മലയാള വാർത്തയുടെ ആ ശബ്ദം നിലച്ചു…

വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ' എന്നുതുടങ്ങുന്ന ആകാശവാണിയിലെ പ്രാദേശിക വാർത്തകൾ എത്രയോ കാലം മലയാളി സാകൂതം കേട്ടുകൊണ്ടിരുന്നത് അത്യാകർഷകമായ ആ ശബ്ദത്തിലൂടെയായിരുന്നു.

News Desk

ലയാളിയുടെ കേൾവിയിലെ ഒരിക്കലും നിലയ്ക്കാത്ത വാർത്താശബ്ദമായിരുന്നു, 91ാം വയസ്സിൽ, ഇന്ന് അന്തരിച്ച എം. രാമചന്ദ്രൻ. 'വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ' എന്നുതുടങ്ങുന്ന ആകാശവാണിയിലെ പ്രാദേശിക വാർത്തകൾ എത്രയോ കാലം മലയാളി സാകൂതം കേട്ടുകൊണ്ടിരുന്നത് അത്യാകർഷകമായ ആ ശബ്ദത്തിലൂടെയായിരുന്നു.

മലയാളി ഏറ്റവും ശ്രദ്ധയോടെ കേട്ട വാർത്തകളും കേൾക്കാൻ കാത്തിരുന്ന ശബ്ദവുമായിരുന്നു രാമചന്ദ്രന്റേത്. ഒരു പക്ഷെ, വാർത്തകൾ പിന്നീട് ശബ്ദങ്ങളുടെയും ദൃശ്യങ്ങളുടെയും പലതരം ടെക്‌നിക്കൽ പ്ലാറ്റുഫോമുകളിലേക്ക് വികസിച്ചുവെങ്കിലും കാലാതീതമായി തന്നെ രാമചന്ദ്രന്റെ ശബ്ദം, മലയാളിക കേട്ട വാർത്തകളുടെ എക്കാലത്തെയും ശരീരമായും ശാരീരമായും നിലകൊള്ളും.

ആകാശവാണി പ്രധാന വാർത്താ സോഴ്‌സായിരുന്ന കാലത്താണ്, ഇലക്ട്രിസിറ്റി ബോർഡിൽ ക്ലർക്കായിരുന്ന രാമചന്ദ്രൻ ഡൽഹിയിൽ നിന്ന് മലയാളം വാർത്തകൾ വായിച്ചുതുടങ്ങിയത്. പതിവുശൈലിയിൽനിന്ന് മാറി പുതിയൊരു അവതരണം അദ്ദേഹം വായനയിൽ കൊണ്ടുവന്നു. കേൾവിയെ അനുഭവമാക്കുന്ന അതിസൂക്ഷ്മമായ ശബ്ദാവിഷ്‌കാരം. ഒരുതരം സന്ദേഹങ്ങളുമില്ലാത്ത കൃത്യത. ഹൃദയത്തിലേക്കുള്ള ഒഴുക്ക്. പത്തു മിനിറ്റ് കേട്ടുകഴിഞ്ഞാൽ ചുറ്റുപാടും നടക്കുന്ന സംഭവങ്ങളുടെയെല്ലാം സാക്ഷിയായ അനുഭവം. അങ്ങനെയാണ് രാമചന്ദ്രന്റെ ശബ്ദം ജനകീയമായത്. ഒരു കാലത്ത് വീടുകളിൽ മാത്രമല്ല, വായനശാലകളിലും സ്‌കൂളുകളിലും തൊഴിലിടങ്ങളിലും ഹോട്ടലുകളിലും വാഹനങ്ങളിലും തെരുവുകളിലുമെല്ലാം വാർത്തകളായി നിറഞ്ഞുനിന്നിരുന്നത് രാമചന്ദ്രന്റെ ശബ്ദമായിരുന്നു.

വാർത്തകൾ കൂടാതെ ആഴ്ചയിലൊരിക്കൽ കൗതുകവാർത്തകൾ എന്നൊരു പരിപാടിയും രാമചന്ദ്രൻ അവതരിപ്പിച്ചിരുന്നു. ഇന്ന്, സോഷ്യൽ മീഡിയയിലടക്കം റിപ്പോർട്ടു ചെയ്യപ്പെടുന്ന ഹ്യുമൻ ഇന്ററസ്റ്റ് സ്‌റ്റോറികളുടെ റേഡിയോ മാതൃകയായിരുന്നു അത്. ഗൗരവം വിട്ട്, നവരസങ്ങൾ നിറച്ചുവച്ച ശബ്ദത്തിൽ, അത്യന്തം ഹൃദയാവർജകമായിട്ടായിരുന്നു കൗതുകവാർത്തകളുടെ അവതരണം.

ദൃശ്യമാധ്യമങ്ങളുടെ കാലത്തും രാമചന്ദ്രന്റെ ശബ്ദം മുഴങ്ങിയിരുന്നു. കൈരളി ചാനലിൽ 'സാക്ഷി' എന്ന പരിപാടി ഈയൊരൊറ്റ ശബ്ദത്തിലൂടെയാണ് പ്രശസ്തമായത്.

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ നടന്ന വാർത്താവായന മത്സരത്തിലൂടെയാണ് രാമചന്ദ്രൻ സ്വന്തം ശബ്ദത്തെ തിരിച്ചറിഞ്ഞത്. ഡൽഹിയിൽനിന്ന് അദ്ദേഹം കോഴിക്കോട്, തിരുവനന്തപുരം ആകാശവാണി നിലയങ്ങളിൽ ജോലി ചെയ്തു. കോഴിക്കോട് വാർത്താവിഭാഗം തുടങ്ങിയപ്പോൾ അതിന്റെ നേതൃത്വം രാമചന്ദ്രനായിരുന്നു. തിരുവനന്തപുരം ആകാശവാണിയിൽ പ്രതാപൻ, സംവിധായകൻ പി. പത്മരാജൻ എന്നിവർ സഹപ്രവർത്തകരായിരുന്നു. ആകാശവാണിയിൽനിന്ന് വിരമിച്ചശേഷം ഗൾഫിലെ എഫ്.എം കേന്ദ്രങ്ങളിൽ ജോലി ചെയ്തു.

'വാർത്തകൾ വായിക്കുന്നത്' എന്ന പുസ്തകം രചിച്ചിട്ടുണ്ട്. കേരള സർവകലാശാല റിട്ട. ജോയിന്റ് രജിസ്ട്രാർ പരേതയായ വിജയലക്ഷ്മി അമ്മയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

Comments