വി.ടി. രാജശേഖർ: ദലിത് - ബഹുജൻ ദർശനത്തിന്റെ ഭാവിയിലേക്കുള്ള നക്ഷത്രക്കണ്ണ്

അംബേദ്കർക്ക് ശേഷമുണ്ടായ ദലിത് ബഹുജൻ രാഷ്ട്രീയ മുന്നേറ്റങ്ങളും അവയുടെ ദർശന സമീക്ഷയും പൊതു - സാംസ്കാരിക സാഹിത്യ ഭൂപടത്തിൽ അടയാളപ്പെത്തിയ രാഷ്ട്രീയ ചരിത്രകാരനായി വരുംകാലം വി.ടി രാജശേഖറിൻെറ സംഭാവനകളെ അടയാളപ്പെടുത്തും. ‘ദലിത് വോയ്സ്' മാസികയുടെ സ്ഥാപക എഡിറ്ററും എഴുത്തുകാരനും ചിന്തകനും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന വി.ടി രാജശേഖറെ ഡോ.ഉമർ തറമേൽ ഓർക്കുന്നു...

ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് വി.ടി രാജശേഖറെയും (V.T. Rajshekar) അദ്ദേഹത്തിന്റെ പത്രാധിപത്യത്തിലുള്ള ദലിത് വോയ്സിനെയും (Dalit Voice) കേൾക്കുന്നത്. അംബേദ്കർക്ക് ശേഷം ഇന്ത്യയിലെ സവർണ്ണ ബ്രാഹ്മിനിസത്തിനെതിരെയും ദളിത് ജനവിഭാഗങ്ങൾക്കനുകൂലമായും പുറത്തിറങ്ങിയ ദലിത് വോയിസ് ഒരു മഹദ് ജിഹ്വയാണെന്ന് തിരിച്ചറിയാൻ അന്നത്തെ പ്രായത്തിൽ കഴിഞ്ഞിരുന്നില്ല. അതിന് കാരണം, കേരളത്തിൽ, പൊതുവെ നമ്മുടെ ക്യാമ്പസുകളിൽ നിലനിന്ന ഒരു തരം ലിബറൽ ഹ്യൂമനിസത്തിന്റെ കാലാവസ്ഥയായിരുന്നു. മലയാളികളിൽ നല്ലൊരു ഭാഗം ഗൾഫ് പ്രവാസത്തിലേക്ക് കുതിക്കുന്ന ആ കാലം പൊതുവെ നമ്മുടെ സമ്പദ് വ്യവസ്ഥയിലും കുറച്ചൊക്കെ ചലനമുണ്ടാക്കിക്കൊണ്ടിരുന്നു.

കേരളത്തിന് പുറത്തുള്ള സാമൂഹിക സ്ഥിതിവിചാരം, പ്രിന്റ് മാധ്യമങ്ങൾ മാത്രമുണ്ടായിരുന്ന അക്കാലത്ത് അറിയുക തുലോം വിരളമായിരുന്നു. ഇന്ത്യയുടെ മധ്യ - ഉത്തര ഭൂവിഭാഗങ്ങളിൽ അത്രമേൽ മർദ്ദനത്തിനും കൊടിയ ദാരിദ്ര്യത്തിനും വർണ്ണ വിവേചനത്തിനും ഇരയായിരുന്ന ജനവിഭാഗമായിരുന്നു ദലിതുകൾ എന്ന പൊതുബോധം അന്ന് കേരളത്തിൽ ഇന്നത്തെപ്പോലെയില്ല. എന്നാലും ഉത്തരേന്ത്യയിലും മറ്റും നടക്കുന്ന ദലിത് പീഡനം, അവർണർക്കെതിരെയുള്ള വിവേചനം എന്നിവ വല്ലപ്പോഴുമൊക്കെ ദിനപത്രങ്ങളിലൂടെ വായിച്ചുകൊണ്ടിരുന്ന കാലം. ഇവയിൽ കൊടിയ വാർത്ത വരുമ്പോൾ അന്നത്തെ ക്യാമ്പസ് ഇന്നത്തേതിനേക്കാൾ ഇളകിമറിയുമായിരുന്നു. ലിബറൽ മാനവികവാദം പൊതുവെ ക്യാമ്പസുകളുടെ മുഖമുദ്രയായിരുന്നുവെങ്കിലും മുഖ്യധാരാ വിദ്യാർത്ഥി രാഷ്ട്രീയ സംഘടനകളെ അപേക്ഷിച്ച് ദലിത് വോയ്സ് പോലുള്ള സമാന്തര പ്രസിദ്ധീകരണങ്ങൾ ശ്രദ്ധിച്ചിരുന്നത് ക്യാമ്പസിലെ ചിന്താശക്തിയുള്ള ഒറ്റപ്പെട്ടു നടക്കുന്ന വിദ്യാർത്ഥികളും ചെറുകിട സമാന്തര വിദ്യാർത്ഥി കൂട്ടങ്ങളുമായിരുന്നു.

