ഡോ. ആർ. ചമ്പകലക്ഷ്മി

ജീവിതത്തിലെന്നപോലെ മരണത്തിലും
തിരിച്ചറിയപ്പെടാതെ പോയ ഡോ. ആർ. ചമ്പകലക്ഷ്മി

തന്റെ മണ്ണിനോടും മനുഷ്യരോടുമുള്ള കൂറ് നിരന്തരം പ്രഖ്യാപിക്കുന്ന ഗവേഷണ സന്ദർഭങ്ങളാൽ സമ്പന്നമായിരുന്ന ഡോ. ആർ. ചമ്പകലക്ഷ്മിയുടെ അക്കാദമിക- ഗവേഷക ജീവിതത്തിന് ജനുവരി 29-ന് അന്ത്യമായപ്പോൾ, ശരിയായ നിലയിലുള്ള ഒരു ചരമക്കുറിപ്പുപോലും നമുക്ക് നൽകാനായില്ല.

‘‘മതങ്ങളുടെയും മതസ്ഥാപനങ്ങളുടെയും വികാസത്തിലെ പ്രാദേശിക വൈജാത്യങ്ങളും സങ്കീർണതകളും, ഇന്ത്യയുടെ സങ്കീർണ്ണവും സമ്പന്നവുമായ സാമൂഹിക- മതഘടനയുടെ പരിണാമത്തിൽ അവയ്ക്കുള്ള പങ്കാളിത്തവും പരമ്പരാഗത പഠനങ്ങളിൽ വേണ്ടത്ര പരിഗണനാവിഷയമായിരുന്നില്ല.
ആദ്യകാല ഗവേഷണങ്ങളെല്ലാം വടക്കേ ഇന്ത്യയെ കേന്ദ്രീകരിച്ചുള്ളവയായിരുന്നു. തെക്കേ ഇന്ത്യയെ ആനുഷംഗികമായി സ്പർശിക്കുകയും ഇടയ്ക്കൊന്നു പരാമർശിക്കുകയും ചെയ്യും, അത്രമാത്രം. പരമ്പരാഗത എഴുത്തുകളിലുള്ള ഈ പോരായ്മകൾ പരിഹരിക്കുകയെന്നത്, 1960-കളിലെയും 1970-കളിലെയും എന്നെപ്പോലെയുള്ള ഒരു ഗവേഷകയെസംബന്ധിച്ചിടത്തോളം ഒരു കടമയായിരുന്നു. അതായത് ദക്ഷിണേന്ത്യയിലേക്ക് ശ്രദ്ധ തിരിക്കുക, ജൈനിസവും ബുദ്ധിസവും പോലുള്ള പ്രതി ശ്രമണ പാരമ്പര്യങ്ങളിലേക്കു വെളിച്ചം വീശുക, ബ്രാഹ്മണിക്കൽ മതങ്ങളുമായി അവയുടെ ബന്ധ പാരസ്പര്യങ്ങൾ കണ്ടത്തുക.
മത സെക്റ്റുകൾ, മതശാസ്ത്രം, തത്വചിന്ത, പാഠപാരമ്പര്യം എന്നിവയിൽ സങ്കുചിതമായി കേന്ദ്രീകരിച്ച പഠനങ്ങളിൽ പുതിയ പരീക്ഷണങ്ങൾ സാധ്യമായിരുന്നില്ല. മതത്തിന് സമൂഹത്തിൽ സമ്പദ്ഘടനയിലും രാഷ്ട്രീയത്തിലുമുള്ള ഭാഗധേയത്തെക്കുറിച്ചുള്ള താരതമ്യപഠനത്തിലേക്കു ശ്രദ്ധ തിരിക്കുന്ന പുതിയ കാഴ്ചപ്പാടുകൾ ഇപ്പോൾ ഉദയം ചെയ്തിട്ടുണ്ട്. മതം ഒരു പ്രത്യയശാസ്ത്രം എന്ന നിലയിലും, മതസ്ഥാപനങ്ങൾ സാമൂഹ്യ-രാഷ്ട്രീയ ഉദ്ഗ്രഥനത്തിന്റെ ഉപകരണങ്ങൾ എന്ന നിലയിലും  നോക്കിക്കാണുന്ന എന്റെ കൃതികളിൽ ഈ മാറ്റം വിശേഷിച്ചും കാണാവുന്നതാണ്. കാർഷികക്രമവും നഗരവികസനവും ഭരണകൂട രൂപീകരണവും എന്ന നിലയിൽ."
- ഡോ. ആർ. ചമ്പകലക്ഷ്മി.

