ഇന്നസെന്റ് ചേട്ടനും ഞാനും തമ്മിൽ ഒൻപത് വർഷത്തിന്റെ പരിചയം മാത്രമാണുള്ളത്. അതൊരു ചെറിയ കാലയളവാണ്. എന്നാൽ ആ ഹ്രസ്വമായ കാലയളവിനേക്കാൾ ആഴമുള്ളതായിരുന്നു അദ്ദേഹവുമായുള്ള സൗഹൃദം. പാർലമെന്റിൽ ഞങ്ങൾ ഇരുവരും ഒരുമിച്ചാണ് ഉണ്ടായിരുന്നത്. അന്നുമുതലുള്ള എത്രയെത്ര അനുഭവങ്ങൾ, എത്ര ഓർമ്മകൾ. അദ്ദേഹം കൊളുത്തിവിട്ട ചിരിയുടെ എത്രയെത്ര പൂത്തിരികൾ! ആ ചിരിവെട്ടത്തിനിടയിൽ എത്രയെത്ര ചിന്താശകലങ്ങൾ!
ഇന്നസെന്റ് ചേട്ടനെ കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞത്, "എഴുതാത്ത ബഷീർ ' എന്നാണ്. മറ്റു ചിലർ അദ്ദേഹത്തെ വികെഎന്നുമായി താരതമ്യപ്പെടുത്തിയിട്ടുണ്ട്. ഇത് രണ്ടും അദ്ദേഹത്തിന്റെ സരസമായ വർത്തമാനങ്ങൾ കേട്ടിരുന്ന എത്രയോ സന്ദർഭങ്ങളിൽ എനിക്ക് നേരത്തേ തോന്നിയിട്ടുള്ളതാണ്. ബഷീറിന്റെയും വികെഎന്നിന്റെയും മിന്നലാട്ടങ്ങൾ ഇന്നസെന്റ് ചേട്ടനിൽ കാണാൻ കഴിയും. സിനിമയിലെ നർമ്മരംഗങ്ങളിലും സംഭാഷണങ്ങളിലും മാത്രമല്ല, അതിനപ്പുറം കഥ മെനയാനും പറയാനുമുള്ള കഴിവിലും കയ്യടക്കത്തിലും അത് പ്രകടമാകാറുണ്ട്. വി.കെ.എന്നിനെയും ബഷീറിനെയും പോലെ ഇന്നസെന്റിന്റെയും ഏറ്റവും വലിയ പ്രത്യേകത, അദ്ദേഹത്തിന്റെ നർമ്മം അടിമുടി ജീവിതഗന്ധിയാണ് എന്നതാണ്. അത് ഒട്ടുമേ കൃത്രിമമോ ആവർത്തനവിരസമോ അല്ല. ജീവിതത്തിൽ നിന്ന് കണ്ടെടുക്കുന്ന നർമ്മ സന്ദർഭങ്ങളും കണ്ടുമുട്ടുകയും ഇടപഴകുകയും ചെയ്യുന്ന ആയിരക്കണക്കിന് മനുഷ്യരിൽ നിന്നും സ്വാംശീകരിച്ച കഥാപാത്രങ്ങളുമാണ് ബഷീറിന്റെയും വികെഎന്നിന്റെയും എന്നതുപോലെ ഇന്നസെന്റിന്റെയും പ്രത്യേകത.
മാപ്രാണത്തെ നസ്രാണി ഭാഷയുടെ ഈണവും താളവും അത്രമേൽ സ്വാഭാവികമായി അദ്ദേഹത്തിന്റെ നർമഭാഷണങ്ങളിൽ ഉൾചേർന്നിരുന്നു. അദ്ദേഹത്തിന്റെ എഴുത്തിലും അകൃത്രിമമായ നർമ്മം മാത്രമല്ല, സാരഗർഭമായ ചിന്തയും കാണാനാവും. അകൃത്രിമമായ ആ നർമ്മം പക്ഷേ അരാഷ്ട്രീയവുമല്ല. അദ്ദേഹം എഴുതിയ നർമ്മ ലേഖനങ്ങളുടെ ഗംഭീരമായ രാഷ്ട്രീയ ഉള്ളടക്കം പലപ്പോഴും വിസ്മയിപ്പിച്ചിട്ടുണ്ട്. സിനിമാശാലകളിൽ ദേശീയ ഗാനം നിർബന്ധമാക്കിയ കോടതി ഉത്തരവ് വന്ന സന്ദർഭത്തിൽ അദ്ദേഹം എഴുതിയ ഒരു നർമ്മ ലേഖനത്തിൽ തീർച്ചയായും വികെഎന്റെ തലപ്പൊക്കമുള്ള അതിനിശിതമായ രാഷ്ട്രീയ പരിഹാസവും വിമർശനവും അടങ്ങിയിട്ടുണ്ട്. പോത്തിന്റെ പുറത്ത് സഞ്ചരിക്കുന്ന കാലൻ, പോത്തിനെയും കൊണ്ട് തന്നെ തേടി ഡൽഹിയിൽ വരില്ല എന്ന് മറ്റൊരു ലേഖനത്തിൽ പറയുമ്പോൾ ആ നർമത്തിന്റെ സമകാലിക രാഷ്ട്രീയധ്വനികൾ വാചാലമായ ഒരു പ്രസംഗത്തേക്കാൾ കരുത്തുറ്റതും മുന കൂർത്തതുമാണ്.
മംഗൾയാൻ കഥ
ഡൽഹിയിലെ പാർലമെന്റ് സെൻട്രൽ ഹാളിൽ ഒഴിവുസമയം മുഴുവൻ ഇന്നസെന്റ് ചേട്ടന്റെ കഥ പറച്ചിൽ സദസ്സിലെ ഒരു സ്ഥിരം കേൾവിക്കാരനായിരുന്നു ഞാൻ. ഒരുപക്ഷേ ഹാജർ തെറ്റാത്ത രണ്ട് കേൾവിക്കാർ ഞാനും പി കെ ബിജുവും ആയിരുന്നു. ഇന്നസെന്റ് ചേട്ടൻ കഥ പറയുമ്പോൾ ക്ലാസ്സിൽ എന്നപോലെ ശ്രദ്ധിച്ചിരിക്കണം. മൊബൈലിലേക്കോ മറ്റോ ശ്രദ്ധ വ്യതിചലിച്ചാൽ ദേഷ്യം വരും. ഒരിക്കൽ എന്നോട് പറഞ്ഞു, "താൻ ശ്രദ്ധിച്ചു കേട്ടില്ലെങ്കിൽ രണ്ടാമതൊരിക്കൽ കൂടി പറയില്ല. ഞാനൊന്ന് പുറത്തിറങ്ങിനിന്ന് പറയാൻ തുടങ്ങിയാൽ എന്റെ ചുറ്റും ധാരാളം ആളുകൂടും. ആളെ കിട്ടാത്തത് കൊണ്ടല്ല ഞാൻ തന്നോട് പറയുന്നത്'. ഇന്നസെന്റ് ചേട്ടന്റെ കഥകളെ കുറിച്ച് മലയാളി മാധ്യമപ്രവർത്തകരിൽ നിന്ന് മനസ്സിലാക്കിയ, ദേശീയ മാധ്യമങ്ങളിലെ മലയാളികൾ അല്ലാത്ത മാധ്യമപ്രവർത്തകരിൽ പലരും ആ കഥകൾ അറിയാൻ എന്നെ സമീപിക്കും. ഇന്നസെന്റ് ചേട്ടൻ പറയുന്ന കഥകൾ അവർക്ക് ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തി കൊടുക്കൽ ആയിരുന്നു എന്റെ ജോലിയും ഇഷ്ടവിനോദവും. അവരിൽ പലരും ഞങ്ങളെ കണ്ടാൽ, ഇന്ന് പുതിയ കഥയൊന്നുമില്ലേ എന്ന് ചോദിച്ച് ഓടിവരും. ഇന്നസെന്റ് ചേട്ടനും അതൊരു ഹരമായിരുന്നു. എന്റെ ആ കഥ താൻ പറഞ്ഞു കൊടുത്തോ എന്ന് ഇടയ്ക്കിടെ എന്നെ ഓർമിപ്പിക്കും. അത്തരത്തിലൊരു സദസ്സിൽ ഇന്നസെന്റ് ചേട്ടൻ പറഞ്ഞ് ഞാൻ പരിഭാഷപ്പെടുത്തിയ കഥ മംഗൾയാൻ വിക്ഷേപിച്ചതിന്റെ തൊട്ടടുത്ത ദിവസം ദി ഇന്ത്യൻ എക്‌സ്പ്രസ് ബോക്‌സ് വാർത്തയായി നൽകിയിരുന്നു.
