സംവിധാനങ്ങളെ തിരുത്തി
ഡോ. വല്യത്താൻ നടത്തിയ ഇടപെടലുകൾ

സർക്കാർ ചട്ടപ്രകാരമല്ലാതെ ഒന്നും നടക്കുന്നില്ല എന്നായപ്പോൾ, ജോലി തന്നെ ചെയ്യാനാകുന്നില്ല എന്ന സ്ഥിതി വന്നപ്പോൾ ഡോ. വല്യത്താൻ മുഖ്യമന്ത്രി സി. അച്യുതമേനോനെ കണ്ട് പ്രശ്നം അവതരിപ്പിച്ചു. മുഖ്യമന്ത്രി ഒന്നും മിണ്ടിയില്ല. വല്യത്താൻ കരുതി, മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങളൊന്നും മനസ്സിലായിട്ടില്ല എന്ന്. ഡോ. വല്യത്താൻ എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ മുഖ്യമന്ത്രി ഒന്നു മാത്രം പറഞ്ഞു; ഇതെല്ലാം മാറ്റാനല്ലേ താങ്കളെ ഇവിടെ നിയമിച്ചത്. വല്യത്താന് ധൈര്യം നൽകിയ വാക്കുകളായിരുന്നു അത്- അന്തരിച്ച ഡോ. എം.എസ്. വല്യത്താനെ ഓർക്കുന്നു, അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഡോ. വി. രാമൻകുട്ടി.

ധുനിക വൈദ്യശാസ്ത്രമേഖലയിൽ കേരളത്തിൽനിന്ന് ദേശീയതലത്തിലേക്ക്, ഏറ്റവും വലിയ സംഭാവനകൾ ചെയ്ത, ഏറ്റവും തലപ്പൊക്കമുള്ള ഡോക്ടർമാരിൽ ഒരാളാണ് ഡോ. വല്യത്താൻ.

ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ അദ്ദേഹം ഡയറക്ടറായി വരുന്നതിനുമുമ്പ് കേരളത്തിൽ മെഡിക്കൽ കോളേജുകൾ അടക്കമുള്ള മോഡേൺ മെഡിസിൻ ആശുപത്രികളുടെ പ്രവർത്തനവും സംവിധാനവും പഴയ രീതിയിലുള്ളവയായിരുന്നു. വലിയ പ്രാക്ടീസുള്ള ചില ഡോക്ടർമാരെ ചുറ്റിപ്പറ്റിയായിരുന്നു ഈ ആശുപത്രികളുടെ സ്റ്റാറ്റസ്. പ്രൈവറ്റ് പ്രാക്ടീസായിരുന്നു അതിൽ പ്രധാനം.

ശ്രീചിത്രയിൽ വന്നശേഷം ഡോ. വല്യത്താൻ ഈയൊരു സംവിധാനത്തെ അടിമുടി മാറ്റി. വ്യക്തികേന്ദ്രീകൃതമല്ലാതെ, ഹോസ്പിറ്റൽ എന്ന നിലയ്ക്കുതന്നെ രോഗികൾക്കിടയിൽ പ്രശസ്തമാകുന്ന ആദ്യത്തെ സർക്കാർ ആശുപത്രി കേരളത്തിൽ ശ്രീചിത്രയായിരിക്കും. പിന്നീടാണ് ആർ.സി.സിയൊക്കെ വരുന്നത്. ഏത് ഡോക്ടറാണ് എന്ന് നോക്കിയല്ല, സ്ഥാപനത്തിന്റെ മേന്മ കണ്ടുകൊണ്ടുതന്നെയാണ് ശ്രീചിത്രയിലേക്ക് രോഗികൾ വന്നിരുന്നത്.

ഒരു ക്ലിനീഷ്യനായി ഇരുന്നുകൊണ്ടുതന്നെ, ശാസ്ത്രഗവേഷണ രംഗത്ത് ശോഭിക്കാൻ കഴിയുമെന്ന് തെളിയിച്ചതാണ് ഡോ. വല്യത്താ​ന്റെ പ്രധാന സംഭാവന.
ഒരു ക്ലിനീഷ്യനായി ഇരുന്നുകൊണ്ടുതന്നെ, ശാസ്ത്രഗവേഷണ രംഗത്ത് ശോഭിക്കാൻ കഴിയുമെന്ന് തെളിയിച്ചതാണ് ഡോ. വല്യത്താ​ന്റെ പ്രധാന സംഭാവന.

