വിവർത്തക എഴുത്തുകാരിയുമാണ്;
ഈഡിത്ത് ഗ്രോസ്മനെ ഓർമിച്ചുകൊണ്ട്

താൻ വിവർത്തനം ചെയ്ത കൃതികളുടെ മുഖച്ചട്ടയിൽ തന്റെ പേര് വെക്കണമെന്ന് ഈഡിത്ത് ഗ്രോസ്മൻ നിർബന്ധം പിടിച്ചിരുന്നു. വിവർത്തനം എന്ന പ്രക്രിയയെത്തന്നെ നിരാകരിക്കുന്ന, വിവർത്തകർക്ക് ഒരു പുസ്തകത്തിന്റെ രചനയിൽ യാതൊരു പങ്കും ഇല്ല എന്ന് വരുത്തിത്തീർക്കുന്ന പ്രസാധകതന്ത്രങ്ങളിലെ സാമ്പത്തിക, സാംസ്കാരിക, ബൗദ്ധിക ചൂഷണങ്ങൾ അവർ ചൂണ്ടിക്കാട്ടി.

രു ഷൂ വിൽപ്പനക്കാരന്റെയും സെക്രട്ടറിയുടെയും മകളായി 1936-ൽ ഫിലാഡെൽഫിയയിൽ ജനിച്ച ഈഡിത്ത് മാരിയൻ ഡോർഫ്, 2023 സെപ്റ്റംബർ 4-ന് ന്യൂയോർക്കിൽ അന്തരിക്കുമ്പോൾ, ലോകമാകെ അറിയപ്പെടുന്ന, ഡോക്ടർ ഈഡിത്ത് ഗ്രോസ്മൻ എന്ന വിവർത്തകയായിരുന്നു. ഗബ്രിയേൽ ഗാർസിയാ മാർകേസിന്റെ ‘ലവ് ഇൻ ദ ടൈം ഓഫ് കോളറ’, സെർവാൻതെസിന്റെ ‘ഡോൺ കിഹോത്തെ’ എന്നീ പുസ്തകങ്ങളുടെ വിവർത്തകയായിട്ടാണ് ഡോ. ഗ്രോസ്മൻ അറിയപ്പെടുന്നതെങ്കിലും ലാറ്റിനമേരിക്കൻ സാഹിത്യത്തിലെയും സ്പാനിഷ് ഭാഷയിലെയും മറ്റു പല എഴുത്തുകാരെയും ഇംഗ്ലീഷ് വായനക്കാർക്കും ഇംഗ്ലീഷിൽ‍‍ നിന്ന് മറ്റു ഭാഷകൾ വഴി ലോകമെമ്പാടുമുള്ള വായനക്കാർക്കും അവർ പരിചയപ്പെടുത്തിക്കൊടുത്തു. മരിയോ വർഹാസ് യോസ, മൈരാ മൊന്റെരോ, അൽബാരോ മുതിസ്, കാർമൻ ലാഫൊറേറ്റ്, കാർലോസ് റോഹാസ്, ലുഇസ് ദി ഗോങ്ഗോര തുടങ്ങി ഒരുപാട് എഴുത്തുകാരെ ലാറ്റിനമേരിക്കക്കും സ്പാനിഷ് ഭാഷയ്ക്കുമപ്പുറം അവർ എത്തിച്ചു.