ദലിത് വോയിസ് മാസികയുടെ പഴയ ലക്കങ്ങൾ / Photo: https://dalitvoice.net/
ദലിത് വോയിസ് മാസികയുടെ പഴയ ലക്കങ്ങൾ / Photo: https://dalitvoice.net/

1981-ൽ ബാംഗ്ലൂരിൽ നിന്നും പുറത്തിറങ്ങിയ വി.ടി രാജശേഖറിന്റെ ദലിത് വോയ്സ് അക്കാലത്തു തന്നെ നമ്മുടെ ക്യാമ്പസുകളിൽ പ്രചരിക്കുന്നുണ്ട്. അതിന് മുഖ്യ കാരണം ക്യാമ്പസുകളിലെ ചില വിപ്ലവ വിദ്യാർത്ഥി കൂട്ടായ്മകൾ ആയിരുന്നു. ഒരു സമാന്തര പ്രസിദ്ധീകരണം പോലെത്തന്നെയായിരുന്നു ദലിത് വോയ്സ്. കെട്ടിൽ അത്ര പുതുമയില്ലാത്ത ഒരു പ്രസിദ്ധീകരണം. എന്നാൽ മട്ടിൽ തികച്ചും വ്യത്യസ്തമായ ഉള്ളടക്കം. മുഖ്യധാരാ മാധ്യമങ്ങളിൽ ചെറുവാർത്തയായോ അല്ലെങ്കിൽ ഏതെങ്കിലും കോണിൽ ആരുമറിയാതെ വിശ്രമിക്കുന്നതോ ആയ ചില വാർത്തകൾ ദലിത് വോയ്സിൽ വെണ്ടക്കയിൽ തന്നെ ചർച്ചക്കെടുത്തു. അത് ഇന്ത്യയിലെ പാർശ്വവൽകൃത ജനതക്കെതിരെയുള്ള മേൽജാതി ഹിന്ദുക്കളുടെ മത -ജാതി ആക്രമണങ്ങളും മറ്റുമായിരുന്നു.

നമ്മുടെ സമാന്തര വാർത്താ പ്രസിദ്ധീകരങ്ങളുടെ രണ്ടാം തലമുറ അന്ന് മലയാളത്തിൽ സജീവമാണ്. നിയോഗം, സംക്രമണം, പ്രേരണ, പാഠഭേദം, വാക്ക്…പോലുള്ളവ. ക്യാമ്പസുകളിലും ഈ മാസികകൾക്ക് വേരുകൾ ഉണ്ടായിരുന്നു. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർത്ഥി സംഘടനകളേക്കാൾ താരതമ്യേന സാമൂഹികമായ തിരിച്ചറിവുകളുള്ള ഒറ്റപ്പെട്ട വിദ്യാർഥികളും കലാ - സാഹിത്യ അഭിരുചിയുള്ളവരും സമാന്തര വിപ്ലവ വിദ്യാർത്ഥി കൂട്ടായ്മകളിൽ ഉൾപ്പെട്ട വിദ്യാർഥികളുമാണ് അന്ന് ‘വോയിസ്’ കൂടുതൽ വായിച്ചത്. ഞങ്ങളിൽ ചിലരെങ്കിലും അന്നു തന്നെ ദലിത് വോയ്സിന്റെ വരിക്കാരായി ചേർന്നു. സത്യം പറയട്ടെ, മറ്റു മുഖ്യധാരാ പത്രങ്ങളിൽ ഇല്ലാത്ത വാർത്തകൾ ഇന്ത്യൻ സമൂഹ യാഥാർഥ്യത്തിന്റെ പാർശ്വവൽകൃതമായ മറുപുറത്തേക്ക് ഞങ്ങളെ കൊണ്ടുപോയി. അക്കാലത്ത്, ആസാമിലെ നെല്ലിയിലുണ്ടായ കൂട്ടക്കൊലയെ കുറിച്ചൊക്കെയുള്ള വാർത്തകൾ വിശദമായി അറിഞ്ഞത് ദലിത് വോയ്സിൽ നിന്നാണെന്നാണ് ഓർമ. കുടിയേറ്റ വംശീയതയുടെ പേരിൽ രണ്ടായിരത്തിൽചില്ലാനം മനുഷ്യരാണ് അവിടെ കൂട്ടക്കൊലയ്ക്ക് ഇരയായത്. അവരിൽ ഭൂരിപക്ഷവും ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാർ എന്ന് ആരോപിക്കപ്പെട്ട മുസ്ലിങ്ങളായിരുന്നു. അതുപോലെ ഇന്ത്യയുടെ നാനാഭാഗങ്ങളിൽ പലപ്പോഴായി നടന്ന നിരവധി ദലിത് പീഡനങ്ങളെക്കുറിച്ച് വിശദമായി വായിച്ചത് ദലിത് വോയ്സിലൂടെയായിരുന്നു.

