പി.കെ.എം ചേക്കു എന്ന പരിസ്ഥിതി പ്രവർത്തകനെ പുതിയ തലമുറയിൽപ്പെട്ട എത്ര പേർക്ക് അറിയാം എന്നെനിക്ക് തിട്ടം പോരാ. മാവൂരിലെ ഗ്രാസിം ഫാക്ടറി, ചാലിയാർ പുഴയിൽ നടത്തിയ മലിനീകരണത്തിനെതിരെ നിരന്തരം പോരാടിയവരിൽ മുൻനിരയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു പി.കെ.എം ചേക്കു. ഇന്നു രാവിലെ അദ്ദേഹത്തിന്റെ മരണവാർത്തയെത്തുമ്പോൾ വല്ലാത്ത ഞെട്ടലായിരുന്നു. ഒരു പുഴയെ പഴയ പ്രതാപത്തിലേക്ക് തിരികെ നടത്താൻ ആയുസ്സിന്റെ നല്ല പങ്കും മാറ്റിവച്ചവരിൽ ഒരാൾ കൂടി യാത്രയായിരിക്കുന്നു.
കെ.എ റഹ്മാൻ്റെ ജീവിതത്തെയും ചാലിയാർ സമരത്തെയും ആസ്പദമാക്കിയുള്ള, ഡോക്യുമെൻ്ററി തയാറാക്കാൻ ആഗ്രഹിച്ച നിമിഷം മുതൽ എൻ്റെ മനസിൽ ചേക്കു എന്ന നാമമുണ്ടായിരുന്നു. അതേതെങ്കിലും ഗവേഷണത്തിൽ നിന്നുണ്ടായി വന്നതല്ല. ചാലിയാറിന്റെ തീരങ്ങളിൽ, പ്രത്യേകിച്ച് വാഴക്കാട് കായലം മാവൂർ പ്രദേശങ്ങളിൽ ജനിച്ചു വളർന്ന ഏതൊരാളും കേട്ടിട്ടുള്ള പേരുകളിൽ ഒന്നാണ് പി കെ എം ചേക്കു. സമരത്തിൻ്റെ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന, ആർക്കും എളുപ്പം മെരുക്കാനാവാത്ത ചേക്കു എന്ന വിപ്ലവകാരി; സ്നേഹപൂർവ്വം ഞാൻ ചേക്കുകാക്ക എന്നു വിളിച്ചുപോന്നിരുന്ന പരസ്ഥിതിസ്നേഹി.
1963 ൽ സ്ഥാപിതമായ ഗ്രാസിം ഫാക്ടറിക്കെതിരെ നിരന്തരം പോരാടിയ കെ. എ റഹ്മാനൊപ്പം സമരാന്ത്യം വരെ സജീവമായുണ്ടായിരുന്നു, പി.കെ.എം ചേക്കു. ഒപ്പമുണ്ടായിരുന്നു എന്നു പറയുമ്പോൾ ചാലിയാറിനെ രക്ഷിക്കണം എന്ന ആശയത്തിന്റെ പേരിലാണ് ഇരുവരും ഒന്നിച്ചത് എന്നു പറയേണ്ടി വരും.
ഒരു തണുത്ത വെളുപ്പാൻ കാലത്താണ് ചേക്കുകാക്കയെ ഏറ്റവുമൊടുവിൽ ഞാൻ കാണുന്നത്; ചാലിയാറിൻ്റെ തീരത്തുവച്ച്. അന്ന്, ഡോക്യുമെൻ്ററിയിൽ ഉൾപ്പെടുത്താനുള്ള രംഗങ്ങൾ ഷൂട്ട് ചെയ്യാൻ പോയതായിരുന്നു ഞങ്ങൾ. ചാലിയാർ സമരത്തിൽ സജീവമായി നിലകൊണ്ട പി. കെ. എം ചേക്കു ഇല്ലായിരുന്നെങ്കിൽ, എന്റെ ഡോക്യുമെന്ററി അപൂർണമായ ഒന്നായേനെ. അതു മനസിലാക്കിയിട്ടെന്നപോലെ കാസറഗോഡുള്ള ജോലിസ്ഥലത്തു നിന്ന്, വാഴക്കാടേക്ക്, ഷൂട്ടിനായി രാവിലെ ഏഴുമണിക്കു തന്നെ, തോളിലൊരു ബാഗിട്ട്, നീണ്ടു മെലിഞ്ഞ ആ മനുഷ്യൻ എത്തി. കൈയിൽ കുറേ ഡോക്യുമെൻ്റുകളും ഉണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ കാൽപ്പാടുകൾ പതിഞ്ഞ കായലം എന്ന പ്രദേശത്തു കൂടി, ചാലിയാറിൻ്റെ തീരത്തു കൂടി അതിരാവിലെ ഞങ്ങൾ സഞ്ചരിച്ചു. രാമനിലയം കരാറിൻ്റെ ഒരേയൊരു അവശേഷിപ്പായ ഒരു മാൻ ഹോളിൻ്റെ ഭാഗം ആദ്യമായി ഞാൻ കണ്ടത് അങ്ങനെയാണ്.

