ഡോ ശാലിനി വി.എസും എം. കുഞ്ഞാമനും

ഒരിക്കലും മറക്കില്ല,
നിങ്ങളുണ്ടാക്കിയ വിടവിന്
അത്ര ആഴമുണ്ട്

‘‘അവസാന ദിവസങ്ങളിൽ ഞാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തുമ്പോൾ സി.കെ. ജാനുവിന്റെ ആത്മകഥ ‘അടിമമക്ക’ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനോടൊപ്പം വെച്ചിരുന്ന നോട്ട്ബുക്കിലാണ് “I am leaving this world, Nobody else is responsible for this’’ എന്ന അവസാന കുറിപ്പ് എഴുതിവച്ചിരുന്നത്’’- മരണത്തിനുതൊട്ടുമുമ്പുള്ള ദിവസങ്ങളിൽ എം. കുഞ്ഞാമനുമായി അടുത്തിടപഴകിയിരുന്ന ഡോ. ശാലിനി വി.എസ് എഴുതുന്നു.

ത്ര പെട്ടെന്ന് കുഞ്ഞാമൻ സാറിനെ കുറിച്ച് ഇങ്ങനെയൊരു ഓർമക്കുറിപ്പ് എഴുതേണ്ടിവരുമെന്ന് വിചാരിച്ചതല്ല. മരിക്കുന്നതിന് മണിക്കൂറുകൾക്കുമുമ്പ് സംസാരിച്ച് പിരിഞ്ഞതാണ്. പറ്റുമെങ്കിൽ ഇതുവഴി വന്നു പോകണമെന്നും രാത്രി വിളിക്കണമെന്നും പറഞ്ഞിരുന്നു.

‘നാളെ വരുമ്പോൾ ഭക്ഷണമൊന്നും കൊണ്ടുവരരുത്’ എന്ന് ഡിസംബർ രണ്ടിന് ശനിയാഴ്ച ഓർമിപ്പിച്ചത് എത്ര ശക്തമായ സൂചനയായിരുന്നു. എത്രമാത്രം ഉറപ്പിച്ചിരുന്നു. ചുമക്ക് ശമനമുണ്ടല്ലോ എന്ന് പറഞ്ഞപ്പോൾ, ‘ഞാൻ ഇനി മരുന്നു കഴിക്കുന്നില്ല, ഒരു ഡോക്ടറെയും കാണുന്നില്ല’ എന്നായിരുന്നു മറുപടി. ഭക്ഷണക്രമം ശരിയായാൽ അലർജി പ്രശ്നമെല്ലാം മാറും എന്നു ഞാൻ പറഞ്ഞപ്പോൾ, ‘വൈകുന്നേരം കാണാം’ എന്നുപറഞ്ഞ് പിരിയുകയായിരുന്നു.

മരണത്തിന് രണ്ടുദിവസം മുമ്പ് രാത്രി വിളിച്ച്, 17 നും 22 നും കോഴിക്കോട്ടുള്ള പരിപാടികൾ വേണ്ടെന്നുവെച്ചു എന്നു പറഞ്ഞു. പോകണമെന്ന് നിർബന്ധിച്ചപ്പോഴും ഒരു മൂഡ് തോന്നുന്നില്ല എന്നു പറഞ്ഞ് ഒഴിഞ്ഞു. വെക്കേഷന് കന്യാകുമാരിയിലേക്ക് പോകാം എന്നും പറഞ്ഞിരുന്നു.

അവസാന ദിവസങ്ങളിൽ ഞാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തുമ്പോൾ സി.കെ. ജാനുവിന്റെ ആത്മകഥ ‘അടിമമക്ക’ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ബുക്ക് കിട്ടിയോ എന്ന് ചോദിച്ചപ്പോൾ ട്രൂകോപ്പിക്കാർ അയച്ചുതന്നു എന്നു പറഞ്ഞു. അതിനോടൊപ്പം വെച്ചിരുന്ന നോട്ട്ബുക്കിൽ “I am leaving this world, Nobody else is responsible for this’’ എന്ന അവസാന കുറിപ്പും എഴുതിവച്ചിരുന്നു.