1963-ൽ ഫുൾബ്രൈറ്റ് സ്കോളർഷിപ്പോടെ സ്പെയിനിൽ ഒരു വർഷം താമസിക്കുകയും, പിന്നീട് ന്യൂയോർക് യൂനിവേഴ്സിറ്റിയിൽനിന്ന് ലാറ്റിനമേരിക്കൻ സാഹിത്യത്തിൽ PhD എടുക്കുകയും ചെയ്തതിനുശേഷം അക്കാദമിക് ജീവിതത്തിനൊരുങ്ങുമ്പോഴാണ് ആകസ്മികമായി അർജൻറീനിയൻ എഴുത്തുകാരൻ മാസെഡോനിയോ ഫെർനാന്ദെസിന്റെ കഥകൾ വിവർത്തനം ചെയ്യാൻ അവസരം കിട്ടുന്നത്. 1972-ലായിരുന്നു അത്. അതിനുശേഷം വിവർത്തനത്തിൽത്തന്നെ മുഴുകാനാണ് തീരുമാനിച്ചത്. സാഹിത്യലോകത്ത്, പ്രത്യേകിച്ച് അമേരിക്കൻ സാഹിത്യലോകത്ത്, വിവർത്തന സാഹിത്യത്തിനും വിവർത്തകർക്കും നേരിടേണ്ടി വന്നിട്ടുള്ള, ഇപ്പോഴും തുടരുന്ന, വിവേചനങ്ങൾക്കെതിരെ നിരന്തരം അവർ ശബ്ദമുയർത്തി.

ഈഡിത്ത് ഗ്രോസ്മൻ
ഈഡിത്ത് ഗ്രോസ്മൻ

വിവർത്തന സാഹിത്യത്തിന് ഡോ. ഗ്രോസ്മൻ നൽകിയ സംഭാവന വലുതാണ്. അതിലും വലുതാണ് വിവർത്തനം എന്ന സർഗാത്മക പ്രക്രിയയിൽ ഇടപെടുന്നവർക്ക് അവർ ബാക്കിവച്ചുപോയ അറിവും ആക്റ്റിവിസവും. സാഹിത്യലോകത്തെ വിനീതരായ സിൻഡറെല്ലമാരല്ല (humble Cinderellas) വിവർത്തകർ എന്നവർ ഉറപ്പിച്ചുപറഞ്ഞു. പ്രസാധകലോകത്തെ ക്ഷീണിച്ചവശരായ യാത്രികരായല്ല അവർ വിവർത്തകരെ കണ്ടത്, മറിച്ച്, രണ്ട് വ്യത്യസ്തങ്ങളായ ഭാഷണങ്ങളെയും, അനുഭവ ലോകങ്ങളെയും വായനക്കാരെയും അടുപ്പിക്കുന്ന, ചേർത്തുവയ്ക്കുന്ന, ജീവനുള്ള പാലങ്ങളായിട്ടാണ്. താൻ വിവർത്തനം ചെയ്ത കൃതികളുടെ മുഖച്ചട്ടയിൽ തന്റെ പേര് വെക്കണമെന്ന് അവർ നിർബന്ധം പിടിച്ചിരുന്നു. വിവർത്തനം എന്ന പ്രക്രിയയെത്തന്നെ നിരാകരിക്കുന്ന, വിവർത്തകർക്ക് ഒരു പുസ്തകത്തിന്റെ രചനയിൽ യാതൊരു പങ്കും ഇല്ല എന്ന് വരുത്തിത്തീർക്കുന്ന പ്രസാധകതന്ത്രങ്ങളിലെ സാമ്പത്തിക, സാംസ്കാരിക, ബൗദ്ധിക ചൂഷണങ്ങൾ അവർ ചൂണ്ടിക്കാട്ടി.

മറ്റു പലരെയും പോലെ അവരുടെ പുസ്തകങ്ങളിൽ ഞാനാദ്യം വായിച്ചത് മാർകേസിന്റെ ‘ലവ് ഇൻ ദ ടൈം ഓഫ് കോളറ’ ആണ്. പക്ഷേ, ഏറ്റവും തവണ ആവർത്തിച്ച് വായിച്ചിട്ടുള്ളതും ഇപ്പോഴും എന്റെ എഴുത്തുമേശയിൽ കൈയെത്തും ദൂരത്ത് ഇരിക്കുന്നതും അവരുടെ Why Translation Matters എന്ന പുസ്തകമാണ്.

