സഖാവ് വി.എസുമായുള്ള എന്റെ ആത്മബന്ധം തുടങ്ങുന്നത് ആലപ്പുഴ ചാത്തനാട്ടെ മണ്ണിൽ നിന്നാണ്. ആ മണ്ണിലാണ് എന്റെ ബാല്യകൗമാരങ്ങൾ വേരൂന്നിയത്. എന്നെയൊരു മനുഷ്യപ്പറ്റുള്ളവനാക്കി മാറ്റാൻ കമ്മ്യൂണിസ്റ്റ് ഭൂമികയായിരുന്ന ചാത്തനാടിന് കഴിഞ്ഞിട്ടുണ്ട്. ചാത്തനാടിനെ മോസ്കോ എന്നുവിളിച്ചത് ഞങ്ങളുടെ തെക്കേപ്പാലയ്ക്കലച്ചനാണ്. പഴമക്കാരിൽ ചിലർ ആ പേര് ഇപ്പോഴും ഓർക്കുന്നുണ്ടാവും.
പാർട്ടിയുടെ പ്രാദേശിക സമ്മേളനങ്ങൾ നടക്കാറുള്ളത് ചാത്തനാട്ടെ പ്ലാവിൻചോട്ടിലായിരുന്നു. സമ്മേളനത്തിന്റെ തലേന്നുതന്നെ പ്ലാവിൻചോട്ടിലെ സകല കവുങ്ങിലും ചെറുമരങ്ങളിലും ചെങ്കൊടി ഉയരും. ‘ബലികുടീരങ്ങളേ, സ്മരണകളിരമ്പും രണസ്മാരകങ്ങളേ…’ എന്നു തുടങ്ങുന്ന കെ.എസ്. ജോർജ്ജിന്റെ പാട്ടാണ് മിക്കപ്പോഴും ആദ്യമിടുക. സുലോചനയും എ.പി. കോമളവും കമുകറയും ആന്റോയുമൊക്കെ റെക്കോർഡ് പ്ലെയറിൽ പിന്നാലെയുണ്ടാവും. എന്റെ അമ്മൂമ്മയ്ക്ക് ആ പാട്ടുകളൊക്കെ ഹൃദിസ്ഥമാണ്. അവരോടു ചേർന്ന് ഞാനും അതു പാടുമായിരുന്നു. മുടിയറകൾ എന്ന നോവലിലെ ഞാറക്കടവുദേശം വർണ്ണിക്കുമ്പോൾ എന്റെ മനസ്സിൽ നിറഞ്ഞുനിന്നിരുന്നത് ചാത്തനാടാണ്.
വീട് നഷ്ടപ്പെട്ട എന്റെ അമ്മൂമ്മയ്ക്ക് ഒടുക്കം അഭയമായത് കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിൽ ഞങ്ങൾക്ക് ലഭിച്ച ചാത്തനാട്ടെ മൂന്നര സെന്റ് കുടികിടപ്പാണ്. കിടപ്പാടം സ്വന്തമായ ആ സന്ധ്യയ്ക്കാണ് കമ്മ്യൂണിസം തിരി തെളിച്ച് ഞങ്ങളുടെ വീട്ടിലേക്ക് വന്നതെന്ന് ഞാൻ ഇതിനു മുൻപും എഴുതിയിട്ടുണ്ട്. എന്റെ മമ്മാഞ്ഞി കമ്മ്യൂണിസ്റ്റായിരുന്നു. അപ്പനും മമ്മാഞ്ഞിയുടെ വഴിയേ നടന്നു. ചെറുതിലേ ബാലസംഘത്തിന്റെ ജാഥയ്ക്ക് ഞാൻ പോയിട്ടുണ്ട്. എലിപ്പെട്ടിയച്ചായൻ എന്നു വിളിക്കുന്ന സഖാവ് ദേവസ്സി ആയിരുന്നു ഞങ്ങളെ ജാഥയ്ക്ക് കൊണ്ടുപോയിരുന്നത്. സഖാവിന് എലിപ്പെട്ടിക്കച്ചവടമായിരുന്നു തൊഴിൽ. നന്നാറി സർബ്ബത്തും പെപ്പറും മിഠായിയും വാങ്ങിത്തരും. ഞങ്ങള് തൊണ്ട പൊട്ടുമാറ് ഇങ്ക്വിലാബ് വിളിക്കും.