തവും തത്വചിന്തയും ചരിത്രവും പുരാവസ്തുശാസ്ത്രവും അടങ്ങുന്ന മാനവികവിഷയങ്ങളെല്ലാം വ്യവസ്ഥാപനത്തിനുള്ള വേറിട്ട വ്യവഹാരങ്ങളായിത്തീരുകയും, അക്കാദമിക ലോകം ഗവേഷണത്തിന്റെ ഒരു ചരക്കുൽപാദന കേന്ദ്രമായി അധഃപതിക്കുകയും, ഗവേഷണം ഒരു പോസ്റ്റ്മോഡേൺ ഗിമിക്കായി കളിക്കളം തീർക്കുകയും, രാഷ്രീയം ഹിംസാത്മക യന്ത്രമായി നീരാളിക്കൈകൾ വിരിക്കുകയും ചെയ്യുന്ന സമകാലത്ത്, ഡോ. ആർ. ചമ്പകലക്ഷ്മിയെ പോലുള്ള അപൂർവ ജ്ഞാനതപസ്വികൾ ഏറെ പ്രസക്തി കൈവരിക്കുന്നു.

അവരുടെ അമ്പതു വർഷത്തിലധികം നീണ്ട ഗവേഷണം ഒരു തപസ്സ് പോലെയായിരുന്നിട്ടും അതിനെ തിരിച്ചറിയാൻ മലയാളത്തിനോ, അവർ ശ്രദ്ധ കേന്ദ്രീകരിച്ച തെക്കേ ഇന്ത്യയുടെ ചരിത്രത്തിലെ അക്കാദമിക ലോകത്തിനോ കഴിഞ്ഞില്ല എന്നു വേണം കരുതാൻ. എല്ലാം തങ്ങളുടേതാക്കി മാറ്റാനും സ്ഥാനമാനങ്ങൾക്കു വേണ്ടി മത്സരിക്കാനും അവാർഡുകൾക്കുവേണ്ടി കൊതിപൂണ്ടിരിക്കാനും രാഷ്രീയപ്രമാണിമാരുടെ കാൽ തടവികൊടുക്കാനും ശീലിച്ച നമ്മുടെ അക്കാദമികലോകം ലജ്ജയോടെയാണ് ചമ്പകലക്ഷ്മിയുടെ വിയോഗത്തെ നോക്കിക്കാണേണ്ടത്."ആപത്തിന്റെ നിമിഷത്തിൽ മനസ്സിലൂടെ മിന്നി മറയുന്ന ഓർമകളെ കയ്യെത്തിപ്പിടിക്കലാണ് ചരിത്രം, കാരണം ശത്രു വിജയിച്ചാൽ ശവമാടങ്ങളെ പോലും വെറുതെ വിടില്ല" എന്ന വാൾട്ടർ ബൻയാമിന്റെ  പഴയതെങ്കിലും സമകാലികപ്രസക്തിയുള്ള വാക്കുകൾ, ചമ്പകലക്ഷ്മിയെ പോലുള്ളവരെക്കുറിച്ചുള്ള സ്മരണയ്ക്കും ബാധകമാണ്. മേധാവിത്വം കൈകൊള്ളുന്ന മത-രാഷ്ട്രീയ പ്രത്യയശാസ്ത്രം അരികുവൽക്കരിക്കുകയും തച്ചുടയ്ക്കുകയും ചെയ്യുന്ന പാരമ്പര്യങ്ങളുടെ പ്രസക്തിയും പ്രാധാന്യവും കണ്ടെടുക്കുന്ന അവരുടെ ക്ലേശകരവും നിരന്തരവുമായ ഗവേഷണഫലങ്ങൾ, പുരാവസ്തു വിജ്ഞാനീയത്തിന്റെ താരതമ്യേന പുതിയതായ വ്യവഹാരങ്ങൾക്കു മുമ്പേ പറന്ന പക്ഷിയാണ്. പുരാവസ്തു വിജ്ഞാനത്തെയും വാസ്തുനിർമാണ ശാസ്ത്രത്തെയും തന്ത്ര-പൂജാവിധികളെയും വിഗ്രഹനിർമാണ ശാസ്ത്രത്തെയും പൗരാണിക തത്വചിന്തയെയും വിശകലനം ചെയ്തുകൊണ്ട്, ഇവയെല്ലാം എങ്ങനെ കേവലമായ ഉപരിഘടനകൾ എന്നതിലപ്പുറം, രാഷ്ട്രീയത്തിന്റെയും സാമ്പത്തിക ക്രമത്തിന്റെയും ഭരണകൂട നിർമിതികളുടെയും ഉപകരണങ്ങളായിത്തീരുന്നു എന്ന കൈചൂണ്ടലാണ് ചമ്പകലക്ഷ്മിയുടെ ഓരോ ഗവേഷണ പ്രബന്ധവും.

