ഡോക്യുമെന്ററി ചിത്രീകരണത്തിനിടെ ദേവകി നിലയങ്ങോടിനൊപ്പം സംവിധായകന്‍ എം.ജി ശശിയും നിര്‍മ്മാതാവ് ടി.ജി നിരഞ്ജനും

ദേവകി നിലയങ്ങോട് എന്ന വിപ്ലവ മുദ്രാവാക്യം

മലയാളത്തിലെ ആദ്യത്തെ സമ്പൂർണ സ്ത്രീ നാടകമായിരുന്ന'തൊഴിൽകേന്ദ്രത്തിലേയ്ക്ക്'എന്ന നാടകത്തെ ആധാരമാക്കി ഡോക്യുമെൻ്ററി സംവിധാനം ചെയ്ത എം.ജി ശശി ദേവകി നിലയങ്ങോടിനെ ഓർക്കുന്നു.

പിലവസ്തു ദേവകി നിലയങ്ങോടിൻ്റെ മകൾ ചന്ദ്രികയുടെ വീടാണ് -മരുമകൻ ചിന്ത രവിയേട്ടൻ്റെ വീടാണ്. ഏറെക്കാലമായി അവർ ചന്ദ്രികയോപ്പോൾക്കൊപ്പമായിരുന്നു താമസം.

''കൊറച്ച് കാലായിട്ട് അമ്മേനെ കാണാൻ എത്തീല്യാലോ, അമ്മേടെ കുട്ടി.''

ചന്ദ്രികയോപ്പോൾ ഗീതയോട് സങ്കടം പറഞ്ഞു. അത്ര വലിയ അടുപ്പമായിരുന്നൂ ദേവകി നിലയങ്ങോടുമായി ഞങ്ങൾക്കുണ്ടായിരുന്നത്, പ്രത്യേകിച്ചും 'തൊഴിൽകേന്ദ്രത്തിലേയ്ക്ക്' എന്ന നാടകത്തെ ആധാരമാക്കിയ ഡോക്യുമെൻ്ററി ചെയ്യുന്ന കാലത്ത്. ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി അക്കാലത്തെ അനുഭവങ്ങൾ പങ്കുവെച്ചു കൊണ്ട് ഞങ്ങളോടൊപ്പം അവർ ഉണ്ടായിരുന്നു.

ക്യാമറ സ്വിച്ച് ഓൺ ചെയ്ത് സിനിമയ്ക്ക് തുടക്കമിട്ടു തന്നതും ദേവകി നിലയങ്ങോടാണ്. വലിയൊരു ആഘോഷമായി മാറിയ സിനിമയുടെ ആദ്യ പ്രദർശനത്തിലും സജീവമായിത്തന്നെ അവർ നമ്മുടെ സംഘത്തോടൊപ്പമുണ്ടായിരുന്നു. പിന്നീട് ഓർമ്മകൾ മങ്ങിത്തുടങ്ങി, വേണ്ടപ്പെട്ടവരിൽ നിന്നും ചുറ്റുപാടുകളിൽ നിന്നുമൊക്കെ അവരുടെ മനസ്സ് അകന്നുപോയി.

തൊഴിൽകേന്ദ്രത്തിലേയ്ക്ക്' എന്ന നാടകത്തിൽ നിന്ന്

ഇടയ്ക്കൊരു തവണ കണ്ടപ്പോൾ അവർക്കെന്നെ തീരെ മനസ്സിലായില്ലെന്ന് തോന്നി.

''എന്നെ മനസ്സിലായില്ലേ?

ഞാൻ ശശിയാണ്.''

''ശശി?''

കഷ്ടം.

അവരുടെ ഓർമ്മകളിൽ ഞാനില്ലാതായിക്കഴിഞ്ഞിരുന്നു.

അടിയ്ക്കടി കാണാൻ ചെല്ലുന്നത് ഇൻഫെക്ഷൻ വരുത്താനോ, രോഗം കൂട്ടാനോ ഇടയാക്കരുത് - കൊറോണക്കാലമാണ്. അതുകൊണ്ടു തന്നെ പിന്നെ കാണാൻ പോയില്ല. ആ സങ്കടം ബാക്കിയുണ്ട്.