ഇതോടൊപ്പം, പ്രൈവറ്റ് പ്രാക്ടീസ് പൂർണമായി ഒഴിവാക്കി ഒരു പബ്ലിക് ഹോസ്പിറ്റലിന് നിലനിൽക്കാൻ കഴിയുമെന്നും അദ്ദേഹം തെളിയിച്ചു. അതിനായി മികച്ച സേവന- വേതന വ്യവസ്ഥ ഏർപ്പെടുത്തി അഖിലേന്ത്യാ തലത്തിലുള്ള ടാലന്റിനെ കൊണ്ടുവന്നു. അങ്ങനെയാണ്, ആധുനിക ആരോഗ്യസംരക്ഷണ രംഗത്ത്, പ്രത്യേകിച്ച് ഹൃദ്രോഗ ചികിത്സയിൽ, ‘കട്ടിങ് എഡ്ജായ’ മെഡിക്കൽ ടെക്‌നോളജിയുടെ കേന്ദ്രമായി ശ്രീചിത്രയെ മാറ്റിയെടുക്കാനായത്. ഇന്ന് എറണാകുളത്തും തിരുവനന്തപുരത്തും ഒരു പാട് കോർപറേറ്റ് ആശുപത്രികൾ വന്നിട്ടുണ്ടെങ്കിലും ശ്രീചിത്ര ഇപ്പോഴും പുറകോട്ടുപോയിട്ടില്ല.

ഒരു ക്ലിനീഷ്യനായി ഇരുന്നുകൊണ്ടുതന്നെ, ശാസ്ത്രഗവേഷണ രംഗത്ത് ശോഭിക്കാൻ കഴിയുമെന്ന് തെളിയിച്ചതാണ് ഡോ. വല്യത്താ​ന്റെ മറ്റൊരു പ്രധാന സംഭാവന. അങ്ങനെയുള്ള ഒരു സംഘം പേരെ അദ്ദേഹം വളർത്തിക്കൊണ്ടുവരികയും അതിനുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. ബയോ മെഡിക്കൽ ഉപകരണങ്ങളുടെ രംഗത്ത് സ്വയംപര്യാപ്തത വരുത്താൻ കഴിയുംവിധമുള്ള സംവിധാനം ശ്രീചിത്രയിലെ ബയോ മെഡിക്കൽ ​ടെക്നോളജി വിംഗിലൂടെ അദ്ദേഹം കൊണ്ടുവന്നു. ഒരു മെഡിക്കൽ ഡോക്ടറെ സംബന്ധിച്ച് ഇന്ത്യയിൽ തന്നെ മറ്റൊരാളും ചിന്തിക്കാത്ത കാര്യമായിരുന്നു ഇത്. കാരണം, ഇന്ത്യയിൽ ഇത്തരം ഉപകരണങ്ങൾ ഉണ്ടാക്കാമെന്ന് അതുവരെ ആരും ചിന്തിച്ചിട്ടുപോലുമില്ല.

ഇൻഡസ്ട്രിയുമായി ലിങ്ക് ചെയ്ത് ഒരു പബ്ലിക് ഹെൽത്ത് സെക്ടറിന് പ്രവർത്തിക്കാൻ കഴിയുമെന്ന് ഡോ. വല്യത്താനാണ് കാണിച്ചുതന്നത്. ഗവേഷണത്തിന്റെ കാര്യത്തിൽ മാത്രമല്ല, ഒരു ഉൽപ്പന്നം കൊമേഴ്‌സ്യലി വിജയകരമാക്കുന്നതിന്റെ പ്രാധാന്യം കൂടി തിരിച്ചറിഞ്ഞ വിഷനറി കൂടിയായിരുന്നു അദ്ദേഹം.