അക്കാദമികലോകം, തത്വചിന്തയെയും മതത്തെയും രാഷ്ട്രീയത്തെയും സമ്പദ്ശാസ്ത്രത്തെയും ചരിത്രത്തെയും വെള്ളം കടക്കാത്ത അറകളായി തിരിച്ച്, തങ്ങളുടെ ഗവേഷണലക്ഷ്യം തന്നെ എന്താണെന്നറിയാതെ, കൊളോണിയൽ സർക്കാറുകളുടെ ഡാറ്റാ കലക്ടർമാരായി മാറിയ സന്ദർഭത്തിൽ, തന്റെ മണ്ണിനോടും മനുഷ്യരോടുമുള്ള കൂറ് നിരന്തരം പ്രഖ്യാപിക്കുന്ന ഗവേഷണ സന്ദർഭങ്ങളാണ് ചമ്പകലക്ഷ്മി പ്രദാനം ചെയ്യുന്നത്. ഡി.ഡി. കൊസാംബിയുടെയും ആർ. എസ്. ശർമയുടെയും റോമിലാ ഥാപ്പറുടെയും  ഇർഫാൻ ഹബീബിന്റെയും പോലുള്ളവരുടെ ചരിത്രഗവേഷണങ്ങൾ ആര്യാവർത്തത്തിന്റെയും അതിലെ സാമൂഹ്യനിർമിതികളുടെയും മേൽക്കാഴ്ചയിൽനിന്ന് ഇന്ത്യാ ചരിത്രത്തെ നോക്കിക്കാണുമ്പോൾ, ചമ്പകലക്ഷ്മി കർണാടകവും ആന്ധ്രയും കേരളവും തമിഴകവും അടങ്ങുന്ന ദക്ഷിണേന്ത്യയുടെ കീഴാള സമീപനങ്ങളിൽനിന്ന്, ഇന്ത്യൻ ദേശീയതയുടെ രൂപീകരണ സന്ദർഭങ്ങളെ പുനർനിർവചിക്കുന്നു. അങ്ങനെ ചരിത്രത്തിന്റെ മേലാളക്കാഴ്ച്ചകളുടെ സുബദ്ധം എന്നു  കരുതിപ്പോന്ന അബദ്ധങ്ങളെ ചൂണ്ടിക്കാണിക്കുന്നു. ആദി ചേരന്മാർ തൊട്ട് വിജയനഗരസാമ്രാജ്യം വരെ വികസിച്ച ദക്ഷിണേന്ത്യൻ രാഷ്ട്രീയചരിത്രം എങ്ങനെയാണ് ആര്യ-വൈദിക മതങ്ങളെ പ്രാദേശിക പാരമ്പര്യങ്ങളുമായി സമർത്ഥമായി വിളക്കിച്ചേർക്കുക വഴി ‘ഹിന്ദു’ എന്ന സ്വത്വ രൂപീകരണത്തിലേക്ക് എത്തിച്ചേരുന്നതെന്നും അതെങ്ങിനെ ‘വൈദേശികം’ എന്ന അപരത്വത്തെ നിർമിച്ചുവെന്നും വിശദമായ നിലയിൽ ചൂണ്ടിക്കാണിക്കുന്നതിലൂടെ, സമകാലിക ഇന്ത്യൻ രാഷ്ട്രീയം എത്തിച്ചേർന്ന വൈപരീത്യങ്ങളിലേക്കു വെളിച്ചം വീശുന്നു. ‘സിൻഡിക്കേറ്റ് ഹിന്ദുയിസം’ എന്ന് റോമില ഥാപ്പർ നിർവ്വചിക്കുന്ന ‘നവ ഹിന്ദുത്വ’ രാഷ്ട്രീയത്തിന്റെ അടിവേരുകൾ എങ്ങനെയാണ് ആഴത്തിൽ വേരോടിക്കിടക്കുന്നത് എന്ന് ചമ്പകലക്ഷ്മിയുടെ പഠനങ്ങൾ വരച്ചുകാട്ടുന്നു.


