കോഴിക്കോടൻ സഹവാസ കാലങ്ങൾക്കിടയിൽ
ഏതു പക്ഷിയും ചേക്കേറിയ ഒരു മരം: ശോഭീന്ദ്രൻ മാഷ്

കോഴിക്കോടുള്ള എല്ലാ ചലനാത്മക മനുഷ്യരുമായുള്ള സഹവാസ കാലങ്ങളുടെ ഇടയിൽ സ്വച്ഛനായിനിന്ന ഒരു കാലത്തിൻ്റെ പേരാണ് ശോഭീന്ദ്രൻ മാഷ്. ‘സഹവാസം’ എന്നത് പ്രചോദിപ്പിക്കുന്ന ഒരു തലത്തിലേക്ക് മാഷ് വളർത്തി. ജ്ഞാനിക്കും അജ്ഞാനിക്കും കുടിയനും കുടിക്കാത്തവനും അരാജകവാദികൾക്കും അല്ലാത്തവർക്കും മാഷ് ഒരേ തണൽ നൽകി.

ശോഭീന്ദ്രൻ മാഷോട് അവസാനമായി സംസാരിച്ചത് രണ്ടു മാസം മുമ്പാണ്. അത് മാഷോട് മാത്രം സംസാരിച്ച് നിവൃത്തിയുണ്ടാക്കേണ്ട ഒരു വിഷയവുമായിരുന്നു.

ഞങ്ങൾ താമസിക്കുന്ന വീടിന് മതിലിനോടുചേർന്ന മാവ്, പുരയ്ക്കു മീതെയും ചാഞ്ഞു. മാവിൻ്റെ വേരുകൾ കൊണ്ട് മതിലിന് കുറേ വർഷം മുമ്പുതന്നെ വിള്ളലു വീണിരുന്നു. പൊളിഞ്ഞ മതിൽ വീണ്ടും പൊളിച്ചു കെട്ടി മതിലിനൊരു ഉറപ്പു കൊടുത്തുവെങ്കിലും, ഒരു മരത്തിൻ്റെ വേരിനോളമുള്ള ഉറപ്പ് മതിലുകൾക്കില്ലായിരുന്നു. ഒന്ന് മനുഷ്യനിർമിതവും മറ്റൊന്ന് ജൈവികവുമാണ്. മരം, മനുഷ്യരെ പോലെ തന്നെ ജൈവിക പ്രതിഭാസമാണ്. മതിലുകൾ കെട്ടാനും പൊളിക്കാനുമുള്ളതാണ്. അത് കെട്ടിയും പൊളിച്ചും മാവ് എന്ന പ്രതിഭാസത്തെ കുറേ വർഷങ്ങളായി ഞങ്ങൾ സംരക്ഷിച്ചു കൊണ്ടിരുന്നു.

വീട്ടുമുറ്റത്തുള്ള വന്മരങ്ങൾ, ആ മാവ് അത്രയും വലുതുമായിരുന്നു, ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വളരെ വലുതാണ്. ഒന്ന്, മുറ്റം രണ്ടു നേരവും അടിച്ചു വൃത്തിയാക്കണം. ഇലകൾ വീണു കിടക്കുന്ന മുറ്റത്തിന് ഒരു ശോകച്ഛായയാണ്. ഉണക്കിലകൾ ചവിട്ടിനടക്കുമ്പോൾ കേൾക്കുന്ന ആ കിരുകിരുപ്പ് അത്ര കാൽപനികവുമല്ല. പിന്നെ എന്നെ പോലെ ഭീരുവായ ഒരു മനുഷ്യൻ അതിൽ പാമ്പുകളുടെ ഇഴച്ചിൽ ഭയക്കും. ഒന്നു രണ്ടു വട്ടം വീട്ടിൽ പാമ്പ് കയറിയതുമാണ്. 'ഷി' (എൻ്റെ ഭാര്യ) യുടെ ഉമ്മാക്ക് പാമ്പുകളെ ഭയമില്ല. ചേരയേയും അണലിയേയും കണ്ടാൽ തിരിച്ചറിയും. വ്യക്തിപരമായി പറയട്ടെ, പച്ചോല പാമ്പിനെ ഒഴിച്ച് മറ്റൊരു പാമ്പിനെയും തിരിച്ചറിയാൻ എനിക്ക് സാധിക്കില്ല. അണലി വന്നു മുന്നിൽ നിന്നാലും ചേരയാണെന്നേ കരുതൂ. വീട്ടിൽ കയറിയ പാമ്പിനെ ഉമ്മ ഒരു വടി കൊണ്ട് 'പോ പാമ്പേ ,പോ...’ എന്നു പറഞ്ഞ് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുക്കുകയും ചെയ്തു. അത് ഒരു ഫാഷിസ്റ്റ് പാമ്പല്ല, വന്ന വഴിയേ പോയി. പാമ്പ് ഇനിയും കയറിവരുമോ എന്ന പേടി എന്നെ വിട്ടു പോയില്ല. 'വന്നാലെന്താ, പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്താൽ തിരിച്ചുപോവൂലേ...', അതായിരുന്നു ഉമ്മയുടെ ദർശനം.

എന്തായാലും മാവ് പിന്നെയും വളർന്നു കൊണ്ടിരുന്നു. വർഷത്തിൽ നല്ല മാങ്ങ തരുന്നതാണ്. ഞങ്ങൾക്ക് ആവശ്യമുള്ളത് എടുത്താലും ബന്ധുക്കൾക്ക് കൊടുത്തു കഴിഞ്ഞാലും പിന്നെയും ബാക്കി. അതുകൊണ്ട് കുറേ വർഷങ്ങൾ മാങ്ങ പാട്ടത്തിന് കൊടുത്തു. ഒറ്റ മാവിൽ നിന്നുതന്നെ രണ്ട് ഗുഡ്സിൽ കൊണ്ടുപോകാൻ മാത്രം മാങ്ങ പാട്ടക്കാർക്ക് കിട്ടുമായിരുന്നു. പഴുത്ത മാങ്ങ പല്ലിലീമ്പി രുചിച്ചും കറി വെച്ചും 'ഹയ് ജവാൻ' (പച്ച മാങ്ങയിൽ ഉപ്പും മുളകും ചേർത്ത പരമരസികൻ സംഭവം) ഉണ്ടാക്കിയും ഞങ്ങൾ മാങ്ങക്കാലം ആഘോഷിച്ചു.

പുരയ്ക്കു മീതെ ചാഞ്ഞ മരം എന്തു ചെയ്യും?

വലിയ വ്യസത്തോടെയാണെങ്കിലും ഈ വർഷം ഞങ്ങളത് മുറിക്കാൻ തീരുമാനിച്ചു. ഞങ്ങളതിനെ തൊട്ടു മാപ്പ് പറഞ്ഞു. മുറിക്കാതെ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. മരം മുറിച്ച പിറ്റേന്ന് വലിയൊരു ശൂന്യത മുറ്റവും ഞങ്ങളും അനുഭവിച്ചു. വീട് എത്ര യോ കാലമായി ധരിച്ച ഉടുപ്പ് ഊരിയതു പോലെ തോന്നി. വെയിൽ പൊട്ടിപ്പിളർന്ന് വീടിന് പതിച്ചു തുടങ്ങി. തണൽ പകൽ നേരം ഒരു കെട്ടുകഥയായി. മരം നിന്ന ഇടത്ത് മറ്റൊരു മരം നടാൻ തീരുമാനിച്ചു, പുരയ്ക്കു മീതെ ചായാത്ത  ഒരു മരം.

ശോഭീന്ദ്രൻ മാഷ് എന്ന മരമനുഷ്യനെ വിളിച്ചു.
'ഫലം തര്ന്ന ഒരു മാവ് തന്യേല്ലേ നല്ലത്. ഒരു കുഞ്ഞു മാവ് തന്നെ ആയാലോ?' മാഷ് ചോദിച്ചു.
'മാവ് വേണ്ട മാഷേ. അത് വീണ്ടും വളർന്ന് പുരയ്ക്ക് ചായുമ്പോ മുറിക്കേണ്ടി വരും. സങ്കടാവും.’
' എന്നാ ഉങ്ങ് നല്ല മരമാ. തണല് ണ്ടാവും. അതിൻ്റെ വളർച്ചേം പറയാൻ കഴിയില്ല. പക്ഷെ, കനമുള്ള മരമല്ല, പിന്നെ അശോക ...’
മാഷ് കുറേ മരങ്ങളുടെ പേരു പറഞ്ഞു. 

ശോഭീന്ദ്രൻ മാഷ്, പഴയകാല ചിത്രം

'ഡിവി ഡിവി' ആയാലോ മാഷെ?'
അതിനകം യു ട്യൂബിൽ വീട്ടുമുറ്റത്ത് വളർത്താവുന്ന മരങ്ങളെക്കുറിച്ച് മനസ്സിലാക്കിയ വിവരത്തിൽ ചോദിച്ചു.
'അത് നല്ലതാ. തണൽ കിട്ടും. തണലാണല്ലൊ പ്രധാനം’, മാഷ് പറഞ്ഞു.
അതായിരുന്നു അവസാന സംസാരം.

പക്ഷെ, ഞങ്ങൾ വാങ്ങിയത് ഡിവി ഡിവി അല്ല. 'ബോട്ടിൽ ബ്രഷ് ' എന്ന ചെടിയാണ്. അത് ഒരാഴ്ചകൊണ്ട് ഉണങ്ങിപ്പോവുകയും ചെയ്തു.

വാസ്തവത്തിൽ മാഷെ ഞാൻ ആദ്യമായി കാണുന്നത് വർഷങ്ങൾക്കുമുമ്പ് വൈലാലിൽ ബഷീറിൻ്റെ വീട്ടിൽ നടന്ന മാറാട് സമാധാന കൂടിച്ചേരലിലാണ്. അന്ന് സംവിധായകൻ പവിത്രനും (ഉപ്പ്) മാഷും ഒന്നിച്ചാണ് ഇരുന്നത്. മാഷ് അവിടെ പതിവുപോലെ സ്നേഹത്തെക്കുറിച്ച് സംസാരിച്ചു. ‘നോക്കൂ, ഒരു മരം മറ്റൊരു മരത്തെ മഴു കൊണ്ട് വെട്ടിവീഴ്ത്തുത്തുന്നില്ല’, മാഷ് അവിടെ പറഞ്ഞു.

ട്രൂകോപ്പി തിങ്ക് പ്രസിദ്ധീകരിച്ച ശോഭീന്ദ്രൻ മാഷുടെ ആത്മകഥ

ജോണിനോടൊപ്പം മാത്രമല്ല, കോഴിക്കോടുള്ള എല്ലാ ചലനാത്മകമനുഷ്യരുമായുള്ള സഹവാസ കാലങ്ങളുടെ ഇടയിൽ സ്വച്ഛനായിനിന്ന ഒരു കാലത്തിൻ്റെ പേരാണ് ശോഭീന്ദ്രൻ മാഷ്. ‘സഹവാസം’ എന്നത് പ്രചോദിപ്പിക്കുന്ന ഒരു തലത്തിലേക്ക് മാഷ് വളർത്തി. ജ്ഞാനിക്കും അജ്ഞാനിക്കും കുടിയനും കുടിക്കാത്തവനും അരാജകവാദികൾക്കും അല്ലാത്തവർക്കും മാഷ് ഒരേ തണൽ നൽകി.

'ട്രൂ കോപ്പി തിങ്കാ’ണ് മാഷുടെ ആത്മകഥ പ്രസിദ്ധീകരിച്ചത്. ദീപേഷ് കരിമ്പുങ്കരയുടെ സ്നേഹമാണ് ആ പുസ്തകം സാധ്യമാക്കിയത്. അത് അനുഭവങ്ങളെ, സ്നേഹത്തെ, മനസ്സിലാക്കലുകളെ മരത്തിലെ ശിഖരങ്ങൾ പേലെയും ഇലകൾ പോലെയും തൊട്ടു തൊട്ടു നിൽക്കുന്നു.

വ്യക്തിപരമായി, എൻ്റെയും ഷീയുടെയും, ഞങ്ങൾ കൂട്ടുകാരുടെയുമെല്ലാം ആത്മസ്നേഹിത ബോധിയുടെ അച്ഛനാണ് ശോഭീന്ദ്രൻ മാഷ്. മാഷിൻ്റെ പാരിസ്ഥിതിക അവബോധങ്ങളുടെ തുടർച്ച ബോധിയിലൂടെയുണ്ടാവുമെന്ന് ഞങ്ങൾക്കറിയാം. ഒരു മരം പോയാൽ മറ്റൊരു മരം, അങ്ങനെയല്ലേ മാഷ് കാലത്തെ പഠിപ്പിച്ചത്, ബോധീ?


താഹ മാടായി

എഴുത്തുകാരൻ, സ്വതന്ത്ര മാധ്യമപ്രവർത്തകൻ, ജീവചരിത്രകാരൻ. കണ്ടൽ പൊക്കുടൻ, മാമുക്കോയ ജീവിതം, സത്യൻ അന്തിക്കാടിന്റെ ഗ്രാമീണർ, കാരി, പുനത്തിലിന്റെ ബദൽജീവിതം തുടങ്ങിയ പ്രധാന പുസ്​തകങ്ങൾ.

Comments