ചിത്ര വാൽവ് ലക്ഷക്കണക്കിനുപേരുടെ ഹൃദയത്തിൽവച്ചുപിടിപ്പിച്ചുകഴിഞ്ഞു. ബ്ലഡ് ബാഗ് വിജയകരമായി മാർക്കറ്റ് ചെയ്യാൻ കഴിഞ്ഞു. അതായത്, ഇൻഡസ്ട്രിയുമായി ലിങ്ക് ചെയ്ത് ഒരു പബ്ലിക് ഹെൽത്ത് സെക്ടറിന് പ്രവർത്തിക്കാൻ കഴിയുമെന്ന് ഡോ. വല്യത്താനാണ് കാണിച്ചുതന്നത്. ഗവേഷണത്തിന്റെ കാര്യത്തിൽ മാത്രമല്ല, ഒരു ഉൽപ്പന്നം കൊമേഴ്‌സ്യലി വിജയകരമാക്കുന്നതിന്റെ പ്രാധാന്യം കൂടി തിരിച്ചറിഞ്ഞ വിഷനറി കൂടിയായിരുന്നു അദ്ദേഹം.

മെഡിക്കൽ രംഗത്തും ഭരണരംഗത്തും നിലവിലിരുന്ന സംവിധാനങ്ങളോട് എതിരിട്ടാണ് ഡോ. വല്യത്താൻ ഈ ഇടപെടലുകൾ നടത്തിയത്. അദ്ദേഹം തന്നെ എന്നോടു പറഞ്ഞിട്ടുള്ള ഒരു കാര്യം ഓർക്കുന്നു.

അദ്ദേഹം, ഉപരിപഠനത്തിനുശേഷം വിദേശത്തുനിന്ന് തിരിച്ചെത്തിയ സമയം. ഗവേഷണത്തിൽ താൽപര്യമുണ്ടായിരുന്നുവെങ്കിലും അതിനനുയോജ്യമായ ജോലി അദ്ദേഹത്തിന് കേരളത്തിൽ കിട്ടിയില്ല. അങ്ങനെ, പെരമ്പൂരിൽ റെയിൽവേയുടെ പ്രശസ്തമായ ഹാർട്ട് സ്​പെഷ്യാലിറ്റി ഹോസ്പിറ്റലിൽജോലിക്കു ചേർന്നു. അന്നവിടെ പ്രധാന സർജനായിരുന്ന മലയാളിയായ ഡോ. ചെറിയാന്റെ അസിസ്റ്റായിരുന്നു വല്യത്താൻ. അവിടെ ജോലി ചെയ്യുമ്പോൾ തന്നെ മദ്രാസ് ഐ.ഐ.ടിയിൽ പ്രൊഫസറുമായിരുന്നു വല്യത്താൻ. മെഡിക്കൽ രംഗത്തുള്ള ഒരാൾ ഐ.ഐ.ടിയിൽ ജോലി ചെയ്യുന്നതും ആദ്യ സംഭവമായിരുന്നു.

ശ്രീചിത്ര അന്ന് ഒരു കെട്ടിടം മാത്രമായിരുന്നു. മെഡിക്കൽ കോളേജിന്റെ എക്‌സ്റ്റൻഷനായിട്ടാണ് അത് തുടങ്ങിയത്. ശ്രീചിത്രയെ ഓട്ടോണമസ് ആക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഹെൽത്ത് സർവീസിന്റെയോ മെഡിക്കൽ കോളേജിന്റെയോ ഭാഗമല്ലാതെ പൊതുമേഖലയിൽ സ്വതന്ത്രമായ ഒരു ആശുപത്രി, ഒരു പ്രത്യേക മെഡിക്കൽ സെന്റർ. ഈയൊരു ആശയത്തിനുപുറകിൽ അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോനോടൊപ്പം ഓർക്കേണ്ട ഒരു പേരുണ്ട്, ഡോ.പി.കെ. ഗോപാലകൃഷ്ണൻ. അദ്ദേഹം പ്ലാനിങ് സെക്രട്ടറിയായിരുന്നു.