നമ്മുടെ പോസ്റ്റ് മോഡേൺ ജിഹ്വകൾ മുന്നോട്ടുവെച്ചാനന്ദമാടുന്ന ബഹുലതയുടെ നിർവ്യാജമായ ഫലങ്ങൾ വരച്ചുകാട്ടുന്നതാണ് ചമ്പകലക്ഷ്മിയുടെ ഗവേഷണപ്രബന്ധങ്ങളുടെ രീതിശാസ്ത്രം. കലാചരിത്രത്തിനും പുരാവസ്തുശാസ്ത്രത്തിനും തത്വചിന്തയ്ക്കും എന്നപോലെ രാഷ്ട്രീയത്തിനും സമൃദ്ധമായി സംഭാവനകൾ നൽകുന്ന ഈ ചരിത്രകാരിയെ
അത്രയൊന്നും ചർച്ച ചെയ്യപ്പെട്ടിട്ടില്ലയെങ്കിലും, ശരിയായ നിലയിലുള്ള ഒരു ചരമക്കുറിപ്പുപോലും നമുക്ക് നൽകാനായിട്ടില്ലെങ്കിലും, ചരിത്രത്തെയും കലയേയും തത്വചിന്തയേയും പുരാവസ്തു വിജ്ഞാനത്തെയും പറ്റിയുള്ള എല്ലാ ആലോചനകളും ഒരു നിലയിലല്ലെങ്കിൽ മറ്റൊരു നിലയിൽ ചമ്പകലക്ഷ്മിയോടു കടപ്പെട്ടിരിക്കുന്നു. ഈ വിഷയങ്ങളിലുള്ള ഗൗരവമായ എല്ലാ ഗവേഷണ പ്രബന്ധങ്ങളും ചമ്പകലക്ഷ്മിയുടെ ഉദ്ധരണി കൂടാതെ പൂർത്തീകരിക്കപ്പെടുന്നില്ല എന്നു കാണാം. ഇത്രയും സമൃദ്ധമായി ഉദ്ധരിക്കപ്പെട്ട മറ്റൊരു ഗവേഷകയും നമുക്കില്ല.

മദ്രാസ് യൂണിവേഴ്സിറ്റിയിലെ ചരിത്ര വിഭാഗത്തിലെ ഗവേഷക വിദ്യാർഥി എന്ന നിലയിൽ ആരംഭിച്ച്, അവിടുത്തെത്തന്നെ പൗരാണിക ചരിത്ര-പുരാവസ്തു വകുപ്പിലെ അധ്യാപികയായി, പിന്നീട് ദില്ലിയിൽ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ ചരിത്രപഠനകേന്ദ്രത്തിലെ ഫാക്കൽറ്റി അംഗമായി മാറിയ ചമ്പകലക്ഷ്മിയുടെ ഗവേഷണസപര്യ, ഒരർത്ഥത്തിൽ ദക്ഷിണേന്ത്യയിയുടേയും ഉത്തരേന്ത്യയുടേയും ചരിത്രങ്ങൾ തമ്മിൽ വിളക്കിച്ചേർക്കുന്ന അപൂർവ്വമായ ഭാഗധേയമായിരുന്നു.

