‘ഒരു പുസ്തകം നന്നായി വായിക്കാൻ ഒരാൾ അത് എഴുതുന്നതുപോലെ വായിക്കണം' എന്നു പറയുന്നത് വിർജീനിയ വുൾഫാണ്. 1926-ൽ പുറത്തിറക്കിയ 'എങ്ങനെ ഒരു പുസ്തകം വായിക്കണം' ('How should one Read a Book') എന്ന ഉപന്യാസത്തിലെ ഒരു ഖണ്ഡിക തുടങ്ങുന്നത് ഇങ്ങനെയാണ്. ഒരു കൃതിയുടെ സൃഷ്ടിപരമായ അംശങ്ങളെ സവിശേഷമായി ശ്രദ്ധിച്ചുകൊണ്ടാണ് വായിക്കേണ്ടത് എന്നാണോ ഇതിന്റെ അർത്ഥം? എം.ടി. വാസുദേവൻ നായരുടെ ഒരു വായനരീതി അതാണ്. ഒരു പുസ്തകമുണ്ടായ ചരിത്രസാഹചര്യം, വ്യകതിപരമായ കാരണങ്ങൾ, അതിൽ എഴുത്താൾ ഉണ്ടാക്കിയ പുതുമകൾ, അതിലെ തത്ത്വങ്ങളുടെ പ്രസകതി തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുന്ന വായനക്കാരനാണ് എം.ടി.
അദ്ദേഹത്തിന്റെ വായനപ്രക്രിയയുടെ വിശകലനത്തിനായി ഇവിടെ മൂന്നു ലേഖനങ്ങൾ തിരഞ്ഞെടുക്കുകയാണ്. ഒന്നാമത്തേത് ഒരു വിദേശകൃതിയുടെ വായനയാണ്. ബെർണാഡ് മാലെമൂഡിന്റെ The Tenants എന്ന നോവൽ. സാഹിത്യനിരൂപണത്തിന്റെ മട്ടിലോ ഭാഷയിലോ അല്ല എം.ടി. വായനാനുഭവങ്ങൾ അവതരിപ്പിക്കുക. passionate reader എന്നതാണ് തന്റെ വിലാസം. ഇഷ്ടപ്പെട്ട കൃതിയെപ്പറ്റി 'ഏകാന്തതയിലിരുന്ന് എപ്പോഴോ തപം ചെയ്തുണ്ടായ' ഒന്ന് എന്ന പ്രതീതിയാണുള്ളത്. ഇത് അലങ്കാരമായി പറയുന്നതല്ല. എഴുത്താളിന്റെ, എഴുത്തിന്റെ യാഥാർത്ഥ്യം എം.ടിയുടെ നോട്ടത്തിൽ അതാണ്. ഈ കാര്യമാണ് വായനക്കാരനായ താൻ ഒന്നാമതായി മനസ്സിലാക്കുന്നത്.

കൃതിയെ ആസ്പദിച്ച് തികച്ചും വ്യത്യസ്തമായ ഒരു ജ്ഞാനമുണ്ടാക്കുക എന്ന ലക്ഷ്യം ഈ വായനക്കാരനു പൊതുവേയില്ല. ഒരു കൃതിയെ ‘കൃതി'യായി തിരിച്ചറിയുന്നു; അതിനെ ‘ജൈവരൂപ'മായി സംരക്ഷിക്കുന്നു; അതിനെ ആ നിലയിൽ അവതരിപ്പിക്കാൻ സഹായകമായ അറിവുകൾ മാത്രം മറ്റു വായനകളിൽനിന്ന് (ചിലപ്പോൾ സ്വന്തം അനുഭവങ്ങളിൽനിന്ന്) സ്വീകരിക്കുന്നു. ഇതാണ് എം.ടിയുടെ വായനയുടെ സാമാന്യമായ വഴി.
The Tenants-ലേക്കു വരാം. 1971-ലാണ് കൃതി വന്നത് എന്നറിയുന്നുണ്ട്. നോവലാണ്. നോവലിസ്റ്റിന്റെ ജീവചരിത്രപരമായ കാര്യങ്ങളെപ്പറ്റി ഒന്നും പറയുന്നില്ല. അയാളുടെ പ്രത്യയശാസ്ത്രമെന്താണ് എന്നു പ്രത്യേകം അറിയുന്നില്ല. തന്റെ മുന്നിലുള്ളത് കൃതിയാണ്. കൃതിയുമായുള്ള ഒരു നിശ്ശബ്ദ സംവാദമാണ് വായന എന്ന നിലയിലാണ് മുന്നേറുന്നത്.