ഹെൽത്ത് സർവീസിന്റെയോ മെഡിക്കൽ കോളേജിന്റെയോ ഭാഗമല്ലാതെ പൊതുമേഖലയിൽ സ്വതന്ത്രമായ ഒരു ആശുപത്രി, ഒരു പ്രത്യേക മെഡിക്കൽ സെന്റർ. ഈയൊരു ആശയത്തിനുപുറകിൽ അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോനോടൊപ്പം ഓർക്കേണ്ട ഒരു പേരുണ്ട്, ഡോ.പി.കെ. ഗോപാലകൃഷ്ണൻ.
ഹെൽത്ത് സർവീസിന്റെയോ മെഡിക്കൽ കോളേജിന്റെയോ ഭാഗമല്ലാതെ പൊതുമേഖലയിൽ സ്വതന്ത്രമായ ഒരു ആശുപത്രി, ഒരു പ്രത്യേക മെഡിക്കൽ സെന്റർ. ഈയൊരു ആശയത്തിനുപുറകിൽ അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോനോടൊപ്പം ഓർക്കേണ്ട ഒരു പേരുണ്ട്, ഡോ.പി.കെ. ഗോപാലകൃഷ്ണൻ.

ഡോ. ചെറിയാനെയാണ് പുതിയ മെഡിക്കൽ സെന്ററിന്റെ ഡയറക്ടറായി സർക്കാർ ആലോചിച്ചത്. ഡോ. ചെറിയാൻ ഇക്കാര്യം വല്യത്താനോട് പറഞ്ഞു; താൻ കേരളത്തിലേക്ക് പോകുകയാണെന്നും വല്യത്താനും ഒപ്പം വരാമെന്നും.
നാട്ടിലേക്കു മടങ്ങാനുള്ള അവസരമായതുകൊണ്ട് വല്യത്താൻ സമ്മതിച്ചു. എന്നാൽ, അവസാന നിമിഷം, ഡോ. ചെറിയാൻ പിന്മാറി. കാരണം, കേരളം ജോലി ചെയ്യാൻ പറ്റിയ ഇടമല്ലെന്ന് പലരും അദ്ദേഹത്തെ പേടിപ്പിച്ചു. കേരളത്തിലെത്താൻ എല്ലാ ഒരുക്കവും നടത്തിയിരുന്ന ഡോ. വല്യത്താൻ ഒറ്റക്ക് കേരളത്തിലെത്തി, ഡോ. ചെറിയാൻ വരാത്തതുകൊണ്ട് ഡോ. വല്യത്താനെ ഡയറക്ടറായി നിയമിക്കുകയും ചെയ്തു. അന്ന് അദ്ദേഹത്തിന് 40 വയസ്സേയുള്ളൂ.

തുടക്കത്തിൽ മെഡിക്കൽ സെന്ററിന് ഗവേണിങ് ബോർഡുണ്ടാക്കുകയാണ് ഡോ. വല്യത്താൻ ചെയ്തത്. ഗവ. സെക്രട്ടറി, ഹെൽത്ത് സെക്രട്ടറി, ചീഫ് സെക്രട്ടറി തുടങ്ങിയ സർക്കാർ ഉദ്യോഗസ്ഥരായിരുന്നു ബോർഡിൽ. ഡയറക്ടർ വിചാരിക്കുന്ന ഒരു കാര്യവും നടക്കാത്ത സ്ഥിതിയുണ്ടായി. സർക്കാർ ചട്ടപ്രകാരമല്ലാതെ ഒന്നും നടക്കുന്നില്ല എന്നായപ്പോൾ, ജോലി തന്നെ ചെയ്യാനാകുന്നില്ല എന്ന സ്ഥിതി വന്നപ്പോൾ ഡോ. വല്യത്താൻ മുഖ്യമന്ത്രി സി. അച്യുതമേനോനെ കണ്ട് പ്രശ്‌നം അവതരിപ്പിച്ചു.
മുഖ്യമന്ത്രി ഒന്നും മിണ്ടിയില്ല.
വല്യത്താൻ കരുതി, മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങളൊന്നും മനസ്സിലായിട്ടില്ല എന്ന്.
ഡോ. വല്യത്താൻ എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ മുഖ്യമന്ത്രി ഒന്നു മാത്രം പറഞ്ഞു; ഇതെല്ലാം മാറ്റാനല്ലേ താങ്കളെ ഇവിടെ നിയമിച്ചത്.
വല്യത്താന് ധൈര്യം നൽകിയ വാക്കുകളായിരുന്നു അത്.

രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തലപ്പത്തില്ലാത്ത ഒരു ശാസ്ത്രസ്ഥാപനം ഇന്ത്യയിൽ അപൂർവമാണ്. അത്തരമൊരു സംവിധാനം, മുഖ്യമന്ത്രിയുടെ പിന്തുണയോടെ ഡോ. വല്യത്താന് രൂപപ്പെടുത്തിയെടുക്കാനായി.