രണ്ടു ഭാഷകളിൽ നൈപുണ്യം, ആ ഭാഷകളുടെ സ്വഭാവം, ധ്വനി, തത്വങ്ങൾ, അർത്ഥങ്ങൾ, സാധ്യതകൾ എന്നിങ്ങനെ പല കഴിവുകളും ഒരു നല്ല വിവർത്തക തന്റെ എഴുത്തിലേക്ക് കൊണ്ടുവരുന്നു എന്ന് ഡോ. ഗ്രോസ്മൻ എഴുതിയത് വായിച്ച് നിരാശയിൽ നിന്ന് കരകയറിയ ആദ്യത്തെ വിവർത്തക ഞാനാവില്ല.

‘സ്വന്തം പുസ്തകം’ എന്നാണ് എഴുതുന്നത് എന്നൊരു ദേഷ്യവും വേദനയും ഒരുമിച്ചു വരുത്തുന്ന ചോദ്യം പലപ്പോഴും ഞാനും  കേൾക്കേണ്ടിവന്നിട്ടുണ്ട്. (ഇതുവരെ പ്രസിദ്ധീകരിച്ച ‘സ്വന്തം പുസ്തകങ്ങൾ’ ഈ ചോദ്യകർത്താക്കൾ കണ്ടിട്ടില്ല എന്ന തമാശയും ഉണ്ട്). അപ്പോഴൊക്കെ വിവർത്തകർ എഴുത്തുകാരാണോ എന്ന ചോദ്യം ഡോ. ഗ്രോസ്മൻ ഈ പുസ്തകത്തിൽ വിചിന്തനം ചെയ്യുന്നത് ഞാൻ വീണ്ടുമെടുത്ത് വായിക്കും. ഒരു കൃതി മറ്റൊരു ഭാഷയിൽ രണ്ടാമതും എഴുതുന്നവരാണ് വിവർത്തകർ. ആദ്യത്തെ എഴുത്താൾ ശൂന്യമായ പേജിന് മുൻപിലിരുന്നു തുടങ്ങുന്നു; രണ്ടാമത്തെയാൾ എഴുതിക്കഴിഞ്ഞ കൃതിയിൽനിന്ന് തുടങ്ങി മറ്റൊരു ഭാഷയിൽ അതേ കൃതി മാറ്റിയെഴുതുന്നു. രണ്ടു ഭാഷകളിൽ നൈപുണ്യം, ആ ഭാഷകളുടെ സ്വഭാവം, ധ്വനി, തത്വങ്ങൾ, അർത്ഥങ്ങൾ, സാധ്യതകൾ എന്നിങ്ങനെ പല കഴിവുകളും ഒരു നല്ല വിവർത്തക തന്റെ എഴുത്തിലേക്ക് കൊണ്ടുവരുന്നു എന്ന് ഡോ. ഗ്രോസ്മൻ എഴുതിയത് വായിച്ച് നിരാശയിൽ നിന്ന് കരകയറിയ ആദ്യത്തെ വിവർത്തക ഞാനാവില്ല.

വിവർത്തകർ നേരിടുന്ന, അതുപോലെത്തന്നെ നിരാശാജനകമായ, വിവർത്തനം എന്ന സർഗാത്മക പ്രക്രിയയുടെ മൂല്യനിഷേധം ചെയ്യുന്ന, മറ്റൊരു ചോദ്യം ഇതാണ്: വിവർത്തനം എന്ന പ്രക്രിയ സാധ്യമാണോ? എന്തായാലും, എത്രയായാലും എന്തെങ്കിലുമൊക്കെ ചോർന്നുപോവില്ലെ വിവർത്തനത്തിൽ? മറ്റൊരു വ്യാഖ്യാനകലയും - നാടകം, സംഗീതം, മറ്റ് പെർഫോമൻസ് കലകൾ, ഫോട്ടോഗ്രഫി - എന്തുകൊണ്ട് ഇങ്ങനെയൊരു ചോദ്യം അഭിമുഖീകരിക്കുന്നില്ല എന്നാലോചിക്കേണ്ടതാണ് എന്ന് ഡോ. ഗ്രോസ്മൻ പറയുന്നു. വിവർത്തനം സാധ്യമാണോ എന്ന ചോദ്യം നിരർത്തകമാണ്, കാരണം തീർച്ചയായും സാധ്യമാണ് എന്നല്ലാതെ അതിന് മറ്റൊരുത്തരമില്ല. പകരം ചോദിക്കേണ്ടത് ഈ സർഗാത്മക പ്രക്രിയ നന്നായി ചെയ്യാമോ എന്നാണ്. ലോകസാഹിത്യം വായിക്കുന്ന ഏവർക്കും ഈ ചോദ്യത്തിന് ഉത്തരവും കിട്ടും.