"മത ചരിത്രത്തിലുള്ള താല്പര്യം എന്റെ ഗവേഷണത്തിന്റെ ആദ്യവർഷങ്ങളിൽ തന്നെ ആരംഭിച്ചതാണ്. ദക്ഷിണേന്ത്യയിലെ ജൈനിസത്തെ പഠനത്തിനു തെരഞ്ഞെടുക്കുമ്പോൾ, അതു ഗവേഷണത്തിനു സാധ്യതയുള്ള ഒരു മേഖലയായിപ്പോലും മനസ്സിലാക്കിയിരുന്നില്ല. പ്രത്യേകിച്ചും ആദ്യകാല മധ്യകാലഘട്ടത്തിലെയും മധ്യകാലഘട്ടത്തിലെയും ദക്ഷിണേന്ത്യയിൽ. സമ്പന്നമായ നിലയിലുള്ള സ്രോതസ്സുകളും ശിലാരേഖകളും സാഹിത്യവും സ്മാരകങ്ങളും നിലനിന്നിരുന്നുവെങ്കിലും അവ കാര്യമായൊന്നും അറിവിൽ പെട്ടിരുന്നില്ല. ബുദ്ധിസത്തിന്റെ ഗവേഷണത്തിൽ നിന്ന് ഇത് ശ്രദ്ധേയമായ വിധം വ്യത്യസ്തമായ നിലയിലായിരുന്നു. മൗര്യന്മാരുടെ കാലം തൊട്ട് മേൽക്കോയ്മ നേടിയ മതമെന്ന നിലയിൽ ബുദ്ധമതം വളരെ വ്യക്തമായി ദൃശ്യത്തിൽ ഉണ്ടായിരുന്നു. ഡെക്കാൻ, ആന്ധ്ര മേഖലകളുടെ ആദ്യകാല ചരിത്രഘട്ടത്തിൽ പ്രത്യേകിച്ചും. ഒമ്പതാം നൂറ്റാണ്ടോടെ ഇതിനു ശോഷണം സംഭവിച്ചു. കൂടുതൽ പരിചിതമായിരുന്ന വൈഷ്ണവിസം, ശൈവിസം പോലുള്ള "ഹിന്ദു" മതങ്ങളിന്മേലുള്ള ഗവേഷണങ്ങൾ ധാരാളമുണ്ടായിരുന്നു. കാരണം മേധാവിത്വം പുലർത്തിയ ഹിന്ദു (ബ്രാഹ്മണിക്കൽ) പാരമ്പര്യത്തെക്കുറിച്ചു പഠിക്കുക എന്നതായിരുന്നു പൊതുവായ പരിഗണന. അത് വേദങ്ങളോളം ഉൽഭവമുള്ള ദീർഘചരിത്രഭൂതമുള്ളതാണെന്നു വിശ്വസിക്കപ്പെട്ടിരുന്നു. ജൈനിസവും ബുദ്ധിസവും പോലുള്ള പ്രതിപാരമ്പര്യങ്ങളിലുള്ള താല്പര്യം ഭാഗികവും തുലോം തുച്ഛവുമായിരുന്നു. കാരണം ആധുനിക കാലത്ത് ഇവയുടെ ദൃശ്യപരതയും സ്വാധീനവും കുറവാണ് എന്ന കാരണം കൊണ്ട്."
(ഡോ. ആർ ചമ്പകലക്ഷ്മി,
റിലീജിയൻ, ട്രഡീഷൻ ആൻഡ് ഐഡിയോളജി- പ്രീ
കൊളോണിയൽ സൗത്ത് ഇന്ത്യ,
ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി പ്രസ്സ്, 2012).

Comments