നോവൽ വായിക്കുന്നതിന്റെ ഒന്നാമത്തെ രസം അതിന്റെ (പ്രാഥമികമായ) 'കഥ' തന്നെയാണ്. അത് വൃത്തിയായി കൊടുത്തിരിക്കുന്നു. കൃതിയുടെ പ്രകൃതം ഏതാണ്ട് നിഴലിക്കുന്ന തരത്തിലുള്ള വിവരണമാണത്. അതിന്റെ തുടക്കം നോവലിലെ ജീവിതം എവിടെ, ഏതു ഭൗതിക സ്ഥലത്താണ് സംഭവിക്കുന്നത് എന്നു കാണിക്കലാണ്.
'ന്യൂയോർക്ക്' എന്നു പറയുന്നു. 'ന്യൂയോർക്ക്' എന്ന നഗരത്തിന്റെ പകിട്ടാണ് സാമാന്യബോധത്തിൽ ഉയർന്നുവരിക. ആ തിരിച്ചറിവുള്ളതിനാൽ നോവൽ അവതരിപ്പിക്കുന്നത് അതല്ല എന്ന കാര്യം ഈ വായനക്കാരൻ കാണുന്നു. 'ന്യൂയോർക്ക് നഗരത്തിന്റെ വൃത്തികെട്ട ഒരിടവഴിയിൽ' എന്ന സൂചന പ്രധാനമാണ്. നോവലിന്റെ മൊത്തം പ്രകൃതത്തെ ചൂണ്ടിക്കാണിക്കുന്ന ഒന്നാണത്. അതു പതിയേ വലുതായിവരുന്നതും എം.ടി. രേഖപ്പെടുത്തുന്നു: ‘മാലിന്യങ്ങൾക്കു നടുവിൽ ഒരിടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിന്റെ മുകളിലൊരു മുറിയിൽ' എന്ന വിവരണം ഇതിന്റെ സൂചന. ഇത്രവരെ സ്ഥലമേ വന്നിട്ടുള്ളൂ. സ്ഥലം സാംസ്കാരികമായ ഒന്നാവണമെങ്കിൽ അവിടെ മനുഷ്യർ വേണം. അത് ശ്രദ്ധിച്ചിട്ടുണ്ട്. അതിനാൽ തുടർന്ന് ‘ഹാരി ലെസ്സർ എന്ന ഒരു മനുഷ്യൻ ബാക്കിയായി' എന്നെഴുതുന്നു. ഇതൊരുനിലയ്ക്ക് ലളിതമായ വാക്യഭാഗംതന്നെ. എന്നാൽ ‘ബാക്കിയായി' എന്ന പ്രയോഗം വാക്യത്തെ, നോവലിനെത്തന്നെ മൊത്തത്തിൽ പ്രശ്‌നവത്കരിക്കുന്ന ഒന്നാണ്. നോവലിനെപ്പറ്റി കൂടുതൽആഴമുള്ള ഒരു വിലയിരുത്തൽ വരുന്നുണ്ട് എന്നു സൂചിപ്പിക്കുന്ന വാക്കാണത്. നോവലിന്റെ ചരിത്രപരമായ വേരുകളെയും അതിന്റെ മറ്റു ഘടകങ്ങളെയും നോവലിലെ വിഷയത്തെ സ്വാധീനിക്കുന്ന പ്രധാന സംഭവങ്ങളെയും വായനയിൽ പരിഗണിക്കേണ്ടതായുണ്ട്. ഇങ്ങനെ വായനക്കാരൻ മനസ്സിലാക്കുന്നതിന്റെ സൂചനയാണത്.

