ഒമ്പത് വർഷക്കാലത്തോളം ഐഎസ്ആർഒയെ നയിക്കുകയും വിദ്യാഭ്യാസ മേഖലയിലും പരിസ്ഥിതി മേഖലയിലും നിരവധി സംഭാവനകൾ നൽകുകയും ചെയ്തിട്ടുള്ള ഡോ. കൃഷ്ണസ്വാമി കസ്തൂരിരംഗന് വിട. ബഹിരാകാശ മേഖലയിൽ നൽകിയിട്ടുള്ള സംഭാവനകളേക്കാൾ പശ്ചിമഘട്ട പുനപരിശോധനാ കമ്മിറ്റിയുടെ ചെയർമാൻ എന്ന നിലയിലാണ് കസ്തൂരി രംഗൻെറ പേര് കേരളത്തിൽ വലിയ ചർച്ചയായിട്ടുള്ളത്. മാധവ് ഗാഡ്ഗിൽ കമ്മിറ്റിയുടെ റിപ്പോർട്ട് വലിയ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയപ്പോഴാണ് കസ്തൂരി രംഗൻെറ നേതൃത്വത്തിലുള്ള സംഘത്തെ പുനപരിശോധനയ്ക്കായി കേന്ദ്രസർക്കാർ ഏൽപ്പിച്ചത്. ഗാഡ്ഗിൽ റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ച് കൊണ്ടായിരുന്നുവെങ്കിലും വ്യത്യസ്തമായിരുന്നു കസ്തൂരി രംഗൻ റിപ്പോർട്ട്. പശ്ചിമഘട്ട മലനിരകളുടെ നാലിൽ മൂന്ന് ഭാഗവും പരിസ്ഥിതിലോല പ്രദേശങ്ങളാണെന്നായിരുന്നു മാധവ് ഗാഡ്ഗിലിൻെറ റിപ്പോർട്ടിലുണ്ടായിരുന്നത്. എന്നാൽ, ഈ മേഖലയിലെ 37 ശതമാനം പ്രദേശങ്ങൾ പരിസ്ഥിതി ലോലമെന്നായിരുന്നു കസ്തൂരി രംഗൻെറ കണ്ടെത്തൽ. കേരളത്തിലെ മലയോര മേഖലകളിൽ ഇതിനെതിരെയും വലിയ വിമർശനങ്ങളാണ് ഉയർന്നുവന്നിരുന്നത്. ഈ റിപ്പോർട്ടും നടപ്പാക്കാൻ സാധിച്ചില്ല.
ഇന്ത്യൻ ബഹിരാകാശ മേഖലയ്ക്ക് വലിയ സംഭാവനകൾ നൽകിയ മലയാളികളിൽ മുൻനിരയിലാണ് കസ്തൂരിരംഗൻെറ സ്ഥാനം. 1940 ഒക്ടോബർ 24ന് എറണാകുളത്താണ് കസ്തൂരിരംഗൻെറ ജനനം. ബാല്യകാല വിദ്യാഭ്യാസം കേരളത്തിലായിരുന്നു. പിന്നീട് കുടുംബം മുംബൈയിലേക്ക് മാറിയതോടെ തുടർപഠനം അവിടെയായിരുന്നു. ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിൽ നിന്ന് എക്സ്പിരിമെൻറൽ ഹൈ എനർജി അസ്ട്രോണമിയെന്ന വിഷയത്തിൽ പി.എച്ച്.ഡിയും പൂർത്തിയാക്കി. 1971 മുതൽ ISRO-യുടെ ഭാഗമായി പ്രവർത്തിക്കാൻ തുടങ്ങി. ഡോ. വിക്രം സാരാഭായി നൽകിയ നിർദ്ദേശങ്ങളും ഉപദേശങ്ങളുമാണ് കസ്തൂരി രംഗൻെറ കരിയറിൽ വലിയ വഴിത്തിരിവുണ്ടാക്കുന്നത്.

1994 മുതൽ 2003 വരെയാണ് കസ്തൂരി രംഗൻ ISRO ചെയർമാനായി സേവനമനുഷ്ഠിച്ചത്. ഇൻസാറ്റ് 2, ഐആർഎസ് 1എ, 1ബി എന്നിവയുടെ വിക്ഷേപണത്തിന് ചുക്കാൻ പിടിച്ചു. വാർത്താവിതരണം, കാലാവസ്ഥാ പ്രവചനം തുടങ്ങിയ മേഖലകളിൽ വിപ്ലവകരമായ ഗവേഷങ്ങൾ നടത്താൻ ഈ സാറ്റലൈറ്റുകൾ സഹായിച്ചിട്ടുണ്ട്. ഭൂമിയെ നിരീക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യ പരീക്ഷണ സാറ്റലൈറ്റുകളായ ഭാസ്കര 1, ഭാസ്കര 2 എന്നിവയുടെ പ്രോജക്ട് ഡയറക്ടറും കസ്തൂരി രംഗനായിരുന്നു. PSLV, GSLV വിക്ഷേപണങ്ങൾക്കും നേതൃത്വം വഹിച്ചു. ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ -1ലേക്ക് നയിച്ച പഠനങ്ങളിലും കസ്തൂരി രംഗൻ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
ജവഹർലാൽ നെഹ്റു സർവകലാശാലയുടെ ചാൻസിലറായും കർണാടക നോളജ് കമ്മീഷൻ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2003 മുതൽ 2009 വരെ രാജ്യസഭാ അംഗമായിരുന്നു. ദേശീയ ആസൂത്രണ കമ്മീഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസനയം - 2020 തയ്യാറാക്കിയതും കസ്തൂരിരംഗൻെറ നേതൃത്വത്തിലാണ്.