എം. കുഞ്ഞാമന്റെ അവസാന ദിവസങ്ങളിൽ അദ്ദേഹത്തിന്റെ വീട്ടിൽ ഡോ. ശാലിനി.

‘‘ഞാൻ പൊതുവേ സ്ത്രീകളെ വിളിക്കാറില്ല, ആ തീരുമാനം തെറ്റിക്കുന്നത് ശാലിനിയോടാണ്’, ഇതായിരുന്നു ഞാനും കുഞ്ഞാമൻ സാറും തമ്മിലുള്ള ബന്ധം.
‘കുട്ടീ, എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങണം. നാളെ സിറ്റിയിൽ പോയി ഒരു ചായയും കുടിച്ചുവരാം’ എന്ന് പറഞ്ഞിരുന്നതാണ്.
തിങ്കളാഴ്ച, നാലാം തീയതി, വാഷിംഗ് മെഷീൻ നന്നാക്കാൻ മെക്കാനിക്കിനെ പറഞ്ഞയക്കാം എന്നും പറഞ്ഞിരുന്നു.
എന്നിട്ടും… ഒന്നും വിശ്വസിക്കാനാകുന്നില്ല.

അവസാനമായി ഞാൻ കൊണ്ടുവന്ന ഭക്ഷണം കഴിച്ച്, തുറന്നുവച്ച ഭക്ഷണപ്പൊതികൾക്കുമുന്നിൽ, ഇനിയൊരിക്കലും തിരിച്ചുവരാത്ത മരവിച്ച ശരീരമായി സാറിനെ കാണുമ്പോഴുണ്ടായ നടുക്കവും നിർവികാരതയും എന്നിൽ നിന്ന് പെട്ടെന്നൊന്നും മാഞ്ഞുപോകില്ല.

രാഷ്ട്രീയ- സാമൂഹിക- വൈജ്ഞാനിക മേഖലയിൽ ഒരു മഹാമേരുവിനെ പോലെ മുന്നിലിരിക്കുന്ന കുഞ്ഞാമൻ സാർ വ്യക്തിപരമായ വിഷയങ്ങളിൽ പേര് അന്വർത്ഥമാകും വിധം ഒരു കുഞ്ഞിനെപ്പോലെ പെരുമാറി. തദവസരങ്ങളിൽ നമ്മളിൽ ഉപദേശം തേടുന്ന അദ്ദേഹത്തെ അത്ഭുതത്തോടെ മാത്രമേ എനിക്ക് കാണാൻ കഴിയുമായിരുന്നുള്ളൂ. പ്രായം കൊണ്ടും പരിജ്ഞാനം കൊണ്ടും സാറിനേക്കാൾ താഴെ തട്ടിൽ നിൽക്കുന്ന ഒരാളോട്, സുപ്രധാന തീരുമാനങ്ങളിൽ അഭിപ്രായം പറയണം എന്ന് ഗൗരവമായി ആരായുമ്പോൾ, സത്യത്തിൽ എന്നെ പരിഹസിക്കുകയാണെന്നുപോലും തോന്നാറുണ്ട്. ഞാൻ അങ്ങനെ ചോദിക്കാറുമുണ്ടായിരുന്നു.
‘I never meant it. എനിക്ക് കുട്ടിയുടെ അത്ര ധൈര്യമില്ല, ഞാനൊരു മണ്ടനാണ്, കോമൺ സെൻസ് തീരെയില്ലാത്തവനാണ്’ എന്നൊക്കെ പറഞ്ഞ് സ്വയം ഇകഴ്ത്താറുമുണ്ട്‌. രാഷ്ട്രീയ- സാമൂഹിക വിഷയങ്ങളിൽ അതിശക്തമായ നിലപാടുകൾ എടുത്തിരുന്ന കുഞ്ഞാമൻ സാർ ജീവിതത്തിൽ തീരുമാനങ്ങളെടുക്കാൻ അങ്ങേയറ്റം ഭയപ്പെട്ടിരുന്നു. അതൊക്കെ തീരാവേദനയായി അലട്ടിയിരുന്നു എന്നെനിക്ക് തോന്നിയിട്ടുണ്ട്. ചിലപ്പോൾ ചില തീരുമാനങ്ങളിൽ ഉപദേശങ്ങൾ ചോദിക്കുമ്പോൾ ഞാൻ പരിഭ്രമിക്കാറുണ്ടായിരുന്നു.

