എഡിത് ഗോസ്സ്മാനിലൂടെ
ലോകം വായിച്ച ​മാർകേസും സെർവാന്റീസും

എഡിത് ഗോസ്സ്മാന്റെ വിയോഗത്തോടെ ലോകസാഹിത്യത്തില്‍ ചെറുതല്ലാത്ത ശൂന്യത അനുഭവപ്പെടുമെങ്കിലും അവര്‍ സൃഷ്ടിച്ച പരിഭാഷാമാതൃകകള്‍ ലോകവായനയെ തുടര്‍ന്നും സ്വാധീനിച്ചുകൊണ്ടിരിക്കും. പുതിയ കാല സാഹിത്യം അവരോട് അത്രമാത്രം കടപ്പെട്ടിരിക്കുന്നു. ഇഷ്ടപ്പെട്ട എഴുത്തുകാരോടെന്ന പോലെ ഈ പരിഭാഷകയോടും നമ്മള്‍ കടപ്പെട്ടിരിക്കുന്നു.

'Why Translation Matters' എന്ന പ്രസിദ്ധമായ പുസ്തകത്തിലൊരിടത്ത്, എഡിത് ഗ്രോസ്സ്മാന്‍ പരിഭാഷയെപ്പറ്റി ബോര്‍ഹസ്സ് എടുത്ത നിലപാടിനെ ആദരവോടെ വിശദീകരിക്കുന്നുണ്ട്. ബോര്‍ഹസ്സ് തന്റെ പരിഭാഷകരോട്, 'ഞാന്‍ പറഞ്ഞതല്ല നിങ്ങളെഴുതേണ്ടത്, മറിച്ച് ഞാന്‍ പറയുവാന്‍ ഉദ്ദേശിച്ചതെന്തോ അതായിരിക്കണം' എന്ന് പറയുമായിരുന്നു. സാഹിത്യകൃതികള്‍ പരിഭാഷപ്പെടുത്തുന്ന ഏതൊരാളും മനസ്സില്‍ ഊട്ടിയുറപ്പിക്കേണ്ട അടിസ്ഥാന പ്രമാണമാണിത്. ബോര്‍ഹസ്സ് ആവശ്യപ്പെട്ടത് ഏതെങ്കിലും വിവര്‍ത്തകര്‍ക്ക് എപ്പോഴെങ്കിലും സാധിക്കുമോ എന്നൊരു സംശയം ഗ്രോസ്സ്മാന്‍ അതിനനുബന്ധമായി അവിടെ തന്നെ പറഞ്ഞുവെക്കുന്നുണ്ട്. ഇന്നിപ്പോള്‍ ഗോസ്സ്മാന്‍ എന്ന പരിഭാഷക ജീവിതത്തില്‍നിന്ന് വിടപറയുമ്പോള്‍ ലോകമെമ്പാടുമുള്ള വായനക്കാര്‍ വേദനയോടെ അവരെ സ്മരിക്കുന്നത് ഈ അസാധാരണകാര്യം സ്വാഭാവികതയോടെ നിര്‍വ്വഹിച്ചതുകൊണ്ടാണ്. പരിഭാഷയുടെ ലോകത്ത് എഡിത് ഗ്രോസ്സ്മാനെ സവിശേഷ യശസ്സോടെ വേറിട്ടുനിര്‍ത്തുന്നത് ഈ വൈഭവം ഒന്നുകൊണ്ടുതന്നെയാണ്.