പിന്നീട് ചാലിയാറിന്റെ തീരത്ത്, പുഴയോളങ്ങൾക്കു മുന്നിൽ ഒരിടത്തിരുന്ന് അദ്ദേഹം സംസാരിക്കാൻ തുടങ്ങി. തികഞ്ഞ ശാന്തതയോടെ ഒരു സൂഫിയെ ഓർമ്മിപ്പിക്കും വിധം. ഞാനോർത്തു, ഒരു കാലത്ത് ഒരു വലിയ കോർപ്പറേറ്റ് സാമ്രാജ്യത്തെ വിറപ്പിച്ചവരിൽ ഒരാളാണല്ലോ, ഇത്രയും ശാന്തമായി സംസാരിക്കാൻ അദ്ദേഹത്തിന് എങ്ങനെ കഴിയുന്നുവെന്ന്! ചാലിയാറിലേക്ക് വീണു കിടക്കുന്ന അദ്ദേഹത്തിന്റെ പ്രതിബിംബത്തെ നോക്കിനിക്കേ ഞാൻ തിരിച്ചറിഞ്ഞു; ചേക്കുകാക്ക മാത്രമല്ല ഇങ്ങനെ, ചാലിയാർ സമരത്തിനു നേതൃത്വം നൽകിയവരെല്ലാം ഒരു കാലത്ത് സമാരോത്‌സുകരായിരുന്നുവെന്ന്. ഒരുപക്ഷേ, പെരുമഴക്കാലത്ത് നിഗ്രഹോത്സുകതയോടെ പായുന്ന, അല്ലാത്തപ്പോൾ സമസ്ത ജീവിജാലങ്ങൾക്കും തണലേകുന്ന ചാലിയാറിന്റെ ഇരട്ടമുഖം ഇവർക്കെല്ലാവർക്കും പകർന്നുകിട്ടിയതാകാമെന്ന്.
മിതഭാഷിയായിരുന്നു ചേക്കുകാക്ക. ചിത്രീകരണത്തിനിടെ പഴയ കാലം ഓർത്തെടുത്തു പറഞ്ഞപ്പോഴൊക്കെ യാതൊരു വികാരപ്രക്ഷുബ്ധതകളും ആ മുഖത്തെനിക്ക് കാണാനൊത്തില്ല. മനസ് ചിത്രീകരിക്കാനാവുമായിരുന്നെങ്കിൽ ഒരു പക്ഷേ, കാണാനായേനെ.
1963 ൽ സ്ഥാപിതമായ ഗ്രാസിം ഫാക്ടറിക്കെതിരെ നിരന്തരം പോരാടിയ കെ. എ റഹ്മാനൊപ്പം സമരാന്ത്യം വരെ സജീവമായുണ്ടായിരുന്നു, പി.കെ.എം ചേക്കു. ഒപ്പമുണ്ടായിരുന്നു എന്നു പറയുമ്പോൾ ചാലിയാറിനെ രക്ഷിക്കണം എന്ന ആശയത്തിന്റെ പേരിലാണ് ഇരുവരും ഒന്നിച്ചത് എന്നു പറയേണ്ടി വരും. അതിനുവേണ്ടിയുള്ള സമരരീതികളുടെ കാര്യത്തിൽ പലപ്പോഴും ഇരുവർക്കുമിടയിൽ വിയോജിപ്പികളുണ്ടായിരുന്നു. ആ വിയോജിപ്പുകൾ പരസ്പരം രേഖപ്പെടുത്താനും അവർക്ക് കഴിഞ്ഞിരുന്നു. അതിലൂടെയാണ് ദൃഢമായ ആ ബന്ധം നിലനിന്നതെന്നുപോലും തോന്നും ചേക്കുകാക്ക, കെ എ റഹ്മാനെക്കുറിച്ച് സംസാരിക്കുന്നത് കേട്ടാൽ.