1928-ൽ മൂക്കുതല പകരാവൂർ മനയ്ക്കൽ ജനിച്ച ദേവകി നിലയങ്ങോട് മരണാനന്തര ചടങ്ങുകളൊന്നുമില്ലാതെ മണ്ണിലേയ്ക്ക് മടങ്ങി. പത്തു ദിവസങ്ങൾക്ക് മുമ്പ് അവരുടെ സഹോദരൻ പി. ചിത്രൻ നമ്പൂതിരിപ്പാടും നമ്മെ വിട്ടു പോയിരുന്നു. തിരൂരിൽ നിന്ന് തിരിച്ചു പോരുമ്പോൾ ദേവകി നിലയങ്ങോടിൻ്റെ ഓർമ്മകളിലായിരുന്നു ഞാനും ഗീതയും.

'തത്തയ്ക്ക് കൂടു തൊറന്ന് കൊടുക്കണ ധർമ്മബോധല്യ ലോകത്തിന്.

തത്ത അതിൻ്റെ ചെറകോണ്ടന്നെ കൂട് തല്ലിപ്പൊളിയ്ക്കണം.'

പാർവ്വതി നെന്മിനിമംഗലവും, ആര്യാ പള്ളവും, ശ്രീദേവി കണ്ണമ്പിള്ളിയും, ഗംഗാദേവിയും, കാവുങ്കര ഭാർഗവിയുമെല്ലാമടങ്ങുന്ന സ്ത്രീ നവോത്ഥാന പ്രസ്ഥാനത്തിൻ്റെ കരുത്തുറ്റ പോരാളിയായിരുന്നു ദേവകി നിലയങ്ങോട്.

പകരാവൂർ മനയിൽ ചിത്രൻ നമ്പൂതിരിപ്പാടിൻ്റെ സഹോദരിയായി ജനിച്ചു വളർന്നവൾ, വി. ടിയുടെയും എം. ആർ. ബിയുടെയും പ്രേംജിയുടെയുമൊക്കെ നേതൃത്വത്തിലുള്ള നവോത്ഥാന പ്രസ്ഥാനത്തോടൊപ്പം സഞ്ചരിയ്ക്കാൻ ഭാഗ്യം ലഭിച്ചവൾ, കുറിയേടത്ത് താത്രിയുടെ കലാപത്തിൽ നിന്ന് ഊർജ്ജം സ്വീകരിച്ചവൾ... അത്തരം അറിവുകളും തിരിച്ചറിവുകളും നമ്മളറിയുന്ന ദേവകി നിലയങ്ങോടിനെ രൂപപ്പെടുത്തുകയായിരുന്നു.

ദേവകി നിലയങ്ങോടും സഹോദരൻ പി. ചിത്രൻ നമ്പൂതിരിപ്പാടും

വിവാഹ ദിവസം നിലയങ്ങോട് മനയ്ക്ക് മുന്നിൽ നാട്ടുകാർ വധൂവരന്മാരെ സ്വീകരിച്ചത് ഇങ്കുലാബ് വിളികളോടെ ആയിരുന്നത്രേ. കമ്മ്യൂണിസ്റ്റുകളുടെ ഇങ്കുലാബ് സിന്ദാബാദ് വിളി ദേവകി ആദ്യമായി കേട്ടത് അന്നാണ്.

'മുഷ്ടി ചുരുട്ടുക സോദരിമാരേ

മുറ്റുമഭിവാദ്യം ചെയ്യുക നമ്മൾ

മുക്ത ശരീരയാം ദേവിയൊടിപ്പോൾ

രക്താഭിവാദനമോതുക നമ്മൾ...'

എഴുത്തഞ്ചാം വയസ്സിലാണ് ദേവകി നിലയങ്ങോട് എഴുത്തിൻ്റെ വഴിയിലേയ്ക്കെത്തുന്നത്. നമ്പൂതിരി സമുദായത്തിലെ നരകജീവിതത്തിൻ്റെ-പെൺജീവിതത്തിൻ്റെ ചിത്രങ്ങൾ അവരുടെ രചനകളിൽ തെളിഞ്ഞു. ആലൂരിൽ വി.ടിയുടെ രസികസദനത്തിലെ മറക്കുട വലിച്ചെറിയലും ഘോഷാ ബഹിഷ്കരണവും വിധവാ വിവാഹവും, പട്ടാമ്പി കൊടുമുണ്ടയിൽ ജാതി-മത വിഭജനങ്ങൾക്കതീതമായ ഉദ്ബുദ്ധ കേരളം കോളനി പ്രവർത്തനങ്ങളും ദേവകിയിൽ വലിയ സ്വാധീനമുണ്ടാക്കി.