കഥ ഇപ്രകാരമാണ്: ഒരു സംഭാഷണ മദ്ധ്യേ ഐഎസ്ആർഒ ചെയർമാനായിരുന്ന ശ്രീ. കെ രാധാകൃഷ്ണനെ പറ്റി ഞാൻ പരാമർശിച്ചപ്പോൾ ഇന്നസെന്റ് ചേട്ടൻ അലസമായി എന്നോട് പറഞ്ഞു, "രാധാകൃഷ്ണൻ അല്ലേ, അവൻ എന്റെ ക്ലാസ്‌മേറ്റാണ്'. അതിനുശേഷം പറഞ്ഞു, "അവൻ മാത്രമല്ല, അവന്റെ ചേട്ടനും എന്റെ ക്ലാസ്‌മേറ്റ് ആയിരുന്നു'. അപ്പോൾ ഞാൻ അത്ഭുതത്തോടെ അദ്ദേഹത്തോട് ചോദിച്ചു, "ഇതെങ്ങനെയാണ് ചേട്ടനും അനിയനും ഇന്നസെന്റ് ചേട്ടന്റെ ക്ലാസ്‌മേറ്റ് ആവുന്നത് ?' . "അവന്റെ ചേട്ടൻ ആയിരുന്നു ശരിക്കും എന്റെ ക്ലാസ്‌മേറ്റ്. പിന്നീട് ഇവനും എന്റെ ക്ലാസ്‌മേറ്റ് ആയതാ' എന്നായിരുന്നു മറുപടി. കെ രാധാകൃഷ്ണന്റെ ഏട്ടൻ ശിവദാസൻ ഏഴാം ക്ലാസിൽ നിന്നും ജയിച്ച് എട്ടാം ക്ലാസിലേക്ക് പോകുമ്പോൾ ഏഴാം ക്ലാസ് തോറ്റ ഇന്നസെന്റ് ചേട്ടനെ കെട്ടിപ്പിടിച്ച് കരഞ്ഞത്രേ.
ഇന്നസെന്റ് ചേട്ടൻ ആശ്വസിപ്പിച്ചു, "ശിവദാസാ, നമ്മൾ രണ്ട് ക്ലാസിലാണെങ്കിലും ഒരേ സ്‌കൂളിൽ അല്ലേ ? വിഷമിക്കാൻ എന്തിരിക്കുന്നു? നമുക്ക് എന്നും കാണാമല്ലോ?'. കരച്ചിലിനിടയിൽ ശിവദാസന്റെ മറുപടി , "അതുകൊണ്ടല്ല ഞാൻ കരയുന്നത്. എന്റെ അനിയൻ രാധാകൃഷ്ണൻ ജയിച്ചു നിന്റെ ക്ലാസിലേക്കാണ് വരുന്നത്. അവനെ നീ നശിപ്പിക്കരുത് '. അതിനുശേഷം ഇന്നസെന്റ് ചേട്ടൻ എന്നോട് പറഞ്ഞു, "അവൻ കരഞ്ഞു പറഞ്ഞതുകൊണ്ട് ഞാൻ രാധാകൃഷ്ണനെ വെറുതെ വിട്ടതാണ്. ഞാനൊന്നു മനസ്സു വെച്ചിരുന്നെങ്കിൽ രാധാകൃഷ്ണൻ ഇപ്പോൾ മാപ്രാണം അങ്ങാടിയിൽ കപ്പലണ്ടി വിറ്റു നടക്കുന്നുണ്ടാവും. മംഗൾയാനും ഒരു കുന്തവും ഉണ്ടാവില്ല '. ഈ കഥ ദേശീയ മാധ്യമപ്രവർത്തകരുടെ സദസ്സിൽ, ഇന്നസെന്റ് ചേട്ടന്റെ സാന്നിധ്യത്തിൽ ഞാൻ പരിഭാഷപ്പെടുത്തി. അവരെല്ലാം ആർത്തുചിരിച്ചു. മംഗൾയാൻ വിക്ഷേപിച്ച ദിവസം, ഇപ്പോൾ ഇന്ത്യൻ എക്‌സ്പ്രസിന്റെ ഡെപ്യൂട്ടി പൊളിറ്റിക്കൽ എഡിറ്റർ ആയ എന്റെ സുഹൃത്ത് ലിസ് മാത്യു എന്നെ ഫോണിൽ വിളിച്ച് ഈ കഥയുടെ വിശദാംശങ്ങൾ ഒന്നു കൂടി ചോദിച്ചു. എന്തിനാണെന്ന് അപ്പോൾ പറഞ്ഞിരുന്നില്ല. പിറ്റേ ദിവസത്തെ ഡൽഹി ഇന്ത്യൻ എക്‌സ്പ്രസ്സിൽ ഇന്നസെന്റ് ചേട്ടന്റെ പടവും വെച്ച് ബോക്‌സിൽ വാർത്ത , "Kerala MP claims a role in Mangalyan'. നാട്ടിലായിരുന്ന എനിക്ക് ലിസ് വാട്‌സാപ്പിൽ വാർത്ത അയച്ചുതന്നു, ഇന്നസെന്റ് ചേട്ടന് അയച്ചുകൊടുക്കണം എന്ന അഭ്യർത്ഥനയോടെ. ഇന്നസെന്റ് ചേട്ടന് അത് കണ്ടിട്ട് വളരെ സന്തോഷമായി. പിന്നെയും കഥകൾ പരിഭാഷപ്പെടുത്തി കൊടുക്കാൻ എന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.