തുടർന്ന് പ്രശ്‌നം അവതരിപ്പിക്കുന്നു. കെട്ടിടം ജീർണ്ണിച്ചതാണ്. അത് പൊളിക്കാൻ ഉടമ ആഗ്രഹിക്കുന്നു ('ജന്മി' എന്ന വാക്കാണ് എം.ടി. ഉപയോഗിക്കുന്നത്. നോവലിൽ landlord എന്ന വാക്കാണുള്ളത്, owner എന്ന വാക്കല്ല. ഈ കാര്യംപോലും വായനയിൽ ശ്രദ്ധിക്കുന്നുണ്ട്). ഹാരി ലെസ്സർ മനുഷ്യനാണ് എന്നേ ആദ്യമറിയുന്നുള്ളൂ. എഴുത്തുകാരൻ കൂടിയാണ് എന്ന് തുടർന്ന് അറിയുന്നു. അയാൾ മൂന്നാമത്തെ നോവൽ എഴുതുകയാണ്. അത് ഇവിടെവെച്ചാണ് തുടങ്ങിയത്. ഇവിടെവെച്ചുതന്നെ മുഴുമിക്കണം. ഇതാണ് ആ എഴുത്തുകാരെന്റ തീരുമാനം. നോവലിലെ പ്രധാന കഥാപാത്രവും നോവലെഴുത്തുകാരനാണ്. ലെസ്സർ എഴുതിക്കൊണ്ടിരിക്കുന്ന നോവലിന്റെ പേര് മലയാളത്തിൽ കൊടുത്തിരിക്കുന്നു വാഗ്ദത്തം ചെയ്ത അവസാനം. ഇതിലെ എഴുത്തുകാരനും ഒരു നോവലിന്റെ പണിയിലാണ്. മൂന്നു നോവലുകൾ ഒന്നിച്ചു പ്രവർത്തിക്കുന്നതിനു സാക്ഷിയാണ് വായനക്കാരൻ ഈ കാര്യം അതിന്റെ നാടകീയമായ നവീനതയോടെ എം.ടി. ശ്രദ്ധിക്കുന്നുണ്ട്.
കഥയുടെ അടിസ്ഥാന വസ്തുതകൾ അവതരിപ്പിച്ചുകഴിയുമ്പോൾ എം.ടിയിലെ വായനക്കാരൻ കൂടുതൽ ഉണർന്ന് കൃതിയുടെ സാഹിത്യനിർമ്മാണപരമായ വശം കണ്ടെടുക്കുന്നു; ഇത് വായനക്കാരെന്റ സർഗ്ഗാത്മകതയാണ്. അതിനുവേണ്ടി പ്രാഥമികമായി ചെയ്യുന്നത് 1970 കളിൽത്തന്നെ പുറത്തുവന്ന മറ്റൊരു രചനയുമായി ചേർത്തുവെക്കുകയാണ്. 'താരതമ്യ പഠനം' എന്ന അക്കാദമിക പ്രയോഗംതന്നെ ഇവിടെ എം.ടി. സഹായത്തിനെടുക്കുന്നു. വായനക്കാരെന്റ തിരിച്ചറിവാണത് ഒരു കൃതിയും ഒറ്റയ്ക്കല്ല, സംസ്കാരത്തിൽ ഒറ്റതിരിഞ്ഞ നിൽപ്പ് അസാദ്ധ്യമാണ് എന്ന തിളക്കമുള്ള അറിവ്. എം.ടിയുടെ വായനാജീവിതത്തിന്റെ സമകാലികതയ്ക്കും ഇവിടെനിന്നു തെളിവു കിട്ടുന്നു. എം.ടി The Tenants-നെ താരതമ്യം ചെയ്യുന്നത് ഹംബോൾഡ്‌സ് ഗിഫ്ടുമായിട്ടാണ് (Humboldt's Gift). അമേരിക്കൻ- കനേഡിയൻ എഴുത്തുകാരനായ സോൾ ബെല്ലോയുടെ നോവലാണിത്. 1976-ൽ സോൾ ബെല്ലോയ്ക്ക് നൊബേൽ സമ്മാനം നേടിക്കൊടുത്ത രചനകളിലൊന്ന്.

രണ്ടു നോവലുകളും നാലഞ്ചു വാക്യങ്ങളിൽ താരതമ്യപ്പെടുത്തുന്നു. എന്നിട്ട് തന്റെ അനുഭവം വ്യകതമാക്കുന്നു: ‘ഹംബോൾഡ്‌സിനെക്കാൾ ഹാരി ലെസ്സർ എഴുത്തുകാരനായ വായനക്കാരനെ അസ്വസ്ഥനാക്കുന്നു.'