അക്കാലത്ത് രൂപീകരിയ്ക്കപ്പെട്ട അന്തർജ്ജന സമാജത്തിൻ്റെ സെക്രട്ടറിയായും കുറച്ചു കാലം അവർ പ്രവർത്തിച്ചു. വി.ടിയുടെ അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്, എം.ആർ.ബിയുടെ മറക്കുടയ്ക്കുള്ളിലെ മഹാനരകം, പ്രേംജിയുടെ ഋതുമതി എന്നിവയാണ് അക്കാലത്ത് നവോത്ഥാന നമ്പൂതിരി നാടകത്രയമെന്ന് അറിയപ്പെട്ടിരുന്നത്. എന്നാൽ പ്രമേയത്തിലും ഘടനയിലും അവതരണത്തിലും ഏറെ മുന്നോട്ടു പോയ ഒന്നാണ് 'തൊഴിൽകേന്ദ്രത്തിലേയ്ക്ക്' എന്ന മലയാളത്തിലെ ആദ്യ സമ്പൂർണ സ്ത്രീ നാടകം.

ദേവകി നിലയങ്ങോട്

നമ്പൂതിരി സമുദായത്തിൽ നിന്ന് ഭ്രഷ്ടരാക്കപ്പെടുന്ന സ്ത്രീകൾ തൊഴിലെടുത്ത് രണ്ടു കാലിൽ നിവർന്നു നിന്ന് ജീവിയ്ക്കാനായി പാലക്കാട് ലക്കിടിയിൽ ഒരു തൊഴിൽകേന്ദ്രം തുടങ്ങി - മലയാളത്തിലെ ആദ്യ സ്ത്രീ കമ്മ്യൂൺ. പിന്നീട് ഭർത്തൃഗൃഹത്തിൽ നിന്ന് രക്ഷപ്പെട്ടോടിയെത്തി തൊഴിൽകേന്ദ്രത്തിലെ അന്തേവാസിനിയായി മാറിയ ഒരു പെൺകിടാവിൻ്റെ ജീവിതാനുഭവങ്ങളെ ആധാരമാക്കി ഈ സ്ത്രീകൾ തന്നെ എഴുതി സംവിധാനം ചെയ്ത് പുരുഷ വേഷങ്ങളടക്കം അഭിനയിച്ച് 'തൊഴിൽകേന്ദ്രത്തിലേയ്ക്ക്' എന്ന നാടകം രൂപപ്പെടുത്തി.

പണത്തിനു വേണ്ടി വിൽക്കാന്‍ തീരുമാനിച്ച ഒരു പെൺകിടാവിനെ അവളുടെ പെൺകൂട്ടുകാരികൾ ചേർന്ന് രക്ഷപ്പെടുത്തുന്നതാണ് കാണികളെ ആവേശഭരിതരാക്കുന്ന ഈ നാടകത്തിൻ്റെ പ്രമേയം. തൊഴിലെടുത്ത് ജീവിയ്ക്കാൻ സ്ത്രീയെ പ്രേരിപ്പിയ്ക്കുന്ന, സവർണ - പൗരോഹിത്യ - പുരുഷ - ബ്രാഹ്മണാധിപത്യങ്ങൾക്കെതിരെ കലാപം പ്രഖ്യാപിയ്ക്കുന്ന ഒന്നായിരുന്നൂ ആ നാടകം.

അതുകൊണ്ടു തന്നെ ആ നാടകത്തെ ബോധപൂർവ്വം വിസ്മൃതിയിലേയ്ക്ക് ചവിട്ടിത്താഴ്ത്താനുള്ള ശ്രമം ദശകങ്ങളോളം നടന്നു.

'ശീലിയ്ക്കൂ പണി ചെയ്തു

ജീവിയ്ക്കാൻ കേട്ടു ഞാനാ-

നാളിലോങ്ങല്ലൂർ നിന്നു

കേട്ടിന മുദ്രാവാക്യം.'

കുടുംബത്തിലും സമുദായത്തിലും സമൂഹത്തിലും സ്ത്രീയുടെ ലൈംഗിക - സാമ്പത്തിക - സാമൂഹ്യ പദവികളെ രേഖപ്പെടുത്തുന്ന, പുരുഷമേധാവിത്വത്തിൻ്റെ പൂണൂൽ വലിച്ചുപൊട്ടിച്ച് കെട്ടുതാലി പൊട്ടിച്ചെറിഞ്ഞ് പെണ്ണ് സ്വാതന്ത്ര്യത്തിലേയ്ക്ക് പറന്നുയരുന്ന 'തൊഴിൽകേന്ദ്രത്തിലേയ്ക്ക്' എന്ന ആ നാടകത്തിന് നാടക ചരിത്രത്തിലും സാമൂഹ്യ ചരിത്രത്തിലും വലിയൊരു സ്ഥാനമാണ് ഉള്ളത്.

അന്തർദ്ദേശീയ തലത്തിൽ അരിസ്റ്റോ ഫെനീസിൻ്റെ ലിസിസ്സ്ട്രാറ്റയ്ക്കും ഇബ്സൻ്റെ ഡോൾസ് ഹൗസിനുമൊപ്പം പരാമർശിയ്ക്കേണ്ടതായ ഒരു മലയാളി സ്ത്രീ നാടകം.

'തൊഴിൽകേന്ദ്രത്തിലേയ്ക്ക്' എന്ന ഡോക്യുമെൻ്ററിയിൽ ദേവകി നിലയങ്ങോട് പറയുന്നത് ശ്രദ്ധിയ്ക്കൂ...

''നമ്മുടെ ജീവിതം ഇങ്ങനെ നശിച്ചുപോയി.

പൂജയ്ക്ക് വട്ടം കൂട്ടീട്ടും തേവരിച്ചിട്ടും ഭക്ഷണംണ്ടാക്കീട്ടും അടുക്കളടെ ഉള്ളില് ജീർണിയ്ക്കാണ് നമ്മള്.

നമ്മടെ കുട്ടികളെയെങ്കിലും ഒരു പുതിയ ലോകത്തിലേയ്ക്ക് വളർത്തി എടുക്കണ്ടേ?

നിസ്സഹായരായിരുന്നൂ അന്തർജ്ജനങ്ങളന്ന്. 1931-ലാണ് അന്തർജ്ജന സമാജം രൂപീകരിയ്ക്കണത്. കൊറച്ച് കാലം ഞാനതിൻ്റെ സെക്രട്ടറി ആയിരുന്നു. ആ സമയത്താണ് പട്ടാമ്പീല് ഒരു വൃദ്ധവിവാഹം നടക്ക്ണൂന്നറിഞ്ഞ് ഞങ്ങള് പിക്കറ്റിംഗിന് പോയത്. വേലീടെ ചുറ്റും ഞങ്ങളെല്ലാവരും കൂടി വളഞ്ഞ് നിന്ന്ട്ട് മുദ്രാവാക്യം വിളിയ്ക്കാൻ തൊടങ്ങി. നിങ്ങടെ മകൻ്റെ ഭാര്യ -14 വയസ്സുള്ള വിധവയുടെ കണ്ണീര് നിങ്ങള് കാണുന്നുണ്ടോ? എന്നിട്ട് 70 വയസ്സായ നിങ്ങള് വീണ്ടും വിവാഹം ചെയ്യാൻ ഒരുങ്ങ്വാണോ? ഇതൊക്ക്യാണ് ഞങ്ങള് ചോദിച്ചോണ്ടിരുന്നത്.

പക്ഷേ, ആ സമരത്തില് ഞങ്ങള് തോറ്റു. വിദ്യാഭ്യാസം ഇല്ലാത്തതോണ്ട് അന്തർജ്ജനങ്ങൾക്ക് ജോലിയ്ക്ക് സാദ്ധ്യത ഒന്നൂല്യ. പത്തുറുപ്പിക കയ്യില്ണ്ടായാ അതിൻ്റൊരു ആത്മവിശ്വാസണ്ടാവും സ്ത്രീകൾക്ക്. എല്ലാത്തിനും മറ്റുള്ളവരെ ആശ്രയിയ്ക്കേണ്ടി വര്വാ... ആശ്രയിച്ചാ കിട്ടാനും വഴില്യ. പുരുഷമ്മാരൊന്നും സ്ത്രീകളോട് ഒരു അടുപ്പോം കാണിയ്ക്കില്ല.

രാത്രി കെടക്കാൻ വര്വാ, കെടന്ന് രാവിലെ എണീറ്റ് പൂവ്വാന്നല്ലാണ്ടെ... ഈ അനുഭവങ്ങളിൽ നിന്നാണ് തൊഴിൽകേന്ദ്രംന്ന്ള്ള ആശയം രൂപപ്പെട്ടത്. തൊഴിലെടുത്ത് ജീവിയ്ക്കണം സ്ത്രീ. നൂൽനൂൽപ്പോണ്ട് ജീവിച്ചൂ പിന്നെ കൊറേ സ്ത്രീകള്... ഖാദി കേന്ദ്രത്തിലൊക്കെ കൊട്ത്തിട്ട്. പിന്നെ കൊറച്ച് പേര് തുന്നലോണ്ട്...