ഒരിക്കൽ ഹൈദരാബാദിലെ ഷൂട്ടിംഗ് സ്ഥലത്ത് ഐ എസ് ആർ ഒ ചെയർമാനായിരുന്ന സഹപാഠി ശ്രീ. കെ. രാധാകൃഷ്ണൻ ഇന്നസെന്റ് ചേട്ടനെ കാണാൻ എത്തിയത്രേ. ഒപ്പമുണ്ടായിരുന്ന മോഹൻലാലിന് അദ്ദേഹത്തെ പരിചയപ്പെടുത്തിയപ്പോൾ "ഇവൻ വലിയ കമ്പനിയുടെ മുതലാളിയാണ്' എന്ന് പറഞ്ഞുവത്രേ. രാധാകൃഷ്ണൻ പോയശേഷം മോഹൻലാൽ, ഐ എസ് ആർ ഒ ചെയർമാനെ ഇങ്ങനെയാണോ പരിചയപ്പെടുത്തുന്നതെന്ന് തന്നെ കളിയാക്കിയെന്ന് ഇന്നസെന്റ് ചേട്ടൻ. നർമനിർമിതിക്ക് സ്വയം കരുവാക്കുന്നതും അദ്ദേഹത്തിന്റെ രീതിയാണ്.
ഒരു കാപ്പി കൊണ്ടുവാ
എന്നാൽ മറ്റൊരു സംഭവം ദേശീയ മാധ്യമപ്രവർത്തകർക്ക് പരിഭാഷപ്പെടുത്തി കൊടുക്കരുതെന്ന് ഇന്നസെന്റ് ചേട്ടൻ തന്നെ വിലക്കിയിരുന്നു. അത് വിജയ് മല്യയുമായി ബന്ധപ്പെട്ടതാണ്. ഒരു ദിവസം ചോദ്യോത്തരവേള കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ പാർലമെന്റ് സെൻട്രൽ ഹാളിൽ ഇന്നസെന്റ് ചേട്ടൻ ഇരിക്കുന്നു. എന്നെ കണ്ടതും പരിഭ്രാന്തനായി കൈകാട്ടി അടുത്തേക്ക് വിളിച്ചു. ഞാൻ ചെന്നപ്പോൾ അല്പം ദൂരെ നിൽക്കുന്ന ഒരാളെ ചൂണ്ടി ഇന്നസെന്റ് ചേട്ടൻ ചോദിച്ചു, "ഇയാൾ ആരാ ? വലിയ പ്രമാണിയാണോ?' ഞാൻ നോക്കുമ്പോൾ ഒറ്റ കാതിൽ കടുക്കനുമിട്ട് വിജയ് മല്യ നിൽക്കുന്നു. ഞാൻ വിജയ് മല്യയെ കുറിച്ച് ഇന്നസെന്റ് ചേട്ടന് വിശദീകരിച്ചു കൊടുത്തു.
അപ്പോൾ ഇന്നസെന്റ് ചേട്ടന്റെ മറുപടി , "എന്നാൽ എനിക്കൊരു അബദ്ധം പറ്റി' . എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ ഇന്നസെന്റ് ചേട്ടൻ എന്നോട് ചോദിച്ചു, "നീ നോക്ക്, ഇവിടെ കാപ്പി കൊടുക്കുന്ന കോഫി ബോർഡിലെ ജീവനക്കാരുടെ വെള്ള കുപ്പായവും അയാളുടെ വെള്ള കുപ്പായവും കണ്ടാൽ ഒരുപോലെ ഇരിക്കുന്നില്ലേ?'' സെൻട്രൽ ഹാളിലെ മങ്ങിയ വെളിച്ചത്തിൽ കണ്ടാൽ രണ്ടും ഒരുപോലെ ഇരിക്കുന്നു. ഇന്നസെന്റ് ചേട്ടൻ തുടർന്നു, "ഞാൻ കൈകാട്ടി അയാളെ വിളിച്ചു. അയാൾ അടുത്തേക്ക് വന്നു. ഭയ്യാ, ഏക് കോഫി ലാവോ എന്ന് വിജയ് മല്യയോട് ഞാൻ പറഞ്ഞു. അയാൾ രൂക്ഷമായി ഒന്നു നോക്കി. പിന്നെ വായിൽ വന്നത് എന്തൊക്കെയോ വിളിച്ചു പറഞ്ഞു. ഇംഗ്ലീഷിൽ ആയതുകൊണ്ട് പറഞ്ഞതെന്താണെന്നൊന്നും എനിക്ക് മനസ്സിലായില്ല. പക്ഷേ വിളിച്ചത് മുഴുവൻ തെറിയായിരുന്നു എന്നറിയാൻ ഇംഗ്ലീഷ് അറിയണമെന്നില്ലല്ലോ. അതും പറഞ്ഞ് അയാൾ അങ്ങോട്ട് പോയി. ഞാനിപ്പോൾ പേടിച്ചിരിക്കുകയാണ്. ഇനി കൂടുതൽ ആളെ കൂട്ടി വന്ന് എന്നെ തല്ലുമോ? നീ എന്റെ അടുത്ത് തന്നെ കുറച്ചുനേരം ഇരിക്ക്, ഒരു ധൈര്യത്തിന്'. ഈ കഥ പക്ഷേ പരിഭാഷപ്പെടുത്തി കൊടുക്കാൻ ഇന്നസെന്റ് ചേട്ടൻ സമ്മതിച്ചില്ല. അത് ഇംഗ്ലീഷ് പത്രങ്ങളിലൊക്കെ വന്നാൽ അയാൾ ആളെ വിട്ടു തല്ലിക്കുമോ എന്നായിരുന്നു ആശങ്ക. ഞാൻ കേരളത്തിൽ പലയിടത്തും ഇത് പ്രസംഗിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഇന്നസെന്റ് ചേട്ടൻ പറയും, ഇവിടെ പറയുന്നതൊക്കെ കൊള്ളാം, താനിതൊന്നും ഡൽഹിയിൽ പോയി പറയരുത്.
