ശ്യാം ബെനഗൽ

ഇന്ത്യൻ സമാന്തര സിനിമയുടെ ബെനഗൽ യുഗം

18 ദേശീയ പുരസ്‌കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ, സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നൽകി രാജ്യം ആദരിച്ച പ്രതിഭ. ഇന്ത്യൻ സമാന്തര സിനിമയുടെ മുഖമായിരുന്ന ശ്യാം ബെനഗലിന്റെ മരണം ചലച്ചിത്ര രംഗത്ത് വലിയ ശൂന്യതയാണ് ഉണ്ടാക്കിയത്.

News Desk

ന്ത്യൻ സമാന്തര സിനിമയുടെ മുഖമായിരുന്ന ശ്യാം ബെനഗലിന് ചലച്ചിത്ര മേഖലയിൽ സമാനതകളില്ലാത്ത സ്വാധീനമുണ്ടായിരുന്നു. ബെനഗലിന്റെ മരണം ചലച്ചിത്ര രംഗത്ത് വലിയ ശൂന്യതയാണ് ഉണ്ടാക്കിയത്. പത്ത് ദിവസം മുമ്പായിരുന്നു അദ്ദേഹം സിനിമാ മേഖലയിലെ പ്രമുഖരോടൊപ്പം തൊണ്ണൂറാം പിറന്നാള്‍ ആഘോഷിച്ചത്. 18 ദേശീയ പുരസ്‌കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ, സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നൽകി രാജ്യം ആദരിച്ച പ്രതിഭയാണ് അദ്ദേഹം. 2007ലാണ് ദാദാസാഹിബ് ഫാൽകെ അവാർഡ് അദ്ദേഹത്തെ തേടിയെത്തിയത്. 1974 ൽ പുറത്തിറങ്ങിയ അങ്കൂർ എന്ന ചിത്രത്തിലൂടെയാണ് ബെനഗൽ സിനിമാ സംവിധാന രംഗത്ത് എത്തിയത്.

1976ൽ പത്മശ്രീയും 1991ൽ പത്മഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഹിന്ദിയിലെ ഏറ്റവും മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്‌കാരം ഏഴു തവണ ശ്യാം ബെനഗലിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ ഗ്രാമീണ ജീവിതവും ചരിത്രവും പശ്ചാത്തലമാക്കി മനുഷ്യാവസ്ഥകളുടെ വിവിധ ഭാവങ്ങളെ ആവിഷ്‌കരിച്ച സംവിധായകനായിരുന്നു അദ്ദേഹം. 1973 ൽ അങ്കൂർ സിനിമ പുറത്തിറങ്ങിയതിന് ശേഷം നിഷാന്ത്, മന്ഥൻ, ഭൂമിക എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. ഇതോടെ ഇന്ത്യയിലെ നവതരംഗ സിനിമയിലെ തുടക്കകാരിലൊരാളായി ബെനഗൽ കണക്കാക്കപ്പെട്ടു. 1966 മുതൽ 1973 വരെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകനായും രണ്ട് തവണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

കാൻ, ബർലിൻ അടക്കമുള്ള രാജ്യാന്തര ചലച്ചിത്ര വേദികളിൽ ബെനഗലിന്റെ സിനിമകൾ അംഗീകാരം നേടിയിട്ടുണ്ട്. 1970 - 1980 കാലഘട്ടത്തിൽ ബെനഗൽ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരങ്ങളാണ് അനന്ത് നാഗ്, അമരീഷ് പുരി, ഓം പുരി, നസറുദ്ദീൻ ഷാ, ശബാന ആസ്മി, സ്മിതാ പാട്ടീൽ, രജത് കപൂർ തുടങ്ങിയവർ.

സെക്കന്തരബാദിലെ ത്രിമൂൽഗരിയിൽ 1934 ഡിസംബർ 14നാണ് ശ്യാം ബെനഗലിന്റെ ജനനം. ഛായാഗ്രാഹകനായിരുന്ന അച്ഛൻ ശ്രീധർ ബി. ബെനഗൽ സമ്മാനിച്ച ക്യാമറയിലൂടെ തന്റെ പന്ത്രണ്ടാം വയസ്സിലാണ് ബെനഗൽ ആദ്യ ചിത്രമൊരുക്കുന്നത്. ഉസ്മാനിയ സർവ്വകലാശാലിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ബെനഗൽ അവിടെ ഹൈദരാബാദ് ഫിലിം സൊസൈറ്റി എന്ന പേരിൽ ചലച്ചിത്ര കൂട്ടായ്മയും സ്ഥാപിച്ചിരുന്നു. അങ്കൂർ, ഭൂമിക, നിഷാന്ത്, ജനൂൻ, ആരോഹൺ, സുബൈദ, ബാരി- ബരി, സർദാരി ബീഗം, ദ ഫോർഗോട്ടൻ ഹീറോ തുടങ്ങിയവയാണ് ബെനഗലിന്റെ ശ്രദ്ധേയമായ സിനിമകൾ.

Comments