സനാതന ധർമ്മ വിദ്യാലയത്തിൽ പഠിക്കുമ്പോൾ ഞാൻ രാഷ്ട്രീയത്തിൽ നിന്നകന്നു. എന്റെ രോഗാവസ്ഥയും സ്കൂളിലെ എസ്.എഫ്.ഐ നേതാവിന്റെ പ്രവർത്തനശൈലിയോടുള്ള എതിർപ്പുകളും അതിനു കാരണമായി. ഇതൊക്കെയാണെങ്കിലും ചാത്തനാട്ടെ മണ്ണ് പകർന്നുതന്ന വിപ്ലവത്തിന്റെ കനൽ എന്നിലെപ്പോഴും അണയാതെ കിടന്നിരുന്നു.

പിന്നീട് എന്റെ ജീവിതം ഞാനാഗ്രഹിക്കാത്ത ഒരുപാട് ഇടങ്ങളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. ആലപ്പുഴ അരമനയിലും നെടുമുടി പഞ്ചായത്താപ്പീസിലും വിവിധ കോടതികളിലും എനിക്ക് ജോലി ചെയ്യേണ്ടിവന്നു. അരികുവൽക്കരിക്കപ്പെട്ട മനുഷ്യരെ ചൂഷണം ചെയ്യുന്ന ഏതിടങ്ങൾക്കെതിരെയും സംസാരിക്കാൻ എനിക്കൊരു മടിയുമുണ്ടായിരുന്നില്ല. ചെന്നെത്തിയ ഇടങ്ങളിലെ ഉച്ചനീചത്വങ്ങൾക്കെതിരെ ഞാൻ പ്രതികരിക്കുമായിരുന്നു. എഴുത്തുകാരനായപ്പോൾ അതിനുള്ള സ്പേസ് ധാരാളമായി ലഭിച്ചു. എഴുത്തിടങ്ങളിലെ പുഴുക്കുത്തുകളെക്കുറിച്ചും എനിക്ക് വിമർശിക്കേണ്ടിവന്നു. വ്യക്തിപരമായി എനിക്കേറെ നഷ്ടങ്ങളുണ്ടായി എന്നത് മറ്റൊരു കാര്യം.
പുരുഷാരം തിങ്ങിയൊരു സന്ധ്യയ്ക്ക് എന്നെ തോളിലെടുത്താണ് അപ്പൻ എനിക്ക് ആ കാഴ്ച്ച കാട്ടിത്തന്നത്. വെളുത്ത ജുബ്ബയും കറുത്ത കണ്ണടയും നീട്ടിയും കുറുക്കിയുമുള്ള ആ ശബ്ദത്തിന്റെ ഗാംഭീര്യവും ഞാൻ അന്ന് ആദ്യമായി അറിഞ്ഞു.
ഞാനിതൊക്കെ ഇപ്പോൾ പറയാൻ കാരണം, എനിക്ക് ഇതിനുള്ള ഊർജ്ജമെല്ലാം ലഭിച്ചത് ചാത്തനാട്ടെ മണ്ണിൽ നിന്നാണ്. ആ മണ്ണിൽ വെച്ചാണ് ഞാൻ ആദ്യമായി സഖാവ് വി.എസ്. അച്യുതാനന്ദനെ കാണുന്നത്. പുരുഷാരം തിങ്ങിയൊരു സന്ധ്യയ്ക്ക് എന്നെ തോളിലെടുത്താണ് അപ്പൻ എനിക്ക് ആ കാഴ്ച്ച കാട്ടിത്തന്നത്. വെളുത്ത ജുബ്ബയും കറുത്ത കണ്ണടയും നീട്ടിയും കുറുക്കിയുമുള്ള ആ ശബ്ദത്തിന്റെ ഗാംഭീര്യവും ഞാൻ അന്ന് ആദ്യമായി അറിഞ്ഞു. പിന്നീട് പലപ്പോഴും സഖാവിന്റെ പ്രസംഗങ്ങൾ കേട്ടിട്ടുണ്ട്. സാധാരണക്കാരുടെ ഭാഷയിലാണ് അദ്ദേഹം സംസാരിച്ചിരുന്നത്. തനി ദ്രാവിഡൻ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ പദപ്രയോഗങ്ങൾ വിമർശനത്തിനു വിധേയമായിട്ടുണ്ടെന്നതും ഓർക്കുന്നു. നാട്ടുമൊഴികളേയും നാടൻപാട്ടുകളേയും അംഗീകരിക്കാൻ വിമുഖതയുള്ള മലയാളിവരേണ്യതയാണ് ആ എതിർപ്പുകൾക്കെല്ലാം അടിസ്ഥാനം.
