മുനി നാരായണപ്രസാദ്.

മുനി നാരായണപ്രസാദ്; മാഞ്ഞുപോകാത്ത ജ്ഞാനമാർഗം

‘‘നാരായണഗുരു ഉയർത്തിപ്പിടിച്ച നവോത്ഥാന - ജ്ഞാനമണ്ഡലത്തെ വികസിപ്പിക്കുവാനും കാലോചിതമായി ഗുരുദർശനത്തെ വായിക്കുവാനും മുന്നോട്ടുകൊണ്ടുപോകുവാനും 'ഗുരുത്രയം' എന്നു വിശേഷിപ്പിക്കാവുന്ന നടരാജഗുരു, നിത്യചൈതന്യയതി, മുനി നാരായണപ്രസാദ് എന്നിവർ വഹിച്ച പങ്ക് അനിഷേധ്യമാണ്’’- ഡോ. അസീസ് തരുവണ എഴുതുന്നു.

ശ്രീനാരായണഗുരുവിൽനിന്ന് ഉത്ഭവിച്ച ഗുരുപരമ്പരയിലെ മഹാജ്ഞാനിയായ ഗുരുവാണ് വിടവാങ്ങിയ മുനി നാരായണ പ്രസാദ്. സന്ന്യാസ സങ്കൽപ്പത്തിനപ്പുറമുള്ള ലാളിത്യത്തിന്റെയും വിനയത്തിൻ്റേയും ആൾരൂപമായിരുന്നു അദ്ദേഹം. ശ്രീനാരായണഗുരു മുന്നോട്ടുവെച്ച ജ്ഞാനമാർഗ്ഗത്തിന്റെ പ്രചാരണവും പരിചരണവുമായിരുന്നു അദ്ദേഹത്തിന്റെ ആത്യന്തിക ലക്ഷ്യം. ഗുരുവിന്റെ ആശയങ്ങൾ തെറ്റായി പ്രചരിപ്പിക്കപ്പെടുകയും ഗുരുവിനെ വിഗ്രഹവത്കരിക്കുകയും ചെയ്യുന്നതിനോട് നിരന്തരം കലഹിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. വർഗ്ഗീയശക്തികൾ ഗുരുവിനെ ഹൈജാക്ക് ചെയ്യന്നതിനെതിരെ എന്നുമദ്ദേഹം നിതാന്ത ജാഗ്രത പുലർത്തിയിരുന്നു.

എൻ. ഇ സുധീറുമായുള്ള അഭിമുഖത്തിൽ, ''വിചിത്രമായ രീതിയിൽ ഹിന്ദുവർഗ്ഗീയതയും അതിന്റെ രാഷ്ട്രീയമുഖങ്ങളും ഒക്കെ വളർന്നുവരികയാണ്. ഒരുപക്ഷേ, ഈ കാലാവസ്ഥയിൽ ഗുരുകുലത്തിനു പിടിച്ചുനിൽക്കാൻ കഴിയുന്നുണ്ടോ? പുറത്തുനിന്നുള്ള സമ്മർദ്ദങ്ങൾ ഉണ്ടോ? പിടിച്ചുനിൽക്കാൻ കഴിയുമോ? എനിക്കു സംശയമുണ്ട്? '' എന്ന ചോദ്യത്തിന് നൽകിയ ഉത്തരം ഇങ്ങനെയായിരുന്നു:

‘‘ഞങ്ങൾ പിടിച്ചുനിൽക്കും, പിടിച്ചുനിർത്തും. ഞങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ശക്തികളെ ഇതുവരെ ഞങ്ങൾ പിടിച്ചുനിർത്തിയിട്ടുണ്ട്. ഇനിയും പിടിച്ചുനിർത്തും’’.