അടുത്ത ദിവസം ഡോ. വല്യത്താൻ ഗവേണിങ് ബോർഡിൽനിന്ന് ഉദ്യോഗസ്ഥരെ പി്‌രിച്ചുവിട്ട് പ്രമുഖ ശാസ്ത്രജ്ഞരെയൊക്കെ വച്ച് മറ്റൊരു ബോർഡുണ്ടാക്കി. ഇപ്പോഴും ഒരു പ്രത്യേകതയുള്ളത്, ശ്രീചിത്രയുടെ ചെയർപേഴ്സൺ സ്ഥാനത്ത് മന്ത്രിമാരോ രാഷ്ട്രീയക്കാരോ അല്ല എന്നതാണ്. ജി. പാർഥസാരഥി, നാനി പാൽക്കിവാല, കെ.എൻ. രാജ് തുടങ്ങിയവരായിരുന്നു മുമ്പ് ചെയർപേഴ്സന്മാർ. ഇപ്പോൾഡോ. വി.കെ. സാരസ്വത് ആണ് ചെയർപേഴ്സൺ. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തലപ്പത്തില്ലാത്ത ഒരു ശാസ്ത്രസ്ഥാപനം ഇന്ത്യയിൽ അപൂർവമാണ്. അത്തരമൊരു സംവിധാനം, മുഖ്യമന്ത്രിയുടെ പിന്തുണയോടെ ഡോ. വല്യത്താന് രൂപപ്പെടുത്തിയെടുക്കാനായി.
ഇന്ത്യയിൽ തന്നെ കേരളത്തിലാണ് ആദ്യമായി സയൻസ് ആന്റ് ടെക്‌നോളജി ഡിപ്പാർട്ടുമെന്റ് തുടങ്ങിയത്. ശ്രീചിത്രയെ വല്യത്താൻ അതിനുകീഴിൽ കൊണ്ടുവന്നു. ശ്രീചിത്രക്ക് പൂർണ സ്വാതന്ത്ര്യം നൽകിയ പ്രധാന കാര്യമായിരുന്നു ഇത്. പിന്നീട്, കേന്ദ്ര സർക്കാറിന്റെ സയൻസ് ആന്റ് ടെക്‌നോളജി വകുപ്പിനു കീഴിലാകുകയും ചെയ്തു.

നാനി പാൽക്കിവാല
നാനി പാൽക്കിവാല

മൊറാർജി ദേശായി പ്രധാനമന്ത്രിയായിരുന്നപ്പോൾ, ശ്രീചിത്ര മെഡിക്കൽ സെന്ററിനെ ദേശീയതലത്തിലേക്ക് ഉയർത്താൻ ഡോ. വല്യത്താൻ ഒരു ശ്രമം നടത്തി. ഡീംഡ് യൂണിവേഴ്‌സിറ്റിയുടെ പദവിയായിരുന്നു അദ്ദേഹത്തിന്റെ ഉള്ളിൽ. അത്തരമൊരു അഭ്യർഥനയുമായാണ് ഡോ. വല്യത്താൻ മൊറാർജി ദേശായിയെ കാണുന്നത്. കേരളത്തിന്റെ കാര്യത്തിൽ മൊറാർജിക്ക് വലിയ താൽപര്യമൊന്നും ഉണ്ടായേക്കില്ല എന്ന ധാരണയിൽ മടിച്ചുമടിച്ചാണ് വല്യത്താൻ കാര്യം അവതരിപ്പിച്ചത്. എന്നാൽ, തീർത്തും അനുകൂലമായിരുന്നു മൊറാർജി ദേശായിയുടെ മറുപടി. ഉടൻ തന്നെ ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന് Institutions of National Importance പദവി നൽകുകയും ചെയ്തു. മെഡിക്കൽ മേഖലയിൽ അന്ന് ഈ പദവിയുണ്ടായിരുന്നത് രണ്ടേ രണ്ടു സ്ഥാപനങ്ങൾക്കായിരുന്നു, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനും ചണ്ഡീഗഢിലെ Postgraduate Institute of Medical Education and Research (PGIMER)-നും. ശ്രീചിത്ര ഈ പദവിയുള്ള രാജ്യത്തെ മൂന്നാമത്തെ സ്ഥാപനമായി. ഈ പദവിയുള്ള സ്ഥാപനങ്ങൾക്ക് സ്വന്തമായി കോഴ്സുകളും ഡിഗ്രികളും തുടങ്ങാം. അങ്ങനെ അദ്ദേഹത്തിന് ശ്രീചിത്രയെ ഫുൾ ഫ്‌ളജ്ഡ് യൂണിവേഴ്‌സിറ്റിയായി വികസിപ്പിക്കാൻ കഴിഞ്ഞു.