ഉള്ളിൽ ഏറെ ആദരവും ബഹുമാനവും ഉള്ളപ്പോഴും എനിക്ക് അദ്ദേഹത്തിന്റെ ചില തീരുമാനങ്ങളോടും അഭിപ്രായങ്ങളോടും വിയോജിപ്പുണ്ടായിരുന്നു എന്നതും വാസ്തവമാണ്. എന്നിരുന്നാലും പാവങ്ങളുടെ ഭാഷയിൽ സംസാരിച്ചിരുന്ന, അവർക്കിടയിൽ ജീവിക്കാനാഗ്രഹിച്ചിരുന്ന, ആരുടെ മുന്നിലും കീഴടങ്ങാൻ തയ്യാറാകാതെ തല ഉയർത്തി, മുതലാളിത്ത- സ്വേച്ഛാധിപത്യങ്ങൾക്കെതിരെ പ്രതികരിച്ചിരുന്ന സഖാവിനോട് എനിക്കെന്നും ആദരവും സ്നേഹവുമായിരുന്നു.

ധീരനായ ആ വിപ്ലവനായകന്റെ ആത്മകഥാപരമായൊരു കുഞ്ഞുപുസ്തകം എന്റെ കൈവശമുണ്ട്. അതിന്റെ തലക്കെട്ട് ‘സമരം തന്നെ ജീവിതം’ എന്നാണ്. എനിക്കത് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനടുത്തുള്ള പഴയ പുസ്തകങ്ങൾ വിൽക്കുന്ന കടയിൽ നിന്നാണ് ലഭിച്ചത്. പത്തു രൂപ കടക്കാരൻ ചോദിച്ചു, ഞാനതു കൈയോടെ കൊടുത്ത് വാങ്ങി. ഈ പുസ്തകത്തിലെ 31-ാം പേജ് മറിയുന്നതോടെ സഖാവ് വി.എസ് തന്റെ ജീവചരിത്രം മതിയാക്കുന്നുണ്ട്. ഇത്രയും പേജിലേക്കൊരു വൻകരയെ ചേർത്തുപിടിക്കാൻ സഖാവിനേ കഴിയൂ എന്ന് പുസ്തകം വായിച്ചു തീരുമ്പോൾ എനിക്ക് തോന്നി.
നീണ്ടകാലത്തെ യാതന നിറയുന്ന പോരാട്ടങ്ങളെക്കുറിച്ചുള്ള തന്റെ പുസ്തകം സഖാവ് വി.എസ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: “വർഗനിലപാടിൽ മുറുകെ പിടിച്ച് അന്യവർഗനിലപാടുകൾക്കും തെറ്റായ ആശയഗതികൾക്കും എതിരെ സമരം ചെയ്ത് ശരിയായ പാതയിൽ സമൂഹത്തെ മുന്നോട്ടു കൊണ്ടുപോകുകയെന്ന കമ്മ്യൂണിസ്റ്റ് നിലപാടിനു വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്. അതിനു വേണ്ടിയുള്ള സമരം തന്നെയാണ് എന്റെ ജീവിതവും.”
ആത്മകഥയിലെ 31-ാം പേജ് മറിയുന്നതോടെ സഖാവ് വി.എസ് തന്റെ ജീവചരിത്രം മതിയാക്കുന്നുണ്ട്. ഇത്രയും പേജിലേക്കൊരു വൻകരയെ ചേർത്തുപിടിക്കാൻ സഖാവിനേ കഴിയൂ എന്ന് പുസ്തകം വായിച്ചു തീരുമ്പോൾ എനിക്ക് തോന്നി.