വൈജ്ഞാനിക ചിന്താധാരകൾക്കും അക്കാദമിക വൈദഗ്ധ്യങ്ങൾക്കും ധൈഷണിക ജീവിതത്തിനുമപ്പുറം സ്നേഹവും കരുതലും പരിപാലനവും കാരുണ്യവും ആർദ്രതയും ആശ്രയവും അത്രമേൽ ആഗ്രഹിച്ച ഒരു മനുഷ്യനായിരുന്നു അദ്ദേഹം. ജീവിതത്തിലെ ഒറ്റപ്പെടൽ വല്ലാതെ ഭയപ്പെടുത്തുന്നതായി വ്യസനത്തോടെ പങ്കുവയ്ക്കുമ്പോൾ നിസ്സഹായതയോടെ കേട്ടിരിക്കാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ. ഒറ്റപ്പെടുത്തിയതോ സ്വയം ഏറ്റെടുത്ത ഒറ്റപ്പെടലോ എന്ന് തോന്നിപ്പിക്കുന്ന അവ്യക്തതയ്ക്കിടയിലും ഒറ്റപ്പെട്ട ജീവിതാവസ്ഥയുടെ ഭീതിദമുഖം മരണത്തേക്കാൾ ഭയപ്പെടുത്തിയിരുന്നതായി എനിക്ക് തോന്നിയിരുന്നു.

അപൂർവ്വം ചില രാത്രികളിൽ വളരെ അസ്വസ്ഥനായി എനിക്ക് ഫോൺ ചെയ്യും. വല്ലാത്ത ഭയത്താൽ ഉറക്കം വരുന്നില്ല, ഏകാന്തത വീർപ്പുമുട്ടിക്കുന്നു എന്നൊക്കെ പറയും. Sorry for the disturbances എന്ന ക്ഷമാപണത്തോടെ സംസാരിച്ച് ഫോൺ അവസാനിപ്പിക്കുമ്പോൾ അതെനിക്ക് മനസിലാക്കാൻ കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പിറ്റേദിവസങ്ങളിൽ കൂടുതൽ സമയം ഒപ്പം ചെലവഴിക്കുകയും പുറത്തുപോയി ചായയൊക്കെ കുടിച്ച് സംസാരിച്ച് തിരിച്ചു വരികയും ചെയ്യും.