വി. പ്രഭാകരൻ
വി. പ്രഭാകരൻ

പിൽക്കാലത്ത് ദലിത് പ്രചാരകനായും ഗ്രന്ഥകാരനായും ആക്റ്റിവിസ്റ്റായും അറിയപ്പെട്ട വി. പ്രഭാകരൻ ആണ് ദലിത് വോയ്സ് വായിക്കാനും അതിന്റെ പ്രചാരണത്തിനുമായി ഞങ്ങളുടെയൊക്കെ ക്യാമ്പസുകളിൽ മുന്നിട്ടിറങ്ങിയത്. അദ്ദേഹത്തിലൂടെയാണ്, മാധ്യമപ്രവർത്തകനും ദലിത് ആക്റ്റിവിസ്റ്റും രാഷ്ട്രീയ ദാർശനികനുമായ വി.ടി. രാജശേഖർ എന്ന ഒരാളെ ഒരു പരിധി വരെ കേരളം അറിഞ്ഞത്. അക്കാലത്ത് ഇന്നത്തെപ്പോലെ ദലിത് അവകാശ സംഘടനകളോ രാഷ്ട്രീയ പ്രസ്ഥാനമോ ദലിത് ജാഗ്രതാ സമിതികളോ ഈ മേഖലയിൽ എടുത്തുപറയേണ്ട ബുദ്ധിജീവികളോ കേരളത്തിൽ ഇല്ല.

1970- 80 കാലഘട്ടത്തിൽ ദലിത് ബഹുജൻ സ്വരം കേരളത്തെ കേൾപ്പിച്ചതും പ്രചരിപ്പിച്ചതും വി.ടി രാജശേഖറും വി. പ്രഭാകരനുമാണ് എന്ന് പറയുന്നത് അതിശയോക്തിയാവില്ല. എൺപതുകളിൽ നമ്മുടെ ദലിത് രാഷ്ട്രീയം, സാഹിത്യ വിമർശനം എന്നിവ പ്രത്യയശാസ്ത്രപരമായ വളർച്ച നേടിയിട്ടില്ല. അംബേദ്കറും ഗാന്ധിയും തമ്മിലുള്ള ഐഡിയോളജിക്കൽ വ്യത്യാസത്തെ 80-കളിൽ വായിച്ചറിയുന്നത് രാജശേഖറിന്റെ ദലിത് വോയ്സിലൂടെയാണെങ്കിലും ഇവിടെ അതൊന്നും ചർച്ചാവിഷയമല്ല. പിന്നെയാണറിയുന്നത്, അദ്ദേഹത്തിന്റെ ‘Mahathma Gandhi and Baba Saheb Ambedkar: Clash of two values’ എന്ന പുസ്തകത്തിന്റെ ഉള്ളടക്കം ഇതേ വിഷയം തന്നെയാണെന്ന്. ഒരുപക്ഷേ, അംബേദ്കർക്ക് ശേഷം, അതേ ചരിത്ര വീക്ഷണത്തിൽ നിന്നുകൊണ്ട് മഹാത്മജിയെ വിമർശിച്ച രാഷ്ട്രീയ തത്വജ്ഞാനി കൂടിയാണ് രാജശേഖർ. ഈ വിമർശനത്തിൽ, സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പുതിയ ജാലകത്തിലൂടെ കുറേക്കൂടി തെളിച്ചത്തോടെ കാര്യങ്ങൾ പറയാൻ അദ്ദേഹത്തിനായി.