ഇതു വായിക്കുമ്പോഴെല്ലാം മുഷ്ടി ചുരട്ടി ആകാശത്തെ വെല്ലുവിളിക്കുന്ന സഖാവിന്റെ ആ ഈങ്ക്വിലാബ് മുഴക്കവും അതിന്റെ അർത്ഥവും പോരാട്ടവും എനിക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ട്. ഒന്നോർത്തു നോക്കൂ, നമ്മൾ എപ്പോഴും ഒരാളെ സ്നേഹിക്കുന്നത് ചില താദാത്മ്യങ്ങളിലാണല്ലോ. അയാളും ഞാനും ഒരേ വഴിയിലൂടെ സഞ്ചരിച്ചിരുന്നു, അല്ലെങ്കിൽ രണ്ടാളും ഒരുപോലെയാണ് ചിന്തിക്കുന്നത്. ഇതെല്ലാം നമുക്ക് അയാളിലുള്ള സ്നേഹവും ബഹുമാനവും വർദ്ധിപ്പിക്കും. സഖാവ് വി.എസിന്റെ സമരജീവിതവുമായി താരതമ്യം ചെയ്യാനൊന്നും എന്റെ കൊച്ചുജീവിതത്തിന് ഒരിക്കലും കഴിയില്ല. എന്നിരുന്നാലും എന്നെ വി.എസുമായി ചേർത്തുനിർത്തുന്നതിൽ പ്രധാന പങ്ക് അദ്ദേഹത്തിന്റെ ബാല്യ കൗമാര ജീവിതവും അരികുവൽക്കരിക്കപ്പെട്ടവരോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും കരുതലുമാണ്. അത്തരമൊരു ബാല്യകൗമാരജീവിതത്തിന്റേയും സ്നേഹഇടപെടലുകളുടേയും ചില അനുരണനങ്ങൾ എന്നിലൂടെയും കടന്നുപോയതുപോലെ പലപ്പോഴും തോന്നും.

സഖാവ് വി.എസ്. അച്യുതാനന്ദന്റെ ആത്മകഥാപരമായ പുസ്തകം വായിക്കുമ്പോൾ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹത്തിനുണ്ടായ ഒട്ടേറെ കയ്പുനിറഞ്ഞ അനുഭവങ്ങൾ കാണാനാകും. ജീവിതത്തിലുടനീളം അതെല്ലാം അദ്ദേഹത്തെ പിൻതുടരുന്നുമുണ്ട്. പത്താം ക്ലാസ് എഴുതിയെടുക്കണമെന്ന ആഗ്രഹമുണ്ടായിട്ടും നാടിനുവേണ്ടി പ്രവർത്തിക്കേണ്ടിവന്നൊരു സാഹചര്യത്തിൽ അതെല്ലാം ഉപേക്ഷിച്ചാണ് അദ്ദേഹം സമരഭൂമികയിലേക്ക് ഇറങ്ങുന്നത്. പോലീസിന്റെ കൊടിയ മർദ്ദനത്തിനിരയായി. ചെരുപ്പിന്റെ വാർ അഴിച്ച് അദ്ദേഹം ആ ഘോരമർദ്ദനത്തിന്റെ ശേഷിപ്പായ വടുക്കൾ കാണിച്ചുതരുന്നുണ്ട്, നടൻ ഇന്നസെന്റുമായുള്ള അഭിമുഖത്തിൽ.
സഖാവിന്റെ ആദ്യകാല പ്രവർത്തനങ്ങൾ ആലപ്പുഴയിലെ കുട്ടനാട് കേന്ദ്രീകരിച്ചായിരുന്നു. അത് അത്ര എളുപ്പമുള്ളൊരു പ്രവർത്തനമായിരുന്നില്ലെന്ന് ആ കാലഘട്ടത്തെക്കുറിച്ച് പഠിക്കുമ്പോൾ നമുക്ക് മനസ്സിലാകും. കുട്ടനാട്ടിലെ അക്കാലത്തെ കർഷകത്തൊഴിലാളികളുടെ അവസ്ഥ വാക്കുകളിൽ പകർത്താൻ കഴിയാത്തവിധം ദയനീയമായിരുന്നു. വരമ്പൊരുക്കി, ഞാറു നട്ട്, കള പറിച്ച്, കൊയ്ത്തും കഴിഞ്ഞ് ജന്മിയുടെ പത്തായത്തിൽ നെല്ല് നിറച്ചുകൊടുത്ത്, മിച്ചം വരുന്ന വൈക്കോൽ ഉണക്കി ജന്മിക്ക് തുറു കെട്ടികൊടുക്കുവരെയുള്ള അവരുടെ അദ്ധ്വാനമെന്നത് ദുരിതപൂർണ്ണമായിരുന്നു. ആണ്ടിൽ അഞ്ചു പറ നെല്ലാണ് കൂലിയായി കൊടുത്തിരുന്നത്. വരമ്പത്തു തന്നെ കുടിൽ കെട്ടി തൊഴിലാളി പാർത്തോണം. ശരിക്കുമൊരു അടിമജീവിതം. ആരും ചോദിക്കാനും പറയാനുമില്ലാത്തൊരു ജന്മിത്വത്തിന്റെ അപ്രമാദിത്വം.