അദ്ദേഹത്തിന്റെ ജീവിതവും മരണവും സമൂഹത്തിന് വലിയൊരു പാഠമാണ്. തീവ്രമായ ജീവിത പ്രതിസന്ധികളെ തരണം ചെയ്ത വ്യക്തിയും രാഷ്ട്രീയ- സാമൂഹിക മേഖലയിലെ വൈജ്ഞാനികനുമൊക്കെയായ ഒരാൾ എന്ന നിലയ്ക്കേ കുഞ്ഞാമന്റെ ജീവിതം പൊതുസമൂഹത്തിനറിയൂ. ദാരിദ്ര്യത്തിൽനിന്ന് മുക്തനായി നിത്യമായ ഭക്ഷ്യസുരക്ഷ നേടിയെടുത്തു, ഒരു മനുഷ്യജീവിതത്തിൽ നേടാൻ കഴിയുന്ന പൊതുജനാംഗീകാരവും നേട്ടങ്ങളും സ്വന്തമാക്കി, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ശിഷ്യസമ്പത്തുണ്ടാക്കി, സാമൂഹിക- രാഷ്ട്രീയ- സാംസ്കാരിക- വൈജ്ഞാനിക മേഖലകളിലെല്ലാം ബന്ധങ്ങൾ, ഉയർന്ന സാമ്പത്തിക ഭദ്രത, സമ്പൂർണ ആരോഗ്യവാൻ- ഇങ്ങനെയുള്ള ഒരാൾ ജീവിതം അവസാനിപ്പിച്ചത് സമൂഹത്തിനൊരു ചോദ്യചിഹ്നമാണ്.

കുഞ്ഞാമൻ സാറിന്റെ മരണം പൊതുസമൂഹത്തിനു മുന്നിൽ രണ്ടുതരം ജീവിതപ്രതിസന്ധികളെയാണ് മുന്നോട്ടുവയ്ക്കുന്നത്. ദാരിദ്ര്യവും ജാതീയ വിവേചനം എന്ന ക്രൂരവും തീവ്രവുമായ സാമൂഹികാവസ്ഥയും നിറഞ്ഞ ഒരു പൂർവ്വകാലവും, ജീവിതനിലവാരത്തിന്റെയും സാമ്പത്തിക ഭദ്രതയുടെയും പ്രശസ്തിയുടെയും അംഗീകാരത്തിന്റെയും ഉന്നതിയിലെത്തിയ പില്ക്കാലവും.

പൂർവ്വകാലം ജീവിതത്തെ വാശിയോടെ നേരിടാനുള്ള കരുത്ത് നേടിക്കൊടുത്തുവെങ്കിലും പിന്നീടുള്ള സമൃദ്ധിയുടെ ജീവിതം ശക്തിയും പോരാട്ടവീര്യവും പകർന്നിരുന്നില്ല. ദാരിദ്ര്യം പോരാട്ടവീര്യത്തെ തളർത്തിയിരുന്നില്ല, എന്നാൽ ജീവിതം എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു പിൽക്കാലം. സ്നേഹവും കരുതലും നിറഞ്ഞ ജീവിതമായിരുന്നുവെങ്കിലും പിന്നീടുള്ള കാലത്ത്, അവസാനകാലത്ത് പ്രത്യേകിച്ച്, അതിനായി യാചനയോടെ കാത്തിരുന്ന ഒരു മനുഷ്യനെ കണ്ടിട്ടുണ്ട്.

മടങ്ങിപ്പോകലിന്റെ തലേന്ന് ഞങ്ങൾ സംസാരിച്ചത് മലയാള ഭാഷയിൽ ദലിത് ചേർന്ന സംജ്ഞകൾ കൂടി വരുന്നതിനെക്കുറിച്ചായിരുന്നു. ഇത് രാഷ്ട്രീയ- സാംസ്കാരിക മേഖലകളിൽ സോഷ്യൽ ഐസോലേഷന് കാരണമാകില്ലേ എന്ന് ഞാൻ ചോദിച്ചു.

ശാരീരികാവശതകളിലും വാർദ്ധക്യത്തിലും പരസ്പര ആസ്വാദ്യതയും സ്നേഹവും കരുതലും ആർദ്രമായ പെരുമാറ്റവും പങ്കുവെക്കലുകളുമൊക്കെയാണ് മനുഷ്യജീവിതത്തിന്റെ ഏറ്റവും വലിയ സമ്പത്ത് എന്ന തിരിച്ചറിവ് പകർന്നുതന്നിട്ടാണ് കുഞ്ഞാമൻ ജീവിതം അവസാനിപ്പിച്ചത്. വൈജ്ഞാനിക ചിന്താധാരകൾക്കും ധൈഷണിതകൾക്കും അപ്പുറം മനുഷ്യൻ എന്ന ജീവിയുടെ അടിസ്ഥാനപരമായ ആവശ്യങ്ങൾ സ്നേഹം, കരുതൽ, ആർദ്രത, കാരുണ്യം, പരസ്പരശ്രയം, മനസ്സിലാക്കൽ, ഇഴയടുപ്പമുള്ള കുടുംബബന്ധങ്ങൾ എന്നിവയാണ് എന്ന തിരിച്ചറിവാണ്, കുഞ്ഞാമന്റെ ജീവിതം പൊതുസമൂഹത്തിന് നൽകുന്ന വലിയ പാഠം. ബൗദ്ധികമായ ഉയർച്ചയും സാമ്പത്തിക ഭദ്രതയും അംഗീകാരവുമല്ല, ആത്യന്തികമായി വൈകാരികനായ ഒരു മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. കെട്ടുറപ്പുള്ള കുടുംബബന്ധങ്ങളും സ്നേഹവും കരുതലുമുള്ള ജീവിതസാഹചര്യങ്ങളുമാണെന്ന തിരിച്ചറിവ് സമൂഹത്തിനുമുന്നിൽ നിവർത്തിവെച്ചിട്ടാണ് കുഞ്ഞാമൻ മാഷ് അരങ്ങൊഴിഞ്ഞത്.

ആഴ്ചയിൽ മിക്ക ദിവസങ്ങളിലും കാണുകയോ സംസാരിക്കുകയോ ചെയ്തിരുന്നു. ഈ സമയത്തൊക്കെയും സാറുമായി ചർച്ച ചെയ്യാത്ത വിഷയങ്ങളില്ല. അവസാന ദിവസങ്ങളിൽ കൂടുതൽ കാര്യങ്ങൾ എന്നോട് പങ്കുവെച്ചിരുന്നു. ഔദ്യോഗിക ജീവിതം, കുട്ടിക്കാലം, വ്യക്തിജീവിതം, അനുഭവങ്ങൾ, യു ജി സി മെമ്പറായിരുന്ന കാലം, നിലപാടുകൾ, അംഗീകാരങ്ങൾ, നിരസിക്കലുകൾ, രാഷ്ട്രീയം, സാമൂഹികം, സാംസ്കാരികം, സിനിമ, സംഗീതം എന്നുവേണ്ട എല്ലാ കാര്യങ്ങളും ചർച്ച ചെയ്തിരുന്നു.

ഞാൻ ഗേറ്റ് തുറക്കുമ്പോൾ ജനാല വഴി നോക്കി ‘ഹലോ ശാലിനി come come’ എന്നു പറഞ്ഞ് വാതിൽ തുറക്കുന്ന മാഷിനെ മറക്കാൻ കഴിയുന്നില്ല. വീട്ടിലെത്തുമ്പോൾ ‘കുട്ടീ, ഒരു ചായയുണ്ടാക്കൂ, അത് കുടിച്ചിട്ട് സംസാരിക്കാം’ എന്നായിരിക്കും തുടക്കം. ചില സമയങ്ങളിൽ സംഭാഷണം മണിക്കൂറുകൾ നീളും. ബൗദ്ധികവും വൈജ്ഞാനികവുമായ ആശയമണ്ഡലങ്ങളിൽ കരുത്തുറ്റ ശേഷിയോടെ സംസാരിച്ചിരിക്കുന്ന മാഷ് സാമൂഹികാസമത്വങ്ങളിലും വിവേചനപരമായ യാഥാർത്ഥ്യങ്ങളിലും നിസ്സഹായതയും നിരാശയും പ്രകടപ്പിച്ചിരുന്നു. അത്തരം അസ്വസ്ഥതകൾ എഴുത്തുകളിലൂടെയും വാചകങ്ങളിലൂടെയും നിരന്തരം പ്രകടിപ്പിച്ചിരുന്നു.

