ചരിത്രകാരനെന്ന നിലയിലും അധ്യാപകനെന്ന നിലയിലും ഇന്ത്യൻ ചരിത്രരചനയ്ക്കും കേരളത്തിന്റെ സാമൂഹിക- ധൈഷണിക ചരിത്രത്തിനും ഈടുറ്റ സംഭാവനകൾ നൽകിയ ഡോ. കെ.എൻ പണിക്കർക്ക് വിട. രാജ്യത്ത് ഹിന്ദുത്വരാഷ്ട്രീയം അധികാരശക്തിയായി ഉയർന്നുവരികയും ചരിത്രത്തെ വളച്ചൊടിച്ച് കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ച കാലത്ത് പ്രതിരോധത്തിൻെറ ശബ്ദമുയർത്തിയിരുന്നു അദ്ദേഹം. മതനിരപേക്ഷതയ്ക്കായി തൻെറ നിലപാടുകൾ കൊണ്ട് അദ്ദേഹം പ്രതിരോധം തീർത്തു. ശാസ്ത്രീയവും പുരോഗമനപരവുമായ കാഴ്ചപ്പാടുകളോടെ വസ്തുനിഷ്ഠമായ ചരിത്രരചനയിൽ എക്കാലത്തും കെ.എൻ. പണിക്കർ അടിയുറച്ച് നിന്നു. ചരിത്രത്തെ വളച്ചൊടിച്ചവരെ ചോദ്യം ചെയ്തു. മാർക്സിസ്റ്റ് ചരിത്രരചനയിലെ ധൈഷണിക വ്യക്തിത്വമായ പണിക്കരുടെ പുസ്തകങ്ങൾ അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ച ചെയ്യപ്പെടുന്നതാണ്.
എഗൈൻസ്റ്റ് ലോർഡ് ആൻഡ് സ്റ്റേറ്റ്‌സ്: റിലിജിയൻ ആൻഡ് പെസൻറ് അപ്റൈസിങ് ഇൻ മലബാർ, കൾച്ചർ ആൻഡ് കോൺഷ്യസ്നസ് ഇൻ മോഡേൺ ഇന്ത്യ, ബ്രിട്ടീഷ് ഡിപ്ലോമസി ഇൻ നോർത്ത് ഇന്ത്യ, കൾച്ചർ -ഐഡിയോളജി ആൻഡ് ഹെജിമണി: ഇന്റലക്ച്വൽസ് ആൻഡ് സോഷ്യൽ കോൺഷ്യസ്‌നെസ്സ് ഇൻ കൊളോണിയൽ ഇന്ത്യ, കമ്മ്യൂണൽ ത്രെട്ട്, സെക്കുലർ ചലഞ്ച്, കണ്ടമ്പററി ഇന്ത്യ: കൾച്ചർ ആൻഡ് പൊളിറ്റിക്‌സ്, ഇന്റെറോഗെറ്റിങ്ങ് കൊളോണിയൽ മോഡേണിറ്റി എന്നിവ പ്രധാന പുസ്തകങ്ങൾ. ‘കലുഷിതമായ കാലം’ - ആണ് ആത്മകഥ.

1936-ൽ ഗുരുവായൂർ തൈക്കാട് കണ്ടിയൂർ കുടുംബത്തിൽ കുഞ്ഞുപറമ്പിൽ കൃഷ്ണൻ നായരുടെയും കണ്ടിയൂർ ഇപ്പുകട്ടിയമ്മയുടെയും മകനായിട്ടാണ് കെ.എൻ പണിക്കരുടെ ജനനം. കണ്ടിയൂർ നാരായണ പണിക്കർ എന്നാണ് മുഴുവൻ പേര്. ചാവക്കാട് ബോർഡ് ഹൈസ്കൂളിലായിരുന്നു സ്കൂൾ പഠനം. പാലക്കാട് വിക്ടോറിയ കോളേജിലായിരുന്നു ബിരുദപഠനം. വിക്ടോറിയയിൽ പഠിക്കുന്ന കാലത്ത് കോളേജ് യൂണിയൻ ചെയർമാനായിരുന്നു. ജയ്പൂരിലെ രാജസ്ഥാൻ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബിരുദാനന്തരപഠനവും പി.എച്ച്.ഡിയും പൂർത്തിയാക്കിയത്. ഗവേഷണത്തിന് ശേഷം രാജസ്ഥാൻ യൂണിവേഴ്സിറ്റി, ന്യൂഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ അധ്യാപകനായിരുന്നു. ഡൽഹി യൂണിവേഴ്സിറ്റിയിലെ ഹൻസ് രാജ്കോളെജിൽ ലക്ചറർ ആയും ജോലി ചെയ്തു. 1972-ൽ ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായി ജോയിൻ ചെയ്തു. ദീർഘകാലം അവിടെ അധ്യാപകനായിരുന്നു. സോഷ്യൽ സയൻസ് വിഭാഗം മേധാവിയും ഡീനുമായിരുന്നു. വിവിധ വിദേശ സർവകലാശാലകളിൽ ഫെലോയും വിസിറ്റിങ് പ്രൊഫസറുമായിരുന്നു. കേരള ചരിത്രഗവേഷണ കൗൺസിൽ അധ്യക്ഷൻ, ഇന്ത്യൻ ചരിത്ര കോൺഗ്രസ് അധ്യക്ഷൻ, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസിലർ, കേരള ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. കേരള ചരിത്ര കോൺഗ്രസ്സിന്റെ സ്ഥാപക അധ്യക്ഷനുമാണ്.