നിരന്തരം ഉന്തിമാറ്റൽ (push back) അഭിമുഖീകരിക്കേണ്ടിവരുന്ന ഈ പ്രവൃത്തി എന്തിന് ചെയ്യുന്നു എന്ന existential ചോദ്യം സ്വയം ചോദിക്കുന്ന വിവർത്തകർക്കെല്ലാം ഈഡിത്ത് ഗ്രോസ്മന്റെ വാക്കുകൾ മരുന്നാണ്: മറ്റൊരു സമൂഹത്തിൽ നിന്നോ കാലഘട്ടത്തിൽ നിന്നോ ഉള്ള ആളുകളുടെ ചിന്തകളും വികാരങ്ങളും സാഹിത്യത്തിലൂടെ അറിഞ്ഞനുഭവിക്കാനുള്ള നമ്മുടെ കഴിവിനെ വിവർത്തനം വികസിപ്പിക്കുന്നു. പരദേശിയെ പരിചയക്കാരിയായി മാറ്റി, നമ്മുടെ സ്വന്തം ജീവിതത്തിനുപുറത്ത്, മുൻധാരണകൾക്കും തെറ്റിദ്ധാരണകൾക്കും അപ്പുറത്ത്, ജീവിക്കാനും വിവർത്തനം നമ്മെ അനുവദിക്കുന്നു. നമ്മുടെ ലോകത്തെ, ബോധത്തെ, വിവരണാതീതമായ രീതിയിൽ വികസിപ്പിക്കുകയും അർത്ഥവത്താക്കുകയും ചെയ്യുന്നു. ജീവിതത്തെക്കുറിച്ച് നമുക്കറിയാവുന്ന ചെറിയ കാര്യങ്ങളിൽ നല്ലൊരു ഭാഗം നമ്മൾ പഠിച്ചെടുക്കുന്ന സ്ഥലമാണ് ഡോ. ഗ്രോസ്മന് സാഹിത്യം.

ഈഡിത്ത് ഗ്രോസ്മൻ എന്ന വിവർത്തകയെ ഓർക്കുമ്പോഴൊക്കെ, ‘ഡോൺ കിഹോത്തെ’യുടെ മാസ്മരികതയ്ക്കും ‘ലവ് ഇൻ ദ ടൈം ഓഫ് കോളറ’യുടെ ലാവണ്യ മനോഹാരിതയ്ക്കും ‘ദ ഫീസ്റ്റ് ഓഫ് ദ ഗോട്ട്’ കൊണ്ടുവന്ന പൊളിറ്റിക്കൽ റിയലിസത്തിനും ‘നാദ’യിലെ, അതുവരെ ഇംഗ്ലീഷ് വായനക്കാർ അധികമൊന്നും അറിഞ്ഞിരുന്നില്ലാത്ത ത്രെമെൻറിസീമോ സ്റ്റൈയിലിനും അപ്പുറം, വിവർത്തന സാഹിത്യത്തിന്റെ അഭിമാനത്തിനും സാക്ഷാത്കാരത്തിനും നിരന്തരം പോരാടിയ, ‘force of nature’ എന്ന് അടുത്ത സുഹൃത്തുക്കൾ വിശേഷിപ്പിക്കുന്ന, ക്രിയേറ്റീവ് ആർട്ടിസ്റ്റ്-ആക്റ്റിവിസ്റ്റിനെയാണ് ഞാൻ ഓർക്കുക.

Comments