ബോര്‍ഹസ് പറഞ്ഞത് എഴുത്തുകാരുടെ വീക്ഷണകോണില്‍ കൂടിയാണെങ്കില്‍ ഇതേ കാര്യം പരിഭാഷകരുടെ കണ്ണിലൂടെ ഗോസ്സ്മാനും പറഞ്ഞു വെച്ചിട്ടുണ്ട്. ഒരഭിമുഖത്തില്‍ ഗ്രോസ്സ്മാന്‍ തന്റെ നിലപാട് ഇങ്ങനെ വിശദീകരിക്കുന്നു: 'I think we have to be faithful to the context. But it is very important to differentiate between fidelity and literalness. Because you can't be faithful to words, words are different in different languages. You can't be faithful to syntax, because that changes from one language to the other. But you can be faithful to intention and context.'
പരിഭാഷയെപ്പറ്റി ഇത്രയും വ്യക്തതയോടെ ചിന്തിക്കുകയും സത്യസന്ധതയോടെ പ്രവര്‍ത്തിക്കുകയും ചെയ്ത ഒരസാധാരണ പ്രതിഭയെയാണ് 87ാം വയസ്സില്‍ നമുക്ക് നഷ്ടമായിരിക്കുന്നത്.

എഡിത് ഗ്രോസ്സ്മാന്‍

'സ്പാനിഷ് വായിക്കാനറിയില്ല എന്നതുകൊണ്ടു മാത്രം നിങ്ങള്‍ക്കാര്‍ക്കും ഒന്നും നഷ്ടമാവരുത് എന്നാണ് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നത്- ' ഈ ഉറച്ച ബോധ്യത്തോടെയാണ് ഗ്രോസ്സ്മാന്‍ എന്ന പരിഭാഷക സ്പാനിഷില്‍ നിന്ന് ഇംഗ്ലീഷിലേക്ക് സാഹിത്യ രചനകളോരോന്നും മൊഴിമാറ്റം നടത്തിയത്. അതൊരു സാഹിത്യവിസ്‌ഫോടനമായിരുന്നു; സൗന്ദര്യവിസ്‌ഫോടനമായിരുന്നു. ലാറ്റിനമേരിക്കന്‍ സാഹിത്യത്തിന് ലോകമെമ്പാടും പുതിയൊരു മേല്‍വിലാസമുണ്ടാക്കിക്കൊടുത്തതില്‍ ഈ പരിഭാഷകയുടെ പങ്ക് എടുത്തുപറയേണ്ടതുണ്ട്. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്, മരിയോ വര്‍ഗാസ് യോസ, കാര്‍ലോസ് ഫ്യുവന്തസ്, അല്‍വാരോ മ്യൂട്ടീസ്, ജൂലിയന്‍ റിയോസ് തുടങ്ങിയ ലോകപ്രശസ്തരെയും ലോകമറിഞ്ഞുതുടങ്ങുന്ന പല പുതിയ സ്പാനിഷ് എഴുത്തുകാരെയും ഗ്രോസ്സ്മാന്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 'Love in the Time of Cholera' തൊട്ടിങ്ങോട്ടുള്ള എല്ലാ മാര്‍കേസ് രചനകളും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയത് ഗ്രോസ്സ്മാനാണ്. മാര്‍കേസിന്റേതു മാത്രം ഏഴു കൃതികള്‍. അവയൊക്കെ തന്റെ സ്പാനിഷ് കൃതികളെക്കാള്‍ മെച്ചപ്പെട്ടവയാണെന്ന് മാര്‍കേസ് കൗതുകത്തോടെ വിലയിരുത്തിയിട്ടുമുണ്ട്. മാര്‍കേസിന്റെ രചനകളെ പൊതുവില്‍ വിശേഷിപ്പിക്കുന്ന 'മാജിക്കല്‍ റിയലിസം' എന്ന പദപ്രയോഗത്തോട് ഈ പരിഭാഷയ്ക്ക് യോജിപ്പില്ല.