ഒരിക്കൽ ഡൽഹിയിൽ സിപിഐ എം എംപിമാരുടെ ജനറൽ ബോഡി നടക്കുന്നു. പ്രകാശ് കാരാട്ടാണ് പങ്കെടുത്തത്. ജനറൽ ബോഡി കഴിഞ്ഞപ്പോൾ ഇന്നസെന്റ് ചേട്ടൻ പ്രകാശ് കാരാട്ടിന്റെ അടുത്തെത്തിയിട്ട്, "ഈ രാമു കാര്യാട്ടിന്റെ വകയിൽ ആരായിട്ടെങ്കിലും വരുമോ?' എന്ന് ചോദിച്ചു. പ്രകാശ് കാരാട്ട് പറഞ്ഞു, "ഇല്ല, രാമു കാര്യാട്ടുമായി ബന്ധമൊന്നുമില്ല. എന്നാൽ രാമു കാര്യാട്ടും ഞാനും കൂടി ഒരുമിച്ച് ക്യൂബയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. എന്റെ ആദ്യത്തെ ക്യൂബ യാത്രയായിരുന്നു അത്. അതുകൊണ്ട് രാമു കാര്യാട്ടുമായി പരിചയമുണ്ട്.'. എന്നാൽ ഞാൻ രാമു കാര്യാട്ടിനെക്കുറിച്ച് ഒരു കഥ പറയാമെന്നായി ഇന്നസെന്റ് ചേട്ടൻ. "രാമു കാര്യാട്ടിന്റെ ഒരു സിനിമയുടെ ഷൂട്ടിങ് നടക്കുന്നു. മ്യൂസിക് കമ്പോസിംഗ് ഒരു അടച്ചിട്ട മുറിയിൽ നടക്കുന്നു. രാവിലെ മുതൽ നോക്കിയിട്ടും മ്യൂസിക് അങ്ങട് ശരിയാവുന്നില്ല. കുശിനിക്കാരനാണ് ഇതുകൊണ്ട് ധർമസങ്കടത്തിലായത്. ഉച്ചക്കുള്ള ഊണിന് പപ്പടം കാച്ചണമെങ്കിൽ പപ്പടമില്ല. അത് കാച്ചണോ, പപ്പടം വാങ്ങണോ എന്ന് ചോദിക്കാൻ രാമു കാര്യാട്ടിനെ കിട്ടുന്നില്ല. കുറേക്കഴിഞ്ഞപ്പോൾ ക്ഷമകെട്ട കുശിനിക്കാരൻ വാതിലങ്ങട്ട് തള്ളിത്തുറന്ന് അകത്തേക്ക് കേറീട്ട്, നിർത്താൻ പറഞ്ഞു. മനുഷ്യനിവിടെ പപ്പടം കാച്ചണോ വേണ്ടേന്നറിയാഞ്ഞിട്ട്, അതിനിടയിലാണ് നിങ്ങടെയൊരു പാട്ടും കൂത്തും'. പ്രകാശ് കാരാട്ട് ഇതുകേട്ട് പൊട്ടിച്ചിരിച്ചു.
എന്റെയല്ല തന്റെ കാര്യം
ഇന്നസെന്റ് ചേട്ടന് രണ്ടാമത് കാൻസർ വന്ന സമയം. വീണ്ടും അദ്ദേഹം ചികിത്സ ആരംഭിച്ചു. കുറച്ചുകാലം അതിനുവേണ്ടി പാർലമെന്റിൽ നിന്ന് വിട്ടു നിൽക്കേണ്ടിയും വന്നു. ഏതാനും മാസങ്ങൾക്ക് ശേഷം ഒരു ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് അതിരാവിലെ ഞാൻ വീണ്ടും ഇന്നസെന്റ് ചേട്ടനെ കണ്ടു. കണ്ട സന്തോഷത്തിൽ ഞാൻ ചോദിച്ചു, "അല്ല, ആരാ ഇത് ? ഇന്നസെന്റ് ചേട്ടനോ? എത്രകാലമായി കണ്ടിട്ട് '. അപ്പോൾ വികാരാധീനനായി ഇന്നസെന്റ് ചേട്ടന്റെ മറുപടി : "കാണാണ്ട് കാണാണ്ട് ഒരു ദിവസം അങ്ങ് കാണാതാവും'. വല്ലാതായ ഞാൻ അദ്ദേഹത്തിന്റെ ചുമലിൽ പിടിച്ച് ആശ്വസിപ്പിച്ചു, "അങ്ങനെയൊന്നും പറയരുത്'. അപ്പോൾ ഇന്നസെന്റ് ചേട്ടൻ : "അങ്ങനെയൊന്നും സംഭവിക്കില്ല' . സെക്കന്റുകൾക്കകം അദ്ദേഹം സാക്ഷാൽ ഇന്നസെന്റ് ആയി. എന്റെ കൈപിടിച്ചു മാറ്റിയിട്ട് എന്നോട് ചോദിച്ചു, "ആരുടെ കാര്യമാണെന്നാ താൻ വിചാരിച്ചത് ? എന്റെ കാര്യമല്ല, തന്റെ കാര്യമാ പറഞ്ഞത് '. ഒരിടവേളക്കു ശേഷമുള്ള സമാഗമം അങ്ങനെ ഒരു പൊട്ടിച്ചിരിയോടെയാണ് തുടങ്ങിവച്ചത്.
എയിംസിലേക്ക് ആലീസ് ചേച്ചിയേയും കൂട്ടി കാൻസർ ചികിത്സക്കായി പോകുന്നതിനെക്കുറിച്ച് കേരള ഹൗസിലെ രാജഗോപാൽ അത്ഭുതത്തോടെ പറയാറുണ്ട്. യാത്ര മുഴുവൻ ഇന്നസെന്റ് ചേട്ടന്റെ ഫലിതവും അതിനുള്ള ആലീസ് ചേച്ചിയുടെ തകർപ്പൻ കൗണ്ടറുകളും നിറഞ്ഞതാണ്. സമ്മതിക്കണം സാറേ എന്ന് രാജഗോപാൽ. നർമബോധത്തിലും പ്രത്യുൽപന്നമതിത്വതിലും ഇന്നസെന്റ് ചേട്ടനൊപ്പം നിൽക്കും ആലീസ് ചേച്ചിയും. ഒരിക്കൽ കേരളാ ഹൗസിൽ വെച്ച്, അറിയപ്പെടുന്ന ഒരു പൊതുപ്രവർത്തകനും ഭാര്യയും ഇന്നസെന്റ് ചേട്ടനെ പരിചയപ്പെട്ടു. തന്റെ ഭാര്യക്ക് ഇന്നസെന്റ് ചേട്ടനെ ഭയങ്കര ഇഷ്ടമാണെന്ന് അദ്ദേഹം. ഉടൻ ഇന്നസെന്റ് ചേട്ടൻ ഒപ്പമുണ്ടായിരുന്ന ആലീസ് ചേച്ചിയോട് , "കണ്ടോ ലോകത്തിലെ സകല സ്ത്രീകൾക്കും എന്നോട് എത്ര ഇഷ്ടമാണെന്ന്. എന്നിട്ടും നിനക്ക് മാത്രം എന്നോടൊരു ഇഷ്ടമില്ലാതതെന്താ?'.
