പത്രാധിപരുടേത് രാഷ്ട്രീയ പ്രവർത്തനമാണെന്ന് തിരിച്ചറിഞ്ഞ അപൂർവം പേരിൽ ഒരാളായിരുന്നു എസ്. ജയചന്ദ്രൻ നായർ. അദ്ദേഹത്തിൻ്റെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയ കലാകൗമുദിയുടെ / സമകാലിക മലയാളത്തിൻ്റെ ഓരോ ലക്കവും ഇതിൻ്റെ സാക്ഷിപത്രമാണ്. ഓരോന്നും രാഷ്ട്രീയബോദ്ധ്യമുള്ള ഭാവനയുടെ ഉത്പന്നം. ഇത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോടുള്ള കൂറായല്ല, മറിച്ച് സാമൂഹ്യപ്രശ്നങ്ങളിൽ മനുഷ്യപക്ഷ നിലപാടുകളായാണ് വെളിപ്പെട്ടത്. പുഴയുടെ ഒഴുക്കിനെ നിയന്ത്രിക്കുന്ന തീരത്തെപ്പോലെ വാരികയുടെ ഈ രാഷ്ട്രീയധർമം അവസാനം വരെയും അദ്ദേഹം കാത്തുസൂക്ഷിച്ചു. അതിന് കഴിയാതെ വന്നപ്പോൾ പത്രാധിപസ്ഥാനം വിട്ടൊഴിയാൻ അമാന്തിച്ചുമില്ല, രണ്ടാമതൊന്നു ചിന്തിക്കാതെ.
പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരനും റേഡിയോ അവതാരകനുമായിരുന്ന കെന്നെത് ആൾസൊപ് (Kenneth Allsop) 1940-50 കാലത്തെ 'രോഷത്തിൻ്റെ പതിറ്റാണ്ട്' എന്ന് വിശേഷിപ്പിച്ചത് ഓർമ വരുന്നു. എസ്. ജയചന്ദ്രൻ നായർ പത്രാധിപരായിരുന്ന (കലാകൗമുദിയിലും സമകാലിക മലയാളത്തിലും) കാലത്തിന് ഈ വിശേഷണം നന്നേ ചേരും. അത് സന്ധിയില്ലാ നിലപാടുകളുടെയും നിഷേധത്തിൻ്റെയും കാലമായിരുന്നു. അതുകൊണ്ടുതന്നെ അവയുടെ ഉള്ളടക്കം ‘രോഷത്തിൻ്റെ മുന്തിരിക്കുലകളായി’ അനുഭവപ്പെട്ടു.

എഴുത്തുകാരുടെ സ്വാതന്ത്ര്യത്തിൽ ഒരിക്കലും അദ്ദേഹം കൈകടത്തിയില്ല. അതേസമയം അവർക്ക് മാർഗദർശിയായി ഉറച്ച നിലപാടുകളോടെ നിലകൊള്ളുകയും ചെയ്തു. ശരിയും തെറ്റും നീതിയും അനീതിയും തമ്മിലുള്ള ബന്ധത്തെ ചൂണ്ടിക്കാണിക്കുന്ന നിലപാടായിരുന്നു അത്. ഇതോടെ രണ്ടു വാരികകളും ജനാധിപത്യത്തിൻ്റെ ഇടങ്ങളായി മാറി, സംവാദങ്ങൾക്കും സ്വതന്ത്ര ജീവിതവീക്ഷണങ്ങൾക്കും നിർബാധം മാറ്റുരയ്ക്കാൻ പറ്റിയ ഇടങ്ങൾ. Both of them constituted a place where eccentricity was possible. ഇതിലൂടെ സമകാലിക ലോകം നേരിട്ട അനന്തമായ പ്രശ്നങ്ങൾ ചർച്ച ചെയ്യുക മാത്രമായിരുന്നില്ല അദ്ദേഹം ചെയ്തത്. പിന്നെയൊ, ലോകം ഇത്തരമൊരു അവസ്ഥയിൽ എങ്ങനെ എത്തി, ഇനി ഇവിടുന്ന് എങ്ങോട്ട് പോകുന്നു, നമുക്ക് ഇക്കാര്യത്തിൽ എന്തു ചെയ്യാനാകും തുടങ്ങിയ കാര്യങ്ങളെല്ലാം വിശകലന വിധേയമാക്കി.