ഒറ്റനോട്ടത്തിൽ അസാധാരണത്വമൊന്നുമില്ലാത്ത ഈ പ്രതികരണവാക്യത്തിന് വലിയ പ്രാധാന്യമുണ്ട്. ഒന്നാമത്തെ കാര്യം നൊബേൽ പുരസ്കാരം പോലുള്ള ഒരു വലിയ ബഹുമതിയുടെ പകിട്ട് വായനക്കാരന്റെ ബോധം കെടുത്തുന്നില്ല എന്നതാണ്. അങ്ങനെയുള്ള 'പുറംകാര്യങ്ങൾ' വായനക്കാരെന്റ ജാഗ്രതയും സത്യസന്ധതയും ഇല്ലാതാക്കരുത് എന്ന നിശ്ശബ്ദമായ ആഹ്വാനം കൂടിയാണത്. പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂടിയുണ്ട്. 'എഴുത്തുകാരനായ വായനക്കാരൻ' എന്ന പ്രയോഗം ഇതിൽ വരുന്നു എന്നതാണത്. മലയാളത്തിൽ ഒട്ടും പതിവില്ലാത്ത പ്രയോഗമാണത്. എഴുത്തുകാരൻ, എഴുത്തുകാരി, എഴുത്താൾ, സാഹിത്യകാരൻ, സാഹിത്യകാരി, കവി, നോവലിസ്റ്റ്, കഥാകാരി, കഥാകാരൻ, നാടകകൃത്ത് തുടങ്ങിയ വാക്കുകൾക്കൊപ്പം വായനക്കാരനായ (വായനക്കാരിയായ) എന്ന ജീവിതസൂചകം ചേർക്കുന്ന രീതി നിലവിലില്ല. ശ്വാസം കഴിക്കുന്നതുപോലെ, ഭക്ഷണം കഴിക്കുന്നതുപോലെയല്ലേ വായനയും? അതിൽ എടുത്തുപറയേണ്ടതായി ഒന്നുമില്ല ഇതാണ് നിലനിൽക്കുന്ന സാമാന്യബോധം. ഇതിനോടുള്ള വിയോജിപ്പ് എം.ടി. സരളമായെങ്കിലും ശക്തമായി അവതരിപ്പിക്കുന്ന വാക്യമാണത്. 'എഴുത്തുകാരനായ വായനക്കാരൻ' എന്നത് ഒരു പരികൽപ്പനയായിത്തന്നെ കണക്കിലെടുക്കേണ്ടതാണ് എന്ന് ഇവിടെ ധ്വനിപ്പിക്കുന്നു. ശ്രദ്ധേയമായ സാംസ്കാരിക നീക്കമാണ് ഈ പ്രയോഗത്തിന്റെ അവതരണം.
എഴുത്തുകാരന്റെ വായന, വായനക്കാരൻ മാത്രമായ ഒരാളുടെ വായനയിൽനിന്നു ഗുണപരമായി വ്യത്യസ്തമായിരിക്കും ഏറെയൊന്നും വിശദീകരിക്കപ്പെട്ടിട്ടില്ലാത്ത ഈ കാര്യത്തിലേക്കാണ് എം.ടിയുടെ ഈ പ്രയോഗം വിരൽചൂണ്ടുന്നത്. 'ഞാൻ' എന്ന് എഴുതുന്നതിലുള്ള മടികൊണ്ടായിരിക്കാം ഇവിടെ ഇങ്ങനെ എഴുതിവെച്ചത്. എങ്കിലും അത് ആശയപരമായ ഒരു കുതിപ്പുതന്നെ എന്ന് അടയാളപ്പെടുത്തേണ്ടിയിരിക്കുന്നു.

സോൾബെല്ലോയുടെ നോവലിന് നിരവധി പഠനങ്ങളുണ്ടായി. എം.ടി. ഈ കാര്യം പറയുന്നുണ്ട്. നൊബേൽ പുരസ്കാരം കിട്ടിയതിനുശേഷമാവാം കുറെയേറെ പഠനങ്ങൾ വന്നിട്ടുണ്ടാവുക. അതിൽ അസാധാരണമായി ഒന്നുമില്ല. എന്നാൽ ആ വകയിൽ വന്നുചേരുന്ന പ്രശസ്തിയൊന്നും വായനക്കാരനെ സ്വാധീനിക്കേണ്ടതില്ല എന്ന (അഥവാ വായനക്കാരൻ സ്വന്തം അനുഭവസത്യത്തെയാണ് മാനിക്കേണ്ടത് എന്ന) നിലപാട് ഇവിടെ എം.ടി അദൃശ്യമായി എഴുതിക്കാണിക്കുന്നു.