2004-ലാണ് 'ഡോണ്‍ ക്വിക് സോട്ടി' ന്റെ പരിഭാഷയിലൂടെ ഗ്രോസ്സ്മാന്‍ സ്പാനിഷ് ക്ലാസിക്കല്‍ സാഹിത്യത്തില്‍ കൈവെച്ചത്. അതൊരു ചരിത്രസംഭവമായി. അതോടെ 1615- ലെ ആ സ്പാനിഷ് ക്ലാസിക്ക് ലോകവായനയില്‍ പുതിയൊരനുഭവമായി നിറഞ്ഞു. വിവര്‍ത്തന കലയിലെ മാജിക് എന്നാണ് ഇതിനെ പലരും വിശേഷിപ്പിച്ചത്. ഈ പരിഭാഷയിലൂടെ ലോകസാഹിത്യത്തിലെ സെര്‍വാന്തസ്സിന്റെ സ്ഥാനം ഷെയ്ക്‌സ്പിയറിനു മുകളിലേക്ക് ഗ്രോസ്മാന്‍ ഉയര്‍ത്തുകയായിരുന്നുവെന്ന് പ്രശസ്ത സാഹിത്യ നിരൂപകനായ ഹരോള്‍ഡ് ബ്ലും അഭിപ്രായപ്പെട്ടു. തീര്‍ച്ചയായും ആധുനിക നോവലിന്റെ ആദ്യ മാതൃകയായി കരുതപ്പെടുന്ന 16-ാം നൂറ്റാണ്ടിലെ കൃതി ഒരിക്കല്‍ക്കൂടി ആധുനികമാവുകയായിരുന്നു. സാമുവല്‍ പുട്‌നാമിന്റെ ആദ്യ പരിഭാഷയില്‍ നിന്നും 'ഡോണ്‍ ക്വിക് സോട്ടി'നെ മോചിപ്പിക്കുക വഴി പുതിയൊരു സൗന്ദര്യാനുഭവം മുന്നോട്ടു വെക്കുകയായിരുന്നു ഗ്രോസ്സ്മാന്‍. ഈ പുതിയ പരിഭാഷയ്ക്ക് മുമ്പ് ജീവിച്ച വായനക്കാര്‍ അനുഭവിച്ചറിഞ്ഞതിനേക്കാള്‍ ആഴത്തിലുള്ള ഒരു കഥയാണ് ഇനിയങ്ങോട്ടുള്ളവര്‍ സെര്‍വാന്തസ്സിനെ ഗ്രോസ്സ്മാനിലൂടെ വായിച്ചറിയുക.

പരിഭാഷ ഒരു സര്‍ഗാത്മക കലയാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയാണ് എഡിത് ഗ്രോസ്സ്മാന്‍ യാത്രയായിരിക്കുന്നത്. വിസ്മയിപ്പിക്കുന്ന പരിഭാഷകള്‍ കൂടാതെ, പരിഭാഷയുടെ പ്രസക്തിയും പ്രാധാന്യവും വിശദമാക്കുന്ന പല പ്രബന്ധങ്ങളും പുസ്തകവും അവരെഴുതിയിട്ടുണ്ട്. 'Why Translation Matters' എന്ന അവരുടെ പുസ്തകം ഈ വിഷയത്തിലെ ഒരു ബൈബിളായി കാലങ്ങളോളം വായിക്കപ്പെടും. 1972- ല്‍ ഒരു സുഹൃത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി അര്‍ജന്റീനിയന്‍ എഴുത്തുകാരനായ മാസിഡോണിയോ ഫെര്‍ണാണ്ടസിന്റെ 'The Surgery of Psychic Removal' എന്ന കഥ വിവര്‍ത്തനം ചെയ്തുകൊണ്ടാണ് ഗ്രോസ്സ് മാന്‍ പരിഭാഷയുടെ ലോകത്തെത്തുന്നത്. ഒരു നിരൂപകയാവുക എന്ന ആഗ്രഹത്തില്‍ നിന്നുള്ള പിന്മാറ്റത്തിന് അവിടെ തുടക്കം കുറിച്ചു. അധ്യാപികയായും പ്രവര്‍ത്തിച്ചുവെങ്കിലും പരിഭാഷയുടെ ലോകത്താണ് അവര്‍ പ്രധാനമായും സ്വന്തം ജീവിതം തളച്ചിട്ടത്. നോവലുകള്‍ കൂടാതെ സ്പാനിഷ് കവിതകളുടെ പരിഭാഷയും അവര്‍ നടത്തിയിട്ടുണ്ട്. 'The Golden Age- Poems of the Spanish Resistance' എന്ന കവിതാപരിഭാഷ ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒന്നാണ്.