അന്നത്തെ ജീവിത സംഘർഷങ്ങളൊക്കെ ഉൾപ്പെടുത്തീട്ടാണ് 'തൊഴിൽകേന്ദ്രത്തിലേയ്ക്ക്' എന്ന നാടകം ണ്ടാക്കിയത്. നാടകത്തിൻ്റെ അവസാന രംഗം ആയപ്പഴയ്ക്കും ഒറക്കെ കരച്ചില് തൊടങ്ങീ സ്ത്രീകളൊക്കെക്കൂടീട്ട്... തേങ്ങിത്തേങ്ങി കരയ്വാ അന്തർജ്ജനങ്ങളൊക്കെ... കൂട്ടക്കരച്ചിലായി.

നാടകക്കാരൊന്ന്വല്ല അവരാരും. പക്ഷേ, അന്നത്തെ ആവശ്യത്തിന് അവരീ നാടകം എഴ്തിണ്ടാക്കി കളിച്ചു. അതുകൊണ്ട് വളരെ എളുപ്പം നവോത്ഥാന പ്രവർത്തനങ്ങളിലിയ്ക്ക് സമുദായത്തിനെ കൊണ്ടുവരാൻ സാധിച്ചു."

'തൊഴിൽകേന്ദ്രത്തിലേയ്ക്ക്' എന്ന നാടകമടക്കം അക്കാലത്തെ സമുദായ -സാമൂഹ്യ -സ്ത്രീ നവോത്ഥാന മേഖലകളിൽ മുൻകൈ പ്രവർത്തനം നടത്തിയ ദേവകി നിലയങ്ങോടിൻ്റെ ജീവിതം പുതുതലമുറകൾക്ക് ഒരു പാഠപുസ്തകമാണ്.

പക്ഷേ, കാലവും ചരിത്രവും സമൂഹത്തെ - പ്രത്യേകിച്ച് സ്ത്രീ ജീവിതത്തെ വീണ്ടും വീണ്ടും പരിഹസിയ്ക്കുന്നു, ചതിയ്ക്കുന്നു. ജാഥയ്ക്ക് ആളെക്കൂട്ടാൻ കുടുംബശ്രീകൾ വേണം. ബാനറിൻ്റെ രണ്ടറ്റവും പിടിയ്ക്കാൻ, താലം പിടിച്ചലങ്കരിയ്ക്കാൻ പെണ്ണുങ്ങൾ വേണം. എന്നാൽ സ്ത്രീയുടെ അസ്തിത്വവും സ്വത്വവും എപ്പോഴും അവഗണിയ്ക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്നു.

നവോത്ഥാന കാലത്ത് രൂപപ്പെടുകയും സ്വാഭാവികമായി മുന്നോട്ട് സഞ്ചരിയ്ക്കുകയും ചെയ്ത സ്ത്രീയുടെ സ്വാതന്ത്ര്യ സ്വപ്നങ്ങൾ ഇപ്പോൾ മുരടിപ്പിലെത്തിയതെങ്ങിനെ? ഒളിപ്പിച്ചുവെച്ച പൂണൂലുകളും കുടുമകളും വീണ്ടും വെളിച്ചപ്പെടുകയാണ്.

മനുഷ്യകുലത്തിലെ പകുതി ജനതയുടെ - സ്ത്രീകളുടെ വിമോചന സ്വപ്നങ്ങൾ ഉയർത്തിപ്പിടിയ്ക്കുന്നവർ ദേവകി നിലയങ്ങോടിൻ്റെ ജീവിതത്തെ ആഴത്തിൽ പഠിയ്ക്കേണ്ടിയിരിയ്ക്കുന്നു. മരിയ്ക്കാത്ത ഓർമ്മകൾ നമുക്ക് സമ്മാനിച്ച് ഈ അമ്മ വിട പറഞ്ഞിരിയ്ക്കുന്നു.

ദേവകി നിലയങ്ങോടിന് ആദരാഞ്ജലികൾ..


എം.ജി. ശശി

സിനിമ, നാടക സംവിധായകന്‍, നടന്‍. അടയാളങ്ങള്‍, ജാനകി എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.

Comments