ഭരണഘടനയെ കാലോചിതമായി വ്യാഖ്യാനിച്ച ഫാലി എസ്. നരിമാൻ

1972- 75 കാലത്ത് ഇന്ത്യയുടെ അഡീഷണൽ സോളിസിറ്റർ ജനറലായിരുന്ന ഫാലി എസ്. നരിമാൻ, ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് രാജിവക്കുകയായിരുന്നു. നിരവധി പ്രമുഖ കേസുകളിൽ നിർണായക വാദങ്ങൾ നടത്തിയ നരിമാൻ ഇന്ന് പുലർച്ചെ അന്തരിച്ചു.

Think

രണഘടനാമൂല്യങ്ങളുടെ സംരക്ഷണത്തിന് വിട്ടുവീഴ്ചയില്ലാതെ വാദമുയർത്തിയ അഭിഭാഷകനാണ്, ഇന്ന് പുലർച്ചെ മരിച്ച ഫാലി എസ്. നരിമാൻ. ഭരണഘടനാ വിഷയങ്ങളിൽ വിദഗ്ധനായ അദ്ദേഹം നിരവധി പ്രമുഖ കേസുകളിൽ നിർണായക വാദങ്ങൾ നടത്തിയിട്ടുണ്ട്.

ന്യായാധിപ നിയമന കമീഷൻ നിയമവും അതിന് വഴിയൊരുക്കിയ 99ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട കേസ്, കൊളീജിയം സംവിധാനത്തിലേക്കു നയിച്ച Supreme Court Advocates on Record Association vs Union of India, 1993 എന്ന കേസ്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരവുമായി ബന്ധപ്പെട്ട്, ഭരണഘടനയുടെ 30-ാം വകുപ്പനുസരിച്ചുള്ള ന്യൂനപക്ഷാവകാശങ്ങൾ പരിശോധിച്ച ടി.എം.എ പൈ കേസ്, ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ പാർലമെന്റിന് റദ്ദാക്കാനാകില്ലെന്ന വിധിയിലേക്കു നയിച്ച ഗോലക്‌നാഥ് കേസ് എന്നിവയിൽ അദ്ദേഹം പ്രധാനപ്പെട്ട വാദമുഖങ്ങളാണ് മുന്നോട്ടുവച്ചത്.

1984-ൽ നടന്ന ഭോപ്പാൽ വാതകദുരന്ത കേസിൽ യൂണിയൻ കാർബൈഡിന് അനുകൂലമായി അദ്ദേഹം വാദിച്ചിരുന്നു. എന്നാൽ, അത് തെറ്റായെന്ന് ആത്മകഥയിൽ സമ്മതിച്ചു.

ഗുജറാത്തിലെ നര്‍മദാ അണക്കെട്ടുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി വാദിച്ച നരിമാന്‍, കേസിനിടയ്ക്ക് പ്രദേശത്തെ ക്രിസ്തുമതവിശ്വാസികള്‍ ആക്രമിക്കപ്പെട്ടതിലും ബൈബിള്‍ കത്തിച്ചതിലുമൊക്കെ പ്രതിഷേധിച്ച് വക്കാലത്തില്‍ നിന്ന് പിന്‍വാങ്ങി.

പൗരസ്വാതന്ത്രത്തിനും മതേതരത്വത്തിനും വേണ്ടി നിരന്തരം വാദിച്ചുകൊണ്ടിരുന്ന അഭിഭാഷകനായിരുന്നു. സുപ്രീംകോടതി വിധികളെയും ജുഡീഷ്യൽ സംവിധാനത്തെയും വിമർശനാത്മകമായി സമീപിച്ചിട്ടുണ്ട്.
കോടതിയുടെ അധികാരങ്ങളും ഭരണഘടനാ നിർദേശങ്ങളും തമ്മിലുള്ള വിനിമയങ്ങളെക്കുറിച്ച് അദ്ദേഹം എഴുതി: ‘‘എക്‌സിക്യൂട്ടീവ് ഉത്തരവുകൾ മാത്രമല്ല, ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ (ബിൽ ഓഫ് റൈറ്റ്‌സ്) ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ഏതെങ്കിലും ഭാഗത്തെ ലംഘിക്കുന്ന നിയമനിർമ്മാണ നിയമങ്ങളും അസാധുവാക്കാൻ നമ്മുടെ ഭരണഘടനയ്ക്ക് കീഴിൽ കോടതികൾക്ക് അധികാരമുണ്ട്. എന്നാൽ ആവശ്യമായ പ്രത്യേക ഭൂരിപക്ഷത്തോടെ പാസാക്കിയ ഭരണഘടനാ ഭേദഗതികളുടെ സാധുതയെക്കുറിച്ച് തീർപ്പുകൽപ്പിക്കാൻ അവർക്ക് അധികാരമുണ്ടോ എന്ന കാര്യത്തിൽ ഭരണഘടന മൗനം പാലിക്കുന്നു’’.