സാറിനോട് സ്നേഹത്തോടും കാരുണ്യത്തോടും പെരുമാറിയിരുന്ന ആ ചെറുപ്പക്കാനെ നന്ദിയോടെ ഓർക്കുന്നു. സംസ്കാരത്തിനായി സാറിന്റെ വിറങ്ങലിച്ച ശരീരം അവിടെനിന്ന് കൊണ്ടു പോകുമ്പോൾ അവശേഷിച്ച മൂന്നോ നാലോ പേരിൽ ദുഃഖഭാരവും പേറി അയാളുമുണ്ടായിരുന്നു.

ഒന്നിച്ചുള്ള സംഭാഷണങ്ങളോ പൊതുപരിപാടികളോ കഴിഞ്ഞുവന്നാൽ വീട്ടിലെത്തുമ്പോൾ ഒരു വിളി ഉറപ്പാണ്: Hello ശാലിനി, Kunhaman speaking. As an academic I analysed the point You made were very relevent, valid and well articulate. That impressed me... അങ്ങനെ പോകും ചർച്ച. ഒരു വിദ്യാർത്ഥിനി എന്ന നിലയിൽ അതെനിക്ക് എപ്പോഴും ഉണ്ടാക്കിയിരുന്ന ആത്മവിശ്വാസം വിലമതിക്കാനാവാത്തനാണ്. ഇനി അതുണ്ടാവില്ല എന്ന യഥാർഥ്യത്തോട് പൊരുത്തപ്പെടാനാകുന്നില്ല.

മടങ്ങിപ്പോകലിന്റെ തലേന്ന് ഞങ്ങൾ സംസാരിച്ചത് മലയാള ഭാഷയിൽ ദലിത് ചേർന്ന സംജ്ഞകൾ കൂടി വരുന്നതിനെക്കുറിച്ചായിരുന്നു. ഇത് രാഷ്ട്രീയ- സാംസ്കാരിക മേഖലകളിൽ സോഷ്യൽ ഐസോലേഷന് കാരണമാകില്ലേ എന്ന് ഞാൻ ചോദിച്ചു. ദലിത് ആക്ടിവിസ്റ്റ് എന്ന പദം അംഗീകരിക്കാം, പക്ഷേ ദലിത് എന്നു ചേർത്ത് ചിന്തകൻ / ചിന്തക, പ്രഭാഷകൻ /പ്രഭാഷക, അധ്യാപകർ, ഫെമിനിസ്റ്റ്, ചിത്രകാരർ എന്നെല്ലാം പറയുന്നത് തെറ്റല്ലേ എന്ന എന്റെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: ‘ഞാനത് ഇഷ്ടപ്പെടുന്നില്ല. എന്നെ ഒരു പരിപാടിയിൽ ക്ലാസെടുക്കാൻ വിളിച്ചാൽ, അത്തരത്തിൽ വേദിയിൽ സംബോധന ചെയ്താൽ, ഒന്നും പറയാതെ ഞാനിറങ്ങിപ്പോരും. ഞാനൊരു അക്കാദമിക് ആണ്. ദലിത് എന്നത് ഞാൻ ഉൾക്കൊള്ളുന്ന സമുദായമാണ്.’

1980- കളിൽ സജീവചർച്ചയായിരുന്ന ദലിത് സാഹിത്യത്തെ പറ്റിയും സംസാരിച്ചു. ദലിത് ബുദ്ധിജീവികൾ പറയുന്ന ആശയങ്ങൾ യഥാർത്ഥത്തിൽ ഗുണം ചെയ്യുന്നത് സവർണ ആശയ പ്രചാരകർക്കാണെന്നും അല്ലാതെ സാധാരണക്കാരായ ദലിത് വിഭാഗങ്ങളിൽ അവ എത്തുന്നുണ്ടോ, ഉപകാരപ്രദമായ രീതിയിൽ അവർക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഒരു കൈ നെറ്റിയിലും തലയിലും വച്ച് തലയുയർത്തി പൊട്ടിച്ചിരിക്കുകയായിരുന്നു. ഞാനെന്തോ എന്തോ വിഡ്ഢിത്തം പറഞ്ഞുവെന്ന തരത്തിൽ.