ഈ ധീരതയും ചങ്കൂറ്റവും പല ആധ്യാത്മിക കേന്ദ്രങ്ങൾക്കും ഇല്ലാതെപോയി എന്നതാണ് നമ്മുടെ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

ശ്രീനാരായണഗുരുവിന്റെ ആശയങ്ങൾ ശരിയായി ഉൾക്കൊണ്ട ഒരാൾക്ക് മാനവികപക്ഷത്തു മാത്രമേ നിലകൊള്ളാനാകൂ എന്ന് തിരിച്ചറിഞ്ഞ, ജീവിതം കൊണ്ട് അക്കാര്യം തെളിയിച്ച മഹാത്മാവാണ് മുനി നാരായണപ്രസാദ്. ഗുരുവിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് ശിഷ്യനായ നടരാജഗുരു, ഗുരുവിന്റെ ആശീർവാദത്തോടെ 1923-ൽ വർക്കലയിൽ സ്ഥാപിച്ച ഗുരുകുലത്തിന്റെ അധ്യക്ഷനായിരുന്നു മരിക്കുമ്പോൾ മുനി നാരായണപ്രസാദ്. ഗുരുകുലത്തിന്റെ ആദ്യ അധ്യക്ഷൻ നടരാജഗുരുവായിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം നിത്യചൈതന്യയതി ആ ചുമതല ഏറ്റെടുത്തു. യതിയുടെ കാലശേഷമാണ് നടരാജഗുരുവിൻ്റേയും നിത്യചൈതന്യയതിയുടേയും ശിഷ്യനായ മുനി നാരായണപ്രസാദ് ഗുരു കുലത്തിന്റെ അധ്യക്ഷസ്ഥാനത്തേക്കെത്തുന്നത്. ഗുരുവിന്റെ ജ്ഞാനദർശനത്തെ വ്യാഖ്യാനിച്ചും പ്രചരിപ്പിച്ചും ജനങ്ങൾക്കിടയിൽ എത്തിക്കുന്നതിൽ നടരാജഗുരു മുതൽ മുനി നാരായണപ്രസാദുവരെയുള്ള ഗുരുക്കന്മാരും ഗുരുകുലവും വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്. ഗുരുവിന്റെ ആശയങ്ങൾ ഉപേക്ഷിച്ച് അദ്ദേഹത്തിന്റെ പേര് ദുരുപയോഗം ചെയ്യാൻ ഒരു ജാതിക്കൂട്ടായ്മ കച്ചകെട്ടിയിറങ്ങിയതിനെതിരെ ധീരമായി ശബ്ദിക്കുവാൻ ഈ ഗുരുക്കന്മാർ എന്നും മുൻപന്തിയിലുണ്ടായിരുന്നു.

ശ്രീനാരായണഗുരുവിന്റെ ആശയങ്ങൾ ശരിയായി ഉൾക്കൊണ്ട ഒരാൾക്ക് മാനവികപക്ഷത്തു മാത്രമേ നിലകൊള്ളാനാകൂ എന്ന് തിരിച്ചറിഞ്ഞ, ജീവിതം കൊണ്ട് അക്കാര്യം  തെളിയിച്ച മഹാത്മാവാണ് മുനി നാരായണപ്രസാദ്.
ശ്രീനാരായണഗുരുവിന്റെ ആശയങ്ങൾ ശരിയായി ഉൾക്കൊണ്ട ഒരാൾക്ക് മാനവികപക്ഷത്തു മാത്രമേ നിലകൊള്ളാനാകൂ എന്ന് തിരിച്ചറിഞ്ഞ, ജീവിതം കൊണ്ട് അക്കാര്യം തെളിയിച്ച മഹാത്മാവാണ് മുനി നാരായണപ്രസാദ്.

നാരായണഗുരു ഉയർത്തിപ്പിടിച്ച നവോത്ഥാന - ജ്ഞാനമണ്ഡലത്തെ വികസിപ്പിക്കുവാനും കാലോചിതമായി ഗുരുദർശനത്തെ വായിക്കുവാനും മുന്നോട്ടുകൊണ്ടുപോകുവാനും 'ഗുരുത്രയം' എന്നു വിശേഷിപ്പിക്കാവുന്ന നടരാജഗുരു, നിത്യചൈതന്യയതി, മുനി നാരായണപ്രസാദ് എന്നിവർ വഹിച്ച പങ്ക് അനിഷേധ്യമാണ്.