ഇന്നസെന്റ് ചേട്ടന്റെ "കാൻസർ വാർഡിലെ ചിരി ' എന്ന പുസ്തകത്തിന്റെ തമിഴ് പരിഭാഷ പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയിൽ വച്ച് ഞാനാണ് പ്രകാശനം ചെയ്തത്. ഇന്നസെന്റ് ചേട്ടൻ നേരത്തേ പാലക്കാട് എത്തി. ഞാൻ മണ്ഡലത്തിലെ ചില പരിപാടികളിലാണ്. അതിനിടയ്ക്ക് എനിക്ക് ദേശീയ ടെലിവിഷൻ ചാനലുകളിൽ നിന്ന് തുരുതുരാ ഫോൺ കോളുകൾ വരാൻ തുടങ്ങി. ഇന്നസെന്റ് ചേട്ടന്റെ ഒരു പ്രസ്താവന അവരെല്ലാവരും കൂടി വിവാദമാക്കിയിരിക്കുകയാണ്. അതിനെക്കുറിച്ചുള്ള പ്രതികരണം ചോദിച്ചുകൊണ്ടാണ്. പ്രതികരണത്തിനൊന്നും ഞാൻ മുതിർന്നില്ല. ഇന്നസെന്റ് ചേട്ടനെ വിളിച്ചു ചോദിച്ചു, "എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ ? കുറച്ചു കുഴപ്പമായിട്ടുണ്ട് . എന്നെ ചിലർ വിളിച്ചിരുന്നുI. ഇന്നസെന്റ് ചേട്ടന്റെ മറുപടി: "എന്നെയും ഡൽഹീന്നും ബോംബേന്നുമൊക്കെ ചിലർ വിളിച്ചിരുന്നു. ഇംഗ്ലീഷിൽ ആയതുകൊണ്ട് മാലൂം നഹി എന്നുപറഞ്ഞ് ഞാൻ ഫോൺ വെച്ചു. കൊഴപ്പായോ?'. ഞാൻ പറഞ്ഞു, "കുറച്ചു കുഴപ്പം ആയിട്ടുണ്ട്. കൂടുതൽ കുഴപ്പം ഉണ്ടാകാൻ സാധ്യതയുണ്ട്. ഞാനിപ്പോൾ അങ്ങോട്ട് എത്താം. അതുവരെ ആരോടും ഒന്നും പ്രതികരിക്കരുത്. പാലക്കാട്ട് മാധ്യമങ്ങൾ മുഴുവൻ വരാനിടയുണ്ട്. തൽക്കാലം ഒന്നും പറയണ്ട'. ഇന്നസെന്റ് ചേട്ടൻ എന്നോട് പറഞ്ഞു, "താൻ വേഗം ഇങ്ങോട്ട് വാ. താൻ വന്നിട്ട് നമുക്ക് ആലോചിക്കാം. അതിനുശേഷമേ ഞാൻ വാ തുറക്കൂ'. അര മണിക്കൂറിനകം ഞാൻ പബ്ലിക് ലൈബ്രറിയുടെ മുന്നിലെത്തി. പബ്ലിക് ലൈബ്രറിയുടെ മുന്നിൽ ക്യാമറകളുമായി മാധ്യമപ്പട നിരന്നു നിൽക്കുന്നു. ഉള്ളിലേക്ക് കയറിപ്പോയ ഞാൻ ഇന്നസെന്റ് ചേട്ടനോട് പറഞ്ഞു, "മുന്നിൽ നിരന്നു നിൽക്കുന്നുണ്ട് അവരെല്ലാം. ഇറങ്ങുമ്പോൾ ചോദിക്കും. ഒന്നും പറയണ്ട. പറയാനുള്ളത് ഇപ്പോൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാം. "പറയാനുള്ളതെല്ലാം ഫേസ്ബുക്കിൽ പറഞ്ഞിട്ടുണ്ട്, വിശദീകരിക്കാനുള്ളതെല്ലാം വിശദീകരിച്ചിട്ടുണ്ട്'എന്നുമാത്രം തിരിച്ചുപോകുമ്പോൾ പറഞ്ഞാൽ മതി'. ഇന്നസെന്റ് ചേട്ടനും ഞാനും കൂടി ആലോചിച്ച് ഒരു ചെറിയ കുറിപ്പ് തയ്യാറാക്കി. മകൻ സോണറ്റ് അത് ഫേസ്ബുക്കിൽ ഇട്ടു. ഇന്നസെന്റ് ചേട്ടന് കൂസലൊന്നുമില്ല. പുസ്തക പ്രകാശന ചടങ്ങിൽ അദ്ദേഹത്തിന്റെ പ്രസംഗം, "എന്റെ ഈ പുസ്തകം ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയത് യു കെ എസ് ചൗഹാൻ ഐ എ എസ് ആണ്. കുറേക്കാലം കഴിഞ്ഞ് അദ്ദേഹത്തിന്റെ സുഖവിവരം അന്വേഷിക്കാൻ ഞാൻ ഡൽഹിയിലെ വസതിയിലേക്ക് വിളിച്ചു. ഫോൺ എടുത്തത് മകളാണ്. അച്ഛനെക്കുറിച്ച് ചോദിച്ചപ്പോൾ മറുപടി, "അച്ഛൻ ആറുമാസം മുമ്പ് കാൻസർ വന്നു മരിച്ചു പോയി '. ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ മറ്റൊരാളുടെ പേര് പറഞ്ഞു. അദ്ദേഹത്തെയും ഫോണിൽ വിളിച്ചപ്പോൾ, കാൻസർ ബാധിച്ച് അദ്ദേഹം മരിച്ചു പോയ വിവരം അറിയിച്ചു. ഇത്രയും പറഞ്ഞ് തിരിഞ്ഞുനിന്ന് , തമിഴിലേക്ക് പുസ്തകം പരിഭാഷപ്പെടുത്തിയ അഭിഭാഷകയെ നോക്കി ഇന്നസെന്റ് ചേട്ടൻ പറഞ്ഞു, "നി തമിഴിലേക്ക് പരിഭാഷപ്പെടുത്തിയ ആളിന്റെ കാര്യം എന്താകുംന്നാണ് എന്റെ പേടി'. ഒരു നിമിഷം സ്തബ്ധമായ സദസ്സ് പിന്നെ ആർത്തു ചിരിച്ചു. വേദിയിലിരുന്ന് ഞാൻ ഇന്നസെന്റ് ചേട്ടനോട് ഉറക്കെ വിളിച്ചു ചോദിച്ചു, "പ്രകാശനം ചെയ്ത ആളുകൾക്ക് ഇതുവരെ കുഴപ്പമൊന്നും പറ്റിയിട്ടില്ലല്ലോ?'. അപ്പോൾ ഇന്നസെന്റ് ചേട്ടന്റെ മറുപടി, "ഇതുവരെ ഒന്നും പറ്റിയിട്ടില്ല എന്നേയുള്ളൂ'. പരിപാടി കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോൾ ഇന്നസെന്റ് ചേട്ടൻ : "അവരൊക്കെ അവിടെ നിരന്നു നിൽക്കുന്നുണ്ട്. താൻ എന്റെ കൂടെത്തന്നെ ഉണ്ടാവണംട്ടോ' . ഞാൻ പറഞ്ഞു, "നമുക്ക് ഒരുമിച്ച് ഇറങ്ങാം ഇന്നസെന്റ് ചേട്ടാ'. ഞങ്ങൾ ഒരുമിച്ച് ഇറങ്ങി. മാധ്യമങ്ങൾ വളഞ്ഞു. ഒരു കൂസലുമില്ലാതെ ഇന്നസെന്റ് ചേട്ടൻ പറഞ്ഞു, "പറയാനുള്ളതെല്ലാം ഞാൻ ഇട്ടിട്ടുണ്ട്'. ഒരു സെക്കൻഡ് നേരം ഫേസ്ബുക്ക് എന്നത് അദ്ദേഹത്തിന്റെ നാവിൽ വന്നില്ല. ഞാൻ പതുക്കെ പറഞ്ഞു, ഫേസ്ബുക്ക്. "ങാ. അതിലിട്ടിട്ടുണ്ട്' എന്ന് ഇന്നസെന്റ് ചേട്ടൻ. എന്നിട്ട് സ്വതസിദ്ധമായ ശൈലിയിൽ, താളത്തിൽ പറഞ്ഞു, "ദേ ഇത്തിരി വഴി തന്നേ, ഞാനങ്ങോട്ട് പൊക്കോട്ടെ'. ഇന്നസെന്റ് ചേട്ടന് മുന്നിൽ നിരായുധരായ മാധ്യമപ്രവർത്തകർക്ക് വഴി കൊടുക്കുകയല്ലാതെ മാർഗ്ഗമുണ്ടായിരുന്നില്ല. കാറിൽ കയറിയ ഉടൻ എന്നോട്, "പോരേ, കുഴപ്പമൊന്നുമായില്ലല്ലോ?'. ഞാൻ മറുപടി പറഞ്ഞു, "ഗംഭീരമായി'.