ഈ സന്ദർഭങ്ങളെല്ലാം ഇപ്പോൾ ഉറക്കത്തിൽ പോലും എന്നെ വല്ലാതെ വീർപ്പുമുട്ടിക്കുന്നു. മരണാനന്തരം അദ്ദേഹത്തിന്റെ വൈജ്ഞാനിക- ബൗദ്ധിക ജീവിതതലങ്ങളെയും നിലപാടുകളെയും കുറിച്ച് തലങ്ങും വിലങ്ങുമുള്ള സംസാരങ്ങളും എഴുത്തുകളും കാണുമ്പോൾ വല്ലാത്തൊരു മാനസികാവസ്ഥ തോന്നുന്നു. കഴിഞ്ഞ കുറെ നാളുകളായി നിരന്തരബന്ധമുള്ള ആളെന്ന നിലയിൽ അദ്ദേഹത്തിന്റെ മരണത്തെ പോലും ഉപയോഗിക്കുന്ന ചില മനുഷ്യർ എത്ര ക്രൂരന്മാരാണെന്ന് തോന്നിപ്പോകുന്നു. കുഞ്ഞാമൻ എന്ന മനുഷ്യനെ അറിയാൻ ആരും മെനക്കെട്ടിരുന്നില്ല. കുറച്ചുനാളുകൾക്കുമുമ്പ് ക്ഷണിക്കപ്പെട്ട ഒരു ഉദ്ഘാടനപരിപാടിയിൽ നിന്ന്, തന്നെ ഉപയോഗിക്കുകയാണ് എന്ന തിരിച്ചറിവിൽ, പിന്മാറിയതായി അറിയിച്ചു എന്ന് എന്നോട് പറഞ്ഞത് ഓർത്തുപോയി.

എപ്പോഴും വീടിനെതിർഭാഗത്തുള്ള ഗ്യാസ് ഏജൻസിയുടെ മുറ്റത്ത് കാർ നിർത്തിയിട്ടാണ് സാറിന്റെ വീട്ടിൽ പോകാറ്. സാറിനെ കാണാൻ വരുന്നതുകൊണ്ടുതന്നെയാണ് അവർ അതിന് അനുവദിച്ചിരുന്നത്. അയൽക്കാർക്ക് എന്നെ അറിയാമായിരുന്നെങ്കിലും ഗ്യാസ് ഏജൻസിയിലെ ഒരു ചെറുപ്പക്കാരൻ എന്നും സാറിന്റെ വിശേഷങ്ങൾ വളരെ സ്നേഹബഹുമാനങ്ങളോടെ അന്വേഷിക്കും. അതുകൊണ്ടുതന്നെ അടുത്ത സമയങ്ങളിൽ ചുമയും ശ്വാസംമുട്ടലും ഉണ്ടായ സമയത്ത് ഒന്ന് ശ്രദ്ധിക്കണേ എന്ന് ഞാൻ പറയുകയും അത് കൃത്യമായി നിർവഹിക്കുകയും ചെയ്തിരുന്നു. മരണശേഷം സാറിന്റെ ധൈഷണിക- വൈജ്ഞാനിക ജീവിതത്തെപ്പറ്റി വാചാടോപം നടത്തുന്ന പലരെയും കണ്ടപ്പോൾ സാറിനോട് സ്നേഹത്തോടും കാരുണ്യത്തോടും പെരുമാറിയിരുന്ന ആ ചെറുപ്പക്കാനെ നന്ദിയോടെ ഓർക്കുന്നു. സംസ്കാരത്തിനായി സാറിന്റെ വിറങ്ങലിച്ച ശരീരം അവിടെനിന്ന് കൊണ്ടു പോകുമ്പോൾ അവശേഷിച്ച മൂന്നോ നാലോ പേരിൽ ദുഃഖഭാരവും പേറി അയാളുമുണ്ടായിരുന്നു. ഇനി ഇവിടേക്ക് വരേണ്ടതില്ല എന്ന തിരിച്ചറിവിൽ ഞാൻ ഡ്രൈവിംഗ് സീറ്റിലിരിക്കുമ്പോൾ എന്തെന്നില്ലാത്ത ഭാരം മനസ്സിനും ശരീരത്തിനും അനുഭവപ്പെട്ടു.