ഏതാണ്ട് 10 കൊല്ലക്കാലം നടന്ന സമരങ്ങൾക്ക് ശേഷമാണ് 1972 ഓടെ ചാലിയാർ ജല വായു ശുദ്ധീകരണ കമ്മിറ്റി രൂപീകരിക്കപ്പെടുന്നത്. അതോടെ വെവ്വേറെ നടന്ന പോരാട്ടങ്ങളെല്ലാം ഒരൊറ്റ കുടക്കീഴിലേക്ക് വന്നു. ഒരുമയുടെ ശക്തി സമരങ്ങൾക്കും സമര നേതൃത്വത്തിനും ഉണ്ടായി. കെ എ റഹ്മാനും പി കെ എം ചേക്കുവും ഉണ്യായിൻ സാഹിബും പീതാംബരൻ മാസ്റ്ററും എല്ലാം ചാലിയാർ സമരത്തിന്റെ നേതാക്കളായി ഉയർന്നുവന്നു. സമരം ശക്തമായതോടെ 1974 ൽ, ബണ്ടു നിർമ്മിക്കാനും, ഗ്രാസിം ഫാക്ടറിയിൽ നിന്നുള്ള മലിനജലം ശുദ്ധീകരിച്ച ശേഷം, തിരികെ ചാലിയാറിലേക്കു ഒഴുക്കാനുമുള്ള രാമനിലയം കരാർ നിലവിൽ വന്നു. അങ്ങനെ വരുമ്പോൾ, ബണ്ടിൻ്റെ മുകൾ ഭാഗത്തുള്ള ചില പ്രത്യേക പ്രദേശങ്ങൾ മാത്രം ജലമലിനീകരണത്തിൽ നിന്നു രക്ഷപ്പെടുകയും, അതിനു താഴെ, കായലം ഭാഗത്തു പാർക്കുന്ന സകല ജനങ്ങളും മലിനീകരണത്തിനു ഇരകളാവുകയും ചെയ്യുമെന്നു മനസിലാക്കി, കരാറിനെതിരെ നിന്ന ആളായിരുന്നു പി കെ എം ചേക്കു. അങ്ങനെ 'ചാലിയാർ മലിനീകരണ വിരുദ്ധ സമിതി' അദ്ദേഹം രൂപീകരിച്ചു. തൽഫലമായി, ഗ്രാസിമിനെതിരെ സമരം ചെയ്യുന്ന ചാലിയാറിൻ്റെ മക്കൾ രണ്ടായി പിരിഞ്ഞു. എന്നാൽ അതൊരു പകയോടുകൂടിയ വേർപെടൽ ആയിരുന്നില്ല. ഇരുവരുടെയും ലക്ഷ്യം ഒന്നു തന്നെയായിരുന്നു മാർഗം ഏതാണെന്ന് തിരഞ്ഞെടുക്കുന്നതിലുള്ള അഭിപ്രായവ്യത്യാസം മാത്രമായിരുന്നു. എന്നിരിക്കലും എല്ലാ സുപ്രധാന ഘട്ടങ്ങളിലും യോജിച്ച തീരുമാനങ്ങൾ എടുക്കുന്നതിൽ വിവിധ സമരങ്ങളുടെ നേതാക്കൾ ശ്രദ്ധ പുലർത്തിപ്പോന്നു.

ഫാക്ടറി ഫൈബർ ഡിവിഷൻ ആരംഭിച്ചപ്പോൾ വാഴക്കാട്, കഠിനമായ വായുമലിനീകരണത്തിൻ്റെ പിടിയിലായി. രണ്ടായി നിന്നിരുന്ന സമരക്കാർ, ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ നേതൃത്വത്തിൽ ഒന്നിച്ച്, 'ചാലിയാർ ഏകോപന സമിതി' രൂപീകരിച്ചു. പിന്നീടങ്ങോട്ടു കണ്ടത്, കെ.എ റഹ്മാൻ്റെ നേതൃത്വത്തിൽ നിരന്തരം ഫാക്ടറിക്കെതിരെ പോരാടിയവരുടെ കൂട്ടത്തിൽ സജീവ സാന്നിധ്യമായി നിലനിന്ന പി. കെ. എം ചേക്കുവിനെയാണ്.