നർമത്തിലെ മനോധർമം
ഡൽഹിയിൽ നിന്ന് ഓരോ തവണ നാട്ടിൽ പോയി മടങ്ങുമ്പോഴും ഒരു പുതിയ അനുഭവം നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കാൻ ഉണ്ടാകും ഇന്നസെന്റ് ചേട്ടന്. ഒരിക്കൽ തൃശ്ശൂരിലെ ഒരു പരിപാടിയിൽ പങ്കെടുത്തതിനെ കുറിച്ച് അദ്ദേഹം ഞങ്ങളോട് വിശദീകരിക്കുകയാണ്. അദ്ദേഹം പരിപാടിയിൽ എത്തിച്ചേരുമ്പോൾ ഒരാൾ വളരെ കാര്യഗൗരവത്തോടെ പ്രഭാഷണം നടത്തിക്കൊണ്ടിരിക്കുന്നു. ജനാധിപത്യം, ഫാസിസം, ഹിറ്റ്‌ലർ, ജർമ്മനി എന്നൊക്കെ കടുകട്ടി കാര്യങ്ങൾ അനർഗളമായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. ശ്രോതാക്കളെല്ലാവരും താടിക്ക് കൈകൊടുത്തും ചിന്താമഗ്‌നരായും ഗൗരവത്തോടെയും ഇരിക്കുന്നു. ചിലരൊക്കെ ദുഃഖിച്ചിരിക്കുന്നത് പോലെയും ഉണ്ട്. ആരാണ് പ്രഭാഷകൻ എന്ന് ചോദിച്ചപ്പോൾ, ഇന്നസെന്റ് ചേട്ടൻ പേര് പറഞ്ഞില്ല. നൈസർഗികമായ അഭിനയ മികവോടെ പ്രഭാഷകന്റെ കാരിക്കേച്ചർ സ്വന്തം ശരീര ചലനങ്ങൾ കൊണ്ട് വരച്ചിട്ടു. ഇന്നസെന്റ് ചേട്ടൻ പ്രഭാഷകന്റെ മാനറിസങ്ങൾ അവതരിപ്പിച്ചപ്പോൾ ആളെ എനിക്ക് പിടികിട്ടി. കെ ഇ എൻ അല്ലേ എന്ന് ഞാൻ ചോദിച്ചു. അയാൾ തന്നെ എന്ന് മറുപടി. അത്ര ഗംഭീരമായാണ് കെ ഇ എന്റെ നീണ്ട മുടിയും ഊശാൻ താടിയും പ്രസംഗിക്കുമ്പോഴുള്ള ചലനങ്ങളും ഞങ്ങളുടെ മുന്നിൽ ഇന്നസെന്റ് ചേട്ടൻ അവതരിപ്പിച്ചു കാണിച്ചത്. ഓരോരുത്തരെയും എത്ര സൂക്ഷ്മമായിട്ടാണ് അദ്ദേഹം നിരീക്ഷിക്കുന്നതെന്നതിനും സ്‌കാൻ ചെയ്‌തെടുക്കുന്നതുപോലെ അവരുടെ ശരീരഭാഷ മനസ്സിൽ പകർത്തുന്നത് എന്നതിനും വേറെയും നിരവധി ഉദാഹരണങ്ങളുണ്ട്. വ്യക്തികളെ മാത്രമല്ല, രാഷ്ട്രീയത്തെയും അതേ സൂക്ഷ്മതയോടെ അദ്ദേഹം നിരീക്ഷിച്ചിരുന്നു.
മറ്റൊരവസരത്തിൽ നാട്ടിൽ പോയി വന്നപ്പോൾ പങ്കുവെക്കാൻ ഉണ്ടായിരുന്നത് കണ്ണൂരിലെ പാർട്ടി പരിപാടിയിൽ പങ്കെടുത്ത അനുഭവമായിരുന്നു. പ്രസംഗം തുടങ്ങുമ്പോൾ ഇന്നസെന്റ് ചേട്ടൻ നോട്ടീസിൽ നോക്കി വേദിയിൽ ഉള്ളവരുടെ പേരുപറഞ്ഞ് അഭിസംബോധന ചെയ്യാൻ തുടങ്ങി. സഖാവ് ഇ പി ജയരാജൻ, സഖാവ് പി ജയരാജൻ. രണ്ടും കഴിഞ്ഞപ്പോൾ ഇന്നസെന്റ് ചേട്ടൻ ഒന്ന് നിർത്തി. എന്നിട്ട് പറഞ്ഞത്രേ, എണ്ണം ശരിയാവുന്നില്ലല്ലോ, പോരല്ലോ, ഒരാളെ കൂടി കാണണമല്ലോ. അപ്പോൾ വേദിയിൽ ഉണ്ടായിരുന്ന സഖാവ് എം വി ജയരാജൻ ചിരിച്ചുകൊണ്ട് കൈ പൊക്കി പറഞ്ഞത്രേ, ഞാനിവിടെയുണ്ട്. അദ്ദേഹം അവിടെ ഉണ്ടെന്നും അദ്ദേഹത്തിന്റെ പേര് നോട്ടീസിൽ ഉണ്ടെന്നും ഇന്നസെന്റ് ചേട്ടന് അറിയാം. അതറിഞ്ഞിട്ടു തന്നെയാണ് എണ്ണം ശരിയാവുന്നില്ലല്ലോ എന്ന പ്രയോഗം. അതാണ് ഇന്നസെന്റ് ചേട്ടന്റെ മനോധർമ്മം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായ തുറന്ന വാഹനത്തിലെ പര്യടനത്തെക്കുറിച്ചുള്ള കഥയിങ്ങനെ: അങ്കമാലിയിലെ ട്രാഫിക് സിഗ്‌നലിൽ പ്രചാരണ വാഹനവും പോത്തിനെ കയറ്റിയ ടെമ്പോയും സമാന്തരമായി വന്നുനിന്നു. ഇരു വാഹനങ്ങളിലുമായി ഇടംവലം തിരിയാൻ പറ്റാതെ ഇന്നസെന്റ് ചേട്ടനും പോത്തും. പോത്ത് ഒരല്പം സന്തോഷത്തോടെ തന്നെ നോക്കുന്നതായി സ്ഥാനാർഥിക്ക് തോന്നി. "എന്റെ ഗതി തന്നെയല്ലേ നിനക്കും' എന്നല്ലേ പോത്തിന്റെ മനസ്സിൽ എന്ന് ഇന്നസെന്റ് ചേട്ടന് സംശയം. സ്ഥാനാർഥിയുടെ തുറന്ന പ്രചാരണ വാഹനത്തിൽ തന്നെക്കാൾ താരമൂല്യമുള്ള മറ്റാരെയും കയറ്റരുതെന്ന ഉപദേശവും ഇന്നസെന്റ് ചേട്ടൻ എനിക്ക് തന്നിട്ടുണ്ട്. ജനം മുഴുവൻ അവരെയല്ലേ ശ്രദ്ധിക്കൂ എന്നാണ് അദ്ദേഹത്തിന്റെ ന്യായം.