പല വിയോജിപ്പുകളും തുറന്നുപറയാനുള്ള, എല്ലാ സ്വാതന്ത്ര്യവും വിമർശനവും പങ്കുവെക്കാവുന്ന അപൂർവ്വവും ആരോഗ്യകരവുമായ ഒരു ബന്ധമായിരുന്നു സാറിനോടെനിക്കുണ്ടായിരുന്നത്. അതിലൂടെ പകർന്നു കിട്ടിയ ഊർജ്ജവും പ്രചോദനങ്ങളും ചിന്താധാരയും പരിജ്ഞാനവും ഒരു നിമിഷത്തിൽ ചോർന്നുപോയി എങ്കിലും ജീവിതയാത്രയിൽ കരുത്ത് പകരും എന്നുറപ്പുണ്ട്. മാതൃകാപരമായ ഒരു ജീവിതം അദ്ദേഹത്തിൽ കാണാമെങ്കിലും ചില സമീപനങ്ങൾ വിമർശന വിധേയവുമാണ്.

എന്റെ ജീവിതയാനത്തിലെ ഏറ്റവും മികച്ചതും വേദനിപ്പിക്കുന്നതുമായ ഒരേടുതന്നെയാകും പ്രൊഫ. കുഞ്ഞാമനും ധൈഷണികനും ദാർശനികനുമായ ആ അധ്യാപകനുമായി എനിക്കുള്ള ബന്ധവും. ഇപ്പോൾ തോന്നുന്നു, ബഹുമാനത്തോടെ അകലം സൂക്ഷിക്കുന്ന ഒരു വിദ്യാർത്ഥിനി മാത്രമായിരുന്നാൽ മതിയായിരുന്നെന്ന്. സുഹൃത്തോ, മകളോ പോലുള്ള ദൃഢമായ ഒരു ബന്ധം അവസാനിപ്പിച്ച്, അവസാനമായി ഞാൻ കൊണ്ടുവന്ന ഭക്ഷണം കഴിച്ച്, തുറന്നുവച്ച ഭക്ഷണപ്പൊതികൾക്കുമുന്നിൽ, ഇനിയൊരിക്കലും തിരിച്ചുവരാത്ത മരവിച്ച ശരീരമായി സാറിനെ കാണുമ്പോഴുണ്ടായ നടുക്കവും നിർവികാരതയും എന്നിൽ നിന്ന് പെട്ടെന്നൊന്നും മാഞ്ഞുപോകില്ല.

പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആറിൽ അവസാനം വീട്ടിൽ വന്ന് കണ്ട ആൾ എന്ന നിലയ്ക്ക് മൊഴിയും കൊടുത്ത് ബന്ധം അവസാനിപ്പിച്ചു കളഞ്ഞല്ലോ കുഞ്ഞാമൻ സാറേ. വിടയെന്നോ പ്രണാമമെന്നോ പറയാൻ കഴിയുന്നില്ല. ഒരിക്കലും മറക്കില്ല, നിങ്ങൾ ഉണ്ടാക്കിയ വിടവിന് അത്രമേൽ ആഴമുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)

Comments