പഠിക്കലുമായി ഗുരുജിക്കൊപ്പം കൂടി. ആ കാലത്ത് ഗുരുജി ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചു. നൃത്തത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സിനിമ. അതിൽ പൂതനാമോക്ഷം അവതരിപ്പിക്കാനുള്ള അവസരം ഭവാനിക്കായിരുന്നു. പത്മ സുബ്രഹ്മണ്യത്തിന്റെ അച്ഛൻ സുബ്രഹ്മണ്യമായിരുന്നു സംവിധായകൻ. പക്ഷെ, നിർഭാഗ്യവശാൽ ആ സിനിമ നടന്നില്ല.

സിനിമയ്ക്കുവേണ്ടി പരിശീലനം നടത്തുന്ന കാലത്താണ് ചെല്ലപ്പൻ ഭവാനിയെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ടെന്ന് ഗുരുവിനെ അറിയിക്കുന്നത്. ഭവാനിക്കും എതിരില്ലായിരുന്നു. ഗുരു ഭവാനിയുടെ അച്ഛനെ വിളിച്ച് കാര്യം പറഞ്ഞു. ചെല്ലപ്പന്റെ വീട്ടുകാരെക്കുറിച്ച് അന്വേഷിച്ചപ്പോൾ തരക്കേടില്ലെന്നു കണ്ടതോടെ അച്ഛനും വിവാഹത്തിന് സമ്മതംമൂളി.

ചമ്പക്കുളത്താണ് ചെല്ലപ്പന്റെ വീട്. ചമ്പക്കുളത്തുനിന്ന് വരനും സംഘവും ബോട്ടും പിടിച്ച് കുമരകത്തെത്തി വിവാഹം നടക്കുമ്പോൾ രാത്രി ഒരുമണി. അർദ്ധരാത്രിയിലെ വിവാഹം കഴിഞ്ഞ് വരനും സംഘവും പെണ്ണിനെയുംകൊണ്ട് ചമ്പക്കുളത്തേക്ക് എത്തുമ്പോൾ പുലർന്നിരുന്നു. പിറ്റേദിവസത്തോടെ ഭവാനി, ഭവാനി ചെല്ലപ്പനായി.

വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കകംതന്നെ ചെല്ലപ്പനും ഭവാനിയും മദ്രാസിലേക്ക് വണ്ടികയറി. ഗുരുവിന്റെ കൂടെ നൃത്തം പഠിപ്പിക്കലുമായി തുടർന്നു. ഈ സമയത്താണ് സിലോൺ, ജാഫ്‌നയിലെ നൃത്തവിദ്യാലയത്തിലേക്ക് ഒരു നൃത്താധ്യാപികയെ വേണമെന്ന് ആവശ്യപ്പെടുന്നത്. അങ്ങനെയെങ്കിൽ ചെല്ലപ്പനും ഭവാനിയും പോകട്ടെയെന്ന് ഗുരുഗോപിനാഥ് നിർദ്ദേശിച്ചു. അങ്ങനെ ഇരുവരും ജാഫ്‌നയിലേക്ക് തിരിച്ചു.

മൂന്നുവർഷം ജാഫ്‌നയിൽ പഠിപ്പിക്കൽ. ഇടയ്ക്കിടെ നാട്ടിലേക്ക് വന്നുപോകും. മൂന്നുവർഷത്തിനുശേഷം കരാർ തീർന്നതോടെ ജാഫ്‌നയിൽ നിന്നു പോന്നു. തിരിച്ചെത്തി തിരുവനന്തപുരത്ത് ഒരു വിദ്യാലയം തുടങ്ങാനായിരുന്നു ചെല്ലപ്പന്റെയും ഭാനിയുടെയും പ്ലാൻ. എന്നാൽ ഗുരു നിർദ്ദേശിച്ചത് കോട്ടയത്തു തുടങ്ങാനായിരന്നു. അങ്ങനെയാണ് ജന്മനാടായ കോട്ടയത്തെത്തുന്നത്.

ഭവാനി പങ്കാളിയായ ചെല്ലപ്പനൊപ്പം ബാലെ വേഷത്തിൽ

''ഓ, വല്ല റബറോ കുരുമുളകോ കച്ചവടം നടത്താനൊരു കടയാണ് വേണ്ടതെങ്കി ഒണ്ടായിരുന്നു’’, ആതിഥ്യമരുളിയ കോട്ടയം മനസിനെ നൃത്തമെന്താണെന്ന് പറഞ്ഞുമനസിലാക്കാൻ പിന്നെയും ഒരുപാട് പണിപ്പെട്ടു, ചെല്ലപ്പനും ഭവാനിയും. ഒടുവിൽ, ചെല്ലപ്പനും ഭവാനിയും നൃത്തവിദ്യാലയം തുടങ്ങുകതന്നെ ചെയ്തു. ആ നൃത്തവിദ്യാലയത്തിലൂടെ കേരളനടനത്തെയും ബാലെയെയും മാത്രമല്ല, മോഹിനിയാട്ടത്തെയും ഭരതനാട്യത്തെയുമെല്ലാം കേരളത്തിലാകെ സഞ്ചരിച്ച് കാട്ടിക്കൊടുത്തു. കേരളം മുഴുവൻ യാത്ര. പകൽ പഠിപ്പിക്കൽ, രാത്രി ബാലെയും നൃത്തവുമായി ഊരുചുറ്റൽ. ബസിലും മറ്റുമായിരുന്നു രാത്രികൾ മുഴുവൻ.