മിലൻ കുന്ദേര ജീവിതത്തിലെന്നപോലെ പത്രപ്രവർത്തനത്തിനും ബാധകമായൊരു പൊതുതത്വം പറയുന്നുണ്ട്: ജീവിതത്തെ വൺ-ഷോട്ട്-അഫയർ (One-shot-affair) എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. നിങ്ങൾക്ക് സംഭവിച്ചതിനെ തിരുത്താനാവില്ല. ഒന്നിനും ഒരു രണ്ടാം പകർപ്പില്ല. 'The unbearable lightness of being’ എന്നതുകൊണ്ട് അദ്ദേഹം അർഥമാക്കിയത് ഇതാണ്. പത്രപ്രവർത്തനത്തിലും ഇതുതന്നെയാണ് യാഥാർഥ്യം. ഒറ്റ ഷോട്ട് അഫയറാണ് അതും. ഒരു സംഭവം ഒരിക്കൽ കൈതെറ്റി പോയാൽ അഥവാ തമസ്കരിച്ചാൽ പിന്നെ തിരിച്ചെടുക്കാനാവില്ല. ഇത്രയും ചടുലവും അസ്ഥിരവുമായൊരു പ്രവർത്തന മേഖലയിൽ, എസ്. ജയചന്ദ്രൻ നായർ എന്ന പത്രാധിപർ ജാഗ്രത്തായി നിലയുറപ്പിച്ചു എന്നതാണ് മാധ്യമരംഗത്തെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന. ഒരു സംഭവവും അദ്ദേഹത്തിൻ്റെ കയ്യിലൂടെ ചോർന്നുപോയില്ല, ഒന്നും അദ്ദേഹം കാണാതിരുന്നതുമില്ല.
1990-ലാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. ജില്ലാകൗൺസിൽ നിയമം കേരള നിയമസഭ പാസാക്കിയകാലം. അതിനെക്കുറിച്ച് എഴുതിയ ഒരു ലേഖനവുമായി പേട്ടയിലെ കലാകൗമുദി ഓഫീസിലെത്തി. അന്ന് പത്രാധിപ സമിതിയിലുണ്ടായിരുന്ന കെ.വേലപ്പനെ കണ്ട് അത് നൽകാം എന്നായിരുന്നു ചിന്ത. എന്നാൽ വേലപ്പൻ ഉപദേശിച്ചത് നേരെ ജയചന്ദ്രൻ നായരെ കാണാനാണ്. ആകെ ഒരു ഭയം. ആദ്യമായാണ് ഒരു പത്രാധിപരെ നേരിൽ കാണുന്നത്. പോരെങ്കിൽ മലയാളത്തിൽ ഞാൻ എഴുതിയ ആദ്യ ലേഖനമാണ് കൈയ്യിൽ ഇരിക്കുന്നത്. കലാകൗമുദി ഓഫീസിൻ്റെ പുറകുവശത്തുള്ള അദ്ദേഹത്തിൻ്റെ ഓഫീസിനു മുന്നിൽ ഒരുനിമിഷം ശങ്കിച്ചുനിന്നു. എന്നിട്ട് കതകിൽ മെല്ലെ മുട്ടി. ഒരനക്കവുമില്ല. വീണ്ടും മുട്ടി. മുട്ടുവിൻ തുറക്കപ്പെടും എന്നാണല്ലോ യേശുവചനം. എന്നിട്ടും അനക്കമില്ല. എന്തു ചെയ്യണമെന്ന് ശങ്കിച്ചുനിന്നപ്പോൾ ഒരു കാൽപെരുമാറ്റം കേട്ടു.

കനത്ത ഫ്രെയിമുള്ള കണ്ണടവെച്ച നല്ല പൊക്കവും തടിയുമുള്ള, വെള്ള വസ്ത്രം ധരിച്ച ഒരാൾ മുന്നിൽ. ‘ഉം?’
‘ജയചന്ദ്രൻ നായർ സാറിനെ കാണണം’, ഞാൻ ഒരുവിധം പറഞ്ഞൊപ്പിച്ചു.
കൈ കൊണ്ട് അകത്തേക്ക് വരാൻ പറഞ്ഞ് അദ്ദേഹം തിരികെ നടന്നു. അകത്തു കടന്ന എന്നോട് ഇരിക്കാൻ പറഞ്ഞിട്ട് കാര്യം തിരക്കി. ലേഖനത്തിൻ്റെ കാര്യം പറഞ്ഞ്, കൈയ്യിലിരുന്നത് അദ്ദേഹത്തിന് നൽകി. ഒന്ന് കണ്ണോടിച്ചു നോക്കിയതിനുശേഷം അത് മേശപ്പുറത്ത് വെച്ചിട്ട് എൻ്റെ കാര്യങ്ങൾ തിരക്കി. ഒടുവിൽ തിരികെ പോരാൻ നേരത്ത് പറഞ്ഞു, “ഇത് ഒരു പത്രമോഫീസാണ്. നിങ്ങളുടെ സർവ്വകലാശാലയിലുള്ളതുപോലെ ബ്യൂറോക്രസിയൊന്നും ഇവിടെ ഇല്ല. അതുകൊണ്ട് ഇനി വരുമ്പോൾ കതകിൽ മുട്ടി അനുവാദത്തിനായി കാത്തുനിൽക്കണ്ട. ഇങ്ങ് കേറി വന്നാൽ മതി”. ഇതും പറഞ്ഞ് അദ്ദേഹം ചെറുതായൊന്ന് ചിരിച്ചു. ഇതാണ് ഞാനും അദ്ദേഹവും തമ്മിലുള്ള ആദ്യ സമാഗമം. ഏതാനും ആഴ്ചകൾക്കു ശേഷം ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തു. നീണ്ടതും സുദൃഢവുമായ ഒരു ബന്ധത്തിൻ്റെ തുടക്കമായിരുന്നു അത്.
കേരളീയ പൊതുസമൂഹത്തിൽ ഒരു എഴുത്തുകാരനായി എന്നെ അവതരിപ്പിക്കുന്നത് എസ്. ജയചന്ദ്രൻ നായർ എന്ന പത്രാധിപരാണ്. മാത്രമല്ല, എൻ്റെ വായനയെയും എഴുത്തിനെയും വലിയൊരു അളവോളം അദ്ദേഹം സ്വാധീനിക്കുകയും ചെയ്തു. ഒരിക്കൽ അദ്ദേഹം പറഞ്ഞു, "സർവകലാശാലകൾ ഇന്നലെകളുടെ അറിവിൻ്റെ കേന്ദ്രങ്ങളാണ്. പ്രഭാഷ് അതിൽ നിന്ന് മാറി ഇന്നിൻ്റെ അറിവിനെ തേടണം”.
മറ്റൊരിക്കൽ പറഞ്ഞു, "നല്ലതുപോലെ എഴുതാൻ വ്യത്യസ്തമായി വായിച്ചാൽ മാത്രം പോരാ. വായനക്കാരൻ വ്യത്യസ്തമായി വായിക്കുന്നതും നാം മുൻകൂട്ടി കാണണം.”
എൻ്റെ വായനയെയും എഴുത്തിനെയും മാത്രമല്ല, അദ്ധ്യാപനത്തെയും സമഗ്രം ബാധിച്ച ഉപദേശമാണ് ഇത്. ഇടയ്ക്ക് വായിക്കാൻ ചില പുസ്തകങ്ങൾ ശിപാർശ ചെയ്തിരുന്നു. ഒരിക്കൽ അദ്ദേഹം വായിച്ച ഒരു പുസ്തകം തന്നിട്ട് വായിക്കാനും പറഞ്ഞു. അത്, Jonathan Cuellar -ൻെറ ‘Literary Theory A Very Short lntroduction’ ആയിരുന്നു. ഇന്നും എന്റെ കൈവശമുണ്ട്. തിരികെ നൽകാൻ ശ്രമിച്ചപ്പോൾ പറഞ്ഞു, "വേണ്ട കയ്യിലിരിക്കട്ടെ, ഇനിയും ആവശ്യം വരും."
ഞാൻ അദ്ദേഹത്തിൻ്റെ കയ്യിൽ നിന്നു പഠിച്ച മറ്റൊരു പാഠം, രാഷ്ട്രതന്ത്രവും സാഹിത്യവും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ്.
പ്രശസ്ത സംഗീതജ്ഞൻ ഡാനിയൽ ബാറെൻബൊയിം (Daniel Barenboim) ബി.ബി.സിയുടെ റെയ്ത്ത് ലെക്ച്ചറിൽ (Reith Lecture) പങ്കെടുത്തു കൊണ്ട് സംഗീതത്തെക്കുറിച്ച് ഒരു കാര്യം പറയുകയുണ്ടായി: “സംഗീതം മൗനത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്. അത് മൗനത്തെ കീറിമുറിച്ചുകൊണ്ട് മൗനത്തിലേക്ക് വീഴുന്നു. വാക്കുകളും മൗനത്തിൽ നിന്നാണല്ലോ ഉത്ഭവിക്കുന്നത്. പക്ഷേ അത് മൗനത്തിൽ അലിഞ്ഞ് ഇല്ലാതാവാതിരിക്കണമെങ്കിൽ, എഴുത്തുകാരെ, പ്രത്യേകിച്ച് പുതിയ എഴുത്തുകാരെ, കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ ദിവ്യദൃഷ്ടിയുള്ളൊരു പത്രാധിപർ ആവശ്യമാണ്’’, അത്തരത്തിലുള്ള ഒരു പത്രാധിപരായിരുന്നു എസ്. ജയചന്ദ്രൻ നായർ.