മലിനജലമൊഴുക്കാനുള്ള പൈപ്പ് ലൈൻ സ്ഥാപിക്കപ്പെട്ടത് 1979 ലാണ്. എന്നാൽ അത് അത്രകണ്ട് ഫലപ്രദമായിരുന്നില്ല. അതിലൂടെ വിഷവായുവും പതയും എല്ലാം പുറത്തേക്ക് വരുന്നത് പതിവായിരുന്നു. അതുണ്ടാക്കിയ തീവ്ര ദുർഗന്ധം ആ പ്രദേശത്തെ ജീവിതം ദുസഹമാക്കി. പൊട്ടിപ്പോയ പൈപ്പുകളിലൂടെ മലിനജലം കിണറുകളിലേക്കും കൃഷിയിടങ്ങളിലേക്കുമിറങ്ങി. കുടിവെള്ളവും കൃഷിയിടങ്ങളും എല്ലാം മലിനമായി. ആ സമയത്താണ് സമരവുമായി ചേക്കു വീണ്ടും മുന്നോട്ടുവരുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജനങ്ങൾ പൈപ്പ്ലൈൻ അടിച്ചുപൊട്ടിച്ചു.
ഡോക്യുമെൻ്ററിയുടെ ചിത്രീകരണത്തിനിടെ, മലിനജലം കടന്നുപോയിരുന്ന കൂറ്റൻ പൈപ്പിലൊന്നിൻ്റെയുള്ളിലൂടെ ഒരിക്കൽ രാത്രി നുഴഞ്ഞുകയറി മറ്റേയറ്റത്തു കൂടി പുറത്തേക്കുവന്ന കാര്യം എന്നോട് ചേക്കുകാക്ക പങ്കുവക്കുകയുണ്ടായി. ഞാൻ ചോദിച്ചു, എന്തിനായിരുന്നു അന്നങ്ങനെ ചെയ്തതെന്ന്. 'ചെറുപ്പത്തിൻ്റെ ചോരത്തിളപ്പ്, ഇന്നാലോചിക്കുമ്പോൾ, അന്നെങ്ങനെ അതെല്ലാം ചെയ്തുവെന്നതിൽ അത്ഭുതം തോന്നുന്നു' എന്നു മറുപടി. ശരിയാണ്, ശുദ്ധീകരിച്ച ജലമാണ് പുഴയിലേക്കൊഴുക്കുന്നതെന്ന് കള്ളം പറഞ്ഞവരായിരുന്നു ഫാക്ടറി അധികൃതർ. പി.കെഎം ചേക്കു ആകട്ടെ, അതങ്ങനെയല്ലെന്നു വാദിച്ചു.
ആ വാദം ശരിയാണെന്ന് പിന്നീട് ഒരുകാലത്ത് തെളിയുകയും ചെയ്തു. ഒരിക്കൽ പൈപ്പ് വൃത്തിയാക്കാൻ കയറിയ മൂന്നു തൊഴിലാളികൾ വിഷവായുവേറ്റു മരിച്ചപ്പോഴാണത്. അങ്ങനെ വല്ലതും ചേക്കുകാക്കക്ക് സംഭവിച്ചിരുന്നെങ്കിലോ എന്ന് ഞാൻ ചോദിച്ചപ്പോൾ, അദ്ദേഹമൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു. ഉടനടി ഞാനോർത്തു, ഗ്രാസിം എന്ന വമ്പനെതിരെ ചങ്കൂറ്റത്തോടെ നിന്നു പോരാടുന്ന മനുഷ്യനെങ്ങനെ സ്വന്തം ജീവനെച്ചൊല്ലി ആകുലപ്പെടാനാവുമെന്ന്! ചാലിയാറിനു വേണ്ടി സ്വന്തം ജീവിതം ബലികഴിക്കാൻ പോലും അദ്ദേഹം തയ്യാറായിരുന്നുവെന്നു വേണം മനസിലാക്കാൻ.
