സുരവരം എന്ന തെലുങ്ക്പദത്തിന് പോരാളിയെന്നർഥം. എൺപത്തിമൂന്ന് വർഷം നീണ്ട സംഭവബഹുലമായ ജീവിതത്തെ സാധാരണക്കാരായ മനുഷ്യർക്ക് വേണ്ടിയുള്ള മുഴുനീള സമരമാക്കി മാറ്റിയ പൊരുതുന്ന നേതാവായിരുന്നു വെള്ളിയാഴ്ച ഹൈദരബാദിൽ അന്തരിച്ച സി.പി.ഐ നേതാവ് സുരവരം സുധാകർ റെഡ്ഢി.
നീണ്ടുനിന്ന നിരവധി പ്രക്ഷോഭങ്ങളുടെ അണയാക്കനലിൽ സ്ഫുടം ചെയ്‌തെടുത്തതാണ് തെലങ്കാനയുടെ ഗതകാലചരിത്രഭൂമിക. പ്രത്യേകിച്ചും കർഷകരുടേയും കർഷകത്തൊഴിലാളികളുടേയും പോരാട്ടങ്ങൾ. മഖ്ദൂം മൊഹ് യുദ്ദീനും സഖാക്കളും തുടങ്ങിവെച്ച തെലങ്കാനയുടെ തേരോട്ടങ്ങൾ. പിന്നാലെ പി. സുന്ദരയ്യയുടേയും സി. രാജേശ്വരറാവുവിന്റേയും രാജശേഖർ റെഡ്ഡിയുടേയുമെല്ലാം സമരകഥകൾ. അവയത്രയും കേട്ടുവളർന്ന സുധാകർ റെഡ്ഢി വിദ്യാർഥി കാലം തൊട്ടേ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ കൊടി പിടിച്ചത് സ്വാഭാവികം. സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന പിതാവിന്റെ പൈതൃകമുയർത്തിപ്പിടിച്ച് മഹ്ബൂബ് നഗറിലേയും കർണൂലിലേയും മറ്റും കലാശാലാ വിദ്യാർഥികളെ സംഘടിപ്പിച്ച് സമരരംഗത്തിറങ്ങിയ സുധാകർ റെഡ്ഢി മികച്ച പ്രാസംഗികനുമായിരുന്നു. തെലുങ്കിലെന്ന പോലെ ഇംഗ്ലീഷിലും തന്റെ വാഗ്മിത പ്രകടിപ്പിച്ച ഈ ചെറുപ്പക്കാരൻ ഉസ്മാനിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമബിരുദമെടുത്ത ശേഷം പൂർണസമയ രാഷ്ട്രീയക്കാരനായി മാറുകയാണുണ്ടായത്.

എഴുപതുകളുടെ ആദ്യം എ.ഐ.എസ്.എഫ് അഖിലേന്ത്യാ പ്രസിഡന്റ് പദവിയിലെത്തിയ സുധാകർ റെഡ്ഢി കേരളമുൾപ്പെടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ച് വിദ്യാർത്ഥികളോടും യുവാക്കളോടും സംസാരിച്ചു. അവരുടെ അവകാശസംരക്ഷണത്തിനായി പോർമുഖങ്ങൾ തുറന്നു. എ.ഐ.എസ്.എഫ് കാലത്ത് സുധാകർ റെഡ്ഡിയുമായി ആഴത്തിലുള്ള സൗഹൃദം സ്ഥാപിക്കാൻ സാധിച്ചത് എന്റേയും മനസ്സിൽ പച്ചപിടിച്ചുനിൽക്കുന്നു. ഡൽഹി സി.പി.ഐ കേന്ദ്ര ആസ്ഥാനമായ അജോയ് ഭവനിലെ മൂന്നുമാസക്കാലത്തെ പഠനപരിശീലന കാലത്തായിരുന്നു സുധാകർ റെഡ്ഡിയുമായി അടുക്കാൻ അവസരം ലഭിച്ചത്. എല്ലാ രാത്രികളിലും അദ്ദേഹം ഞങ്ങൾക്കൊപ്പം കൂടി പല കാര്യങ്ങളും സംസാരിക്കും. സുമുഖനായ അദ്ദേഹത്തിന്റെ വാചാലത ആസ്വദിച്ചിരിക്കുമായിരുന്നു ഞങ്ങൾ പാർട്ടി സ്‌കൂളിലെ വിദ്യാർഥികൾ. 1971-ൽ കൊച്ചിയിൽ നടന്ന സി.പി.ഐ ഒമ്പതാം പാർട്ടി കോൺഗ്രസിലാണ് സുധാകർ റെഡ്ഡിയെ പാർട്ടി ദേശീയ കൗൺസിലംഗമാക്കുന്നത്.
സോവിയറ്റ് യൂണിയനിൽ നിന്നും പൂർവ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള കമ്യൂണിസ്റ്റ് യുവജനനേതാക്കളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനും വിവിധ സംസ്ഥാനങ്ങളിലെത്തിച്ച് അവരെ പ്രസംഗിപ്പിക്കുന്നതിലും ഇടതുപക്ഷ - സോഷ്യലിസ്റ്റ് ആശയങ്ങളുടെ സന്ദേശം പ്രചരിപ്പിക്കുന്നതിലും സുധാകർ റെഡ്ഡി നേതൃപരമായ പങ്ക് വഹിച്ചു. റഷ്യൻ ഭാഷയും അദ്ദേഹത്തിന് നന്നായി വഴങ്ങുമായിരുന്നു. എ.ഐ.എസ്.എഫിന് കൂടി അഫിലിയേഷനുള്ള അന്താരാഷ്ട്ര വിദ്യാർഥി യൂണിയന്റെ (ഐ.യു.എസ്) സാരഥ്യവും സുധാകർ റെഡ്ഢി വഹിച്ചിരുന്നു. ബെർലിനിൽ സംഘടിപ്പിച്ച ലോകയുവജനോൽസവത്തിലേക്ക് മലയാളികളുൾപ്പെടെ നിരവധി ഇന്ത്യൻ കലാകാരന്മാരേയും കലാകാരികളേയും കൊണ്ടുപോകുന്നതിന് റെഡ്ഢി നൽകിയ സഹായം പലരും ഓർക്കുന്നുണ്ടാകും. ലോകരാഷ്ട്രീയം ചർച്ച ചെയ്യുന്നതിനും ഇന്ത്യൻ ഇടതുപക്ഷത്തിന്റെ ഇക്കാര്യത്തിലുള്ള സുചിന്തിതമായ നിലപാടുകൾ വിശദീകരിക്കുന്നതിനും അദ്ദേഹത്തിൻെറ നേതൃത്വത്തിലുള്ള ഒരു ടീം തന്നെ അക്കാലത്ത് സജീവമായുണ്ടായിരുന്നു.