എം.ടിയിലെ ഉണർന്ന, ജ്ഞാനിയായ വായനക്കാരൻതനിക്ക് കൂടുതൽ ഇഷ്ടം തോന്നിയ കൃതിയെ കൂടുതൽ ശ്രദ്ധയോടെ നോക്കുന്നുണ്ട്. എന്നിട്ട് ഈയൊരു വ്യാഖ്യാനത്തിൽ ചെന്നണയുന്നു: ‘ജീർണ്ണിച്ച ആ സൗധം എന്തുകൊണ്ട് ലെസ്സർ വിട്ടുപോകുന്നില്ല? പഴയ സൗധം ആധുനിക യാന്ത്രികയുഗത്തിന്റെ പ്രലോഭനങ്ങൾക്കിടയിൽ ഒറ്റപ്പെട്ടുനിൽക്കുന്ന ശിൽപ്പം തന്നെയാണ്’. മുതലാളിയുടെ വ്യാപാരസൗധത്തിനുവേണ്ടി ബുൾഡോസറുകൾ നിരപ്പാക്കുന്നത് ചെറുത്തുനിൽക്കുകയാണ് ലെസ്സർ. ഇത് നമുക്കെല്ലാവർക്കുംവേണ്ടിയാണ്. ‘ഈ ചെറുത്തുനിൽപ്പ് ഏകാകിയായ ഒരു എഴുത്തുകാരെന്റ വ്യകതിപരമായ ഭ്രാന്തല്ല, സാഹസികതയല്ല, അതിധൈര്യമല്ല, കൂസലില്ലായ്മയുമല്ല’- ഇങ്ങനെ വ്യക്തമാക്കാനും എം.ടി. എന്ന വായനക്കാരനിലെ സാമൂഹിക മനുഷ്യൻ തയ്യാറാവുന്നു. ‘ഇത് (ലെസ്സറിന്റെ ചെറുത്തുനിൽപ്പ്) നമുക്കെല്ലാംവേണ്ടിയാണ്’.
മുതലാളിത്തത്തിന്റെ അത്യാചാരങ്ങൾക്കെതിരായ മനുഷ്യരാശിയുടെ പ്രതികരണമാണ് ഇന്നത്തെ ഒരു എഴുത്താളിന്റെ ലീല പ്രതീകവത്കരിക്കുന്നത്. ഭൗതികമായി എഴുത്താൾ ഒറ്റയ്ക്കാവാം. എഴുത്ത് എന്ന പ്രവർത്തനം കൊണ്ട് അങ്ങനെയല്ലാതാവുന്നുണ്ട്. എഴുത്താൾ പ്രതിനിധിയായ പ്രതിഭയായിത്തീരുന്നു ഷെല്ലി പറയുംപോലെ മനുഷ്യവംശത്തിന്റെ അംഗീകരിക്കപ്പെടാത്ത നിയമനിർമ്മാതാവുതന്നെയാവുന്നു.
നോവലിന് ഇങ്ങനെയൊരു തലം കൂടിയുണ്ട് എന്ന്, ഒരുപക്ഷേ താൻ ജീവിക്കുന്ന കേരളം എന്ന ദേശത്തിന്റെ രാഷ്ട്രീയ സാംസ്കാരികാന്തരീക്ഷത്തിന്റെ ചൂടുകൂടി ഏറ്റുകൊണ്ട്, പറയുന്ന എം.ടി. എന്ന വായനക്കാരൻ തുടർന്ന് കൂടുതൽ സൂക്ഷ്മതയുള്ളൊരു നിരീക്ഷണം കൂടി അവതരിപ്പിക്കുന്നുണ്ട്. കുടികിടപ്പുകാരനായ, വാടകക്കാരനായ, എഴുത്തുകാരെന്റ പേര് വെറും പേരല്ല എന്നു പറയുകയാണ്. അയാൾ ഹാരി മാത്രമല്ല, ഹാരി ലെസ്സർ ആണ്. കുറവുകളിൽ ജീവിക്കുന്ന ഒരാൾചുരുങ്ങിയവൻ, താഴ്ന്നവൻ, അപ്രധാനി, കീഴാളൻ. എം.ടി. ചുരുക്കുന്നു: ‘ചെറിയ മനുഷ്യനാണ് എഴുത്തുകാരൻ.'
അതിന്റെ അർത്ഥം ഇങ്ങനെയും പറയുന്നു: ‘പ്രതിയോഗികൾ കരുത്തരും.'