ആർട്ടിക്കിൾ 370 റദ്ദാക്കിയ സുപ്രീംകോടതി വിധിയെ അദ്ദേഹം വിമർശിച്ചിരുന്നു. രാഷ്ട്രീയമായി സ്വീകാര്യമാണെങ്കിലും സുപ്രീംകോടതി വിധി ഭരണഘടനാപരമായി ശരിയല്ലെന്നാണ് അദ്ദേഹം ഈ വിധിയെക്കുറിച്ച് പറഞ്ഞത്.

ഭോപ്പാൽ വാതകദുരന്ത കേസിൽ യൂണിയൻ കാർബൈഡിന് അനുകൂലമായി ഫാലി എസ്. നരിമാൻ വാദിച്ചിരുന്നു. എന്നാൽ, അത് തെറ്റായെന്ന് ആത്മകഥയിൽ സമ്മതിച്ചു.

ശബരിമലയിലെ സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹർജിയിൽ സ്വന്തം നിലയ്ക്കാണ് അദ്ദേഹം ഹാജരായത്. മതവിശ്വാസവുമായി ബന്ധപ്പെട്ട് കോടതികൾക്ക് പരിഗണിക്കാവുന്ന വിഷയങ്ങൾ പരിശോധിക്കാൻ വിശാല ബഞ്ചിനു വിട്ട അഞ്ചംഗ ബഞ്ചിന്റെ വിധി നരിമാൻ ചോദ്യം ചെയ്തു. പുനഃപരിശോധനാ ഹർജി പരിഗണിക്കുന്ന കോടതികൾക്കില്ലാത്ത അധികാരമാണ് ഇക്കാര്യത്തിൽ അഞ്ചംഗ ബഞ്ച് പ്രയോഗിച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങൾക്ക് അഞ്ചംഗ ബഞ്ച് തീർപ്പ് കൽപ്പിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ആ വിധിയിൽ പിഴവുണ്ടോ എന്നു പരിശോധിക്കുകയാണ് റിവ്യു ഹർജിയിൽ ചെയ്യാനാവുന്നത് എന്നായിരുന്നു നരിമാന്റെ വാദം.

ശബരിമല യുവതി പ്രവേശന വിധിയെതുടർന്ന് സംഘപരിവാർ നടത്തിയ സമരത്തിൽ നിന്ന്

ദേശീയ ജുഡീഷ്യൽ നിയമന കമീഷൻ നിയമം ഭരണഘടനാവിരുദ്ധമാണെന്ന്, ഈ കേസിൽ ഹർജിക്കാരായ സുപ്രീംകോടതി അഡ്വക്കേറ്റ്‌സ് ഓൺ റെക്കോഡിനുവേണ്ടി ഹാജരായ നരിമാൻ വാദിച്ചു: ‘‘ഭരണഘടനയുടെ 124, 217, 224, 224 (എ) ആർട്ടിക്കിളുകളിൽ വരുത്തിയ 99-ാം ഭരണഘടനാ ഭേദഗതി നിലനിൽക്കുന്നതല്ല. നിയമം ജുഡീഷ്യറിയുടെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റമാണ്. ജുഡീഷ്യറിയുടെ സ്വതന്ത്രതയെ ബാധിക്കുന്നതാണ് നിയമം’’ എന്നായിരുന്നു ഈ കേസിൽ അദ്ദേഹത്തിന്റെ വാദം.
ഈ കേസിൽ, ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ തത്വങ്ങളുടെ ലംഘനമാണ് ദേശീയ ജുഡീഷ്യൽ നിയമന കമീഷനെന്ന് കോടതി കണ്ടെത്തി. തല്‍ഫലമായി അഞ്ചംഗ ഭരണഘടനാ ബെഞ്ച് 99-ാം ഭേദഗതിയും എന്‍ ജെ എ സി നിയമവും റദ്ദാക്കുകയും കൊളീജിയം സംവിധാനം പുനഃസ്ഥാപിക്കുകയും ചെയ്തു. ഈ കേസ് വാദിച്ച് ജയിച്ചത് ഫാലി എസ്. നരിമാന്‍ ആയിരുന്നു.

ഒരു ജനപ്രതിനിധിക്ക് ആറു മാസത്തില്‍ കൂടുതല്‍ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാല്‍ അംഗത്വം റദ്ദാകുമെന്ന സുപ്രധാന വിധിക്ക് കാരണമായ ലില്ലി തോമസ് കേസില്‍ സുപ്രീംകോടതിയില്‍ ഹാജരായത് അദ്ദേഹമാണ്.

സര്‍ക്കാറുകളുടെ ജനാധിപത്യ സ്വഭാവം നിലനില്‍ക്കണമെങ്കില്‍ തെരഞ്ഞെടുപ്പുപ്രക്രിയയുടെ സംശുദ്ധി സംരക്ഷിക്കപ്പെടണമെന്ന്, ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിയ സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് അദ്ദേഹം പറഞ്ഞു.