‘ദി പാട്രിയറ്റ്’ പോലുള്ള ഇടതുമാധ്യമത്തിലൂടെയാണ് ആദ്യമായി തന്നിലെ മാധ്യമപ്രവർത്തകനെ രാജശേഖർ തുറന്നുവച്ചത്. മാർക്സിസത്തിന്റെ കാഴ്ചപ്പാടിലൂടെയാണ് തന്റെ സാമൂഹ്യ വിമർശനം തുടങ്ങിയതെങ്കിലും പിന്നീട് അദ്ദേഹം കാര്യങ്ങൾ കുറേക്കൂടി തിരിച്ചറിയുന്നുണ്ട്. ഇന്ത്യൻ മാർക്സിസത്തിന്റെ കാതൽ രൂപപ്പെടേണ്ടത് പാശ്ചാത്യ മാർക്സിസത്തിന്റെ വർഗ്ഗപരമായ ക്ലീഷേ പ്രോട്ടോടൈപ്പ് ലെൻസിലൂടെയല്ല എന്ന തിരിച്ചറിവ് താമസിയാതെ അദ്ദേഹത്തിനുണ്ടായി. മറിച്ച്, ബ്രാഹ്മണ മത വംശീയതയുടെയും വർണ്ണാശ്രമ ധർമ്മ പ്രത്യയശാസ്ത്രത്തിന്റെയും മേധാവിത്വത്തിലാണ് ഇന്ത്യൻ ദാരിദ്ര്യത്തിന്റെയും വർണ്ണ വിവേചനത്തിന്റെയും വേര് കുടികൊള്ളുന്നത് എന്ന നേര് അദ്ദേഹം തിരിച്ചറിഞ്ഞു. തന്റെ വംശത്തിന് മേൽജാതിക്കാരിൽ നിന്നും നേരിടേണ്ടിവന്ന മർദ്ദനങ്ങളുടെ തഴമ്പുള്ള സാമൂഹ്യ ശരീരത്തെ ആഴത്തിൽ അദ്ദേഹം മനസിലാക്കി.

‘മനുസ്മൃതി കത്തിക്കണോ’ എന്ന തന്റെ വാദം ഉയർത്തിയത് ഈ സാമൂഹ്യ- സാംസ്കാരികതയുടെ രാഷ്ട്രീയ നേരിൽ നിന്നാണെന്ന് കാണാം. അംബേദ്കർക്ക് ശേഷം വളർന്നുവന്ന ഇന്ത്യൻ ബഹുജൻ രാഷ്ട്രീയത്തിന്റെ പുതുഗതിവിഗതികൾ തിരിച്ചറിയുന്ന ഒരാളാണ് വി.ടി.ആർ. ഇന്ത്യൻ എക്സ്പ്രസ്സിൽ ദീർഘകാലം മാധ്യമ പ്രവർത്തകനായിരിക്കെ രാജശേഖറിന്റെ മേൽവിലാസം ഈ കൃത്യത്തിൽ ആദ്ദേഹത്തെ ഏറെ സഹായിച്ചു. മാർക്സിയൻ പ്രത്യയശാസ്ത്ര കല്പനകളുടെ സ്വാധീനം അദ്ദേഹത്തിന്റെ ആദ്യകാല ചിന്തകളിൽ ഉണ്ടായിരുന്നുവെങ്കിലും ഇന്ത്യൻ ദാരിദ്ര്യത്തിന്റെയും മനുഷ്യാന്തസിനേറ്റ കളങ്കത്തിന്റെയും നിസ്വവർഗത്തിന്റെ അവകാശ ലംഘനത്തിന്റെയും മൂലകാരണമായി നിലക്കൊള്ളുന്നത് ഇന്ത്യൻ ജാതിവ്യവസ്ഥയാണെന്ന് അദ്ദേഹം ഉറക്കെപ്പറഞ്ഞു. എന്ന് മാത്രമല്ല എല്ലാ ഫാഷിസങ്ങളുടെയും മാതാവ് ഇവിടെയാണെന്നും അദ്ദേഹം പറഞ്ഞു. ‘Brahmanism: Father Of Fascism, Racism, Nazism എന്നൊരു കൃതിയിൽ ഈ തത്വം അദ്ദേഹം കൂടുതൽ വിശദീകരിച്ചു. പിൽക്കാലത്ത് വളർച്ച പ്രാപിച്ച ഇന്ത്യൻ സംഘപരിവാർ രാഷ്ടീയത്തെയും ഇതേ മൂല്യ ഘടനയിൽ നിന്നുകൊണ്ട് അദ്ദേഹം കഠിനമായി വിമർശിച്ചു.