ഈ കാലത്തൊക്കെ സിനിമയിൽ ഡാൻസുകാരിയായും നൃത്തസംഘാംഗമായും ഒക്കെ ഒരുപാട് ഓഫറുകൾ വന്നിരുന്നു. പക്ഷേ, ചെല്ലപ്പൻ ഭവാനിയോട് പറഞ്ഞു, ''നമുക്ക് ഡാൻസ് മതി. സിനിമയിലേക്ക് പോയാൽ ഇത് ശ്രദ്ധിക്കാൻ പറ്റാതാകും.''

സിനിമയിൽ പോയാൽ കിട്ടുന്ന പ്രതിഫലത്തേക്കാൾ വലുതായിരുന്നു സ്റ്റേജുകളിൽ അഭിനയിച്ച് കിട്ടുന്ന തുച്ഛമായ വരുമാനം. വരുമാനക്കണക്കിലല്ല മനസിന് കിട്ടുന്ന ആനന്ദം മാത്രമായിരുന്നു കണക്കുകൂട്ടിയത്. നീണ്ട യാത്രകൾക്കിടയിൽ ചെല്ലപ്പൻ മരണത്തിലേക്ക് പോയി. ഭവാനി തനിച്ചായിരുന്നില്ല, കേരളനടനവും ബാലെയും ചെല്ലപ്പൻ ബാക്കിവെച്ചുപോയ നൃത്തകലാലയവും ഒക്കെ കൂട്ടിനുണ്ടായിരുന്നു. ചെല്ലപ്പന്റെ സ്മൃതികളിൽ ഭവാനി നിയോഗം പോലെ ഭാരതീയ നൃത്തകലാലയം നടത്തിക്കൊണ്ടുപോന്നു.

90 വയസ്സ് പിന്നിട്ടപ്പോഴും ഭവാനിയുടെ കൈകാലുകൾക്കും മനസ്സിനും യൗവ്വനം വിട്ടൊഴിഞ്ഞില്ല. നൃത്താധ്യാപികയായി ജീവിതത്തെ കലയിൽ അലിയിച്ചുകൊണ്ടിരുന്നു. കേരളനടനവും ബാലേയും മലയാളത്തിനാകെ പരിചയപ്പെടുത്തിയ അവർക്ക് നൃത്തമായിരുന്നു ശ്വാസം, നടനമായിരുന്നു ജീവൻ. ചെല്ലപ്പൻചേട്ടൻ വിടപറഞ്ഞപ്പോൾ ഓർമകളും നൃത്തവും കൂടെയുള്ളതുകൊണ്ട് താൻ പിടിച്ചുനിന്നു എന്ന് വിശ്വസിച്ചു, ഭവാനി. ശ്വാസം നിലയ്ക്കുംവരെ അക്ഷരാർത്ഥത്തിൽ നൃത്തത്തിനൊപ്പം സഞ്ചരിച്ചു.

അവാർഡുകളോ ആദരങ്ങളോ ഭവാനിയെ സ്പർശിച്ചതേയില്ല. ഒരിക്കലും അവരത് ആഗ്രഹിച്ചതുമില്ല. ചെല്ലപ്പൻ ചേട്ടനെപ്പോലൊരു നല്ല നർത്തകനെ കിട്ടിയാൽ ഇനിയും ഒരു സ്റ്റേജിൽ വേഷം ചെയ്യണമെന്നുണ്ട് എന്ന ആഗ്രഹം പറയുമായിരുന്നു. ചെല്ലപ്പനൊപ്പമുണ്ടായിരുന്ന സ്റ്റേജ് ഓർമകളോളം നല്ലൊരു അവാർഡും തനിക്കില്ലെന്നും അവർ പറയും. കലയ്ക്കുവേണ്ടി മാത്രം ജീവിച്ച് മടങ്ങുകയാണ് ഭവാനി ചെല്ലപ്പൻ. ഒരു നൂറ്റാണ്ടിന്റെ കേരളകലാചരിത്രത്തിൽ ഭവാനിയും ചെല്ലപ്പനും അവരവരുടേതായ സംഭാവനകൾ നൽകിയിട്ടുണ്ട്; ആരും ഓർമിച്ചില്ലെങ്കിൽപ്പോലും.

Comments