ഒരു ഘട്ട ചിത്രീകരണം കഴിഞ്ഞ്, മറ്റൊരിടത്തേക്ക് പോകവേ, ചേക്കുകാക്ക മെല്ലെ ബാഗുതുറന്നു. ഒരു പൊതിയെടുത്തു. അതു തുറന്നപ്പോൾ കണ്ടത് കുറേ പഴയ ഫോട്ടോകളും, രേഖകളുമാണ്. കൂട്ടത്തിൽ, ചാലിയാർ സമരത്തിനു നിരന്തര പിന്തുണ നൽകിയിരുന്ന അരുന്ധതിറോയ്ക്കൊപ്പമുള്ള ഒരു ചിത്രം എന്നെ വല്ലാതെ ആകർഷിച്ചു. ഇരുവരും ചിരിച്ചു കൊണ്ട് സംസാരിക്കുന്നതിനിടെ ആരോ പകർത്തിയതായിരുന്നു ആ ചിത്രം. ചേക്കുകാക്കയുടെ സമ്മതത്തോടെ ആ ചിത്രങ്ങളെല്ലാം പകർത്തിയെടുത്തു. കുറച്ചു നേരം കഴിഞ്ഞപ്പോൾ മറ്റൊരു പൊതിയെടുത്ത് അദ്ദേഹമെനിക്കു നേരെ നീട്ടി. അതിനുള്ളിൽ പഴയ ഒരു സിഡിയായിരുന്നു; ഒരു വര പോലും വീഴാത്ത, കരുതലോടെ സൂക്ഷിച്ച ഒന്ന്. ഞാൻ ചോദ്യഭാവത്തിൽ നോക്കി.

"ഞാനും, ശരത്ചന്ദ്രനും, പി. കെ ഷാജിയും എല്ലാവരും കൂടി ചാലിയാറിൻ്റെ കുറച്ചു വിഷ്വൽസ് എടുത്തുവച്ചതാണിത്. ഏതാണ്ട് ഇരുപതാണ്ടു മുൻപ്. ഇനിയിപ്പോ ഇതിനെക്കൊണ്ട് എനിക്ക് ഉപകാരമൊന്നുമില്ല. ഡോക്യുമെൻ്ററിയിലേക്ക് വേണ്ട വല്ലതുമുണ്ടെങ്കിൽ എടുക്കാം"
ഒരേ സമയം എനിക്ക് സന്തോഷവും സങ്കടവും തോന്നി. കാരണം, കെ.എ റഹ്മാനെന്ന, ജീവിച്ചിരിപ്പിലാത്ത ഒരു വ്യക്തിയുടെ ജീവിതം ചിത്രീകരിക്കൽ അതികഠിനമാണെന്ന ബോധ്യത്തോടെ തന്നെയാണ് ഞാൻ ഇതിന് ഇറങ്ങിപ്പുറപ്പെട്ടിരുന്നത്. അതിനേക്കാൾ ബുദ്ധിമുട്ട് തോന്നിയത്, പഴയ കാല ചിത്രങ്ങളല്ലാതെ, വീഡിയോദൃശ്യങ്ങളൊന്നും ലഭിക്കുക എനിക്കത്ര എളുപ്പമല്ല എന്നു മനസിലായപ്പോഴാണ്. ആ പ്രതിസന്ധിയെയാണ് ഒരു സിഡി നൽകുന്നതിലൂടെ ചേക്കുകാക്ക നിസാരമായി പരിഹരിച്ചുതന്നത്. ഡോക്യുമെൻ്ററിയിൽ കാണിക്കുന്ന പഴയ കാല ദൃശ്യങ്ങൾക്കെല്ലാം കടപ്പാട് ചേക്കുകാക്കക്കു കൂടിയാണ്.