ഡോ. ബി.ആർ. അംബേദ്കർ
ഡോ. ബി.ആർ. അംബേദ്കർ

വർണ്ണ വിവേചനം ഒരു ആഗോള മനുഷ്യത്വ വിരുദ്ധ പദ്ധതിയാണെന്നും ആയതുകൊണ്ട് ഇന്ത്യയിലെ ദലിത്-പിന്നാക്കക്കാർക്ക് നേരെയുണ്ടാവുന്ന മർദ്ദനങ്ങൾ ഒരു പ്രദേശത്തിന്റെ മാത്രം അവസ്ഥയല്ല എന്നും വാദിക്കാനാണ് അദ്ദേഹത്തിലെ രാഷ്ട്രീയ ചരിത്രകാരൻ മുതിർന്നത്. പിന്നാക്കക്കാരായ മുസ്ലിം - ക്രിസ്ത്യൻ ജനാവിഭാഗത്തെയും ഒപ്പം ചേർത്തുനിർത്തി. ആഫ്രിക്കൻ, ആഫ്രോ അമേരിക്കൻ ചരിത്രവും അവിടുത്തെ ബുദ്ധിജീവികളെയും കൂട്ടുപിടിച്ചുകൊണ്ട് ഇന്ത്യൻ സാമൂഹ്യ സാഹചര്യത്തെ അതീവ വിസ്തൃത ചരിത്ര ബോധ്യത്തോടെ വിലയിരുത്താൻ വി.ടി.ആർ സന്നദ്ധനായി. ‘Aparthied in India: An International Problem’ എന്ന കൃതിയിൽ ഈ വിഷയം അദ്ദേഹം സംക്ഷേപിച്ചു. ബഹുജൻ എന്ന പരികൽപ്പനക്കുള്ളിൽ അദ്ദേഹം ദലിതുകളെ മാത്രമല്ല കണ്ടത്. ലോകത്ത്, വിവേചനവും അടിച്ചമർത്തലും നേരിടുന്ന മറ്റു രാഷ്ട്രങ്ങളിലെ മനുഷ്യരെയും ചേർത്തുനിർത്തി.