എംപി ആയിരിക്കെ സ്വന്തം മണ്ഡലത്തിൽ ആശുപത്രികളിൽ മാമോഗ്രാം സംവിധാനം ഏർപ്പെടുത്തിയതിനെ കുറിച്ച് ഇന്നസെന്റ് ചേട്ടൻ പറയുമായിരുന്നു. കാൻസർ രോഗബാധിതൻ എന്ന അനുഭവത്തിൽ നിന്ന് അദ്ദേഹം എപ്പോഴും പറയും, കാൻസർ എത്രയും പെട്ടെന്ന് കണ്ടുപിടിക്കാനുള്ള സൗകര്യങ്ങൾ നാട്ടിൽ എല്ലായിടത്തും ലഭ്യമാക്കണമെന്ന്. അതിനാണ് സർക്കാർ ആശുപത്രികളിൽ മാമോഗ്രാം സ്ഥാപിക്കുന്നത്. അദ്ദേഹത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഞാൻ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ഏർലി കാൻസർ ഡിറ്റക്ഷൻ ആൻഡ് ഡേ കെയർ കീമോതെറാപ്പി സെന്റർ ആരംഭിച്ചത്. അത് ആരംഭിക്കുന്നതിൽ തലശ്ശേരിയിലെ മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോക്ടർ സതീഷിന്റെ സഹായം വിലമതിക്കാനാവാത്തതാണ്. എത്രയോ തവണ അദ്ദേഹം തലശ്ശേരിയിൽ നിന്ന് ഇതിന്റെ ചർച്ചകൾക്കായി ഒറ്റപ്പാലത്തേക്ക് കാറോടിച്ചു വന്നിട്ടുണ്ട്. അത് യാഥാർത്ഥ്യമായപ്പോൾ ഉദ്ഘാടനത്തിന് ആര് എന്നതിൽ മറ്റൊരു പേര് ഉണ്ടായിരുന്നില്ല. ഇന്നസെന്റ് ചേട്ടനെ വിളിച്ചു. അദ്ദേഹം വരികയും ചെയ്തു. അതുപോലെ തൃത്താലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ഒരു ദിവസം തൃത്താലയിലെ പരിപാടിക്ക് വരണമെന്ന് ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. ഞാൻ എന്തായാലും ഒരു പരിപാടിക്ക് വരാമെന്ന് ഇന്നസെന്റ് ചേട്ടൻ ഉറപ്പുനൽകി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്നുകഴിഞ്ഞ ദിവസം ഇന്നസെന്റ് ചേട്ടൻ എന്നെ വിളിച്ചു. "താനെങ്കിലും എന്തായാലും ജയിക്കും എന്നായിരുന്നു പ്രതീക്ഷിച്ചത്. നമ്മുടെ കാര്യം ആദ്യം തന്നെ തീരുമാനം ആയതാണല്ലോ. തന്റെ എതിരാളിയുടെ ഭൂരിപക്ഷം കുറഞ്ഞുവരുന്നത് കണ്ടപ്പോൾ താൻ ജയിക്കും എന്ന് തന്നെയാണ് കരുതിയത്. താനും കൂടി തോറ്റപ്പോഴാണ് ശരിക്കും സമാധാനമായത്. നമ്മള് മാത്രമല്ലല്ലോ'.
ഒരു കല്യാണാലോചന
അതിനുശേഷം ഡൽഹിയിലെ വീട് ഒഴിയുന്നതിനും മറ്റുമായി ഞങ്ങൾ ഒരുമിച്ചാണ് പോയത്. വിമാനത്താവളത്തിൽ വച്ചു കണ്ടപ്പോൾ ഇന്നസെന്റ് ചേട്ടന്റെ കമന്റ്. "നമ്മളെല്ലാവരും കൂടി തോറ്റത് ആര് തടുത്താലും നിൽക്കുമായിരുന്നില്ല. കൂട്ടത്തോടെ തോറ്റതുകൊണ്ട് ഒരു സമാധാനമുണ്ട്; ഞാൻ ഒറ്റയ്ക്കായിരുന്നെങ്കിലോ ?'. പിന്നീട് കോവിഡും ലോക്ക്ഡൗണും വന്നതോടെ ഇടയ്ക്കിടയ്ക്ക് ഇന്നസെന്റ് ഏട്ടൻ വിളിച്ചു. വെറുതെ വിശേഷങ്ങൾ ചോദിക്കാനും അറിയാനുമാണ് വിളി. ഒരു ദിവസം ഫോൺ ചെയ്തപ്പോൾ ഇന്നസെന്റ് ചേട്ടൻ പറഞ്ഞു, "മറ്റവൻ വീണ്ടും വന്നു' . ഞാൻ ചോദിച്ചു, ആര്? "കാൻസറേ ' - ഇന്നസെന്റ് ചേട്ടന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി. "ഞാനിപ്പോൾ അവരെ രണ്ടുപേരെയും കൂടി കല്യാണം കഴിപ്പിച്ച് വിട്ടാലോ എന്നാണ് ആലോചിക്കുന്നത്. കാൻസറിനെയും കോവിഡിനെയും. നല്ല ജോഡിയല്ലേ?'. ഇത്രമാത്രം നിർമ്മമതയോടെയും നർമ്മത്തോടെയും ഗുരുതരമായ രോഗത്തെ നേരിടാൻ ഇന്നസെന്റ് ചേട്ടനല്ലാതെ മറ്റാർക്കാണ് കഴിയുക?
ഇങ്ങനെ പതിവായി എത്തുന്ന ഫോൺവിളികളിൽ എന്റെ ഭാര്യയോടും മക്കളോടും മാത്രമല്ല, തൊട്ടടുത്ത വീട്ടിലെ കുട്ടികളോടും ഇന്നസെന്റ് ചേട്ടൻ സംസാരിക്കും. ഒരു ദിവസം ഇന്നസെന്റ് ചേട്ടൻ വിളിച്ചപ്പോൾ ഞങ്ങളുടെ അടുത്ത വീട്ടിലെ കുട്ടി കാവ്യ ഒപ്പമുണ്ട്. ഇന്നസെന്റ് ചേട്ടനാണെന്ന് അറിഞ്ഞപ്പോൾ, വിശ്വസിക്കാനാവാതെ അവൾ അത്ഭുതപരതന്ത്രയായി. അവളുടെ കാര്യം പറഞ്ഞപ്പോൾ ഇന്നസെന്റ് ചേട്ടൻ, "എന്നാൽ താൻ ഫോൺ കൊടുക്ക്. അവളോടും ഒന്ന് വർത്താനം പറയാം '. ഫോൺ കാവ്യക്ക് കൈമാറി. സംസാരിച്ചപ്പോൾ കാവ്യക്ക് സായൂജ്യമായി.