ഞാൻ പറഞ്ഞു, എഡിറ്റിംഗ് കഴിഞ്ഞിട്ട്, സിഡിയിലുള്ളത് ഒരു പെൻഡ്രൈവിലാക്കിത്തരാം, അപ്പോൾ സൂക്ഷിക്കാൻ എളുപ്പമാകുമെന്ന്. അതിനെക്കുറിച്ച് വലിയ ധാരണയില്ലാഞ്ഞിട്ടും, അദ്ദേഹം തലയാട്ടി സമ്മതമറിയിച്ചു. ഡോക്യമെൻ്ററിയുടെ പണികളെല്ലാം പൂർത്തിയായപ്പോൾ പെൻഡ്രൈവിലേക്ക് എല്ലാം മാറ്റി സൂക്ഷിച്ചിട്ടുണ്ടെന്ന കാര്യം ഞാൻ അദ്ദേഹത്തെ വിളിച്ചുപറഞ്ഞു. കാസറഗോട്ടുനിന്നു വരുന്ന വേളയിലെപ്പോഴെങ്കിലും പെൻഡ്രൈവും സിഡിയും വീട്ടിലെത്തിക്കാനുള്ള ഏർപ്പാടു ചെയ്യാമെന്നും പറഞ്ഞു. അതു കുഴപ്പമില്ല എന്നു ചിരിയോടെ അദ്ദേഹം മറുപടി തന്നു. രണ്ടു തവണ ആ കാര്യം ഓർമ്മിപ്പിച്ചപ്പോഴും മറുപടി ഒന്നു തന്നെയായിരുന്നു. എനിക്കത് അത്ഭുതമായിരുന്നു, കാരണം, ഡോക്യുമെൻ്ററിയിലേക്ക് ആവശ്യമായ, 1970 മുതൽക്കുള്ള പത്രവാർത്തകളുടെ ശേഖരം നൽകി നാട്ടുകാരിൽ പലരും എന്നെ സഹായിച്ചിട്ടുണ്ട്. പക്ഷേ, അത് തിരിച്ചു കിട്ടുന്നതുവരെ അവരെന്നെ ഇടക്കിടക്ക് ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു. കാരണം അതെല്ലാം അവരുടെ ജീവിതരേഖകൾ കൂടിയാണ്. ഏറ്റവും വിലപ്പെട്ട വസ്തുക്കളാണവ എന്നറിയാവുന്ന ഞാൻ, ഓരോന്നും സൂക്ഷിച്ച് കൈകാര്യം ചെയ്ത ശേഷം മടക്കിക്കൊടുത്തു.
ചേക്കുകാക്ക മാത്രം മടക്കിത്തരാൻ ആവശ്യപ്പെട്ടില്ല. നിന്റെ കൈയിൽ തന്നെ ഇരുന്നോട്ടെ എന്ന മട്ടിലുള്ള മറുപടികളാണ് കിട്ടിക്കൊണ്ടിരുന്നത്. ബാഹ്യമായ എല്ലാ രേഖപ്പെടുത്തലുകളെക്കാളും, താൻ അടയാളപ്പെട്ടു കിടക്കുന്നത് ചാലിയാറിലാണ് എന്നദ്ദേഹത്തിന് അറിവുള്ളതുപോലെ. ഡോക്യുമെൻ്ററിയുടെ ഒരു പ്രത്യേക പ്രദർശനം സംഘടിപ്പിച്ചപ്പോഴാണ് അവസാനം ചേക്കുകാക്കയെ വിളിച്ചത്. പറ്റിയാൽ വരാമെന്നു പറഞ്ഞു, പക്ഷേ വന്നില്ല. ഇനിയൊരിക്കലും വരികയുമില്ല.
ഈ ദിനം പുലർന്നത്, ഇന്നലെ രാത്രി ചേക്കു കാക്ക മരണപ്പെട്ടിരിക്കുന്നു എന്ന വാർത്തയോടെയാണ്. എല്ലാ സമരകാല ഓർമ്മകളെയും ഉപേക്ഷിച്ച്, ചാലിയാർ തീരത്തെ ഉപേക്ഷിച്ച്, പറയാനുള്ള നൂറു കഥകളെ ബാക്കി വച്ച് ഒരു നായകൻ കൂടി മടങ്ങിയിരിക്കുന്നു; അതും പരിസ്ഥിതി ദിനത്തിൽ തന്നെ. പരിസ്ഥിതി സംരക്ഷണം ഒരു ഉന്മാദമായോ കടമയായോ കണ്ട ഓരോ വ്യക്തിയും ഇല്ലാതാവുമ്പോൾ നൊമ്പരപ്പെടുന്നത് സകല ജീവജാലങ്ങളും കൂടിയായിരിക്കും.
പ്രിയപ്പെട്ട ചേക്കുകാക്കാ, ഒന്നിച്ചു ചിലവഴിച്ച നിമിഷങ്ങൾ ഒരിക്കലും മറക്കില്ലെന്ന ഉറപ്പു മാത്രമേ നൽകാനുള്ളൂ..നഷ്ടപ്പെട്ടു പോകുമായിരുന്ന ഒരു പുഴയെ, പുനർജനിയിലേക്ക് നയിച്ച ജീവിതത്തിനു ശേഷം, ജീവനോളം സ്നേഹിച്ച പ്രകൃതിയിലേക്കു തന്നെയാണല്ലോ അങ്ങു മടങ്ങിയിരിക്കുന്നത്, ഖബറിൽ സ്വസ്ഥമായുറങ്ങുക….....