ആന്ധ്രപ്രദേശ് നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട സുധാകർ റെഡ്ഢി പന്ത്രണ്ടാം ലോക്‌സഭയിലേക്കും പതിനാലാം ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ലോക്‌സഭയിൽ മികച്ച പ്രകടനം കാഴ്ച വെച്ച റെഡ്ഢി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരോടൊപ്പം ചേർന്ന് യു.പി.എ കാലത്തെ ഇടതുപക്ഷസമരനിരയിലെ തിളങ്ങുന്ന കണ്ണികളിലൊരാളായി മാറി. യെച്ചൂരിയുമായി ഏറെ ആത്മബന്ധം സ്ഥാപിച്ച നേതാവായിരുന്നു സുധാകർ റെഡ്ഢി.
എ.ബി ബർദാൻ ജനറൽ സെക്രട്ടറിയായ കാലത്ത് സി.പി.ഐ ഡപ്യൂട്ടി ജനറൽ സെക്രട്ടറിയായിരുന്ന സുധാകർ റെഡ്ഢി, ബർദാന്റെ വിയോഗശേഷം 2012 മുതൽ 2019 വരെ പാർട്ടി ജനറൽ സെക്രട്ടറിയായി. ഇന്ത്യൻ ഇടതുപക്ഷം ഏറെ വെല്ലുവിളികൾ നേരിട്ട കാലത്ത് സി.പി.ഐയെ സംഘടനാപരമായി ശക്തമാക്കുകയെന്ന ബാധ്യത കൂടി സുധാകർ റെഡ്ഡിയുടേയും കേന്ദ്രനേതാക്കളുടേയും ചുമലിലായിരുന്നു.

സുധാകർ റെഡ്ഡിയുടെ മരണവാർത്തയറിഞ്ഞ് പാർട്ടി ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞത്, “സഖാവ് റെഡ്ഡി കൂടി പോയതോടെ ഞങ്ങൾ തീർത്തും അനാഥരായിപ്പോയ അവസ്ഥിലായി,” എന്നാണ്. രോഗക്കിടക്കയിലും പാർട്ടിയുടെ സമ്മേളനങ്ങളെക്കുറിച്ചും ചാണ്ഢിഗഡിൽ നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിനെക്കുറിച്ചുമാണ് കൗതുകപൂർവം സുധാകർ റെഡ്ഡി ഓരോ കാര്യങ്ങളും അന്വേഷിച്ചിരുന്നതെന്നും ഡി. രാജ അനുസ്മരിക്കുന്നു.
വിപ്ലവ രാഷ്ട്രീയത്തിന്റെ ദൗത്യങ്ങൾ തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലും നന്നായി പ്രചരിപ്പിച്ച ഉജ്വല പഭാഷകൻ കൂടിയാണ് വിട വാങ്ങിയത്. ഹിന്ദി ബെൽട്ടിൽ സി.പി.ഐയുടെ സ്വാധീനം തിരിച്ചുപിടിക്കുകയെന്നതായിരുന്നു സുധാകർ റെഡ്ഡിയുടെ അവസാനത്തെ ആഗ്രഹം. ആന്ധ്രപ്രദേശിലേയും ബിഹാറിലേയും ഛത്തീസ്ഗഡിലേയും തെലങ്കാനയിലേയും മാവോയിസ്റ്റ് വേട്ടകൾക്കെതിരെ അവസാനം വരെ പോരാടിയ യഥാർഥ ഇടതുപക്ഷസാരഥി കൂടിയാണ് കാലത്തിന്റെ മറുതീരത്തേക്ക് യാത്രയായത്.