താൻ വായിച്ചുണർന്ന കൃതിയെ സാഹിത്യചരിത്രത്തിൽ സ്ഥാപിക്കാനും ഇവിടെ തയ്യാറാവുന്നു. ടി.എസ്. എലിയറ്റിന്റെ The Wasteland വന്നത് 1922ലാണ്. അരനൂറ്റാണ്ടു കഴിയുമ്പോൾ The Tenants വരുന്നു. 'പാശ്ചാത്യ സംസ്കാരത്തിന്റെ ഊഷരത'യെപ്പറ്റിയാണ് എലിയറ്റിന്റെ കാവ്യം. ന്യൂയോർക്ക് പ്രതിനിധാനം ചെയ്യുന്ന മഹാനഗര ജീർണ്ണതയെപ്പറ്റിയാണ് മാലെമൂഡിന്റെ നോവൽ. എം.ടി. മുമ്പേ പറഞ്ഞ കാര്യം തെളിച്ചുപറയുന്നു: ‘അതിൽ (മഹാനഗരമായ ന്യൂയോർക്കിന്റെ ജീർണ്ണതയിൽ) കുടിയൊഴിയാതെയിരിക്കുന്ന ലെസ്സർ വ്യാപാരസംസ്കാരത്തെ ചെറുത്തുനിൽക്കുന്ന സർഗ്ഗപ്രതിഭയുടെ പ്രതീകമാവാം. ജീർണ്ണതയുടെ മദ്ധ്യത്തിൽ കഴിയാൻ വിധിക്കപ്പെട്ട ഒറ്റപ്പെട്ട മനസ്സാക്ഷികളിലൊന്നാവാം’.
പരസ്പരം പൂരിപ്പിക്കുന്ന രണ്ടു പ്രതീകസാദ്ധ്യതകൾ ഒരു വായനക്കാരൻ കണ്ടെത്തുകയാണ്. സാഹിത്യം സൗന്ദര്യപാഠം മാത്രമായി നിൽക്കുന്നില്ല; അതിനു ചരിത്രപരവും സാമൂഹികവുമായ അർത്ഥങ്ങൾ നൽകിക്കൊണ്ടേ തുടരാനാവൂ. ഈ വിലപ്പെട്ട കാര്യത്തിന് ഇടംകൊടുക്കുകയാണ് എം.ടി.
ഒരാളിന്റെ കുടിയൊഴിക്കൽ എന്ന പ്രശ്‌നം മാത്രമല്ല The Tenants. പേര് ബഹുവചനമാണ്. എന്നാൽ എം.ടി. മുൻഗണന കൊടുക്കുന്നത് ഹാരി ലെസ്സറിന്റെ വാഴ് വിനാണ്. കൂടുതൽ സംഘർഷാത്മകമെന്ന് മറ്റു വായനക്കാർക്കു തോന്നാവുന്ന ഒരു വശംകൂടി ഈ നോവലിന്റെ ഇതിവൃത്തത്തിലുണ്ട്. അതു നിസ്സാരമായ ഒന്നല്ല. എം.ടി. ഇക്കാര്യം തന്റെ പഠനക്കുറിപ്പിന്റെ ആദ്യഭാഗത്ത് സൂചിപ്പിക്കുന്നുപോലുമില്ല. മുൻഗണന നിർണ്ണയിക്കുക എന്നത് വായനക്കാരുടെ അവകാശവുമാണ്. അത് തികച്ചും വ്യകതിപരവുമല്ല. അതിന്റെ പ്രത്യയശാസ്?ത്രം താനേ തെളിഞ്ഞുവരുന്ന ഒന്നുമാണ്.
വില്ലി സ്പിയർമിന്റ് എന്നൊരാൾകൂടി (ഏതാണ്ട് നായകസ്ഥാനത്തു തന്നെ) നോവലിലുണ്ട്. നീഗ്രോ. തടവുകാരനായിരുന്നു. അഹിംസയിൽ വിശ്വസിക്കുന്നില്ല. വെള്ളക്കാരന്റെ ശരീരം പോലും അയാൾക്ക് ശത്രുപക്ഷത്താണ്. വില്ലിയും എഴുത്തുകാരനാണ്. നരഭോജനത്തിന്റെ ഉള്ളടക്കമുള്ള കഥയെഴുതിനോക്കുന്നുണ്ട്. പക്ഷേ, ഭാഷയിലും ആഖ്യാനതന്ത്രങ്ങളിലും വേണ്ടത്ര കഴിവില്ല. അയാൾക്കുതന്നെ അതറിയാം. അതിനാൽഎഴുത്ത് ആവേശം മാത്രമായി ബാക്കിയായിപ്പോവുന്നു. അതും അയാളെ കുപിതനും വേവലാതിക്കാരനുമാക്കുന്നു. ലെസ്സറും വില്ലിയും സൗഹൃദത്തിലാണ്; ഒരു ഘട്ടംവരെ. പിന്നീടത് പകയായിത്തീരുന്നു. ലെസ്സറിന്റെ വിലപിടിച്ച നോവൽ സ്ക്രിപ്റ്റ് വില്ലി കത്തിച്ചുകളയുന്നുപോലുമുണ്ട്. ലെസ്സർ അത് വീണ്ടും എഴുതാൻനോക്കുന്നു. വേണ്ടത്ര നന്നാവുന്നില്ല. കോപത്തിന്റെ ആൾരൂപമായിത്തുടരുന്ന വില്ലിയും എഴുത്തിൽ തോറ്റുപോകുന്നു. അവർ തമ്മിലുള്ള ഏറ്റുമുട്ടലാണ് നോവലിന്റെ അവസാനഭാഗം.
ഇതിന്റെ വംശീയമായ ഉള്ളടക്കത്തെപ്പറ്റി എം.ടിയിലെ വായനക്കാരൻ സൂചിപ്പിക്കാതിരിക്കുന്നില്ല. ‘ലെസ്സർ ജൂതനാണ്. വില്ലി നീേഗ്രായും’ എന്നു പറയുന്നു. എന്നാൽ അതിന്റെ സങ്കീർണ്ണമാനങ്ങൾ നോവലിന്റെ സഹായത്തോടെയോ സ്വന്തം നിലയിലോ ആരായുന്നില്ല. എഴുത്ത് എന്ന വിഷയത്തിലാണ് ‘എഴുത്തുകാരനായ വായനക്കാരനായ’ തന്റെ ശ്രദ്ധ പതിയുന്നത്: ‘‘സിദ്ധിയും സാധനയും തമ്മിൽ, പ്രതിപാദനരീതിയും പ്രമേയവും തമ്മിൽ, സാഹിത്യവും വ്യാപാരവിനോദോപാധിയും തമ്മിൽ എന്നും നടക്കുന്ന സംഘർഷങ്ങളെപ്പറ്റി 'കുടികിടപ്പുകാർ' നമ്മെ ഓർമ്മിപ്പിക്കുന്നു... സർഗ്ഗപ്രക്രിയയുടെ വേദനകളും വിഹ്വലതകളുംകൊണ്ട് അസ്വസ്ഥരായ എല്ലാ എഴുത്തുകാർക്കുംവേണ്ടിയാണ് മാലെമൂഡ് ഈ നോവലെഴുതിയിരിക്കുന്നത് എന്നെനിക്കു തോന്നുന്നു’’.
ഈ ഊന്നൽ വായനക്കാരന്റെ ഇഷ്ട (option) വുമാണ്; സ്വാതന്ത്ര്യവും.
പുസ്തകത്തിന്റെ പിൻചട്ടയിൽ കൊടുത്തിരിക്കുന്ന സംഗ്രഹം എം.ടി. ഊന്നിപ്പറയുന്ന അംശത്തിനല്ല പ്രാധാന്യം കൊടുക്കുന്നത്. അത് വിൽപ്പന ലാക്കാക്കി ഉണ്ടാക്കിയ, സംഘർഷസൂചന നല്ലതുപോലെയുള്ള ഒരു പാഠമാണ്. വായനക്കാരുടെ സ്വത്വമാണ് കൃതിയുടെ അർത്ഥഘടനയുണ്ടാക്കുന്നത് (പിൻചട്ടയിലെ കുറിപ്പ് കാണുക): The sole tenant in a run - down tenement, Harry Lesser is struggling to finish a novel, but his solitary pursuit of the sublime grows complicated when Willie Spearmint, a black writer ambivalent toward Jews, moves into the building. Harry and Willie are artistic rivals and unwilling neighbours and their uneasy peace is disturbed by the presence of Willie's white girlfriend, Irene and the landlord Levenspiel's attempts to demolish the building. This novel's conflict, current then, is perennial now: it reveals the slippery nature of human condition , and the human capacity for violence and undoing.