ഇടയ്ക്ക് പാർലമെന്റിലെ സെൻട്രൽ ഹാളിൽ ഇരുന്ന് എന്റെ അമ്മയ്ക്ക് മുമ്പ് കാൻസർ വന്നതും അതിജീവിച്ചതും പറഞ്ഞപ്പോൾ ഇന്നസെന്റ് ചേട്ടൻ , "താൻ അമ്മയെ വിളിക്ക്. ഞാൻ ഒന്ന് സംസാരിക്കാം' എന്നായി. അമ്മയെ വിളിച്ച് ഫോൺ ഇന്നസെന്റ് ചേട്ടന് കൈമാറി. ഒന്നും പേടിക്കേണ്ടതില്ലെന്നും താൻ എങ്ങനെയാണ് കാൻസറിനെ നേരിടുന്നതെന്നും ഇന്നസെന്റ് ചേട്ടൻ അമ്മയോട് പറഞ്ഞപ്പോൾ അമ്മയ്ക്ക് കൂടുതൽ ധൈര്യമായി.
സ്പീക്കറായിരിക്കെ, ഇന്നസെന്റ് ചേട്ടന്റെ പേരക്കുട്ടികളായ അന്നയും ഇന്നസെന്റും അടങ്ങുന്ന വിദ്യാർഥികളുടെ സംഘം അവരുടെ സ്‌കൂളിൽനിന്ന് നിയമസഭ കാണാനെത്തി. ആ കാര്യം പറയാൻ ഇന്നസെന്റ് ചേട്ടൻ എന്നെ വിളിച്ചിരുന്നു. കുട്ടികളുടെയും അധ്യാപകരുടെയും കൂട്ടത്തിൽ നിന്നിരുന്ന അന്നയോടും ഇന്നസെന്റിനോടും അപ്പാപ്പനോടൊപ്പം ഡൽഹിയിലേക്ക് ഒരുമിച്ച് യാത്ര ചെയ്തിരുന്നതും ഡൽഹിയിലെ അനുഭവങ്ങളും ഒക്കെ ഞാൻ പറഞ്ഞു. പിറ്റേദിവസം ഇന്നസെന്റ് ചേട്ടന്റെ വിളിയെത്തി. "കുട്ടികൾ ഇപ്പോൾ വലിയ ഗമയിലാണ്. താൻ പ്രത്യേകം പേരൊക്കെ ചോദിച്ച് അവരുടെ കൂട്ടുകാരുടെ മുന്നിൽ വച്ച് എന്റെ കാര്യമൊക്കെ അവരോട് പറഞ്ഞില്ലേ ?'.
ഇന്നസെന്റ് ചേട്ടൻ ഇടക്കാലത്ത് സജീവമായി എഴുതാൻ തുടങ്ങിയിരുന്നു. നേരത്തേ പറഞ്ഞതുപോലെ സൂക്ഷ്മ നിരീക്ഷണവും രാഷ്ട്രീയ ഉള്ളടക്കവും നർമ്മവും നിറഞ്ഞ കുറിപ്പുകൾ. മിക്കവാറും വായിച്ച ഉടൻ രാവിലെ തന്നെ ഇന്നസെന്റ് ചേട്ടനെ ഞാൻ ഫോണിൽ വിളിക്കും. അതിനെക്കുറിച്ച് അഭിപ്രായം പറയും. എഴുതുന്നതിനെക്കുറിച്ച് അഭിപ്രായം പറയണമെന്ന് ഇന്നസെന്റ് ചേട്ടന് നിർബന്ധമാണ്. എന്റെ ഫോൺ കോൾ ചെല്ലാൻ വൈകിയാൽ ഇന്നസെന്റ് ചേട്ടൻ ഇങ്ങോട്ട് വിളിക്കും, "താനിന്ന് ഞാനെഴുതിയത് വായിച്ചോ?'. വായിച്ചില്ലെന്നു പറഞ്ഞാൽ പരിഭവത്തോടെ ചോദിക്കും, "താനിപ്പോ വായനയൊക്കെ നിർത്തിയോ?'. വായിച്ചിട്ട് വിളിക്കാമെന്ന് ഞാൻ പറയും. "എന്നാൽ താൻ വായിച്ചിട്ട് വിളിക്കണം ' എന്നായിരിക്കും സ്‌നേഹപൂർവ്വമുള്ള ആജ്ഞ. ഇന്നസെന്റ് ചേട്ടന്റെ എഴുത്തിനെ കുറിച്ചുള്ള എന്റെ അഭിപ്രായങ്ങളെ അദ്ദേഹം ഏറെ വിലമതിച്ചിരുന്നു. എനിക്കും അത് അഭിമാനമുള്ള ഒരു കാര്യമായിരുന്നു. ഓരോ തവണ പാലക്കാട് ഷൂട്ടിങ്ങിനു വരുമ്പോഴും എന്നെ വിളിക്കും. പാലാക്കാട് വഴി യാത്ര ചെയ്താൽ എന്നെ വിളിക്കാതിരിക്കുന്ന പ്രശ്‌നമില്ല. പക്ഷേ ഒരിക്കലും ആ യാത്രകൾക്കിടയിൽ കാണാൻ കഴിഞ്ഞില്ല. പലപ്പോഴും എന്നോട് പറയും, "താൻ ഭാര്യയേയും കുട്ടികളെയും കൂട്ടി ഇരിങ്ങാലക്കുടയിലെ വീട്ടിൽ വരണം . വിളിച്ചിട്ടേ വരാവൂ'. അവസാന അമേരിക്കാ യാത്രക്കുമുമ്പ് എന്നെ വിളിച്ചുപറഞ്ഞു, "ഞാനൊന്ന് അമേരിക്കക്ക് പോവാണ്. വന്ന ശേഷം കാണാം. താൻ ഇരിങ്ങാലക്കുടക്ക് വാ'. എന്റെയും അദ്ദേഹത്തിന്റെയും തിരക്കുകൊണ്ട് ഒരിക്കലും അത് നടന്നില്ല. ആ ഖേദം എന്റെ ഭാര്യക്കും മക്കൾക്കും ഒരുകാലത്തും വിട്ടുമാറുകയുമില്ല. ഇനിയിപ്പോൾ ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് അവരെയും കൂട്ടി ചെല്ലുമ്പോൾ ഇന്നസെന്റ് ചേട്ടൻ ഉണ്ടാവില്ല. എങ്കിലും ഇന്നസെന്റ് ചേട്ടന്റെ ചിരിയാരവം അവിടെയെല്ലാമുണ്ടാവും. അവിടെ മാത്രമല്ല, നമ്മുടെയെല്ലാം ഹൃദയത്തിലും എന്നും അലയടിക്കും. ചിരി ചോരയിൽ അലിഞ്ഞുചേർന്ന ആ ഫലിതപ്രിയന് നർമസ്മരണകളുടെ ബാഷ്പാഞ്ജലികൾ .