സഖാവിന്റെ ആദ്യകാല പ്രവർത്തനങ്ങൾ ആലപ്പുഴയിലെ കുട്ടനാട് കേന്ദ്രീകരിച്ചായിരുന്നു. അത് അത്ര എളുപ്പമുള്ളൊരു പ്രവർത്തനമായിരുന്നില്ലെന്ന് ആ കാലഘട്ടത്തെക്കുറിച്ച് പഠിക്കുമ്പോൾ നമുക്ക് മനസ്സിലാകും.
ഭരണകൂടവും പ്രാദേശിക ഗുണ്ടകളും ചേർന്ന് അതിനെല്ലാം കുടപിടിച്ചിരുന്നൊരു കാലഘട്ടത്തിലായിരുന്നു കുട്ടനാട്ടിൽ അദ്ദേഹം പ്രവർത്തനം തുടങ്ങുന്നത്. തമ്പ്രാനുമായുള്ള തങ്ങളുടെ ബന്ധത്തെ ഇല്ലാതാക്കാൻ വന്ന ഒരുത്തനെന്നും പറഞ്ഞ് കുട്ടനാട്ടിലെ അജ്ഞരായ തൊഴിലാളികൾ പോലും അദ്ദേഹത്തോടു സഹകരിക്കാൻ മടിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ നിരന്തരമായ സ്നേഹ ഇടപെടലുകളിലൂടെയും ബോധവൽക്കരണങ്ങളിലൂടെയുമാണ് അവിടുത്തെ തൊഴിലാളികൾക്ക് അവരുടെ അദ്ധ്വാനത്തിന്റെ വിലയും മഹത്വവും അദ്ദേഹം ബോധ്യപ്പെടുത്തി കൊടുക്കുന്നത്. താമസിയാതെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കുട്ടനാട്ടിൽ സമരപ്രഖ്യാപനമുണ്ടായി. ആണ്ടിൽ 125 പറ നെല്ല് കൂലിയായി കിട്ടണമെന്നാവശ്യപ്പെട്ട് നടത്തിയ ആ വലിയ സമരം ഒരാണ്ടു പിന്നിട്ടെങ്കിലും വിജയത്തിലെത്തി. അവിടം മുതൽ തുടങ്ങിയ അദ്ദേഹത്തിന്റെ സമരജീവിതവിജയങ്ങൾ കേരളത്തിലെ ഒട്ടു മിക്ക തൊഴിൽമേഖലകളിലേക്കും പിൽക്കാലത്ത് വ്യാപിച്ചു. പിന്നീട് ഒരിക്കലും അതിനൊരു വിശ്രമം ഉണ്ടായതുമില്ല.

സമരം തന്നെ ജീവിതം എന്ന പുസ്തകത്തിന് അവതാരിക എഴുതിയത് സുകുമാർ അഴീക്കോടാണ്. ജൌളിക്കടയിൽ നിന്ന് നിയമനിർമ്മാണസഭ വരെയുള്ള ഒരു കയറ്റമാണ് വി.എസിന്റെ ജീവിതമെന്നാണ് മാഷ് പറയുന്നത്. മരക്കുടിലിൽ നിന്ന് വൈറ്റ് ഹൗസ് വരെ കയറിപ്പോയ എബ്രഹാം ലിങ്കണെ ഓർത്തുപോകുമെന്ന് മാഷ് തുടർന്നെഴുതുന്നുമുണ്ട്. താഴ് വരയിൽ നിന്ന് മുളച്ചു വളർന്ന ഒരു ചന്ദനമരം മലയുടെ മുടിവരെ ഉയർന്നുപൊങ്ങിയതുപോലെ എന്നെല്ലാം, പറഞ്ഞാലും പറഞ്ഞാലും തീരാത്തതുപോലെ അഴീക്കോടു മാഷിന്റെ അവതാരികയിലെ വി.എസ് വിശേഷണങ്ങൾ നീണ്ടുപോകുന്നു.
അവതാരികയുടെ അവസാനഭാഗത്ത് പുസ്തകത്തിൽ നിന്ന് വി.എസിന്റെ ചില വാചകങ്ങൾ മാഷ് എടുത്തെഴുതുന്നത് ഇങ്ങനെയാണ്:
“അമ്മയുടെ മരണശേഷം അച്ഛനാണ് വളർത്തിയത്. പതിനൊന്നു വയസ്സുള്ളപ്പോൾ അച്ഛനും മരിച്ചു. ജ്യേഷ്ഠൻ ഗംഗാധരനായിരുന്നു കുടുംബം പോറ്റിയത്. അച്ഛൻ മരിച്ചതോടെ ഏഴാം ക്ലാസിൽ എന്റെ പഠനം നിലച്ചു. ചേട്ടന്റെ കടയിൽ സഹായിയായി കൂടി. തുടർന്ന് സമരം ചെയ്ത് ശരിയായ പാതയിൽ സമൂഹത്തെ മുന്നോട്ടു കൊണ്ടുപോകുകയെന്ന കമ്മ്യൂണിസ്റ്റു നിലപാടിനു വേണ്ടിയാണ് ഞാൻ ജീവിച്ചത്. അതിനു വേണ്ടിയുള്ള സമരം തന്നെയാണ് എന്റെ ജീവിതം”.
ഇതെഴുതി അവസാനിപ്പിക്കുമ്പോൾ ചാത്തനാട്ടെ പഞ്ചാരമണലു നിറഞ്ഞ പ്ലാവിൻചോട്ടിൽവെച്ച് അപ്പന്റെ തോളിലിരുന്ന് കണ്ട പ്രിയപ്പെട്ട സഖാവിന്റെ മുഖം ഞാനോർത്തുപോകുന്നു.
അഴീക്കോടു മാഷ് ഈ ഭാഗം എടുത്തെഴുതിയിട്ട് അതിനെക്കുറിച്ച് ഉപമിക്കുന്നത് ഇങ്ങനെയാണ്: ഇത് എഴുത്തല്ല, ഇതൊരു ഒഴുക്കാണ്. എഴുത്തിൽ കലയുണ്ട്, കൃത്രിമത്വവും കാണും. ഒഴുക്ക് തെളിനീരാകുന്നു. അവസാനം വരെ ഈ പ്രസന്നനിർമ്മലമായ ശൈലി തുടർന്നുപോകുന്നു.
പുസ്തകത്തെക്കുറിച്ച് അഴീക്കോടു മാഷ് പറയുന്നതു തന്നെയാണ് വി.എസിന്റെ ജീവിതവും. അതൊരു ഒഴുക്കായിരുന്നു. തുടക്കം മുതൽ ഒടുക്കം വരെ തൊഴിലാളി വർഗത്തിനുവേണ്ടി ഒഴുകിയ പ്രസന്നനിർമ്മലമായൊരു ഒഴുക്ക്. അത് നിലച്ചുവെന്ന് ആർക്കും കരുതാനാവില്ല. ആരും കരുതുകയും വേണ്ട. അതിനു തുടർച്ചകളുണ്ടാവും.
ഇതെഴുതി അവസാനിപ്പിക്കുമ്പോൾ ചാത്തനാട്ടെ പഞ്ചാരമണലു നിറഞ്ഞ പ്ലാവിൻചോട്ടിൽവെച്ച് അപ്പന്റെ തോളിലിരുന്ന് കണ്ട പ്രിയപ്പെട്ട സഖാവിന്റെ മുഖം ഞാനോർത്തുപോകുന്നു. കക്കുകളി എന്ന കഥയിലെ കറുമ്പൻ സഖാവ് മരിക്കുമ്പോൾ, ‘മകളേ സഖാവ് മരിച്ചു, നമുക്കുവേണ്ടി ഇനി ആരാണ് സംസാരിക്കുക’ എന്നും ചോദിച്ച് അതിലെ അമ്മച്ചി കരയുന്നുണ്ട്. എഴുത്തുമേശയിൽ എനിക്കൊരു കറുമ്പൻ സഖാവിന് ജന്മം കൊടുക്കാൻ കഴിയുംവിധം എന്നെ സ്വാധീനിച്ച ആ വലിയ മനുഷ്യസ്നേഹി, തന്റെ ഓർമ്മകളും കരുതലുകളും അവശേഷിപ്പിച്ച് ഈ ലോകത്തോട് യാത്ര പറയുകയാണ്…
ലാൽസലാം സഖാവേ,
അങ്ങേയ്ക്ക് ആദരവോടെ വിട…