ഡോ. വല്യത്താൻ ശ്രീചിത്രയിൽ നിന്ന് പോയപ്പോൾ എനിക്ക് അവിടെ തുടരാനാകാത്ത സ്ഥിതിയായി. അങ്ങനെയാണ് ഞാൻ അച്യുതമേനോൻ സെന്ററിൽനിന്ന് രാജിവച്ചത്.

നിലവിലുള്ള സിസ്റ്റത്തിന് എതിരായതുകൊണ്ടുതന്നെ, ഡോ. വല്യത്താന് ​മെഡിക്കൽ മേഖലയിൽനിന്നുതന്നെ ശക്തമായ എതിർപ്പ് നേരിടേണ്ടിവന്നിരുന്നു. മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടനയായ The Kerala Government Medical College Teachers' Association (KGMCTA), ഈ സ്ഥാപനം ഇല്ലാതാകുമ്പോൾ അവിടെയുള്ള ഫാക്കൽറ്റിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റരുത് എന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി. ശ്രീചിത്രയിലുള്ളവർ തങ്ങളുടെ മുകളിലായിരിക്കും എന്നതായിരുന്നു അവരുടെ പേടി.

കേരള യൂണിവേഴ്‌സിറ്റിയിൽ ഒരു മെഡിക്കൽ കോഴ്സ് തുടങ്ങാനുള്ള ഡോ. വല്യത്താന്റെ തീരുമാനത്തിനെതിരെയും എതിർപ്പുണ്ടായി. അന്നത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സർവകലാശാലാ സെനറ്റിലും സിൻഡിക്കേറ്റിലും അംഗമായിരുന്നു. ഈ കോഴ്‌സ് മെഡിക്കൽ കോളേജിലുള്ളപ്പോൾ എന്തിന് യൂണിവേഴ്‌സിറ്റിയിൽ തുടങ്ങുന്നു എന്ന വാദമുയർത്തി ഡോ. വല്യത്താന്റെ നീക്കം തടയുകയായിരുന്നു. ശ്രീചിത്രക്ക് ദേശീയ പദവി ലഭിച്ചപ്പോഴാണ്, യൂണിവേഴ്സിറ്റിയുടെ അനുമതി ആവശ്യമില്ലാതെ കോഴ്സുകൾ തുടങ്ങാനായത്.

അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ് (The Achutha Menon Centre for Health Science Studies- AMCHSS) സ്ഥാപിക്കപ്പെട്ടതിനുപുറകിലും ഡോ. വല്യത്താന്റെ വിഷനുണ്ട്. പൊതുജനാരോഗ്യം എന്നത് ഡോക്ടർമാരുടെ മാത്രമായ സ്‌പെഷ്യാലിറ്റിയായാണ് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാൽ, ഡോക്ടർമാരല്ലാത്തവർക്കും പൊതുജനാരോഗ്യത്തിൽ ഇടപെടാനാകുമെന്നും അതിൽ അവർക്കും ഗവേഷണം നടത്താമെന്നുമൊക്കെ ഈ സ്ഥാപനമാണ് കാണിച്ചുകൊടുത്തത്. ഇപ്പോൾ, ഇത്തരം നിരവധി സ്ഥാപനങ്ങൾ ഇന്ത്യയിലുണ്ട്. അതിന് ആദ്യ കാൽവെപ്പ് നടത്തിയതിനുപിന്നിൽ വല്യത്താന്റെ ബുദ്ധിയും കഴിവുമുണ്ട്.