ഗുരുദർശനത്തെ ഇന്ത്യയ്കകത്തും രാജ്യാന്തര തലത്തിലും പ്രചരിപ്പിക്കുന്നതിൽ ഗുരുകുലങ്ങൾ എന്നും ഊന്നൽ നൽകാറുണ്ട്. രാജ്യത്തിനകത്തും പുറത്തുമായി ഇരുപത്തിമൂന്നോളം ഗുരുകുലങ്ങൾ ഇന്ന് പ്രവർത്തിക്കുന്നുണ്ട്. നാരായണ ഗുരുവിന്റെ ആശയങ്ങളിൽ വിശ്വസിക്കുകയും അതിന്റെ പ്രചാരകരായി നിലകൊള്ളുകയും ചെയ്ത 'ഗുരുത്രയം' അടിസ്ഥാനപരമായി ഒന്നായിരിക്കെ തന്നെ, വിഭിന്ന സമീപനങ്ങളും രീതികളും പിന്തുടർന്ന വരാണ്. അതിനാൽ അവർക്കിടയിൽ താരതമ്യങ്ങൾ അപ്രസക്തമാണ്.

നടരാജനും നിത്യനും ഉന്നത വിദ്യാഭ്യാസം നേടി ഗുരുകുലത്തിന്റെ ഭാഗമായവരാണ്. ജനകീയ സ്വഭാവം കാത്തു സൂക്ഷിച്ചവരാണ് ഇരുവരും. യതിയാകട്ടെ, സാഹിത്യനിരൂപണം മുതൽ യാത്രാ വിവരണം വരെ എഴുതിയിട്ടുണ്ട്. അവരിരുവരുടേയും ശിഷ്യത്വത്തിലൂടെ അറിവിന്റെ ലോകത്തെ കീഴടക്കിയ ഗുരുവാണ് മുനി നാരായണ പ്രസാദ്.

1970-ൽ പി.ഡബ്ലു.ഡി.യിലെ എൻജിനീയർ ഉദ്യോഗം രാജിവെച്ചാണ് മുനി നാരായണപ്രസാദ് സന്യാസ പ്രവർത്തനത്തിൽ എത്തിച്ചേർന്നത്. തുടർന്ന് വർക്കല ഗുരുകുലത്തിൽ നടരാജഗുരുവിന്റെ ശിഷ്യനായി. നടരാജന്റെ മരണശേഷം നിത്യചൈതന്യഗുരുവിന്റെ ശിഷ്യനായി പഠനം തുടർന്നു. ഭാരതീയ ദർശനത്തിലും സംസ്കൃത ഭാഷയിലും അഗാധജ്ഞാനമുണ്ടായിരുന്ന മുനി നാരായണപ്രസാദ് മലയാളത്തിലും ഇംഗ്ലീഷിലുമായി നൂറോളം കൃതികൾ രചിച്ചിട്ടുണ്ട്.

ഛാന്ദോക്യം, കേനം, കഠം, പ്രശ്‌നം, മുണ്ഡകം, തൈത്തിരീയം, ഐതരേയം എന്നീ ഉപനിഷത്തുകൾക്കും ഭഗവദ്‌ഗീതയ്‌ക്കും നാരായണഗുരുവിന്റെ വേദാന്തസൂത്രത്തിനും ഇംഗ്ലീഷിലും മലയാളത്തിലുമെഴുതിയ വ്യാഖ്യാനങ്ങൾ ഏറെ പ്രസിദ്ധമാണ്. കൂടാതെ നാരായണഗുരുവിന്റെ എല്ലാ പദ്യകൃതികൾക്കും സ്വതന്ത്രമായ വ്യാഖ്യാനവും രചിച്ചിട്ടുണ്ട്.