കേരളത്തിന് സമീപകാലത്ത് ചില നിർണായക നിയമോപദേശങ്ങൾ നൽകിയ അഭിഭാഷകൻ കൂടിയാണ് ഫാലി എസ്. നരിമാൻ.
നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്ക് അയച്ചതിൽ നിയമപ്രശ്‌നമുണ്ടെന്ന് സംസ്ഥാന സർക്കാറിന് നിയമോപദേശം നൽകിയത് അദ്ദേഹമാണ്. വായ്പാപരിധി വെട്ടിക്കുറച്ച് കേന്ദ്രം കേരളത്തെ ഞെരുക്കുന്ന വിഷയത്തിൽ കേന്ദ്രത്തിനെതിരായ നിയമപോരാട്ടത്തിന് അനുകുലമായ നിയമോപദേശവും അദ്ദേഹമാണ് നൽകിയത്.

കിഫ്ബിയും മസാലബോണ്ടും ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹര്‍ജി വന്നപ്പോള്‍ ഒന്നാം പിണറായി സര്‍ക്കാര്‍ നരിമാനില്‍നിന്നാണ് നിയമോപദേശം തേടിയത്.

2007-ല്‍ ലാവ്‌ലിന്‍ കേസ് സുപ്രീംകോടതിയില്‍ വന്നപ്പോള്‍ പിണറായി വിജയനുവേണ്ടി ഹാജരായത് നരിമാനാണ്.

2018 ജനുവരി 12ന് നാല് മുതിർന്ന സുപ്രീംകോടതി ജഡ്ജിമാർ നടത്തിയ വാർത്താസമ്മേളനത്തിന്റെ പാശ്ചാത്തലത്തിലാണ് നരിമാൻ 'ഗോഡ് സേവ് ദി ഹോണറബ്ൾ സുപ്രീംകോടതി' എന്ന പുസ്തകം എഴുതിയത്.

സാം ബരിയംജി നരിമാന്‍- ബാനു നരിമാന്‍ ദമ്പതികളുടെ മകനായി 1929ല്‍ ബര്‍മയിലെ റങ്കൂണിലാണ് ജനനം. പിന്നീട് ബോംബെയിലേക്ക് വന്നു. ബോംബെ ഹൈക്കോടതിയിൽ 1950-ലാണ് അഭിഭാഷകനായി നരിമാൻ എൻറോൾ ചെയ്യുന്നത്. 1971 മുതൽ സുപ്രീംകോടതിയിൽ അഭിഭാഷകനാണ്. 1972- 75 കാലത്ത് ഇന്ത്യയുടെ അഡീഷണൽ സോളിസിറ്റർ ജനറലായിരുന്നു. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് 1975-ൽ അദ്ദേഹം ഈ സ്ഥാനത്തുനിന്ന് രാജിവച്ചു.

ഫാലി എസ്. നരിമാന്‍

1991 മുതൽ 2010 വരെ ബാർ അസോസിയേൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായിരുന്നു. 1994 മുതൽ ഇന്റർനാഷണൽ കൗൺസിൽ ഫോർ കൊമേഴ്സ്യൽആർബിട്രേഷന്റെ പ്രസിഡന്റായും ബാർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1991 മുതൽ, ഇന്റർനാഷണൽ ചേംബർ ഓഫ് കൊമേഴ്സിന്റെ ഇന്റേണൽ കോർട്ട് ഓഫ് ആർബിട്രേഷൻ വൈസ് ചെയർമാൻ , 1988 മുതൽ ഇന്റർനാഷണൽ കമീഷൻ ഓഫ് ജൂറിസ്റ്റുകളുടെ ഓണററി അംഗം, 1988 മുതൽ ലണ്ടൻ കോർട്ട് ഓഫ് ഇന്റർനാഷണൽ ആർബിട്രേഷൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 1999 നവംബറിൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്മെന്റ് അദ്ദേഹത്തെ ഉപദേശക ബോർഡിലേക്ക് നിയമിച്ചു. കൂടാതെ 1995 മുതൽ 1997 വരെ ഇന്റർനാഷണൽ കമീഷൻ ഓഫ് ജൂറിസ്റ്റുകളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാനായും സേവനമനുഷ്ഠിച്ചു. 1999 മുതൽ 2005 വരെ രാജ്യഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു.

ബിഫോർ മെമ്മറി ഡേയ്‌സ് ഫാലി സാം ആത്മകഥയാണ്. ദി സ്റ്റേറ്റ് ഓഫ് നേഷൻ, ഗോഡ് സേവ് ദി ഹോണബിൾ സുപ്രീംകോടതി എന്നിവയാണ് മറ്റ് പുസ്തകങ്ങൾ. മരിക്കുമ്പോൾ 95 വയസ്സായിരുന്നു. 1991- ൽ പദ്മഭൂഷണും 2007-ൽ പദ്മവിഭൂഷണും ലഭിച്ചു. 2002ൽ ഗ്രൂബർ പ്രൈസ് ഫോർ ജസ്റ്റിസ് പുരസ്‌കാരം ലഭിച്ചു.

ബാപ്‌സി എഫ്. നരിമാനാണ് ജീവിതപങ്കാളി. മുന്‍ സുപ്രീംകോടതി ജഡ്ജി റോഹിങ്ടണ്‍ ഫാലി നരിമാന്‍ മകനാണ്.

Comments