ശ്രീചിത്ര മെഡിക്കൽ സെന്ററിനെ ദേശീയതലത്തിലേക്ക് ഉയർത്താനുള്ള അഭ്യർഥനയുമായി ഡോ. വല്യത്താൻ പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായിയെ കണ്ടു. കേരളത്തിന്റെ കാര്യത്തിൽ മൊറാർജിക്ക് വലിയ താൽപര്യമൊന്നും ഉണ്ടായേക്കില്ല  എന്ന ധാരണയിൽ മടിച്ചുമടിച്ചാണ് വല്യത്താൻ കാര്യം അവതരിപ്പിച്ചത്. എന്നാൽ, തീർത്തും അനുകൂലമായിരുന്നു മൊറാർജി ദേശായിയുടെ മറുപടി.
ശ്രീചിത്ര മെഡിക്കൽ സെന്ററിനെ ദേശീയതലത്തിലേക്ക് ഉയർത്താനുള്ള അഭ്യർഥനയുമായി ഡോ. വല്യത്താൻ പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായിയെ കണ്ടു. കേരളത്തിന്റെ കാര്യത്തിൽ മൊറാർജിക്ക് വലിയ താൽപര്യമൊന്നും ഉണ്ടായേക്കില്ല എന്ന ധാരണയിൽ മടിച്ചുമടിച്ചാണ് വല്യത്താൻ കാര്യം അവതരിപ്പിച്ചത്. എന്നാൽ, തീർത്തും അനുകൂലമായിരുന്നു മൊറാർജി ദേശായിയുടെ മറുപടി.

ഡോ. വല്യത്താന്റെ താൽപര്യത്തിലും ഇനീഷിയേറ്റീവിലൂം തുടങ്ങിയ അച്യുതമേനോൻ സെന്റിലാണ് ഞാൻ ഏറ്റവും കൂടുതൽ കാലം ജോലി ചെയ്തത്.
1988-ൽ അമേരിക്കയിൽനിന്ന് തിരിച്ചെത്തി എന്തു ചെയ്യണം എന്നാലോചിക്കുന്ന സമയത്താണ് ഡോ. വല്യത്താൻ എന്നെ വിളിപ്പിക്കുന്നത്. പബ്ലിക് ഹെൽത്ത്, സോഷ്യൽ മെഡിസിൻ, ഹെൽത്ത് ഇക്കണോമിക്‌സ് എന്നിവക്കുവേണ്ടി ഒരു യൂണിറ്റ് സ്ഥാപിച്ചാൽ കൊള്ളാമെന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഞാൻ അച്യുതമേനോൻ സെന്ററിൽ ചേരുന്നത്. മൂന്നാലുവർഷം കഴിഞ്ഞപ്പോൾ, 1991-ൽ ഒരു ടീമില്ലാതെ ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയാതായി. പിന്നീട് ഡോ. വല്യത്താൻ ശ്രീചിത്രയിൽ നിന്ന് പോയപ്പോൾ എനിക്ക് അവിടെ തുടരാനാകാത്ത സ്ഥിതിയായി. അങ്ങനെയാണ് ഞാൻ അച്യുതമേനോൻ സെന്ററിൽനിന്ന് രാജിവച്ചത്. ആ നിലയ്ക്ക് വ്യക്തിപരമായി എന്റെ പ്രൊഫഷനൽ ജീവിതത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തി കൂടിയാണ് ഡോ. എം.എസ്. വല്യത്താൻ.


Summary: dr v ramankutty writes about dr m s valiathan


ഡോ. വി. രാമൻകുട്ടി

എപ്പിഡിമിയോളജിസ്​റ്റ്​, ഡാറ്റ സയൻസ്​ കൺസൽട്ടൻറ്​. ശ്രീ ചിത്തിര തിരുനാൾ ഇൻസ്​റ്റിറ്റ്യൂട്ട്​ ഫോർ മെഡിക്കൽ സയൻസസ്​ ആൻറ്​ ടെക്​നോളജിയിൽ പ്രൊഫസറും അച്യുതമേനോൻ സെൻറർ ഫോർ ഹെൽത്ത്​ സയൻസ്​ സ്​റ്റഡീസ്​ മേധാവിയുമായിരുന്നു. സി. അച്യുതമേനോന്റെ ജീവിതയാത്രയിൽ എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​. ചിത്രകാരനാണ്​.

Comments