നോവലിനെ രസനീയമായ കഥാഖ്യാനമോ വികാരഘടനയോ മാത്രമായി കാണാൻ എം.ടി. എന്ന വായനക്കാരൻ തയ്യാറല്ല. ജീവിതത്തെയും ഭാഷയെയും ആഖ്യാനത്തെയുമൊക്കെക്കുറിച്ചുള്ള തെന്റ സമീപനങ്ങളും മുൻഗണനകളും വായനയിൽ പങ്കെടുക്കുന്നു. വായിക്കുന്നയാൾ സ്വന്തമായി ഒന്നും ചെയ്യാത്ത, കൃതിയുടെ വിനീതവിധേയനായ, എഴുത്തുകാരെന്റ കീഴാളനായ പാവത്താനല്ല. അയാൾ സാമൂഹികജീവിയും സാംസ്കാരിക വ്യക്തിത്വവുമാണ്. വായനക്കാരനും സർഗാത്മകതയുണ്ട്. വായനയിലെ ജനാധിപത്യമെന്നത് ആവേശകരമായ ഒന്നാണ്. വായനക്കാരന്റെ സമഗ്ര വ്യക്തിത്വംതന്നെ വായനയിൽ പങ്കെടുക്കുന്നു. എഴുത്താളിന്റെ അർത്ഥമാവണമെന്നില്ല വായിക്കുന്നയാളിന്റെ അർത്ഥം. വായനക്കാരന്റെ ആർജ്ജിജ്ഞാനവും വൈകാരിക ജീവിതവും വിശകലനശേഷിയും വായനയെ സ്വാധീനിക്കുന്നു. അങ്ങനെയാണ് വായന ജൈവപ്രക്രിയയായിത്തീരുന്നത്. വായനക്കാരൻ തന്റെ കൃതി ഉണ്ടാക്കുകയാണ്. ആ പ്രവർത്തനത്തിന്റെ പേരാണ് വായന. വായന ഉപഭോഗമല്ല, നിർമ്മാണമാണ്. ജന്മിനാടുവാഴിത്ത മാതൃകയിലാണ് വായനയെപ്പറ്റിയുള്ള പഴയ സങ്കൽപ്പം. എഴുത്തുകാരൻ ജന്മി- നാടുവാഴി. ജനാധിപത്യ സംസ്കാരത്തിൽ വാഴാൻ പാടില്ലാത്ത അധികാര വ്യവസ്ഥയാണ് അത്. ഇപ്പോൾ വായനക്കാരൻ സ്വതന്ത്ര വ്യക്തിത്വമാണ്. ഓരോ വായനക്കാരനും കൃതിയിൽ പലമാതിരി ചിങ്ങൾ കണ്ടെത്തുകയും അവയെ വിസങ്കേതനം (decode) ചെയ്യുകയും ചെയ്യും. കൃതിയിൽ പൊരുത്തങ്ങൾ എന്നപോലെ പൊരുത്തക്കേടുകളും വായനയിൽ കണ്ടെത്തും. എഴുത്താൾ ഭാവന ചെയ്തിട്ടുപോലുമില്ലാത്ത അർത്ഥച്ചേർച്ചകൾ വായനക്കാരന് അറിയാൻ കഴിഞ്ഞേക്കും.
വായന ഒരു സജീവപ്രക്രിയയാണ്. കൃതി എന്നാൽ എഴുത്താളിന്റെ മാത്രം വകയല്ല എന്നുപോലും കരുതണം. കർത്താവ് നൽകുകയും വായനക്കാരൻ കൂട്ടിച്ചേർക്കുകയും ചെയ്യുന്ന കാര്യങ്ങളുടെ ഫലമാണ് കൃതി. എഴുത്താൾ ഒരു സന്ദർഭത്തിന്റെ രചനയാണ്; വായനക്കാരനുമതേ. ഇരുവരും ബുദ്ധിജീവികളാണ്. അതിനാൽ പുസ്തകമല്ല കൃതി; അച്ചടിച്ച വാക്യങ്ങളുടെ കൂട്ടമല്ല കൃതി.
എം.ടിയുടെ വായനക്കുറിപ്പുകൾ വിമർശനാത്മകമായാണ് ഈ വിചാരങ്ങൾ അംഗീകരിക്കുന്നത്. ‘എഴുത്തുകാരന്റെ മരണം' പോലുള്ള സിദ്ധാന്തങ്ങളിൽ തനിക്കു താത്പര്യമില്ല എന്ന് ഒരിടത്ത് എം.ടി. പറയുന്നുണ്ട്. എന്നാലും വായനക്കാരന്റെ സ്വാതന്ത്ര്യത്തെ മാനിക്കുന്ന വ്യകതിത്വമാണ് അദ്ദേഹത്തിന്റേത്.
(വായനക്കാരൻ എം.ടി.- ഇ.പി. രാജഗോപാലൻ, മാതൃഭൂമി ബുക്‌സ്)