ലോകസാഹിത്യം എന്ന പരിപ്രേക്ഷ്യം പരിഭാഷയിലൂടെ സൃഷ്ടിക്കപ്പെട്ടതാണ്. ആയിരത്തോളം വരുന്ന ഭാഷകളില്‍ സാഹിത്യം രചിക്കപ്പെടുന്നുണ്ട് എന്നാണ് ഒരു കണക്ക്. അവയെയെല്ലാം ലോകവായനയിലേക്കെത്തിക്കുന്നതില്‍ പരിഭാഷ എന്ന കല വഹിക്കുന്ന പങ്കിനെപ്പറ്റി ഗ്രോസ്സ്മാന്‍ അഭിമാനത്തോടെ എഴുതിയിട്ടുണ്ട്. പരിഭാഷയില്ലെങ്കില്‍ നോബല്‍ സമ്മാനം പോലൊന്ന് ലോകത്ത് അസാധ്യമായിരിക്കും എന്നും അവര്‍ പറയുന്നു. ഒരു പരിഷ്‌കൃത ലോകം എന്ന ആശയത്തിനു പുറകിലും പരിഭാഷ വലിയൊരു സ്വാധീനമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതൊക്കെ പരിഭാഷകരുടെ ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കുകയാണ്. പരിഭാഷയില്‍ മൂലകൃതിയിലെ ഒന്നും നഷ്ടമാവുന്നില്ല എന്നവര്‍ ഉറപ്പു വരുത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഗ്രോസ്സ്മാന്‍ ശാഠ്യമുണ്ട്. അതാണ് അവരെ വേറിട്ടുനിര്‍ത്തുന്നതും.

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്

ഹൈസ്‌കൂള്‍ ക്ലാസില്‍ പഠിച്ച സ്പാനിഷ് ഭാഷയാണ് ഈ അമേരിക്കക്കാരിയെ പരിഭാഷയിലെ വിസ്മയമാക്കിത്തീര്‍ത്തത്. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലും കൊളംബിയ സര്‍വകലാശാലയിലും അവര്‍ സാഹിത്യം പഠിപ്പിക്കുകയും ചെയ്തു. മാര്‍കേസും ഫിലിപ്പ് റോത്തുമാണ് അവരുടെ പ്രിയപ്പെട്ട എഴുത്തുകാര്‍. 'വണ്‍ ഹണ്‍ഡ്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റ്യൂഡി' ന്റെ പരിഭാഷയിലൂടെ ഗാര്‍സിയ മാര്‍കേസിനെ ലോകത്തിന്റെ മുന്നിലെത്തിച്ച ഗ്രിഗറി റെബാസ്സ അവരുടെ പ്രിയപ്പെട്ട പരിഭാഷകനും.

ഗോസ്സ്മാന്റെ വിയോഗത്തോടെ ലോകസാഹിത്യത്തില്‍ ചെറുതല്ലാത്ത ശൂന്യത അനുഭവപ്പെടുമെങ്കിലും അവര്‍ സൃഷ്ടിച്ച പരിഭാഷാമാതൃകകള്‍ ലോകവായനയെ തുടര്‍ന്നും സ്വാധീനിച്ചുകൊണ്ടിരിക്കും. പുതിയ കാല സാഹിത്യം അവരോട് അത്രമാത്രം കടപ്പെട്ടിരിക്കുന്നു. നമ്മുടെയൊക്കെ സാഹിത്യാസ്വാദനത്തില്‍ ഒരു നവീന ഭാവുകത്വം തന്നെ അവര്‍ കടത്തിവിട്ടിട്ടുണ്ട്. ഇഷ്ടപ്പെട്ട എഴുത്തുകാരോടെന്ന പോലെ ഈ പരിഭാഷകയോടും നമ്മള്‍ കടപ്പെട്ടിരിക്കുന്നു.

Comments