പശ്ചിമേഷ്യക്കു നേരെയുള്ള ഇസ്രായേലിന്റെ അധിനിവേശവും മറ്റും സസൂക്ഷ്മം ഈ ആശയത്തിന് പിറകിൽ അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേലിന്റെ പലസ്തീൻ അധിനിവേശത്തെ അങ്ങനെയാണ് രാജശേഖർ വായിച്ചത്. 60-കൾ തൊട്ട് 90-കൾ കൂടിയുള്ള പശ്ചിമേഷ്യൻ -ലോക രാഷ്ട്രീയം അദ്ദേഹത്തിന്റെ പഠനങ്ങൾക്ക് സാംസ്കാരികവും രാഷ്ട്രീയവുമായ വിസ്താരമുണ്ടാക്കി. സയണിസത്തെ നഖശിഖാന്തം എതിർത്തു. ‘The Zionist Arthasastra’ എന്നൊരു ചെറുകൃതി തന്നെ അദ്ദേഹത്തിന്റെതായുണ്ട്. ഇസ്രായേലും അമേരിക്കയും കൂട്ടുചേർന്നുള്ള ഗൂഡലോചനകൾ മുഴുവൻ ദളിത് വോയ്സിലൂടെ അപ്പപ്പോൾ തുറന്നുകാട്ടുകയുണ്ടായി. ഇറാനിൽ ഷാക്കെതിരെ ഉണ്ടായ ഇസ്ലാമിക റിപ്പബ്ലിക്കിനെ അംഗീകരിച്ചുകൊണ്ടുള്ള നിലപാടുകൾ ഇവിടുത്തെ സവർണ്ണ മാധ്യമങ്ങളെ പലപ്പോഴും പ്രകോപിതരാക്കി. പിൽക്കാലത്ത്, ഇറാനിയൻ പ്രസിഡന്റ് അഹമ്മദ് നജാദി നടത്തിയ (കു) പ്രസിദ്ധമായ ഹോളോകാസ്റ്റിനെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള ആഖ്യാനത്തെ ദലിത് വോയ്സ് ഇരുകൈകളും നീട്ടി സ്വാഗതം ചെയ്തു. അന്താരാഷ്ട്ര ഹ്യൂമൻ റൈറ്റ് വാച്ച് (HRW) പോലും ഇന്ത്യയുടെ ഏറ്റവും പ്രചാരമുള്ള ദളിത് ജേർണൽ എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.

ഇന്ത്യൻ ജനതയിൽ ബ്രാഹ്മണിസത്തിന്റെ തുടർച്ചപോലെ സയണിസത്തെ വായിച്ചെടുക്കാനുള്ള ശ്രമങ്ങൾ വി.ടി.ആറിന്റെ എഴുത്തിൽ സജീവമാണ്. സയണിസത്തിന്റെയും അതിന്റെ മൂലവേരായ സെമിത്തിക വിരുദ്ധതയെയും (Anti Semiticism) ഇന്ത്യൻ സനാതന -വർണ്ണാശ്രമ ധർമ്മ പദ്ധതിയോട് താരതമ്യം ചെയ്യാൻ രാജശേഖറിന് മടിയുണ്ടായില്ല. ഇങ്ങനെയൊക്കെ നോക്കുമ്പോൾ ലോകോത്തരമായ വീക്ഷണത്തോടെ പാർശ്വവൽകൃത ജനതയുടെ സഹനത്തിന്റെ നേരിലേക്കാണ് തന്റെ കണ്ണും കരളും അദ്ദേഹം ചേർത്തുനിർത്തിയത് എന്നുകാണാം. ബാംഗ്ലൂർ ദലിത് സാഹിത്യ അക്കാദമിയാണ് അദ്ദേഹത്തിന്റെ മികച്ച രചനകൾ മിക്കതും പുറത്തിറക്കിയത്. ഇത്രത്തോളം ദലിത് ചിന്തകളും സാഹിത്യവും പുരോഗമിച്ച ഒരു കാലത്തുപോലും ഇതുപോലുള്ള പ്രസിദ്ധീകരണ സംരംഭം നമ്മുടെ നാട്ടിലില്ല എന്നത് ആലോചനാമൃതമാണ്. അംബേദ്കർക്ക് ശേഷമുണ്ടായ ദളിത് ബഹുജൻ രാഷ്ട്രീയ മുന്നേറ്റങ്ങളും അവയുടെ ദർശന സമീക്ഷയും പൊതു -സാംസ്കാരിക സാഹിത്യ ഭൂപടത്തിൽ അടയാളപ്പെത്തിയ വലിയ രാഷ്ട്രീയ ചരിത്രകാരനായി വരുംകാലം അദ്ദേഹത്തിന്റെ സംഭാവനകളെ അടയാളപ്പെടുത്താതിരിക്കില്ല, നിശ്ചയം!


Summary: How Dalit Voice editor and activist VT Rajshekar should be remembered. Dr Umar Tharamel writes tribute.


ഡോ. ഉമർ തറമേൽ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ മലയാള -കേരള പഠനവിഭാഗത്തിൽ പ്രൊഫസറായിരുന്നു. ദേശത്തിന്റെ​​​​​​​ ഭാവനാഭൂപടങ്ങൾ, ഇശലുകളുടെ ഉദ്യാനം, കാഴ്​ചയുടെ ഹെയർപിൻ വളവുകൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments