ലോകസിനിമയിലെ അനശ്വരരായ കുഞ്ഞുങ്ങളിൽ ബൈസിക്കിൾ തീവ്സിലെ (1948) ബ്രൂണോ മുന്നിൽത്തന്നെയുണ്ടാവും. ബ്രൂണോയെ പ്രേക്ഷകരുടെ ഹൃദയത്തിൽ കുടിയിരുത്തിയ എൻസോ സ്റ്റയോള ഇക്കഴിഞ്ഞ ജൂൺ 4ാം തീയ്യതി തന്റെ 85ാമത്തെ വയസ്സിൽ ലോകത്തോട് വിട പറയുമ്പോൾ, ഈ ലോകത്തിന്റെ അസമത്വങ്ങളിലേക്ക് തുറന്നുപിടിച്ച ആ കുഞ്ഞിന്റെ വിടർന്ന കണ്ണുകൾ ഒരിക്കൽ കൂടി നമ്മൾ ഓർക്കുകയാണ്. കഥാനായകനായ അൻ്റോണിയോ റിച്ചിയുടെ ആഴമുള്ള ജീവിത പ്രയാസങ്ങളെക്കാളും, ബൈസിക്കിൾ തീവ്സിൽ ആസ്വാദക ഹൃദയത്തെ നോവിപ്പിച്ചത് സങ്കടവും ഉത്കണ്ഠയും കണ്ണീരും വിങ്ങുന്ന അവന്റെ വിടർന്നകണ്ണുകളായിരുന്നല്ലോ.
റിച്ചിക്ക് സൈക്കിൾ അതിജീവനത്തിനുള്ള ഒരുപാധി മാത്രമാണെങ്കിൽ ബ്രൂണോയുടെ സ്വപ്നങ്ങളുടെ ആകത്തുകയാണത്. പണയമെടുത്ത സൈക്കിൾ തുടച്ചു വൃത്തിയാക്കുമ്പോളാണ് ബ്രൂണോയെ നാം ആദ്യം കാണുന്നത്. പണയക്കടക്കാരൻ സൈക്കിൾ അശ്രദ്ധമായി സൂക്ഷിച്ചതുകാരണം അതിനുവന്നിട്ടുള്ള കേടുപാടുകൾ അവനു മാത്രമേ കണ്ടുപിടിക്കാൻ കഴിയുന്നുള്ളൂ. സൈക്കിൾ നഷ്ടപ്പെടുന്നതിന്റെ ആഘാതം പ്രേക്ഷകരിൽ ആഞ്ഞുപതിക്കുന്നത് സൈക്കിളിനോടുള്ള ബ്രൂണോയുടെ ഈ ഇഷ്ടവും കരുതലും കൊണ്ടുകൂടിയാണ്. നഷ്ടപ്പെട്ട സൈക്കിൾ ഉദ്വേഗപൂർവ്വം തിരയുന്ന റിച്ചിയുടെ ഒപ്പം എല്ലായിടത്തും അവനുണ്ട്.
വിശന്ന് തളർന്നുള്ള തിരച്ചിലിനിടയിൽ പള്ളിയിൽവെച്ച് സൗജന്യമായി നൽകുന്ന സൂപ്പ് കുടിക്കാമായിരുന്നു എന്ന് അവൻ അച്ഛനോട് പറയുമ്പോൾ മിണ്ടാതിരിക്കാൻ പറഞ്ഞ് അയാൾ അവന്റെ മുഖത്തടിക്കുന്നു. അതുവരെ അവൻ അച്ഛന് സമനായിരുന്നു. അയാൾ അവനോട് എല്ലാകാര്യവും മുതിർന്ന ഒരാളോടെന്നപോലെ സംസാരിക്കുന്നുണ്ട്. അപ്രതീക്ഷിതമായി അച്ഛനിൽനിന്നും പ്രഹരമേറ്റപ്പോൾ അവൻ വീണ്ടും ഒരു കൊച്ചുകുട്ടിയായി മാറുന്ന അവിസ്മരണീയ ഒരു രംഗം ചിത്രത്തിലുണ്ട്. അവൻ വിതുമ്പുകയും അച്ഛനോട് പിണങ്ങുകയും ചെയ്യുന്നു. അമ്മയോട് താൻ ഇക്കാര്യം പറയുമെന്ന് കരഞ്ഞുകൊണ്ട് പരിഭവം പറയുന്നു. തുടർന്നാണ് ബ്രൂണോയെ പാലത്തിനരികിൽ നിർത്തി റിച്ചി കള്ളന്റെ കൂട്ടുകാരനായ വൃദ്ധനെ തിരഞ്ഞുനടക്കുന്നത്. ആരോ വെള്ളത്തിൽ വീണു എന്ന നാട്ടുകാരുടെ ഒച്ചപ്പാട് കേട്ട് "ബ്രൂണോ ബ്രൂണോ " എന്ന് അലമുറയിട്ടുകൊണ്ട് അയാൾ അവിടേക്ക് ഓടിയെത്തുന്നു. അത് അവനായിരുന്നില്ല. പടവുകളുടെ മുകളിൽ പിതാവിനോടുള്ള അതേ പരിഭവം മുഖത്ത് നിറച്ച് അവൻ നിൽക്കുന്നുണ്ടായിരുന്നു. മകന് ഇഷ്ടപ്പെട്ട പിസ വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞാണ് അയാൾ ആ പരിഭവം തുടച്ചുകളയുന്നത്. റസ്റ്റോറന്റിൽ വെച്ച് തൊട്ടടുത്ത മേശയ്ക്കുമുന്നിലെ കുട്ടിയുമായി ഭക്ഷണം കഴിക്കുന്നതിൽ ബ്രൂണോ മത്സരിക്കുമ്പോൾ പ്രേക്ഷകരിൽ ചിരിയുണരുന്നത് അവന്റെ നിഷ്കളങ്കമായ മുഖത്ത് വിവിധ ഭാവങ്ങൾ തെളിഞ്ഞുമറയുമ്പോഴാണ്. തിരച്ചിലിനിടയിൽ, ഒരിടത്ത് മൂത്രമൊഴിക്കാൻ നിൽക്കുന്ന അവനെ പൊടുന്നനെ ബ്രൂണോ എന്ന് വിളിച്ച് റിച്ചി തിരക്കുകൂട്ടുമ്പോൾ, ഞെട്ടിത്തരിച്ച് മൂത്രമൊഴിക്കൽ ശ്രമം പാതിയുലുപേക്ഷിച്ചോടുന്ന അവന്റെ വെപ്രാളവും മനസ്സിൽ നിറയുകയാണ്.

പഥേർ പാഞ്ചാലിയിലെ അപുവിനെപ്പോലെ ബ്രൂണോയും മുതിരുന്നിടത്താണ് ബൈസിക്കിൾ തീവ്സ് അവസാനിക്കുന്നത്. വെള്ളിത്തിരയിൽ ഒരിക്കൽ മാത്രം വന്ന് ലോകത്തിന്റെ ഹൃദയം പറിച്ചെടുത്തവരാണല്ലോ, അപുവിനും ദുർഗ്ഗയ്ക്കും ജീവനേകിയ സുബിർ ബാനർജിയും ഉമാദാസ് ഗുപ്തയും. തന്റെ സൈക്കിൾ മോഷണശ്രമം പരാജയപ്പെട്ട് ആൾക്കൂട്ടത്താൽ മർദ്ദിക്കപ്പെട്ടും അപമാനിക്കപ്പെട്ടും ഉരുകിത്തീരുന്ന അച്ഛന് എന്തു പറ്റുമെന്നറിയാൻ വേവലാതിയോടെ അയാളോട് ചേർന്നുനിന്ന് "പപ്പാ, പപ്പാ" എന്നു വിളിച്ചു കരയുന്നുണ്ട് ബ്രൂണോ. അടിപിടിയിൽ താഴെവീണ പപ്പയുടെ തൊപ്പിയുമെടുത്ത് വിങ്ങിക്കരഞ്ഞു കൊണ്ട് അയാൾക്കൊപ്പമെത്താൻ നടക്കുന്ന ബ്രൂണോയുടെ നീണ്ട ഷോട്ടാണ് ഡസീക്ക ഒരുക്കിയത്. വീണുകിടക്കുന്ന ആ തൊപ്പി ഒരർത്ഥത്തിൽ റിച്ചി തന്നെയാണ്. അതിലെ പൊടിപടലങ്ങൾ അവൻ തട്ടിക്കളയുന്നുണ്ട്. സൈക്കിളുടമയുടെ മഹാമനസ്കതയാൽ റിച്ചി പോലീസിൽ ഏൽപ്പിക്കപ്പെടുന്നില്ല. ആൾക്കൂട്ടത്തിൽ ഹൃദയം തകർന്ന് ഇപ്പോൾ വിങ്ങിപ്പൊട്ടും എന്ന നിലയിൽ അയാൾ സ്വയമറിയാതെ എങ്ങോട്ടോ നടന്നുനീങ്ങുകയാണ്. അയാൾക്കൊപ്പമെത്തിയ മകനെക്കണ്ട് ഒരു നിമിഷം അയാൾ പൊട്ടിപ്പോകും. അപ്പോൾ അപ്പന്റെ കൈകൾ അവൻ തന്റെ കുഞ്ഞുകൈ കൊണ്ട് മുറുകെപിടിക്കും. മകന്റെ കൈകൾ അയാൾ തന്റെ കൈപ്പത്തിയിൽ ഒതുക്കും. ഈ ലോകത്ത് മറ്റെവിടെ നിന്നും ലഭിക്കാത്ത ആശ്വാസമാണ് അതയാൾക്ക്. അയാളുടെ സങ്കടങ്ങൾ പൊട്ടിയൊഴുകും. അച്ഛന്റെ കൈകൾക്കുള്ളിൽ, ആ സങ്കടങ്ങൾ മുഴുവൻ തന്റെ കൈകളിലേക്ക് ഏറ്റുവാങ്ങുന്ന ബ്രൂണോയുടെ സീനിൽ ആണ് ബൈസിക്കിൾ തീവ്സ് അവസാനിക്കുന്നത്. റിച്ചിയുടെയും മകന്റെയും മുറുകുന്ന കൈപ്പത്തികളും സങ്കടം വഴിയുന്ന ബ്രൂണോയുടെ കണ്ണുകളും ഡസീക്ക ആഴത്തിൽ അടയാളപ്പെടുത്തും. പ്രേക്ഷകമനസ്സിൽ ഒരു വിങ്ങലായി ആ മുഹൂർത്തം ചലച്ചിത്ര ചരിത്രത്തിൽ കൊത്തിവെക്കപ്പെടും.

തന്റെ തിരക്കഥയിലെ ബ്രൂണോയെന്ന കുട്ടിയെ കണ്ടെത്താൻ ഡസീക്ക നടത്തിയ കഠിനമായ ശ്രമങ്ങളും ഇന്ന് സിനിമാ ചരിത്രത്തിന്റെ ഭാഗമാണ്. തന്റെ സിനിമയിൽ അദ്ദേഹത്തിന് വേണ്ടിയിരുന്നത് പ്രശസ്തരായ നടീനടന്മാർ ആയിരുന്നില്ല. ഇതുവരെ ക്യാമറയ്ക്ക് മുന്നിൽ വരാത്ത സാധാരണ മനുഷ്യരെയാണ് ഡസീക്ക തന്റെ സിനിമയ്ക്കായി അന്വേഷിച്ചു കൊണ്ടിരുന്നത്. അൻ്റോണിയോ റിച്ചിയും ബ്രൂണോയുമായിരുന്നു അതിൽ പ്രധാനം. റോമിൽ നിരവധി ഒഡിഷനുകളും പത്രപരസ്യങ്ങളും അദ്ദേഹം നൽകിക്കൊണ്ടിരുന്നു. തെരുവിലും ചന്തകളിലും റെയിൽവേ സ്റ്റേഷനുകളിലും സ്കൂളുകളിലും അദ്ദേഹം കയറിയിറങ്ങി. ഒരു ദിവസം ഒരു സ്ത്രീ തന്റെ മകന്റെ ഫോട്ടോയുമായി വിറ്റോറിയോ ഡസീക്കയെ സമീപിച്ചു. തന്റെ മകനെ ബ്രൂണോയായി തെരഞ്ഞെടുക്കാമോ എന്നായിരുന്നു അവരുടെ അന്വേഷണം. ഡസീക്ക ആ ഫോട്ടോ ഏറെ നേരം നോക്കി നിന്നു. അയാൾ ആ സ്ത്രീയെ വിളിച്ച്, ആ കുഞ്ഞിന്റെ പിന്നിൽ നിൽക്കുന്ന മനുഷ്യനാരാണെന്ന് തിരക്കി. അതവരുടെ ഭർത്താവായിരുന്നു. ഒരു ഫാക്റ്ററിയിലെ മെഷീൻ ഓപ്പറേറ്റർ ആയിരുന്ന, ലാംബെർട്ടോ മഗ്ഗിയോറാനി. ബൈസിക്കിൾ തീവ്സ് നിർമ്മിക്കാം എന്ന് അക്കാലം ഹോളിവുഡ്ഡിലെ പ്രശസ്ത നിർമ്മാതാക്കൾ ഡസീക്കയോട് നിരന്തരം ആവശ്യപ്പെടുന്നുണ്ട്. പക്ഷേ കഥാനായകനായ റിച്ചിയായി അക്കാലത്തെ പ്രശസ്തരായ ഹോളിവുഡ് നടന്മാരെ പരിഗണിക്കണം. ഡസീക്ക ചോദിക്കുന്നത്, അവരുടെ കയ്യിൽ തഴമ്പുകൾ തിണർത്ത പാടുണ്ടോ എന്നാണ്. "എന്റെ നായകൻ ഒരു തൊഴിലാളിയാണ്; അയാളുടെ കൈളിൽ അധ്വാനത്തിന്റെ മായാത്ത മുദ്രകൾ ഉണ്ടാകും ". പണിയെടുക്കുന്ന ഒരു സാധാരണ തൊഴിലാളിയെയാണ് ഡസീക്ക തിരഞ്ഞു കൊണ്ടിരുന്നത്. ആ തിരച്ചിലിന് അവസാനം കുറിച്ച നിമിഷമായിരുന്നു അത്. ലാംബെർട്ടോ മഗ്ഗിയോറാനി അൻ്റോണിയോ റിച്ചിയായി തെരഞ്ഞെടുക്കപ്പെട്ടു. ബ്രൂണോയെ കണ്ടെത്താനായില്ലെങ്കിലും സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
തെരുവിൽ ഷൂട്ടിംഗുള്ള ഒരു ദിവസം, ഒരു സ്കൂളിനു മുന്നിൽ പുസ്തകങ്ങൾ വിൽക്കുന്ന ഒരു കുട്ടി ഡസീക്കയുടെ ശ്രദ്ധയിൽ പെട്ടു. അവന്റെ വിടർന്ന കണ്ണുകൾ ഇവനാണ് തന്റെ ബ്രൂണോ എന്ന് അദ്ദേഹത്തോട് പറഞ്ഞു. ഡസീക്ക അവനെ പിന്തുടർന്നു. 2023 ജൂലൈയിൽ 'ലാ റിപ്പബ്ലിക്ക' എന്ന ഇറ്റാലിയൻ ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിൽ എൻസോ സ്റ്റയോള താൻ ഡസിക്കയെ കണ്ടുമുട്ടിയ നിമിഷം ഓർമ്മിക്കുന്നുണ്ട്. "ഞാൻ സ്കൂളിൽ നിന്ന് മടങ്ങുകയായിരുന്നു. ആ സമയം ഒരു വലിയ കാർ എന്നെ പിന്തുടരുന്നതായി ഞാൻ ശ്രദ്ധിച്ചു, അതിൽ നിന്നും ഇറങ്ങിയ നരച്ച മുടിയുള്ള, മാന്യമായി വസ്ത്രം ധരിച്ച ഒരാൾ എന്നോട് ചോദിച്ചു, 'നിന്റെ പേരെന്താണ്?'. ഞാൻ ഒന്നും പറഞ്ഞില്ല. അദ്ദേഹം ചോദിച്ചു: 'നിനക്ക് സംസാരിക്കാനറിയില്ലേ?' 'എനിക്ക് നിങ്ങളോട് സംസാരിക്കാൻ തോന്നുന്നില്ല,' ഞാൻ അങ്ങിനെയാണ് മറുപടി പറഞ്ഞത്. ആരെങ്കിലും വഴിയിൽ പരിചയപ്പെടാൻ തുനിഞ്ഞാൽ അധികം സംസാരിക്കരുത് എന്ന് അമ്മ എപ്പോഴും എന്നോട് പറയുമായിരുന്നു. പക്ഷേ അദ്ദേഹം അതവിടെ അവസാനിപ്പിച്ചില്ല. എന്നെ വീട്ടിലേക്ക് പിന്തുടർന്നു. എന്റെ മാതാപിതാക്കൾ പെട്ടെന്നുതന്നെ ഡസീക്കയെ തിരിച്ചറിഞ്ഞു; അദ്ദേഹം അത്രയും പ്രശസ്തനായിരുന്നല്ലോ. ഞങ്ങളുടെ വീട്ടിലെ മേശയ്ക്കരികിലിരുന്ന് തന്റെ പുതിയ സിനിമയിൽ അഭിനയിക്കാൻ എന്നെ അനുവദിക്കണമെന്ന് അദ്ദേഹം അച്ഛനമ്മമാരോട് അപേക്ഷിച്ചു, ആയതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ ശ്രമിച്ചു. പക്ഷേ അവർക്ക് അത് സമ്മതമല്ലായിരുന്നു. എന്നീട് എന്റെ അമ്മാവനാണ് എന്നെ ഡസീക്കയുടെ സ്റ്റുഡിയോയിലേക്ക് കൊണ്ടുപോയത്. അവിടെയെത്തിയപ്പോൾ ഒരു ഓഡിഷനും ഇല്ലാതെ എന്നെ സിനിമയിലേക്ക് തെരഞ്ഞെടുക്കുകയുണ്ടായി." ഡസീക്ക സ്റ്റയോളയെക്കുറിച്ച് പിന്നീട് ഇപ്രകാരം പറയുന്നുണ്ട്; "അവന് അഭിനയമറിയില്ലായിരുന്നു. അവൻ യഥാർത്ഥത്തിൽ അങ്ങനെ തന്നെയായിരുന്നു. എനിക്ക് ആവശ്യവും അതുതന്നെയായിരുന്നു."

എൻസോ സ്റ്റയോള പിന്നീട് അധികം സിനിമകളിലൊന്നും അഭിനയിക്കുകയുണ്ടായില്ല. എന്നാൽ ലാംബെർട്ടോ മഗ്ഗിയോറാനി, ഡസീക്കയുടെ ഉംബർട്ടോ ഡി, ദ ലാസ്റ്റ് ജഡ്ജ്മെൻ്റ് അടക്കമുള്ള സിനിമകളിൽ പിന്നീടും മുഖ്യവേഷം ചെയ്തു. എൻസോ സ്റ്റയോളയെ എന്തുകൊണ്ടോ പിന്നീട് തന്റെ സിനിമകളിലും പ്രധാനറോളിൽ ഡസീക്ക പങ്കെടുപ്പിക്കുകയുണ്ടായില്ല. (ഡസീക്കയുടെ The Barefoot Contessa (1954) എന്ന ചിത്രത്തിൽ ഒരു ബസ് ബോയ് ആയി ചെറുവേഷം നൽകുന്നുണ്ട്). ലോക സിനിമയിൽ തങ്ങളുടെ സാന്നിധ്യത്താൽ നിത്യവിസ്മയം തീർത്ത ഒട്ടേറെ ബാലതാരങ്ങളെപ്പോലെ, ഒറ്റ സിനിമയിൽ തങ്ങളുടെ ജീവിതദൗത്യം സ്ഥലമാക്കിയ എൻസോ സ്റ്റയോളയും അധ്യാപകനായും ഗുമസ്തനായും തന്റെ പിത്കാല ജീവിതം ആരുമറിയാതെ ആടിത്തീർത്തു. പക്ഷേ അനേകമനേകം സിനിമകളിൽ അഭിനയിക്കുകയും ചലച്ചിത്രത്തിന്റെ വെള്ളിവെളിച്ചത്തിൽ ജീവിതാന്ത്യംവരെ തിളങ്ങിനിൽക്കുകയും ചെയ്ത താരങ്ങളെ ഓർമ്മിക്കുന്നതിലുമധികം ചലച്ചിത്ര ചരിത്രവും ലോകസിനിമയുടെ കാഴ്ചക്കാരും, ഒറ്റ സിനിമയിൽ ഒരു കാലത്തെ സിനിമയുടെ കൗതുകങ്ങളെ മുഴുവൻ തന്റെ വിടർന്ന കണ്ണുകളിൽ ഒതുക്കിയ, എൻസോ സ്റ്റയോളയെ ഓർമ്മിക്കുക തന്നെ ചെയ്യും.