1999-ൽ നിത്യചൈതന്യയതി സമാധിയായശേഷം ഗുരുകുല പ്രസ്ഥാനത്തിന്റെ അദ്ധ്യക്ഷനായി മാറിയ മുനി നാരായണപ്രസാദ് തന്റെതായ വേറിട്ട വഴിയിലൂടെ പ്രസ്ഥാനത്തെ നയിക്കുകയായിരുന്നു. ലളിതജീവിതവും ഏകാഗ്രമായ ജ്ഞാനദീക്ഷയും ആചരിച്ചിരുന്ന മുനി, മുൻഗാമികളെ പോലെ അധികമൊന്നും പൊതുമണ്ഡലത്തിൽ സ്വന്തം സാന്നിധ്യമറിയിച്ചിരുന്നില്ല. എന്നാൽ വൈജ്ഞാനിക മേഖലയ്ക്ക് അദ്ദേഹം നൽകിയ കനത്ത സംഭാവനകൾ ഏറെ ആദരിക്കപ്പെട്ടിട്ടുണ്ട്.

ഭാരതീയ ദർശനത്തിലും സംസ്കൃത ഭാഷയിലും അഗാധജ്ഞാനമുണ്ടായിരുന്ന മുനി നാരായണപ്രസാദ് മലയാളത്തിലും ഇംഗ്ലീഷിലുമായി നൂറോളം കൃതികൾ രചിച്ചിട്ടുണ്ട്.
ഭാരതീയ ദർശനത്തിലും സംസ്കൃത ഭാഷയിലും അഗാധജ്ഞാനമുണ്ടായിരുന്ന മുനി നാരായണപ്രസാദ് മലയാളത്തിലും ഇംഗ്ലീഷിലുമായി നൂറോളം കൃതികൾ രചിച്ചിട്ടുണ്ട്.

2015-ൽ വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും 2018-ൽ ജീവചരിത്രരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. 2024 ൽ രാഷ്ട്രം പദ്മശ്രീ നൽകി ആദരിച്ചു.

തീർച്ചയായും ഈ കെട്ട കാലത്ത്, തമസ്സിനെതിരെ നിരന്തരം ശബ്ദിച്ച, ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ ഉറക്കെ പറഞ്ഞ മുനിയുടെ വിടവാങ്ങൽ കനത്ത നഷ്ടം തന്നെയാണ്.

ആത്മകഥയിൽ അദ്ദേഹം ഇങ്ങനെ എഴുതി:

''ഞാൻ അങ്ങനെയേ ജീവിച്ചിട്ടുള്ളൂ. ഇപ്പോഴും അങ്ങനെ തന്നെ ജീവിക്കുന്നു... എന്റെ ജീവിതവും മുന്നോട്ടു നീണ്ടുകിടക്കുകയാണ്. എന്റെ ഈ വ്യക്തിരൂപം മാഞ്ഞുപോകും. അങ്ങനെ മായുമ്പോൾ അതിന്റെ ആദ്യഘട്ടമായി ശരീരം ചേതനയില്ലാതായിത്തീരും. അത് എവിടെയെങ്കിലും കുഴിച്ചിടുന്നതാണ് ലയത്തിന്റെ അവസാനഘട്ടം’’.


Summary: Indian spiritual teacher, author, and the head of the Narayana Gurukula Foundation Muni Narayana Prasad Passed Away. Dr. Aziz Tharuvana writes


ഡോ. അസീസ്​ തരുവണ

എഴുത്തുകാരൻ. കോഴിക്കോട്​ ഫാറൂഖ്​ കോളേജിൽ മലയാള വിഭാഗം മേധാവി. വയനാടൻ രാമായണം, എത്രയെത്ര രാമായണങ്ങൾ, ഗോത്രപഠനങ്ങൾ, വയനാട്ടിലെ ആദിവാസികൾ: ചരിത്രവും വർത്തമാനവും തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments